Protest March against Kothamangalam Diocese Led by Joint Christian Council on 11/09/2010 Police Blocked: The March (file photo) The March attacked by 'Bishop's Gundas led by priests of Kothamangalam Dioces' |
ഭാര്യ ജീവനൊടുക്കി;
വലംകൈയറ്റ ജോസഫിന്റെ നേര്‍പാതിയുമറ്റു
- See more at: http://www.mangalam.com/print-edition/keralam/161654#sthash.8YU0Zx5D.SV5bNKhP.dpuf
Story Dated: Thursday, March 20, 2014 01:13
മൂവാറ്റുപുഴ/കൊച്ചി: ചോദ്യക്കടലാസില്‍ പ്രവാചകനിന്ദയാരോപിച്ചു മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ കോളജ് അധ്യാപകന്റെ ഭാര്യ ജീവനൊടുക്കി. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന മൂവാറ്റുപുഴ നിര്‍മലാ കോളജ് ജംഗ്‌ഷനില്‍ തെങ്ങനാകുന്നേല്‍ പ്രഫ. ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി(49)യെ ഇന്നലെ ഉച്ചകഴിഞ്ഞു 2.30-നു വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച കൈവെട്ട് കേസില്‍ പ്രധാന സാക്ഷികളിലൊരാളാണു സലോമി ജോസഫ്. ഈമാസം 31-നു വിരമിക്കേണ്ട ജോസഫിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന ഉറപ്പ് കോളജ് മാനേജ്‌മെന്റ് ലംഘിച്ചതാണു സലോമിയുടെ മരണകാരണമെന്നു പോലീസ് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി.
മതഭ്രാന്തന്മാര്‍ കണ്‍മുന്നിലിട്ടു ഭര്‍ത്താവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചപ്പോഴും പതറാതെ പിടിച്ചുനിന്ന സലോമി മരണത്തില്‍ അഭയം തേടിയെന്നതു വിധിവൈപരീത്യമായി. ചോദ്യവിവാദത്തേത്തുടര്‍ന്നുണ്ടായ ഭീഷണികളും ഭര്‍ത്താവിനു നേരിട്ട ദുര്യോഗത്തിന്റെ ആഘാതവും പോലീസ് നടപടികളും കേസുമെല്ലാം മനഃസാന്നിധ്യത്തോടെ തരണം ചെയ്യാന്‍ ഈ വീട്ടമ്മയ്‌ക്കു കഴിഞ്ഞിരുന്നു. എന്നാല്‍, ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു മാന്യമായ വിരമിക്കല്‍ സാഹചര്യമൊരുക്കാമെന്നു സമ്മതിച്ച കോളജ് മാനേജ്‌മെന്റിന്റെ അപ്രതീക്ഷിതപിന്മാറ്റം ഈ കുടുംബത്തിനു കടുത്ത ആഘാതമായി. ഇതേത്തുടര്‍ന്നു സലോമി കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നു. ഒരുമാസമായി സലോമി മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചിരുന്നതായും വീടിനു പുറത്തിറങ്ങാന്‍പോലും വൈമനസ്യം കാട്ടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇതിനെല്ലാം പുറമേയായിരുന്നു കൈവെട്ട് സംഭവത്തിനു ദൃക്‌സാക്ഷിയായതിനേത്തുടര്‍ന്നു വിടാതെ പിടികൂടിയിരുന്ന തലവേദന. ഇന്നലെ രാവിലെ കടുത്ത തലവേദനയും മാനസികാസ്വാസ്‌ഥ്യവും പ്രകടിപ്പിച്ചതിനേത്തുടര്‍ന്ന് സലോമിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഡോക്‌ടറെ കണ്ട് ഉച്ചകഴിഞ്ഞു രണ്ടോടെ വീട്ടിലെത്തി. ഈ സമയം ഭര്‍ത്താവ് ജോസഫും സഹോദരി മേരിയും മാതാവ് ഏലിക്കുട്ടിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആശുപത്രിയില്‍നിന്ന് എത്തിയയുടന്‍ സലോമി കുളിമുറിയില്‍ കയറി. ശബ്‌ദം കേട്ടു വീട്ടുകാര്‍ നോക്കിയപ്പോള്‍ കുളിമുറിയുടെ അഴിയില്‍ തോര്‍ത്തുമുണ്ടുപയോഗിച്ചു തൂങ്ങിനില്‍ക്കുന്നതാണു കണ്ടത്. ഉടന്‍ ബന്ധുക്കള്‍ കെട്ടഴിച്ചു മുറിയില്‍ കിടത്തി. ജോസഫിന്റെ വീടിനു കാവല്‍നിന്നിരുന്ന മൂന്നു പോലീസുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൊടുപുഴ ന്യൂമാന്‍സ് കോളജില്‍ മലയാളവിഭാഗം മേധാവിയായിരിക്കേ പ്രവാചകനെ നിന്ദിക്കുന്ന ചോദ്യക്കടലാസ് തയാറാക്കിയെന്നാരോപിച്ചു പോപ്പുലര്‍ഫ്രണ്ട് ജോസഫിനെതിരേ രംഗത്തുവന്നിരുന്നു. പ്രതിഷേധം ശക്‌തമായതിനേത്തുടര്‍ന്ന് അറസ്‌റ്റിലായ അധ്യാപകനെ കോടതി റിമാന്‍ഡ് ചെയ്‌തു. പിന്നീടു പുറത്തിറങ്ങിയ ജോസഫിന്റെ വലതുകൈ 2010 ജൂലൈ നാലിന് ഒരുസംഘം അക്രമികള്‍ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിമാറ്റി. വൃദ്ധമാതാവ്, സഹോദരി, ഭാര്യ, മക്കള്‍ എന്നിവര്‍ക്കൊപ്പം പള്ളിയില്‍നിന്നു മടങ്ങവേയായിരുന്നു ഈ കൊടുംക്രൂരത. ജോസഫിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ചികിത്സയ്‌ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവന്നു. സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത സഹായം ലഭിച്ചില്ല. വിവാദചോദ്യക്കടലാസ് തയാറാക്കിയതിന്റെ പേരില്‍ കോളജ് മാനേജ്‌മെന്റ് ജോസഫിനെ പിരിച്ചുവിട്ടതോടെ കുടുംബം സാമ്പത്തികപ്രതിസന്ധിയിലായി.
കേസില്‍ ജോസഫിനെ കോടതി കുറ്റവിമുക്‌തനാക്കിയിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. ഈമാസം 31-ന് വിരമിക്കുന്നതിനു മുമ്പ് ജോലിയില്‍ പ്രവേശിക്കാനായില്ലെങ്കില്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നഷ്‌ടപ്പെടും. ജോലിയില്‍നിന്നു പിരിച്ചുവിട്ടതിനെതിരേ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ഇനിയും തീര്‍പ്പായിട്ടില്ല. ഈ സാഹചര്യത്തില്‍ മക്കളുടെ ഭാവിയെക്കുറിച്ചു സലോമി ഏറെ ഉത്‌കണ്‌ഠാകുലയായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ജോസഫിനെ പുറത്താക്കിയതിനെതിരേ സഭാവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹം പരസ്യമായി രംഗത്തെത്തിയെങ്കിലും നടപടി പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തയാറായിരുന്നില്ല.
കേസില്‍ കുറ്റവിമുക്‌തനായതോടെ അദ്ദേഹം സഭാനേതൃത്വത്തെ സമീപിച്ച്, മാന്യമായി വിരമിക്കാന്‍ അവസരമൊരുക്കണമെന്നു പലവട്ടം അപേക്ഷിച്ചിരുന്നു. കോതമംഗലം ബിഷപ് ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ആശയവിനിമയത്തേത്തുടര്‍ന്ന് ജോസഫിനെ ജോലിയില്‍ തിരിച്ചെടുത്ത് ആനുകൂല്യങ്ങള്‍ കിട്ടത്തക്ക രീതിയില്‍ വിരമിക്കാന്‍ വഴിയൊരുക്കാമെന്നു ധാരണയായി. വിരമിക്കുന്നതിനു മൂന്നുദിവസം മുമ്പ്, 28-നു ജോലിയില്‍ പ്രവേശിപ്പിക്കാനായിരുന്നു ധാരണ. മാനേജ്‌മെന്റും ജോസഫും തമ്മിലുള്ള കേസുകള്‍ പരസ്‌പരം പിന്‍വലിക്കാനും തീരുമാനമായി. ബിഷപ്പിന്റെ അനുമതിയോടെയുള്ള ധാരണയില്‍ ജോസഫിന്റെ കുടുംബം ഏറെ പ്രതീക്ഷയിലായിരുന്നു. ധാരണപ്രകാരം ജോസഫ് അഭിഭാഷകന്റെ സഹായത്തോടെ കരാറും തയാറാക്കിയിരുന്നു. എന്നാല്‍, ധാരണയ്‌ക്കെതിരേ മാനേജ്‌മെന്റിന്റെ അഭിഭാഷകന്‍ നിലപാടെടുത്തതു കനത്ത ആഘാതമായി. ജോസഫിനെ തിരികെ പ്രവേശിപ്പിച്ചാല്‍ മാനേജ്‌മെന്റിനു കനത്ത തിരിച്ചടിയായിരിക്കുമെന്ന് അഭിഭാഷകന്‍ നിലപാടെടുത്തെന്നാണു ജോസഫിന്റെ സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ജോസഫിനു മാനേജ്‌മെന്റ് വന്‍തുക നഷ്‌ടപരിഹാരം നല്‍കേണ്ടിവരുമെന്നും അഭിഭാഷകന്‍ രൂപതാനേതൃത്വത്തെ അറിയിച്ചത്രേ. ഇതേത്തുടര്‍ന്ന് ബിഷപ് നിലപാടു മാറ്റിയെന്നും ജോസഫിന്റെ പുനഃപ്രവേശവും വിരമിക്കലും അനിശ്‌ചിതത്വത്തിലായെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സലോമിയുടെ മൃതദേഹം മൂവാറ്റുപുഴ നിര്‍മല ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് ഇന്‍ക്വസ്‌റ്റ് തയാറാക്കി പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. തൊടുപുഴ മുതലക്കോടം മുതുപ്ലാക്കല്‍ പരേതനായ സെബാസ്‌റ്റ്യന്റെ മകളാണു സലോമി. സഹോദരങ്ങള്‍: സാജു, സിമിലി, സോളി. മക്കള്‍: മിഥുന്‍ ജോസഫ് (തിരുവനന്തപുരം ഐ.എ.എസ്. അക്കാദമി വിദ്യാര്‍ഥി), ആമി ജോസഫ് (നഴ്‌സ്, ഡല്‍ഹി മെഡിസിറ്റി ആശുപത്രി).
- See more at: http://www.mangalam.com/print-edition/keralam/161654#sthash.8YU0Zx5D.SV5bNKhP.dpuf
No comments:
Post a Comment