വൈദികന്‍ എന്ന ഏകാന്തപഥികന്‍ -ജോസഫ് പുലിക്കുന്നേല്‍
'ഓശാന'മാസികയുടെ ഒന്നാം ലക്കത്തില്‍ (ഒക്ടോബര്‍ 1975) എഴുതിയത്
കത്തോലിക്കാസഭയിലെ വൈദികര്‍ ഇന്ന്, ഒരു പ്രതിസന്ധിയിലാണ്. വളരെയധികം, സഹതാപമര്‍ഹിക്കുന്ന ഒരു മാനസിക സംഘര്‍ഷത്തിനു മധ്യത്തില്‍.
കത്തോലിക്കാസഭയിലെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കാരണക്കാരായി വിമര്‍ശകര്‍ കാണുന്നത് വൈദികരെയാണ്. അവരുടെ സാമൂഹ്യവും വ്യക്തിപരവുമായ പ്രശ്‌നങ്ങളെ പഠിക്കാനോ സഹാനുഭൂതിയോടും ഉപവിയോടുംകൂടി അവയ്ക്ക് പരിഹാരം കണ്ടെത്താനോ ഇന്നാരും ശ്രമിക്കുന്നില്ല.
ദൈവത്തിന്റെ പ്രതിനിധിയായി പുരോഹിതനെ മതവിശ്വാസികള്‍ ബഹുമാനിക്കുന്നു. ചിലര്‍ 'കള്ള കത്തനാന്മാര്‍' എന്നു വിളിച്ച് പുച്ഛിക്കുന്നു. രണ്ടുകൂട്ടരും പുരോഹിതവസ്ത്രത്തിനുള്ളില്‍ സ്പന്ദിക്കുന്ന മനുഷ്യനെ കാണുന്നില്ല എന്നതല്ലേ യാഥാര്‍ഥ്യം?
'ദൈവമനുഷ്യന്‍'
ഇന്ന് പുരോഹിതന്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട വ്യക്തിയാണ്. എസ്.എസ്.എല്‍.സി. കടന്നുകൂടിയ ആദര്‍ശപ്രേരിതനായ ഒരു ചെറുപ്പക്കാരന്‍! ഉന്നതമായ പൗരോഹിത്യത്തിലൂടെ ദൈവത്തെ സേവിക്കാന്‍ കഴിയുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചുകൊണ്ടാണ് അയാള്‍ പുരോഹിതാര്‍ത്ഥിയാകുന്നത്. (സാമൂഹ്യമോ കുടുംബപരമോ സാമ്പത്തികമോ ആയ പ്രേരണ ഏതാനുംപേരെ പുരോഹിതാര്‍ഥികളാക്കുന്നുണ്ട് എന്ന് വിസ്മരിക്കുന്നില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും കൗമാരത്തിന്റെ ആദര്‍ശനിഷ്ഠയാല്‍ പ്രചോദിതരായാണ് പുരോഹിതാര്‍ഥികളാകുന്നത്.) അന്നുമുതല്‍ അയാള്‍ ഏകാന്തപഥികനായിത്തീരുന്നു. സമൂഹത്തില്‍ ഒറ്റപ്പെട്ടവന്‍; സിമ്മനാരിയില്‍വെച്ച് സഹപുരോഹിതാര്‍ഥികളോട് പ്രത്യേക മമതയോ സ്‌നേഹമോ പ്രദര്‍ശിപ്പിക്കാന്‍ അവകാശം അറ്റവന്‍! അത് അവന്റെ സ്വഭാവഹത്യയ്ക്കു കാരണമത്രേ. വീട്ടിലെത്തിയാല്‍ അമ്മയും അപ്പനും സഹോദരന്മാരും 'ശെമ്മാശനെ' ബഹുമാനിക്കുന്നു. തന്റെ പെങ്ങന്മാരോടും അടുത്ത ചാര്‍ച്ചക്കാരോടും ഇടപഴകുന്നത് ഇടര്‍ച്ചയ്ക്കു കാരണമായേക്കുമെന്ന് അയാള്‍ ഭയപ്പെടുന്നു. ഇന്നലെവരെ 'എടാ മത്തായിക്കുഞ്ഞേ'' എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ച അമ്മപോലും 'ശെമ്മാശ'നെന്ന ദൈവമനുഷ്യനില്‍നിന്ന് അകന്നുപോകുന്നു.
പൂര്‍ണ്ണമായ ഒറ്റപ്പെടല്‍!
മാതൃസ്‌നേഹവും പിതൃസ്‌നേഹവും സഹോദരസ്‌നേഹവും ഒരു ഇന്ദ്രജാലത്തിലെന്നപോലെ അപ്രത്യക്ഷമാകുകയും തല്‍സ്ഥാനത്ത് അനര്‍ഹവും അപ്രതീക്ഷിതവുമായ ബഹുമാനത്തിന് അയാള്‍ അര്‍ഹനായിത്തീരുകയും ചെയ്യുന്നു.
മാതൃസ്‌നേഹവും പിതൃസ്‌നേഹവും സഹോദരസ്‌നേഹവും ഒരു ഇന്ദ്രജാലത്തിലെന്നപോലെ അപ്രത്യക്ഷമാകുകയും തല്‍സ്ഥാനത്ത് അനര്‍ഹവും അപ്രതീക്ഷിതവുമായ ബഹുമാനത്തിന് അയാള്‍ അര്‍ഹനായിത്തീരുകയും ചെയ്യുന്നു.
ഒന്‍പതോ പത്തോ കൊല്ലം സെമിനാരിയില്‍ കഴിച്ചുകൂട്ടി, ലത്തീനും സുറിയാനിയും ദഹിക്കാത്ത ദൈവശാസ്ത്രവും ഉരുവിട്ട് പഠിച്ച് പുരോഹിതനായി പുറത്തുവരുന്ന ശെമ്മാശന്‍, തണല്‍കൊടുത്ത് പരിചരിച്ച് വളര്‍ത്തുന്നചെടി സൂര്യതാപമേല്‍ക്കുമ്പോള്‍ വാടുന്നതുപോലെ, ചിലപ്പോള്‍ വാടിപ്പോകുന്നു. പുരോഹിതനെ, 'മറ്റൊരു ക്രിസ്തു'വായി കാണുന്ന വിശ്വാസികള്‍, അല്ലെങ്കില്‍ കാണാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍, സഹതാപത്തേക്കാളേറെ വിമര്‍ശനബുദ്ധിയോടെയാണ് ഇവരെ സമീപിക്കുന്നത്.
ഏകാന്തന്‍
സെമിനാരിയില്‍ വളരെയധികം സഹവിദ്യാര്‍ത്ഥികളുമായി കഴിഞ്ഞുകൂടുന്ന ഒരു ഇടവക വൈദികന്‍ പട്ടമേറ്റു കഴിഞ്ഞാല്‍ മിക്കവാറും ഏതെങ്കിലും പള്ളിയുടെ അസിസ്റ്റന്റായാണ് നിയമിതനാകുന്നത്. ഏകാന്തത ആരംഭിക്കുകയായി. കുശിനിക്കാരനും താനും മാത്രം ഉള്‍ക്കൊള്ളുന്ന ഒരു ലോകത്തേക്ക് ഒരു പുരോഹിതന്‍ ചുരുങ്ങുന്നു. വികാരിയച്ചന്റെ സ്വഭാവപ്രകൃതിയനുസരിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നില്ലെങ്കില്‍ 'കൊച്ചച്ചന്‍' ഒരു നോട്ടപ്പുള്ളിയായിത്തീരുന്നു. 'തലമുറയുടെ വിടവ്', വികാരിയുടെയും അസിസ്റ്റന്റിന്റെയും മധ്യത്തില്‍ വളരെ ആഴമേറിയതാണ്. കുരിശുമണി അടിച്ചു പ്രാര്‍ത്ഥന കഴിഞ്ഞാന്‍ പുരോഹിതന്‍ ഏകാന്തതയുടെ തടവുകാരനാണ്. മനസ്സ് ഭാവനയുടെ ചിറകില്‍ ഉയര്‍ന്നുപൊങ്ങുന്നതിനെ തടഞ്ഞുനിര്‍ത്താന്‍, ബ്രീവറിയുടെയും കൊന്തയുടെയും ഭാരം പലപ്പോഴും ശക്തമല്ലാതാകുന്നു. ഒരു സുഖക്കേടു വന്നാല്‍ ലഭ്യമാകുന്ന പരിചരണം കുശിനിക്കാരന്റേതു മാത്രമാണ്.
പൊയ്മുഖം
സമൂഹത്തിന്റെ ബഹുമാനം നേടാന്‍ അധികാരികളുടെ പ്രീതി സമ്പാദിക്കാന്‍, കടുത്ത പൊയ്മുഖം അണിയാന്‍ പലപ്പോഴും നിര്‍ബന്ധിതനാകുന്ന സാഹചര്യമാണ് വൈദികനുള്ളത്. എല്ലാ ഇടവകകളിലും ചേരിപ്പോരും മത്സരവും ഉണ്ട്. സത്യവും നീതിയും ഒരു വശത്തും സ്വാധീനവും പണവും മറുവശത്തുമായി മത്സരിക്കുമ്പോള്‍, നീതിക്കുവേണ്ടിയും സത്യത്തിനുവേണ്ടിയും സ്വരമുയര്‍ത്താന്‍ കഴിയാതെ പുരോഹിതനിലെ ആദര്‍ശവാദി പതുക്കെ പതുക്കെ മരിക്കുമ്പോള്‍, പൊയ്മുഖത്തിന്റെ കട്ടി വര്‍ധിപ്പിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകും. എല്ലാവരില്‍നിന്നും ഒറ്റപ്പെട്ട് അഗാധമായ ഏകാന്തഭാവത്തെ പേറിയാണ് ഒരു പുരോഹിതന്‍ കഴിയുന്നതെന്ന് അവരെ ബഹുമാനിക്കുന്നവരും പുച്ഛിക്കുന്നവരും അറിയുന്നുണ്ടോ?
വൈരുദ്ധ്യാധിഷ്ഠിത ആത്മീയവാദം
''നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്ന ഒരു പുതിയ കല്പന നിങ്ങള്‍ക്ക് തരുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ അതുകൊണ്ട്, നിങ്ങള്‍ എന്റെ ശിഷ്യരാകുന്നു എന്ന് എല്ലാവരും അറിയും'' (യോഹ 13: 34-35) തന്നെ പിന്‍ചൊല്ലുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മിശിഹാ കൊടുത്ത കല്പനയാണിത്.
എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ പുരോഹിതന്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും കടുത്ത അഭാവമാണ് കാണുന്നത്. സ്‌നേഹിക്കുക എന്നാല്‍ മറ്റൊരാള്‍ക്കുവേണ്ടി ത്യാഗം സഹിക്കുവാന്‍ സന്നദ്ധമാവുക എന്നാണര്‍ത്ഥം. വളരെ വിരളമായേ പുരോഹിതന്മാരുടെ ലോകത്തില്‍ ഈ സ്‌നേഹം കാണാന്‍ കഴിയൂ. 'തിരുമേനി' 'ഫൊറവനാവികാരി' - എല്ലാം ബഹുമാനിക്കപ്പേടേണ്ടവര്‍. കത്തോലിക്കാസഭ അനുസരണയുടെ ചരടിലാണ് കോര്‍ത്തെടുക്കപ്പെട്ടിരിക്കുന്നത്. സ്‌നേഹത്തിന്റെ പൊന്‍നൂലല്ല ആ സാമൂഹികബന്ധത്തിന്റെ കണ്ണി. അച്ചന്‍ മെത്രാനെ സ്‌നേഹിക്കുകയല്ല. ബഹുമാനിക്കയും അനുസരിക്കുകയുമാണ്. മെത്രാന്‍ അച്ചന്മാരെ ഭരിക്കുന്നു.
'ഞാന്‍ നല്ല ഇടയനാകുന്നു, എന്റെ പിതാവ് എന്നെ അറിയുകയും, ഞാന്‍ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെ ഞാന്‍ എനിക്കുള്ളവയേ അറിയുകയും ആടുകള്‍ക്കുവേണ്ടി എന്റെ ജീവനെ ഞാന്‍ സമര്‍പ്പിക്കുകയും ചെയ്യും' (യോഹ:10:14-15). എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിനായി, ഞാന്‍ അതു സമര്‍പ്പിക്കുന്നതുകൊണ്ട് എന്റെ പിതാവ് എന്നെ സ്‌നേഹിക്കുന്നു. (യോഹ 10: 14, 15) 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്നതാണ് എന്റെ കല്പന. ഒരു മനുഷ്യന്‍ തന്റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി സ്വജീവന്‍ ഉപേക്ഷിക്കുക എന്നതില്‍ വലുതായ സ്‌നേഹം ഇല്ല.... ഞാന്‍ ഇനി നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. തന്റെ യജമാനന്‍ ചെയ്യുന്നത് എന്തെന്ന് ദാസന്‍ അറിയുന്നില്ലല്ലോ, എന്നാല്‍ എന്റെ പിതാവില്‍നിന്നും, കേട്ടതെല്ലാം നിങ്ങളെ അറിയിച്ചതുകൊണ്ട്, എന്റെ സ്‌നേഹിതന്മാര്‍ എന്നു നിങ്ങളെ ഞാന്‍ വിളിച്ചിരിക്കുന്നു(യോഹ 15: 12,13,15).
പരസ്പര സ്‌നേഹത്തിന്റെ അത്യുദാത്തമായ വാഗ്ദാനമാണ്, മിശിഹാ നമുക്കു തന്നത്. അത് മുരടന്‍ ആത്മീയവാദമായിരുന്നില്ല. സമൂഹജീവിതത്തില്‍ തന്റെ ശിഷ്യന്മാരുടെ വീക്ഷണത്തിന്റെ അടിക്കല്ല്, സ്‌നേഹമായി അവിടുന്നു നിര്‍വ്വചിച്ചു. ഈ സ്‌നേഹമാണ്, ആത്മീയമായി ക്രിസ്തുവിനെ സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ സ്ഥൂലരൂപം.
''ആകയാല്‍, നിങ്ങളുടെ കര്‍ത്താവും ഗുരുവും ആയിരിക്കുന്ന ഞാന്‍, നിങ്ങളുടെ കാലുകള്‍ കഴുകി എങ്കില്‍, നിങ്ങള്‍ പരസ്പരം കാലുകള്‍ കഴുകുവാന്‍ എത്രമാത്രം കടപ്പെട്ടവരാകുന്നു. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഈ ദൃഷ്ടാന്തം നിങ്ങള്‍ക്ക് ഞാന്‍ തരുന്നു''. ''നിങ്ങളില്‍ പ്രധാനിയാകുവാന്‍ ഇച്ഛിക്കുന്നവര്‍ നിങ്ങളുടെ ശുശ്രൂഷകന്‍ ആയിരിക്കണം''.
മിശിഹായില്‍ ഉള്ള ഔന്നത്യം, സ്‌നേഹത്തിലും, ശുശ്രൂഷയിലുമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഒരു പുരോഹിതന്റെ മുമ്പില്‍ പതുക്കെ പതുക്കെ തെളിഞ്ഞുവരുന്ന ചിത്രം വൈരുധ്യാത്മകമാണ്. സ്‌നേഹത്തിന്റെയും ശുശ്രൂഷയുടെയും സ്ഥാനത്ത് അനുസരണയും, ശിക്ഷണവും പ്രതിഷ്ഠിക്കപ്പെടുന്നു. ഈ വൈരുദ്ധ്യം ഒരു ആദര്‍ശശാലിയായ പുരോഹിതന്റെ ഹൃദയത്തില്‍ സംഘട്ടനമുണ്ടാകുന്നു.
ഇതിന്റെ കുറ്റം ആരുടേതാണ്? മെത്രാന്റേതാണോ? സുപ്പീരിയറന്മാരുടേതാണോ? പുരോഹിതന്റെയാണോ? അല്ല, സമ്പ്രദായത്തിന്റെതാണ്. റോമന്‍ സാമ്രാജ്യത്തിന്റെ ഭരണസമ്പ്രദായവും സാമൂഹികമണ്ഡലം സൃഷ്ടിച്ച ഔന്നത്യഭാവവുംസ ക്രിസ്തുവിന്റെ ഉപദേശങ്ങളേക്കാള്‍ പാരമ്പര്യത്തിന് കല്പിച്ച പ്രാധാന്യവും എല്ലാംകൂടി പടുത്തുയര്‍ത്തിയ മാനസിക തടവറയില്‍നിന്നുരക്ഷപെടാനാവാത്ത ഇവര്‍ വിദ്വേഷത്തേക്കാള്‍, എതിര്‍പ്പിനേക്കാള്‍ അനുകമ്പ അര്‍ഹിക്കുന്നു.
കടപ്പാട്: jos antony
No comments:
Post a Comment