Saturday, March 28, 2015

സഭയിലെ കയ്യാഫാസിയന്‍ പ്രീസ്റ്റ്


saji-narayanan
ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിക്കണം March 28, 2015 
ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന് ആര്‍എസ്എസ് സംസ്ഥാനസമിതിയംഗവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷനുമായ അഡ്വ. സി.കെ. സജി നാരായണന്‍ എഴുതിയ തുറന്നകത്ത്

Courtesy: ജന്മഭൂമി: http://www.janmabhumidaily.com/news277293


ആദരണീയ ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ അവര്‍കള്‍ക്ക,ഐഎസ് എന്ന ആഗോള ഭീകരസംഘടനയെയും ആര്‍എസ്എസിനേയും തുലനംചെയതുകൊണ്ടുള്ള പ്രസ്താവന അങ്ങയുടെ ഭാഗത്തുനിന്നും ഉണ്ടായത് ലക്ഷക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകരെയും അനുഭാവികളെയും ദേശസ്നേഹികളെയും വേദനിപ്പിച്ചിരിക്കുകയാണ്.ഫേസ്ബുക്കിലും മറ്റും കാണുന്ന പ്രതികരണങ്ങള്‍ ആശാസ്യമല്ലാത്ത തലങ്ങളിലേക്ക് പ്രശ്‌നത്തെ വലിച്ചിഴക്കുന്നു. ഐഎസ് എന്താണെന്നോ ആര്‍എസ്എസ് എന്താണെന്നോ തിരിച്ചറിയാനാകാതെ പുറപ്പെടുവിച്ച പ്രസ്താവനയായി ഇതിനെ കാണുകവയ്യ. നമ്മുടെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരിലെ മിക്കമന്ത്രിമാരും മാത്രമല്ല ആര്‍എസ്എസുമായി ബന്ധപ്പെട്ട് ഭാരതം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന 44 ഓളം വ്യത്യസ്ത സംഘടനകളുടെ സമുന്നതരായ നേതാക്കളുമൊക്കെയടങ്ങുന്ന രാജ്യത്തിന്റെ ഇന്നത്തെ നേതൃത്വം കറകളഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നിരിക്കെ അങ്ങയുടെ പ്രസ്താവന ഞങ്ങളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുന്നു.പ്രസ്താവന പിന്‍വലിച്ചുകൊണ്ടേ ആ മുറിവുണക്കാന്‍ കഴിയുകയുള്ളൂ. ആര്‍എസ്എസും ബന്ധപ്പെട്ട സംഘടനകളും കുറെക്കാലമായി ക്രിസ്തീയ സമുദായവുമായി വളരെയധികം സൗഹൃദത്തോടെയാണ് മുന്നോട്ടുപോകുന്നത്.ബിജെപി,ബിഎംഎസ്,എബിവിപി തുടങ്ങിയ ബഹുജനസംഘടനകളുടെ വ്യത്യസ്തതലങ്ങളില്‍ ക്രിസ്ത്യന്‍ സഹോദരന്മാര്‍ ആവേശത്തോടെ കൂടുതല്‍ കൂടുതലായി നേതൃനിരയില്‍വരെ പ്രവര്‍ത്തിക്കുന്നു. സര്‍വ്വപന്ഥ സമാദര്‍ മഞ്ച്, ന്യൂനപക്ഷ മോര്‍ച്ച തുടങ്ങിയ സംഘടനകളിലൂടെ ഭാരതത്തിന്റെ മഹനീയമായ മതസൗഹാര്‍ദ്ദ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വ്യത്യസ്തമതസമൂഹങ്ങളിലെ സഹോദരന്മാര്‍ ദേശീയധാരയില്‍ തോളോടു തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുന്‍ സര്‍സംഘചാലക് ശ്രീ സുദര്‍ശന്‍ജിയുടെ നേതൃത്വത്തില്‍ കേരളത്തില്‍വച്ചു നടന്ന ക്രിസ്ത്യന്‍ ഡയലോഗില്‍ നിരവധി ക്രൈസ്തവ മതനേതാക്കള്‍ പങ്കെടുത്തതാണല്ലോ. ദേശീയ സംസ്‌കാരം, രാജ്യസ്‌നേഹം എന്നിവയിലധിഷ്ഠിതമായ ‘സാംസ്‌കാരിക ദേശീയത’യെ അംഗീകരിക്കുന്ന നിരവധിപേര്‍ ജാതിമതഭേദമെന്യേ ആര്‍എസ്എസിലും ബന്ധപ്പെട്ട സംഘടനകളിലും സക്രിയമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും ക്രിസ്തീയ സമുദായവുമായി ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുവാന്‍ ആര്‍എസ്എസ് പ്രചാരകനായിരുന്ന പ്രധാനമന്ത്രിതന്നെ പ്രത്യേകം മുന്‍കയ്യെടുത്തുചെയ്ത ശ്രമങ്ങള്‍ നമുക്ക് മറക്കാറായിട്ടില്ലല്ലോ. ദല്‍ഹിയിലെ സംഭവത്തിനുശേഷം ക്രിസ്ത്യന്‍ സമുദായത്തിന്റെ പരിപാടിയില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുകയുണ്ടായി. രാജ്യത്ത് ഹിന്ദുമതസംഘടനകളും ക്രിസ്തീയ സംഘടനകളും തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യത പ്രധാനമായും ‘മതപരിവര്‍ത്തന’മെന്ന പ്രശ്‌നത്തിലാണ്. അതും ഈ സൗഹൃദാന്തരീക്ഷത്തില്‍ രമ്യമായി ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ അങ്ങയേപ്പോലുള്ളവര്‍ മുന്‍കൈ എടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. ഹിന്ദു-ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വം വിള്ളലുണ്ടാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അജ്ഞാതകേന്ദ്രങ്ങളില്‍നിന്നും ശ്രമം നടക്കുന്നുവെന്നാണ് മഹാരാഷ്ട്രയിലെ പനവേല്‍ പള്ളിയിലെയും കര്‍ണാടകയിലെയും മറ്റും സംഭവങ്ങളില്‍നിന്നും മനസ്സിലാക്കേണ്ടത്. ഇവയൊക്കെ ഇരുസമുദായങ്ങളിലേയും നേതൃത്വങ്ങളുടെ പക്വമായ സൗഹാര്‍ദ്ദനീക്കങ്ങളിലൂടെ പരിഹരിക്കപ്പെടേണ്ടവയാണ്. ഇത്തരത്തിലുള്ള സാഹചര്യത്തിലാണ് അങ്ങയുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രകോപനപരവും അപക്വവുമായ പ്രസ്താവന പലരെയും വേദനിപ്പിച്ചത്. ആര്‍എസ്എസിനെതിരെ രാഷ്ട്രീയമായും അല്ലാതെയും ഉണ്ടാകുന്ന നിരുത്തരവാദപരമായ പലതരം പ്രസ്താവനകളുടെ കൂട്ടത്തില്‍ അങ്ങയെപ്പോലെ ആദരണീയമായ സ്ഥാനം വഹിക്കുന്ന ഒരാളുടെ പ്രസ്താവനയെ ചേര്‍ത്തുവായിക്കുവാന്‍ പ്രയാസമുണ്ട്. ആര്‍എസ്എസ് വിഭാവനചെയ്യുന്ന ഹിന്ദുരാഷ്ട്രം ഭാരതത്തിന്റെ അതിമനോഹരമായ സാംസ്‌കാരിക പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ്. അനാദി കാലംമുതല്‍ ഹിന്ദുസംസ്‌കാരമായി ലോകംമുഴുവന്‍ അറിയപ്പെടുന്നത് സഹിഷ്ണുത,സര്‍വമത സമാദരം,മതസ്വാതന്ത്ര്യം,നാനാത്വത്തില്‍ ഏകത്വം, സത്യാന്വേഷണം, ശാസ്ത്രാഭിമുഖ്യം,സമദര്‍ശനം,അഹിംസ,പശുദയ,സമന്വയം, ജനായത്തം മുതലായവയാണ്. ഈ സാംസ്‌കാരിക സവിശേഷതകള്‍ അംഗീകരിച്ച നിരവധി ക്രിസ്ത്യന്‍, മുസ്ലിം നേതാക്കള്‍ അഭിമാനപൂര്‍വ്വം തങ്ങള്‍ ഹിന്ദുക്കളാണ് എന്ന് പറഞ്ഞിട്ടുള്ളതോര്‍ക്കുക. ഭാരതത്തിലുള്ള ഒരു മതസ്ഥരും ഈ സംസ്‌കാരത്തില്‍നിന്നും വേറിട്ടവരാണെന്നു കരുതേണ്ടതില്ല. പശ്ച്ചാത്യമായ സെമിറ്റിക് സംസ്‌കാരം ഈ മഹത്തായ ഹിന്ദുസംസ്‌കാരത്തില്‍നിന്നും ചരിത്രപരമായി വ്യത്യസ്തമാണ്.ഐഎസ് എന്ന മുസ്ലിം ഭീകരസംഘടനയെകൊണ്ട് എതിരാളികളുടെ കഴുത്തറക്കുവാനും തീയിട്ടു ചുട്ടുകൊല്ലുവാനും പ്രേരിപ്പിക്കുന്നത് സെമിറ്റിക് ചരിത്രം അവരെ പഠിപ്പിച്ച അസഹിഷ്ണുതയുടെ സംസ്‌കാരമാണ്. ഇതേഅസഹിഷ്ണുതയുടെ സംസ്‌കാരമാണ് ക്രിസ്തീയസഭയെക്കൊണ്ട് ജോവാന്‍ ഓഫ് ആര്‍ക്കിനെയും ബ്രൂണോയെയുംപോലുള്ളവരെ ചുട്ടെരിപ്പിച്ചത്. സെമിറ്റിക് ലോകത്തുമുഴുവന്‍ പീഡനം ഏറ്റുവാങ്ങിയ ജൂതര്‍ക്കും പാര്‍സികള്‍ക്കും അഭയമായതു ഹിന്ദുക്കളാണ്.എന്തിനേറെ, വേറിട്ടുചിന്തിച്ചതിന്റെ പേരില്‍ സെമിറ്റിക് സംസ്‌കാരം ക്രിസ്തുവിനെ കുരിശിലേറ്റി; എന്നാല്‍ ഭാരതത്തിലാകട്ടെ മതത്തെയും ദൈവത്തെയും നിന്ദിച്ച ചര്‍വ്വാകനെയും ബുദ്ധനെയും ഋഷിതുല്യരായി ഹിന്ദുക്കള്‍ കണക്കാക്കി. ഈ സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ഇവിടെ ജനിച്ചുവളര്‍ന്ന എല്ലാവരും ഈ സംസ്‌കാരത്തിലാണ് അഭിമാനം കൊള്ളേണ്ടത്.1948 ലും 1975ലും ആര്‍എസ്എസിനെ ദ്രോഹിച്ചവരോട് ‘മറക്കുക പൊറുക്കുക’എന്നാണ് നേതൃത്വം നിര്‍ദ്ദേശിച്ചത്. അടിയന്തരാവസ്ഥയില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയവരാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. 1963ല്‍ ആര്‍എസ്എസ്സുകാരുടെ അച്ചടക്കത്തിനും ദേശസ്നേഹത്തിനും അംഗീകാരമെന്നനിലയില്‍ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു ക്ഷണിച്ചതറിയാമല്ലോ.സംഘര്‍ഷമുണ്ടാക്കുക എളുപ്പമാണ്, പരിഹരിക്കുവാന്‍ വിശാലഹൃദയം വേണം. സമുദായനേതൃത്വത്തില്‍ ഇരിക്കുന്നവരുടെ അപക്വമായ പെരുമാറ്റം അണികളെ വഴിതെറ്റിക്കും. എല്ലാ ജാതിമതവിഭാഗങ്ങളും ശാന്തിയോടെ സഹോദരീസഹോദരന്മാരെ പോലെ ജീവിക്കുന്ന മനോഹരമായ ഭാരതസങ്കല്‍പ്പത്തിലേക്ക് നാം എല്ലാവരും ഒന്നിച്ചുമുന്നേറേണ്ടിയിരിക്കുന്നു. അങ്ങേല്‍പ്പിച്ച മുറിവുണക്കാന്‍ പ്രസ്താവന പിന്‍വലിക്കുവാന്‍ സര്‍വ്വേശ്വരന്‍ അങ്ങയെ പ്രേരിപ്പിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അങ്ങയുടെ സഹോദരന്‍, സി.കെ. സജി നാരായണന്‍

ജന്മഭൂമി: http://www.janmabhumidaily.com/news277293

No comments:

Post a Comment