പെണ്‍കുട്ടികളുടെ കയറ്റുമതി
ഫാ: ജോസഫ് വടക്കന്‍ 09 Mar 2015
Courtesy: http://www.mathrubhumi.com/books/article/memories/3213/
ഫാദര്‍ ജോസഫ് വടക്കന്റെ 'എന്റെ കുതിപ്പും കിതപ്പും' എന്ന ആത്മകഥയില്‍ നിന്ന് ഒരു ഭാഗം
കേരളത്തിലെ പെണ്‍കുട്ടികളെ ഇറ്റലിയിലേക്കും ജര്‍മനിയിലേക്കും കയറ്റിയയയ്ക്കുന്ന ഏജന്റുമാരില്‍ ഒരാള്‍ കുണ്ടുകുളം മെത്രാനായിരുന്നു. നൂറുകണക്കിനു പെണ്‍കുട്ടികളെ വിദേശത്തേക്കു വിട്ട പുല്ലഴി കേന്ദ്രത്തിന്റെ തലവന്‍ ഈ മെത്രാനാണ്. ഈ തുറയില്‍ ദശലക്ഷക്കണക്കിനു രൂപ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടികളെ അയയ്ക്കുന്ന ഈ ഏര്‍പ്പാടിനെ ഞാന്‍ പരസ്യമായി എതിര്‍ത്തു. പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ ഇറ്റലിയിലേക്കു പോയിരുന്ന എം.എക്കാരി ഒരു മലയാളികന്യാസ്ത്രീ അയച്ച കത്ത് തൊഴിലാളി സണ്‍ഡേ സപ്ലിമെന്റില്‍ ഞാന്‍ പ്രസിദ്ധപ്പെടുത്തി.
ഇന്ത്യന്‍ പെണ്‍കുട്ടികളെ പാശ്ചാത്യരാജ്യങ്ങളിലേക്ക് അയയ്ക്കുന്നതില്‍ അടങ്ങിയ നാനാതരം അപാകതകളെയും അവരനുഭവിക്കുന്ന വിഷമതകളെയും വിവേചനങ്ങളെയും കുറിച്ച് ഏറ്റവും വസ്തുനിഷ്ഠമായും ഹൃദയസ്പൃക്കായും വിവരിച്ച ഒരു രേഖയായിരുന്നു ഈ കത്ത്. ആ കന്യാസ്ത്രീയെ വിട്ടത് ഇന്ത്യയിലെ പ്രൊനുണ്‍ഷിയോ ആയിരുന്ന കാപ്രിയോ തിരുമേനിയുടെയും കര്‍ദിനാള്‍ പാറേക്കാട്ടില്‍ തിരുമേനിയുടെയും ആശിസ്സുകളോടെയാണ്. കന്യാസ്ത്രീ കൊടുങ്കാറ്റുണ്ടാക്കിയ ഈ കത്തയച്ചത് ആത്മീയപിതാവായ ഒരു കപ്പൂച്ചിയന്‍ വൈദികനാണ്. ആ വൈദികന്‍ എന്നെ വന്നു കണ്ടു.
ഭാരതഭൂമിക്ക് അപമാനം വരുന്ന ഒരു കയറ്റിയയയ്ക്കലിനെപ്പറ്റി ഭാരതസഭയുടെ സാരഥികള്‍ പറഞ്ഞുവിട്ട വിദഗ്ധയായ ആ കന്യാസ്ത്രീ മനസ്സാക്ഷിശാന്തിക്കായി തുറന്നുപറഞ്ഞ വസ്തുതകളാണ് ഞാന്‍ പ്രസിദ്ധപ്പെടുത്തിയത്. തൊഴിലാളി സപ്ലിമെന്റില്‍ വന്ന ഈ പെണ്‍വ്യാപാരവാര്‍ത്ത യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ പത്രങ്ങള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. കേരളത്തിലെ വിദഗ്ധരും ദേശാഭിമാനികളുമായ ചില വൈദികരാണ് ഈ മലയാളലേഖനം ഇംഗ്ലീഷിലാക്കി ആ അന്തര്‍ദേശീയ പത്രങ്ങള്‍ക്ക് അയച്ചതെന്ന് പിന്നീടു ഞാന്‍ മനസ്സിലാക്കി. ലണ്ടന്‍ ടൈംസ് ഈ ലേഖനത്തിന്റെ നീതീകരണാര്‍ഥം അവരുടെ സ്വന്തം ലേഖകന്റെ പ്രത്യേക ലേഖനവും പ്രസിദ്ധീകരിച്ചു. ലോകമാകെ ഭൂകമ്പമായി. കേരളീയ പെണ്‍കുട്ടികളെ പടിഞ്ഞാറോട്ടു കയറ്റിയയച്ച ബിഷപ്പ് കുണ്ടുകുളത്തിനെയും അദ്ദേഹത്തിന്റെ സന്തതസഹചാരി ഫാ. വിളങ്ങാടനെയും ഏറ്റുമാനൂരിലെ കുപ്രസിദ്ധ പുത്തന്‍പുര അച്ചനെയും പ്രോത്സാഹിപ്പിച്ചിരുന്ന ആളും മാര്‍പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധിയും പിന്നീട് റോമന്‍ കൂരിയയില്‍ വമ്പിച്ച സ്വാധീനം ചെലുത്തത്തക്കവണ്ണം സ്ഥാനംകിട്ടിയ ആളുമായ ആര്‍ച്ചുബിഷപ്പ് കാപ്രിയോയും അപാകതയും അപമാനവും നിറഞ്ഞ ഈ 'വ്യാപാര'ത്തിനു കൂട്ടുനിന്ന മറ്റു പല മഹാരഥന്മാരും പ്രതിക്കൂട്ടിലായി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ 'പെണ്‍പിള്ളവ്യാപാര'ത്തെപ്പറ്റി പ്രതിഷേധധ്വനി മുഴങ്ങി. റോം അസ്വസ്ഥമായി. ഉടനെ ഈ പ്രശ്‌നത്തെപ്പറ്റി അന്വേഷിക്കാന്‍ മാര്‍പാപ്പ ഒരു പൊന്തിഫിക്കല്‍ കമ്മീഷനെ വെച്ചു.
ഇതിനെല്ലാം അടിസ്ഥാനമിട്ടത് തൊഴിലാളിയിലെ കത്താണ്. തൊഴിലാളി പ്രഥമതഃ പ്രസിദ്ധീകരിച്ചതും ലോകപ്രസിദ്ധമായതുമായ ആ കത്തിന്റെ പരിപൂര്‍ണരൂപം താഴെ ചേര്‍ക്കട്ടെ:
റോമ,
12-11-1969
ഡിയര്‍ റവ. ഫാദര്‍
സ്‌നേഹപൂര്‍വം അയച്ച കത്തിനും പ്രത്യേകമായ ആശംസകള്‍ക്കും നല്ല വാക്കുകള്‍ക്കും ഹൃദയംഗമമായ നന്ദി. വീട്ടിലെ വിവരങ്ങളെല്ലാം വിശദമായി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷവും കൃതജ്ഞതയുമുണ്ട്. കഴിഞ്ഞമാസം പത്താംതീയതി അയച്ചെങ്കിലും ഈ നാട്ടിലെ പോസ്റ്റോഫീസില്‍ എപ്പോഴും സ്‌ട്രൈക്ക് നടക്കുന്നതുകൊണ്ട് വളരെ താമസിച്ചാണ് കിട്ടിയത്. ഈ കത്ത് എന്ന് അവിടെ എത്തിച്ചേരുമെന്ന് അറിഞ്ഞുകൂടാ.
'കത്തോലിക്കരുടെ തലസ്ഥാന'ത്തെക്കാള്‍ നൂറിരട്ടി ഭേദമാണു നമ്മുടെ നാട്. ഇവിടെ വരുന്നവരെല്ലാം ഇതു പറഞ്ഞാണ് തിരിച്ചുപോകുക. തിരുസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പരിശുദ്ധപിതാവിനെ കാണാനും കഴിയും. എന്നാലും ചിലപ്പോള്‍ ഓര്‍ത്തുപോകും നമ്മുടെ പൂര്‍വികന്മാര്‍ അടക്കപ്പെട്ടിരിക്കുന്ന സെമിത്തേരിയില്‍, ഇതിനെക്കാള്‍ ഭയഭക്തിയോടെ ശാന്തമായിരുന്നു പ്രാര്‍ഥിക്കാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനും കഴിയുമെന്ന് എന്റെ ബോധ്യത്തില്‍നിന്നു ഞാന്‍ എഴുതുകയാണ്.
പിന്നെ വത്തിക്കാന്‍ സൂനഹദോസ് ഇവിടെയാണോ നടന്നതെന്ന് ഇവിടെ വരുന്നവര്‍ സംശയിച്ചേക്കും. കാരണം, ആ ഡിക്രികളില്‍ പറഞ്ഞിരിക്കുന്ന ഒരൊറ്റ വാചകമെങ്കിലും ഇവര്‍ യഥാര്‍ഥത്തില്‍ അനുസരിച്ചിട്ടുണ്ടെന്നു പറയാന്‍ തോന്നുന്നില്ല. യാഥാസ്ഥിതികത്വത്തിന്റെ മൂര്‍ത്തീകരണമാണിവിടം. ഇവര്‍ക്കു പുതുമയോടെല്ലാം വെറുപ്പാണ്. എത്ര നല്ലതാണെന്നു വ്യക്തമായാലും, പഴയത് എത്ര ചീത്തയാണെങ്കിലും, ഒരുപക്ഷേ, അനീതിയും പാപവുമാണെങ്കിലും ശരി ചത്താലും കൈവിടില്ല. ഇതാണ് കത്തോലിക്കരുടെ തലസ്ഥാനമായ 'റോമ.'
കര്‍ത്താവിന്റെ വരവിനൊരുങ്ങിയ യൂദായോടു ചേര്‍ന്നുപോകും. യേശുവിന്റെ വാക്യങ്ങള്‍ക്ക് അവര്‍ യാതൊരു വിലയും കല്പിച്ചില്ലല്ലോ. അതുപോലെത്തന്നെ യേശുവിന്റെ സുവിശേഷോപദേശങ്ങള്‍ ഇവിടെയും വിലപ്പോകില്ല. പുറമേയുള്ള മിനുക്കുപണിയില്‍ മാത്രം ശ്രദ്ധിക്കുന്നു.
എനിക്ക് ഇവിടെ ധാരാളം ജോലിയുണ്ട്. വായിക്കാനും പഠിക്കാനും കഴിയുന്നില്ല. എല്ലാം വായിക്കാനും അറിയാനും ആഗ്രഹിക്കുന്ന ബുദ്ധിയും മനസ്സുമാണ് എനിക്കുള്ളത്. കുറച്ചു കഴിഞ്ഞാല്‍ സമയം കിട്ടുമെന്നു ഞാന്‍ ആശിക്കുന്നു. അടുത്തകാലത്തു കേരളത്തില്‍നിന്ന് ഒരു (കൊള്ളരുതാത്ത എന്നുതന്നെ പറയട്ടെ) അച്ചന്‍ പറഞ്ഞുവിട്ട കുറെ യുവതികളെ ഞാന്‍ കണ്ടു; പരിചയപ്പെട്ടു. ആശയങ്ങള്‍ നന്നായി കൈമാറാന്‍ അവസരം കിട്ടിയില്ല. കിട്ടാനായി ശ്രമിക്കും.
ദൈവാനുഗ്രഹത്താല്‍ ഈ കുട്ടികളെ ഇങ്ങോട്ടു പറഞ്ഞയച്ച അച്ചനെ ഞാനറിയുകയില്ല. കുട്ടികളില്‍നിന്നും ഇവിടത്തെ സഭകളില്‍നിന്നും ഒരുപോലെ പണം പോക്കറ്റിലാക്കി കുട്ടികളെ 'വില്ക്കുകയാണ്' (എന്നുതന്നെ പറയട്ടെ) അദ്ദേഹത്തിന്റെ തൊഴില്‍. ഇങ്ങനെ ഇവിടെ വരുന്ന കുട്ടികള്‍ ഏകദേശം ആയിരത്തില്‍ കവിയുമെന്നു തോന്നുന്നു. അവരെക്കുറിച്ചു കൂടുതല്‍ പഠിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. അങ്ങയെ ഞാന്‍ നിരന്തരം അനുസ്മരിച്ച് പ്രാര്‍ഥിക്കുന്നു. ദൈവംതന്നെ അങ്ങയുടെ ജോലിയെ വിജയത്തിലെത്തിക്കട്ടെ. പറഞ്ഞതുപോലെ കാശുരൂപം ഞാന്‍ അന്വേഷിച്ചുതരുന്നുണ്ട്. സ്‌ട്രൈക്ക് കാരണം താമസം വന്നേക്കും.
അടുത്ത ദിവസം ഈ ആശുപത്രിയിലെ ജോലിക്കാരെല്ലാം സ്‌ട്രൈക്ക് തുടങ്ങുന്നു. ഇതു മൂന്നാമത്തെ പ്രാവശ്യമാണ് ഞാന്‍ വന്നതിനുശേഷം പട്ടാളം സംരക്ഷണത്തിനായി വരുന്നത്. നല്ല ബഹളമാണ് എപ്പോഴും. ജര്‍മനിയിലും ബെല്‍ജിയത്തിലും ഓസ്‌ട്രേലിയയിലുമെല്ലാം മഠങ്ങളില്‍ കന്യാസ്ത്രീകള്‍ ഇല്ലാഞ്ഞിട്ട് ഗവണ്‍മെന്റിന് അവരുടെ ആശുപത്രികളെല്ലാം വിട്ടുകൊടുത്തുവരുന്നു. എനിക്കതില്‍ വലിയ അദ്ഭുതമില്ല. ഇവര്‍ പറയുന്നത് ഈ പുതിയ തലമുറ ചീത്തയായതുകൊണ്ടും, ഭൗതികമായതുമാത്രം ആഗ്രഹിച്ചു കഴിയുന്നതുകൊണ്ടുമാണെന്നാണ്. പക്ഷേ, അങ്ങനെ താറടിക്കാന്‍ പറ്റില്ല. ഇവരുടെ മഠങ്ങള്‍ വന്നുകണ്ടാല്‍, ഈ തീരുമാനത്തില്‍ കണ്ണുമടച്ചു വന്നുചേരാന്‍ പറ്റില്ല. നേരേമറിച്ചു സന്ന്യാസത്തിന്റെ അര്‍ഥം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇന്ന് ഇവിടെ ദൈവവിളി കുറവായത് എന്ന തീരുമാനത്തില്‍ എത്തിച്ചേരുവാന്‍ പ്രചോദനം കിട്ടും. യഥാര്‍ഥമായ സന്ന്യാസത്തിനു സാക്ഷ്യംവഹിക്കാന്‍ ഇന്ന് ഒരു മഠത്തിനും, ഒരു സന്ന്യാസിക്കും ഇവിടെ സാധിക്കുന്നില്ല. സന്ന്യാസികളില്‍നിന്നും അവരുടെ സ്ഥാപനങ്ങളില്‍നിന്നും വേണമല്ലോ സന്ന്യാസമെന്തെന്നു കാണാനും പഠിക്കാനും. ഗാന്ധിജിക്കു ക്രിസ്തുവിന്റെ തനിച്ഛായ പകര്‍ത്തിയ ക്രിസ്തുശിഷ്യനെ ക്രിസ്ത്യാനിയില്‍ കാണാന്‍ കഴിയാത്തതുപോലെ ഇവിടത്തെ സന്ന്യാസികളും ഒരുത്തമസന്ന്യാസിയെ ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ പരാജയപ്പെട്ടിരിക്കയാണ്. ഗാന്ധിജി അന്വേഷിച്ചതുപോലെ ഈ പുതിയ തലമുറയും അന്വേഷിക്കുന്നുണ്ട്. ആത്മാര്‍ഥമായി, എന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങയുടെ അഭിപ്രായം ഇക്കാര്യത്തില്‍ എന്താണ്?
http://www.mathrubhumi.com/books/article/memories/3213/
Mathrubhumi Books
No comments:
Post a Comment