Wednesday, February 5, 2020

ബയോഗ്യാസ് പ്ലാന്റ്


ബയോഗ്യാസ് പ്ലാന്റ്

ബയോഗ്യാസ് പ്ലാന്റ് തുടങ്ങാം; 20,000 രൂപ സബ്‌സിഡി ലഭിക്കും 
by: ആര്‍. വീണാറാണി


ബയോഗ്യാസ് പ്ലാന്റ് പണിയാൻവരുന്ന ചെലവിനെക്കുറിച്ചോർത്ത് ആശങ്കപ്പെടുന്നവർക്കിതാ ഒരു സന്തോഷവാർത്ത. കഴിഞ്ഞ വർഷംവരെ 11,000 രൂപയായിരുന്ന സബ്സിഡി ഈ വർഷം 20,000 രൂപയാക്കിയിരിക്കുന്നു. കാർഷിക വികസന കാർഷികക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാണ് കേന്ദ്ര ആനുകൂല്യം അനുവദിക്കുന്നത്. സൂക്ഷ്മാണുക്കൾ ഓക്സിജന്റെ അസാന്നിധ്യത്തിൽ അഴുകുന്ന ജൈവവസ്തുക്കളിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്നതാണ് ബയോഗ്യാസ്. ഇതിൽ 70 ശതമാനംവരെ വരുന്ന മീഥൈൻ ഗ്യാസാണ് കത്തുന്നതിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.
പ്രവർത്തനം
ബയോഗ്യാസ് പ്ലാന്റിന് പ്രധാനമായും അഞ്ചു ഭാഗങ്ങളാണുള്ളത്. മിക്സിങ് ടാങ്കാണ് ആദ്യഭാഗം. ചാണകവും മറ്റ് ജൈവാവശിഷ്ടങ്ങളും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് പ്ലാന്റിലേക്ക് വിടുന്നതാണ് മിക്സിങ് ടാങ്കിന്റെ ദൗത്യം. ടാങ്കിൽനിന്നും ഡൈജസ്റ്ററിലേക്ക് ജൈവാവശിഷ്ടത്തെ എത്തിക്കുന്നതിന് ഒരു പൈപ്പുണ്ട്. ജൈവാവശിഷ്ടങ്ങൾ പുളിക്കുന്നത് ഡൈജസ്റ്ററിൽവെച്ചാണ്.
ബയോഗ്യാസ് പ്ലാന്റിലെ ഹൃദയഭാഗമെന്നു പറയാവുന്ന ഡൈജസ്റ്ററിലെ പുളിപ്പിക്കുന്ന പ്രക്രിയ ഊർജിതമാക്കുന്നത് പ്രധാനിയായ ബാക്ടീരിയയാണ്. ഇവിടെനിന്നും പുറത്തുവരുന്ന ഗ്യാസ് അർധവൃത്താകൃതിയിലുള്ള ഗ്യാസ് ഹോൾഡറിലാണ് സൂക്ഷിക്കുക. അവിടെനിന്നും ഗ്യാസ് പൈപ്പ് ലൈനിലൂടെ സ്ലറി പുറന്തള്ളും.
ബയോഗ്യാസ് പ്ലാന്റിന്റെ വലുപ്പം തീരുമാനിക്കേണ്ടത് നമുക്ക് ലഭ്യമായ ജൈവാവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ്. അഞ്ച് കിലോഗ്രാം ജൈവാവശിഷ്ടംകൊണ്ട് ഒരു മീറ്റർ വലുപ്പമുള്ള ബയോഗ്യാസ് പ്രവർത്തനക്ഷമമാക്കാം.
നിർമാണം
നിരപ്പായ സ്ഥലത്ത് ഭൂജലവിതരണം അധികം ഉയരത്തിലല്ലാത്ത സ്ഥലമാണ് ബയോഗ്യാസ് പ്ലാന്റ് പണിയാൻ ഏറ്റവും ഉത്തമം. തൊഴുത്തിനും അടുക്കളയ്ക്കുമിടയിലെ സ്ഥലം ബയോഗ്യാസ് പണിയാൻ തിരഞ്ഞെടുക്കാം.
കിണറിൽനിന്നും പതിനഞ്ച് മീറ്റർ അകലവും വേരുകളുടെ വളർച്ച വരാത്ത രീതിയിൽ വലിയ മരങ്ങളിൽനിന്നുള്ള അകലവും നല്ല വായുസഞ്ചാരവും ഉറപ്പുവരുത്തണം.
രണ്ട് ക്യൂബിക് മീറ്ററിൽ കൂടുതൽ വലിപ്പമുള്ള ബയോഗ്യാസ് പ്ലാന്റ് പണിയുന്ന ഒരു കർഷകന് സബ്സിഡിയായി 20,000 ആണെങ്കിൽ പട്ടികജാതി കർഷകന് 22,000 രൂപ ആനുകൂല്യമായി നൽകുന്നു. താത്പര്യമുള്ള കർഷകർക്ക് തൊട്ടടുത്തുള്ള കൃഷിഭവനിൽ അപേക്ഷ നൽകാം.
Source:- മാതൃഭൂമി