Wednesday, April 15, 2015

പറപ്പൂര്‍ പള്ളി - പുനര്‍നിര്‍മ്മാണം - ഹിയറിംഗ് നോട്ട് - 2015 ഏപ്രല്‍ 13 ന് തൃശ്ശൂര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹിയറിങ്ങിന് ഹാജരാകാനുള്ള നോട്ടീസ് അനുസരിച്ച് കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, പറപ്പൂര്‍ പള്ളി വികാരി ഫാ. പോളി നീലങ്കാവില്‍, ഇടവകാംഗമായ സൈമണ്‍ കുന്നത്ത് സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് തുടങ്ങിയവര്‍ ഹാജരായി. കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ. ജോയ് സമര്‍പ്പിച്ച ഹിയറിംഗ് നോട്ട് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

പറപ്പൂര്‍ പള്ളി - പുനര്‍നിര്‍മ്മാണം - ഹിയറിംഗ് നോട്ട്



വിഷയം: തോളൂര്‍ വില്ലേജ് - പറപ്പൂര്‍ സെന്റ് ജോണ്‍സ് നെപുംസ്യാന്‍ ഫൊറോന ചര്‍ച്ചിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ചുള്ള പരാതി വിചാരണ
സൂചന: നോട്ടീസ് നമ്പര്‍ സി8-45376/14 തിയ്യതി 28/03/2015.
സര്‍,
1. പറപ്പൂര്‍ സെന്റ് ജോണ്‍സ് നെപുംസ്യാന്‍ ഫൊറോന പള്ളിയുടെ 100 വര്‍ഷത്തിലധികം പഴക്കമുള്ള നടശ്ശാല പൊളിച്ചുമാറ്റാന്‍ പള്ളി വികാരി ഫാ. പോളി നീലങ്കാവില്‍ തീരുമാനം എടുത്തപ്പോള്‍ തന്നെ അത് തടയുന്നതിന് വേണ്ട നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജൂലൈ 29ന് ജില്ലാ കളക്ടര്‍ സമക്ഷം അപേക്ഷ സമര്‍പ്പിച്ചിരുന്നു.
2. തൃശ്ശൂര്‍ രൂപതാ ബിഷപ്പിന്റെ അനുമതി പ്രകാരം 2014 സെപ്തംബര്‍ 14 ഞായറാഴ്ച, പള്ളി വികാരിയുടെ നേതൃത്വത്തില്‍ യന്ത്രങ്ങളുപയോഗിച്ച്, മതപഠന ക്ലാസിലെ വിദ്യാര്‍ഥികളെകൂടി പങ്കെടുപ്പിച്ച് 6 മണിക്കൂര്‍ സമയം കൊണ്ട് ഏകദേശം 4000 സ്‌ക്വ. അടി വിസ്തീര്‍ണ്ണമുള്ള പള്ളിനടശ്ശാല പൊളിച്ചുമാറ്റി.
3. 18/09/2014 ലെ നം. സി12-30905/14 പ്രകാരമുള്ള തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍, തോളൂര്‍ വില്ലേജ് സര്‍വ്വെ 55/1ല്‍ ഉള്‍പ്പെടുന്ന ടി പള്ളി പുരാതന ദേവാലയമാണെന്നും, മുന്‍വശത്ത് ടി ദേവാലയത്തോട് ചേര്‍ന്ന് 125 അടി നീളത്തിലും 25 അടി വീതിയിലും നടശ്ശാലയുള്ളതും, ടി നടശ്ശാലക്ക് ഉദ്ദേശം 100 വര്‍ഷം പഴക്കമുള്ളതായി അന്വേഷണത്തില്‍ അറിയുന്നു എന്നും പറഞ്ഞിട്ടുള്ളതുമാകുന്നു. മേല്‍പറഞ്ഞ നടശ്ശാല മാത്രം പൊളിച്ച് പുതുക്കി പണിയാനാണ് ഉദ്ദേശിക്കുന്നതെന്നും പുരാതന ദേവാലയം അപ്രകാരം തന്നെ നിലനിറുത്തുമെന്നും പള്ളി അധികാരികള്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
(എ). മേല്‍ പറഞ്ഞ റിപ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള മിനിറ്റ് രേഖയുടെ 113-ാം പേജ്, പ്രസ്തുത നടശ്ശാലക്ക് 97 വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂ എന്ന് കാണിക്കുന്നതിനായി പള്ളി അധികാരികള്‍ ഹാജരാക്കിയിട്ടുള്ളതാണ്.
4. 2014 ഒക്‌ടോബര്‍ 20ന് കേരള കാത്തലിക് ഫെഡറേഷന്‍ പ്രസ്തുത പള്ളി പണിക്ക് അനുവാദം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു. ജില്ലാ കളക്ടര്‍ക്ക് ഒരു നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
5. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ പൊളിച്ചുകളഞ്ഞ പള്ളി നടശ്ശാല പുനര്‍നിര്‍മ്മാണം എന്ന പേരില്‍ 12000 സ്‌ക്വ. അടി വിസ്തീര്‍ണ്ണത്തില്‍ പുതിയ പള്ളിപണിക്ക് തൃശ്ശൂര്‍ രൂപതാ സഹായ മെത്രാന്‍ റാഫേല്‍ തട്ടില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. അതിന്റെ മുന്നോടിയായി 2014 ഡിസംബര്‍ 21ന് ശിലാസ്ഥാപനവും നടത്തി. അതിന്റെ ഫോട്ടോയും, പത്രവാര്‍ത്തയും 01/01/2015 ല്‍ കേരള കാത്തലിക് ഫെഡറേഷന്‍ ബഹു. ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട്.
6. പൊളിച്ചുകളഞ്ഞ പള്ളിനടശ്ശാലക്ക് 97 വര്‍ഷം മാത്രമാണ് പഴക്കം എന്ന് കാണിക്കുന്നതിന് വേണ്ടി വികാരി ഫാ. പോള്‍ നീലങ്കാവില്‍ തഹസില്‍ദാര്‍ സമക്ഷം ഹാജരാക്കിയിരിക്കുന്ന മിനിറ്റ് രേഖ വിദഗ്ദ പരിശോധനക്ക് വിധേയമാക്കണം. 1). ആ കാലഘട്ടത്തില്‍ സ്റ്റീല്‍ പേന (മഷിയില്‍ മുക്കി എഴുതുന്ന പേന)യാണ് എഴുതാന്‍ ഉപയോഗിച്ചിരുന്നത്. 2). കൊല്ലവര്‍ഷവും മലയാള മാസവുമാണ് ആ കാലഘട്ടത്തില്‍ തയ്യാറാക്കിയ മറ്റു രേഖകള്‍ പരിശോധിച്ചതില്‍ കാണുന്നത്. എന്നാല്‍ വികാരി ഹാജരാക്കിയിട്ടുള്ള രേഖയില്‍ ഇംഗ്ലീഷ് വര്‍ഷവും, ഇംഗ്ലീഷ് മാസവും ആണ് എഴുതിയിരിക്കുന്നത്. 3). യോഗത്തില്‍ പങ്കെടുത്തവര്‍ ഒപ്പിട്ടിരിക്കുന്നത് ഇംഗ്ലീഷിലും, അവ തമ്മില്‍ വലിയ സാമ്യവും കാണുന്നുണ്ട്. അതുകൊണ്ട് വികാരി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമക്ഷം ഹാജരാക്കിയിരിക്കുന്ന 113 -ാം പോജുള്ള മിനിറ്റ് ബുക്ക് വിദഗ്ദ പരിശോധനക്ക് വിധേയമാക്കാനുള്ള നടപടി സ്വീകരിക്കണം.
7. സംസ്ഥാന പുരാവസ്തു വകുപ്പ് കുറേറ്ററുടെ റിപ്പോര്‍ട്ട് പ്രകാരം സംരക്ഷിതസ്മാരകമായി പ്രഖ്യാപിക്കുന്നതിന്, 1968ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട നിയമം അനുശാസിക്കുന്ന വിധത്തില്‍ പ്രധാന പള്ളിക്ക് 100 വര്‍ഷത്തിലധികം പഴക്കമുണ്ട്. എന്നാല്‍ ആ സ്മാരക സമുച്ചയത്തില്‍ മൊത്തത്തില്‍ 100 വര്‍ഷത്തിലധികം പഴക്കമുള്ളതായി പറയാനും കഴിയുകയില്ല. പൊളിച്ചുമാറ്റലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും പുതുക്കലുകള്‍ക്കുംവിധേയമായിട്ടുമുണ്ട് എങ്കിലുംപള്ളിയുടെ ചരിത്ര-പുരാവസ്തു പ്രാധാന്യം അവഗണിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ ഈ പള്ളി സമുച്ചയത്തിലെ 100 വര്‍ഷത്തിലധികം പഴക്കമുള്ള നിര്‍മ്മിതികള്‍ തിരിച്ചറിഞ്ഞ് സംരക്ഷിതസ്മാരകമായി പ്രഖ്യപിക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളാവുന്നതാണ് എന്നും 1) പള്ളി സമുച്ചയത്തിലെ ഏതൊരു നിര്‍മ്മതിയും നീക്കം ചെയ്യുന്നതിന് പുരാവസ്തു വകുപ്പധ്യക്ഷന്റെ അനുമതി വാങ്ങണമെന്നും 2) നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉദ്യേശിക്കുന്നുണ്ടെങ്കില്‍ അത് പ്രധാന പള്ളിക്കും അതിന്റെ പൗരാണികതക്കും കോട്ടം തട്ടാത്ത വിധത്തിലായിരിക്കണമെന്നും ആണ്. തൃശ്ശൂര്‍ സംസ്ഥാന പുരാവസ്തു വകുപ്പ് കുറേറ്ററുടെ റിപ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന്റെ കോപ്പി ഉള്ളടക്കം ചെയ്യുന്നു.
8. കേരളത്തില്‍ പൈതൃകമുള്ളതും, അല്ലാത്തതുമായ പള്ളികള്‍ പൊളിച്ചുപണിയുന്നത് ഒരു പരമ്പരയായി നടന്നു കൊണ്ടിരിക്കുകയാണ്. ഇടവകക്കാരായ വിശ്വാസികളുടെ അനുമതിയോ സഹകരണമോ ഒരു തടസ്സമാകാറില്ല. ഏകാധിപത്യപരമായി രൂപതാ ബിഷപ്പ് തീരുമാനിക്കുന്ന കാര്യമാണിത്. ബിഷപ്പിന്റെ തീരുമാനം നടപ്പിലാക്കാന്‍ തയ്യാറുള്ളവരെ വികാരിമാരായി ബിഷപ്പ് നിയമിക്കുന്നു. എന്നാല്‍ പളളിപണിക്കാവശ്യമുള്ള ഭീമമായ സംഖ്യ ഇടവകാംഗങ്ങളില്‍ നിന്ന് നിര്‍ബന്ധമായി പിരിച്ചെടുക്കും. ആരേയും കണക്കുബോധിപ്പിക്കാറില്ല. പള്ളിപണിക്ക് നിശ്ചയിച്ചിട്ടുള്ള തുക കൊടുത്തു തീര്‍ക്കാത്തവരുടെ പേരില്‍ കുടിശ്ശികയായി കണക്ക് വെക്കുകയും, വിവാഹം, മാമ്മോദീസ, ആദ്യകുര്‍ബ്ബാന സ്വീകരണം തുടങ്ങിയ മതപരമായ ആചാരങ്ങള്‍ നടത്തേണ്ട അവസരത്തില്‍ മേല്‍പറഞ്ഞ കുടിശ്ശികകള്‍ വസൂലാക്കുകയും ചെയ്യും.
അങ്കമാലി-എറണാകുളം രൂപതയുടെ കീഴിലുള്ള അന്നനാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളി ഇടവകാംഗങ്ങളായ പ്ലാക്കല്‍ വര്‍ഗ്ഗീസ് മക്കളായ വിനോദ്, വിമല്‍ എന്നിവരുടെ നിശ്ചയിച്ച വിവാഹം നടത്തുന്നതിന് പള്ളിപണിക്ക് കുടിശ്ശിക വന്ന തുകയില്‍ 25000 (ഇരുപത്തയ്യായിരം) രൂപ റൊക്കം പണമായും 1,80,294 (ഒരു ലക്ഷത്തി എണ്‍പതിനായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി നാല്) രൂപക്ക് ഏഴ് ഗഡുവുകളായി ഓരോ മാസവും നിശ്ചിത തിയ്യതിക്കുള്ള ഏഴ് അവധി ചെക്കുകളും പള്ളി വികാരി പിടിച്ച് പറിച്ചതിന് ശേഷമാണ് നടത്തികൊടുത്തത്.
ക്രൈസ്തവര്‍ക്ക് അവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് ഒരു നിയമം ഇല്ല. 1991 ല്‍ വത്തിക്കാനിലുണ്ടാക്കിയ പൗരസത്യ കാനോന്‍ നിയമമനുസരിച്ചാണ് ഇന്ത്യയിലെ കത്തോലിക്കാ (സീറോ മലബാര്‍/മലങ്കര) വിശ്വാസികളുടെ സമൂഹസമ്പത്ത് ഭരിക്കപ്പെടുന്നത്. കാനോന്‍ നിയമമനുസരിച്ച് പള്ളികളുടേയും, പള്ളിസ്വത്തിന്റേയും പരമോന്നത ഭരണാധികാരി വിദേശ രാഷ്ട്രത്തലവന്‍ കൂടിയായ റോമിലെ മാര്‍പാപ്പയാണ്. മാര്‍പാപ്പ നിയമിക്കുന്ന രൂപതാ മെത്രാന്മാര്‍ നിയമ നിര്‍മ്മാണ, നിയമ നിര്‍വ്വഹണ, നിയമ വ്യാഖ്യാന അധികാരങ്ങളോടെ ആരോടും കണക്ക് ബോധിപ്പിക്കാതെ അവ ഭരിക്കുന്നു. ഇതിനുള്ള പരിഹാരം നിര്‍ദേശിച്ചുകൊണ്ടുള്ള 'Kerala Christian Church Properties and Institutions Trust Bill 2009' എന്ന കരട് ബില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നിയമ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായിരുന്ന അവസരത്തില്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നിയമവ്യവസ്ഥകളെ പാലിക്കാതെയുള്ള കത്തോലിക്കാ രൂപതാ മെത്രന്മാരുടെ നിലപാടുകള്‍ ഒരളവുവരെ ദേശവ്യാപകമായ അനര്‍ത്ഥങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നടത്താന്‍ ഉദ്ദേശിക്കുന്ന പറപ്പൂര്‍ പള്ളി നിര്‍മ്മാണം അനുവദിക്കരുതെന്നും, 100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പറപ്പൂര്‍ പള്ളിനടശ്ശാല, ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ പൊളിച്ചുകളഞ്ഞതിന് തൃശ്ശൂര്‍ രൂപതാ ബിഷപ്പിനെതിരെ നടപടി എടുക്കണമെന്നും വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.


വിശ്വസ്തതയോടെ, തൃശ്ശൂര്‍, 13/04/2015
വി.കെ. ജോയ്, ജനറല്‍ സെക്രട്ടറി 
കേരള കാത്തലിക് ഫെഡറേഷന്‍

ഫോണ്‍: 9447037725

Manorama 20/12/2014
Mathrubhumi 14/11/2014

No comments:

Post a Comment