സ്കോളര്‍ഷിപ്പിന് നല്‍കിയ പണം
ഇടവക വികാരി സ്വന്തമാക്കി
http://www.madhyamam.com/news/174436/120622
ഇടവക വികാരി സ്വന്തമാക്കി
കോട്ടയം: സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കാന്‍ ഏല്‍പ്പിച്ച പണം ഇടവക വികാരി കൈവശപ്പെടുത്തിയതായി ആക്ഷേപം. ബാങ്കില്‍ സ്ഥിരനിക്ഷേപമിട്ട് പലിശകൊണ്ട് ഓരോ വര്‍ഷവും സ്കോളര്‍ഷിപ് നല്‍കാന്‍ കൈമാറിയ പണം വൈദികന്‍ സ്വന്തം പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചതായി രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന സി.ജെ. ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കടപ്ളാമറ്റത്തിന് സമീപം മാറിടം ഇടവക വികാരി ഫാ. സിറിയക്ക് മറ്റത്തിനെതിരെയാണ് ജോസഫിന്‍െറ പരാതി.
സംഭവത്തെക്കുറിച്ച് ജോസഫ് പറയുന്നതിങ്ങനെ: ഇടവകയില്‍നിന്ന് എസ്.എസ്.എല്‍.സിക്ക് കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥിക്ക് 11,12 ക്ളാസുകളില്‍ സൗജന്യ പഠനത്തിന് അവസരമൊരുക്കാനാണ് സ്കോളര്‍ഷിപ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പഠനച്ചെലവിന് 10,000 രൂപ വരുമെന്നും അത്രയും തുക പലിശ കിട്ടാന്‍ 1,30,000 രൂപ സ്ഥിരനിക്ഷേപമിടണമെന്നും ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞു.
ഇടവക വികാരിയെ സമീപിച്ചപ്പോള്‍ അരമനയില്‍നിന്ന് അനുവാദം വാങ്ങി വേണ്ടതുചെയ്യാമെന്ന് ഏറ്റു. 1,30,000 രൂപയുടെ ചെക് മറ്റൊരു വൈദികനൊപ്പം വന്ന് കൈപ്പറ്റി. 2010ലായിരുന്നു ഇത്. ആ വര്‍ഷം ഒരു വിദ്യാര്‍ഥിക്ക് 10,000 രൂപ കൊടുത്തു. രണ്ടു വര്‍ഷം 10,000 രൂപ വീതം നല്‍കണമെന്നതിനാല്‍ 2011ല്‍ 1,30,000 രൂപ കൂടി വികാരിയെ ഏല്‍പ്പിക്കാന്‍ മാറിടം പള്ളിയില്‍ ചെന്നു. കോട്ടയം രൂപതയില്‍പ്പെട്ട കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തിയത്. എന്നാല്‍, മറ്റ് മതത്തില്‍പ്പെട്ട ഒരു കുട്ടിക്ക് കൊടുക്കാനായിരുന്നു അച്ചന് താല്‍പ്പര്യം. അത് സമ്മതിച്ചില്ല. ഒടുവില്‍ ആ വര്‍ഷത്തെ ചെലവിലേക്ക് 10000 രൂപ മാത്രം നല്‍കി. പിന്നീട് കാണുമ്പോഴെല്ലാം അച്ചന്‍ 1.3 ലക്ഷം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്്.
ഈ വര്‍ഷമാദ്യം അരമനയില്‍ പോയി ആര്‍ച്ച് ബിഷപ്പിനെ വിവരം അറിയിച്ചു. കുട്ടിയെ തെരഞ്ഞെടുക്കാനുള്ള അവകാശം വികാരിക്ക് മാത്രം നല്‍കുന്ന വിധത്തില്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ആര്‍ച്ച് ബിഷപ് മാര്‍ മൂലേക്കാട്ടിന്‍െറ നിര്‍ദേശ പ്രകാരം ചാന്‍സലര്‍ ക്നാനായ കുട്ടികള്‍ക്ക് മാത്രം എന്ന് എഴുതിത്തന്നു. പക്ഷേ, ആ വിവരം ഇതുവരെ മാറിടം പള്ളിയില്‍ എത്തിയിട്ടില്ല. കിടങ്ങൂര്‍ ഫെഡറല്‍ ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് വികാരി സ്വന്തം പേരിലാണ് പണം ഇട്ടിരിക്കുന്നതെന്ന് മനസ്സിലായത്. സ്കോളര്‍ഷിപ്പിനുള്ള പണമാണെന്ന് അറിയിച്ചിട്ടുമില്ല. അച്ചന് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്ന വിധത്തിലാണ് രേഖകള്‍. വീണ്ടും അരമനയില്‍ ചെന്നെങ്കിലും ബിഷപ്പോ വികാരി ജനറാളോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മാര്‍ മൂലേക്കാട്ടിന്‍െറ സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. എല്ലാം കുറിച്ചുവെച്ച അദ്ദേഹം വികാരി ജനറാള്‍ പിറ്റേന്നുതന്നെ തീരുമാനം വിളിച്ചുപറയുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അരമനയില്‍നിന്ന് ആരും ബന്ധപ്പെട്ടില്ല.
സ്കൂള്‍ പഠനകാലത്ത് ഫീസിന്‍െറ പകുതി പള്ളിയില്‍നിന്ന് നല്‍കിയിട്ടും ശേഷിച്ച ഒന്നേകാല്‍ രൂപ നല്‍കാന്‍ താന്‍ കഷ്ടപ്പെട്ടതും പല സുഹൃത്തുക്കളും ഫീസടക്കാന്‍ പണമില്ലാതെ പഠനം ഉപേക്ഷിച്ചതും ഓര്‍ത്താണ് രണ്ട് കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കാന്‍ ആഗ്രഹം തോന്നിയതെന്ന് ജോസഫ് പറഞ്ഞു. അരമനയിലെ രജിസ്റ്ററിന്‍െറയും അവിടെനിന്ന് പള്ളിയിലേക്കുള്ള ബന്ധപ്പെട്ട കത്തിടപാടുകളുടെയും പകര്‍പ്പും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. രണ്ട് പതിറ്റാണ്ടോളം ബ്രിട്ടീഷ് വ്യോമസേനയില്‍ ജോലി ചെയ്ത ജോസഫ് ദീര്‍ഘകാലം അമേരിക്കയിലായിരുന്നു.
സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ പ്രക്ഷോഭം അടക്കം എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും ജോസഫിനൊപ്പമുണ്ടായിരുന്ന കത്തോലിക്ക നവീകരണ പ്രസ്ഥാനം ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വ്യക്തമാക്കി. കെ. ജോസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Courtesy: അല്മായ ശബ്ദം -http://www.madhyamam.com/news/174436/120622
No comments:
Post a Comment