Tuesday, June 2, 2015

മന്‍ കീ ബാത്തില്‍ സത്യമല്ലാത്തതായി ഒന്നുംതന്നെ ഇല്ല (പത്താം എഡീഷന്റെ പൂര്‍ണ്ണ രൂപം)

മന്‍ കീ ബാത്തില്‍ സത്യമല്ലാത്തതായി ഒന്നുംതന്നെ ഇല്ല (പത്താം എഡീഷന്റെ പൂര്‍ണ്ണ രൂപം)
''ഞാന്‍ പാവപ്പെട്ടവരുടെ ഒരു സേന രൂപീകരിക്കാന്‍ ആഗ്രഹിക്കുകയാണ്. പാവപ്പെട്ടവരായിരിക്കും ഈ സേനയിലെ അംഗങ്ങള്‍. ഇത് ദാരിദ്ര്യത്തിനെതിരെ പോരാടും. ദാരിദ്ര്യം നമ്മുടെ രാജ്യത്തിന്റെ ശാപമാണ്. അതില്‍നിന്ന് മോചനം നേടാന്‍ നാം നിരന്തരം പരിശ്രമിക്കും. വിജയിക്കുകയും ചെയ്യും''

ജന്മഭൂമി: http://www.janmabhumidaily.com/news291761
mann-ki-baat-modi

എന്റെ പ്രിയപ്പെട്ട ദേശവാസികളേ…… 
കഴിഞ്ഞ പ്രാവശ്യം ഞാന്‍ നിങ്ങളോട് മന്‍ കീ ബാത്തിലൂടെ സംസാരിച്ചപ്പോള്‍ ഭൂകമ്പത്തിന്റെ ഭയാനകമായ സംഭവങ്ങള്‍ എന്റെ മനസ്സിനെ പ്രക്ഷുബ്ധമാക്കിയിരുന്നു…. അതുകൊണ്ടുതന്നെ എന്റെ മനസ്സ് സംസാരിക്കാനാഗ്രഹിച്ചിരുന്നില്ല! എന്നിട്ടും ഞാന്‍ എന്റെ മനസ്സിലുള്ള കാര്യങ്ങള്‍ നിങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ നിങ്ങളോട് മനസ്സിലുള്ള കാര്യങ്ങള്‍ പറയുന്ന വേളയില്‍ ഭയങ്കരമായ ഉഷ്ണക്കാറ്റിന്റെയും അതിനെ തുടര്‍ന്നുണ്ടായ വിഷമതകളുടെയും വാര്‍ത്തകള്‍ ആണ് കേട്ടുകൊണ്ടിരിയ്ക്കുന്നത്. എനിക്ക് നിങ്ങളോട് അപേക്ഷിക്കുവാനുള്ളത് ഈ ഉഷ്ണത്തില്‍ നിങ്ങള്‍ സ്വയം സംരക്ഷിക്കേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കണമെന്ന് ഓരോരുത്തരും നിങ്ങളോട് പറയുന്നുണ്ടാവാം. ശരീരത്തിനെ പൊതിഞ്ഞു വെയ്ക്കണമെന്നും പറയുന്നുണ്ടാവാം. പക്ഷേ, എനിക്ക് നിങ്ങളോട് പറയുവാനുള്ളത്…. നാം നമുക്ക് ചുറ്റുമുള്ള പക്ഷിമൃഗാദികളെയുംകൂടി സംരക്ഷിക്കണം എന്നാണ്. ഈയവസരത്തില്‍ നിങ്ങളുടെ കുടുംബത്തിലെ കൊച്ചുകുട്ടികള്‍ക്കുകൂടി ഒരു ഉത്തരവാദിത്വം ഏല്‍പ്പിക്കേണ്ടത്, അവര്‍ വീടിന്റെ മുറ്റത്ത് ഏതെങ്കിലും പാത്രത്തില്‍ പക്ഷികള്‍ക്ക് കുടിക്കാന്‍ വെള്ളം ശേഖരിച്ചുവെയ്ക്കുകയും അത് ചൂടാകാതെ നോക്കുകയും ചെയ്യട്ടെ! ഇപ്രകാരം ചെയ്യുന്നതിലൂടെ നമ്മുടെ കുട്ടികളില്‍ ഒരു ഉദാത്തമായ സംസ്‌കാരം രൂപപ്പെടുകയും ചെയ്യും. അതോടൊപ്പംതന്നെ ഈ ഭയാനകമായ വേനലില്‍ പക്ഷിമൃഗാദികള്‍ക്ക് പൊള്ളുന്ന ചൂടില്‍നിന്നും രക്ഷനേടാനുമാകും. ഇത്! ഉഷ്ണ കാലമാണ്…. ഒപ്പം സന്തോഷത്തിന്റെയും…. പിന്നെ…ദുഃഖത്തിന്റെയും. എഴുതിയ പരീക്ഷകളുടെ ഫലം പുറത്തുവരുന്നതുവരെ മനസ്സ് അസ്വസ്ഥമായിരിക്കും. സിബിഎസ്ഇയും മറ്റു ബോര്‍ഡുപരീക്ഷകളും എഴുതിയ വിദ്യാര്‍ത്ഥിസുഹൃത്തുക്കളുടെ പരീക്ഷാഫലം വന്നു. അവരെയെല്ലാം നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു. എന്റെ മന്‍ കീ ബാത്തിന്റെ സഫലത എനിക്ക് ബോധ്യമായത് പരീക്ഷാഫലം വന്നശേഷം കുട്ടികള്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നാണ്…. പ്രത്യേകിച്ചും മന്‍ കീ ബാത്തിലൂടെ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പരീക്ഷാസമയത്ത് കുട്ടികള്‍ ഉള്‍ക്കൊണ്ടത് പരീക്ഷയില്‍ വിജയം നേടാന്‍ അവര്‍ക്ക് സഹായകമായി. അത് എനിക്കും പ്രയോജനപ്രദമായി. കൂട്ടുകാരേ…. നിങ്ങള്‍ എഴുതി അയച്ചത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നു…. എന്നാല്‍ നിങ്ങളുടെ വിജയത്തിന് കാരണം മന്‍ കീ ബാത്ത് മാത്രമല്ല…. ഒരു വര്‍ഷത്തെ നിങ്ങളുടെ കഠിനാദ്ധ്വാനവും അതോടൊപ്പം നിങ്ങളുടെ കുടുംബത്തിന്റെ കൂട്ടായ പ്രയത്‌നഫലവും കൂടിയാണ്. അതില്‍ നിങ്ങളുടെ സ്‌കൂളിന്റെയും അദ്ധ്യാപകരുടെയും ഓരോരുത്തരുടേയും പരിശ്രമവുമുണ്ട്. എല്ലാറ്റിനുമുപരിയായി മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കൊത്ത് നിങ്ങള്‍ നിങ്ങളെത്തന്നെ വാര്‍ത്തെടുത്തു. പരീക്ഷയ്ക്ക് പോകുന്ന സമയം മന്‍ കീ ബാത്ത് നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടിരിയ്ക്കാം…. എന്നാല്‍ എന്നെ ഇന്ന് ആനന്ദിപ്പിക്കുന്നത് മന്‍ കീ ബാത്ത് എത്രത്തോളം പ്രയോജനപ്രദമായി അത് എത്രത്തോളം സാര്‍ത്ഥകമായി എന്നുള്ളതാണ്. എനിക്ക് വളരെ സന്തോഷമായി. ഞാനിതു പറയുമ്പോള്‍തന്നെ ചിലെടങ്ങളില്‍ ദുഃഖവും ചിലെടത്ത് സന്തോഷവും ഉണ്ട്. ഒരുപക്ഷേ വളരെ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച ഒരുപാട് യുവസുഹൃത്തുക്കള്‍ ഉണ്ടാകും. എന്നാല്‍ കുറച്ചുപേര്‍ പാസ്സായിട്ടുണ്ടാകാം…. എന്നാല്‍ മാര്‍ക്ക് വളരെ കുറച്ചേ നേടാന്‍ കഴിഞ്ഞിട്ടുണ്ടാകൂ. മറ്റു ചിലര്‍ അവരുടെ ശ്രമത്തില്‍ വിജയിച്ചിട്ടുണ്ടാകില്ല. വിജയിച്ചിട്ടുള്ളവരോട് എനിക്ക് പറയുവാനുള്ളത് ഇതേ മാനസികാവസ്ഥയില്‍ നിന്നുകൊണ്ടാണ് നിങ്ങളുടെ മുന്നോട്ടുള്ള വഴിയും തൊഴിലും തെരഞ്ഞെടുക്കേണ്ടത് എന്നാണ്. എന്നാല്‍ മുന്നോട്ടുള്ള ശരിയായ വഴി ഏതാണെന്ന് നിങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. അതും തുടര്‍ പഠനത്തില്‍ തിരഞ്ഞെടുക്കുന്ന വഴി അനുസരിച്ചാവും നിങ്ങളുടെ വിജയവും. സാധാരണഗതിയില്‍ പലര്‍ക്കും എന്ത് പഠിക്കണം, എന്തിന് പഠിക്കണം ഏതാണ് വഴി എന്ന് നിശ്ചയമുണ്ടാവില്ല. ഒട്ടുമിക്കപേരും തങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ക്കും അച്ഛനമ്മമാരുടെ ആഗ്രഹങ്ങള്‍ക്കും അനുസരിച്ചാണ് തീരുമാനം എടുക്കുന്നത്. ഇപ്പോള്‍ അവസരങ്ങള്‍ വിശാലമാണ്. പഠനവിഷയങ്ങള്‍ക്കും, പഠനാവസരങ്ങള്‍ക്കും പരിമിതിയില്ല. ആത്മവിശ്വാസത്തോടും ധൈര്യത്തോടുംകൂടി നിങ്ങള്‍ സ്വന്തം അഭിരുചിക്കും കഴിവിനും അനുസരിച്ച് വഴി തിരഞ്ഞെടുക്കുക. പരമ്പരാഗത മാര്‍ഗ്ഗങ്ങളിലൂടെമാത്രം സഞ്ചരിച്ച് നിങ്ങളുടെ കഴിവുകളെ എന്തിനാണ് നഷ്ടപ്പെടുത്തുന്നത്! പ്രയത്‌നിക്കൂ…. കഴിവുകള്‍ സ്വയം തിരിച്ചറിയൂ…. നിങ്ങളിലെ ഉത്തമമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ അവസരം ലഭിക്കുന്ന പഠനമേഖലകള്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് തിരഞ്ഞെടുത്തുകൂടാ…? ഞാന്‍ എന്തായാലും ഞാന്‍ എന്ത് പഠിച്ചാലും അതിലൂടെ എന്റെ ദേശത്തിന് എന്ത് നേട്ടമാണ് സംഭവിക്കുന്നത് എന്നുകൂടി നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.  ലോകത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തില്‍ മ്യൂസിയങ്ങള്‍ വളരെ കുറവാണ്. എന്നുള്ള സത്യം നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നുണ്ടാകാം. പലപ്പോഴും ഉള്ള മ്യൂസിയങ്ങള്‍ക്കുപോലും യോഗ്യരായ ആളുകളെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്നു. കാരണം, പരമ്പരാഗതമായ രൂപത്തില്‍ ഇതൊരു ജനപ്രിയ മേഖലയല്ല. വിശേഷിച്ചും ഞാന്‍ നിങ്ങളുടെ ശ്രദ്ധ ഒരു പ്രത്യേക മേഖലയിലേക്ക് തിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ ഇത് എടുത്തു പറയുവാനുള്ള കാരണം ഈ രാജ്യത്തിന് ഉത്തമ അദ്ധ്യാപകരുടെയും സൈനികരുടേയും ശാസ്ത്രജ്ഞന്മാരുടെയും കലാകാരന്മാരുടെയും സംഗീതജ്ഞന്മാരുടെയും ഒക്കെ ആവശ്യമുണ്ട്. സ്‌പോര്‍ട്‌സ് എത്ര വലിയൊരു മേഖലയാണ്. അതില്‍ കളിക്കാര്‍ മാത്രമല്ല വേറെയും മികച്ച മാനവവിഭവശേഷി ആവശ്യമുള്ള ഒരു മേഖലയാണ്. എന്നുവെച്ചാല്‍ ഈ ലോകത്ത് വൈവിധ്യങ്ങളായ മേഖലകള്‍ വിവിധങ്ങളായ അവസരങ്ങളാണ് നിങ്ങള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ളത്. നിങ്ങള്‍ തീര്‍ച്ചയായും സധൈര്യം പരിശ്രമിയ്ക്കുക. നിങ്ങളുടെ ശക്തിയും  കഴിവും സ്വപ്‌നങ്ങളും ദേശത്തിന്റെ സ്വപ്‌നങ്ങളുമായി യോജിക്കുന്നതായിരിക്കണം. നിങ്ങളുടെ വഴി കണ്ടെത്തുവാനുള്ള അവസരമായിരിക്കും ഇത്. പരാജയപ്പെട്ടവരോട് എനിക്ക് പറയുവാനുള്ളത് ജീവിതത്തില്‍ പരാജയവും വിജയവും സ്വാഭാവികമാണ്. പരാജയത്തെ ഒരവസരമാക്കുന്നവരാണ് വിജയത്തിലേയ്ക്കുള്ള അടിസ്ഥാനശിലയിടുന്നത്. പരാജയത്തിലൂടെ സ്വയം പരാജയപ്പെടുന്നവര്‍ ജീവിതത്തില്‍ ഒരിക്കലും വിജയിക്കില്ല. പരാജയത്തില്‍ നിന്നും ധാരാളം പഠിക്കാന്‍ കഴിയും. ഇന്നത്തെ പരാജയം എന്തുകൊണ്ട് നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയാനുള്ള, നിങ്ങളുടെ ശേഷികളെ തിരിച്ചറിയാനുമുള്ള  അവസരമായിക്കൂടാ. നിങ്ങളുടെ ശക്തികളെ തിരിച്ചറിഞ്ഞ് നിങ്ങളുടെ ഊര്‍ജ്ജത്തെ വികസിപ്പിച്ച് ഒരു പുതിയ വഴി കണ്ടെത്തുകയുമാവാം. എനിക്ക് മുന്‍ രാഷ്ട്രപതി ശ്രീ. എ.പി.ജെ. അബ്ദുള്‍കലാമിനെ ഓര്‍മ്മ വരികയാണ്. അദ്ദേഹം ‘മൈ ജേണി ട്രാന്‍സ്‌ഫോമിങ് ഡ്രീംസ് ഇന്റു ആക്ഷന്‍’ എന്ന പുസ്തകത്തില്‍ അദ്ദേഹത്തിന്റെ ഒരു ജീവിത സന്ദര്‍ഭം പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം തനിക്ക് പൈലറ്റ് ആകാനായിരുന്നു ആഗ്രഹമെന്ന് പറഞ്ഞിട്ടുണ്ട്. ”പൈലറ്റ് ആകാന്‍ ഞാന്‍ ഒരുപാട് സ്വപ്‌നം കണ്ടിരുന്നു. പൈലറ്റ് ആകാന്‍ പോയ ഞാന്‍ പരാജയപ്പെട്ടു. വിജയിച്ചില്ല.” നോക്കൂ, അദ്ദേഹത്തിന്റെ പരാജയം എത്ര വലിയ ഒരവസരമാണ് അദ്ദേഹത്തിന് നല്‍കിയത്. ദേശത്തിലെ മഹാനായ ശാസ്ത്രജ്ഞനായി. രാഷ്ട്രപതിയായി. രാജ്യത്തിന്റെ ആണവശേഷിക്ക് മഹത്തായ സംഭാവനകള്‍ നല്‍കി. അതുകൊണ്ടാണ് സുഹൃത്തുക്കളെ ഞാന്‍ പറയുന്നത്, പരാജയത്തിന്റെ ഭാരത്തിലമര്‍ന്ന് പോകരുത്. പരാജയവും ഒരവസരമാണ്. പരാജയത്തെ അങ്ങനെ വിട്ടുകളയരുത്. പരാജയത്തെ മുറുക്കെ പിടിക്കൂ. അന്വേഷിക്കൂ പരാജയത്തിലും പ്രതീക്ഷയുടെ കിരണങ്ങളുണ്ട്. അതുകൊണ്ട് എന്റെ യുവസുഹൃത്തുക്കളോട് എന്റെ വിനയപൂര്‍വ്വമുള്ള അപേക്ഷയാണ്. പ്രത്യേകിച്ച് അവരുടെ കുടുംബാംഗങ്ങളോട്. കുട്ടി പരാജയപ്പെട്ടാലും ജീവിതം മുഴുവന്‍ നിരാശയില്‍ ആണ്ടുപോകുന്ന ഒരു സാഹചര്യം സൃഷ്ടിക്കരുത് പലപ്പോഴും മക്കളുടെ പരാജയം മാതാപിക്കാളുടെ സ്വപ്‌നങ്ങളുമായി കൂട്ടിക്കുഴച്ച് പ്രതിസന്ധി ഉണ്ടാക്കുന്നു. അങ്ങനെ സംഭവിക്കാന്‍ പാടില്ല. പരാജയങ്ങളെ തിരിച്ചറിയാനുള്ള ശക്തിയാണ് ജീവിതത്തെ മുന്നോട്ടു നയിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നത്. വിജയിച്ച സുഹൃത്തുക്കളെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു. അതോടൊപ്പം പരാജയപ്പെട്ട സുഹൃത്തുക്കള്‍ക്ക് പുതിയ വഴികള്‍ കണ്ടെത്താനുള്ള അവസരം ലഭിച്ചു എന്നുള്ളതില്‍ അവരെയും ഞാന്‍ അഭിനന്ദിക്കുന്നു. മുന്നേറാനുള്ള വിശ്വാസം ആര്‍ജ്ജിക്കാന്‍ ശ്രമിക്കൂ. കഴിഞ്ഞ മന്‍ കി ബാത്തിനും ഇപ്പോള്‍ ഞാന്‍ സംസാരിക്കുന്നതിനും ഇടയില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. എന്റെ സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടു. രാജ്യം മുഴുവന്‍ അതിനെ സൂക്ഷ്മമായി വിശകലനം ചെയ്തു, വിമര്‍ശിച്ചു. ധാരാളംപേര്‍ ഞങ്ങള്‍ക്ക് ഡിസ്റ്റിംഗ്ഷന്‍ മാര്‍ക്ക് നല്‍കി. ജനാധിപത്യത്തില്‍ ഈയൊരു വേര്‍തിരിവ് വളരെ അത്യാവശ്യമാണ്. ഭരണപക്ഷവും പ്രതിപക്ഷവും ആവശ്യമാണ്. എന്തു കുറവുകള്‍ ഉണ്ടായി എന്ന് തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്. സംഭവിച്ച നല്ല കാര്യങ്ങളും ഒരു മുതല്‍ക്കൂട്ടാകും. ഇതിനെല്ലാം ഉപരിയായി കഴിഞ്ഞ മാസത്തെ രണ്ട് സംഭവങ്ങളാണ് എന്റെ മനസ്സിനെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ എന്റെ മനസ്സ് എപ്പോഴും പിടച്ചുകൊണ്ടിരിക്കുന്നു. പുതിയ പുതിയ കാര്യങ്ങള്‍ ചിന്തിക്കുന്നു. പുതിയ പുതിയ നിര്‍ദ്ദേശങ്ങള്‍ വന്നാല്‍ അവ സ്വീകരിക്കുന്നു. നമ്മള്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി സുരക്ഷാ ബീമായോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ സാമൂഹ്യ സുരക്ഷയ്ക്കായുള്ള മൂന്ന് പദ്ധതികള്‍ക്ക് തുടക്കമിട്ടു. ആ പദ്ധതികള്‍ തുടങ്ങിയിട്ട് കേവലം 20 ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ അഭിമാനത്തോടുകൂടി എനിക്ക് പറയാന്‍ കഴിയും. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് സര്‍ക്കാരിലും, സര്‍ക്കാരിന്റെ പദ്ധതികളിലും വിശ്വസിക്കുന്നവരും അതുമായി സഹകരിക്കുന്നവരും കുറവായിരിക്കും. പക്ഷേ, എനിക്ക് ആഹ്ലാദത്തോടെ പറയാന്‍ കഴിയും കഴിഞ്ഞ 20 ദിവസത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍ 8 കോടി 52 ലക്ഷത്തിലധികം ജനങ്ങള്‍ ഈ പദ്ധതികളില്‍ അംഗങ്ങളായി, പങ്കാളികളായി. സാമൂഹ്യസുരക്ഷാ മേഖലയിലെ നമ്മുടെ ആദ്യത്തെ ചുവടുവയ്പാണിത്. വരും ദിവസങ്ങളില്‍ ഇതിന്റെ പ്രയോജനം കൂടുതല്‍പേര്‍ക്ക് ലഭിക്കുന്നതാണ്. ഈ പദ്ധതി ഇതുവരെ പ്രയോജനപ്പെടുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് സങ്കല്‍പിക്കാന്‍ കഴിയുമോ മാസം ഒരുരൂപ വെച്ച് 12 മാസത്തേക്ക് 12 രൂപക്ക് സുരക്ഷാ ബീമാ യോജനയില്‍ അംഗത്വം ലഭിക്കുന്നു. ജീവന്‍ ജ്യോതി ബീമാ യോജനയാകട്ടെ ദിവസം ഒരു രൂപയില്‍ താഴെ മാത്രം. ഒരു വര്‍ഷത്തേക്ക് 330 രൂപ മാത്രം. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് പാവപ്പെട്ടവര്‍ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കേണ്ടിവരരുത്. പാവപ്പെട്ടവര്‍ സ്വയം ശാക്തീകരിക്കപ്പെടണം. ആ ദിശയിലേക്കുള്ള ചുവടുവെയ്പാണ് നമ്മുടേത്. ഞാന്‍ പാവപ്പെട്ടവരുടെ ഒരു സേന രൂപീകരിക്കാന്‍ ആഗ്രഹിക്കുകയാണ്. പാവപ്പെട്ടവര്‍തന്നെയായിരിക്കും ഈ സേനയിലെ അംഗങ്ങള്‍. ഈ സേന ദാരിദ്ര്യത്തിനെതിരെ പോരാടി ദാരിദ്ര്യത്തെ പരാജയപ്പെടുത്തും. വര്‍ഷങ്ങളായി ദാരിദ്ര്യം നമ്മുടെ രാജ്യത്തിന്റെ ശാപമാണ്. അതില്‍നിന്ന് മോചനം നേടാന്‍ നാം നിരന്തരം പരിശ്രമിക്കും. വിജയിക്കുകയും ചെയ്യും. എനിക്ക് ആനന്ദം പകര്‍ന്ന രണ്ടാമത്തെ കാര്യം കര്‍ഷകര്‍ക്കായുള്ള ടി വിചാനല്‍ നിലവില്‍ വന്നതാണ്. രാജ്യത്ത് നിരവധി ടി വിചാനലുകളുടെ പ്രളയമാണ്. എന്താണ് ഇല്ലാത്തത്, കാര്‍ട്ടൂണ്‍ ചാനല്‍, സ്‌പോര്‍ട്‌സ് ചാനല്‍, ന്യൂസ് ചാനല്‍ അങ്ങനെ പലതും. പക്ഷേ, എന്നെ സംബന്ധിച്ച് കര്‍ഷകര്‍ക്കായുള്ള ടി വിചാനല്‍ പ്രധാനമാകുന്നത് ഇതിലൂടെ എനിക്ക് ഭാവിയെ വ്യക്തമായി കാണാന്‍ കഴിയും എന്നുള്ളതുകൊണ്ടാണ്. എന്റെ കാഴ്ചപ്പാടില്‍ കര്‍ഷകര്‍ക്ക് ടി വിചാനല്‍വയല്‍പോലെ തുറന്ന ഒരു സര്‍വ്വകലാശാലയാണ്. ഈ ചാനലില്‍ വിദ്യാര്‍ത്ഥിയും കര്‍ഷകനാണ്. അദ്ധ്യാപകനും കര്‍ഷകനാണ്. അനുഭവങ്ങളിലൂടെ അറിയുക പരമ്പരാഗത കൃഷിരീതിയില്‍ നിന്നും ആധുനിക കൃഷി രീതിയിലേക്ക് മാറുക. തുണ്ട്, തുണ്ട് ഭൂമികളാണ് നമുക്ക് ബാക്കിയുള്ളത്. നമ്മുടെ കുടുംബങ്ങള്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. കൃഷിഭൂമിയുടെ വലുപ്പം കുറഞ്ഞും വന്നു. അപ്പോള്‍ നമുക്ക് ഭൂമിയുടെ ഉത്പാദനശേഷി എങ്ങനെ വര്‍ദ്ധിപ്പിക്കാം, വിളകളില്‍ എങ്ങനെയൊക്കെ മാറ്റം വരുത്താം. ഈ കാര്യങ്ങള്‍ പഠിക്കുകയും അറിയുകയും ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ കാലാവസ്ഥാവ്യതിയാനങ്ങളും നേരത്തേതന്നെ അറിയാന്‍ കഴുയുന്നുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ടാണ് ഈ ടി വിചാനല്‍ പ്രവര്‍ത്തിക്കുന്നത്. എന്റെ കര്‍ഷകമിത്രങ്ങളെ, ഓരോ ജില്ലയിലും കൃഷിക്കാരെ നിരീക്ഷിക്കാനുള്ള വ്യവസ്ഥകളും ചെയ്തിട്ടുണ്ട്. നിങ്ങള്‍ അവരുമായി നിര്‍ബ്ബന്ധമായും ബന്ധപ്പെടൂ….. എന്റെ മത്സ്യത്തൊഴിലാളി സുഹൃത്തുക്കളോടു പറയാനുള്ളത് മത്സ്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രയോജനപ്രമായ നിരവധി കാര്യങ്ങള്‍ ഈ ടി വിചാനലില്‍ ലഭ്യമാണ്. ഭാരതത്തിന്റെ ഗ്രാമീണ പരമ്പരാഗത തൊഴില്‍മേഖലയാണ് പശുവളര്‍ത്തല്‍. എല്ലാ കൃഷികള്‍ക്കും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായകമാകുന്ന ഒരു മേഖലയുമാണ് പശുവളര്‍ത്തല്‍. പക്ഷേ, ലോകത്തിലെ കണക്കെടുത്തു നോക്കിയാല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പാലുല്‍പ്പാദനക്ഷമതയില്‍ ഭാരതം വളരെ പിന്നിലാണ്. പശുക്കളുടെ എണ്ണത്തിന് അനുസരിച്ച് പാലിന്റെ ഉല്‍പാദനം നമ്മുടെ രാജ്യത്ത് ഉണ്ടാവുന്നില്ല. പശുക്കളുടെ പാലുല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്ത് ചെയ്യാം, പശുവിനെ എങ്ങനെ സംരക്ഷിക്കണം, പശുക്കളെ എങ്ങനെ പരിപാലിക്കണം, അതിന്റെ ആഹാരരീതി എങ്ങനെയാക്കണം, പരമ്പരാഗതമായ രീതിയില്‍ നമ്മള്‍ നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. പക്ഷേ, ശാസ്ത്രീയമായി നാം വളരെ മുന്നേറേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ കൃഷിയെപ്പോലെ പശുവളര്‍ത്തലും സാമ്പത്തികമായി നമുക്ക് ശക്തി നല്‍കൂ. കൃഷിക്കാരന് ശക്തി നല്‍കൂ, ക്ഷീരകര്‍ഷകര്‍ക്ക് ശക്തി നല്‍കൂ. നമ്മള്‍ ഏത് രീതിയിലൂടെ മുന്നോട്ട് പോകണമെന്ന്, ഏത് രീതിയിലൂടെ മുന്നേറണമെന്നുമുള്ള ശാസ്ത്രീയമായ മാര്‍ഗ്ഗദര്‍ശനം നമുക്ക് ഈ ടി വിചാനലില്‍ നിന്നും ലഭിക്കും. എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഓര്‍മ്മയില്ലേ ജൂണ്‍ 21. ജൂണ്‍ 21 നെ നമ്മള്‍ ഓര്‍ക്കുന്നത് ഏറ്റവും ദീര്‍ഘമേറിയ പകല്‍ എന്നതിനാലാണ്. ജൂണ്‍ 21 ഇനി മുതല്‍ ലോകത്തിന് ഒരു പുതിയ തിരിച്ചറിവാണ് നല്‍കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഞാന്‍ ഒരു നിര്‍ദ്ദേശം അവതരിപ്പിക്കുകയുണ്ടായി. ജൂണ്‍ 21 അന്തര്‍ദേശീയ ‘യോഗ’ ദിനമായി ആചരിക്കണമെന്ന്. ലോകം മുഴുവന്‍ അത്ഭുതപ്പെട്ടു. നിങ്ങളും ആശ്ചര്യപ്പെടുന്നുണ്ടാവും. 100 ദിവസത്തിനുള്ളില്‍ 177 രാജ്യങ്ങളുടെ പിന്തുണയോടുകൂടി എന്റെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ ഏറ്റവും അധികം ലോകരാഷ്ട്രങ്ങളുടെ പിന്തുണ കിട്ടി. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇതില്‍ പങ്കാളികളായി. ഓരോ ഭാരതീയനും ഇത് അഭിമാനകരമാണ്. എന്നാല്‍, ഇനി ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ‘യോഗ’ ഈ ലോകത്തിനെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി മാറുമെന്ന്? ‘വസുധൈവ കുടുംബകം’ എന്നത് നമ്മുടെ പൂര്‍വ്വികരുടെ സങ്കല്പത്തില്‍ ‘യോഗ’ ഒരു ചാലക ശക്തിയായിരുന്നു. ഇന്നത് ലോകത്തെ കൂട്ടിയോജിപ്പിക്കാനുള്ള ഒരു മാധ്യമമായി മാറുന്നു. ഓരോ ഭാരതീയനും അഭിമാനിക്കാനുള്ള കാര്യമാണിത്. ‘യോഗ’യുടെ സ്വരൂപത്തെ ശരിയായ അളവില്‍, ശരിയായ ശക്തിയില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ മാത്രമേ അത് തിരിച്ചറിയപ്പെടുകയുള്ളൂ. ‘യോഗ’ മനസ്സിനെയും ബുദ്ധിയെയും സമന്വയിപ്പിക്കുന്നു. ‘യോഗ’ രോഗമുക്തിക്കുള്ള മാധ്യമമാണ്. അതോടൊപ്പം സുഖഭോഗത്തില്‍ നിന്നുള്ള മോചനത്തിന്റെയും മാര്‍ഗ്ഗമാണ്. ഇന്നത്തെ എന്റെ കാഴ്ചപ്പാടില്‍ ‘യോഗ’ ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും സമന്വയിപ്പിക്കുന്നു. അതിനേക്കാളുപരി ലോകത്തെ ഒന്നിപ്പിക്കുന്നതിനുള്ള ശക്തിയായി വര്‍ത്തിക്കാന്‍ കഴിയും. എന്തുകൊണ്ട് നമുക്ക് ‘യോഗ’യുടെ അംബാസിഡര്‍ ആയിക്കൂടാ? എന്തുകൊണ്ട് നമ്മള്‍ മനുഷ്യനന്മയ്ക്കായുള്ള ഈ മഹത്തരമായ വിദ്യയെ സ്വാഭാവികമായി പകര്‍ന്നുകൊടുത്തുകൂടാ? ഭാരതത്തിന്റെ ഓരോ മുക്കുംമൂലയിലും ജൂണ്‍ 21 ‘യോഗ’ ദിവസമായി ആചരിക്കേണ്ടതുണ്ട്. നിങ്ങളുടെ ബന്ധുമിത്രാദികളും സുഹൃത്തുക്കളും ഈ ലോകത്തിന്റെ ഏതു കോണില്‍ ജീവിക്കുന്നവരായിക്കൊള്ളട്ടെ അവരോടും അവിടെയുള്ള ആളുകളെ ഒന്നിച്ചുകൂട്ടി ‘യോഗ ദിനം’ ആചരിക്കാന്‍ ടെലിഫോണില്‍ അറിയിക്കൂ. ഒരുപക്ഷേ, ‘യോഗ’യെക്കുറിച്ച് നിങ്ങള്‍ക്ക് അറിവില്ലെങ്കില്‍ ഏതെങ്കിലും പുസ്തകങ്ങളിലൂടെ ‘യോഗ’ എന്ത് എന്ന് മനസ്സിലാക്കി മറ്റുള്ളവര്‍ക്കും അത് മനസ്സിലാക്കിക്കൊടുക്കുക. എന്നാല്‍, ഞാന്‍ വിശ്വസിക്കുന്നത് ‘യോഗ’ ദിവസം ലോകനന്മയ്ക്ക് ഒരു മഹത്തരമായ ചുവടുവെയ്പായി മനുഷ്യരാശിയുടെ നന്മായ്ക്കായി ആചരിക്കണമെന്നാണ്. സംഘര്‍ഷഭരിതമായ ജീവിതത്തിലൂടെ കടന്നുപോകുന്ന മനുഷ്യസമൂഹത്തില്‍ നിരാശയിലാണ്ട മനുഷ്യന് പുതിയ ഉണര്‍വ്വ് പകരാനുള്ള കഴിവ് ‘യോഗ’യ്ക്കുണ്ട്. ലോകത്തിന്റെ അംഗീകാരവും ആദരവും നേടിയ ലോകത്തിന് ഭാരതം സമ്മാനിച്ച ‘യോഗ’ അഭിമാനമായി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇനി മൂന്നാഴ്ച ബാക്കിയുണ്ട്. നിങ്ങള്‍ പരിശ്രമിക്കൂ…. ഒന്നിക്കൂ….. മറ്റുള്ളവരെയും പങ്കാളികളാക്കൂ…. ഇനി ഞാന്‍ പറയാനാഗ്രഹിക്കുന്ന മറ്റൊരു കാര്യം രാജ്യരക്ഷയ്ക്കായി മുഴുകിയിരിക്കുന്ന ജവാന്മാരോടും, രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ച വിമുക്തഭടന്മാരോടുമാണ്. പ്രധാനമന്ത്രിയെന്ന നിലയിലല്ല ഞാന്‍ ഇത് പറയാനാഗ്രഹിക്കുന്നത്. എന്റെ ഉള്ളിന്റെയുള്ളിലെ മനുഷ്യന്‍ സത്യസന്ധമായി മനസ്സിന്റെ അഗാധതയില്‍നിന്ന് ഈ രാജ്യത്തെ സൈനികരോട് പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണിത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്നത് കഴിഞ്ഞ 40 വര്‍ഷമായി കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഒരു സമസ്യയല്ലേ? ഇതിനു മുമ്പുള്ള ഗവണ്‍മെന്റുകളൊക്കെ ഇതിനെക്കുറിച്ച് സംസാരിച്ചു. പക്ഷേ, ഒന്നും ചെയ്തില്ല എന്നത് സത്യമല്ലേ? ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു ഞാന്‍, വിരമിച്ച സൈനികര്‍ക്ക് നല്‍കിയ വാക്കാണ് എന്റെ സര്‍ക്കാര്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കും എന്ന്. ഞങ്ങള്‍ ഉത്തരവാദിത്വത്തില്‍ പിന്നാക്കം പോകുന്നവരല്ല. സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം വിവിധ വകുപ്പുകള്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ, ഞാന്‍ കരുതിയതുപോലെ അത്ര സരളമായ ഒരു വിഷയമല്ലായിരുന്നു ഇത്. വളരെ സങ്കീര്‍ണ്ണമായ ഒരു വിഷയമാണിത്. കഴിഞ്ഞ 40 വര്‍ഷങ്ങളായി ഇത് കൂടുതല്‍ സങ്കീര്‍ണ്ണമായി തീര്‍ന്നു. ഈ പ്രശ്‌നം ലഘൂകരിക്കുന്നതിനും സര്‍വ്വസമ്മതിയോടെ നടപ്പാക്കുന്നതിനുമായി ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഈ പ്രശ്‌നത്തിന് പോംവഴി കാണുന്നതിനായി ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരന്തരമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നില്ല. ഇതിനെക്കുറിച്ചുള്ള ദൃക്‌സാക്ഷിവിവരണവും ആവശ്യമില്ല. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. ഈ സര്‍ക്കാര്‍; അതേ, ഇതേ സര്‍ക്കാര്‍ തന്നെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്ന പ്രശ്‌നം പരിഹരിച്ചിരിക്കും. നമ്മള്‍ ഏത് ചിന്താധാരയിലൂടെയാണോ വളര്‍ന്നത്, ഏത് ആദര്‍ശത്തിലൂടെയാണോ മുന്നേറിയത് അതിന് നമ്മുടെ ജീവിതത്തില്‍ മഹത്തരമായ സ്ഥാനമുണ്ട്. നിങ്ങളുടെ ജീവിതവുമായി അടുക്കുക എന്നതും നിങ്ങളെക്കുറിച്ച് ചിന്തിക്കുക എന്നതും എന്നെ സംബന്ധിച്ച് ഒരു സര്‍ക്കാര്‍ ജോലിയോ ഒരു രാഷ്ട്രീയ അജണ്ടയോ അല്ല. മറിച്ച്, എന്റെ ദേശസ്‌നേഹത്തിന്റെ തെളിവാണ്. എന്റെ രാജ്യത്തെ സൈനികരോട് ഒരിക്കല്‍ക്കൂടി ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്.- കഴിഞ്ഞ 40 വര്‍ഷമായി രാഷ്ട്രീയക്കാരാല്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. ഞാന്‍ ആ മാര്‍ഗ്ഗത്തിനെതിരാണ്. പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനുള്ള നടപടികളും ഞാന്‍ എടുക്കില്ല. നിങ്ങള്‍ എന്നില്‍ വിശ്വാസം അര്‍പ്പിക്കൂ. കാര്യങ്ങളെ വഷളാക്കാന്‍ ആഗ്രഹിക്കുന്നവരും, വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരും, രാഷ്ട്രീയം കളിക്കാന്‍ ആഗ്രഹിക്കുന്നവരും അത് തുടരട്ടെ. രാജ്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറാകുന്നവര്‍ക്കുവേണ്ടി എന്ത് ചെയ്യാം എന്നുള്ളതാണ് എന്റെ ലക്ഷ്യം. എന്റെ മന്‍ കീ ബാത്തില്‍ സത്യമല്ലാത്തതായി ഒന്നുംതന്നെയില്ല. അത് നിങ്ങളുടെ മനസ്സിനെ സ്പര്‍ശിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 40 വര്‍ഷം നിങ്ങള്‍ ധൈര്യപൂര്‍വ്വം കാത്തിരുന്നില്ലേ. എനിക്ക് കുറച്ച് സമയംകൂടി തരൂ. നമുക്ക് ഒരുമിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ഒരിക്കല്‍ക്കൂടി ഞാന്‍ എന്റെ ദേശവാസികള്‍ക്ക് വാക്ക് തരുന്നു. അവധിക്കാലങ്ങളില്‍ നിങ്ങള്‍ എവിടെയെങ്കിലുമൊക്കെ യാത്രപോയിട്ടുണ്ടാവില്ലേ. ഭാരതത്തിന്റെ പല പ്രദേശങ്ങളിലും നിങ്ങള്‍ പോയിട്ടുണ്ടാവും. ഒരുപക്ഷേ, യാത്രയ്ക്കുള്ള പദ്ധതി തയ്യാറാക്കുന്നുണ്ടാവും- കാഴ്ചയാണ് വിശ്വാസം. നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ ബന്ധുവീടുകളില്‍ പോകുന്നു. ചിലപ്പോള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പോകുന്നു. ലോകത്തെ കാണാനും മനസ്സിലാക്കാനും ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു. ഗ്രാമത്തിലെ കുളം മാത്രം കണ്ട ഒരു വ്യക്തി ആദ്യമായി സമുദ്രം കാണുമ്പോള്‍ അയാളുടെ മനസ്സില്‍ എന്തൊക്കെ ഭാവങ്ങളാണ് ഉയരുന്നതെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഗ്രാമത്തില്‍ മടങ്ങിയെത്തുന്ന അയാള്‍ക്ക് ഒരു സമുദ്രം എത്രമാത്രം വലുതാണെന്ന് പറഞ്ഞറിയിക്കാന്‍പോലും കഴിയില്ല. കാഴ്ചയുടെ ലോകം മറ്റൊന്നാണ്. നിങ്ങള്‍ അവധിക്കാലത്ത് കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം എവിടെയെങ്കിലുമൊക്കെ പോയിരിക്കുമല്ലോ. അഥവാ പോകാന്‍ ആലോചിക്കുന്നുണ്ടാവുമല്ലോ. യാത്രയില്‍ നിങ്ങള്‍ക്ക് ഡയറി എഴുതുന്ന ശീലം ഉണ്ടാവുമോ എന്നെനിക്കറിയില്ല. പക്ഷേ, അനുഭവങ്ങളെ എഴുതേണ്ടതുണ്ട്. പുതിയ പുതിയ ആള്‍ക്കാരെ കണ്ടുമുട്ടുമ്പോള്‍ അവരുടെ അനുഭവങ്ങള്‍ കേട്ടെഴുതേണ്ടതുണ്ട്. നിങ്ങള്‍ കണ്ട കാഴ്ചകളെക്കുറിച്ച് വര്‍ണ്ണിക്കേണ്ടതുണ്ട്. ഈ കാഴ്ചകളെ മനസ്സില്‍ പതിപ്പിക്കേണ്ടതുണ്ട്. വെറും കൗതുക കാഴ്ചകളില്‍ മാത്രം ഭ്രമിച്ച് പോകാതെ യാത്രയെ ഒരു പഠനാനുഭവമാക്കി മാറ്റേണ്ടതുണ്ട്. എല്ലാവര്‍ക്കും ഹിമാലയത്തില്‍ പോകാന്‍ അവസരം കിട്ടിയെന്നുവരില്ല. പക്ഷേ ഹിമാലയം ദര്‍ശിച്ചിട്ടുള്ളവര്‍ എഴുതിയ പുസ്തകങ്ങള്‍ വായിച്ചാല്‍ ആ യാത്രകള്‍ എത്രമാത്രം ആനന്ദകരമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം. നിങ്ങള്‍ എഴുത്തുകാരാകണമെന്നില്ല. ഞാന്‍ പറഞ്ഞുവരുന്നത്. പക്ഷേ, യാത്രയ്ക്കുവേണ്ടി യാത്രയെന്നതു മാറ്റി യാത്രയില്‍നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ശ്രമിയ്‌ക്കേണ്ടതുണ്ട്. നമ്മുടെ നാടിനെ അറിയാനും മനസ്സിലാക്കാനും ശ്രമിക്കൂ….. അതിന്റെ വൈവിധ്യത്തെ പഠിക്കൂ…. വിവിധങ്ങളായ ഭക്ഷണരീതികള്‍, വേഷങ്ങള്‍, ഭാഷകള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, സ്വപ്‌നങ്ങള്‍, വേദനകള്‍ എല്ലാം മനസ്സിലാക്കൂ…. വളരെ ബൃഹത്തായ ദേശമാണ്. ഈ രാജ്യത്തെ മനസ്സിലാക്കാന്‍ ഒരു ജന്മം മതിയാകില്ല. നിങ്ങള്‍ തീര്‍ച്ചയായും പലയിടങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടാവും. എന്റെ ആഗ്രഹമാണ്, ഇനി യാത്ര പോകുമ്പോള്‍ നിങ്ങളുടെ അനുഭവങ്ങള്‍ എന്നോടു പങ്കുവയ്ക്കാന്‍ കഴിയുമോ? തീര്‍ച്ചയായും അത് ആനന്ദകരമായിരിക്കും. In-cr-e-d-i-b-l-e-In-d-i-a-H-a-sh-ta-g ലൂടെ നിങ്ങളുടെ ഫോട്ടോയും അനുഭവങ്ങളും അയയ്ക്കുവാന്‍ ഞാന്‍ താല്പര്യപ്പെടുന്നു. അതില്‍ എനിയ്ക്ക് ഇഷ്ടപ്പെടുന്നവ ഞാന്‍ മറ്റുള്ളവരുമായി പങ്കിടാം. നിങ്ങളുടെ അനുഭവങ്ങള്‍ എനിക്കും ആസ്വദിക്കാന്‍ കഴിയുമോ എന്ന് നമുക്ക് നോക്കാം. നിങ്ങള്‍ കണ്ടത് വളരെ ദൂരെയിരുന്ന് ഞാനും കാണാം. നിങ്ങള്‍ക്ക് സമുദ്രതീരത്ത് ഒറ്റയ്ക്ക് ഉലാത്തുവാന്‍ കഴിയും. ഇപ്പോള്‍ എനിക്ക് അതിനു സാധിക്കാറില്ല. നിങ്ങളുടെ അനുഭവങ്ങള്‍ ആസ്വദിക്കാനും ശ്രേഷ്ഠമായവ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഒരിയ്ക്കല്‍ക്കൂടി കൊടുംചൂടിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കട്ടെ. നിങ്ങള്‍ സ്വയം സംരക്ഷിക്കൂ…. രോഗം വരാതിരിക്കട്ടെ. കൊടുംചൂടില്‍നിന്ന് സ്വയരക്ഷയ്ക്കുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പക്ഷേ, അതോടൊപ്പം ആ പക്ഷിമൃഗാദികളെകൂടി ഓര്‍മ്മിക്കുക. ‘മന്‍ കീ ബാത്ത്’ ഇന്ന് ധാരാളമായി മനസ്സില്‍ വന്ന ചിന്തകള്‍ ഞാന്‍ നിങ്ങളോട് പങ്കുവെച്ചുകൊണ്ടേയിരുന്നു. അടുത്ത തവണ വീണ്ടും കാണാം. അന്ന് വീണ്ടും കാര്യങ്ങള്‍ പറയാം. നിങ്ങള്‍ക്ക് എന്റെ ശുഭാശംസകള്‍. നന്ദി.

ജന്മഭൂമി: http://www.janmabhumidaily.com/news291761

No comments:

Post a Comment