Madhyamam 22/03/2014 |
Madhyamam 22/03/2014 |
Mathrubhumi 21-03-2014 |
Times of India 21/03/2014 |
Courtesy: Mangalam
എവിടെപ്പോയി നമ്മുടെ ധാര്‍മികബോധം ?
Story Dated: Friday, March 21, 2014 12:51
മതനിന്ദ ആരോപിച്ചു മതതീവ്രവാദികള്‍ കൈവെട്ടിമാറ്റിയ പ്രഫ. ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ജീവനൊടുക്കിയതു കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലയ്‌ക്കുന്ന സംഭവമാണ്. പ്രഫ. ജോസഫിനോട് ആദ്യം ക്രൂരത കാട്ടിയതു മതാന്ധത ബാധിച്ച ഏതാനും പേരാണെങ്കില്‍ സലോമിയുടെ മരണത്തിന് ഉത്തരം പറയേണ്ട ബാധ്യത നമ്മുടെ രാഷ്‌ട്രീയ, സാമൂഹിക, മത നേതൃത്വങ്ങള്‍ക്കാണ്. ആരും ശ്രദ്ധിച്ചില്ല, ആ കുടുംബം എങ്ങനെ ജീവിക്കുന്നുവെന്ന്. അവര്‍ അനുഭവിച്ച യാതനകളും മാനസികസമ്മര്‍ദങ്ങളും ആരും അറിഞ്ഞില്ല. അല്ലെങ്കില്‍ അറിയേണ്ടവര്‍ അറിഞ്ഞില്ലെന്നു നടിച്ചു. നിരാലംബയായ ഒരു വീട്ടമ്മയെ മരണത്തിലേക്കു തള്ളിവിട്ടത് ആരാണ്? പ്രഫ. ജോസഫിനു ജോലി തിരിച്ചുകിട്ടാനുള്ള സാധ്യത മങ്ങിയതാണു സലോമിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണു പ്രഫ. ജോസഫിന്റെ സഹപ്രവര്‍ത്തകരും ബന്ധുക്കളും പറയുന്നത്. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന വാഗ്‌ദാനത്തില്‍നിന്നു കോളജ് അധികൃതര്‍ പിന്മാറിയതോടെയാണ് ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നത്.
തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന മൂവാറ്റുപുഴ സ്വദേശി പ്രഫ. ടി.ജെ. ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ ഉണ്ടെന്ന് ആരോപിച്ച് അക്രമികള്‍ അദ്ദേഹത്തിന്റെ വലതു കൈ വെട്ടിമാറ്റിയത് 2010 ജൂലൈ നാലിനായിരുന്നു. മതനിന്ദ ആരോപിച്ചുള്ള കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡിലായിരുന്ന ജോസഫ് പുറത്തിറങ്ങിയപ്പോഴായിരുന്നു ഇത്. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള മതതീവ്രവാദത്തിന് ഇരയായ ജോസഫിന് അടുത്ത ആഘാതമായിരുന്നു ജോലിയില്‍നിന്നുള്ള പിരിച്ചുവിടല്‍. വിവാദചോദ്യക്കടലാസ് തയാറാക്കിയതിന്റെ പേരിലാണു കോളജ് മാനേജ്‌മെന്റ് അദ്ദേഹത്തെ പിരിച്ചുവിട്ടത്. എന്നാല്‍, പ്രഫ. ജോസഫിന് എതിരേയുണ്ടായിരുന്ന കേസില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്‌തനാക്കിയതോടെ ജോലി തിരിച്ചു ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായി. കോളജ് മാനേജ്‌മെന്റില്‍നിന്ന് ഇതുസംബന്ധിച്ച ഉറപ്പ് അദ്ദേഹത്തിനു ലഭിച്ചിരുന്നതായാണ് അറിയുന്നത്. എന്നാല്‍, ഒന്നും നടപ്പായില്ല. ഈ മാസം 31 നാണ് പ്രഫ. ജോസഫ് വിരമിക്കേണ്ടത്. അതിനു മുമ്പു ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമെല്ലാം നഷ്‌ടപ്പെടും.
ജോലി നഷ്‌ടപ്പെട്ടതു മുതല്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. രണ്ടു രൂപയ്‌ക്കു ലഭിക്കുന്ന അരികൊണ്ടാണ് അവര്‍ കഴിഞ്ഞിരുന്നതെന്നും തൊഴിലുറപ്പു പദ്ധതിക്കുപോകാന്‍ സലോമി തയാറായിരുന്നെന്നുമാണു ബന്ധുക്കള്‍ പറയുന്നത്. ജോസഫിന്റെ ചികിത്സയ്‌ക്കായി ലക്ഷങ്ങളാണു ചെലവഴിക്കേണ്ടി വന്നത്. സര്‍ക്കാര്‍ സഹായം വാഗ്‌ദാനം ചെയ്‌തെങ്കിലും അതും ലഭിച്ചില്ല. ജോസഫ് വെട്ടേറ്റു വീണപ്പോള്‍ അവിടേക്ക് ഒഴുകിയെത്തിയ സംഘടനകളെയും നേതാക്കളെയുമൊന്നും പിന്നീടു കണ്ടതുമില്ല. നിസഹായനായ ഒരു മനുഷ്യന്റെ കുടുംബത്തിന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ദുരന്തത്തില്‍നിന്നു സമൂഹത്തിനും ഒഴിഞ്ഞുമാറാനാവില്ല. എവിടെപ്പോയി നമ്മുടെ ധാര്‍മിക ബോധവും നീതിബോധവും?
കോടതി കുറ്റവിമുക്‌തനാക്കിയ സാഹചര്യത്തില്‍ പ്രഫ. ജോസഫിനു ജോലി തിരിച്ചുകിട്ടാന്‍ അവസരം ഒരുക്കേണ്ടിയിരുന്നു. സാങ്കേതികമായ തടസങ്ങള്‍ ഉന്നയിക്കാതെ, മനുഷ്യത്വപൂര്‍ണമായ സമീപനത്തിനു ബന്ധപ്പെട്ടവര്‍ തയാറായിരുന്നെങ്കില്‍ സലോമിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. പ്രഫ. ജോസഫ് അനുഭവിച്ച യാതനകള്‍ കണക്കിലെടുത്തെങ്കിലും അല്‍പം കാരുണ്യം ആകാമായിരുന്നു.
http://www.mangalam.com/print-edition/editorial/161918#sthash.iJpKhCjX.kYAlhkJT.dpuf
No comments:
Post a Comment