Tuesday, January 31, 2012

'ചര്‍ച്ച് ആക്ട്'

'ചര്‍ച്ച് ആക്ട്' ഒരു ആശയ സമരം
                                                                   വി.കെ. ജോയ്, (ജനറല്‍ സെക്രട്ടറി), KCF                                 
    2004 ഓഗസ്റ്റ് 21ന് പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ കോട്ടയം ഡി.സി. കിഴക്കേമുറി ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ക്രൈസ്തവസഭകളുടെ സമ്പത്ത് ഭരിക്കാന്‍ നിയമം വേണം എന്ന ആശയത്തിന്‍റെ പ്രചരണോദ്ഘാടനം നടന്നു. പ്രസ്തുത യോഗത്തില്‍ പത്മഭൂഷന്‍ ഡോ. എം.വി.പൈലി (കൊച്ചിന്‍ യൂനിവേഴ്‌സിറ്റി റിട്ട. വൈസ് ചാന്‍സലര്‍), പത്മഭൂഷന്‍ ജസ്റ്റിസ് കെ.ടി. തോമസ് (റിട്ട. സുപ്രിം കോര്‍ട്ട് ജഡ്ജി), ബി. വെല്ലിംഗ്ടണ്‍ (മുന്‍മന്ത്രി), പ്രൊഫ. എന്‍.എം. ജോസഫ് (മുന്‍മന്ത്രി), പ്രൊഫ. എം. തോമസ് മാത്യു (മുന്‍ഡയറക്ടര്‍, കേരള സംസ്ഥാന ഭാഷ ഇന്‍സ്റ്റിട്ട്യൂട്ട്) തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക ഭരണത്തെകുറിച്ച് യേശുവിന്റേയും അപ്പസ്തലന്മാരുടേയും പ്രഖ്യാപനം, ഇന്ത്യയിലെ പള്ളികളുടെ ഭരണം ചരിത്ര പാശ്ചാത്തലത്തില്‍, പള്ളിനിയമത്തിന്റെ രൂപരേഖ എന്നീ വിഷയങ്ങള്‍ പ്രൊഫ. ജോസഫ് പുലിക്കുന്നേലും അവതരിപ്പിച്ച്  സംസാരിക്കുകയുണ്ടായി.
     അതിന്റെ മുന്നോടിയായി 2004 ആഗസ്റ്റ് മാസത്തെ ഓശാന മാസികയില്‍ ‘ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കാന്‍ നിയമം വേണം’ എന്ന പ്രൊഫ. ജോസഫ് പുലിക്കുന്നേലിന്‍റെ  മുഖലേഖനം വരികയുണ്ടായി. ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് ഗവണ്‍മെണ്ട് ഒരു നിയമം നിര്‍മ്മിക്കണമെന്നാണ് അതില്‍ ഊന്നി പറഞ്ഞിരുന്നത്. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയില്‍ മതങ്ങളുടെ ആഭ്യന്തര സംവിധാനങ്ങളിലോ വിശ്വാസാചാരങ്ങളിലോ ഇടപെടാന്‍ ഗവണ്‍മെണ്ടുകളെ ഭരണഘടന അനുവദിക്കുന്നില്ല. എന്നാല്‍ മതാചാരങ്ങളോട് ബന്ധപ്പെടുന്ന സാമ്പത്തികമൊ ധനപരമൊ രാഷ്ട്രീയമോ ആയ പ്രവര്‍ത്തനത്തെ ക്രമപ്പെടുത്തുന്നതോ നിയന്ത്രക്കുന്നതോ ആയ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഭരണഘടനയുടെ  ഇരുപത്തഞ്ചാം  വകുപ്പ് ഗവണ്‍മെന്റിനെ അനുവദിക്കുന്നുണ്ട്. ഭരണഘടനയുടെ ഇരുപത്തഞ്ചാം വകുപ്പിന്‍റെ  പിന്‍ബലത്തിലാണ്, ദേവസ്വം നിയമങ്ങളും, വഖഫ് ആക്ടും, സിഖ് ഗുരുദ്വാര നിയമങ്ങളും ഗവണ്‍മെണ്ട് ക്രോഡീകരിച്ചിരിക്കുന്നത്.
     ദേവസ്വം നിയമങ്ങളും, വഖഫ് നിയമങ്ങളും, ഗുരുദ്വാരാ നിയമങ്ങളും, അതത് മതസമൂഹങ്ങളുടെ ആധികാരിക പഠനങ്ങളും പാരമ്പര്യങ്ങളും അനുസരിച്ചാണ് രൂപം കൊടുത്തിരിക്കുന്നത്. അതുപോലെ ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിനുള്ള അടിസ്ഥാന പ്രമാണങ്ങള്‍ ബൈബിളിലും, ഇന്ത്യയിലെ ക്രൈസ്തവരുടെ പാരമ്പര്യങ്ങളിലും ഊന്നി ആയിരിക്കണമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.
   ആദിമസഭയില്‍ സഭാസമ്പത്ത് അപ്പസ്തലന്മാര്‍ക്കാണ് നല്‍കിയിരുന്നതെങ്കിലും അത് വ്യക്തിപരമായിരുന്നില്ല. അത് സമൂഹത്തിന്റേതായിരുന്നു. ഈ സമ്പത്ത് കൈകാര്യം ചെയ്യുന്നതിന് അപ്പസ്തലന്മാര്‍ 12പേരും കൂടിയെടുത്ത തീരുമാനപ്രകാരം ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി അവരില്‍ നിന്നും ഏഴുപേരെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും, അങ്ങിനെ തിരഞ്ഞെടുക്കപ്പെട്ടവരെ സമ്പത്തിന്‍റെ  ഭരണം ഏല്‍പിച്ച് കൊടുത്ത്, പ്രര്‍ത്ഥനയിലും വചന ശുശ്രൂഷയിലും വ്യാപൃതരാവുകയാണ് അപ്പസ്തലന്മാര്‍ ചെയ്തത്.  പാതിനാറാം നൂറ്റാണ്ടു വരെ ഭാരതസഭയില്‍ സഭയുടെ സമ്പത്ത് ഭരിക്കുന്നതിന് അപ്പസ്തലപാരമ്പര്യം തുടര്‍ന്നിരുന്നു. ഈ പാരമ്പര്യം ലോകത്തില്‍ മറ്റൊരു ക്രൈസ്തവ സമൂഹത്തിലും ഇത്രയേറെക്കാലം നിലനിന്നതായി കാണുന്നില്ല. അപ്പസ്തലന്മാര്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണ്, സഭയുടെ ഭൗതിക സമ്പത്ത് എങ്ങിനെ ഭരിക്കപ്പെടണമെന്നതിന്‍റെ അടിസ്ഥാനതത്വം. ഈ അടിസ്ഥാനതത്വത്തില്‍നിന്നുള്ള എല്ലാ വ്യതിചലനങ്ങളും സഭാവിരുദ്ധവും, സുവിശേഷവിരുദ്ധവുമാണ്. 1991 വരെ സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളില്‍ പള്ളിയും, പള്ളിവക സ്വത്തുക്കളും പള്ളിയോഗത്തില്‍ നിക്ഷിപ്തമായിരുന്നു. എന്നാല്‍ വിദേശത്തുണ്ടാക്കിയ ഒരു പൗരസ്ത്യ കാനോന്‍ നിയമം വിശ്വാസികളറിയാതെ ഇവിടുത്തെ കത്തോലിക്കാസമൂഹത്തില്‍ 1992-ല്‍ മെത്രാന്മാര്‍ അടിച്ചേല്‍പിക്കുകയായിരുന്നു.
   2006 ഒക്‌ടോബര്‍ 14ന് കോട്ടയം ഡി.സി. കിഴക്കേമുറി ഹാളില്‍ പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ വിളിച്ച് കൂട്ടി ഡോ. എം.വി. പൈലി അധ്യക്ഷത വഹിക്കുകയും ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്ത യോഗത്തിന്‍റെ തീരുമാനപ്രകാരം ഒരുപള്ളി നിയമത്തിന്‍റെ  ഏകദേശരൂപം തയ്യാറാക്കാന്‍ തിരുമാനിക്കുകയുണ്ടായി.
പള്ളി നിയമത്തിന്‍റെ  സാമൂഹിക ആവശ്യം:
    ഇന്ത്യന്‍ ഭരഘടന ഇരുപത്താറാം വകുപ്പനുസരിച്ച് മതങ്ങള്‍ക്ക് സ്ഥാവരവും ജംഗമവുമായ വസ്തുക്കള്‍ ഉടമസ്ഥതയില്‍ വെക്കുന്നതിനും ആര്‍ജ്ജിക്കുന്നതിനും അവകാശമുണ്ട്. എന്നാല്‍ അങ്ങിനെയുള്ള വസ്തുവിന്‍റെ ഭരണം നിയമനുസൃതമായി നടത്തണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ അനുസരിച്ച് ക്രൈസ്തവ മതങ്ങളുടെ സ്വത്ത് നിയമവിധേയമായി ഭരിക്കുന്നതിനുള്ള അവകാശം ക്രൈസ്തവര്‍ കൂട്ടായി അനുഭവിക്കേണ്ടതാണ്. ക്രൈസ്തവരുടെ ഈ അവകാശം നിയമപരമായി സ്ഥാപിക്കുകയാണ് ചര്‍ച്ച് ആക്ടിന്റെ ലക്ഷ്യം. അതിന് വേണ്ടി തയ്യാറാക്കിയ പള്ളി നിയമത്തിന്‍റെ ഏകദേശരൂപം ’ചര്‍ച്ച് ആക്ട് (പള്ളി നിയമം) ഒരു രൂപരേഖ’ 2007 ജൂണ്‍ മാസത്തെ ഓശാന മാസികയിലെ മുഖപ്രസംഗത്തില്‍ വരികയുണ്ടായി. ഈ രൂപരേഖ 2008ല്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള നിയമ പരിഷ്‌കരണ കമ്മീഷന് അയച്ചുകൊടുക്കുകയും ഉണ്ടായി.
    2008 സെപ്തബര്‍ 10ന് കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സില്‍ തൃശ്ശൂരില്‍ വിളിച്ചുചേര്‍ത്ത സെമിനാറില്‍ പള്ളിനിയമത്തിന്‍റെ ആവശ്യകതയെ പറ്റിയുള്ള പ്രബന്ധാവതരണം നടത്തിയത് പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ ആയിരുന്നു. അന്ന് എം.പി.യായിരുന്ന ലോനപ്പന്‍ നമ്പാടന്‍ ഉദ്ഘാടനം ചെയ്ത പ്രസ്തുത യോഗത്തിന്‍റെ അധ്യക്ഷന്‍ കാത്തലിക് പ്രീസ്റ്റ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ അംഗമായ ഫാ. ജോണ്‍ കവലക്കാട്ടായിരുന്നു. കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ. ആന്റോ കോക്കാട്ട്, ജോയിന്റ് കണ്‍വീനര്‍ ശ്രീ. വി.കെ. ജോയ് തുടങ്ങിയവര്‍ പ്രാസംഗികരായിരുന്നു. ശ്രീ. ജോയ് പോള്‍ പുതുശ്ശേരി പ്രസതുത യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിന് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയുണ്ടായി. തുടര്‍ന്ന് കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സിലും, 2008 ഒക്‌ടോബറില്‍ രൂപീകൃതമായ കേരള കാത്തലിക് ഫെഡറേഷനും, കേരള കാത്തലിക് ലെമെന്‍ അസ്സോസിയേഷനും മറ്റുപല ക്രൈസ്തവ സംഘടനകളും, ക്രൈസ്തവ സഭയിലെ പ്രമുഖരായ വ്യക്തികളും ഇത്തരം ഒരുനിയമത്തിന്‍റെ ആവശ്യകത കൃഷ്ണയ്യര്‍ കമ്മിഷനെ നിവേദനം മൂലം അറിയിക്കുകയുണ്ടായി.

MADYAMAM 21/10/08

അതിന്‍റെ വെളിച്ചത്തിലാണ് ‘കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിട്യൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009’എന്ന കരട് ബില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മിഷന്‍ ഗവണ്‍മെന്റിന് ശുപാര്‍ശ ചെയ്ത്. 2009 ജനുവരി 26ന് ഒരു പ്രത്യേക ചടങ്ങില്‍ വെച്ചാണ് അന്നത്തെ നിയമ വകുപ്പ് മന്ത്രിയായിരുന്ന എം. വിജയകുമാറിനെ ഈ കരട് ബില്‍ ഏല്‍പിച്ചത്. ഈ ബില്‍ പാസാക്കുന്നതിന് 'ഭീരുത്വം' തടസ്സമാവരുതെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ അന്ന് അദ്ദേഹത്തിന്‍റെ  പ്രസംഗത്തില്‍  സൂചിപ്പിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ യോഗത്തില്‍ ജസ്റ്റിസ് കെ.ടി. തോമസ് പ്രാസംഗികനായിരുന്നു. പ്രൊഫ. എം.വി. പൈലിയേയും ജസ്റ്റിസ് കെ.ടി. തോമസിനേയും  പോലുള്ള മഹാചിന്തകരായ ക്രൈസ്തവര്‍ ഈ ശുപാര്‍ശയെ പൂര്‍ണ്ണമായി പിന്തുണച്ചിട്ടുണ്ട് എന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ തന്‍റെ ലേഖനങ്ങളില്‍ പ്രതിപാതിച്ചിട്ടുണ്ട് .
     ഈ ബില്‍ വഖഫ് ആക്ടിന്‍റെയും ഗുരുദ്വാര ആക്ടിന്‍റെയും ചുവടുപിടിച്ച് നിര്‍മ്മിച്ചിരിക്കുന്നതാണ്. വഖഫ് ആക്ടും ഗുരുദ്വാര ആക്ടും ഇന്ത്യയിലെ ഏതൊരു മോസ്‌കിനും, ഗുരുദ്വാരക്കും ബാധകമാണ്. അതുപോലെ ഈ നിയമവും ഏതൊരു ക്രസ്ത്യന്‍ പള്ളിക്കും ബാധകമായിരിക്കും. ആത്മീയ ശുശ്രൂഷയും, ഭൗതിക ഭരണവും പൂര്‍ണ്ണമായും വേര്‍തിരിച്ച് ഭാരത സഭയുടെ പൂര്‍വ്വപാരമ്പര്യം നിലനിറുത്താന്‍ ഈ ബില്‍ ഉപകരിക്കും എന്നതില്‍ സംശയമില്ല. ഈ ബില്ലിനെ നേരിട്ടെതിര്‍ക്കുവാന്‍ ആരും തന്നെ ഇതുവരെ തുനിഞ്ഞിട്ടില്ല എന്നതും വലിയ നേട്ടമാണ്.
ജെസിസിയുടെ രൂപീകരണം 
    ഈ ബില്‍ നിയമമാക്കുന്നതിന് ഗവണ്‍മെണ്ടില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് കേരളത്തിലെ 12 ക്രൈസ്തവ സംഘടനകളുടെ സംയുക്തവേദിയായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ രൂപീകൃതമായത്. 2010ഓഗസ്റ്റ് 22ന് നടന്ന കണ്‍വന്‍ഷന്‍ ഒരു ചരിത്രസംഭവമായി മാറ്റാന്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന് കഴിഞ്ഞു. ‘കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിട്യൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009’ എന്ന കരട് ബില്ലിന്‍റെ ശില്‍പിയായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്ത പ്രസ്തുത കണ്‍വെന്‍ഷന്‍ പ്രൊഫ. ജോസഫ്  പുലിക്കുന്നേലിനെ ‘കേരള ക്രൈസ്തവ കേസരി’ പട്ടം നല്‍കി ആദരിക്കുകയുണ്ടായി.
     2011 മെയ് 1ന് പാലാ ടൌണ്‍ ഹാളില്‍ കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് മുന്‍കയ്യെടുത്ത് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജസ്റ്റിസ് കെ.ടി. തോമസ് ആണ് ഉദ്ഘാടനം ചെയ്യതത്. പ്രൊഫ. എന്‍. എം. ജോസഫ്, പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചിരുന്നു.
    ഇന്ന് ഇന്ത്യയില്‍ ക്രൈസ്തവരൊഴിച്ചുള്ള എല്ലാ മതസമൂഹങ്ങള്‍ക്കും അവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് നിയമത്തിന്‍റെ പരിരക്ഷയുണ്ട്. എന്നാല്‍ ഗവണ്‍മെണ്ട് ഒരു നിയമമുണ്ടാക്കാത്തതുകൊണ്ട് ക്രൈസ്തവര്‍, പ്രത്യേകിച്ച് കത്തോലിക്കാസമൂഹം പുരോഹിതരാല്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നത് തീരാകളങ്കമാണ്. എത്രയും വേഗം ‘കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിട്യൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009’ നിയമസഭയില്‍ വെച്ച് പാസാക്കി നിയമമാക്കാന്‍ ഗവണ്‍മെണ്ടിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച വരരുത്. അങ്ങിനെ സംഭവിക്കുന്നത് മാപ്പര്‍ഹിക്കാത്ത പാതകമാകും.





Sunday, January 29, 2012



കേരള കത്തോലിക്കാ നവോഥാന പ്രസ്ഥാനത്തിന്‍റെ പുതിയ സംരംഭമായ 
'സത്യജ്വാല' മാസിക പ്രൊഫ. ജോസഫ് പുലികുന്നേല്‍ പ്രകാശനം ചെയ്യുന്നു. 

Saturday, January 28, 2012


'സത്യജ്വാല' 

'സത്യജ്വാല' എന്നു പേരിട്ടിട്ടുള്ള അച്ചടിച്ച മാസികയുടെ ആദ്യലക്കം ജനുവരി 29 ന്  2 മണിക്ക് പാലാ ടോംസ് ചേംബേഴ്‌സില്‍ വച്ചു നടക്കുന്ന പ്രതിമാസ ചര്‍ച്ചയില്‍വച്ച് 'ഓശാന' പത്രാധിപര്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ കോതമംഗലം സംസ്‌കാരയുടെ പ്രോഗ്രാം ഡിറക്ടര്‍ ഫാ. ജോണ്‍ മുണ്ടയ്ക്കലിന് ആദ്യ കോപ്പി നല്കിക്കൊണ്ട് പ്രകാശനം ചെയ്യുന്നു.   
ഇന്ന് പ്രസദ്ധീകരണം ആരംഭിക്കുന്ന  കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്മെന്റിന്‍റെ സംരംഭമായ 'സത്യജ്വാല' മാസികക്ക് കേരള കാത്തലിക് ഫെഡറെഷന്‍റെ ആശംസകള്‍.  

Friday, January 27, 2012



MADYAMAM REPORT 28/01/2012

മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‌ ഒരു തുറന്ന കത്ത്.
(തൃശ്ശൂര്‍ അതിരൂപത  ആര്‍ച്ച് ബിഷപ്പ്   മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‌ 
കേരള കാത്തലിക് ഫെഡറേഷന്‍  2011 സെപ്തംബര്‍ 21ന് അയച്ച കത്ത്)
തൃശ്ശൂര്‍ അതിരൂപതയുടേതായി പുറത്തിറക്കുന്ന കത്തോലിക്കാ സഭ’ എന്ന പ്രസിദ്ധീകരണത്തിന്റെ സെപ്റ്റംബര്‍ ലക്കത്തില്‍ മുന്‍പേജില്‍തന്നെ വളരെ പ്രാധാന്യംനല്‍കി കാത്തലിക് ഫെഡറേഷന്‍ വ്യാജസംഘടന എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അതിരൂപതയുടെ പത്രക്കുറിപ്പാണ് ഈ കത്തെഴുതാന്‍ പ്രേരകമായത്.
ഏതൊരു പരിഷ്‌കൃത നീതിന്യായവ്യവസ്ഥയുടെയും അടിസ്ഥാനപ്രമാണം വിധി പ്രഖ്യാപിക്കുംമുമ്പ് പ്രതിഭാഗത്തെ ശ്രവിക്കുക എന്നതാണ് (Audi alteram partem). വിചാരണയില്ലാതെ വിധി നടപ്പാക്കുന്നത് ഭീകരപ്രസ്ഥാനങ്ങളൊ കാടന്‍ഭരണകൂടങ്ങളൊ ആണ്. കേരള കാത്തലിക് ഫെഡറേഷനെതിരെ ഇത്തരം നട്ടാല്‍ കിളുക്കാത്ത പച്ചക്കള്ളം എഴുതിപിടിപ്പിക്കുന്നതിനുമുമ്പ് അതിന്റെ ഭാരവാഹികളോട് വിശദീകരണം തേടുകയെന്നത് ദൈവികനീതിക്കും സ്വാഭാവികനീതിക്കും മാന്യതക്കും സംസ്‌കാരത്തിനും ചേര്‍ന്നതാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പതിനാറു പ്രമാണരേഖകളുടെയും അടിസ്ഥാനം സംഭാഷണത്തിന്റെയും സംവാദത്തിന്റെയും പാരസ്പര്യത്തിലൂന്നിയ ചൈതന്യമാണെന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ തന്റെ എക്ലേസിയാം സുവാം (Ecclesiam Suamഎന്ന ചാക്രികലേഖനത്തില്‍ പ്രസ്താവിക്കുന്നു. ഈ ചൈതന്യത്തിന് കടകവിരുദ്ധമാണ് തൃശ്ശൂര്‍ അതിരൂപതയുടെ വ്യാജപത്രക്കുറിപ്പ്. ശിക്ഷാനടപടികളുടെ വാള്‍മുനയിലൂടെയല്ല സത്യാന്വഷണത്തില്‍ അധിഷ്ഠിതമായ സംവാദത്തിലൂടെയാണ് ആത്യന്തികസത്യം പുറത്തുവരിക.
വിശ്വാസംസന്മാര്‍ഗം എന്നീ രണ്ടു വിഷയങ്ങളില്‍ മാത്രമാണ് സഭയുടെ ആത്മീയാധികാരികള്‍ക്ക് പ്രബോധനാധികാരമുള്ളത്. എന്നാല്‍ സഭാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ക്രൈസ്തവവിശ്വാസിക്ക് അവകാശവും കടമയുമുണ്ടെന്ന് കാനോന്‍ നിയമം (Codex Canonum Ecclesiarum Orientalium) 15-ാം വകുപ്പ് പറയുന്നു. വിയോജിപ്പുകളെ സഹിഷ്ണുതയോടെ കാണുന്നതും മാന്യമായ സംവാദത്തിന് തയ്യാറാവുന്നതുമാണ് സംസ്‌കാരസമ്പന്നതയുടെ അടയാളമായി പരിഷ്‌കൃതസമൂഹം കരുതുന്നത്. ഒരു പ്രസിദ്ധീകരണവും വിശ്വാസികളുടെ നേര്‍ച്ചപ്പണവും കൈവശമുണ്ടെങ്കില്‍ എന്തുമായിക്കളയാം എന്നു കരുതുന്നത് മാമോന്‍ദര്‍ശനമാണ്.
പുരോഹിതരുടെ ദുഷ്‌ചെയ്തികളെ ചോദ്യംചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരെ മതവിരോധികളായി മുദ്രകുത്തുന്നത് പഴയ ഒരു പുരോഹിതതന്ത്രമാണ്. ക്രിസ്തുവിനെതിരെയും പുരോഹിതര്‍ ഇതേ തന്ത്രം കൗശലപൂര്‍വം പ്രയോഗിച്ചിരുന്നു. അവരാണ് ക്രിസ്തുവിന്റെ ദൈവരാജ്യദര്‍ശനത്തെ സാമ്രാജ്യദര്‍ശനമാക്കി തരംതാഴ്ത്തിയത്. വിശ്വാസിസമൂഹമെന്നാല്‍ യാന്ത്രികമായി വിശ്വാസപ്രമാണം ഉരുവിടുന്ന സംഘമല്ല; പിന്നെയോ യേശു വിഭാവനംചെയ്ത ദൈവരാജ്യത്തിന്റെ പ്രായോഗികതലത്തിലെ തനിമ (Orthopraxy)നിലനിര്‍ത്തേണ്ടവരും അതിന്റെ പ്രയോക്താക്കളുമാണ്. സഭയിലെ അനീതികളെ ചോദ്യംചെയ്യാതെ ഈ തനിമയിലേക്കെത്താന്‍ കഴിയില്ല. ഇതിനുവേണ്ടി പ്രധാനപുരോഹിതന്റെ അതൃപ്തിക്ക് പാത്രമാകേണ്ടി വരുംകുരിശുമെടുത്ത് കാല്‍വരിയിലേക്ക് പീഢാനുഭവയാത്ര നടത്തേണ്ടിവരും. കലപ്പയില്‍ കൈവച്ചിട്ട് പിന്തിരിഞ്ഞുനോക്കുന്ന ഒരുവനും സ്വര്‍ഗ്ഗരാജ്യത്തിന് യോഗ്യനല്ല” (ലൂക്കാ 9:62).

നീതിക്കുവേണ്ടി ശബ്ദിക്കുന്നത് ഒരു ക്രൈസ്തവദൗത്യമാണ്. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് സംതൃപ്തി ലഭിക്കും (മത്താ 5: 6) എന്ന തിരുവെഴുത്ത് ഞങ്ങള്‍ക്ക് ധൈര്യം പകരുന്നു. നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തില്‍നിന്ന് സഭാവിരുദ്ധതയുടെയും അച്ചടക്കലംഘനത്തിന്റെയും വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഞങ്ങളെ പിന്തിരിപ്പിച്ചുകളയാമെന്ന ധാരണ ശരിയല്ല,
ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം അനുച്ഛേദം എല്ലാ പൗരന്മാര്‍ക്കും അഭിപ്രായസ്വാതന്ത്ര്യവും സംഘടനാസ്വാതന്ത്ര്യവും അനുവദിക്കുന്നു. ആര്‍ക്കും ഒരു തീട്ടൂരംകൊണ്ട് എടുത്തുകളയാവുന്നതല്ല ഭരണഘടനാപരമായ ഈ അവകാശങ്ങള്‍ പുരോഹിതരുടെ സ്തുതിപാഠകസംഘങ്ങളായ കടലാസുസംഘടനകളില്‍നിന്ന് വ്യത്യസ്തമായി രാജ്യത്തെ നിയമമനുസരിച്ച് റജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നതും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത പുലര്‍ത്തുന്നതുമായ സംഘടനയാണ് കേരള കാത്തലിക് ഫെഡറേഷന്‍മെത്രാന്മാരുടെ രാജകീയഭരണശൈലിക്കും പുരോഹിതരുടെ അനീതികള്‍ക്കുമെതിരെ പോരാടുന്ന ഈ സംഘടനക്ക് മെത്രാന്‍ അംഗീകാരം കൊടുക്കും എന്നു വിശ്വസിക്കാന്‍മാത്രം വിഡ്ഢികളല്ല ക്രൈസ്തവവിശ്വാസികള്‍. മെത്രാന്റെ അംഗീകാരമുള്ള സംഘടനയാണെന്ന് ഞങ്ങള്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പൗരോഹിത്യത്തിന്റെ തെറ്റായ നടപടികളെ വിമര്‍ശിക്കാന്‍ ചങ്കുറപ്പ് കാണിക്കുന്ന ഏതെങ്കിലും അത്മായ സംഘടനക്ക് കേരളത്തിലെ ഏതെങ്കിലും മെത്രാന്‍ അംഗീകാരം കൊടുത്തതായി ചരിത്രമുണ്ടൊ?.
കേരള കാത്തലിക് ഫെഡറേഷന്‍ സഭാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിക്കുമ്പോള്‍ ആ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാന്‍ അങ്ങേക്കും മറ്റു പുരോഹിതര്‍ക്കും ബാധ്യതയുണ്ട്. സഭയെന്നാല്‍ മെത്രാന്മാരും പുരോഹിതരും സ്ഥാപനങ്ങളും മാത്രമല്ലഇവയുടെ ഗുണഭോക്താക്കളല്ലാതെ പണംകൊടുക്കാനും പ്രാര്‍ത്ഥിക്കാനും അനുസരിക്കാനും (To pay, pray & obey) മാത്രം അനുവദിക്കപ്പെട്ടിട്ടുള്ള ശബ്ദമില്ലാത്ത ബഹുഭൂരിപക്ഷമായ ഒരു വിശ്വാസിസമൂഹം കൂടിയുണ്ട്. ആ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മെത്രാന്മാരുടെയും പുരോഹിതരുടെയും ധനാര്‍ത്തിധനാപഹരണംഅഴിമതിസ്വജനപക്ഷപാതം എന്നിവ ഞങ്ങള്‍ തുറന്നുകാണിച്ചിട്ടുണ്ട്. ഉടുതൂണിക്ക് മറുതുണിയില്ലാതെ പാവപ്പെട്ടവരോടൊത്ത് അവര്‍ക്കുവേണ്ടി ജീവിച്ച് പുരോഹിതരുടെയും ഭരണാധികാരികളുടെയും അപ്രീതിക്ക് പാത്രമായി ഒടുവില്‍ കാല്‍വരിയിലെ കുരിശില്‍ തൂക്കിലേറ്റപ്പെട്ട യേശുവിന്റെ നാമത്തില്‍ കോടികളുടെ പള്ളികളും വാണിജ്യസമുച്ചയങ്ങളും പണിയുന്നതും സമ്പത്ത് വാരിക്കൂട്ടുന്നതും ഞങ്ങള്‍ ശക്തിയുക്തം വിമര്‍ശിച്ചിട്ടുണ്ട്. കത്തോലിക്കാ സ്ഥാപനങ്ങളിലെ കോഴസംസ്‌കാരത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. സമ്പന്നവിഭാഗങ്ങള്‍ക്കുമാത്രം പഠിക്കാനുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി പണം സമാഹരിക്കുന്നതിനുപകരം പട്ടിണിപ്പാവങ്ങളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ചികിത്സക്കുംവേണ്ടി സഭ ഇറങ്ങിപ്പുറപ്പെടണമെന്ന് വാദിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്കെതിരെ പുരോഹിതര്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ശബ്ദിച്ചിട്ടുണ്ട്. വിശ്വാസികളുടെ മാമോദീസവിവാഹംമരിച്ചടക്ക് തുടങ്ങിയ അവസരങ്ങളില്‍ അവരെ ചൂഷണംചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ ഇടപെട്ടിട്ടുണ്ട്. പാവപ്പെട്ടവന്റെ മൃതദേഹത്തെപോലും അപമാനിക്കാന്‍ തയ്യാറാകുന്ന പുരോഹിര്‍ക്കെതിരെ നിയമപടപടി സ്വീകരിച്ചിട്ടുണ്ട്. പുരോഹിതരുടെ ലൈംഗിക അരാജകത്വത്തിന്റെ ഭീകരമുഖം തുറന്നുകാണിച്ചിട്ടുണ്ട്. സഭയുടെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയും ഭൗതികഭരണത്തില്‍ ജനാധിപത്യവും പുലര്‍ന്നുകാണണമെന്ന അഭിലാഷത്തില്‍ നിയമ പരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കി സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ടുള്ള കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിട്യൂഷന്‍സ് ട്രസ്റ്റ് ബില്‍ നിയമമാക്കണമെന്ന് സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം എങ്ങിനെ  സഭാവിരുദ്ധമാകും?
യേശുക്രിസ്തുവും ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. ലോകത്തില്‍ ക്രിസ്തുവിന്   സാക്ഷ്യം  വഹിക്കാന്‍ മാമോദീസാവഴി ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കാളിയാണ് ഒരോ ക്രൈസ്തവനുമെന്ന് അത്മായന്റെ അപ്പസ്‌തോലിക ദൗത്യത്തെക്കുറിച്ചുള്ള പ്രമാണരേഖ (Apostolicam Actuositatem)പറയുന്നു. ദൈവത്തിലും ക്രിസ്തുവിലും വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രക്തസാക്ഷികളുടെ ധൈര്യവും സ്ഥൈര്യവുമുള്ള വിശ്വാസിസമൂഹത്തെയാണ് യേശുക്രിസ്തു വിഭാവനം ചെയ്തത്. സഭയുടെ അധികാരശ്രേണിയെ ഭയപ്പെടുന്ന സ്തുതിപാഠക സംഘത്തെയല്ല.
കേരളത്തിലെ കത്തോലിക്കാ പൗരോഹിത്യം സമൂഹമദ്ധ്യത്തില്‍ അവഹേളിതരാകുന്നത് സ്വന്തം ചെയ്തികള്‍ മൂലമാണ്. കൊച്ചി മെത്രാന്‍ യുവതിയെ ദത്തെടുത്ത സംഭവവുംഅഭയാകേസുംശ്രേയാകേസുംഞാറക്കല്‍ മഠത്തിലെ പുരോഹിതതാണ്ഡവവുംകുരിയച്ചിറ പള്ളിയിലെ വനിതാ പ്രൊഫസര്‍ക്കെതിരെയുള്ള കയ്യേറ്റവുംവടൂക്കര പള്ളിയിലെ ബാലികാമര്‍ദ്ദനവും കേരള കാത്തലിക് ഫെഡറേഷന്റെ സൃഷ്ടിയല്ല. 1977 മുതല്‍ സി.എം.ഐ.സന്യാസവൈദികരുടെ ആദ്ധ്യാത്മികനേതൃത്വത്തില്‍ സുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരുന്ന തലോര്‍ ഉണ്ണിമിശിഹാ ഇടവകയെ ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ട് വിശ്വാസിസമൂഹത്തില്‍ കലാപത്തിന്റെ വിത്തുവിതച്ചതും കേരള കാത്തലിക് ഫെഡറേഷനല്ല. കൊട്ടേക്കാട് പള്ളിവികാരിയായിരുന്ന ഫാ. ഫ്രാന്‍സിസ് മുട്ടത്തിന്റെ ഏകാധിപത്യനടപടികളും ദുര്‍മന്ത്രവാദവുംകൊണ്ട് പൊറുതിമുട്ടിയ വിശ്വാസികള്‍ വികാരിയെ മാറ്റിത്തരാന്‍ സമരമാര്‍ഗത്തിലേക്ക് തിരിഞ്ഞത് കേരള കാത്തലിക് ഫെഡറേഷന്റെ അപരാധംമൂലമല്ല.
കേരള കാത്തലിക് ഫെഡറേഷന്‍ എന്ന സംഘടനയുടെ നിലപാടുകളില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ അങ്ങേക്ക് ആത്മീയമായ അവകാശമുണ്ട്. അതിന് പകരം അധികാരത്തിന്റെ അംശവടിയാണ് പ്രയോഗിക്കുന്നതെങ്കില്‍ അതിനെ പ്രതിരോധിക്കാനുള്ള ദൈവവരപ്രസാദവും ശക്തിയും പരിശുദ്ധാത്മാവ് ഞങ്ങള്‍ക്ക് നല്‍കുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. മനുഷ്യരേക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്” (അപ്പോ. പ്രവ. 5: 29) എന്ന അപ്പസ്‌തോലവചനങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനമേകുന്നു.
സത്യം നമ്മെ സ്വതന്ത്രരാക്കും’ (Veritas Vos Liberabit) എന്നാണല്ലൊ അങ്ങയുടെ പ്രസിദ്ധീകരണമായ കത്തോലിക്കാസഭയുടെ പ്രമാണസൂക്തം. അതിനോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ അച്ചടിക്കുന്നതിനുമുമ്പായി നിജസ്ഥിതി പരിശോധിക്കാനുള്ള മാന്യതയും  സംസ്‌കാരവും ആ പത്രം കാണിക്കേണ്ടതായിരുന്നു. കാനോന്‍ നിയമങ്ങളും കത്തോലിക്കാ വേദോപദേശവും വത്തിക്കാന്‍ പ്രമാണരേഖകളും പത്രത്തിന്റെ ചുമതലക്കാരായ വൈദികര്‍ മനസ്സിരുത്തി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.



Thursday, January 26, 2012

നെന്മണിക്കര സെന്റ് മേരീസ് പള്ളി പ്രശനം


നെന്മണിക്കര സെന്റ് മേരീസ് പള്ളി പ്രശനം 

തൃശ്ശൂര്‍ അതിരൂപതയിലെ   പുതുക്കാട് ഫൊറോനയുടെ കീഴിലുള്ള  നെന്മണിക്കര സെന്റ് മേരീസ് പള്ളി ഇടവക അംഗങ്ങള്‍ ആയ കുഴിയാനി ബാബുവിനെയും അമ്മയേയും ഗുണ്ടാസംഘത്തെ ഉപയോഗിച്ച് മര്‍ദ്ദിച്ച വികാരി ഫാ. ടോം വേലൂക്കാരന്‍റെ നടപടിയില്‍ കേരള കാത്തലിക് ഫെഡറേഷന്‍റെ  ഇന്നലെ ചേര്‍ന്ന യോഗം ശക്തിയായി പ്രതിഷേധിച്ചു. വിശ്വാസികളില്‍നിന്ന് പിരിവെടുത്ത് പള്ളിയോടനുബന്ധിച്ച് ആഡിറ്റോറിയവും ആധുനിക സൌകര്യങ്ങളോടെ എയര്‍കണ്ടീഷന്‍ ചെയ്ത വൈദികഭവനവും നിര്‍മ്മിച്ചതിന്‍റെ കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് വികാരിയെ പ്രകോപിതനാക്കിയത്. വിശ്വാസികളുടെ സംഭാവന ചെയ്ത പണം വിനിയോഗം ചെയ്തതിന്‍റെ  കണക്ക്  യോഗത്തില്‍ അവതരിപ്പിക്കാന്‍  വിസമ്മതിച്ച വൈദികന്‍റെ  നടപടിയെപ്പറ്റി  ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുമ്പാകെ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വിശ്വാസികളുടെ പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേതൃത്വംകൊടുത്ത കുഴിയാനി ബാബുവിനെയും മാതാവിനെയും അര്‍ദ്ധരാത്രിയില്‍ ഗുണ്ടാസംഘത്തെ അയച്ച് മര്‍ദ്ദിച്ചതിനെതുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മാത്രമല്ല എതിര്‍പ്പ് പ്രകടിപ്പിച്ച വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

വിശ്വാസികളുടെ ഫണ്ട് വിനിയോഗിച്ചതില്‍ സുതാര്യത പാലിക്കാതിരിക്കുകയും അവര്‍ക്ക്‌നേരെ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ പ്രേരണനല്‍കുകയും ചെയ്ത വികാരി ഫാ. ടോം വേലൂക്കാരനെ ഉടന്‍ സ്ഥലംമാറ്റണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍  ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വികാരിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. തുടര്‍നടപടികള്‍ക്കായി നെന്മണിക്കര ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

കേരള കാത്തിലിക് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡണ്ട് ജോയ് പോള്‍ പുതുശ്ശേരി യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ്പ്രസിഡണ്ട്  ആന്റോ കോക്കാട്ട്കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി. കെ. ജോയ്ബി. സി. ലോറന്‍സ്നെന്മണിക്കര പള്ളി  ഇടവക അംഗങ്ങള്‍ ആയ ഇ. എ. ഷാജുബാബു കെ. കെ.ആന്റണി പി. വി.ബെന്നി പി. ഡി.മെജൊ പി. ജെ.ഷാജന്‍ കെ. പി. എന്നിവര്‍ സംസാരിച്ചു.


ഡോ. ജോസഫ് വര്‍ഗീസ്‌ (ഇപ്പന്‍) തന്‍റെ  
“നസ്രായനും നാറാണത്തു ഭ്രാന്തനും” 
എന്ന പുസ്തകത്തിന് എഴുതിയ സമര്‍പ്പണത്തില്‍നിന്ന് ഒരു ഭാഗം:


ഇന്ദുലേഖ ഇന്ന് ഒരു രോഗിയാണ്. അവള്ക്ക് S.L.E. രോഗമാണ്. എന്നുവെച്ചാല്‍ രക്തത്തില്‍ രോഗപ്രതിരോധാണുക്കള്‍ വര്ദ്ധിക്കുക. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവ ശരീരത്തെ ആക്രമിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്നു. നാലുവര്ഷ.ങ്ങളായി രോഗം തിരിച്ചറിഞ്ഞിട്ട്. സ്റ്റീറോയ്ഡ് ഔഷധങ്ങളാണു പ്രതിവിധി. രോഗത്തെക്കാള്‍ കുഴപ്പക്കാരനാണ് ഔഷധം. അവളിപ്പോള്‍ പ്ലസ് ടൂ കഴിഞ്ഞു. സ്റ്റഡിലീവു മുതല്‍ രോഗം കലശലാകാന്‍ തുടങ്ങി. മിക്കദിവസങ്ങളിലും വേദനയ്ക്കുള്ള ഇന്ജെക്ഷന്‍ എടുത്തുകൊണ്ടാണ് അവള്‍ പരീക്ഷയ്ക്ക് പോയത്. പരീക്ഷ കഴിഞ്ഞയുടന്‍ രോഗം മൂര്ച്ഛിച്ചു. ഞങ്ങള്‍ ബാംഗ്ലൂരിലുള്ള സെന്റ് ജോണ്സ്യമെഡിക്കല്കോളേജിലേക്കു പോയി. നാല്പതു ദിവസത്തോളം അവിടെ കഴിഞ്ഞു. അവളുടെ രോഗപ്രതിരോധശക്തി അപകടകരമാംവിധം കുറഞ്ഞു. അവള്‍ മരിച്ചുപോകാന്‍ വളരെ സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്മാര്‍ എന്നോടു പറഞ്ഞു. ഞാന്‍ ആസ്പത്രിയുടെ ഇടനാഴികകളുടെ കോണുകളില്‍ പോയിനിന്ന് പലതവണ പൊട്ടിക്കരഞ്ഞു. പെട്ടെന്നെനിക്കു തോന്നിഇതു നസ്രായന്‍ എനിക്കു തന്ന ശിക്ഷയാണെന്ന്. ഞാന്‍ നടത്തിയ സമരം എനിക്കു സമ്മാനിച്ചത് പുച്ഛവും പരിഹാസവും മാത്രമാണ്. സ്ഥലം മാറിവന്ന പോസ്റ്റ്മാന്‍ അയല്പക്കത്തു ചെന്നനേ്ഷിച്ചത്രേ. ആ വട്ടുള്ള പ്രൊഫസറുടെ വീടേതാണെന്ന്. ഞാന്‍ മണ്ടനായതുപോലെ എനിക്കു തോന്നി. വെറും കോമാളി! ഇനിയുമുള്ള കാലമെങ്കിലും സ്വന്തം കാര്യം നോക്കി സ്വസ്ഥമായിക്കഴിയാന്‍ ഞാന്‍ തീരുമാനിച്ചു. സ്വസ്ഥമായിക്കഴിയലല്ല ജീവിതമെന്നും ജീവിതം യുദ്ധമാണെന്നും ഉള്ള അന്തോനിച്ചായന്റെ ഉപദേശം ഞാന്‍ മറന്നു. (ഇക്കഥ കഴിഞ്ഞ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്) നമ്മുടെ നാട്ടില്‍ കാശുണ്ടാക്കുന്നവനാണു മിടുക്കന്‍. നാടു നന്നാക്കാന്‍ വേണ്ടി നാലുലക്ഷം കളഞ്ഞുകുളിച്ച ഞാന്‍ മണ്ടനാണ്. എനിക്കും മിടുക്കനാവണം. ഞാനെന്റെ റബ്ബര്കൃഷിയില്‍ ശ്രദ്ധിച്ചു. തൊടുന്നതെല്ലാം പകിട പന്ത്രണ്ട്! റബ്ബറിനിപ്പോള്‍ 115 രൂപാ. ഞാനെന്റെ വീടുമോടിപിടിപ്പിച്ചു. വീടിനുമുമ്പില്‍ ഗാര്ഡന്‍ വെച്ചു പിടിപ്പിച്ചു. ഒരു സാന്ട്രോ കാറുവാങ്ങി. ടൗണില്‍ സ്ഥലം വാങ്ങി. അവിടെ ഒരു 'അടിപൊളികെട്ടിടം പണിതു. എന്റെ ഭാര്യ അവിടെ ട്യൂഷന്‍ ആരംഭിച്ചു. ധാരാളം കുട്ടികള്‍. പക്ഷേഅപ്പോഴും എന്റെ അന്തരാത്മാവ് എന്നോടു മന്ത്രിച്ചുകൊണ്ടിരുന്നു: 'മണ്ടനൗസേപ്പേവീടിന്റ ജനലുപോലും പൊളിഞ്ഞു കിടന്ന സമയത്ത് ലോണെടുത്തു സമരം ചെയ്ത നീ തന്നെയാണു മിടുക്കന്‍. ദൈവം നിന്നെ സൃഷ്ടിച്ചത് എസ്റ്റേറ്റുവെച്ചുപിടിപ്പിക്കാനും അടിപൊളി കെട്ടിടങ്ങള്‍ പണിയാനും ഒന്നുമല്ല. അതിലുമൊക്കെ വലിയ കാര്യങ്ങള്‍ ദൈവം നിന്നില്നിന്ന് പ്രതീക്ഷിക്കുന്നു.' ചുരുക്കത്തില്‍ ഒരു ദൈവവിളിയനുസരിച്ചാണ് ഞാന്‍ അഴിമതിക്കെതിരെ സമരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്. നാട്ടുകാരുടെ പരിഹാസം ഭയന്ന് ഞാന്‍ ദൈവവിളിയില്നിന്നും പിന്മാറി. അതിനെനിക്കു ലഭിച്ച കഠിനമായ ദൈവശിക്ഷയാണ് ഇന്ദുലേഖയുടെ രോഗമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
സെന്റ് ജോണ്സിലെ ഇമ്മ്യൂണോളജിസ്റ്റായ ഡോക്ടര്‍ വിനീതയാണ് ഇന്ദുലേഖയുടെ ഡോക്ടര്‍. അവളുടെ ജീവന്‍ രക്ഷിക്കാന് വേണ്ടി താന്‍ ചില കര്ശ‍നനടപടികള്ക്ക് ഒരുങ്ങുകയാണെന്ന് അവര്‍ എന്നോടു പറഞ്ഞു. ശക്തിയേറിയ ന്യൂഫോജന്‍, ഇമ്മ്യൂണോഗ്ലോബിന്‍ ആദിയായ ഇന്ജെ്ക്ഷനുകള്‍ അവള്ക്കു കൊടുത്തു. മുട്ടിപ്പായി പ്രാര്ത്ഥിഫക്കണമെന്ന് അവര്‍ ഞങ്ങളെ ഇടയ്ക്കിടയ്ക്ക് ഓര്മ്മി്പ്പിച്ചുകൊണ്ടിരുന്നു. സെന്റ് ജോണ്സിന്റെ ഇടനാഴികളിലൂടെ നടന്ന് ഞാന്‍ നസ്രായനെ വിളിച്ചു കരഞ്ഞു. 'നിന്റെ വിളി ഞാന്‍ കേള്ക്കാം. നിന്റെ മുന്തിരിത്തോട്ടത്തിലെ കള പറിക്കാന്‍ ഞാന്‍ വരാം. അതിനുവേണ്ടി എന്റെ സമസ്തസമ്പത്തും ഞാന്‍ സമര്പ്പിക്കാം. എന്റെ ജീവന്‍ നിനക്കു ഞാന്‍ തരാം. എന്റെ കുഞ്ഞിനെ നീ എനിക്കു തിരിച്ചുതരൂ. അഥവാ അവളെ നീ എനിക്കു തന്നില്ലെങ്കിലും ഈ നേര്ച്ച ഞാന്‍ നിറവേറ്റാം.ഇതുപോലൊരു പുസ്തകം ഞാന്‍ പ്രസിദ്ധീകരിച്ചാല്‍ എന്റെ നേരെ പല 'ഫത്‌വകളും പുറപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ശരിക്കും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈ നേര്ച്ച ഞാന്‍ നേര്ന്നത്. പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരിയുടെയും പ്രൊഫ. ജോസഫ് പുലിക്കുന്നനേയും പോലെ പ്രൊഫ. ജോസഫ് വര്ഗ്ഗീ സും ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ഒരു കോളേജിലാണു ജോലി ചെയ്യുന്നത്. അവരൊക്കെ പറ്റിക്കൊണ്ടിരുന്നതിനെക്കാള്‍ കൊഴുത്ത ശമ്പളം കിട്ടുന്ന ജോലി!
ഇമ്മ്യൂണോഗ്ലോബിന്‍ 15 ഗ്രാമിന്റെ അഞ്ച് ഇന്ജെ്ക്ഷനുകളാണ് അവള്ക്കു കൊടുത്തത്. അതിനുശേഷം T.Cപരിശോധിച്ചപ്പോഴും അഞ്ഞൂറ്. ദൂരെക്കൂടി പോകുന്ന രോഗംപോലും പറന്നുവന്നാക്രമിക്കും. ഒന്നരലക്ഷത്തോളം രൂപയുടെ മരുന്ന് കയറ്റിയിട്ടും വെറും പച്ചവെള്ളം കയറ്റിയ അനുഭവം. അപകടകരമായ അവസ്ഥയില്നിന്നു രക്ഷപെടണമെങ്കില്‍ T.C 3000 എങ്കിലും വേണം. ഡോക്ടര്‍ കടുത്ത നിരാശയിലായി. എന്നെ വിളിച്ചു കാര്യം പറഞ്ഞു. നാളെത്തന്നെ ഐസൊലേഷന്‍ സെല്ലിലേക്കു മാറ്റണം. എന്നുവെച്ചാല്‍ കടുത്ത ശുചിത്വം ദീക്ഷിക്കേണ്ട ഏകാന്തമായ ഒരു മുറി. രോഗാണുക്കളെ വലിച്ചെടുക്കാനുള്ള സംവിധാനങ്ങളൊക്കെയുണ്ട്. ഒരു നേഴ്‌സ് മുഴുവന്‍ സമയവും ശുശ്രൂഷിക്കും. മുറിക്കു പുറത്ത് ഒരാള്ക്കു കൂടി കിടക്കാം. അലോഷ്യ കിടക്കട്ടെ. എനിക്കു ആശുപത്രിക്കു പുറത്തു താമസിക്കാം. ഞാന്‍ ഇന്ദുലേഖയുടെ വല്യപ്പച്ചിയെയും അനുജത്തിയായി മാളൂട്ടിയെയും വീട്ടിലേക്കയയ്ക്കുവാനുള്ള ഏര്പ്പാടുകള്‍ ചെയ്തു. പിറ്റേദിവസം ഡോക്ടര്‍ വന്നു. അവളുടെ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞുവരുന്നു. ധാരാളം ആല്ബുമിന്‍ നഷ്ടപ്പെടുന്നു. തന്റെ പ്രതീക്ഷ കുറഞ്ഞു വരുന്നതായി അവര്‍ എന്നോടും അലോഷ്യായോടും പറഞ്ഞു. അപ്പോഴാണതു സംഭവിച്ചത്. ഡോ. വിനീതയുടെ അസിസ്റ്റന്റായ സിസ്റ്റര്‍ ശാന്തി ഒരു കടലാസും കൈയില്‍ ഉയര്ത്തിപ്പിടിച്ചുകൊണ്ട് ഓടി വരുന്നു. അവര്‍ സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.'ഡോക്ടര്‍ വിനീതാഇന്ദുലേഖയുടെ ഠ.ഇ 6100. ഡോക്ടര്‍ വിനീത സന്തോഷംകൊണ്ട് മതിമറന്നു. ഞങ്ങള്ക്കുള്ളതിനെക്കാള്‍ സന്തോഷമായിരുന്നവര്ക്ക്. ഒപ്പം അവര്‍ പറഞ്ഞു: 'ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. ഇന്ദുലേഖയുടെ T.C 6750 ആയെന്ന്.ബോദ്ധ്യം വരാഞ്ഞ് അവര്‍ നേരിട്ട് രക്തമെടുത്തു ലാബിലേക്കു കൊടുത്തുവിട്ടു. റിസല്റ്റു വന്നു. അബദ്ധമൊന്നും പറ്റിയതല്ല.
അങ്ങനെ ഒരു നേര്ച്ച നിറവേറ്റലാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം. പക്ഷേഒരു ചില്ലിക്കാശുപോലും പള്ളികള്‍ക്ക് നേര്ച്ച കൊടുക്കരുതെന്നുള്ളതാണ് ഈ പുസ്തകത്തിന്റെ മുഖ്യ സന്ദേശം. അതൊരു വൈരുദ്ധ്യമായിത്തോന്നാം. വിശദമായി മനസ്സിലാക്കണമെന്നുള്ളവര്‍ പുസ്തകം മുഴുവന്‍ ശ്രദ്ധിച്ചുവായിക്കട്ടെ.
കടപ്പാട്: അല്‍മായ ശബ്ദം.

Wednesday, January 25, 2012

ചര്‍ച്ച് ആക്‌ടിനെ പറ്റി ജസ്റ്റിസ് കൃഷ്ണയ്യര്‍

ചര്‍ച്ച് ആക്‌ടിനെ റ്റി 
                                               ജസ്റ്റിസ് കൃഷ്ണയ്യര്‍

(ജസ്റ്റിസ് കൃഷ്ണയ്യര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലിനെഴുതിയ കത്തുകളില്‍നിന്ന് സമാഹരിച്ചത്. 
 - കടപ്പാട്: മാതൃഭൂമി - 2009 മെയ്, 12)
യേശു ഏറ്റവും പവിത്രരായവരിലൊരാളും ലളിതനായ മനുഷ്യസ്‌നേഹിയും ആത്മീയ വിപ്ളവകാരികളിലൊരാളുമാണെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. യേശുവിനോട് വ്യക്തിപരമായി എനിക്ക് വലിയ ആദരവുണ്ട്. അദ്ദേഹം മനുഷ്യരാശിയുടെ മോചനത്തിനായിട്ടാണ് നിലകൊണ്ടത്. സര്‍വ്വോപരി അദ്ദേഹം പാവങ്ങള്‍ക്കുവേണ്ടിയും പണക്കാര്‍ക്കെതിരായിട്ടുമാണ് നിന്നത്. തലശ്ശേരിയിലെ എന്റെ സുന്ദരഭവനം ഞാന്‍ ബിഷപ്പിന് വിട്ടുകൊടുത്തതും അതങ്ങനെ അരമനയായതും എനിക്ക് പള്ളിയുടെ സാമൂഹിക സേവനതൃഷ്ണയോടുള്ള ബഹുമാനത്തിന്റെ തെളിവാണ്.
(ഞാന്‍ ചെയര്‍മാനായ) നിയമ പരിഷ്‌കരണ കമ്മീഷന്റെ ലക്ഷ്യങ്ങളെ നേര്‍ത്ത ക്രൈസ്തവവിരുദ്ധ വികാരങ്ങളായിപ്പോലും തെറ്റിദ്ധരിക്കാതിരിക്കാനാണ് ഞാനിത് പറയുന്നത്. കമ്മീഷന്‍ ഒരു സ്വതന്ത്രബോഡിയാണെന്നും അതിന്റെ ബില്ലുകളെ ഗവണ്മെന്റ് നയങ്ങള്‍ സ്വാധീനിക്കുന്നില്ലെന്നും ഊന്നിപ്പറയാന്‍ ഞാനാഗ്രഹിക്കുന്നു. ഞാന്‍ സത്യമായും ഒരു സ്വതന്ത്ര ചെയര്‍മാനാണ്, അല്ലാതെ ഗവണ്മെന്റ് നയങ്ങള്‍ നടപ്പിലാക്കാനായി കമ്മീഷനെ ഉപയോഗിക്കാന്‍ വന്ന ചെയര്‍മാനല്ല.
കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് &  ഇന്‍സ്റ്റിട്യൂഷന്‍സ് ട്രസ്റ്റ് ബില്‍ ആത്മാര്‍ത്ഥതയുള്ള പല ക്രിസ്ത്യാനികളും ഉന്നയിച്ച വിഷയമെന്ന നിലയില്‍ ഉണ്ടായതാണ്. അതുകൊണ്ടാണ് മഹാചിന്തകരും ക്രസ്തുമതവിശ്വാസികളുമായ ജസ്റ്റിസ് കെ.ടി. തോമസിനേയും പ്രൊഫ. എം.വി. പൈലിയെയും പോലുള്ളവര്‍ ഞങ്ങളുടെ ശുപാര്‍ശകളെ പൂര്‍ണ്ണമായി പിന്തുണച്ചത്. കമ്മീഷന്‍ എന്തിനാണ് ഈ ശുപാര്‍ശകള്‍ നടത്തിയതെന്ന് പള്ളി പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. മതേതര, ജനാധിപത്യ താത്പര്യങ്ങളോടുകൂടിയ പൊതുബില്ലാണത്.
യേശു ഒരു മഹാജനാധിപത്യവാദിയായിരുന്നു. സമ്പത്തിനെ പരിപാലനവസ്തുവായിട്ടാണ് അദ്ദേഹം കണ്ടത്. യേശുവിനോടുള്ള ഭക്തികൊണ്ട് ഇടവകക്കാര്‍ നല്‍കുന്ന സംഭാനകളിലൂടെ ഉണ്ടാകുന്ന സ്വത്തുക്കള്‍ ഭരിക്കാനുള്ള അവകാശം ബിഷപ്പിനല്ല ഇടവകക്കാര്‍ക്കായിരിക്കണം വേണ്ടത്. ഇത് ധാര്‍മ്മിക ജനാധിപത്യമാണ്, അല്ലെങ്കില്‍ അത് ധനാപഹരണമാകും. ദയവായി (ബിഷപ്പുമാര്‍)ജനാധിപത്യവാദികളാകാമെന്ന് സമ്മതിക്കൂ.സഭാസ്വത്തുക്കളുടെമേല്‍ ജനാധിപത്യനിയന്ത്രണത്തിന് പ്രതികൂലമായിട്ടല്ല, അനുകൂലമായിട്ടായിരിക്കണം നിങ്ങളുടെ സ്വരം.
[കേരള കാത്തലിക് ഫെഡറേഷന്‍ 'സ്പിരിറ്റ് ഓഫ് അപോസ്റ്റസിയും പുത്തന്‍ പുരോഹിത തന്ത്രങ്ങളും’ എന്ന ലഘുലേഖയില്‍ പ്രസിദ്ധീകരിച്ചത്]