Tuesday, March 24, 2015

ക്രൈസ്തവരെ അവഹേളിക്കുന്നത് ബിഷപ്പുമാരാണ്

ക്രൈസ്തവരെ അവഹേളിക്കുന്നത് ബിഷപ്പുമാരാണ് കൊലയാളികള്‍ക്ക് സംരക്ഷണം; കുഞ്ഞാടുകള്‍ പുറത്ത്
തൃശൂര്‍: ക്രൈസ്തവ സമൂഹം അരക്ഷിതാവസ്ഥയിലാണെന്ന് പ്രചരിപ്പിക്കുന്ന സഭാ നേതൃത്വം കൊലയാളികള്‍ക്കും സ്ത്രീ പീഡകര്‍ക്കും സംരക്ഷണം നല്‍കുന്നു. കര്‍ത്താവിന്റെ മണവാട്ടിമാരെ പീഡിപ്പിച്ച് കൊന്നവരും സഹപുരോഹിതനെ കൊന്നുതള്ളിയവരും സഭയുടെ തണലില്‍ വിശുദ്ധരും സുരക്ഷിതരുമാണ്. ലൈംഗിക അരാജകത്വവും സാമ്പത്തിക അധികാരത്തിനായുള്ള വടംവലികളും സഭയ്ക്കുള്ളില്‍ ഇരകളെ സൃഷ്ടിക്കുമ്പോള്‍ വേട്ടക്കാരോടൊപ്പമാണ് സഭാനേതൃത്വമെന്ന് ചരിത്രം തെളിയിക്കുന്നു. സീറോ മലബാര്‍ സഭയെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയ കേസായിരുന്നു കോട്ടയത്തെ മറിയക്കുട്ടിവധം. 1966 ജൂണ്‍ 16നാണ് ക്രിസ്തുമത വിശ്വാസിയായ മറിയക്കുട്ടി കൊല്ലപ്പെട്ടത്. വിധവയായ മറിയക്കുട്ടിയുമായി അവിഹിത ബന്ധമുണ്ടായിരുന്ന ഫാ.ബെനഡിക്ട് ഓണംകുളമായിരുന്നു കേസിലെ പ്രതി. വിചാരണക്കോടതി പ്രതിയെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. എന്നാല്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനെ രംഗത്തിറക്കി സഭാനേതൃത്വം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി ബെനഡിക്ടിനെ വെറുതെവിട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച അഭയ കേസിലും സഭാനേതൃത്വം കൊലയാളികള്‍ക്കൊപ്പം നിന്നു. പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ നിരപരാധികളായി ചിത്രീകരിച്ച് പള്ളികളില്‍ ഇടയലേഖനം പോലും വായിച്ചു. പ്രതിയാക്കപ്പെട്ടതിനുശേഷം ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയാണ് സഭ ചെയ്തത്. അന്വേഷണം അട്ടിമറിക്കാന്‍ ജുഡീഷ്യറിയെയും സിബിഐയെയും സഭ സ്വാധീനിച്ചു. ദുരൂഹമായ ഒട്ടനവധി മരണങ്ങളും ഇതിന്റെ തുടര്‍ച്ചയായുണ്ടായി. തെളിവുകള്‍ നശിപ്പിച്ചും അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയും മാഫിയാ സംഘങ്ങളെ വെല്ലുന്ന വിധമാണ് സഭയുടെ തലപ്പത്തുള്ളവര്‍ പെരുമാറിയത്. രണ്ടുപതിറ്റാണ്ടു പിന്നിട്ടിട്ടും അഭയയുടെ കുടുംബത്തിന് നീതി ലഭിക്കാത്തതും സഭയുടെ ഇടപെടല്‍ കൊണ്ടാണ്. തൃശൂര്‍ പാവറട്ടിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ജിസമോളുടെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള ഫാ. പോള്‍ പയ്യപ്പിള്ളിയെ സംരക്ഷിക്കുന്നത് സഭാനേതൃത്വത്തിന്റെ മറ്റൊരു ‘പുണ്യ’കര്‍മ്മം. 2005 ഡിസംബര്‍ അഞ്ചിനായിരുന്നു ജിസമോളുടെ മരണം. മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ജിസ കൊല്ലപ്പെടുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം അട്ടിമറിച്ചപ്പോള്‍ ജിസയുടെ കുടുംബം സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം പുരോഗമിക്കുന്നെങ്കിലും പ്രതിസ്ഥാനത്തുള്ള വികാരിയെ മാറ്റി നിര്‍ത്താനോ നടപടിയെടുക്കാനോ സഭ തയ്യാറായിട്ടില്ല. ബംഗളൂരുവില്‍ മലയാളിയായ ഫാദര്‍ കെ.ജെ. തോമസിനെ കൊലപ്പെടുത്തിയതിന് പോലീസ് പ്രതിചേര്‍ത്ത അഞ്ചുപേരില്‍ മൂന്നുപേര്‍ പുരോഹിതരാണ്. ഇതില്‍ ഫാ. ഏലിയാസ് ഡാനിയേല്‍, ഫാ. വില്യം പാട്രിക്, ഇവരുടെ സഹായി പീറ്റര്‍ എന്നിവര്‍ അറസ്റ്റിലായി. കര്‍ണാടക ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ.ജെ. ജോര്‍ജ് അന്വേഷണം അട്ടിമറിക്കുകയാണെന്നും കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. സംഭവത്തില്‍ കൂടുതല്‍ പുരോഹിതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. ക്രൈസ്തവ പീഡനമായി ചിത്രീകരിച്ച് തുടക്കത്തില്‍ പ്രതിഷേധവും പ്രാര്‍ത്ഥനയുമായി രംഗത്തെത്തിയ സഭാനേതൃത്വത്തിന് ഇപ്പോള്‍ മിണ്ടാട്ടമില്ല. ആദ്യ കുര്‍ബാനയ്ക്ക് വസ്ത്രം നല്‍കി പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായത് തൃശൂര്‍ തൈക്കാട്ട്‌ശേരി സെന്റ് പോള്‍സ് ചര്‍ച്ച് വികാരി ഫാ.രാജു കൊക്കന്‍. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിലെ ജീവനക്കാരിയെ ശീതളപാനീയത്തില്‍ ഉറക്കഗുളിക കലര്‍ത്തി ബലാത്സംഗം ചെയ്ത കേസിലും പുരോഹിതരാണ് പ്രതികള്‍. ഇരയാക്കപ്പെട്ട യുവതിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി വിധിക്കുകയുണ്ടായി. പോട്ടയിലെ ദുരൂഹമരണങ്ങളും പീഡനങ്ങളും അന്വേഷിക്കുക പോലും ചെയ്യരുതെന്നാണ് സഭയുടെയും ‘മതേതര’ സര്‍ക്കാരിന്റെയും നിലപാട്. ഏറ്റവുമൊടുവില്‍ ആലുവയില്‍, വൈദികന്റെ പീഡന ശ്രമം ചെറുത്ത കന്യാസ്ത്രീയെ പുറത്താക്കിയാണ് സഭ ‘നീതി’ നടപ്പിലാക്കിയത്. 
കെ. സുജിത്
ജന്മഭൂമി: http://www.janmabhumidaily.com/news276453

No comments:

Post a Comment