Wednesday, May 27, 2015

മാറ്റത്തിന്റെ അടിത്തറ പാകല്‍ -ബിബേക് ദേബ് റോയ്‌ -കടപ്പാട്: മാതൃഭൂമിമാറ്റത്തിന്റെ അടിത്തറ പാകല്‍
ബിബേക് ദേബ് റോയ്‌ Posted on: 26 May 2015

സര്‍ക്കാറിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനം എന്ന അളവുകോല്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഒരുകൊല്ലംകൊണ്ട് രാജ്യത്ത് അദ്ഭുതങ്ങളുണ്ടാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. 12 മാസങ്ങള്‍ക്കുള്ളില്‍ സ്ഥിതിഗതികളെല്ലാം നേരെയാക്കിത്തരാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലെങ്കിലും പറഞ്ഞതായി കേട്ടിട്ടുമില്ല. അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതു പത്തുകൊല്ലത്തെ അജന്‍ഡയെക്കുറിച്ചാണ്. മാറ്റം ആവശ്യമായ, വികസനവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും സംസ്ഥാനങ്ങളുടെ പരിധിയിലുള്ളവയാണ്. മറ്റു ചില സംഗതികള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരംവേണം. ജനാധിപത്യസംവിധാനത്തില്‍ അതൊക്കെ കൂടിയേതീരൂ. അധികാരവികേന്ദ്രീകരണവും ഫെഡറല്‍ സംവിധാനവും അനിവാര്യമാണ്. ഒന്നും ഒറ്റരാത്രികൊണ്ട് പരിഹരിക്കപ്പെടില്ല. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഡല്‍ഹിയില്‍ ഗവണ്‍മെന്റ് മാറിയിട്ടുണ്ട് എന്നതുമാത്രമാണ്. അതിനുതുടര്‍ച്ചയായി തീരുമാനങ്ങളെടുക്കുന്ന പ്രക്രിയ മെച്ചപ്പെട്ടിട്ടുണ്ട്. അഴിമതി കുറഞ്ഞുവെന്ന കാര്യവും എല്ലാവരും സമ്മതിക്കുന്നു. അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട പല പദ്ധതികളും മുടങ്ങിക്കിടന്നത്, പ്രത്യേകിച്ച് റോഡ്, റെയില്‍ മേഖലകളിലേത് നേരെയാക്കാനുള്ള ശ്രമവും സജീവമാണ്. ചുരുക്കത്തില്‍, കെട്ടിടമുണ്ടാക്കുന്നതിന് ഇഷ്ടികവെയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതു വളരെ വേഗത്തില്‍ നടക്കുന്നുണ്ട്. വേഗം ഇനിയും കൂടുമെന്നാണു പ്രതീക്ഷ. 

മോദിസര്‍ക്കാറിന്റെ ചില പ്രധാന ചുവടുവെപ്പുകളിലേക്കു കടക്കുന്നതിനുമുമ്പ് രാഷ്ട്രീയമായി കൈവരിച്ച സ്ഥിരതയെക്കുറിച്ചു പരാമര്‍ശിക്കേണ്ടത് അനിവാര്യമാണെന്നു തോന്നുന്നു. മോദി പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് കലാപമുണ്ടാവുമെന്ന് ഒട്ടേറെപ്പേര്‍ മുമ്പു പറഞ്ഞിരുന്നു. എന്നാല്‍ അപ്രകാരമൊന്നും സംഭവിച്ചില്ല. ഇന്ത്യവിട്ടുപോവുമെന്നും ചിലര്‍ പറഞ്ഞു. അതുമുണ്ടായില്ല. എനിക്കു തോന്നുന്നത് ഗുജറാത്ത് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കൂട്ടര്‍ കാര്യങ്ങളെ സമീപിച്ചതെന്നാണ്. ഒരുപക്ഷേ, ഗുജറാത്തിലെ യഥാര്‍ഥ സ്ഥിതിഗതികളും അവിടത്തെ മാറ്റങ്ങളും ശരിയായി നിരീക്ഷിച്ചിരുന്നെങ്കില്‍ അത്തരം പരാമര്‍ശങ്ങളുണ്ടാകുമായിരുന്നില്ല. ഏതായാലും രാഷ്ട്രീയരംഗത്ത് വലിയ പ്രശ്‌നങ്ങളൊന്നും മോദിസര്‍ക്കാര്‍ നേരിടുന്നില്ല. 

സര്‍ക്കാറിന്റെ ഭരണസാമ്പത്തിക പരിഷ്‌കരണത്തെക്കുറിച്ച് മൂന്നു സംഗതികള്‍ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള 'കോഓപ്പറേറ്റീവ് ഫെഡറലിസം', ആസൂത്രണരംഗത്ത് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തവും പ്രവര്‍ത്തനസ്വാതന്ത്ര്യവും, ഒട്ടേറെ കേന്ദ്രപദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതും ധനകാര്യകമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം വര്‍ധിപ്പിച്ചതും എന്നിവയാണവ. സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്‍, സ്വച്ഛ് ഭാരത് മിഷന്‍ എന്നിവ ഇതിനോട് ചേര്‍ത്തുവായിക്കണം. ആസൂത്രണക്കമ്മീഷനു പകരം രൂപവത്കരിച്ച 'നീതി ആയോഗ്' സജീവമായിക്കഴിഞ്ഞു. 
കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിലെ ഇടപെടലുകളെക്കുറിച്ച് മുമ്പ് മുഖ്യമന്ത്രിമാര്‍ പരാതിപ്പെടാറുണ്ടായിരുന്നു. ഓരോ വര്‍ഷവും പദ്ധതികളുടെ അംഗീകാരത്തിനായി മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയില്‍ വരണം. ഇനിമുതല്‍ അതുണ്ടാവില്ല. മുഖ്യമന്ത്രിമാര്‍തന്നെയാണ് ഇനി പദ്ധതികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതിനായി മൂഖ്യമന്ത്രിമാരുടെ മൂന്നു സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. കേന്ദ്രസഹായപദ്ധതികള്‍, നൈപുണിവികസനം, സ്വച്ഛ് ഭാരത് മിഷന്‍ എന്നീ വിഷയങ്ങള്‍ക്കാണ് ഈ സമിതികള്‍. ഇനി പദ്ധതികള്‍ തീരുമാനിക്കുക ധനമന്ത്രാലയത്തിലോ നീതി ആയോഗിന്റെ കെട്ടിടത്തിലോ അല്ല, മുഖ്യമന്ത്രിമാര്‍തന്നെ ആയിരിക്കും. നീതി ആയോഗിന്റെ ഭരണസമിതിയില്‍ എല്ലാ മുഖ്യമന്ത്രിമാരും അംഗങ്ങളാണ്. ഒരു സംസ്ഥാനത്തെ മാതൃകാപരവും മെച്ചപ്പെട്ടതുമായ പദ്ധതിയെക്കുറിച്ച് നീതി ആയോഗ് മറ്റുള്ളവരെ അറിയിക്കുകയും അതു പ്രചരിപ്പിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യും. ഉദാഹരണത്തിന് കേരളത്തില്‍ നല്ല രീതിയില്‍ നടപ്പാക്കുന്ന ഒരു പദ്ധതിയുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ മറ്റുള്ളവരിലെത്തിക്കും. നയപരമായ കാര്യങ്ങളിലുള്ള ഒരു വിദഗ്ധകൂട്ടായ്മ പോലെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. അഞ്ചുവര്‍ഷത്തെ ആസൂത്രണം എന്ന രീതിയും ഇനിയുണ്ടാവില്ല. അതേസമയം, ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണം നടത്തും. ഇന്ത്യയെന്നാല്‍ ഡല്‍ഹിയല്ല. ഇന്നത്തെ സാഹചര്യത്തില്‍ ആസൂത്രണം എന്ന വാക്ക് ഉപയോഗിക്കേണ്ട ആവശ്യംതന്നെ ഇല്ല. അമ്പതുകളില്‍ അതാവശ്യമായിരുന്നിരിക്കാം.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരുവര്‍ഷം നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും കാര്‍ഷികമേഖലയിലെ പ്രതിസന്ധി ഒരു വിഷയംതന്നെയാണ്. അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞത് വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ഒരു ഘടകമായെങ്കിലും സര്‍ക്കാര്‍ കൈക്കൊണ്ട ചില നടപടികളും ഭക്ഷ്യധാന്യങ്ങളുടെ വില കൂടാതിരിക്കാന്‍ സഹായിച്ചു. ധാരാളം അരി പൊതുവിപണിയിലിറക്കിയതാണ് ഇതില്‍ പ്രധാനം. അതുകൊണ്ട് നല്ല ഫലമുണ്ടായി. കാര്‍ഷികോത്പന്നങ്ങളുടെ വില അതിന്റെ വിപണനശൃംഖലയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. വിതരണരംഗം മെച്ചപ്പെട്ടില്ലെങ്കില്‍ കാര്‍ഷികോത്പന്നങ്ങളുടെ വില കൂടിക്കൊണ്ടേയിരിക്കും. വിതരണവുമായി ബന്ധപ്പെട്ട സംഗതികള്‍ പ്രധാനമായും കൈകാര്യംചെയ്യേണ്ടത് സംസ്ഥാനസര്‍ക്കാറുകളാണ്. മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിമാരുടെ ഒരു സമിതി രൂപവത്കരിച്ചിരുന്നു. അതിന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ മാത്രമാണു വെളിച്ചത്തുവന്നത്. ശാന്തകുമാര്‍ കമ്മിറ്റി, ശിവ് ഗുലാത്തി കമ്മിറ്റി എന്നിവയും പിന്നീടുണ്ടായി. കമ്മിറ്റിയുണ്ടാക്കിയതുകൊണ്ടോ അവര്‍ റിപ്പോര്‍ട്ട് നല്‍കിയതുകൊണ്ടോ മാത്രം കാര്യമില്ല. അവ നടപ്പാക്കുകയും ആവശ്യമായ നടപടികളെടുക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുകയും വേണം. അടുത്തകാലത്തായി കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ആവഴിക്ക് നല്ല ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഒരുപക്ഷേ, കര്‍ണാടകം ഇക്കാര്യത്തിലെടുത്ത നടപടികള്‍ വിജയമാണെന്നു കാണാന്‍ സാധിക്കും. 
കാര്‍ഷികമേഖലയെക്കുറിച്ചാണെങ്കില്‍, കൃഷി ഇന്ന് ലാഭകരമല്ല എന്ന വസ്തുതയില്‍നിന്നുവേണം കാര്യങ്ങളെ സമീപിക്കേണ്ടത്. കാര്‍ഷികരംഗത്തെ മുഖ്യപ്രശ്‌നം ഇതാണ്. കൃഷിച്ചെലവു കൂടുന്നു. അതില്‍നിന്നു വേണ്ടത്ര വരുമാനം കിട്ടുന്നില്ല. ആര്‍ക്കും കൃഷിക്കാരനാവേണ്ട. രാജ്യത്ത് ഏതാണ്ട് 40 കോടി ജനങ്ങള്‍ കൃഷിഭൂമിയെ ആശ്രയിച്ചു കഴിയുന്നുണ്ട്. ഇവരില്‍ ഏതാണ്ട് പകുതി ഭൂവുടമകളും 20 കോടിയോളം കര്‍ഷകത്തൊഴിലാളികളുമാണ്. കാര്‍ഷികപ്രതിസന്ധികാരണം ആത്മഹത്യചെയ്യുന്നവരില്‍ കൂടുതലും സ്വന്തമായി കുറച്ചെങ്കിലും കൃഷിഭൂമിയുള്ളവരാണ്, കര്‍ഷകത്തൊഴിലാളികളല്ല എന്നു കാണാന്‍ സാധിക്കും. ഭൂമി ഉടമസ്ഥതയുടെ പ്രശ്‌നം, പണിച്ചെലവിന്റെ പ്രശ്‌നം, എക്സ്റ്റന്‍ഷന്‍ സേവനങ്ങളുടെ അഭാവം, പ്രകൃതിക്ഷോഭം അങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഈ വിഭാഗം നേരിടുന്നത്. ഓരോ സംസ്ഥാനത്തും ഓരോതരം പ്രശ്‌നമാണുള്ളത്. കേരളത്തിലെ സ്ഥിതിയല്ല പഞ്ചാബിലും രാജസ്ഥാനിലും. കേരളത്തില്‍ കൂടുതല്‍ തോട്ടങ്ങളും നാണ്യവിളകളുമാണ്. രാജസ്ഥാനിലെ കൃഷിമേഖല കൂടുതലും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. ഇപ്രകാരം വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തപ്രശ്‌നങ്ങള്‍ പഠിക്കാനാണ് നീതി ആയോഗില്‍ ഒരു വിദഗ്ധസമിതി രൂപവത്കരിച്ചത്.
ഇതിനിടയില്‍ ഇപ്പോള്‍ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമവും അതിന്റെ ഭേദഗതിയും വിവാദമായിരിക്കുകയാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ സംസ്ഥാനപട്ടികയിലുള്‍പ്പെടുന്ന വിഷയമാണ് ഭൂമി. സംസ്ഥാനങ്ങളുടെ അധികാരവിഷയത്തില്‍ എന്തിനാണ് യു.പി.എ. സര്‍ക്കാര്‍ ആദ്യം ഒരു നിയമം കൊണ്ടുവന്നത്? ഇത്തരമൊരു നിയമം കേന്ദ്രം പാസാക്കേണ്ടതിന്റെ ആവശ്യമേയുണ്ടായിരുന്നില്ല. ഭൂമിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണ്. വിവിധ സംസ്ഥാനങ്ങളിലെ ഭൂമിയുടെ അവസ്ഥയും വിലയിലെ അന്തരവും കണക്കിലെടുക്കണം. കേരളത്തിലെ വിലയല്ല പശ്ചിമബംഗാളിലും ഛത്തീസ്ഗഢിലും. ആനിലയ്ക്ക് പൊതുവായ സമീപനം ഇക്കാര്യത്തില്‍ പ്രായോഗികമാവില്ല. 
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ഒരുപോലെ അധികാരമുള്ള പൊതുപട്ടികയിലാണ് ഭൂമി എന്ന വാദമാണ് മുന്‍മന്ത്രി ജയ്‌റാം രമേഷ് ഉയര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ ഭരണപരിഷ്‌കാരകമ്മീഷനും കേന്ദ്രസംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച സമിതിയും നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പൊതുപട്ടികയിലെ ആറാം ഇനത്തില്‍, കൃഷിഭൂമിയൊഴിച്ചുള്ളവ മാത്രമാണുള്‍പ്പെടുത്തിയിട്ടുള്ളത്. അതായത് കൃഷിഭൂമി സംസ്ഥാനവിഷയമാണ്. അതേസമയം പൊതുപട്ടികയിലെ 42ാം ഇനം ഭൂമി ഏറ്റെടുക്കലിനെക്കുറിച്ചു പറയുന്നുണ്ട്. ഇതാണ് ഭൂമിയേറ്റെടുക്കല്‍ നിയമത്തെ ന്യായീകരിക്കാന്‍ ജയ്‌റാം രമേഷ് മുന്നോട്ടുവെയ്ക്കുന്നത്. ഇനം 6ഉം 42ഉം ചേര്‍ത്തുവായിക്കുമ്പോള്‍, സംസ്ഥാനങ്ങളുടെ കൃഷിഭൂമിയേറ്റെടുക്കാന്‍ കേന്ദ്രം നിയമം പാസാക്കേണ്ടതില്ലെന്നാണ് ഭരണഘടനയുടെ ശില്പികള്‍ വിഭാവനംചെയ്തതെന്നു വ്യക്തമാണ്. 
ഭൂമിയും വികസനപദ്ധതികളും നൈപുണിവികസനവും തൊഴിലവസരങ്ങളും സാമ്പത്തികവളര്‍ച്ചയുമെല്ലാം പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന സംഗതികളാണ്. ലാഭകരമല്ലാത്തതും ഭക്ഷ്യധാന്യം കൃഷിചെയ്യാത്തതുമായ ഭൂമി ഏതെങ്കിലുമൊരു പദ്ധതിക്കായി ഏറ്റെടുക്കുമ്പോള്‍ സാധാരണഗതിയില്‍, വൈകാരികമായ ബന്ധം മാറ്റിനിര്‍ത്തി ചിന്തിച്ചാല്‍ അതില്‍ സന്തോഷിക്കുകയാണു വേണ്ടത്. എന്നാല്‍, ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരാള്‍ക്ക് അങ്ങനെ സന്തോഷിക്കാനാവില്ല. കാരണം പദ്ധതിവരുമ്പോള്‍ അതില്‍ ഭൂമി നഷ്ടമാകുന്നവര്‍ക്ക് തൊഴില്‍ ലഭിക്കണമെന്നില്ല. അതിനുള്ള വൈദഗ്ധ്യം അയാള്‍ക്കുണ്ടാവില്ല. മറ്റൊരു വിഷയം നഷ്ടപരിഹാരവും പുനരധിവാസവുമാണ്. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാം. എന്നാല്‍, ഉടമസ്ഥാവകാശമില്ലാത്തവര്‍ക്ക് എങ്ങനെയാണു നഷ്ടപരിഹാരം കൊടുക്കുക? നഷ്ടപരിഹാരം ഒറ്റപ്രാവശ്യം തീര്‍പ്പാക്കേണ്ട സംഗതിയാണ്. എന്നാല്‍, പുനരധിവാസം നീണ്ടുനില്‍ക്കുന്ന പ്രക്രിയയാണ്. ഇപ്പോള്‍ നിലവിലുള്ള നിയമം ഈ രണ്ടുവിഷയങ്ങളുംതമ്മില്‍ കൂട്ടിക്കുഴയ്ക്കുകയും ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തിരിക്കുന്നു.
ഭൂമിയേറ്റെടുക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്കും വന്‍ വ്യവസായികള്‍ക്കും വേണ്ടിയാണെന്ന് സര്‍ക്കാറിലുള്ള ആരും പറഞ്ഞിട്ടില്ല. എന്നാല്‍, അടിസ്ഥാ സൗകര്യവികസനത്തിനും തൊഴിലവസരങ്ങള്‍ക്കും ഭൂമി വേണം. ഈ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതുണ്ട്. അധികം വൈകാതെ ഇതിനു പരിഹാരമുണ്ടാവുമെന്നാണ് എന്റെ പ്രതീക്ഷ. ചരിത്രപരമായി നോക്കിയാല്‍ നേരത്തേ ഭൂമിയേറ്റെടുത്ത സംസ്ഥാനങ്ങള്‍ അങ്ങനെ ചെയ്തിട്ടില്ലാത്ത സംസ്ഥാനങ്ങളെക്കാള്‍ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലാണെന്നു കാണാന്‍ സാധിക്കും. ഉദാഹരണത്തിന് ഗുജറാത്ത് ഭൂമിയേറ്റെടുത്തിട്ടില്ലാത്ത പശ്ചിമബംഗാളിനെക്കാള്‍ നല്ല സ്ഥിതിയിലാണ്. ഭക്ഷ്യധാന്യങ്ങളുടെ കൃഷിയിലൂടെ കൂടുതല്‍ തൊഴിലുണ്ടാവില്ല. ഉദ്യാനകൃഷി, മത്സ്യകൃഷി പോലുള്ള മേഖലകളെക്കുറിച്ചല്ല പറയുന്നത്. ഇനിയുള്ളകാലത്ത് തൊഴിലുണ്ടാവുക സേവനവുമായി ബന്ധപ്പെട്ട ഉത്പാദനമേഖലയില്‍നിന്നാണ്. ഉത്പാദനമെന്നാല്‍ വന്‍കിട ഫാക്ടറികളല്ല. തൊഴില്‍മേഖലയുടെ കാര്യവും ഭൂമിയുടേതുപോലെതന്നെയാണ്. തൊഴില്‍പരിഷ്‌കരണം ആവശ്യമാണെന്നു കരുതുന്ന സംസ്ഥാനങ്ങള്‍ അതുമായി മുന്നോട്ടുപോവട്ടെ. രാജസ്ഥാനതു വേണമെങ്കില്‍ അവര്‍ ചെയ്യട്ടെ. കേരളത്തിനു വേണ്ടെങ്കില്‍ വേണ്ട. ഇതൊരു ഫെഡറല്‍ സംവിധാനമാണ്. 
രാജ്യത്തിന്റെ മുന്‍ഗണന രാജ്യമാണു നിശ്ചയിക്കേണ്ടത്. അതേസമയം, ഒരു പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്നാണ്. കൂടുതലാളുകളും അവരുടെ അഭിപ്രായം സ്വരൂപിച്ചത് മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങള്‍ പലപ്പോഴും സര്‍ക്കാറിനെ ചിത്രീകരിക്കുന്നത്, പ്രത്യേകിച്ച് ഗുജറാത്ത് സര്‍ക്കാറിനെ, അത് കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാണെന്നാണ്. ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചുകൊണ്ട് പ്രസ്താവന നടത്തിയതൊഴിച്ചുനിര്‍ത്തിയാല്‍, സര്‍ക്കാറില്‍ ആരെങ്കിലും കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയാണെന്ന പ്രഖ്യാപനത്തോടെ പ്രത്യേകിച്ചെന്തെങ്കിലും ചെയ്ത ഒറ്റ സന്ദര്‍ഭംപോലുമില്ല. ബജറ്റില്‍ പറഞ്ഞതുതന്നെ അതിന്റെ പകുതിമാത്രം മനസ്സിലാക്കിയാണ് ആളുകള്‍ വ്യാഖ്യാനിച്ചത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ മനസ്സില്‍വെച്ചാണ് സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്.
(നീതി ആയോഗിലെ രണ്ടു സ്ഥിരാംഗങ്ങളില്‍ ഒരാളും പ്രമുഖസാമ്പത്തികവിദഗ്ധനുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)
Courtesy: http://www.mathrubhumi.com/specials/modi_365_days/548400/index.html

No comments:

Post a Comment