മദ്യനയം: ക്രൈസ്‌തവ സഭകളുംവെട്ടിലായി:
വീഞ്ഞ് ഉല്‍പാദനലൈസന്‍സ് റദ്ദാക്കേണ്ടിവരും
Story Dated: Friday, August 29, 2014 01:19
Courtesy: Mangalam
കോട്ടയം: സംസ്‌ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം പൂര്‍ണമായും നടപ്പാക്കിയാല്‍ ക്രൈസ്‌തവ സഭകളും വെട്ടിലാകും. വീഞ്ഞ് നിര്‍മിക്കാന്‍ നല്‍കിയ ലൈസന്‍സ് റദ്ദാക്കേണ്ടി വരും. നിലവില്‍ 23 ക്രൈസ്‌തവ സ്‌ഥാപനങ്ങള്‍ക്കാണു വീഞ്ഞ് ഉല്‍പാദിപ്പിക്കുന്നതിനു ലൈസന്‍സുള്ളത്. ഈ പള്ളികളിലും അരമനകളിലുമായി ഉല്‍പാദിപ്പിക്കുന്ന വീഞ്ഞില്‍ ഒന്‍പതു മുതല്‍ 15 ശതമാനം വരെയാണ് ആല്‍ക്കഹോളിന്റെ അംശം. എന്നാല്‍, കേരളത്തില്‍ വില്‍ക്കുന്ന ബീയറില്‍ ആല്‍ക്കഹോളിന്റെ അംശം ആറു ശതമാനത്തില്‍ താഴെയാണ്. ബാര്‍ ലൈസന്‍സ് റദ്ദാക്കുന്നതിനു പിന്നാലെ ബീയര്‍ വില്‍ക്കാനുള്ള ലൈസന്‍സും റദ്ദാക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടെ, വീഞ്ഞ് നിര്‍മിക്കുന്നതിനുള്ള ലൈസന്‍സും സ്വാഭാവികമായും റദ്ദാക്കേണ്ടി വരും.
എന്നാല്‍, പള്ളികളില്‍ ഉല്‍പാദിപ്പിക്കുന്ന വീഞ്ഞ് കുര്‍ബാന ആവശ്യത്തിനു മാത്രമുള്ളതാണെന്നും പുരാതനകാലം മുതല്‍ ക്രൈസ്‌തവര്‍ ഇതു സ്വീകരിച്ചു വരുന്നതാണെന്നുമാണു വിവിധ സഭാ മേലധ്യക്ഷന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. പള്ളികളില്‍ ഉല്‍പാദിപ്പിക്കുന്ന വീഞ്ഞ് വില്‍പനയ്‌ക്കായി ബിവറേജ്‌സ് കോര്‍പറേഷനു നല്‍കാത്തതിനാല്‍ മാത്രമാണ് എക്‌സൈസിന്റെ പരിശോധനകളില്‍ നിന്നു പള്ളികളെ ഒഴിവാക്കിയിരുന്നത്. വീഞ്ഞ് ഉല്‍പാദനവും വിവാദമായ സാഹചര്യത്തില്‍ ഇതും പരിശോധനയ്‌ക്കു വിധേയമാക്കേണ്ടി വരും. തെങ്ങിന്‍ കള്ളില്‍ ആല്‍ക്കഹോളിന്റെ വീര്യം എട്ടു മുതല്‍ പന്ത്രണ്ടു ശതമാനം വരെയുള്ളപ്പോള്‍ പനങ്കള്ളില്‍ ഇത് അഞ്ചു മുതല്‍ എട്ടു ശതമാനം വരെ മാത്രമാണ്. വിദേശ മദ്യത്തില്‍ ഇത് 42.86 ശതമാനമാണ്. വില കുറഞ്ഞ മദ്യം മുതല്‍ ഏറ്റവും വില കൂടിയ മദ്യം വരെ ആല്‍ക്കഹോളിന്റെ അംശം തുല്യമാണ്. ശുദ്ധീകരിക്കുന്നതിലെ വ്യത്യാസം മൂലമാണു ബ്രാന്‍ഡുകളുടെ വിലയുടെ മാറ്റം. ഇതിനിടെ, ബീയറിനേക്കാള്‍ വീര്യം കൂടിയ വീഞ്ഞ് ഉല്‍പാദിപ്പിക്കുന്നതിന് അനുമതി തുടരുന്ന സര്‍ക്കാര്‍ നിലപാടിനെ നിയമപരമായി ചോദ്യം ചെയ്യാനാണ് എസ്.എന്‍.ഡി.പി.യോഗത്തിന്റെ തീരുമാനം. ഇതോടൊപ്പം ബാര്‍ നിരോധിക്കുന്നതു മൂലം തൊഴില്‍ നഷ്‌ടപ്പെട്ടവരെ ബാര്‍ നിരോധനത്തിനു വേണ്ടി വാദിച്ച സഭാ-സമുദായങ്ങള്‍ തങ്ങളുടെ സ്‌ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവും എസ്.എന്‍.ഡി.പി. ഉന്നയിക്കും. ഈ ആവശ്യത്തിനു മറുപടി പറയേണ്ട ബാധ്യതയും പ്രധാനമായും ക്രൈസ്‌തവ സഭകള്‍ക്കായിരിക്കും.നിര്‍ത്തലാക്കിയ ബാറിലെയും പൂട്ടാന്‍ തീരുമാനിച്ച ബാറിലെയും ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തോളം വരുമെന്നാണു കണക്ക്. വീഞ്ഞ് ഉല്‍പാദന രാജ്യങ്ങളില്‍ ലോകത്തെ രണ്ടാമത്തെ സ്‌ഥാനമാണു ഭാരതത്തിനുള്ളത്; മേല്‍ത്തരം വീഞ്ഞ് ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുമാണ്. എന്നാല്‍, മറ്റു സ്‌ഥലങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന വീഞ്ഞ് കയറ്റുമതി ചെയ്യുകയാണ്.
ഷാലു മാത്യു
- See more at: http://www.mangalam.com/print-edition/keralam/222724#sthash.AfcE3sUU.hXKRnYhH.dpuf
No comments:
Post a Comment