Friday, February 21, 2014

സഭാ നേതൃത്വം സ്വയം നന്നാവണം ? -james kochery

സഭാ നേതൃത്വം സ്വയം നന്നാവണം 
എളിമ നിങ്ങളുടെ വസ്ത്രമായും, വിവേകം നിങ്ങളുടെ വാക്കുകളായും, വിശ്വാസം നിങ്ങളുടെ പ്രവൃത്തിയും: ആയി മാറണം 
by 

അഴിമതിയെന്ന് കേട്ടാൽ വെളിച്ചപ്പാടിനെപ്പോലെ വാളെടുത്തു ഉറഞ്ഞു തുള്ളുന്ന ഇവരിൽ ഭൂരിപക്ഷം പേരും അവനവൻറെ കാര്യസാധ്യത്തിനായി, കൈകൂലി ഒളിഞ്ഞും തെളിഞ്ഞും കൊടുത്തിട്ടുള്ളവരാണ്. ആം ആദ്മിയുടെ ശക്തികേന്ദ്രമായ ഡൽഹിയിൽ, അവരുടെ ഏറ്റവും വലിയ വോട്ടുബേങ്കായ ഓട്ടോറിക്ഷ ഡ്രൈവർമാർ നടത്തുന്ന പിടിച്ചുപറി, മൂന്നു മാസം മുൻപ് ഒരാഴ്ചത്തെ, ഡല്ഹി സന്ദർശനത്തിനു പോയ ഈയുള്ളവൻ അനുഭവിച് അറിഞ്ഞുട്ടുള്ളതാണ്. അഴിമതി, ജീവിതത്തിന്റെ ഭാഗമാക്കിയ ഈ മനുഷ്യർ തന്നെ, എന്തെ ആം ആദ്മി എന്ന കുട്ടിയെ പോറ്റി വളർത്തുന്നു എന്ന് ചിന്തിക്കേണ്ടത് ആവശ്യവുമാണ്. 
നയിക്കുന്നവർ നന്നായിരിക്കണം എന്നത് ഏത് നാട്ടിലെയും ജനങ്ങൾ ആഗ്രഹിക്കുന്നതാണ്. കാരണം നല്ല ഭരണാധികാരികൾ ഉള്ളിടത്തെ നല്ല സമൂഹം ഉണ്ടാവുകയുള്ളൂ എന്ന് ഈ ജനങ്ങൾക്കറിയാം. മാവേലി ഉണ്ടായപ്പോഴല്ലെ, പ്രജകൾ കള്ളവും ചതിയും ഇല്ലാത്തവരായി മാറിയത്. അല്ലാതെ കള്ളവും ചതിയും ഇല്ലാത്ത ഒരു രാജ്യത്തിലേക്ക് മാവേലി രാജാവായി പിറന്നു വീണതല്ലലോ.  മാര്ഗഭ്രംശം വന്ന ഭരണാധികാരികൾക്ക് വെല്ലുവിളി ഉയർത്തിയാണ്‌ അവർ ആം ആദ്മികൾക്കു ജന്മം നല്കുന്നത്. 
നമ്മുടെ സഭയും ഈ ആം ആദ്മി ട്രെൻഡിൽ നിന്നും പലതും പഠിക്കേണ്ടതുണ്ട്. സഭയിലെ നേതൃത്വം നല്ലതല്ലെന്ന് തോന്നുമ്പോൾ സഭയിലും ആം ആദ്മികൾ പിറവിയെടുക്കും. നിർഭാഗ്യവശാൽ സഭാ നേത്രുത്വം അഴിമതി മുക്തമാണെന്ന് ആരും വിശ്വസിക്കാത്ത കാലമാണ് ഇത്. സ്വാശ്രയ കൊളെജായും ആശുപത്രികളായും, സ്കൂളുകളായും നാം പടുത്തുയർത്തിയിരിക്കുന്ന  സ്ഥാപനങ്ങളെ പണം കായ്ക്കുന്ന മരമായി കാണാൻ തുടങ്ങിയിട്ട് കാലമേറെയായി. മദ്ധ്യ കേരളത്തിലെ ഒരു രൂപതയിൽ, സിസ്റ്റെർസ് നടത്തുന്ന ഒരു സ്ഥാപനത്തിൽ രണ്ടു രജിസ്റ്റർ വച്ചിട്ടുണ്ട്. ഒന്ന് സർക്കാരിനെ ബോധിപ്പിക്കാൻ ആ സ്ഥാപനത്തിലെ ജീവനക്കാര്ക്കു നല്കുന്ന ശരിയായ ശമ്പളത്തിന്റെ രജിസ്റ്റർ. അതിൽ ജീവനക്കാർ മുഴുവനും ഒപ്പിടും. മറ്റൊന്ന് ശരിയായ ശമ്പളത്തിന്റെ പകുതി ഡൊണെഷനായി ആ സ്ഥാപനത്തിന് തിരിച്ചു നല്കിയതായ രജിസ്റ്റർ. അതിലും കൂടി ഒപ്പിട്ടട്ടെ, ജീവനക്കാര്ക്കു ശമ്പളം കിട്ടൂ. ഈ രണ്ടാമത്തെ രജിസ്റ്റർ പക്ഷെ സർക്കാരോ, അതുപോലുള്ള അധികാരികളോ കാണില്ല. ഇത് പുറത്തു പറഞ്ഞാൽ ജോലിയുമില്ല. പകുതി ശമ്പളമാണ് ഒന്നുമില്ലാത്തതിനെക്കാൾ നല്ലതെന്നതിനാൽ കിട്ടിയത് വാങ്ങി ആരോടും പരാതി പറയാതെ വീട്ടിൽ പോകുന്നവരാണവിടത്തെ ജീവനക്കാർ.
മറ്റൊരു ശരികേടാണ് ധ്യാനിപ്പിക്കുക എന്നപേരിൽ വിദേശ രാജ്യങ്ങളിൽ പോയി പണമുണ്ടാക്കുന്നത്. ചില ധ്യാന ഗുരുക്കന്മാരും പിതാക്കളും വിദേശത്ത് പോയി അവർക്കുള്ള കടത്തിന്റെ  കണക്കു പറയുന്നത് കേൾക്കുമ്പോൾ, നാട്ടിൽ ഏറ്റവും ദാരിദ്ര്യത്തിൽ കഴിയന്നതു അവരാണെന്ന് തോന്നും. ദീപ്സ്തംപം മഹാശ്ചര്യം, എനിക്കും കിട്ടണം പണം എന്ന രീതിയിലാണ് ധ്യാനക്കർ വിദേശങ്ങളിൽ പോകുന്നത്.
നമ്മുടെ ഇപ്പോഴത്തെ മാർപാപ്പാ പറഞ്ഞ എയർപോർട്ട് മെത്രന്മാർ കേരളത്തിലാണെന്നാണ് വിദേശങ്ങളിലെ സഭാതനയരും അവിടങ്ങളിലെ മറ്റു കത്തോലിക്കരും ധരിച്ചു വച്ചിരിക്കുന്നത്.
വിനയത്തിന്റെയും  വിവേകത്തിന്റെയും വിശ്വാസത്തിന്റെയും നിറകുടമാകേണ്ടവർ, അഹന്തയുടെയും, വക്രബുദ്ധിയുടെയും, അവിശ്വാസ ത്തിന്റെയും പീലിവിരിച്ചു നിന്നാടുന്നത് ഇന്ന് സാധാരണമായി കൊണ്ടിരിക്കുന്നു. നഞ്ഞെന്തിന് നാന്നഴി എന്ന് പറയുന്നത് പോലെ,  എണ്ണത്തിൽ കുറവാണെങ്കിലും, ഇത്തരക്കാരുടെ ചെയ്തികൾ, സഭയിൽ വലിയ പ്രതിഫലനമാണ് ഉണ്ടാക്കുന്നത്. തിരുത്താൻ കടപ്പെട്ടവർ ഒന്നുകിൽ ഇവരുടെ പക്ഷം കൂടിയിരിക്കുന്നു അല്ലെങ്കിൽ മൌനം പാലിക്കുന്നു. ഏതായാലും ഇത്തരക്കാരെ നിയന്ത്രിക്കാൻ ആളിലെന്ന സ്ഥിതിയാണ് ഇന്ന് സഭയിൽ.ഇതാണ് സഭയിലെ ആം ആദ്മികൽക്കു വളക്കൂറുള്ള മണ്ണായി തീർന്നത്‌. ഇത് മുതലെടുക്കുന്നതോ, സഭയെ നവീകരിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന, ഈശോയിലോ, കുദാശകളിലോ വിശ്വാസം ഇല്ലാത്തവരും, പള്ളിക്കും പട്ടക്കാർക്കും എതിരുനില്ക്കുന്നവരും ആണ്.
സഭാ നേതൃത്വം സ്വയം നന്നായാൽ തീരുന്നതേയുള്ളൂ ഈ ആം ആദ്മികൾ. എളിമ നിങ്ങളുടെ വസ്ത്രമായും, വിവേകം നിങ്ങളുടെ വാക്കുകളായും, വിശ്വാസം നിങ്ങളുടെ പ്രവൃത്തിയും ആയി മാറിയാൽ, സഭയിലുണ്ടാകുന്ന വിശ്വാസ കൊടുങ്കാറ്റു നിങ്ങളൊന്നു ആലോചിച്ചു നോക്കികെ.സത്യത്തിനോട്‌ ചേർന്ന് സഹനമെറ്റെടുക്കുവാനുള്ള ചങ്കുറപ്പ് നിങ്ങള്ക്കുണ്ടായെ മതിയാകൂ.  ആ ചങ്കൊറപ്പിനോട് ചേർന്ന് ഈശോക്ക് വേണ്ടി ജീവൻ കളയാൻ ഒരു വലിയ സമൂഹം നിങ്ങള്ക്കൊപ്പം ഉണ്ടെന്നു മറക്കരുത്. വലിയ മീനിനെ കാണുമ്പോൾ കൊക്ക് കണ്ണടക്കുന്നതുപോലെ, സഭാ നേതൃത്വങ്ങളിലെ ശരികേടുകൾക്ക് നേരെ കണ്ണടച്ചും, ചെവിപൊത്തിയും, വായപൊത്തിയും ഇനിയും തിരുത്തെണ്ടവർ   ഇരുന്നാൽ സുനാമി പോലെ ആം ആദ്മികൾ സഭയിൽ നിറയും. ഒടുവിൽ നിങ്ങൾ കാരണം സഭാ മക്കളുടെ വിശ്വാസം പോകുമെന്ന് മാത്രവുമല്ല, കുഞ്ഞാടുകൾ മറ്റു ആലകളിൽ മേയാൻ പോകുകയും ചെയ്യും. കാലത്തിന്റെ അടയാളങ്ങൾ നിങ്ങൾ ഗ്രെഹിക്കുന്നില്ലെ എന്ന് ഈശോ ചോദിച്ചത് നിങ്ങളോടും കൂടിയാണ് എന്ന് ഗ്രെഹിചാൽ നല്ലത്.

No comments:

Post a Comment