Monday, March 24, 2014

പോപ്പും കോപ്പും നികൃഷ്ട ജീവികളും: കെ. ബാബുരാജ്

Madhyamam-Spcial
Courtesy: Madhymam

പോപ്പും കോപ്പും നികൃഷ്ട ജീവികളും: കെ. ബാബുരാജ്

നികൃഷ്ട ജീവി എന്ന പദം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാന കോണ്‍ഗ്രസുകാരുടെ നിഘണ്ടുവില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെട്ടിക്കളഞ്ഞത്. ഈ പദം ഇനി ഒരൊറ്റ കോണ്‍ഗ്രസുകാരും ഉച്ചരിച്ചുകൂടെന്ന് തിട്ടൂരവും നല്‍കി. തൃത്താല നിയമസഭാംഗം വി.ടി. ബലറാമിന്‍െറ ഫേസ്ബുക്ക് പോസ്റ്റിംഗാണ് ഇത്തരത്തിലൊരു പ്രകോപനത്തിനു ഇടയാക്കിയത്. ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് അരമനയില്‍ കാണാന്‍ ചെന്നപ്പോള്‍ മെത്രാന്‍ ശകാരിച്ചതാണ് ബലറാമിന്‍െറ ഫേസ് ബുക്ക് പ്രതികരണത്തിനു നിദാനം. ചാനല്‍ ക്യാമറമാന്‍മാരെയും കൂട്ടിയാണ് ഡീന്‍ അരമനയില്‍ ചെന്നത്. ക്യാമറ കണ്ടപ്പോള്‍ തിരുമേനിക്ക് ആവേശം കയറി. കത്തിക്കയറുന്ന ബിഷപ്പും അനുസരയുള്ള കൂഞ്ഞാടും ദൃശ്യ മാധ്യമങ്ങള്‍ ഉത്സവമാക്കി.
വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ടജീവികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് കഷ്ടമാണ് എന്നായിരുന്നു ഇതേപ്പറ്റി ബലറാം ഫേസ്ബുക്കില്‍ കുറിച്ചത്. പിണറായി വിജയന്‍ താമരശ്ശേരി ബിഷപ്പിനെ വിശേഷിപ്പിക്കാന്‍ മുമ്പ് ഉപയോഗിച്ച വാക്കാണ് ബലറാം കടംകൊണ്ടത്. അന്തരിച്ച സി.പി.എം നേതാവ് മത്തായി ചാക്കോ അവസാന കാലത്ത് വിശ്വാസിയായിരുന്നു എന്ന് ബിഷപ്പ് പറഞ്ഞതാണ് അന്ന് പിണറായിയെ പ്രകോപിപ്പിച്ചത്. അടുത്ത കാലത്ത് കേരള യാത്രക്കിടയില്‍ താമരശ്ശേരി ബിഷപ്പിനെ അരമനയില്‍ ചെന്നുകണ്ട് പിണറായി പിണക്കം തീര്‍ത്തു. സഭയയെ അധിക്ഷേപിച്ചെന്ന ആക്ഷേപം വിദ്യാഭ്യാസ മന്ത്രിയായിരിക്കെ എം.എ ബേബിക്കെതിരെയും ഉയര്‍ന്നിരുന്നു. സ്വാശ്രയ കോളജുകളുടെ വിദ്യാഭ്യാസ കച്ചവടം പരാമര്‍ശിക്കവെ ‘രൂപ താ, രൂപ താ’ എന്നു ബേബി പരിഹസിച്ചതാണ് വിവാദമായത്.
ഇടുക്കി ബിഷപ്പ് റവ. മാര്‍ ആനിക്കുഴിക്കാട്ടിലിനെതിരെ പോസ്റ്റ് ഇടുന്നതിനു രണ്ടാഴ്ചമുമ്പ് എന്‍.എസ്.എസ് നേതാവ് ജി. സുകുമാരന്‍ നായരെ ഫേസ്ബുക്കില്‍ ബലറാം പരിഹസിച്ചിരുന്നു. ഒരു ചാനല്‍ അഭിമുഖത്തില്‍ താന്‍ നായന്‍മാരുടെ പോപ്പാണെന്ന് സുകുമാരന്‍ നായര്‍ അവകാശപ്പെട്ടതിന്‍െറ പിറ്റേന്നായിരുന്നു അത്. സമയത്തിനു ഗുളിക കഴിക്കാതിരുന്നാല്‍ ഏതു കോപ്പനും പോപ്പാണെന്ന് തോന്നിപ്പോകും എന്നായിരുന്നു പോസ്റ്റിംഗ്. ഇടുക്കി ബിഷപ്പിനെ ബലറാം അധിക്ഷേപിച്ചെന്ന് ഒച്ചപ്പാടുണ്ടാക്കിയ ആരും അന്ന് പ്രതികരിച്ചുകണ്ടില്ല. കോപ്പന്‍ എന്ന പദം കോണ്‍ഗ്രസുകാരുടെ നിഘണ്ടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി വെട്ടിമാറ്റിയില്ല. മന്ത്രിസഭയിലെ നായര്‍ പ്രമാണികളാരും ക്ഷുഭിതരായതുമില്ല.
കേരളത്തിലെ ഏറ്റവും ശക്തമായ വോട്ട്ബാങ്ക് ആരുടേതാണെന്ന് തിരിച്ചറിയാന്‍  ഈയൊരു താരതമ്യം മാത്രം മതി. ജി. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളുടെ പേരില്‍ ഊറ്റം കൊള്ളാറുണ്ടെങ്കിലും ഇരുവരും അവകാശപ്പെടുന്നതു പോലെ ശക്തമായ വോട്ട്ബാങ്ക് അവര്‍ക്കുണ്ടോ എന്നതു പഠനവിധേയമാക്കേണ്ടതാണ്. നേരെമറിച്ച് ഒരു സമുദായം എന്ന നിലയില്‍ ക്രൈസ്തവരെ പോളിങ് ബൂത്തിലത്തെിക്കാനും പറയുന്ന ചിഹ്നത്തില്‍ വോട്ട് ചെയ്യിക്കാനും അവാന്തരവിഭാഗങ്ങള്‍ക്കിടയിലെ പോരിനിടയിലും കൃസ്ത്യന്‍സഭക്ക് കഴിയുമെന്നതു കാലം തെളിയിച്ചതാണ്. കേരളത്തില്‍ മറ്റൊരു സമുദായ നേതൃത്വത്തിനും അവകാശപ്പെടാന്‍  പറ്റാത്ത ഒന്നാണിത്.
സംസ്ഥാന രാഷ്ട്രീയത്തില്‍ സഭയുടെ ഇടപെടല്‍ കേരളപ്പിറവി മുതല്‍ക്കേയുണ്ട്. 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന വിമോചന സമരത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചത് കൃസ്ത്യന്‍സഭയായിരുന്നു. സഭയും എന്‍.എസ്.എസും കൈകോര്‍ത്ത് പിടിച്ചാണ് ഇ.എം.എസ് മന്ത്രിസഭയെ ഭരണത്തില്‍നിന്നു ഇറക്കി വിട്ടത്. വിമോചന സമരം തെറ്റായി പോയെന്ന് പിന്നീട് പല തലങ്ങളില്‍ വിലയിരുത്തലും കുമ്പസാരവും നടന്നിട്ടുണ്ടെങ്കിലും അവിശ്വാസികളുടെ സര്‍ക്കാരിനെ സ്ഥാന ഭ്രഷ്ടമാക്കിയതിന് സഭ ഒരിക്കലും ഖേദം പ്രകടിപ്പിച്ചിട്ടില്ല.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്നു ബി.ജെ.പി പിന്തുണയുള്ള എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പി.സി. തോമസ് ജയിച്ചതു സഭയുടെ പിന്തുണയിലായിരുന്നു. ഇടുക്കിയില്‍ അന്നു ഫ്രാന്‍സിസ് ജോര്‍ജും ജയിച്ചു. പി.സി. തോമസ് എന്‍.ഡി.എ മന്ത്രിസഭയില്‍ അംഗവുമായി. മാര്‍പാപ്പയുടെയും മദര്‍ തെരേസയുടെയും ഒപ്പം നില്‍ക്കുന്ന ചിത്രം കലണ്ടറായി അച്ചടിച്ചു വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് കേസായി മാറി ഒടുവില്‍ തോമസ് അയോഗ്യനായി. സഭ വിചാരിച്ചാല്‍ ആരുടെ കൂടെ നിന്നാലും ഒരാളെ ജയിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് തെളിയിച്ചതു പി.സി. തോമസിലൂടെയായിരുന്നു. അനുഗ്രഹിക്കാനും നിഗ്രഹിക്കാനുമുള്ള സഭയുടെ ഈ അസാമാന്യ ശക്തിയാണ് ഉമ്മന്‍ ചാണ്ടിയെ പരിഭ്രാന്തനാക്കിയത്.
എണ്ണംകൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമാണ് ഈഴവര്‍. എന്നാല്‍ ഈഴവര്‍ക്ക് ഒരു വോട്ട് ബാങ്കാകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വെള്ളാപ്പള്ളി നടേശന്‍ പറയുന്നതു പോലെ വോട്ടുചെയ്യുന്നവരല്ല ഈ വിഭാഗക്കാര്‍. സ്വന്തമായി രാഷ്ട്രീയ അഭിപ്രായമുള്ളവരാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിലാണ് ഈഴവര്‍ ഏറ്റവും കൂടുതലായുള്ളത്. അതുകഴിഞ്ഞാല്‍ കോണ്‍ഗ്രസിലും. എസ്.എന്‍.ഡി.പി അംഗത്വം നിലനിര്‍ത്തുകയും വിവാഹം, മരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് സംഘടനയുടെ പിന്തുണ തേടുകയും ചെയ്യുന്ന ഈഴവ കുടുംബങ്ങള്‍ പക്ഷേ, തെരഞ്ഞെടുപ്പു വരുമ്പോള്‍ വെള്ളാപ്പള്ളി പറയുന്നതു കേട്ടല്ല വോട്ട് ചെയ്യുന്നത്.
വെള്ളാപ്പള്ളി എതിര്‍ത്തപ്പോള്‍ വി.എം. സുധീരന്‍ ആലപ്പുഴയില്‍ ജയിക്കുകയും പിന്തുണച്ചപ്പോള്‍ പരാജയപ്പെടുകയും ചെയ്ത ചരിത്രം നമുക്ക് മുന്നിലുണ്ട്. നരേന്ദ്ര മോഡിയോട് അടുത്ത കാലത്തായി വെള്ളാപ്പള്ളി കാണിക്കുന്ന ആഭിമുഖ്യം മൂലം ഈഴവ വോട്ടുകള്‍ അപ്പടി താമരക്ക് കിട്ടുമെന്ന് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ പോലും മോഹിക്കാനിടയില്ല. അങ്ങനെ ചെയ്യിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞാല്‍ ബി.ജെ.പി ആദ്യ അക്കൗണ്ട് കേരളത്തില്‍ തുറക്കുമെന്നുറപ്പാണ്. സോഷ്യലിസ്റ് റവല്യൂഷനറി പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ സംഘടന രൂപീകരിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ ശക്തിയാകാന്‍ എസ്.എന്‍.ഡി.പി യോഗം മുമ്പ് ശ്രമം നടത്തിയതും പരാജയപ്പെട്ടതും ചരിത്രത്തിന്‍െറ ഭാഗമാണ്. എസ്.ആര്‍.പിയെ മാത്രമല്ല, എന്‍.എസ്.എസിന്‍െറ രാഷ്ട്രീയ സംഘടനയായ എന്‍.ഡി.പി എന്ന നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയും കേരളത്തില്‍ അസ്തമിച്ചതു ഏതാണ്ടൊരേ കാലത്താണ്. കൂടെ നിര്‍ത്തി രണ്ടിനെയും സംഹരിച്ചതു കെ. കരുണാകരന്‍ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്നു.
കരുണാകരന് അന്നതു കഴിഞ്ഞെങ്കില്‍ ഇന്ന് സമുദായ നേതാക്കള്‍ രാഷ്ട്രീയ നേതാക്കളെ മൂക്കുകൊണ്ട് ക്ഷ, ഞ്ഞ വരപ്പിക്കുന്ന കാലമാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പായി കഴിഞ്ഞാല്‍ അരമനകള്‍ കയറി ഇറങ്ങാനും കണിച്ചുകുളങ്ങരയിലും പെരുന്നയിലും കുതിച്ചത്തൊനുമാണ് രാഷ്ട്രീയ നേതാക്കളുടെ വെപ്രാളം. മുസ്്ലിം സമുദായത്തില്‍ സുന്നി, മുജാഹിദ് ജമാഅത്ത് നേതാക്കള്‍ക്കെല്ലാം സന്ദര്‍ശക ബാഹുല്യമുള്ള കാലമാണിത്. എന്നാല്‍ ക്രൈസ്തവ സഭയെപോലെ വോട്ട്ബാങ്ക് രാഷ്ട്രീയം പ്രയോഗിക്കാന്‍ മുസ്ലിം സമുദായത്തിന് കഴിയാറില്ല.
സുകുമാരന്‍നായരും വെള്ളാപ്പള്ളി നടേശനും ചേര്‍ന്ന് കേരളത്തില്‍ ഒരു ഹിന്ദു വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ ഇടക്കാലത്ത് ശ്രമം നടത്തിയിരുന്നു. ഏറെ മുന്നോട്ട് പോകുന്നതിന് മുമ്പ് അതു പാളിപ്പോയി. അതോടെ ഇരുവരും ബദ്ധശത്രുക്കളുമായി. ഇടതിലും വലതിലും ഒരുപോലെ സമ്മര്‍ദം ചെലുത്തി പാര്‍ശ്വവര്‍ത്തികള്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതിലാണ് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യു.ഡി.എഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ എന്‍.എസി.എസിനുള്ള സ്വാധീനം സര്‍ക്കാറിന്‍െറ ഓരോ നടപടിയിലും പ്രകടമാണ്. കെ.പി.സ്ി.സി പ്രസിഡന്‍റ് പദത്തില്‍ നോമിനിയെ പ്രതിഷ്ഠിക്കാനുള്ള നീക്കം പരാജയപ്പെട്ടതില്‍ എന്‍.എസ്.എസിന്‍െറ നീരസം പെരുന്നയിലെ  മന്നം സമാധിയില്‍ വി.എം. സുധീരന്‍ എത്തിയപ്പോള്‍ മറനീക്കി പുറത്തുവന്നത് കേരളം കണ്ടതാണ്. ഒന്നും ഒളിച്ചുവെക്കാന്‍ കഴിയില്ല എന്നതാണ് ഈ രണ്ടു നേതാക്കാളുടെയും പൊതു സ്വഭാവം. രാഷ്ട്രീയ നേതാക്കള്‍ മത- സാമുദായിക നേതാക്കളുടെ തിണ്ണ  നിരങ്ങുന്നതിനെതിരെ മുമ്പ് പരസ്യ നിലപാടെടുത്ത സുധീരനെ പോലുള്ളവരും ഇന്ന് അതിനു കീഴടങ്ങുന്നു. ഇടുക്കി രൂപതക്ക് വേണ്ടി കോണ്‍ഗ്രസിന്‍െറ സിറ്റിങ് എം.പി. പി.ടി. തോമസിനെ ബലികൊടുക്കുന്നതിന് സുധീരന് കൂട്ടു നില്‍ക്കേണ്ടിവന്നു. തനിക്കെതിരെ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞിട്ടും  സുകുമാരന്‍ നായരോട് അസാമാന്യ സഹിഷ്ണുതയാണ് സുധീരന്‍ കാട്ടിയത്. അരമനയില്‍ അപമാനിതനായ ഡീന്‍ കുര്യാക്കോസിനു വേണ്ടി ഫേസ്ബുക്ക് പോസ്റ്റിങ് നടത്തി വി.ടി. ബലറാം പാര്‍ട്ടിയുടെ കണ്ണില്‍ കരടാവുകയും ചെയ്തു. ചുരുക്കത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അജണ്ട നിശ്ചയിക്കല്‍ അടക്കം മതസാമുദായിക പാര്‍ട്ടികള്‍ ഏറ്റെടുക്കുന്ന കാലം അതിവിദൂരമല്ളെന്ന് വ്യക്തം. 
- See more at: http://www.madhyamam.com/news/277620/140324#sthash.STbiszzW.dpuf

No comments:

Post a Comment