Saturday, March 1, 2014

ഓസ്‌ട്രേലിയന്‍ ക്‌നാനായസമുദായം പ്രതിസന്ധിയില്‍ - Americankna Kna :




Subject: ഓസ്‌ട്രേലിയന്‍ ക്‌നാനായസമുദായം പ്രതിസന്ധിയില്‍
ഓസ്‌ട്രേലിയന്‍ ക്‌നാനായസമൂഹം ''സഭ'' എന്ന ചട്ടകൂടിനുള്ളില്‍ ശ്വാസം മുട്ടുന്നു.. സഭ മനുഷ്യനുവേണ്ടിയോ അതോ മനുഷ്യന്‍ സഭയ്ക്കുവേണ്ടിയോ?എന്നത് ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.
ക്‌നാനായസാമുദായിക സംഘടനയായ ക്‌നാനായ കമ്യൂണിറ്റി വിക്‌ടോറിയ,ഓസ്‌ട്രേലിയ(KCVA)യുടെ ദശാബ്ദി ആഘോഷങ്ങള്‍ ഓസ്‌ട്രേലിയന്‍ ക്‌നാനായക്കാരുടെ ശവക്കല്ലറയുടെ മേല്‍ മണ്ണുവാരിയിടുന്നതിന് ഒതു തുടക്കംകുറിക്കല്‍ ആയിരുന്നു.
മുമ്പേനടന്ന് വഴിയൊരുക്കേണ്ടവര്‍ത്തന്നെ വഴിഅടയ്ക്കുന്ന കാഴ്ച. ഇടയന്‍മാര്‍ പലപ്പോഴും കുഞ്ഞാടിനെ കൊന്ന് കൈകഴുകിയ പീലാത്തോസുമാരാകുന്നു കാഴ്ച. പഴഞ്ചൊല്ലു പറയുന്നത് ഒരിക്കല്‍  ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്നു പേടിക്കുമെന്നാണ്. എന്നാല്‍, അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ക്‌നാനായ മിഷന്‍മൂലം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളുംകൈപൊള്ളുന്ന അനുഭവങ്ങളും ഏറെയുണ്ടായിട്ടുംയാതൊരു ആവശ്യവുമില്ലാതെ ഓസ്‌ട്രേലിയന്‍ ക്‌നാനായക്കാരെയും ക്‌നാനായ മിഷന്റെ പേരില്‍ ക്രൂശിക്കുവാന്‍ ഉത്സുകരായിരിക്കുകയാണ് നമ്മുടെ പിതാക്കന്‍മാര്‍....
സമുദായത്തിന് മാതൃകയും അനുഗ്രഹവുമാകേണ്ട വൈദികന്‍ സ്വന്തം സ്ഥാനമാനങ്ങള്‍ക്കുംപ്രശസ്തിക്കും വേണ്ടി ഒരു ഓസ്‌ട്രേലിയിന്‍ മുത്തോലം ആകാനുള്ള തയ്യാറെടുപ്പിലാണ്. ക്‌നാനായമിഷന്‍ ഓസ്‌ട്രേലിയയില്‍ രൂപീകരിക്കുവാന്‍ മുന്‍കൈ എടുത്തു എന്ന് അവകാശപ്പടുന്ന K C C Oഭാരവാഹികള്‍ അറിഞ്ഞോ അറിയാതെയോ ഓസ്‌ട്രേലിയന്‍ ക്‌നാനായ സമുദായത്തിന് ഒരു ശാപമായിരിക്കുന്നു. എല്ലാത്തിനും കെട്ടിപിടിച്ചിട്ടൊടുവില്‍ ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്നുപറഞ്ഞ് പൊട്ടന്‍മാരായി തകര്‍ത്തഭിനയിക്കുന്ന KCVA ഭാരവാഹികളെ ആദിമസഭയെ പീഡിപ്പിച്ച സാവൂളിനോട് തുലനം ചെയ്യാമൊ എന്ന് സംശയമാണ്. കാരണം,മാനസാന്തരത്തിനുള്ള യാതൊരു ലക്ഷണവും കാണുന്നില്ല എന്നതുതന്നെ. എല്ലാത്തിനുമൊടുവില്‍ ചെയ്തതിനും ചെയ്യാത്തതിനുമെല്ലാം മേന്‍മപറയാന്‍ ഒരു പത്രലേഖനവും. അതും ഒരു മഞ്ഞപത്രത്തില്‍ . അപമാനകരം എന്നല്ലാതെ എന്തുപറയാന്‍.
''ക്‌നാനായ മിഷന്‍''
ഓസ്‌ട്രേലിയയില്‍ കോട്ടയം അതിരൂപതയുമായി ബന്ധം നിലനിര്‍ത്തികൊണ്ട് ഒരു മിഷന്‍ സ്ഥാപിക്കപ്പെട്ടു എന്ന് ഒരു സുപ്രഭാതത്തില്‍ പത്രവാര്‍ത്തയായും ഇ-മെയില്‍ സന്ദേശമായും ഓസ്‌ട്രേലിയന്‍ ക്‌നാനക്കാര്‍ക്കിടയില്‍ പ്രചരിക്കപ്പെട്ടു. എന്‍ഡോഗമി അനുവദിച്ചുകൊണ്ടുള്ള ഒരു മിഷനാണ് സ്ഥാപിതമായെതെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമം വിജയപ്രദമാക്കുവാന്‍ നന്നേ പാടുപെട്ടു. കോട്ടയം രൂപതാചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതി ചേര്‍ക്കാനാവുന്ന മഹാസംഭവമെന്നിതിനെ പുകഴ്ത്തി. ''ക്‌നാനായ മക്കള്‍ക്ക് കിട്ടിയ ദൈവത്തിന്റെ പ്രത്യേക കൃപ''. അങ്ങനെ മിഷന്റെ വിശേഷണങ്ങള്‍ അനവധിയായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന സായിപ്പിന്റെ നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് ഒരു ചെറിയ കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ തീരെ വശമില്ലന്ന് കരുതിയോ ഈ വമ്പുപറച്ചിലുകള്‍.
എന്നാല്‍ അധികം മേനിപറച്ചിലും നാടകങ്ങളുമൊന്നും ഇല്ലാതെ സീറോമലബാര്‍ രൂപത മെല്‍ബണില്‍ നിലവില്‍വന്നു. ഇത്തരുണത്തില്‍, സഭയുടെ ചട്ടക്കൂടുകളും നിയമങ്ങളും മനസ്സിലാക്കിക്കൊണ്ട് തന്നെ കോട്ടയം അതിരൂപതയുടെ സഹായമെത്രാനോട് ക്‌നാനായ മിഷന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സീറോമലബാര്‍ രൂപതയുടെ സ്ഥാപനത്തോട് കൂടി എങ്ങനെയായിരിക്കും നടത്തപ്പെടുക എന്ന ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ.
''ഓസ്‌ട്രേലിയയില്‍ സീറോമലബാര്‍ സഭ രൂപീകരിക്കപ്പെട്ടതിനാല്‍ സീറോമലബാര്‍ റീത്തില്‍ പെട്ട ക്‌നാനായക്കാര്‍ സ്വാഭാവികമായും ആ രൂപതയുടെ കീഴിലാവും. ആയതിനാല്‍ മെല്‍ബണ്‍ രൂപതയുടെ കീഴില്‍ ഇപ്പോള്‍ സ്ഥാപിതമായിരിക്കുന്ന ക്‌നാനായ മിഷന്‍ ഇല്ലാതാവുകയും,പുതുതായി ചാര്‍ജ്ജെടുക്കുന്ന സീറോമലബാര്‍ സഭാമെത്രാന്റെ അനുവാദത്തോടെ ഒരു പുതിയ മിഷന്‍ സ്ഥാപിക്കുകയും വേണം.''
സീറോമലബാര്‍ രൂപതയുടെ മെല്‍ബണിലേക്കുള്ള വരവു പകല്‍പോലെ വ്യക്തമായിരുന്ന സാഹചര്യത്തില്‍ എന്തിനുവേണ്ടിയായിരുന്നു മെല്‍ബണ്‍ രൂപതയുടെ കീഴില്‍ ഒരു ക്‌നാനായമിഷന്‍ സ്ഥാപനനാടകം? ആര്‍ക്ക് എന്ത് നേട്ടമാണ് അതുകൊണ്ട് കിട്ടിയത്.?
കഴിഞ്ഞ ഒമ്പതുവര്‍ഷമായി മെല്‍ബണില്‍ പ്രവര്‍ത്തിച്ചിരുന്ന വൈദികന്‍,കൂനായക്കാര്‍ക്കുവേണ്ടിയല്ല. താന്‍ മെല്‍ബണ്‍ രൂപതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ വന്നതാണ് എന്നായിരുന്നു വാദം. ഇത്രയും വര്‍ഷങ്ങള്‍ക്കൊടുവില്‍ എന്തു വെളിപാടിന്റെ അടിസ്ഥാനത്തിലെന്നറിയില്ല കൂനായക്കാര്‍ വീണ്ടും വൈദികന് ക്‌നനായക്കാരായി. അവരെ ഉദ്ധരിക്കുവാനുള്ള ഒരു പുതിയ ത്വര അദ്ദേഹത്തില്‍ പ്രകടമായി വന്നു. ക്‌നാനായ മിഷനും സ്ഥാപിച്ചു. ഇത്രയും നാള്‍ ഞായറാഴ്ചകളില്‍ ക്‌നാനായക്കാര്‍ക്ക് അല്ലാത്ത മറ്റ് സീറോമലബാര്‍ സഭാംഗങ്ങള്‍ക്കുവേണ്ടി നടത്തിയിരുന്ന കുര്‍ബ്ബാന ഒരു സുപ്രഭാതത്തില്‍ യാതൊരു  പ്രകോപനവും കൂടാതെ തന്നെ അദ്ദേഹം നിര്‍ത്തലാക്കിയത് മഞ്ഞപത്രത്തിലും എന്തിന് ഫെയ്‌സ്ബുക്കില്‍ പോലും വലിയ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും ഇടയാക്കി. എല്ലാം ഒന്നടങ്ങി ശാന്തമായി. അവര്‍ പുതിയ പള്ളി കണ്ടുപിടിച്ച് കുര്‍ബ്ബാനയും കാര്യങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ വീണ്ടും വൈദികന്റെ ആഹ്വാനം നമുക്ക് അവരെയും കുര്‍ബ്ബാനയില്‍ പങ്കെടുപ്പിക്കാംഅവരുടെ കുട്ടികളെയും വേദപാഠം പഠിപ്പിക്കാം. എന്താണിതിനെല്ലാം അര്‍ത്ഥം? സദുദ്ദേശമോദുരുദ്ദേശമോ സാധാരണക്കാരന്റെ സാമാന്യബുദ്ധിയില്‍ മനസ്സിലാക്കാനാവുന്നില്ല.
സഭയും സഭാനടപടികളും എന്തുതന്നെ ആയിരുന്നാലും മെല്‍ബണിലെ സീറോമലബാര്‍ രൂപതാംഗങ്ങള്‍ പള്ളിക്കുംപള്ളിക്കൂടത്തിനും എല്ലാം വേണ്ടുന്ന സ്ഥലങ്ങള്‍ വാങ്ങുകയും അവരുടെ പ്രവര്‍ത്തനങ്ങളുമായി അവര്‍ അതിവേഗം നീങ്ങുകയുമാണ്. നമ്മുടെ സമുദായാംഗങ്ങളില്‍ പലരും അതിനുവേണ്ടുന്ന സഹായസഹകരണങ്ങള്‍ നല്‍കുന്നുമുണ്ട്. അവരുടെ കുട്ടികള്‍ക്കുവേണ്ടുന്ന  മതബോധനക്ലാസ്സുകള്‍ വളരെ ഭംഗിയായി തന്നെ നടത്തുന്നുമുണ്ട്. അതില്‍ നിന്നുമാറി ക്‌നാനായക്കാരുടെ വേദപാഠക്‌ളാസുകളില്‍ പഠിക്കണമെന്ന് അവര്‍ ശഠിക്കുന്നുമില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ അവരുടെ കുട്ടികളുടെകൂടെ നമ്മുടെ വേദപാഠക്ലാസ്സുകളില്‍ ചേര്‍ക്കണമെന്ന വാദം അനാവശ്യമായ അസ്വസ്ഥയുണ്ടാക്കുമെന്നതൊഴിച്ചാല്‍ മറ്റൊരു നേട്ടവും നല്‍കുന്നില്ല എന്നതാണ് വാസ്തവം. എന്താണെങ്കിലും ഇവിടെ പരിശോധനക്കാളുവരികയും നാട്ടിലെ ഗവണ്‍മെന്റ് സ്‌കൂകളിലെപ്പോലെ കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന നിയമമൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് ഈ വാശി? അതോ ഇതിനെല്ലാം പിന്നില്‍ എന്തെങ്കിലും നിഗൂഢലക്ഷ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ടോ??? നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒന്നിച്ച് കൂടാനൊരവസരംഅതോടൊപ്പംതന്നെ ദൈവത്തെയും സഭയെയും സമുദായത്തെകുറിച്ച് അറിവുപകര്‍ന്നു കൊടുക്കുക. അങ്ങനെ വളരെ ലളിതമായിട്ടതിനെ കണ്ടുകൂടെ??
ഇത്രയും നാള്‍ ഒരു ഇടവകയോ മിഷനോ ഒന്നുമില്ലാതിരുന്നതിനാല്‍, നമ്മുടെ സമുദായത്തിലെ പല അംഗങ്ങളും ലാറ്റിന്‍ പള്ളികളില്‍ ഇടവകചേര്‍ന്ന് പള്ളിവക സ്‌കൂളുകളിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാല്‍ സീറോമലബാര്‍സഭയും ക്‌നാനായമിഷനും സ്ഥാപിതമായിരിക്കുന്ന സാഹചര്യത്തില്‍ അതില്‍ ഏതെങ്കിലുമൊരു അംഗത്വം അനിവാര്യമാണ്. എങ്കില്‍ ലാറ്റിന്‍ ഇടവാംഗത്വം പിന്‍വലിക്കണമോഅപ്പോള്‍ പിന്നെ കുട്ടികളെ പഠിപ്പിക്കുവാന്‍ അവര്‍ സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭ്യമാക്കുമോ?? മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളുടെ നൊമ്പരമാണിത്. എന്നാല്‍ ഇനി മക്കളുടെ ഭാവിമാത്രം ഓര്‍ത്ത് ലാറ്റിന്‍ ഇടവാംഗത്വം മാത്രം മതി എന്ന് തീരുമാനിച്ചാല്‍ പിന്നെയും കുടുങ്ങി. മാമ്മോദീസാവിവാഹം തുടങ്ങി എന്ത് പള്ളി സംബന്ധ പരിപാടികള്‍ നാട്ടില്‍ നടത്തണമെങ്കിലും ക്‌നനായ മിഷന്റെ ചാപ്ലെയിനില്‍ നിന്നും അനുമതി അപ്രാപ്യം. നിയമങ്ങള്‍ അനുസരിക്കുവാന്‍ ബാധ്യസ്ഥരാണെന്ന ബോധം ജനങ്ങളില്‍ ഉള്ളതിനാല്‍ ചട്ടങ്ങളുടെ നുകം അവരുടെ മുതുകില്‍ വയ്ക്കാന്‍ സഭാധികാരികള്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നു. പൊതുജനമെന്ന കഴുതയെ മുതലെടുക്കുന്ന രാഷ്ട്രീയക്കാരന്റെ നിലവാരത്തിലേക്ക് തരംതാണു പോകുകയാണോ നമ്മള്‍ ഏറെ ബഹുമാനിക്കുന്ന സഭാനേതാക്കളും.
പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് മെല്‍ബണില്‍ ഒരു ക്‌നാനായസംഘടന രൂപമെടുത്തപ്പോള്‍ അന്നത്തെ അംഗങ്ങള്‍ക്ക് ഒരുമിച്ചുകൂടാനും സാമുദായിക ഐക്യം നിലനിര്‍ത്താനും ഉള്ള നിസ്വാര്‍ത്ഥമായ ലക്ഷ്യങ്ങളെ ഉണ്ടായിരുന്നുള്ളു. എന്നാല്‍, ഇന്ന് സമുദായം വളര്‍ന്നുസംഘടന വളര്‍ന്നു. നിസ്വാര്‍ത്ഥരോടൊപ്പം സ്വാര്‍ത്ഥരും കുടിയേറി. സാമൂദായിക ഐക്യത്തേക്കാള്‍, സംഘടാനേതൃസ്ഥാനവുംപത്രവാര്‍ത്തകളും,അച്ചടിച്ചുവരുന്ന ഫോട്ടോകളുംനാഷണല്‍, ഇന്റര്‍നാഷണല്‍ സംഘടനകളിലെ സ്ഥാനമാനങ്ങളും ലക്ഷ്യങ്ങളായി ആ സ്വാര്‍ത്ഥര്‍ക്കു ഒരു കുടുംബത്തിന്റെ അവസ്ഥയില്‍ നിന്ന് ഇന്നത്തെ രീതിയിലുള്ള കലഹവും അസ്വസ്ഥതയും നിറഞ്ഞ അവസ്ഥയിലേയക്ക് സംഘടനയെ വലിച്ചിഴച്ചതില്‍ ഈ അധികാരമോഹികളുടെ പങ്ക് ചില്ലറയല്ല. പാഷാണത്തില്‍ കൃമികള്‍ എന്നു പറയും പോലെ വീണ്ടും വീണ്ടും സംഘടനയെ അവര്‍ ശിഥിലമാക്കുന്നു.
പ്രിയ ക്‌നാനായ ജനങ്ങളെ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള സമയമായിരിക്കുന്നു. സഭയും സഭാപഠനങ്ങളും നമ്മള്‍ അനുസരിക്കാന്‍ തയ്യാറാകുന്നതുപോലെ തന്നെ നമ്മുടെ സമുദായവും പാരമ്പര്യവും നശിപ്പിക്കാന്‍ ഒരു സഭാനിയമങ്ങളെയും അനുവദിച്ചുകൂടാ. ഏതോ ഒരു കാരണമോ മറ്റെന്തെങ്കിലും വ്യാമോഹമോ കൊണ്ട്ഒരിക്കല്‍ സമുദായത്തില്‍നിന്ന് പുറത്ത് പോയവര്‍ വീണ്ടും സമുദായസ്‌നേഹം പ്രകടിപ്പിച്ചപ്പോള്‍, നമ്മുടെ സമുദായത്തെ പിടിച്ചുനിര്‍ത്താന്‍ ദൈവത്താല്‍ ഭരാമേല്‍പ്പിക്കപ്പെട്ട പിതാക്കന്‍മാര്‍തന്നെ ഒറ്റുകാരന്റെ വസ്ത്രമണിഞ്ഞു. അതിനുള്ള ശ്രമം കഴിഞ്ഞകാലങ്ങളില്‍ അമേരിക്കയില്‍ നടമാടി. എന്നാല്‍, ഉശിരുള്ള ക്‌നാനായക്കാരന്റെ രക്തം സിരകളില്‍ ഇനിയും ബാക്കിയുണ്ട് എന്ന് തെളിയിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ക്‌നാനായക്കാര്‍ അതിനെ നഖശിഖാന്തം എതിര്‍ത്തു. അങ്ങനെ ആ ശ്രമം ഒരു വന്‍ പരാജയമായി. അതുപോലെ തന്നെ സ്‌നേഹത്തില്‍ കഴിയുന്ന നമ്മുടെ ഇടയിലേക്ക് മിഷന്‍ വിഷന്‍ എന്നൊക്കെ പറഞ്ഞ് തുറക്കുന്ന പുതിയ തന്ത്രങ്ങള്‍ അമേരിക്കയുടെ തനിയാവര്‍ത്തനമാണോ? കത്തോലിക്കസഭ തന്നെ പഠിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് ഏറ്റവും സൂക്ഷിക്കേണ്ടത് തിന്മയെ അല്ല മറിച്ച് നന്മയുടെ രൂപത്തില്‍ വരുന്ന തിന്മകളെയാണെന്ന്.
അതിനാല്‍ ജാഗരൂകരായിരിക്കുക. ഉണര്‍ന്നു പ്രവര്‍ത്തിക്കുക.

സ്വന്തം ലേഖകന്‍ Americankna Kna : 
 americankna@googlegroups.com

No comments:

Post a Comment