ശ്രീ കെ. വേണുവിന്‍റെ വാക്കുകള്‍:
അഞ്ചാം ദിവസം
അഞ്ചാം ദിവസം
ക്ഷീണം ചെറുതായിട്ടുണ്ട്. രാവിലെ കുളിച്ചപ്പോള്‍ അതിനും കുറവുണ്ട്. പ്രശ്‌നപരിഹാരത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് പ്രായോഗികമായ നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല. സമരപ്പന്തലില്‍ വലിയ ആള്‍ക്കൂട്ടങ്ങളില്ലെങ്കിലും ചെറു പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രവര്‍ത്തകര്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നതു സന്തോഷകരമാണ്. വിമലാകോളേജിലെ MSW പെണ്‍കുട്ടികളുടെ ഒരു സംഘം വന്നതും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ കാട്ടിയ താല്പര്യവും പ്രചോദനമുണ്ടാക്കുന്ന അനുഭവമായിരുന്നു. കുറെക്കാലമായി ബന്ധമില്ലാതിരുന്ന പഴയ സുഹൃത്തുക്കള്‍ പലരും അകലെനിന്ന് വരെ, വിവരമറിഞ്ഞ് എത്തിയതും പുതിയൊരു അനുഭവമായിരുന്നു.
ലാലൂരിലെ മാലിന്യമല നീക്കം ചെയ്യാന്‍ സ്ഥലമില്ലാത്തതല്ല പ്രശ്‌നം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുമാനിച്ച, കോള്‍ റോഡ് മണ്ണടിക്കാന്‍ പാകത്തില്‍ തയ്യാറാക്കാന്‍ സമയമെടുക്കും എന്നാണ് ആ വാദം. പക്ഷെ, മറ്റൊരു കോള്‍ ബണ്ട് മണ്ണടിക്കാന്‍ സജ്ജമായി കിടക്കുന്നത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് പൂര്‍ണ്ണസമ്മതം. പക്ഷേ, കോര്‍പ്പറേഷന്‍ അധികൃതര്‍ അതിനും സാങ്കേതികതടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് മറ്റു ചില ഹിഡന്‍ അജണ്ടുകളുണ്ടെന്ന സംശയം ബലപ്പെടുകയാണ്. ഇത്തരം തടസ്സങ്ങള്‍ മറികടക്കാന്‍ എന്റെ സുഹൃത്തുകൂടിയായ തൃശൂര്‍ എം.പി. പി.സി. ചാക്കോ രംഗത്തു വന്നിട്ടുണ്ട്. ഫലമെന്താവുമെന്ന് പറയാറായിട്ടില്ല.
ഈ നിരാഹാരം തുടങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞതുപോലെ സമരസമിതിയുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രായോഗികനടപടികള്‍ ആരംഭിച്ചാല്‍ മാത്രമേ ഞാനിത് അവസാനിപ്പിക്കൂ. അതില്‍ ഒരു മാറ്റവുമില്ല. പണ്ട് ജെയിലില്‍ എഴുതാനുള്ള അവകാശത്തിന് വേണ്ടി 21 ദിവസം നിരാഹാരം നടത്തി വിജയിച്ച അനുഭവമാണ് മുതല്‍കൂട്ടായുള്ളത്. അത് 26 വയസ്സുള്ളപ്പോളായിരുന്നു. ഇപ്പോള്‍ വയസ്സ് 66 ആണ്. പക്ഷേ, മനസ്സിപ്പോഴും ചെറുപ്പമാണ്. ശരീരത്തേക്കാള്‍ മനസ്സ് തന്നെയാണ് പ്രധാനം. ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല.
പ്രതികരിച്ചവര്‍ക്കെല്ലാം നന്ദി.
courtesy: http://k-venu.blogspot.com
No comments:
Post a Comment