നല്ല പാഠങ്ങളുമായി കൈവെട്ടുകേസിലെ ടി.ജെ.ജോസഫ്
Courtesy: http://www.dcbooks.com/nalla-padangal-by-prof-t-j-joseph-released.html
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ടാണ് മാറിപ്പോയത്. ബി.എ മലയാളം ഇന്റേണല്‍ പരീക്ഷക്കായി തയ്യാറാക്കിയ ഒരു ചോദ്യപേപ്പര്‍ അദ്ദേഹത്തിന്റെ സാധാരണ ജീവിതത്തെ ദുരന്തത്തിലേക്ക് വലിച്ചെറിഞ്ഞു. പ്രവാചകനെ നിന്ദിക്കുന്നതാണ് ചോദ്യപേപ്പറിലെ ഒരു ചോദ്യം എന്ന് ആക്ഷേപമുണ്ടായി. പ്രതിഷേധങ്ങളും വാര്‍ത്തകളും കേസുമുണ്ടായി. ജോലിയില്‍നിന്ന് പുറത്താക്കി. മത തീവ്രവാദികള്‍ പള്ളിയില്‍ പോയി വരുന്ന വഴി ആക്രമിച്ചു വലതു കൈപ്പത്തി വെട്ടി മാറ്റി. നാലുവര്‍ഷം ജോലിയില്ലാതെ, ജീവിക്കാനുള്ള വകയില്ലാതെ, പരിക്കുകളോടെ, അവശതകളോടെ കഴിഞ്ഞു. ഒടുവില്‍ വിഷാദ രോഗത്തിന് അടിമയായ ഭാര്യ ആത്മഹത്യ ചെയ്തു.
മതതീവ്രവാദികളുടെ ആക്രമണങ്ങള്‍ക്കിരയായി കൊല്ലപ്പെടുകയോ, ജീവിക്കുന്ന രക്തസാക്ഷികളാവുകയോ ചെയ്യുന്നവരുടെ കൂട്ടത്തിലല്ല പ്രൊഫ. ടി.ജെ.ജോസഫിന്റെ സ്ഥാനം. ഒരേസമയം മതമൗലികവാദികളുടെയും കത്തോലിക്കാസഭയുടെയും സര്‍ക്കാരിന്റെ പോലും ആക്രമണങ്ങള്‍ക്ക് വിധേയനായ വ്യക്തി എന്ന നിലയിലാണ്. കൈപ്പത്തിവെട്ടുകേസിലെ വിധി ഏപ്രില്‍ 23ന് വരാനിരിക്കെ ഈ കരുണയില്ലാത്ത ലോകത്ത് ടി.ജെ.ജോസഫ് കൂടുതല്‍ പ്രസക്തനാവുന്നു.
എന്താണ് ഒരധ്യാപകന് ഇങ്ങനൊരു ഗതി വരാനുണ്ടായ കാരണം.?
2010 മാര്‍ച്ച് 23ന് നടന്ന ഇന്റേണല്‍ പരീക്ഷയ്ക്കായി ചോദ്യപേപ്പര്‍ തയാറാക്കിയത് എം.ജി.സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ സഹായത്തോടെയായിരുന്നു. ചോദ്യപേപ്പര്‍ ബന്ധപ്പെട്ടവരെ കാണിച്ച് അനുമതിയും വാങ്ങിയിരുന്നു. ഡിഗ്രി മലയാളം പ്രോഗ്രാമിന് 2009 മുതല്‍ റഫറന്‍സ് ഗ്രന്ഥമായി നിര്‍ദേശിച്ചിട്ടുള്ള, പി.എം.ബിനുകുമാര്‍ സമ്പാദനവും പഠനവും നിര്‍വഹിച്ച ‘തിരക്കഥയുടെ രീതിശാസ്ത്രം’ എന്ന പുസ്തകത്തിലെ പി.ടി.കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലാണ് വിവാദപരാമര്‍ശമുള്ളത്.
പി.ടി പറയുന്നത് ഇങ്ങനെയാണ്. ‘ഗര്‍ഷോമി’ല്‍ കഥാനായകന്‍ ദൈവവുമായിട്ട് സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഈ ഫോം എനിക്ക് വീണുകിട്ടിയത് ഇങ്ങനെയാണ്; എന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റയ്ക്കിരുന്ന് ദൈവത്തെ വിളിക്കും. ”പടച്ചോനേ.. പടച്ചോനെ…” ദൈവത്തിന്റെ മറുപടി. ”എന്താടാ നായിന്റെ മോനേ…’ എന്നാണ്. ഇദ്ദേഹം ചോദിക്കുന്നു ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാണ്? ദൈവത്തിന്റെ മറുപടി: (ദൈവം ഇദ്ദേഹം തന്നെയാണ്) ”3 കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ…” ഈ രീതിയാണ് ദൈവവുമായി സംവദിക്കാന്‍ ഞാന്‍ ഉപയോഗിച്ചത്. (തിരക്കഥയുടെ രീതിശാസ്ത്രം, പുറം 58).
ഈ ഭാഗം അടര്‍ത്തിയെടുത്ത് ചോദ്യമുണ്ടാക്കിയതിനാണ് അദ്ദേഹത്തിന് കൈപ്പത്തി നഷ്ടമായത്. മതതീവ്രവാദികളുടേതിനേക്കാള്‍ ഭീകരമായ പീഢനമാണ് അദ്ദേഹത്തിന് പിന്നീട് അനുഭവിക്കേണ്ടിവന്നത്. കോളേജ് മാനേജ്‌മെന്റും അതിനു നേതൃത്വം നല്‍കുന്ന സഭയും ഒപ്പം നില്‍ക്കേണ്ടതിനു പകരം തങ്ങളുടെ അധ്യാപകനെ ക്രൂശിക്കാന്‍ മുന്നിട്ടിറങ്ങി. ഒരു കരണത്ത് അടി കിട്ടിയവനെ അതേ കരണത്ത് തുടരെത്തുടരെ അടിക്കുന്ന പ്രവര്‍ത്തിയാണ് മേലാളന്മാര്‍ ചെയ്തത്. പണ്ഡിതനും സെക്കുലറുമായ അന്നത്തെ വിദ്യാഭ്യാസമന്ത്രി പോലും ജോസഫിനെ കൈയൊഴിഞ്ഞു. മാറിവന്ന സര്‍ക്കാരില്‍ നിന്നും നീതി ലഭ്യമായില്ല. തെറ്റുകള്‍ പലരീതിയില്‍ ആവര്‍ത്തിച്ച് മതഭീകരതയുടെ പക്ഷം പിടിക്കുകയായിരുന്നു എല്ലാവരും. ഇതെല്ലാമാണ് ജോസഫിന്റെ ഭാര്യ സലോമിയെ വിഷാദരോഗം ബാധിച്ച് ചികിത്സയിലാക്കിയത്. മരുന്നിനുപോലും പണമില്ലാത്ത അവസ്ഥയില്‍ ആ നിസ്സഹായന്‍ കേസ് നടത്തി, കുറ്റം ചെയ്തിട്ടില്ലെന്ന വിധി സമ്പാദിച്ചു.
എന്നാല്‍ കോളേജ് മാനേജ്‌മെന്റും അതിനു നേതൃത്വം നല്‍കുന്ന തിരുസഭയും അദ്ദേഹത്തെ കോടതിവിധി അവഗണിച്ചും പുറത്തുതന്നെ നിര്‍ത്തുന്ന കാഴ്ചയാണ് സാക്ഷരകേരളം പിന്നീട് കണ്ടത്. കോളേജ് അധികൃതരുടെ മനുഷ്യത്വരഹിത നടപടിയില്‍ മനം നൊന്ത് സലോമി ഒരു മുഴം കയറില്‍ ഈലോകജീവിതം അവസാനിപ്പിച്ചു. ഒടുവില്‍ റിട്ടയര്‍മെന്റിന്റെ തലേന്ന് ജോസഫിനെ തിരിച്ചെടുത്ത് വിധി നടപ്പാക്കേണ്ടിവന്നതും എല്ലാ ആനുകൂല്യങ്ങളോടെയും ജോലിയില്‍ നിന്ന് അദ്ദേഹം വിരമിച്ചതും ചരിത്രം.
പുതിയ ചരിത്രമെഴുതുകയാണ് ജോസഫ് ഇപ്പോള്‍. അന്നം തന്ന വലതുകൈ വെട്ടിമാറ്റിയാലും അക്ഷരങ്ങള്‍ മനസ്സില്‍ നിന്ന് അച്ചടിശാലയിലേക്കും അതുവഴി വായനക്കാരുടെ ഹൃദയങ്ങളിലേക്കും ഒഴുകുമെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ പുസ്തകം പുറത്തുവരുന്നു. നിന്ദിതന്റെയും പീഡിതന്റെയും ഒപ്പം നില്‍ക്കേണ്ടവര്‍ അവരെ എതിര്‍ക്കുമ്പോള്‍ അവരുടെ നാവാകാന്‍, പ്രൊഫ. ടി.ജെ.ജോസഫിന്റെ അറ്റുപോയ കൈത്തണ്ട പിടിക്കേണ്ടത് മലയാളത്തിലെ വായനാ സമൂഹമാണ്. ലോകവായനാദിനത്തില്‍ അദ്ദേഹം രചിച്ച നല്ല പാഠങ്ങള്‍എന്ന പുസ്തകം പുറത്തിറങ്ങുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് മികച്ചജീവിത കാഴ്ചപ്പാടുകളും സാമൂഹികാവബോധവും പകരുന്ന നല്ല പാഠങ്ങളുടെ സമാഹാരമാണ് നല്ല പാഠങ്ങള്‍. വളരുന്ന ഓരോ കുട്ടിയും അറിഞ്ഞിരിക്കേണ്ട അറിവുകളാണിവയെല്ലാം. കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ദീര്‍ഘകാലം മൂല്യബോധന ക്ലാസുകള്‍ നടത്തിയ അനുഭവങ്ങളില്‍ നിന്നാണ് ടി.ജെ.ജോസഫ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനൊരു പുസ്തകമെഴുതുന്ന ആള്‍ക്ക് ഒരു മതത്തെയും ഒരു പ്രവാചകനെയും നിന്ദിക്കാനാവില്ലെന്ന നന്മയുടെ പാഠമാണ് നല്ല പാഠങ്ങള്‍പകര്‍ന്നുതരുന്നത്.
No comments:
Post a Comment