Tuesday, January 13, 2015

കന്യാസ്ത്രി മഠങ്ങള്‍ അടച്ചു പൂട്ടേണ്ടിവന്നാല്‍ അത്ഭുതപപെടേണ്ടതില്ല


ഡോ. സ്റ്റീഫന്‍ ആലത്തറയുമായുള്ള 

ഇന്ത്യ റ്റുടെയുടെ  അഭിമുഖം


സന്യാസം ഉപേക്ഷിച്ചവര്‍  പോരാട്ടത്തിന് 
കെ.സുജിത് January 11, 2015


തൃശൂര്‍: ക്രൈസ്തവ സഭകളിലെ അഴിമതിയും അരാജകത്വവും ചോദ്യം ചെയ്ത് പടിയിറങ്ങിയവര്‍ സംഘടന രൂപീകരിച്ച് പോരാട്ടത്തിനൊരുങ്ങുന്നു. വിവിധ സഭകളില്‍ നിന്നും സന്യാസം ഉപേക്ഷിച്ച പുരോഹിതരും കന്യാസ്ത്രീകളും ഫെബ്രുവരി 28ന് കൊച്ചിയില്‍ ഒത്തുചേരും. കാതലിക് ചര്‍ച്ച് റഫര്‍മേഷന്‍ മൂവ്‌മെന്റ് (കെസിആര്‍എം) എന്ന സംഘടയുടെ നേതൃത്വത്തിലാണ് പരിപാടി. രാജ്യത്ത് ആദ്യമായാണ് ഇത്തരം കൂട്ടായ്മ രൂപപ്പെടുന്നതെന്നും പ്രത്യേക സംഘടന രൂപീകരിച്ച് അവകാശങ്ങള്‍ക്കായി പോരാടുമെന്നും സംഘാടകര്‍ പറഞ്ഞു. പാശ്ചാത്യരാജ്യങ്ങളിലെന്ന പോലെ കേരളത്തിലും ക്രൈസ്തവ സഭയില്‍ നിന്നും വന്‍തോതില്‍ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. കത്തോലിക്കാ സഭയാണ് ഏറ്റവുമധികം പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. സഭാവസ്ത്രമുപേക്ഷിക്കുന്ന കന്യാസ്ത്രീകളുടെയും പുരോഹിതരുടെയും എണ്ണം വര്‍ദ്ധിച്ചതാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നതിലേക്ക് നയിച്ചത്. വീട് ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചവര്‍ സഭയില്‍ നിന്നും പുറത്താകുന്നതോടെ സമൂഹത്തില്‍ ഒറ്റപ്പെടുകയാണ്. തിരിച്ചുവരുന്നവരെ സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറാകുന്നില്ല. ഇവരെ മോശക്കാരായി ചിത്രീകരിക്കുകയാണ് സമൂഹവും. ജീവിതം വഴിമുട്ടുന്ന ഇത്തരത്തിലുള്ളവര്‍ക്ക് ജോലി ഉള്‍പ്പെടെയുള്ള പുനരധിവാസം സാധ്യമാക്കുന്നതിനാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് കെസിആര്‍എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി റെജി ഞള്ളാനി പറഞ്ഞു.

ആത്മീയ ചൈതന്യം നഷ്ടപ്പെട്ട ക്രൈസ്തവ സഭകളില്‍ സമ്പൂര്‍ണ അരാജകത്വമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്പത്തിനും അധികാരത്തിനും പുറകെയാണ് സഭാ നേതാക്കള്‍. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നു. ധ്യാനവും അത്ഭുത രോഗശാന്തി ശുശ്രൂഷയും പോലുള്ള അന്ധവിശ്വാസങ്ങള്‍ ഉപയോഗപ്പെടുത്തി വിശ്വാസികളെ കൂടെനിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആദര്‍ശമുള്ളവര്‍ക്ക് സഭയില്‍ സ്ഥാനമില്ല. എതിര്‍ക്കുന്നവരെ ദ്രോഹിച്ച് പുറത്ത്കളയുന്നു. കന്യാസ്ത്രീ മഠങ്ങളില്‍ കന്യകാത്വം നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. നല്ല കുടുംബങ്ങളില്‍ നിന്നും മഠങ്ങളിലേക്കോ സെമിനാരികളിലേക്കോ മക്കളെ പറഞ്ഞയക്കാത്ത സാഹചര്യമാണ് ഇന്നുള്ളത്. പൊതുസമൂഹം അവജ്ഞയോടെ കാണുന്ന പലതുമാണ് സഭകളില്‍ നടക്കുന്നതെന്ന് ദിവസേനയുള്ള വാര്‍ത്തകള്‍ തന്നെ തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭ വിട്ടുപോയവരോട് എന്ത് നിലപാടാണുള്ളതെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. സഭയില്‍ നിന്നും പുറത്ത് വന്ന വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ കെസിബിസി തയ്യാറാകണം. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും കൂട്ടായ്മ മുന്നോട്ട് വയ്ക്കുന്നുണ്ട്. കോടിക്കണക്കിന് സ്വത്താണ് സഭകള്‍ക്കുള്ളത്. കാനോന്‍ നിയമപ്രകാരം പുറത്ത് വരുന്നവര്‍ക്ക് ജീവനാംശം നല്‍കേണ്ടതുണ്ടെങ്കിലും സഭകള്‍ തയ്യാറാകുന്നില്ല. ജീവിതകാലം മുഴുവന്‍ കന്യാസ്ത്രീയാകാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം ഒഴിവാക്കണം. നിശ്ചിത കാലത്തെ സേവനത്തിന് ശേഷം താത്പര്യമില്ലാത്തവര്‍ക്ക് തിരിച്ച് പോകാന്‍ അവസരം നല്‍കണം. പുരോഹിതര്‍ക്ക് വിവാഹ ജീവിതം നയിക്കാന്‍ അനുവാദം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു

കടപ്പാട്: http://almayasabdam.blogspot.in/2015/01/blog-post_14.html


No comments:

Post a Comment