Thursday, August 28, 2014

വീട്ടുമുറ്റത്ത് ഓഷധ സസ്യങ്ങള്‍


നല്ല ജീവിതത്തിന് വീട്ടില്‍ വളര്‍ത്താം ഔഷധ മരങ്ങള്‍  Posted on: Friday, 29 August 2014

Courtesy: Kerala Koumudi

നല്ല ജീവിതത്തിന് വീട്ടിൽ വളർത്താം ഔഷധ മരങ്ങൾപകർച്ച വ്യാധികൾ തടയുന്നതിന് വ്യക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വവും പാലിക്കണം. എങ്കിലും ജീവിത സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ട മലയാളിയെ ആശങ്കയിലാക്കുന്ന ഒന്നായി പകർച്ച വ്യാധികൾ മാറിയിട്ടുണ്ട്. പകർച്ചവ്യാധിയുള്ള ഒരാൾ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ശ്രമിക്കുന്നില്ലെന്നതാണ് വാസ്തവം. രോഗം പകരാൻ സാദ്ധ്യതയുള്ള ദിവസങ്ങളിൽ പോലും മരുന്നും കഴിച്ച് ബസിൽ യാത്ര ചെയ്യുകയും മറ്റുള്ളവർ ഉപയോഗിക്കുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

ശരിയായ വൃത്തിയാക്കാത്ത പച്ചക്കറികൾ, അശുദ്ധ ജലം, മഴ പെയ്ത ശേഷമുള്ള ഓട വൃത്തിയാക്കൽ, വൃത്തിയില്ലാത്ത സ്ഥലങ്ങളിലെ ഭക്ഷണം പാകം ചെയ്യൽ, പൊതുസ്ഥലത്ത് തുമ്മൽ, ചീറ്റൽ എന്നിവയെല്ലാം രോഗം പകരുന്നതിന് കാരണമാവും. മലയാളിയുടെ ശീലങ്ങളിലും ഭക്ഷണത്തിലുമുണ്ടായ മാറ്റവും രോഗങ്ങൾ വരുത്തുന്നു. ജീവിതശൈലീ രോഗങ്ങവ നമ്മൾ വില കൊടുത്തു വാങ്ങുന്നു.
പണ്ടൊക്കെ വീട്ടുമുറ്റത്ത് ഓഷധ സസ്യങ്ങളും വൃക്ഷങ്ങളും ഉണ്ടായിരുന്നു. ഇത് ഒരു പരിധി വരെ രോഗങ്ങളെ ചെറുക്കും. എന്നാൽ ഇവയൊക്കെ ഒഴിവാക്കി അക്കേഷ്യയും യൂക്കാലിയും രാജമല്ലിയും കാറ്റാടിയും തഴച്ചു വളരുന്നു. അക്കേഷ്യ പൂക്കുന്ന വേളയിൽ പലർക്കും ആസ്തമ പോലെയുള്ള രോഗങ്ങൾ വർദ്ധിക്കുന്നതായി കണ്ടിട്ടുണ്ട്. ഇത്തരം മരങ്ങൾക്ക് പകരം മനുഷ്യന് ഉപകാരപ്രദമായ വേപ്പ്, ഞാവൽ, പുളി, ഉങ്ങ്, കണിക്കൊന്ന തുടങ്ങിയ ഔഷധ മരങ്ങൾ വച്ചു പിടിപ്പിച്ചാൽ പകർച്ചവ്യാധികൾ തടയാൻ സഹായിക്കും. ഒറ്റമൂലി പ്രയോഗവും ഗൃഹവൈദ്യവുമൊക്കെ കൂടുതൽ വ്യാപകമാകാനും സഹായിക്കും. വേപ്പ് പോലെയുള്ള മരങ്ങൾ പകർച്ചവ്യാധികളിൽ നിന്ന് നമുക്ക് സംരക്ഷണം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വേപ്പ്: ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. കാറ്റടിക്കുമ്പോൾ തന്നെ വീട്ടിലും പരിസരത്തും ഇതിന്റെ ഗുണം ലഭിക്കുന്നു.

ഞാവൽ: പ്രമേഹ മരുന്നിലെ പ്രധാന ചേരുവയാണ്.
ഉങ്ങ്: എരിച്ചിൽ, വേദന, വ്രണം എന്നിവയെ അടക്കാൻ സഹായിക്കുന്നു. മുറിവെള്ളയിൽ ഉങ്ങ് ചേരുവയാണ്.
പുളി: നേത്രരോഗം, നടുവ് വേദന,നീരിനെ കുറയ്ക്കുന്നു തുടങ്ങിയ ഗുണങ്ങൾ. വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ പുളിയുടെ ഇല കറിയിൽ ഉപയോഗിക്കാറുണ്ട്.
കണിക്കൊന്ന: കുട്ടികളിലെ ഉദര രോഗത്തിന് കണിക്കൊന്നയുടെ കായയ്ക്കുള്ളിലെ മജ്ജഭാഗം പാലിൽ ചേർത്ത്  പണ്ടുകാലത്ത് നൽകിയിരുന്നു.
അശോകം: ആർത്തവ സംബന്ധമായ രോഗം,വായ്പുണ്ണ് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
മുരിങ്ങ: നീരിനെ മാറ്റാൻ സഹായിക്കും. ദഹനം, എരിച്ചിൽ, കത്തൽ എന്നിവയ്ക്കും പരിഹാരം.

 അലർജി ഉണ്ടാക്കുന്ന ചില ഭക്ഷ്യപദാർത്ഥങ്ങൾ:

അണ്ടിപ്പരിപ്പ്, അയല മീൻ, മുരിങ്ങക്ക, കൊഞ്ച്, ഞണ്ട്, ചിപ്പി, തൈര്, മുട്ട, മുട്ട ചേർന്ന സാധനങ്ങൾ.
 ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ:
ബേക്കറി ഉത്പന്നങ്ങൾ, തൈര്, അധികനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ, കൃത്രിമ വസ്തുകൾ, കവർ പാൽ തുടങ്ങിയവ ആരോഗ്യത്തിന് നല്ലതല്ല.

സൗജന്യമായി ഔഷധ മരങ്ങൾ:

സംസ്ഥാന മെഡിസിനൽ പ്ളാന്റ് ബോർഡ് സൗജന്യമായി ഔഷധ മരങ്ങൾ നൽകുന്നുണ്ട്. അശോകം, മുരിങ്ങ, കറിവേപ്പ്, മാതളം തുടങ്ങിയ മരങ്ങളും ചെടികളും നൽകുന്നു. റെസിഡന്റ്സ് അസോസിയേഷനുകൾക്ക് മൊത്തത്തിൽ ഔഷധ വൃക്ഷങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0471- 2340172 (ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം)

തയ്യാറാക്കിയത്: ഡോ. എം. ഷർമദ് ഖാൻ

ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.

No comments:

Post a Comment