Wednesday, June 20, 2012

സീറോ മലബാര്‍ സഭ ചീഞ്ഞുനാറുന്നു?

Frdavis Kachappilly
Fr. Davis Kachappilly

അന്തശ്ചിദ്രങ്ങളില്‍ നശിക്കുന്ന സീറോ മലബാര്‍ സഭ
                                                  (ഫാ.ഡേവീസ് കാച്ചപ്പിള്ളി)    
                     
                                                                     
സഭയിലെ വെട്ടിപ്പിടിക്കലുകളും തന്മൂലം ഉള്ള അന്തഛിദ്രങ്ങളും സഭ മുഴുവനിലും ദുര്‍ഗന്ധം വമിപ്പിച്ച് കൊണ്ടിരിക്കുന്നു. പല പ്രശ്‌നങ്ങളും പ്രാദേശികമായി തീര്‍പ്പാക്കുവാന്‍ കഴിയാത്തവിധം പഴുത്ത് വൃണമായിരിക്കുന്നു. സഭയുടെ യഥാര്‍ത്ഥ പ്രശ്‌നം പുറമെ നിന്നല്ല, ഉള്ളിലുള്ളവരില്‍ നിന്ന് തന്നെയാണ്. സഭയുടെ ശത്രുക്കള്‍ സഭയ്ക്കുള്ളില്‍ തന്നെ. അത്തരം പ്രശ്‌നങ്ങളെയും പ്രശ്‌നക്കാരെയും ബുദ്ധിയും വിവേകവും ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതിലാണ് സഭാനേതൃത്വത്തിന്റെ പ്രസക്തിയും പ്രാഗത്ഭ്യവും എന്നുള്ള ജൂണ്‍ 13 ലെ സത്യദീപം എഡിറ്റോറിയല്‍ ശ്രദ്ധേയമായി.
കേരളസുറിയാനി സഭയ്ക്കുള്ളിലെ ചീഞ്ഞുനാറുന്ന പ്രശ്‌നങ്ങളില്‍ ചിലതായ ഞാറയ്ക്കല്‍ സ്‌കൂള്‍ പ്രശ്‌നവും തലോര്‍ ഇടവകമാറ്റ പ്രശ്‌നവും സത്യദീപത്തില്‍ പ്രത്യേകം പ്രസ്താവിച്ചിരിക്കുന്നു. അതില്‍ പറയുന്നതുപോലെ ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി ഒരു മേശയ്ക്കു ചുറ്റുമിരുന്ന് യഥാര്‍ത്ഥ്യബോധത്തോടെ കൈകാര്യം ചെയ്യുന്നതിലുള്ള സഭാനേതൃത്വത്തിന്റെ അലംഭാവമാണ് പ്രശ്‌നങ്ങളെ ഇത്രത്തോളം രൂക്ഷമാക്കിയത്. തലോര്‍ പ്രശ്‌നത്തില്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നിയോഗിച്ച മെത്രാന്‍സമിതി യഥാര്‍ത്ഥ വസ്തുതകള്‍ അവഗണിച്ച് തൃശൂര്‍ രൂപതാകേന്ദ്രത്തിന്റെ സത്യസന്ധമല്ലാത്ത പ്രസ്താവനമാത്രം മുഖവിലയ്ക്ക് എടുത്തത് ഇതിനൊരുദാഹരണമാണ്. മെത്രാന്‍സമിതി തലോരിലെത്തി വിശ്വാസികളെ കാണുമെന്ന് പ്രസ്താവന ഉണ്ടായെങ്കിലും, തലോരിലെത്തിയത് സമിതിയല്ല, സമിതിയുടെ നീതിപൂര്‍വ്വകമല്ലാത്ത തീരുമാനമായിരുന്നു (തൃശൂര്‍ രൂപതാ ബുള്ളറ്റിന്‍ മാര്‍ച്ച് 2011). തലോര്‍ പ്രശ്‌നത്തിന്റെ അടിസ്ഥാനം ഇടവകമാറ്റത്തെക്കുറിച്ച് മെത്രാന്‍ വിശ്വാസികളുടെ അഭിപ്രായം അന്വേഷിച്ചില്ല എന്നതാണ്. അത് വളരെ ഗൗരവമായ പ്രശ്‌നമാണ്, മെത്രാന്റെ ഭാഗത്തുനിന്നുള്ള തെറ്റാണ്. സ്വകാര്യനേട്ടങ്ങളും ദുരഭിമാനവും അധികാരപ്രമത്തതയും കൈവെടിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ നീതിപൂര്‍വ്വം പരിഹരിക്കാനാകും. അല്ലാത്തപക്ഷം സീറോ മലബാര്‍ സഭ ദാരുണമായി നശിക്കും. നാശത്തിന്റെ എല്ലാ ലക്ഷണങ്ങളും സഭയില്‍ വര്‍ദ്ധമാനമായി കണ്ടുകൊണ്ടിരിക്കുകയാണ്.
സഭയെ പടുത്തുയര്‍ത്താന്‍ കടപ്പെട്ടവരായ കേരള കത്തോലിക്കാ മെത്രാന്മാരുടെ ഇക്കഴിഞ്ഞ സമ്മേളനം ലക്ഷ്യം വച്ച് ചര്‍ച്ച ചെയ്തത് രാഷ്ട്രനിര്‍മ്മാണവും ജനാധിപത്യസംരക്ഷണവുമായിരുന്നു. ഇത് കേട്ടപ്പോള്‍ ലജ്ജ തോന്നി. സഭയെ സത്യത്തിലും നീതിയിലും ദൈവസ്‌നേഹത്തിലും ക്രിസ്തീയ കൂട്ടായ്മയിലും വളര്‍ത്തുന്നതിലുപരി സഭയ്ക്ക് ചെയ്യാവുന്ന മറ്റൊരു രാഷ്ട്രനിര്‍മ്മാണമില്ല. ക്രിസ്ത്യാനികളും ക്രിസ്തീയ കുടുംബങ്ങളും നന്നായാല്‍ സഭയും രാഷ്ട്രവും നന്നാവും. പക്ഷേ സഭയില്‍ ഇന്ന് കാണുന്നത് എന്താണ്? സഭയാകുന്ന കുടുംബത്തെ പരിപാലിക്കാന്‍ നോക്കാതെ നാട് നന്നാക്കാന്‍ നടക്കുന്ന അജപാലകര്‍! സ്വന്തം കണ്ണിലെ തടി കാണാതെ അന്യന്റെ കണ്ണിലെ കരട് എടുക്കാന്‍ ശ്രമിക്കുന്ന ഹതഭാഗ്യര്‍! അജഗണത്തെ ദാരുണമായ കഷ്ടതകളില്‍ അമര്‍ത്തി സമൂഹത്തില്‍ നല്ല ഇടയനായി അഭിനയിക്കുന്നവര്‍! തലോരിലെ മതമര്‍ദ്ധനത്തിലൂടെ ദാരുണമായി മുറിവേറ്റവരെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും രൂപതാധ്യക്ഷന്‍ തിരിഞ്ഞുനോക്കിയിട്ടില്ല! തലോരും ഞാറയ്ക്കലും കൊട്ടേക്കാടും ഒല്ലൂരും സിനിമ സംവിധായകര്‍ കണ്ണു വെച്ചിരിക്കുന്നതായി കേള്‍ക്കുന്നു. കന്യാസ്ത്രീ മഠത്തിലെ അക്രമങ്ങളും അരമനമുറ്റത്ത് സ്വാമിയച്ചന്റെ അറസ്റ്റും പോലീസ് കാവലില്‍ സിമിത്തേരി കുര്‍ബ്ബാനകളും കൊട്ടേക്കാട് പള്ളിക്കകത്തെ കൂട്ടത്തല്ലും അതുപോലെ പലതും കാണികള്‍ക്ക് ഹരമാകും. സീറോ മലബാര്‍ സഭ വട്ടപൂജ്യമാകാന്‍ ഇതിലുപരി എന്താണ് വേണ്ടത്. എല്ലാം എതിര്‍ സാക്ഷ്യങ്ങള്‍. സഭനശിക്കുന്നതിന്റെ ലക്ഷണങ്ങള്‍! സത്താന്റെ ശക്തിയേറിയ പ്രലോഭനങ്ങളെ ജയിക്കാന്‍ സഭാനേതൃത്വം രക്ഷകന്റെ കരം പിടിച്ച് മുന്നേറേണ്ടിയിരിക്കുന്നു. സഭാധികാരികള്‍ കണ്ണു തുറക്കുമോ?

Fr. Davis Kachappilly CMI,
Carmelgiri Ashram, Kormala
Kuttichira P.O., 680 724.
Ph: 949 717 9433.
Email: frdaviskachappilly@yahoo.in
http://facebook.com/frdaviskachappilly

No comments:

Post a Comment