Wednesday, August 6, 2014

യു.ഡി.എഫ്‌. വിടരുതെന്ന്‌ കര്‍ദ്ദിനാള്‍ ആലഞ്ചേരി


mangalam malayalam online newspaper
യു.ഡി.എഫ്‌. വിടരുതെന്ന്‌ കര്‍ദ്ദിനാള്‍ ആലഞ്ചേരി
                      Story Dated: Thursday, August 7, 2014 12:52.
                              കടപ്പാട്: മംഗളം
കോട്ടയം: കേരളാ കോണ്‍ഗ്രസ്‌ (എം) യു.ഡി.എഫ്‌. വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കര്‍ശനനിലപാടുമായി കത്തോലിക്കാ സഭാനേതൃത്വം രംഗത്ത്‌. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ലെന്ന സന്ദേശമാണു മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചരി കേരളാ കോണ്‍ഗ്രസ്‌ നേതൃത്വത്തിനു നല്‍കിയത്‌. യു.ഡി.എഫ്‌. വിടില്ലെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചശേഷവും അഭ്യൂഹങ്ങള്‍ തുടരുന്ന പശ്‌ചാത്തലത്തിലാണു സഭാനേതൃത്വത്തിന്റെ ഇടപെടല്‍. ഇരുമുന്നണികളിലായിരുന്ന കേരള കോണ്‍ഗ്രസ്‌ (എം)-കേരളാ കോണ്‍ഗ്രസ്‌ (ജെ) ലയനത്തിനു ചുക്കാന്‍ പിടിച്ചതു സഭാനേതൃത്വമായിരുന്നു. മുന്നണിമാറ്റമുണ്ടായാല്‍ പാര്‍ട്ടി വീണ്ടും പിളര്‍ന്നേക്കുമെന്ന ആശങ്ക സഭ മുമ്പേ കേരള കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റിന്റെ പേരില്‍ പാര്‍ട്ടി യു.ഡി.എഫ്‌. വിടുമെന്ന പ്രചാരണം ശക്‌തമായിരുന്നു. മുന്‍ എം.പി. ഫ്രാന്‍സിസ്‌ ജോര്‍ജിനെ ഇടതുസ്‌ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ നീക്കം നടക്കുകയും ചെയ്‌തു. കേരളാ കോണ്‍ഗ്രസ്‌ (എം) യു.ഡി.എഫ്‌. വിട്ടുവരുമെന്നു പ്രതീക്ഷിച്ച്‌ ഇടുക്കിയില്‍ ഇടതുമുന്നണി ആദ്യം സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. അന്നും സഭാനേതൃത്വം ഉറച്ച നിലപാടെടുത്തതോടെയാണു നീക്കം പാളിയത്‌. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ്‌ (എം) നേതാക്കള്‍ ഉയര്‍ത്തിയതോടെയാണ്‌ ഇടതുമുന്നണിയുമായി യോജിക്കാനുള്ള നീക്കം വീണ്ടും രാഷ്‌ട്രീയവൃത്തങ്ങളില്‍ സജീവചര്‍ച്ചയായത്‌. യു.ഡി.എഫ്‌. വിടില്ലെന്നു പുറമേ പറയുമ്പോഴും കേരളാ കോണ്‍ഗ്രസ്‌ സുവര്‍ണജൂബിലി വേളയില്‍ മുഖ്യമന്ത്രി പദത്തിനുള്ള സാധ്യത തേടണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്‌. യു.ഡി.എഫ്‌. സര്‍ക്കാരിനെ അട്ടിമറിച്ച്‌ ഒരു തിരിച്ചുവരവാണ്‌ ഇടതുമുന്നണി മാണിയിലൂടെ ലക്ഷ്യമിടുന്നത്‌. കേരളാ കോണ്‍ഗ്രസിന്റെ സാന്നിധ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണിക്കു ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ട്‌. ഷാലു മാത്യു - See more at: http://www.mangalam.com/print-edition/keralam/214914#sthash.w9zDvdPH.AkvRVnKO.dpuf

1 comment:

  1. സഭയും രാഷ്ട്രീയവും
    സഭയുടെ രാഷ്ട്രീയ രംഗത്തുള്ള ഇടപെടല്‍ ശരിയല്ല.
    കെ.എം, മാണി വളരെ പ്റാഗല്ഭ്യമുള്ള പരിചയ സമ്പന്നനായ നേതാവാണ്‌.
    അദ്ദേഹത്തെ നിയന്ത്രിക്കാനുള്ള പ്റാഗല്ഭ്യമൊന്നും
    കര്‍ദ്ദിനാള്‍ ആലഞ്ചെരിക്കില്ല.

    ReplyDelete