Saturday, August 2, 2014

യഹൂദമതം (Judaism)


യഹൂദമതം (Judaism) 

– ഒരു പരിചയപ്പെടുത്തല്‍  Courtesy: http://www.carmelapologetics.org/173220


ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ യഹൂദമതം. അബ്രഹാമികമതങ്ങളില്‍ ഒന്നുമാണത്. ദൈവം ഏകനാണെന്നും, യഹൂദര്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദവിശ്വാസത്തിന്റെ കാതല്‍. തെക്കന്‍ മെസപ്പൊത്തേമിയയിലെ കല്‍ദായരുടെ ഉറില്‍ നിന്ന് (Ur of the Chaldees) ഹാരാന്‍വഴി ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിലെത്തിയവനും “എല്ലാ വിശ്വാസികളുടേയും പിതാവുമായ” അബ്രഹാമിന്റെ പാരമ്പര്യത്തില്‍ പെട്ടവരായി യഹൂദര്‍ സ്വയം കണക്കാക്കുന്നു. അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ഒരാളായ യഹൂദയുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. ‘യഹൂദ’ എന്ന പേരാകട്ടെ ‘യഹോവ’ എന്ന ദൈവനാമവുമായും ബന്ധപ്പെട്ടിരിക്കുന്നു.
എബ്രായബൈബിള്‍ അനുസരിച്ച് ഈജിപ്തില്‍ അടിമകളാക്കപ്പെട്ട യാക്കോബിന്റെ സന്തതികള്‍ മോശയുടെ നേതൃത്വത്തില്‍ വിമോചിതരായി വാഗ്ദത്തഭൂമിയില്‍ മടങ്ങിയെത്തി. 450 വര്‍ഷത്തെ അടിമത്തത്തിനു ശേഷമുള്ള ഈ വിമോചനവും, മരുഭൂമിയിലൂടെയുള്ള മടക്കയാത്രയും യഹൂദവിശ്വാസപാരമ്പര്യത്തിലെ കേന്ദ്രസംഭവങ്ങളില്‍ പെടുന്നു. 40 വര്‍ഷം ദീര്‍ഘിച്ച മടക്കയാത്രയുടെ തുടക്കത്തില്‍ വിമോചകനായ മോശയ്ക്ക്, സീനായ് മലമുകളില്‍ വച്ച് ദൈവം പത്ത് കല്പനകള്‍ കല്‍പലകകളില്‍ നല്‍കിയതായി യഹൂദര്‍ കരുതുന്നു.
എബ്രായ ബൈബിള്‍ അഥവാ ‘തനക്ക്’ (TANAK) ആണ് യഹൂദമതസ്ഥരുടെ വിശുദ്ധഗ്രന്ഥം. പില്‍ക്കാലത്തു മുഖ്യധാരയായി മാറിയ റാബിനിക യഹൂദത, ദൈവദത്തമായ അലിഖിതനിയമങ്ങള്‍ എന്ന നിലയില്‍ പാരമ്പര്യങ്ങള്‍ക്കും പ്രാധാന്യം കല്പിക്കുന്നു. യഹൂദവിശ്വാസത്തിന്റെ റാബിനിക വ്യാഖ്യാനങ്ങളുടെ കൂട്ടമായ താല്‍മുദിനേയും യഹൂദര്‍ പ്രാമാണികഗ്രന്ഥമായി കരുതുന്നു.

ലഘുചരിത്രം

കാനാന്‍ ദേശത്തെത്തിയ എബ്രായഗോത്രങ്ങള്‍ ഏറെക്കാലം അവിടെ പരസ്പരം പോരടിച്ചും ഇതരജനവിഭാഗങ്ങളുമായി ഏറ്റുമുട്ടിയും കഴിഞ്ഞു. താരതമ്യേനയുള്ള അരാജകത്വത്തിന്റെ ആ നാളുകളില്‍ ന്യായാധിപന്മാര്‍ (Judges) എന്നറിയപ്പെട്ട ഗോത്രവീരന്മാരാണ് അവരെ നയിച്ചിരുന്നത്. ഓത്ത്നിയേല്‍ മുതല്‍ സാംസണ്‍ വരെയുള്ള 12 ഗോത്രാധിപന്മാരുടെ കഥ പറയുന്ന എബ്രായബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ പശ്ചാത്തലം ഈ കാലഘട്ടമാണ്. ദെബോറാ എന്ന വനിതയും ന്യായാധിപര്‍ക്കിടയില്‍ എണ്ണപ്പെടുന്നു. ന്യായാധിപശാസനത്തിനൊടുവില്‍ ബി.സി. 11-ആം നൂറ്റാണ്ടില്‍ എബ്രായഗോത്രങ്ങള്‍യെരുശലേം കേന്ദ്രീകരിച്ച് ഒരു രാജശാസനമായി സംഘടിച്ചു. ബെന്യാമിന്‍ ഗോത്രക്കാരനായ ശൗല്‍ ആയിരുന്നു ആദ്യത്തെ രാജാവ്.
ശൗലിനെ പിന്തുടര്‍ന്ന യഹൂദാഗോത്രക്കാരനായ ദാവീദാണ് യഹൂദരുടെ രാജാക്കന്മാരില്‍ഏറ്റവുംപ്രധാനപ്പെട്ടവന്‍.ബൈബിളിന്റെ ഭാഗമായ സങ്കീര്‍ത്തനപ്പുസ്തകത്തിലെ പ്രാര്‍ത്ഥനാഗീതങ്ങളില്‍ പലതും അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പേരിലാണ്. ദാവീദിന്റെ മകനായിരുന്നു ജ്ഞാനിയും ദാര്‍ശനികനും പ്രേമഗായകനും ഒക്കെയായി വിശേഷിപ്പിക്കപ്പെടുന്ന സോളമന്‍ രാജാവ്. യെരുശലേമില്‍ യഹോവയുടെ ആരാധനക്കായി ആദ്യത്തെ ആലയം നിര്‍മ്മിച്ചത് സോളമനായിരുന്നു.
സോളമന്റെ പിന്‍ഗാമികളുടെ കാലത്ത് എബ്രായജനത രണ്ടു രാജശാസനങ്ങളുടെ കീഴില്‍ ഭിന്നിച്ചു. ഉത്തരരാജ്യമായ ഇസ്രായേലിന്റെ തലസ്ഥാനം സമരിയയും ദക്ഷിണദേശത്തെ യൂദയാ രാജ്യത്തിന്റെ തലസ്ഥാനം യെരുശലേമും ആയിരുന്നു. ബൈബിളിലെ രാജാക്കന്മാരുടെ പുസ്തകങ്ങള്‍ തെക്കും വടക്കുമുള്ള ഈ വാഴ്ചകളുടെ സമാന്തരമായ കഥയാണ്. ചെറിയ ജനതയായ എബ്രായര്‍ക്ക് തെക്ക് ഈജിപ്തും വടക്ക് അസീറിയയും ബാബിലോണും ഭീഷണിയായിരുന്നു. സമരിയാ കേന്ദ്രമായുള്ള യഹൂദരുടെ ഉത്തരരാജ്യം ബിസി 722-ല്‍ അസീറിയക്ക് കീഴ്പെട്ട് ചരിത്രത്തില്‍ നിന്നു തന്നെ അപ്രത്യക്ഷമായി. ഒരു നൂറ്റാണ്ടിലേറെക്കാലം കൂടി ഒരു പരിധിയോളം സ്വാതന്ത്ര്യം നിലര്‍നിത്താനായ യൂദയായുടെ ചരിത്രവും ദുരിതപൂര്‍ണ്ണമായിരുന്നു.
എബ്രായധാര്‍മ്മികതയുടെ മുഖ്യഘടകങ്ങളിലൊന്ന് അതിലെ പ്രവചനപാരമ്പര്യമായിരുന്നു. മതപരവും രാഷ്ട്രീയവുമായ ശൈഥില്യത്തിന്റെ ഈ കാലത്ത് യഹൂദര്‍ക്കിടയില്‍ പ്രവാചകന്മാരുടെ ഒരു ദീര്‍ഘപരമ്പര പ്രത്യക്ഷപ്പെട്ടു. ഏശയ്യാ, ജെറമിയാ, എസക്കിയേല്‍ എന്നിങ്ങനെ മൂന്നു വലിയപ്രവാചകന്മാരുടേയും 12ചെറിയ പ്രവാചകന്മാരുടേയും അരുളപ്പാടുകളുടെ പുസ്തകങ്ങള്‍ എബ്രായ ബൈബിളിന്റെ ഭാഗമാണ്. ജനങ്ങളോടു നേരിട്ടു സംസാരിച്ച പ്രവാചകന്മാര്‍ അവരുടെ ദൗത്യത്തിനു നിയുക്തിപത്രങ്ങളെയോ അഭിഷേകത്തെയോ ആശ്രയിച്ചില്ല. “കര്‍ത്താവിന്റെ അരുളപ്പാട് ഇപ്പോള്‍ എനിക്കുണ്ടായിരിക്കുന്നു” എന്ന അവതരണവാക്യമാണ് അവരില്‍ മിക്കവരും ഉപയോഗിച്ചത്. അവര്‍ വ്യത്യസ്ത ദേശക്കാരും വിവിധ ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ളവരും ആയിരുന്നു. ആട്ടിടയനായിരുന്ന ആമോസും പ്രമുഖ പ്രവാചകന്മാരില്‍ ഒരുവനായി.
ബാബിലോണ്‍ പ്രവാസം
ബിസി 587-ല്‍ ബാബിലോണിയന്‍ സൈന്യം യെരുശലേം കീഴ്പെടുത്തുകയും രാജാവായിരുന്ന സിദക്കിയായേയും യൂദയായിലെ പൗരസഞ്ചയത്തിന്റെ വെണ്ണപ്പാളിയെയും ബാബിലോണിലെക്ക് അടിമകളായി കൊണ്ടു പോവുകയും ചെയ്തു. യെരുശലേം ദേവാലയം അവര്‍ നിലംപരിശാക്കി. യഹൂദജനതയുടേയും യഹൂദധാര്‍മ്മികതയുടേയും ചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ച ബാബിലോണിലെ പ്രവാസത്തിന് അങ്ങനെ തുടക്കമായി.എസെക്കിയേലിനേയും ഏശയ്യായേയും പോലുള്ള പ്രവാചകന്മാര്‍ അവരുടെ ദൗത്യം നിര്‍വഹിച്ചത് പ്രവാസികള്‍ക്കിടയിലായിരുന്നു. യഹൂദജനത സ്വന്തം ചരിത്രത്തെ ക്രോഡീകരിച്ചതും ഏറെയും വാമൊഴിയായി നിലനിന്നിരുന്ന വംശസ്മൃതി വിശുദ്ധലിഖിതങ്ങളാക്കുന്ന പ്രക്രിയയില്‍ ഗണ്യമായ പുരോഗതി നേടിയതും പ്രവാസത്തിലായിരുന്നു. പ്രവാസം വിശ്വാസികള്‍ക്ക് സാംസ്കാരികമായ അഭിവൃദ്ധിയും തീവ്രമായ സ്വത്വബോധവും നല്‍കി. ബാബിലോണില്‍ നിന്നു മടങ്ങി വന്നത് ഒരു പുതിയ ജനതയായിരുന്നു.
മക്കാബിയ കാലഘട്ടം
ബിസി 200-ല്‍ ഇസ്രായേല്‍ സിറിയയിലെ സെലൂക്കിഡ് സാമ്രാട്ടുകളുടെ കീഴിലായി. സിറിയയുടെ സാമ്പത്തിക ബുദ്ധിമുട്ടില്‍ ആശ്വാസത്തിനായി യെരുശലേം ദേവാലയത്തിലെ സമ്പത്തു പിടിച്ചെടുക്കാന്‍ ശ്രമിച്ചതും അതിന്റെ ഭാഗമായി മഹാപുരോഹിതന്റെ പദവിക്കുവേണ്ടിയുള്ള മത്സരത്തില്‍ സെല്യൂക്കിഡുകള്‍ വഹിച്ച പങ്കും യഹുദരെ ആശങ്കാകുലരാക്കി. ടോളമി ഭരണത്തില്‍ സ്വാഭാവികമായി നടന്നിരുന്ന യവനീകരണത്തെ നിര്‍ബ്ബന്ധപൂര്‍വം മുന്നോട്ടു കൊണ്ടു പോകാനും യഹൂദരുടെ മതവിശ്വാസത്തില്‍ ഇടപെടാനും സെല്യൂക്കിഡുകള്‍ തുനിഞ്ഞതോടെ യഹൂദര്‍ക്കിടയിലെ തീവ്രധാര്‍മ്മികര്‍ യൂദാ മക്കാബിയുടെ നേതൃത്വത്തില്‍ കലാപമുയര്‍ത്തി. ബിസി 169-ല്‍ ആരംഭിച്ച ഈ കലാപം 141-ല്‍ സ്വതന്ത്ര യഹൂദരാഷ്ട്രത്തിന്റേയും ഹാസ്മോനിയന്‍ രാജവംശത്തിന്റേയും സ്ഥാപനത്തില്‍ കലാശിച്ചു. ഈ യഹൂദരാജവംശം ഒരു നൂറ്റാണ്ടോളം യൂദയാ ഭരിച്ചു.
റോമന്‍ ആധിപത്യം
ബിസി 63-ല്‍ ഹാസ്മോനിയന്‍ രാജാവ് ജോണ്‍ ഹൈര്‍ക്കാനസ് രണ്ടാമന്‍ റോമന്‍ സൈന്യാധിപന്‍ പോമ്പിയുടെ മുന്‍പില്‍ കീഴടങ്ങിയതോടെ യൂദയാ റോമന്‍ ആധിപത്യത്തിലായി. സ്വാതന്ത്ര്യത്തിന്റെ പുനസ്ഥാപനത്തിനായി റോമിനെതിരെ പൊതുവര്‍ഷം 66-70-ല്‍ യഹൂദര്‍ നടത്തിയ പോരാട്ടം നിഷ്ഠൂരമായി അടിച്ചമര്‍ത്തപ്പെട്ടു. യഹൂദസ്വത്വത്തിന്റെ പ്രതീകസ്ഥാനമായിരുന്ന യെരുശലേം ദേവാലയം റോമന്‍ ഭരണം തകര്‍ത്തു. ക്രിസ്തുവര്‍ഷം 132-36-ല്‍ ശിമയോന്‍ ബാര്‍ കൊഖബ എന്ന കലാപകാരിയുടെ നേതൃത്വത്തില്‍ നടന്ന രണ്ടാമത്തെ കലാപവും അടിച്ചമര്‍ത്തപ്പെട്ടു. യെരുശലേമില്‍ യഹുദരുടെ പ്രവേശനം തന്നെ വിലക്കപ്പെട്ടു. തുടര്‍ന്ന് ഇസ്രായേലിലെ യഹൂദര്‍ പ്രവാസികളായി ലോകമെമ്പാടും ചിതറി.
മധ്യ – ആധുനിക കാലഘട്ടം
ക്രൈസ്തവ -ഇസ്ലാമിക മേല്‍ക്കോയ്മകളില്‍ യഹൂദമതം ബഹുവിധമായ പ്രതിബന്ധങ്ങളും വിലക്കുകളും നേരിട്ടാണ് നിലനിന്നത്. ക്രൈസ്തവലോകത്ത് യഹുദത പൂര്‍ണ്ണമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. യൂറോപ്യന്‍ നഗരങ്ങളില്‍ യഹൂദര്‍ പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജൂതച്ചേരികളില്‍ (Ghettos) ജീവിക്കാന്‍ നിര്‍ബ്ബന്ധിതരായി. കുരിശുയുദ്ധങ്ങളും പകര്‍ച്ചവ്യാധികളും, ജൂതപീഡനത്തിനുള്ള അവസരങ്ങളായി. ഈ പരാധീനതകള്‍ക്കിടയിലും യഹൂദമതം ഇക്കാലത്ത് വളരുകയും വൈവിദ്ധ്യമാര്‍ജ്ജിക്കുകയും ചെയ്തു.
ഇസ്ലാമികരാജ്യങ്ങളിലും യഹുദര്‍ക്കെതിരായ നിരോധനങ്ങള്‍ നിലനിന്നിരുന്നു. എങ്കിലും, യഹൂദമതം താരതമ്യേനയുള്ള സഹിഷ്ണുതയും സ്വാതന്ത്ര്യവും കണ്ടെത്തിയത് ഇസ്ലാമികലോകത്തായിരുന്നു. മദ്ധ്യയുഗങ്ങളിലുടനീളം യഹൂദതയുടെ കേന്ദ്രമായിരുന്നത് ഇസ്ലാമികദേശങ്ങളായിരുന്നു.മതപരമായ യഹൂദവിരോധം ക്രമേണ ക്ഷയിച്ചെങ്കിലും വംശീയരൂപത്തില്‍ അത് ജര്‍മ്മനിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും വീണ്ടും തലപൊക്കി. യഹൂദവംശജരുടെ കൂട്ടക്കൊലകള്‍ ജര്‍മ്മനിയിലും റഷ്യയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും 19-ആം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നടന്നിരുന്നു. ജൂതസംസ്കാരത്തിനും ദേശീയാഭിലാഷങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിക്ക് ഈ സാഹചര്യങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പ്രചോദനമായി. ജെറുസലേം എന്നര്‍ത്ഥം വരുന്ന സിയോണ്‍ എന്ന ഹീബ്രു പദത്തില്‍ നിന്നുമാണ് ‘സിയോണിസം’ (Zionism) എന്ന പദം ഉത്ഭവിച്ചത്.വാഗ്ദത്തഭൂമിയായി അവകാശപ്പെട്ട പലസ്തീനയിലേക്കുള്ള യഹൂദരുടെ വന്‍തോതിലുള്ള കുടിയേറ്റത്തെ ഈ പ്രസ്ഥാനം പ്രോത്സാഹിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കിയുടെ പരാജയത്തെ തുടര്‍ന്ന് ബ്രിട്ടന്റെ നിയന്ത്രണത്തിലായ പലസ്തീനയില്‍ യഹൂദരാഷ്ട്രം സ്ഥാപിക്കുന്നതിനെ തത്ത്വത്തില്‍ അംഗീകരിക്കുന്ന 1917-ലെ ബാള്‍ഫോര്‍ പ്രഖ്യാപനം പുറപ്പെടുവിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ബ്രിട്ടണിലെ സിയോണിസ്റ്റുകളായിരുന്നു.രണ്ടാം ലോകമഹായുദ്ധത്തിനിടെ ജര്‍മ്മനിയിലെ നാത്സി ഭരണകൂടം വ്യാപകമായി നടത്തിയ ജൂതഹത്യ, യൂറോപ്പിലെ യഹൂദരുടെ അവസ്ഥയിലേക്കു ലോകശ്രദ്ധ തിരിച്ചു. 1948-ല്‍ സ്വതന്ത്ര ഇസ്രായേല്‍ രാഷ്ട്രം ഐക്യരാഷ്ട്രസഭയിലെ ഭൂരിപക്ഷതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്നു. ലോകമൊട്ടാകെയുള്ള ജൂതന്മാരില്‍ 40 ശതമാനത്തോളം ഇതിനകം ഇസ്രായേലിലേയ്ക്ക് കുടിയേറിക്കഴിഞ്ഞതായി കരുതപ്പെടുന്നു.പലസ്തീനയിലേക്കുള്ള ജൂതക്കുടിയേറ്റം അറബി-ഇസ്ലാമിക ലോകത്ത് അമര്‍ഷത്തിനും പ്രതിക്ഷേധങ്ങള്‍ക്കും തീവ്രമായ പ്രതികരണങ്ങള്‍ക്കും കാരണമായി. ബൈബിളിനെ പ്രമാണമാക്കി വാഗ്ദത്തെഭൂമിയെക്കുറിച്ച് യഹൂദര്‍ നടത്തിയ അവകാശവാദം വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു. ജൂതക്കുടിയേറ്റവും ഇസ്രായേലിന്റെ സ്ഥാപനവും തുടര്‍ന്നുണ്ടായ യുദ്ധങ്ങളും ലക്ഷക്കണക്കിനു പലസ്തീനികളെ അഭയാര്‍ത്ഥികളാക്കി. ഇതിന്റെ അനന്തരഫലങ്ങള്‍ ഇപ്പോഴും പരിഹരിക്കാന്‍ ആകാതെ നിലനില്‍ക്കുന്നു.

വിശുദ്ധ ഗ്രന്ഥങ്ങള്‍

1. എബ്രായബൈബിള്‍ അഥവാ തനക്
തനക്ക് (TANAK) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എബ്രായ ബൈബിളാണ് യഹുദമതത്തിലെ പ്രാമാണികമായ വിശുദ്ധഗ്രന്ഥം. യഹൂദസ്വത്വത്തിന്റെ നിര്‍വചനത്തേയും നിലനില്പിനേയും അത്ഭുതകരമായി സ്വാധീനിച്ച കൃതിയാണത്. രാജ്യവും രാജാവും ദേവാലയവും നഷ്ടപ്പെട്ട് ലോകമെമ്പാടും ചിതറിപ്പോയ യഹൂദജനതയുടെ ഐക്യവും തുടര്‍ച്ചയും ഉറപ്പാക്കിയത് തനക് ആണെന്നാണ് ആധുനിക കാലത്തേ പല ചരിത്രകാരന്മാരും നിരീക്ഷിക്കുന്നത്. തനക്ക് എന്ന വാക്ക് ഈ സംഹിതയിലടങ്ങിയിരിക്കുന്ന ഗ്രന്ഥവിഭാഗങ്ങളുടെ പേരുകളായ തോറ, നബിയിം, കെത്തുവിം എന്നിവയുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ന്നുണ്ടായതാണ്. ആദ്യവിഭാഗമായ തോറയില്‍ നിയമസംബന്ധിയായ ഗ്രന്ഥങ്ങളാണെന്ന് പറയാം. തോറ എന്ന ഹെബ്രായ പദത്തിന്റെ അര്‍ത്ഥം വഴികാട്ടുക എന്നാണ്‌. പഞ്ചഗ്രന്ഥങ്ങളായ ഉല്പത്തി, പുറപ്പാട്, ലേവ്യര്‍ ,സംഖ്യ, നിയമാവര്‍ത്തനം എന്നിവയാണ്‌ തോറായില്‍ അടങ്ങിയിരിക്കുന്നത്. നബിയിമില്‍ പ്രവചനഗ്രന്ഥങ്ങളും കെത്തുബിമില്‍ മറ്റ് ലിഖിതങ്ങളുമാണ്.
2. താല്‍മുദ് (Talmud)
എബ്രായ ബൈബിള്‍ കഴിഞ്ഞാല്‍ മുഖ്യധാരാ യഹൂദതയുടെ ഏറ്റവും പ്രധാനപ്പെട്ട ലിഖിതസഞ്ചയമാണ് താല്‍മുദ്. ‘പഠിപ്പിക്കുക’, ‘പഠിക്കുക’ എന്നീ അര്‍ത്ഥങ്ങളുള്ള സെമറ്റിക് മൂലശബ്ദത്തില്‍ നിന്നുത്ഭവിച്ച ‘താല്‍മുദ്’ എന്ന പദത്തിന് എബ്രായഭാഷയില്‍ ‘പ്രബോധനം’, ‘പഠനം’ എന്നൊക്കെയാണര്‍ത്ഥം. യഹൂദനിയമത്തേയും, സന്മാര്‍ഗ്ഗശാസ്ത്രത്തേയും, ദര്‍ശനത്തേയും, ചരിത്രത്തേയും സബന്ധിച്ച റാബിനിക സംവാദങ്ങളുടെ രേഖ എന്ന നിലയിലാണ് അത് എഴുതപ്പെട്ടിരിക്കുന്നത്. താല്‍മുദിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്: രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രൂപപ്പെട്ട ആദ്യഭാഗമായ മിശ്നാ (Mishnah), യഹൂദരുടെ നിയമങ്ങളുടെ ആദ്യത്തെ ലിഖിതരൂപമാണ്; അഞ്ചാം നൂറ്റാണ്ടവസാനത്തോടെ ഉരുത്തിരിഞ്ഞ രണ്ടാം ഭാഗമായ ഗെമാറ (Gemarah), ആദ്യഭാഗത്തിന്റെ വിശദീകരണമാണ്.

ആചാരങ്ങള്‍

1. ശാബത്ത്
ആഴ്ചയുടെ അന്തിമദിനമായ സാബത്തിന്റെ സആചരണത്തിന് യഹൂദമതത്തിന്റെ ആദിമചരിത്രത്തോളം പഴക്കമുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ആദ്യനക്ഷത്രത്തിന്റെ പ്രത്യക്ഷസമയം മുതല്‍ ശനിയാഴ്ച അതേസമയം വരെയാണ് സബത്തിന്റെ വിശ്രമം. വെള്ളിയാഴ്ച രാത്രി ഗൃഹനായിക ശാബത്തു വിളക്കു കൊളുത്തുന്നതിനെ തുടര്‍ന്നുള്ള ഒരു പ്രാര്‍ത്ഥനയിലാണ് ആചരണത്തിന്റെ തുടക്കം. തുടര്‍ന്ന് ഗൃഹനാഥന്റെ നേതൃത്വത്തില്‍ കുടുംബം ഭക്ഷണം പങ്കിടുകയും വേദപുസ്തകഭാഗം വായിക്കുകയും ചെയ്യുന്നു. ശനിയാഴ്ച സമൂഹമൊന്നായി സിനഗോഗില്‍ പ്രാര്‍ത്ഥനക്കായി സമ്മേളിക്കുന്നു.
2. ഭക്ഷണ നിയമങ്ങള്‍
പാനഭോജനങ്ങളുമായി ബന്ധപ്പെട്ട യഹൂദനിഷ്ഠകളുടെ സഞ്ചയം ‘കശ്രുത്’ എന്നറിയപ്പെടുന്നു. ഉചിതം, ശരിയായത്, എന്നൊക്കെയാണ് ആ പേരിനര്‍ത്ഥം. നിഷ്ഠാപരമായ ശുദ്ധിയുള്ള ഭക്ഷണപാനീയങ്ങള്‍ക്ക് ‘കോശര്‍’ എന്ന പേരാണുള്ളത്. എബ്രായബൈബിളിലെ ആദ്യഖണ്ഡമായ തോറയിലെ അനുശാസനങ്ങള്‍ ആണ് ഈ നിഷ്ഠകള്‍ക്കു പിന്നില്‍ . ‘കശ്രുത്’-നിഷ്ഠകളില്‍ ചില വര്‍ഗ്ഗം ജന്തുക്കളുടെ മാംസവും മുട്ടയും പാലും ഭക്ഷിക്കുന്നതിനുള്ള വിലക്ക്; അനുവദിക്കപ്പെട്ടിരിക്കുന്ന ജന്തുക്കളെത്തന്നെ ആഹാരത്തിനു വേണ്ടി കൊല്ലുമ്പോള്‍ പിന്തുടരേണ്ട നിയമങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. മുഴുവന്‍ ചോരയും വാര്‍ത്തിക്കളയണം എന്ന നിര്‍ബ്ബന്ധം ഇതിന്റെ ഭാഗമാണ്. ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ മൃഗങ്ങളെല്ലാം കഴിക്കാവുന്നതാണ് . പന്നി, shell fish, ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവ വിലക്കപ്പെട്ട ജന്തുക്കളില്‍ പെടുന്നു. പുല്‍ച്ചാടിയും വെട്ടുക്കിളിയും ഒഴിച്ചുള്ള ഷ്ഡ്പദങ്ങള്‍ക്കും വിലക്കുണ്ട്. മാംസവും പാലും ഒരുമിച്ചു കഴിക്കുന്നതിനുള്ള വിലക്കും കസ്രുത്തിന്റെ ഭാഗമാണ്. “കുഞ്ഞിനെ അമ്മയുടെ പാലില്‍ വേവിക്കരുത്” എന്ന ബൈബിള്‍ വചനമാണ് ഈ നിയമത്തിനു പിന്നില്‍. മീനും പാലും ഒരുമിച്ചു കഴിക്കുന്നതിന് ഈ വിലക്കില്ല. മാംസം കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ പാലിനും, തിരിച്ചും ഉപയോഗിക്കുന്നതും വിലക്കപ്പെട്ടിരിക്കുന്നു. യഹൂദേതരര്‍ നിര്‍മ്മിച്ച മുന്തിരി ഉല്പന്നങ്ങളും വിലക്കിന്റെ പരിധിയില്‍ വരുന്നു.
3. പരിഛേദനാചാരം
അബ്രാഹവുമായി യഹോവ സ്ഥാപിച്ച ഉടമ്പടിയുടെ ചിഹ്നമായി യഹൂദര്‍ ഛേദനാചാരത്തെ കാണുന്നു. യഹൂദപാരമ്പര്യത്തില്‍ പിറക്കുന്ന ആണ്‍കുട്ടികളുടേയും യഹൂദമതത്തിലേക്കു പരിവര്‍ത്തിതരാവുന്ന പുരുഷന്മാരുടേയും ലിംഗാഗ്രചര്‍മ്മത്തിന്റെ അനുഷ്ഠാനപരമായ ഛേദനമാണ് ഈ ആചാരം. യഹൂദമതത്തിലെ ഒരേയൊരു ‘കൂദാശ’ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ അനുഷ്ഠാനം ആണ്‍കുട്ടിയുടെ ജനനത്തിന്റെ എട്ടാം ദിനം ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തില്‍ ആഘോഷമായാണ് നടത്താറ്. കുട്ടിയുടെ നാമകരണത്തിനുള്ള അവസരം കൂടിയാണ് ഇത് .
4. ബാര്‍ മിത്സ്വാ/ബാത് മിത്സ്വാ
ബാര്‍’ എന്നത്, അരമായ ഭാഷയില്‍ മകന്‍ എന്നര്‍ത്ഥമുള്ള പദമാണ്. ‘ബാത്’ എന്ന വാക്കിന് എബ്രായഭാഷയില്‍ മകളെന്നും അര്‍ത്ഥം. ‘മിത്സ്വാ’ എന്ന വാക്ക് ദൈവകല്പനയെ സൂചിപ്പിക്കുന്നു. അങ്ങനെ ബാര്‍ മിത്സ്വാ, ബാത് മിത്സ്വാ എന്നീ പേരുകള്‍ക്ക് “കല്പനയുടെ മകന്‍” എന്നും “കല്പനയുടെ മകള്‍” എന്നുമാണര്‍ത്ഥം. കൌമാരത്തില്‍ യഹൂദസമൂഹത്തിലെ മുതിര്‍ന്ന അംഗങ്ങളായി ഔപചാരിക പദവി ലഭിക്കുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമുള്ള വിശേഷണങ്ങളാണ് ബാര്‍ മിത്സ്വായും ബാത് മിത്സ്വായും. ആണ്‍കുട്ടിക്ക് ഇതിനു വേണ്ട പ്രായം 13 വയസ്സും പെണ്‍കുട്ടിക്കു വേണ്ടത് 12 വയസ്സുമാണ്.

പെരുന്നാളുകള്‍

1. റോഷ് ഹസാന എന്ന വര്‍ഷാരംഭാഘോഷത്തോടെ സെപ്തംബര്‍ മാസത്തിലാണ് യഹൂദസംവത്സരത്തിന്റെ തുടക്കം. അതിന്റെ ആചരണം, ആഘോഷവും ഭക്തിയും ഇടകലര്‍ന്നതാണ്.
2. യോം കിപ്പൂര്‍ : ആണ്ടുപിറവിയിലെ ആദ്യത്തെ പത്തുദിവസങ്ങള്‍ പാപങ്ങളെ ഓര്‍ത്തുള്ള പശ്ചാത്താപത്തിന്റേതാണ്. റോഷ് ഹസാനയെ തുടര്‍ന്നുള്ള പത്താം ദിവസം യോം കിപ്പൂര്‍ അഥവാ പ്രായശ്ചിത്തദിനം എന്നറിയപ്പെടുന്നു
3. കൂടാരപ്പെരുന്നാള്‍: യോം കിപ്പറിനെ തുടര്‍ന്ന് യഹൂദപഞ്ചാംഗത്തിലെ തിഷ്രി മാസം പതിനഞ്ചാം തിയതി കൂടാരത്തിരുനാള്‍ ആണ്. ഗ്രിഗോരിയന്‍ കലെണ്ടര്‍ പ്രകാരം സെപ്തംബര്‍ അവസാനം മുതല്‍ ഒക്ടോബര്‍ അവസാനം വരെ എന്നെങ്കിലുമാകാം അത്. ഈജിപ്തില്‍ നിന്നുള്ള പ്രയാണത്തിനിടെ ഇസ്രായേല്‍ക്കാര്‍ മരുഭൂമിയില്‍ ചെലവഴിച്ച നാല്പതുവര്‍ഷക്കാലത്തിന്റെ അനുസ്മരണമായി യഹൂദരില്‍ പലരും ഈ തിരുനാളില്‍ വീടുകള്‍ക്കു പുറത്തുണ്ടാക്കിയ കൂടാരങ്ങളില്‍ താമസിക്കുന്നു.
4. ഹനുക്കാ: ബിസി രണ്ടാം നൂറ്റാണ്ടിലെ മക്കബായമുന്നേറ്റത്തിനിടെ യെരുശലേം ദേവാലയത്തെ ശുദ്ധീകരിച്ച് പുന:പ്രതിഷ്ഠിച്ചതിന്റെ അനുസ്മരണമാണ് ഹനുക്കാ. ഈ തിരുനാള്‍ അമേരിക്കന്‍ ഐക്യനാടുകളിലും മറ്റും ക്രിസ്മസിനു സമാന്തരമായി ആഘോഷിക്കപ്പെടുന്നു.
5. പൂരിം : പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ യഹൂദര്‍ അവരെ നശിപ്പിക്കാന്‍ ശ്രമിച്ച നാമാന്‍ എന്ന ഉദ്യോഗസ്ഥനില്‍ നിന്ന് എസ്തേര്‍ എന്ന യഹൂദവനിതയുടെ ഇടപെടല്‍ വഴി രക്ഷിക്കപ്പെട്ടതിന്റെ അനുസ്മരണമായ പൂരിം, ആഘോഷിക്കപ്പെടുന്നത് ശീതകാലത്തിനൊടുവിലാണ്.
6. പെസഹാ : ഈജിപ്തിലെ അടിമത്തത്തില്‍ നിന്നുള്ള ഇസ്രായേല്‍ ജനതയുടെ മോചനത്തിന്റെ അനുസ്മരണമായ പെസഹാത്തിരുനാള്‍ തിരുനാള്‍ചക്രത്തിന്റെ പരകോടിയായി വസന്തകാലത്ത് ആഘോഷിക്കപ്പെടുന്നു. കുടുംബാംഗങ്ങള്‍ ഒരുമിച്ച് പങ്കിടുന്ന ‘സെദര്‍’ എന്ന പെസഹാഭോജനം ഈ ആഘോഷത്തിന്റെ പ്രധാനഭാഗമാണ്പെസഹായെ തുടര്‍ന്ന് 50 ദിവസത്തിനു ശേഷമാണ് ഷെബുവോത്ത് അഥവാ പെന്തികൊസ്തി തിരുനാള്‍. പലസ്തീനയില്‍ യവം കൊയ്ത്തിനെ തുടര്‍ന്നുള്ള വിളവെടുപ്പുത്സവം എന്ന നിലയില്‍ തുടങ്ങിയ ഇത്, സീനായ് മലമുകളില്‍ യഹൂദര്‍ക്ക് ദൈവനിയമം നല്‍കപ്പെട്ടതിന്റെ അനുസ്മരണമായി കാലക്രമേണ രൂപാന്തരപ്പെട്ടു.

No comments:

Post a Comment