കമ്മിറ്റിക്കു പള്ളിനിര്‍മാണം കമ്മീഷന്‍ വ്യവസായം; ഇറക്കുമതിചെയ്‌ത ഗ്രാനൈറ്റ് പള്ളിയിലെത്തിയില്ല
കൊച്ചി: ഇടപ്പള്ളിപ്പള്ളിയുടെ നിര്‍മാണച്ചെലവ് വിവാദത്തിലായ പശ്‌ചാത്തലത്തില്‍ മധ്യകേരളത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പല ദേവാലയങ്ങളുടെയും അണിയറക്കാര്‍ അങ്കലാപ്പിലായി. പള്ളി പുതുക്കിപ്പണിയുടെ പേരില്‍ അമ്പരപ്പിക്കുന്ന തുക ചെലവിടാന്‍ പദ്ധതി തയാറാക്കുന്നതിനിടെ നിര്‍മാണത്തിലെ ആര്‍ഭാടത്തിനെതിരേ കത്തോലിക്ക സഭാ നേതൃത്വം പരസ്യമായി രംഗത്തുവന്നതാണ് പല പള്ളികളുടെയും ചുമതലക്കാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
പല പള്ളികളും ഇപ്പോള്‍തന്നെ ദശകോടികള്‍ മുടക്കി മോടികൂട്ടലിനുള്ള തയാറെടുപ്പിലാണ്. മേലില്‍ നിര്‍മാണജോലികള്‍ക്ക് കൃത്യമായി എസ്‌റ്റിമേറ്റും പ്ലാനും ഉണ്ടാകണമെന്നാണ് സഭ വ്യക്‌തമാക്കിയിട്ടുള്ളത്.
തീര്‍ഥാടനകേന്ദ്രം എന്ന നിലയില്‍ ഇടപ്പള്ളിപ്പള്ളിക്കു സഭാ നേതൃത്വം അനുവദിച്ച സ്വാതന്ത്ര്യം ചുമതലക്കാര്‍ ചേര്‍ന്ന് ദുര്‍വിനിയോഗം ചെയ്‌തതിന്റെ ഫലമായാണ് കടുത്ത നിലപാട് സഭാ നേതൃത്വത്തിനു കൈക്കൊള്ളേണ്ടിവന്നത്.
നിര്‍മാണച്ചെലവ് സംബന്ധിച്ച് പുറത്തുവരുന്ന കണക്കുകളില്‍ ഇനിയും വ്യക്‌തത കൈവന്നിട്ടില്ല. 15 വര്‍ഷം മുമ്പ് പള്ളിയുടെ പുതുക്കിപ്പണി തുടങ്ങുമ്പോള്‍ അതിനുവേണ്ടി പ്രത്യേക അക്കൗണ്ടോ രേഖകളോ ഉണ്ടായിരുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. എട്ടു വര്‍ഷത്തോളം കഴിഞ്ഞപ്പോഴാണ് കൃത്യമായ രേഖകള്‍ പള്ളി അധികൃതര്‍ക്കുപോലും ലഭിച്ചതത്രേ.
വ്യക്‌തികളാണ് കണക്കുകള്‍ കൈയാളിക്കൊണ്ടിരുന്നത്. നിര്‍മാണ സാമഗ്രികള്‍ പൂര്‍ണമായി പള്ളിക്കുവേണ്ടി ഉപയോഗിച്ചിട്ടില്ല. സാമ്പിളിനത്തില്‍ കൊണ്ടുവന്ന ഗ്രാനൈറ്റ്, മാര്‍ബിള്‍, ടൈല്‍സ്, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, അലങ്കാരലൈറ്റുകള്‍ എന്നിവ വ്യക്‌തികളുടെ കൈകളിലേക്കുപോയി. പള്ളിയുടെ തറയുടെ നിര്‍മാണത്തിന് ഇറക്കുമതി ചെയ്‌ത വെള്ള മാര്‍ബിളിന്റെ നല്ല പങ്കും ഇത്തരത്തില്‍ കാണാതായിട്ടുണ്ടെന്നാണ് ആക്ഷേപം. ഇതേച്ചൊല്ലി ഇടവകാംഗങ്ങളും കമ്മിറ്റി അംഗങ്ങളും തമ്മില്‍ ഒരുഘട്ടത്തില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.
ഇറക്കുമതി ചെയ്‌ത ഓരോ സാധനങ്ങള്‍ക്കും കമ്മിഷന്‍ ചോദിച്ചുവാങ്ങിയാണ് ഇടനിലക്കാര്‍ വിലസിയത്. ശില്‍പനിര്‍മാണത്തിനായി എത്തിയവരില്‍നിന്ന് നിര്‍മാണത്തുകയുടെ അഞ്ച് ശതമാനം കമ്മിഷനായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജോലിയില്‍നിന്നു പിന്മാറിയ ചരിത്രമുണ്ട്. അള്‍ത്താര അലങ്കരിക്കാന്‍ ഇറ്റലിയില്‍നിന്ന് കൊണ്ടുവന്ന ഗോള്‍ഡന്‍ സില്‍വര്‍ ഫോയിലുകള്‍ വാങ്ങിയ ഇനത്തിലും പാനലിങ്ങിനായി തടി വാങ്ങിയ വകയിലും തുടങ്ങി കൊടിമര നിര്‍മാണത്തിനു വാങ്ങിയ പിച്ചളയില്‍വരെ അഴിമതിയുടെ തിളക്കമുണ്ടെന്ന ആക്ഷേപം ശക്‌തമാണ്.
മിഥുന്‍ പുല്ലുവഴി
Courtesy: http://www.mangalam.com/print-edition/keralam/314632#sthash.gtwckiuR.dpuf
No comments:
Post a Comment