Tuesday, June 12, 2012

ഇടവകമാറ്റം അധികാര ദുര്‍വിനിയോഗം

തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്ഡ്രൂസ് താഴത്തിന് തുറന്ന കത്ത്                                                
തിയ്യതി: 14/04/2012
 ഫാ. ഡേവിസ് കാച്ചപ്പിള്ളി. സി.എം.ഐ              
ഫോണ്‍: 9497179433

മൌന നിരാഹാര വൃതം അനുഷ്ടിച്ച സ്വാമി അച്ചനെ
 ബൈബിള്‍ പണ്ഡിതനും ചരിത്രകാരനും 'ഓശാന'യുടെ 

എഡിറ്ററുമായ ജോസഫ് പുലിക്കുന്നേല്‍ സന്ദര്‍ശിച്ചപ്പോള്‍         
“സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്” (യോഹന്നാന്‍ 19:13)

അഭിവന്ദ്യ പിതാവെ,

ഉയര്‍പ്പ് തിരുന്നാളിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സഭയിലെ മെത്രാന്‍മാരും വൈദികരും സന്യസ്തരും വിശ്വാസികളും രാത്രിയിലെ ഉയിര്‍പ്പു കര്‍മ്മങ്ങള്‍ക്ക് ശേഷം സുഭിക്ഷമായി ഭക്ഷിക്കുകയും സന്തോഷിക്കുകയും ചെയ്യുമ്പോള്‍ തൃശൂരിലെ തലോര്‍ ഇടവകക്കാരായ നൂറുകണക്കിന് കത്തോലിക്കര്‍ തൃശൂര്‍ കോര്‍പ്പറേഷനുമുന്നില്‍ ഉപവസിക്കുകയും ഒരു മൃതശരീരത്തിനടുത്തിരുന്ന് കരയുന്ന ഉറ്റവരെപ്പോലെ കരയുകയും, കണ്ണുനീര്‍ വീഴ്ത്തുകയും, ദൈവമെ, ഞങ്ങള്‍ എന്തപരാധമാണ് ചെയ്തതെന്ന് ഉച്ചത്തില്‍ ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന രംഗം ഹൃദയമുള്ളവരെയൊക്കെ വേദനിപ്പിച്ചു.                                                         “ഗാഗുല്‍ത്താമലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ,                                                                                              ഏവമെന്നെ ക്രൂശിലേറ്റുവാന്‍ അപരാധമെന്തു ഞാന്‍ ചെയ്തു”

എന്ന ഈരടികളാണ് ഈ രംഗം വീക്ഷിച്ച എന്റെ മനസ്സിലേക്ക് പാഞ്ഞു കയറിയത്. അവരുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ദീനരോദനം പിതാവ് ശ്രവിച്ചിരുന്നെങ്കില്‍ എത്രയോ നന്നായിരുന്നു എന്നു ഞാന്‍ ചിന്തിച്ചു: “ഞങ്ങള്‍ നട്ടു നനച്ച് വളര്‍ത്തി വലുതാക്കിയ, ഞങ്ങളുടെ സ്വന്തമായ, ഞങ്ങള്‍ക്ക് തിരുസഭ അവകാശമായി നല്‍കിയ തലോര്‍ ആശ്രമദേവാലയ ഇടവകയെ ഞങ്ങളില്‍ നിന്ന് എടുത്തുമാറ്റിയതെന്തിനാണ്. ഞങ്ങള്‍ എന്ത് അപരാധം ചെയ്തിട്ടാണ് പിതാവിത് ഞങ്ങളോട് ചെയ്തത്? ഞങ്ങളുടെ ഇടവക ഞങ്ങള്‍ക്ക് കിട്ടേണ്ടത് ദൈവിക നീതിയും സഭയില്‍ ഞങ്ങളുടെ അവകാശവുമാണെന്ന് സഭയുടെ മെത്രാന്‍ സിനഡും മേജര്‍ ആര്‍ച്ച് ബിഷപ്പും പ്രസ്താവിച്ചല്ലോ. എന്നിട്ടും ഞങ്ങളെ ദുരിതത്തിലമര്‍ത്തി നരകിപ്പിക്കുന്നത് എന്തിനാണ്?കര്‍ത്താവിന്റെ കല്ലറക്കു സമീപം കരഞ്ഞുകൊണ്ടു നിന്നിരുന്ന സ്ത്രീയോട് നമ്മുടെ കര്‍ത്താവ് അനുകമ്പാപൂര്‍വ്വം ചോദിച്ചതുപോലെ, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി തലോര്‍ ഇടവകയില്‍ കരയുകയും കരഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഞങ്ങളോട്, ഞങ്ങളുടെ ഇടയനെന്നും ഞങ്ങളുടെ പിതാവ് എന്നും ഞങ്ങള്‍ ബഹുമാനപൂര്‍വ്വം വിളിക്കുന്ന അങ്ങ് ഒരിക്കലെങ്കിലും നല്ല ഇടയനായ യേശുവിന്റെ മാതൃകയില്‍ എന്തിനാണ് നിങ്ങള്‍ കരയുന്നതെന്നോ, എന്താണ് ഞാന്‍ നിങ്ങള്‍ക്ക് ചെയ്യേണ്ടതെന്നോ ഒരിക്കല്‍ പോലും ചോദിച്ചിട്ടില്ലല്ലോ.”ഉയിര്‍പ്പ് ഞായറാഴ്ച 10 മണിമുതല്‍ 5മണിവരെ തലോര്‍ ഇടവകക്കാരുടെ ഇപ്രകാരമുള്ള ദീനരോദനങ്ങള്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു.

പ്രിയ പിതാവെ,
2005 മെയ് 15ന് മാര്‍ ജേക്കബ് തൂങ്കുഴിയാണ് തലോര്‍ ഇടവകയുടെ വികാരിയായി എന്നെ നിയമിച്ചത്. തലോര്‍ ഇടവകക്കാരുടെ വിശ്വാസ തീഷ്ണതയും ഭക്തിയും വൈദികരോടുള്ള ബഹുമാനവും വിശ്വാസ കൂട്ടായ്മയും എന്നെ അഭിമാന പുളകിതനാക്കി. അന്ന് അങ്ങ് സഹായ മെത്രാനായിരുന്നു. “തലോര്‍ ഇടവകയില്‍ ഇടയ സന്ദര്‍ശനം നടത്തണം, ഞാന്‍ വരാം”എന്ന് എന്റെ ക്രിസ്മസ് മംഗളങ്ങള്‍ക്ക് അങ്ങ് നല്‍കിയ മറുപടിയില്‍ താല്‍പ്പര്യപ്പെട്ടിരുന്നു. അങ്ങയുടെ ആഗ്രഹം ഞാന്‍ ഇടവകക്കാരെ അറിയിച്ചു. അവര്‍ അത് സഹര്‍ഷം സ്വാഗതം ചെയ്തു. തൃശൂര്‍ രൂപതയില്‍ മറ്റൊരിടത്തും അങ്ങേയ്ക്ക് ലഭിച്ചിട്ടില്ലാത്ത ഗംഭീരമായ സ്വീകരണമാണ് തലോര്‍ ഇടവകക്കാര്‍ അങ്ങേക്ക് നല്‍കിയത്. അത് ഇന്നും എന്റെ ഓര്‍മ്മയില്‍ പച്ചകെടാതെ നില്‍ക്കുന്നു. പക്ഷെ ഇടയ സന്ദര്‍ശനത്തിനുശേഷം രൂപതാ കേന്ദ്രത്തില്‍ നിന്ന് പുറത്തായ വാര്‍ത്ത ഇപ്രകാരമായിരുന്നു. “തലോര്‍ ഇടവക ഗംഭീര ഇടവകയാണ്; പക്ഷെ അത് രൂപതക്ക് നഷ്ടമായി”. ഗംഭീരമായ തലോര്‍ ഇടവകയെ രൂപതയുടെ വരുതിയിലാക്കാനുള്ള തന്ത്രങ്ങളാണ് പിന്നീടുണ്ടായത്. മാര്‍ റാഫേല്‍ തട്ടിലിന്റെ വാക്കുകള്‍ ഇതിന് തെളിവാണ്:“തൃശൂര്‍ അതിരൂപതയുടെ നടുക്കഷണമാണ് തലോര്‍ ഇടവക, അത് ഞങ്ങള്‍ക്ക് കിട്ടണം.”
തലോര്‍ ആശ്രമദേവാലയ ഇടവകയെ എല്ലാ അര്‍ത്ഥത്തിലും രൂപതയുടെ ഭരണത്തിലും അധികാരസീമയിലും സ്വാതന്ത്ര്യത്തിലും ആക്കിത്തീര്‍ക്കാനുള്ള ആദ്യശ്രമമായിരുന്നു, തലോര്‍ ഇടവകയുടെ ഇടവകപ്പള്ളിയായി 1977ല്‍ ഉയര്‍ത്തപ്പെട്ട ആശ്രമദേവാലയം 2007-ല്‍ പുതുക്കിപ്പണിയാനുള്ള ഇടവകക്കാരുടെ ഏകയോഗമായ തീരുമാനം തകിടം മറിക്കാന്‍ രൂപത കണ്ടെത്തിയ തന്ത്രം : “ഇടവകയുടെ പുതിയ പള്ളി ഇടവകയുടെ സ്വന്തംസ്ഥലത്തോ,ഇടവകക്ക് സ്വതന്ത്രമായ സ്ഥലത്തോ പണിയുക.” അന്നുമുതല്‍ ഇന്നോളം ഈ ലക്ഷ്യപ്രാപ്തിക്കായി തന്ത്രങ്ങളും വക്രതകളുമല്ലാതെ സത്യമോ നീതിയായതോ ആയ യാതൊന്നും രൂപതയില്‍ നിന്ന് ഉണ്ടായിട്ടില്ല. “തലോര്‍ ഇടവക മാറ്റവും അതിരൂപതാ തന്ത്രങ്ങളും” എന്ന എന്റെ ലേഖനത്തില്‍ അതിരൂപത കണ്ടെത്തി പ്രയോഗിച്ച 28തന്ത്രങ്ങള്‍ ഞാന്‍ പ്രതിപാദിച്ചത്  അങ്ങ് വായിച്ചുകാണും. സ്ഥല പരിമിതികൊണ്ട് 28 തന്ത്രങ്ങളില്‍ ഒതുക്കിയെന്നുമാത്രം. അതിരൂപത കണ്ടെത്തി പ്രയോഗിച്ച 40 ഓളം തന്ത്രങ്ങള്‍ എന്റെ മനസ്സിലുണ്ട്. അവയില്‍ വളരെ പ്രമാദമായതും സഭാധികാരികളുടെ മുഴുവന്‍ ആത്മീയതയും വിശ്വാസ്യതയും ചോദ്യം ചെയ്യുന്നതുമായിരുന്നു രൂപതയുടെ ചാന്‍സിലറും വികാരി ജനറാളുംകൂടി “ തലോര്‍ ഇടവക” എന്ന പേരില്‍ പ്രസിദ്ധീകരിച്ച് രൂപതയിലെ പള്ളികളില്‍ ഞായറാഴ്ച കുര്‍ബ്ബാനക്കിടയില്‍ പരിശുദ്ധ അള്‍ത്താരയില്‍ നിന്നുകൊണ്ട് വായിച്ച് വിശ്വാസികളെ കബിളിപ്പിച്ച സര്‍ക്കുലര്‍. “നുണകളുടെ മാലപ്പടക്കം” എന്നാണ് വാര്‍ത്താ മാധ്യമങ്ങള്‍ അതിനെ വിശേഷിപ്പിച്ചത്. അതിരൂപതാദ്ധ്യക്ഷനെ സ്ഥാനഭൃഷ്ടനാക്കണമെന്ന പ്രസ്താവനയും അതോടൊപ്പം പത്രങ്ങളില്‍ വായിച്ചു. എന്നാല്‍ ഇപ്പറഞ്ഞ തന്ത്രങ്ങളൊന്നും വിജയിച്ചില്ല, അമ്പേ പരാജയപ്പെടുകയാണുണ്ടായത്. അത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്നും തന്ത്രങ്ങള്‍ക്ക് ദൈവ സന്നിധിയില്‍ നിലനില്‍പ്പുണ്ടാകില്ല എന്നും വിശ്വസിക്കാനോ, തങ്ങളുടെ അനീതികളില്‍ നിന്നും ദുര്‍മോഹങ്ങളില്‍ നിന്നും പിന്തിരിയാനോ രൂപതാകേന്ദ്രത്തിന് മനസുണ്ടായില്ല എന്നത് ഏറെ ശോചനീയമാണ്.
പ്രിയ പിതാവെ, അങ്ങ് ആഗ്രഹിച്ച കാര്യം,  “തലൂര്‍ ഇടവക സ്വന്തമാക്കുക” എന്ന രഹസ്യ അജണ്ട നടപ്പിലാക്കാനായി സത്യസന്തമല്ലാത്ത എന്തുമാത്രം പ്രസ്താവനകളും പ്രവര്‍ത്തികളുമാണ് അങ്ങും അങ്ങയുടെ വക്താക്കളും ഇന്നോളം നടത്തിയിട്ടുള്ളത്, ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്! എല്ലാ കാര്യങ്ങളും ഇതുപോലൊരു കത്തില്‍ ഒതുക്കാനാകില്ല. ഏതാനും കാര്യങ്ങള്‍ മാത്രം വിശദമാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
1. “ തലോര്‍ ഇടവകക്ക് സ്വതന്ത്രമായ സ്ഥലത്ത് പള്ളിവേണം എന്നുള്ളതാണ് കമ്മീഷന്റെ മുമ്പാകെ ലഭിച്ചിട്ടുള്ള ഇടവകയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം” (31March, Prot.No.1132/2008/S/ABP) അങ്ങയുടെ ഈ പ്രസ്താവന സത്യസന്ധമല്ലായിരുന്നു. ഇതിന്റെ തെളിവ് കമ്മീഷന്റെ റിപ്പോര്‍ട്ടാണ്. കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പ്രസ്താവനകളും കണക്കുകളും മായം ചേര്‍ത്തതായിരുന്നു. അവ കൂടാതെ അങ്ങ് പ്രത്യേകം മായം ചേര്‍ത്ത് ഉണ്ടാക്കിയതാണ് മേല്‍ പറഞ്ഞ അങ്ങയുടെ പ്രസ്താവന. ചുരുക്കത്തില്‍ തിരുമറികളുടെ വലിയ ഒരു ശൃംഖലയാണ് കമ്മീഷന്റെ റിപ്പോര്‍ട്ടിലും അങ്ങയുടെ പ്രസ്താവനയിലും കാണാനാകുന്നത്. ഇക്കാര്യം കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മുഖാമുഖം ചര്‍ച്ച ചെയ്ത് സത്യമെന്താണെന്ന് സമൂഹത്തിന് മുമ്പാകെ വെളിപ്പെടുത്തേണ്ടത് ദൈവിക നീതിയാണ്. അതിന് അങ്ങും അങ്ങയുടെ വക്താക്കളും തയ്യാറാകേണ്ടതാണ്.
2. തലോര്‍ പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കാലം ചെയ്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ നിയമിച്ച 3 അംഗ മെത്രാന്‍ സമിതിപോലും തലോരില്‍ അങ്ങ് നടത്തിയ ഇടവക മാറ്റ നടപടി നീതീകരിച്ചതും അംഗീകരിച്ചതും അവാസ്തവ പ്രസ്താവനയിലൂടെ ആയിരുന്നു. അവരുടെ പ്രസ്താവന ഇപ്രകാരം : “ വളരെയേറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രൂപതാദ്ധ്യക്ഷന്‍ തലോര്‍ ഇടവകയെ ആശ്രമത്തില്‍ നിന്ന് വേര്‍പ്പെടുത്തിയത്. അത് ഇടവകയുടെ ആവശ്യവും സഭയുടെ കാനോന്‍ നിയമം അനുസരിച്ചുമായിരുന്നു.” (Trichur Diocesan Bulletion, March 2011.) എന്നാല്‍ സത്യമെന്താണ്? ഇടവകയിലെ വിശ്വാസികളുമായോ,അന്നത്തെ വികാരിയുമായോ, രൂപതയിലെ പ്രസ്ബിറ്ററി കൗണ്‍സിലുമായോ, ഇക്കാര്യം ചര്‍ച്ച ചെയ്യുകയോ ആലോജിക്കുകയോ ചെയ്തിട്ടില്ല. അത്തരത്തിലുള്ള ഒരു രേഖയെങ്കിലും അങ്ങേക്ക് കാണിക്കാനാകില്ല എന്നതാണ് സത്യം. ഇടവക മാറ്റകാര്യത്തില്‍ ആലോചിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും അഭിപ്രായം ആരായേണ്ടതും ഇവരോടൊക്കെ ആയിരുന്നല്ലോ. ഇടവക മാറ്റുക എന്ന ആശയം ഇടവകക്കാര്‍ക്ക് മനസാ, വാചാ, കര്‍മ്മണാ ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ മെത്രാന്‍ സമിതിയുടെ വ്യാജ പ്രസ്താവനയുടെ അടിസ്ഥാനം തൃശൂര്‍ രൂപതാ അധികാരികളുടെ കള്ളസാക്ഷ്യമായിരുന്നല്ലോ. സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് നിയമിച്ച മെത്രാന്‍ സമിതിയെക്കൊണ്ട് നുണപറയിപ്പിച്ച തൃശൂര്‍ അധിരൂപതാകേന്ദ്രത്തിന് സഭക്കു മുമ്പാകെ എന്ത് വിശ്വാസ്യ യോഗ്യതയാണുള്ളത്?
3. തലോര്‍ ഇടവക സ്ഥാപിക്കുന്നതിന് മുമ്പ്, ഇടവക സ്ഥാപനത്തിനുവേണ്ടി കാനോന്‍ നിയമപ്രകാരം ഉണ്ടാക്കിയ കരാറില്‍ ഇപ്രകാരം പറയുന്നു: “തലോരില്‍ സ്ഥാപിക്കാന്‍ പോകുന്ന ഇടവക കാനോനികമായി ഒരു പൂര്‍ണ്ണ ഇടവകയായിരിക്കും.” (26-06-1976-ലെ കരാര്‍ തീരുമാനം നമ്പര്‍ 1.) പ്രസ്തുത കരാറിലെ നമ്പര്‍ 3-ല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ” ഇടവകയുടെ വികാരിയെ ആശ്രമത്തിലെ അംഗങ്ങളില്‍ നിന്ന് സി.എം.ഐ. സഭയുടെ പ്രൊവിന്‍ഷ്യല്‍ അച്ചന്റെ നിര്‍ദ്ദേശപ്രകാരം കാലാകാലങ്ങളില്‍ അഭിവന്ദ്യ പിതാവ് നിയമിക്കും.”ഇടവകയുടെ സ്ഥാപന കല്‍പ്പനയില്‍ ഇപ്രകാരം പ്രസ്ഥാവിച്ചിരിക്കുന്നു: “ തലോര്‍ ആശ്രമ ദേവാലയത്തെ
23-1-1977 മുതല്‍ ഒരു ഇടവകപ്പള്ളിയായി നാം ഉയര്‍ത്തിയിരിക്കുന്നു.” (കല്‍പ്പന No. DL.1/77 Ref. No.5)ഇപ്രകാരം ഇടവക വിശ്വാസികളും ആശ്രമ വൈദികരും രൂപതാധികാരികളും സി.എം.ഐ. സഭാധികാരികളും 2അയല്‍പ്പക്ക ഇടവകകളിലെ വികാരിമാരും ചേര്‍ന്ന് ഉണ്ടാക്കിയ കരാറനുസരിച്ച് കാനോനിക നിയമങ്ങളുടെ പിന്‍ബലത്തോടെ സ്ഥാപിക്കപ്പെട്ട തലോര്‍ ഇടവകയെ, സഭയുടേയും രൂപതയുടേയും ഇടവകയുടേയും നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാരമ്പര്യങ്ങളും പാലിക്കാതെ ഏകപക്ഷീയമായി മാറ്റാനോ പുനഃക്രമീകരണം നടത്താനോ രൂപതാധ്യക്ഷന് കാനോന്‍ നിയമം നല്‍കുന്ന അധികാരം ഉപയോഗിക്കാന്‍ അവകാശമില്ല എന്നതാണു സത്യം. ഏത് അധികാരവും ഉപയോഗിക്കേണ്ടത് അതിനായുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. അവ ലംഘിച്ചുകൊണ്ടുള്ള അധികാര വിനിയോഗം അധികാരത്തിന്റെ ദുര്‍വിനിയോഗമായിരിക്കും. കത്തോലിക്കാ സഭയില്‍ ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ മാര്‍പ്പാപ്പക്ക് അധികാരമുണ്ട്. തിരുസഭയുടെ പരമാധികാരിയായ മാര്‍പ്പാപ്പയില്‍ മാത്രം നിക്ഷിപ്തമായ അധികാരമാണത്. പക്ഷേ മാര്‍പ്പാപ്പ തന്റെ വ്യക്തിപരമായ താല്‍പര്യത്തിലോ തീരുമാനത്തിലോ ഈ അധികാരം ഉപയോഗിച്ച് ആരെയും വിശുദ്ധനായി പ്രഖ്യാപിക്കുകയില്ല. തിരുസഭയില്‍ അതിനായുള്ള പ്രത്യേക സഭാ കോടതിയുടെ നടപടികളിലൂടെ ഒരാള്‍ക്ക് വിശുദ്ധ പദവി നല്‍കാന്‍ അഹര്‍ഹതയുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ മാര്‍പ്പാപ്പ തന്റെ അധികാരം ഉപയോഗിക്കുകയുള്ളു. നിയമാധിഷ്ടിതമായ നടപടികളുണ്ടാകാതെയുള്ള പ്രഖ്യാപനം അധികാര ദുര്‍വ്വിനിയോഗമാണെന്ന് മാര്‍പ്പാപ്പക്ക് അറിയാം. സഭയില്‍ ആയാലും രാഷ്ട്രത്തിലായാലും കോടതിയുടേയോ ഭരണഘടനയുടേയോ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് മാത്രമേ വിവരവും വിവേകവുമുള്ള അധികാരികള്‍ തങ്ങളുടെ അധികാരം ഉപയോഗിക്കുകയുള്ളു. തലോരിലെ ഇടവകമാറ്റനടപടിയില്‍ ഇടവകമാറ്റത്തിനായുള്ള സഭയുടേയോ രൂപതയുടേയോ ഇടവകയുടേയോ നിര്‍ദ്ദേശങ്ങളോ നിയമങ്ങളോ പാരമ്പര്യങ്ങളോ പാലിച്ചില്ല എന്നതുകൊണ്ട് പ്രസ്തുത നടപടി എല്ലാ അര്‍ത്ഥത്തിലും ഏകാധിപത്യപരവും അധികാര ദുര്‍വ്വിനിയോഗവുമായിരുന്നു. സഭാ നിയമങ്ങളുടെ ഗൗരവമായ ലംഘനമാണ് അക്കാര്യത്തില്‍ ആര്‍ച്ച് ബിഷപ്പ് ചെയ്തിട്ടുള്ളത്. ഇത്രയും വലിയ അനീതി ഇടവക മാറ്റക്കാര്യത്തില്‍ ഇന്നോളം കേരളസഭയില്‍ ഉണ്ടായിട്ടില്ല. ഈ തെറ്റ് തിരുത്താനായില്ലെങ്കില്‍ സഭ സത്യത്തിനും നീതിക്കും വിശുദ്ധിക്കും സാക്ഷ്യംവഹിക്കുന്നു എന്ന് പ്രസ്ഥാവിക്കാനാകില്ല. അക്രൈസ്തവ സമൂഹത്തില്‍ സഭയ്ക്ക് അംഗീകാരമല്ല അവഹേളനമാണ് സംഭവിക്കുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ നിതിയല്ലാത്ത നടപടികളിലൂടെ സഭാധികാരികളും സഭയും ദാരുണമായി അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കത്തോലിക്കരുടെ വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സഭാധികാരികള്‍ക്ക് മുന്‍കാലങ്ങളിലുണ്ടായിരുന്ന സല്‍ക്കീര്‍ത്തി പരിതാപകരമായ രീതിയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം ഗൗരവമായി പരിഗണിച്ച് തെറ്റുതിരുത്താന്‍ സഭ സന്നദ്ധമാകണം. സഭയുടെ സവിശേഷ മുഖമുദ്രയായ ഹയരാര്‍ക്കിയുടെ അടിസ്ഥാനത്തില്‍ സഭയുടെ ഉന്നതാധികാരികള്‍ ഇക്കാര്യത്തില്‍ ധീരമായ നടപടികള്‍ സ്വീകരിക്കുകയും വേണം. അല്ലാത്തപക്ഷം ഹയരാര്‍ക്കി സഭയില്‍ അര്‍ത്ഥശൂന്യമായി ഭവിക്കും. മാര്‍ പോളി കണ്ണൂക്കാടന്‍ മെയ്മാസത്തെ ഇരിങ്ങാലക്കുട ബുള്ളറ്റിനില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്: “തെറ്റു പറ്റുക സ്വാഭാവികമാണ്. അത് തിരുത്തുക ദൈവീകവും. തെറ്റ് തിരിച്ചറിഞ്ഞ് തിരിച്ചു നടക്കുന്നവരെ സന്തോഷത്തോടെ സ്വീകരിക്കുന്നവനാണ് തമ്പുരാന്‍. മനസ്തപിച്ച് തിരിച്ചു നടക്കാന്‍ വിസ്മരിച്ച യൂദാസിന്റെ ദുരന്തം നമ്മുടെ കണ്ണുകള്‍ തുറപ്പിക്കട്ടെ” ഇത്രയും പ്രസ്താവിച്ചതില്‍ നിന്ന,് നിയമത്തിന്റെ വഴികളൊന്നും സ്വീകരിക്കാതെ,തീര്‍ത്തും ഏകാധിപത്യപരമായി അങ്ങ് തലോരില്‍ നടത്തിയ ഇടവകമാറ്റം അധികാര ദുര്‍വിനിയോഗമല്ലെന്ന് അങ്ങേയ്ക്ക് പറയാനാകുമോ?
4. ഇടവകമാറ്റക്കാര്യത്തില്‍ മറ്റൊരു കാര്യം കൂടി പ്രസ്താവിക്കട്ടെ. ഏത് ഇടവകയും രൂപപ്പെടുന്നത് വിശ്വാസികളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ്. വിശ്വാസികള്‍ ആവശ്യപ്പെടാതെ മെത്രാന്റെ താല്പര്യപ്രകാരം കേരളസഭയില്‍ ഒരിടത്തും ഇടവക സ്ഥാപിക്കുന്നതായി കണ്ടിട്ടില്ല, കേട്ടിട്ടുമില്ല. ഇടവക മാറ്റുന്നകാര്യത്തിലും വിശ്വാസികളുടെ ആവശ്യം അനുസരിച്ചാണ് മെത്രാന്‍ തന്റെ അധികാരമുപയോഗിച്ച് അപ്രകാരം പ്രഖ്യാപിക്കുക. തലോര്‍ ഇടവകയുടെ കാര്യത്തിലും ആശ്രമത്തിന്റെ അംഗീകാരത്തോടെ വിശ്വാസികള്‍ ആവശ്യപ്പെടുകയും അപേക്ഷിക്കുകയും ചെയ്തതുകൊണ്ടാണ് തലോര്‍ ആശ്രമദേവാലയ ഇടവകയുടെ സ്ഥാപനമുണ്ടായത്.ഇപ്രകാരമുള്ള അടിസ്ഥാനത്തില്‍ ഇടവകസ്ഥാപിക്കുന്നതുപോലെ തന്നെയാണ്, വിശ്വാസികളുടെ ആവശ്യപ്രകാരം മാത്രം മെത്രാന്‍ ഇടവക ഇല്ലാതാക്കുകയോ, പുനഃക്രമീകരണം നടത്തുകയോ ചെയ്യുന്നതും. അല്ലാതെയുള്ള മെത്രാന്റെ ഇടവകമാറ്റ പ്രഖ്യാപനങ്ങള്‍ അധികാരദുര്‍വിനിയോഗമായിരിക്കും. ഇപ്പറഞ്ഞ അടിസ്ഥാനങ്ങളൊന്നുമില്ലാതെയാണ് തലോരിലെ ഇടവകമാറ്റം നടത്തിയിട്ടുള്ളത്. ഇക്കാര്യം വിശദമായി മുകളില്‍ പ്രസ്താവിച്ചതാണല്ലോ. മാത്രമല്ല ഇടവക മാറ്റത്തിനുശേഷം തലോര്‍ ഇടവകയില്‍ രൂപതാധ്യക്ഷന്‍ നടപ്പിലാക്കിയ ക്രമീകരണങ്ങള്‍ വളരെ അപലപനീയവും അപഹാസ്യവും വിശ്വാസികള്‍ക്ക് ഏറെ ദുഷ്‌ക്കരവും ആയിരുന്നു എന്ന് കാണാനാവും. 33 വര്‍ഷക്കാലം ഇടവകപ്പള്ളിയായിരുന്ന ആശ്രമ ദേവാലയത്തെ ഇടവകക്കാര്‍ക്ക് അന്യമാക്കി തീര്‍ത്തു. ഇടവകക്ക് മറ്റൊരു ദേവാലയം പണിയിച്ചിരുന്നുമില്ല. അനുദിന ദിവ്യ ബലികള്‍ സിമിത്തേരിയിലും സെമിനാരി കപ്പേളയിലും ആണ് നടത്തിയത്. വിവാഹ കര്‍മ്മങ്ങള്‍ അയല്‍പക്ക ഇടവകകളില്‍ നടത്തണമെന്നും തലോര്‍ ആശ്രമ ദേവാലയത്തില്‍ അനുവദിക്കുന്നതല്ലെന്നും കല്‍പ്പനയുണ്ടായി. മൃതസംസ്‌കാര ശുശ്രൂഷയില്‍ മൃതശരീരം പോലും ആശ്രമ ദേവാലയത്തില്‍ കയറ്റാതിരിക്കാനായി പ്രസ്തുത കര്‍മ്മം മൃതസംസ്‌കാര ശുശ്രൂഷയില്‍ നിന്ന് ഒഴിവാക്കുകയും മൃതദേഹം ദേവാലയത്തില്‍ കയറ്റാതെ നേരിട്ട് സെമിത്തേരിയില്‍ കൊണ്ടുപോയി അടക്കണമെന്നുമായിരുന്നു ഇടവകക്കാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഈ നടപടികളെല്ലാം ക്രിസ്തീയമോ മാനുഷികം പോലുമോ എന്ന് പറയാനാകുമോ? 85 വര്‍ഷക്കാലം തലോരിലെ കത്തോലിക്കര്‍ക്ക് സി.എം.ഐ. വൈദികരില്‍നിന്ന് ലഭിച്ച നല്ല ആത്മീയ ശിക്ഷണം ഒന്നുകൊണ്ടുമാത്രമാണ് മേല്‍പ്പറഞ്ഞ ദുഷ്‌ക്കര സാഹചര്യങ്ങളില്‍പോലും വിശ്വാസികള്‍ ശാന്തതയും മാന്യതയും പുലര്‍ത്തിയതെന്നാണ് അങ്ങ് കരുതേണ്ടത്. പക്ഷെ മനുഷ്യരുടെ ക്ഷമക്കും ശാന്തതയ്ക്കും അതിരുകളും പരിധികളും ഉണ്ടെന്ന കാര്യം അങ്ങ് മനസ്സിലാക്കണം.
സമൂഹത്തിലെ ഒട്ടനവധി വിശ്വാസികളും സ്വതന്ത്ര സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും തലോര്‍ വിശ്വാസികളോട് ചേര്‍ന്ന് തലോര്‍ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ് എന്ന് ഞാന്‍ മനസിലാക്കുന്നു. അതൊരു തീക്കളിയാകും എന്നാണ് കരുതേണ്ടത്. അതിന് വഴിയൊരുക്കാതെ, ഏപ്രില്‍30ന് മുമ്പ് തലോര്‍ പ്രശ്‌നത്തിന് നീതിയായ പരിഹാരം നടപ്പിലാക്കി തലോരില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നാണ് അങ്ങയോടുള്ള എന്റെ വിനീതമായ അപേക്ഷ. അതിനുവേണ്ടിയാണ് ഈ കത്ത് അങ്ങേയ്ക്കും അതിന്റെ കോപ്പി മേജര്‍ ആര്‍ച്ച് ബിഷപ്പിനും ഈ ഏപ്രില്‍ 14തിയ്യതി ഞാന്‍ രജിസ്റ്റര്‍ ചെയ്ത് അയക്കുന്നത്. ഏപ്രില്‍ 30ന് മുമ്പ് തലോര്‍ പ്രശ്‌നം നീതിയായി പരിഹരിക്കുന്നില്ലായെങ്കില്‍ ഈ കത്ത് സമൂഹത്തിന്റെ പരിഗണനക്കായി പരസ്യപ്പെടുത്തുമെന്ന കാര്യവും അങ്ങയെ അറിയിക്കുകയാണ്.
സഭാ സ്‌നേഹികളെ വാര്‍ത്താമാധ്യമ പ്രവര്‍ത്തകരെ,
മെയ് 5 വരെ എന്റെ തുറന്ന കത്തിന് ആര്‍ച്ച് ബിഷപ്പിന്റെ മറുപടി ലഭിച്ചില്ല. അനീതിയായ ഇടവകമാറ്റനടപടി പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്തിട്ടില്ല. തന്‍മൂലം ഈ തുറന്ന കത്ത് പ്രസിദ്ധീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. സഭയില്‍ അനീതിയും അധികാരദുര്‍വിനിയോഗവും തേര്‍വാഴ്ച്ച നടത്താതിരിക്കണം എന്ന സമുന്നതമായ ക്രിസ്തീയ ആദര്‍ശത്തിലാണ് ഞാന്‍ ഇത് സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്നത്. സഭയെ സ്‌നേഹിക്കുന്നവരെല്ലാം സഭയിലെ അധികാര ദുര്‍വ്വിനിയോഗത്തിനും അനീതികള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കാന്‍ കടപ്പെട്ടവരാണ്. സഭാമക്കളുടെ, പ്രത്യേകിച്ച് സന്ന്യസ്തരുടെയും അല്മായരുടേയും അന്ധമായ അനുസരണവും വിധേയത്വവുമാണ് സഭാധികാരികളുടെ അനീതികളെ പ്രോത്സാഹിപ്പിച്ച് ഇത്രയും ദുഷ്‌കരമായ സ്ഥിതിയിലെത്തിച്ചതെന്ന് ഇനിയെങ്കിലും നാം കണ്ണുതുറന്ന് കണേണ്ടവരും, സഭാധികാരികളുടെ തെറ്റുകള്‍ ചൂണ്ടികാണിക്കാന്‍ ധൈര്യമുള്ളവരും ആകേണ്ടിയിരിക്കുന്നു. ഇത് സഭാംഗങ്ങളുടെ കടമയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇക്കാര്യം ശക്തമായി പ്രബോധിപ്പിച്ചിട്ടുണ്ട് മാര്‍ വര്‍ക്കി വിതയത്തിലിന്റെ വാക്കുകള്‍ എല്ലാവര്‍ക്കും ധൈര്യം പകരട്ടെ : “അനീതിയെ എതിര്‍ക്കണം; നീതിക്ക് വേണ്ടിയുള്ള കരച്ചില്‍ ഉച്ചത്തിലാകണം”.സഭയിലെ അനീതികള്‍ക്കും അധികാരദുര്‍വിനിയോഗങ്ങള്‍ക്കും എതിരെ “കൂനന്‍കുരിശ്‌സത്യം” പോലൊരു കുരിശുസത്യം ഇക്കാര്യത്തിനു വേണ്ടി തൃശൂരില്‍ ഉണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ. ഇക്കാര്യത്തില്‍ സഹകരിക്കേണ്ടത് സഭാമക്കളുടേയും കത്തോലിക്കാപ്രസിദ്ധീകരണങ്ങളുടേയും വാര്‍ത്താമാധ്യമങ്ങളുടേയും ധാര്‍മ്മിക കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം
ഫാ. ഡേവീസ് കാച്ചപ്പിള്ളി. സി.എം.ഐ (ഒപ്പ്)
സ്വാമി അച്ചനെ ജെസിസി ഭാരവാഹികള്‍ സന്ദര്‍ശിച്ചപ്പോൾ


No comments:

Post a Comment