Saturday, April 4, 2015

‘ആവൃതിക്കുള്ളില്‍’ -ജോസഫ് പുലിക്കുന്നേല്‍

ഓശാനമാസികയുടെ ആദ്യലക്കത്തില്‍ (ഒക്ടോബര്‍ 1975) കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നതിനായി തുടങ്ങിയ ആവൃതിക്കുള്ളില്‍ എന്ന പംക്തിക്ക് 
ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ആമുഖം


Image result for joseph pulikunnel photo
(കേരളത്തിലെ വിവിധ സന്യാസിനി സമൂഹങ്ങളിലായി ആയിരക്കണക്കിന് കന്യാസ്ത്രീകളുണ്ട്. ആതുരശുശ്രൂഷാരംഗത്തും അദ്ധ്യാപനരംഗത്തും ഇവര്‍ അമൂല്യസേവനം അനുഷ്ഠിക്കുന്നു. എന്നാല്‍ ഈ മണ്ഡലവും, പ്രശ്‌നവിമുക്തമല്ല, ഒട്ടേറെ കന്യാസ്ത്രീകള്‍ ഇന്ന് സന്യാസവൃത്തി ഉപേക്ഷിക്കുന്നു. ഇവരെ 'മഠംചാടികള്‍' എന്നു പുച്ഛിച്ചുതള്ളാനാണ് സമൂഹം മുതിരുക. എന്നാല്‍ ഈ സന്ന്യാസ സമൂഹങ്ങള്‍ ഓരോ പ്രത്യേക ദ്വീപുകളാണ്. ഈ ദ്വീപുകള്‍ക്കുള്ളില്‍ നടക്കുന്നതെന്തെന്ന് വളരെക്കുറച്ചുപേര്‍ക്കേ അറിയൂ. ഇവരുടെ പ്രശ്‌നങ്ങള്‍ വിദഗ്ദ്ധപഠനത്തിനു വിധേയമാകേണ്ടതാണ്. 'ആവൃതിക്കുള്ളില്‍' എന്ന ഈ പംക്തി കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഈ പംക്തിയിലേക്ക് അയക്കുന്ന എഴുത്തുകള്‍ ഞങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. കന്യാസ്ത്രീമാരുടെ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ദ്ധമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കും).

നമ്മുടെ കര്‍ത്താവ്, തന്റെ ജീവിതകാലത്ത്, അവിവാഹിതാവസ്ഥയോട് പ്രത്യേകമായ ഒരു മമത കാണിച്ചതായി തെളിവില്ല. തന്റെ ശിഷ്യപ്രധാനന്‍ തൊട്ടുള്ള ശിഷ്യന്മാര്‍ വിവാഹിതരായിരുന്നു. വിശുദ്ധ നിയമത്തില്‍ വിവരിക്കുന്ന മറിയം മഗ്ദലന മുതലുള്ള സ്ത്രീകള്‍ പുരുഷനെ അറിയാത്തവരായിരുന്നില്ല. വിവാഹത്താലുള്ള സ്ത്രീപുരുഷബന്ധം, അവിവാഹിതാവസ്ഥയേക്കാള്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ താഴ്ന്നതാണെന്നോ അവിവാഹിതാവസ്ഥ, ദൈവദൃഷ്ടിയില്‍ പ്രീതിജനകമാണെന്നോ തെളിവുകള്‍ ഒന്നും ഇല്ല.
പരിശുദ്ധകന്യാമറിയം, കന്യകയായിരുന്നില്ലേ? അങ്ങിനെ കന്യകാവസ്ഥ പരിശുദ്ധമാക്കപ്പെട്ടില്ലേ എന്ന് ചോദിച്ചേക്കാം. മറിയം കന്യകയായി ജീവിതം മുഴുവന്‍ കഴിയാന്‍ ആഗ്രഹിച്ചിരുന്നവളോ, വിവാഹ ജീവിതാന്തസ്സിനോട് മതിപ്പില്ലാതിരുന്നവളോ ആയിരുന്നില്ല. ''ഈശോമിശിഹായുടെ പിറവി ഇപ്രകാരമായിരുന്നു. അവന്റെ അമ്മയായ മറിയം, യൗസേപ്പിനോട് വിവാഹം ചെയ്യപ്പെട്ടിരിക്കെ അവര്‍ സംഗമിക്കുന്നതിനു മുമ്പ് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (മത്തായി 1: 18). ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട യൗസേപ്പ് എന്നു പേരുള്ള ഒരു പുരുഷനോട് വിവാഹം ചെയ്യപ്പെട്ടിരുന്ന കന്യകയുടെ അടുക്കലേക്ക് അയയ്ക്കപ്പെട്ടു''.
മറിയം വിവാഹിതയായിരുന്നു. (യഹൂദസമൂഹ സമ്പ്രദായമനുസരിച്ച് നിയമാനുസൃതമുള്ള വിവാഹം കഴിഞ്ഞ് കുറെ നാളുകള്‍ക്കുശേഷമാണ് ഭാര്യാഭര്‍ത്തൃബന്ധം ആരംഭിക്കുന്നത്. വിവാഹവാഗ്ദാനം തന്നെ വിവാഹമാണ്.) വിവാഹജീവിതാന്തസ്സില്‍, പ്രവേശിച്ച് വിവാഹവിധിയനുസരിച്ച് കന്യാത്വം ഭര്‍ത്താവിനു മാത്രം സമര്‍പ്പിക്കാന്‍ സന്നദ്ധയുമായിരുന്നു അവള്‍. പക്ഷേ, ദൈവേഷ്ടം മറിച്ചായിരുന്നു.
ദൈവം മനുഷ്യനായി അവതരിക്കുന്നത് മനുഷ്യബീജത്തിലൂടെയാകാന്‍ പാടില്ല! അങ്ങനെ ദൈവേഷ്ടത്തിന് വിധേയയായാണ് മറിയം പരിശുദ്ധാരൂപിയാല്‍ ഗര്‍ഭം ധരിക്കപ്പെടുന്നത്. ''ഇതാ ഒരു കന്യക ഗര്‍ഭം ധരിച്ചു പ്രസവിക്കും''...... എന്ന് പ്രവാചകന്‍ മൂലം കര്‍ത്താവിനാല്‍ അരുളിചെയ്യപ്പെട്ടത് നിവൃത്തിയാകേണ്ടതിനായിരുന്നു. (മത്തായി 1: 21-22) കന്യാമറിയം, പുരുഷസംസര്‍ഗ്ഗം കൂടാതെ ഗര്‍ഭം ധരിച്ചത് ദൈവനിശ്ചയമായിരുന്നു. മറിയം, കന്യകാത്വമല്ല; വിവാഹാവസ്ഥയാണ് സ്വയം തെരഞ്ഞെടുത്തത്. മനുഷ്യരക്ഷകനായ മിശിഹായുടെ ലോകാവതാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മറിയം പോലും വിവാഹാവസ്ഥ സ്വീകരിച്ചവളായിരുന്നു. അപ്പോള്‍ വിവാഹാവസ്ഥ ദൈവദൃഷ്ടിയില്‍ ഏതെങ്കിലും വിധത്തില്‍ തരംതാഴ്ന്ന ഒന്നായിരുന്നില്ലതന്നെ.
 'കന്യക' എന്ന അവസ്ഥ അതില്‍ത്തന്നെ ദൈവപ്രീതി ജനകമാണെന്ന് സുവിശേഷത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അതുകൊണ്ട് കന്യകാലയങ്ങള്‍ക്ക് ഒരു പ്രത്യേക മഹത്വം അവകാശപ്പെടാനില്ല. മധ്യ യുഗങ്ങളിലാണ് കന്യകാലയങ്ങള്‍ ഉടലെടുക്കുന്നത്. അന്ന് നിലവിലിരുന്ന സാമൂഹികാവശ്യങ്ങളുടെ പ്രതിഫലനമായിരുന്നു അത്.
കന്യാത്വം, അതിനാല്‍ത്തന്നെ മഹത്വപ്പെട്ടതല്ല. മാതൃത്വമാണ് മഹത്തരമായിട്ടുള്ളത്.
എന്നാല്‍ നമ്മുടെ സമൂഹജീവിതത്തില്‍ കന്യകാലയങ്ങള്‍ ഒരു അവിഭാജ്യഘടകമായിത്തീര്‍ന്നിട്ടുണ്ട്. കന്യകാലയവാസം ദൈവവിളിയായി വ്യവഹരിക്കപ്പെടുന്നു. തന്മൂലം, കന്യകാലയവാസം ആദര്‍ശനിഷ്ഠമായ കൗമാരപ്രായത്തില്‍, പെണ്‍കുട്ടികള്‍ക്ക് ആകര്‍ഷണമുള്ളതായിത്തീരുന്നു.
കന്യകാത്വം അര്‍പ്പണമാണോ?
ജീവിതകാലം മുഴുവന്‍ കന്യകയായി ജീവിക്കുക എന്നത് ദൈവത്തിനുള്ള അര്‍പ്പണമാണോ? ആണെന്നും അല്ലെന്നും പറയാം. ഒരു വ്യക്തി ക്രിസ്തുവിന്റെ വചനങ്ങളെ സ്വീകരിക്കുമ്പോള്‍ അയാള്‍ കാലദേശബന്ധങ്ങള്‍ക്ക് അതീതനായിത്തീരുന്നു. ''എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം കാക്കുന്നു. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്ന് അവനോടുകൂടി വസിക്കുകയും ചെയ്യും'' (യോഹ 14:23). വൈദ്യുതി പ്രവഹിക്കുന്നു എന്നതിന്റെ തെളിവാണ് ബള്‍ബ് കത്തുക എന്നത്. ബള്‍ബ് കത്തിക്കുക എന്നതാണ് വൈദ്യുതിയുടെ ആവശ്യം. ക്രിസ്തുവിന്റെ വചനം സ്വീകരിച്ചു കഴിയുന്ന വ്യക്തി, സ്‌നേഹത്തിലും സത്യത്തിന്റെ സാക്ഷ്യത്വത്തിലും തീവ്രമനസ്സനായിത്തീരുന്നു. സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണ് സേവനവും ശുശ്രൂഷയും; സഹജീവികള്‍ക്കുവേണ്ടിയുള്ള അര്‍പ്പിതജീവിതം അപ്പോള്‍ ഒരാള്‍ വിവാഹിതനോ, അവിവാഹിതനോ എന്നത് നമ്മുടെ കര്‍ത്താവിന്റെ മുമ്പില്‍ വിവേചനമുള്ള ഒന്നല്ല. പ്രത്യുത ഏതു ജീവിതാന്തസ്സാണ്, ദൈവവചനത്തിന്റെ അന്യൂനമായ സ്വീകരണത്തിന് വ്യക്തിയെ സഹായിക്കുന്നത്. അത് ദൈവതിരുമുമ്പാകെ മഹത്വമേറിയതാണ്. കന്യകയായി ജീവിക്കുക എന്നത് അതില്‍തന്നെ മഹത്വമേറിയ അര്‍പ്പണമാണെന്ന അഭിപ്രായം ശരിയല്ല. അത് ഒരു ബലിയും അല്ല.
ചെറുപുഷ്പവും അല്‍ഫോന്‍സായും
കന്യകാലയത്തിന്റെ നാലുഭിത്തികള്‍ക്കുള്ളില്‍, ജീവിച്ച ഈ ധന്യകള്‍ കന്യാവ്രതത്തിലൂടെ ദൈവസേവനം നടത്തിയതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഈ രണ്ട് ധന്യാത്മാക്കളുടെയും ജീവിതം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാം ഇവര്‍ രോഗാതുരകളാകാതിരുന്നെങ്കില്‍ ദൈവവചനം സ്വീകരിച്ചതിന്റെ ഫലമായി സ്‌നേഹത്താല്‍ പ്രചോദിതരായി ലോകത്തെവിടെയും സേവനം ചെയ്യാന്‍ സന്നദ്ധരാകുമായിരുന്നു എന്ന്. കന്യകാത്വമല്ല അവരുടെ മഹത്വത്തിനു കാരണം. പ്രത്യുത ദൈവസ്‌നേഹത്തെ പരസ്‌നേഹമാക്കി പകര്‍ത്താനുള്ള അവരുടെ അഭിലാഷമായിരുന്നു. ക്രിസ്തുവിനോടുള്ള സ്‌നേഹം അവിടുത്തെ വചനങ്ങളുടെ അനുസരണത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നു. കഠിനമായ ശാരീരികരോഗം അവരുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ലോകമെമ്പാടും നിറഞ്ഞുനില്‍ക്കുന്ന ഉപവി പ്രവൃത്തികള്‍ക്ക് അവര്‍ തയ്യാറാകുമായിരുന്നു.
കന്യകാലയങ്ങള്‍
കത്തോലിക്കാ സമൂഹജീവിതത്തില്‍ കന്യകാലയങ്ങള്‍ക്ക് അതിപ്രധാനമായ സ്ഥാനമുണ്ട് ഇന്ന്. കന്യകാന്തസ്സ് മനുഷ്യവര്‍ഗ്ഗത്തിന്റെ ഉപരിനന്മയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച എത്രയോപേര്‍ ഈ കന്യകാലയങ്ങളില്‍ വസിക്കുന്നു. എന്നാല്‍ ഈ നിശ്ശബ്ദ ജീവിതത്തിനിടയിലും, ശക്തമായ മാനുഷിക പ്രശ്‌നങ്ങള്‍ ഉണ്ട് എന്നത് പലരും വിസ്മരിക്കുന്നു. തീവ്രമായ മാനസിക സംഘര്‍ഷത്തിന് വിധേയരാണ് ഇവരില്‍ പലരും. പലപ്പോഴും മഠത്തിന്റെ ആവൃതിക്കുള്ളില്‍ ഈ വേദനകള്‍ ആരും അറിയാതെ കെട്ടടങ്ങുകയാണ്. മറ്റെവിടെയുമെന്നതുപോലെ അധികാരമത്സരവും അസൂയയും മോഹങ്ങളും മോഹഭംഗങ്ങളും തലമുണ്ടുകൊണ്ടു മൂടിയ തലയ്ക്കുള്ളില്‍ കാണാം. ഈ പംക്തിയില്‍ ഇവരുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുക.

Courtesy: 

No comments:

Post a Comment