തൃശൂരില്‍ നടക്കാനിരിക്കുന്ന വിബ്ജിയോര്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആസ്‌ട്രേലിയയില്‍നിന്നു വന്ന സിനിമാ സംവിധായകന്‍ ഡേവിഡ് ബ്രാഡ്ബറിയും, അദ്ദേഹത്തിന്റെ കൂടെ ബാംഗ്ലൂരില്‍നിന്നുവന്ന ഛായാഗ്രാഹകനും ഡോക്യുമെന്ററി സംവിധായകനുമായ നവ്‌റോസ് കണ്‍ട്രാറ്ററും സമരപ്പന്തലില്‍ വന്നു. സിനിമാ നിരൂപകനായ ഐ.ഷണ്‍മുഖദാസ് ആണ് അവരെ കൂട്ടിക്കൊണ്ടുവന്നതും എനിക്ക് അവരെ പരിചയപ്പെടുത്തിയതും. ബ്രാഡ്ബറി ലാറ്റിനമേരിക്കയിലെ മുന്‍കാല സൈനികസ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ പോയി രഹസ്യമായി ചെറുത്തുനില്പ് സമരങ്ങളെക്കുറിച്ച് ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ച് പ്രസിദ്ധനായ ആളാണ്. വിവിധ രാജ്യങ്ങളിലെ മാലിന്യപ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് അതേക്കുറിച്ചുള്ള ഡോക്യുമെന്ററികളും അദ്ദേഹം ചെയ്യുന്നുണ്ട്. എന്റെ രാഷ്ട്രീയപശ്ചാത്തലം മനസ്സിലായപ്പോള്‍ അതിനെക്കുറിച്ച് അറിയാന്‍ താല്‍പര്യമായി. അതേക്കുറിച്ച് കൂടുതല്‍ സംസാരിച്ചത് നവ്‌റോസാണ്. അദ്ദേഹം പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോണ്‍ എബ്രഹാമിന്റെ കൂടെ ഒന്നരകൊല്ലം താമസിച്ച കാര്യം പറഞ്ഞു. കമ്യൂണിസം ഞാന്‍ ഉപേക്ഷിക്കാന്‍ ഇടയായതിന്റെ കാരണങ്ങളും ഇപ്പോഴത്തെ ലോകസാഹചര്യത്തില്‍ മുന്നോട്ടുള്ള ദിശ എന്താണെന്നതിനെക്കുറിച്ചുള്ള എന്റെ അഭിപ്രായവും ആണ് അവര്‍ ചോദിച്ചത്. അധികം സംസാരിക്കാന്‍ അനുവാദമില്ലാത്തതുകൊണ്ട് ചുരുക്കിപ്പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യം മാത്രമേ രാഷ്ട്രീയ രൂപമായി നമ്മുടെ മുന്നിലുള്ളു എന്നും അതിനൊരു തിരുത്തല്‍ ശക്തിയായി ഫിഫ്ത്ത് എസ്റ്റേറ്റ് പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും ഞാന്‍ വിശദീകരിച്ചപ്പോള്‍ അവരുടെ പ്രതികരണം അത്തരം നിലപാടുകളെ അനുകൂലിക്കുന്നവിധത്തിലായിരുന്നു.
ഡേവിഡ് ബ്രാഡ്ബറിയുടെ ക്യാമറക്കണ്ണിന്റെ കൂര്‍മ്മത എന്നെ അതിശയിപ്പിക്കുകയുണ്ടായി. കുറച്ചുനേരം എന്നെയും ചുറ്റുപാടിനെയും ക്യാമറയില്‍ പകര്‍ത്തിയശേഷമാണ്, ഇവിടെ വന്നുപോയിട്ടുള്ള അനവധി ക്യാമറക്കാരാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു ദൃശ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഞാന്‍ കിടക്കുന്നതിന് പിന്നില്‍ തുണികൊണ്ട് ഉണ്ടാക്കിയിട്ടുള്ള മറയും അതിന്‍മേലുള്ള ബാനറുകളും പോസ്റ്ററുകളുമൊക്കെ കഴിഞ്ഞ് മുകളിലേയ്ക്ക് നോക്കിയാല്‍ ബാക്കിയുള്ള ചെറിയ വിടവിലൂടെ പിന്നിലുള്ള കോര്‍പ്പറേഷന്‍ കെട്ടിടത്തിനു മുകളിലുള്ള ദേശീയ പതാക കാണാം. ആ പതാകയില്‍നിന്ന് തുടങ്ങി ഞാന്‍ കിടക്കുന്നിടം വരെ അദ്ദേഹം വീഡിയോ ക്യാമറ ചലിപ്പിക്കുകയായിരുന്നു. രണ്ടുമൂന്നാവര്‍ത്തി താഴോട്ടും മുകളിലോട്ടും ക്യാമറ ചലിപ്പിച്ചു. ഒരപൂര്‍വ്വ ദൃശ്യം കിട്ടിയതിന്റെ ആവേശം അദ്ദേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.
courtesy: http://k-venu.blogspot.com
courtesy: http://k-venu.blogspot.com
No comments:
Post a Comment