Friday, August 3, 2012

കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് എന്തു സംഭവിച്ചു?



കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് എന്തു സംഭവിച്ചു?
 Posted by: അലക്സ്‌ കണിയാംപറമ്പില്‍

ന്യൂ ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'ഔട്ട്‌ലുക്ക്' എന്ന ഇംഗ്ലീഷ് മാസികയുടെ അടുത്ത കാലത്തിറങ്ങിയ ഒരു ലക്കത്തിലെ കവര്‍‌സ്റ്റോറി കേരളത്തിലെ ക്രൈസ്തവസഭകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെക്കുറിച്ചായിരുന്നു. കവര്‍‌സ്റ്റോറി കൂടാതെ രണ്ടു അഭിമുഖങ്ങളുടെ റിപ്പോര്‍ട്ടുകളും സക്കറിയയുടെ ഒരു ലേഖനവും ഇതേ ലക്കത്തില്‍ ഉണ്ടായിരുന്നു. ഈ ലേഖനങ്ങളെയും റിപ്പോര്‍ട്ടുകളെയും ആസ്പദമാക്കി മറുനാടന്‍ മലയാളി എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനമാണ് ചുവടെ. മറുനാടന്‍ മലയാളി/ഔട്ട്‌ലുക്ക് ലേഖനങ്ങളുടെ ലിങ്കുകള്‍ ഈ ലേഖനത്തിന്റെ അവസാനം കൊടുക്കുന്നു.
കേരളത്തിലെ സഭാനേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രമുഖ മാഗസിനായ ഔട്ട്‌ലുക്ക്. സഭയ്ക്കും സഭാപ്രവര്‍ത്തനങ്ങള്‍ക്കും ഏറെ സ്വാധീനമുള്ള കേരളത്തിലെ ആശ്രമങ്ങളിലും മറ്റിടങ്ങളിലുമുള്ള വൈദികര്‍ നയിക്കുന്നത് വഴിവിട്ട ജീവിതങ്ങളാണെന്ന രൂക്ഷമായ ആരോപണം ഉന്നയിച്ചുകൊണ്ടാണ് ഔട്ട്‌ലുക്ക് വാരികയുടെ ഏറ്റവും പുതിയ ലക്കം പുറത്തിറങ്ങിയത്.
കത്തോലിക്കാസഭയില്‍നിന്നും പുറത്തുവന്നവരുടെ പുസ്തകങ്ങളിലെ കാര്യങ്ങളും വിമര്‍ശകരുടെ വാക്കുകളും ഉയര്‍ത്തിപ്പിടിച്ച് ഔട്ട്‌ലുക്ക് നടത്തുന്ന വിമര്‍ശനം കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. സിസ്റ്റര്‍ മേരി ചാണ്ടിയുടെ ''നന്മ നിറഞ്ഞവളേ സ്വസ്തി'', സിസ്റ്റര്‍ ജസ്മിയുടെ ''ആമേന്‍'', ഫാ. ഷിബു കാളമ്പറമ്പിലിന്റെ ''ഒരു വൈദികന്റെ ഹൃദയമിതാ'' എന്നീ പുസ്തകങ്ങളിലെ കാര്യങ്ങള്‍കൂടി നിരത്തിയാണ് ഔട്ട്‌ലുക്ക് രൂക്ഷമായ ഭാഷയില്‍ സഭയെ വിമര്‍ശിക്കുന്നത്. അതേസമയം ഏകപക്ഷീയമായി കേരളത്തിലെ ക്രിസ്ത്യന്‍സഭയെ കടന്നാക്രമിക്കുന്നതാണ് ഔട്ട്‌ലുക്കിന്റെ കവര്‍ സ്റ്റോറിയെന്ന ആക്ഷേപം ഇപ്പോള്‍തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
ഔട്ട്‌ലുക്കിന് വേണ്ടി മിനു ഇട്ടി ഐപ്പാണ് കവര്‍‌സ്റ്റോറി തയ്യാറാക്കിയത്. സഭ പുറന്തള്ളിയവരെ കൂട്ടുപിടിച്ചാണ് മാഗസിന്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ഇവര്‍ സഭക്കെതിരായി ഉന്നയിച്ച ആരോപണങ്ങളെ കൂടുതല്‍ ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് മാഗസിന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പണ്ട് നക്‌സല്‍കേന്ദ്രമായിരുന്ന വയനാടിന്റെ തിരുദേവാലയങ്ങളുടെ പിന്നാമ്പുറകഥകളാണ് സിസ്റ്റര്‍ മേരി ചാണ്ടിയുടെ പുസ്തകത്തില്‍ പറയുന്നത്. സഭയിലെ വൈദികരുടെ വഴിവിട്ട കഥകളും ഗര്‍ഭിണികളാകുന്ന കന്യാസ്ത്രീകളുടെ ജീവിതങ്ങളുമാണ് സിസ്റ്റര്‍ പച്ചയ്ക്ക് എഴുതുന്നത്. സഭയില്‍നിന്നും പുറത്തായി പതിനാലുവര്‍ഷത്തിനുശേഷമാണ് 67 വയസുള്ള സിസ്റ്ററുടെ പുസ്തകം പുറത്തുവരുന്നത്. കോഴിക്കോട്ടെ ചേവായൂരിലായിരിക്കുമ്പോഴാണ് ഇവര്‍ സഭ വിടുന്നത്. എന്നാല്‍, സിസ്റ്റര്‍ മേരി ഒരു സഭയിലും അംഗമായിരുന്നില്ലെന്നായിരുന്നു കത്തോലിക്കാസഭയുടെ പെട്ടെന്നുള്ള പ്രതികരണം. വയനാട്ടിലെ വിശ്വാസികളോട് സിസ്റ്ററുമായി സഹകരിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.
''ഒരിക്കല്‍ ബാത്ത്‌റൂമില്‍നിന്നു കരച്ചില്‍ കേട്ടപ്പോഴാണ് ഓടിച്ചെന്നത്. കതകു തകര്‍ത്ത് അകത്തുകടന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഒരു കന്യാസ്ത്രീ അപ്പോഴുണ്ടായ കുഞ്ഞിനെ ക്ലോസറ്റിലിട്ട് കൊല്ലാന്‍ ശ്രമിക്കുന്നതായിരുന്നു കണ്ടത്. ആരുടെയും ഹൃദയം തകര്‍ന്നുപോകുന്ന രംഗം. കുട്ടിയെ താന്‍ ഉടന്‍ നെഞ്ചോടു ചേര്‍ത്തെങ്കിലും മറ്റുള്ളവര്‍ എതിരാകുകയായിരുന്നു.'' അതെന്തിന് എന്ന് മനസിലായില്ലെന്ന് സിസ്റ്റര്‍ മേരി പറഞ്ഞു. ഒരിക്കല്‍ തന്നെ കടന്നുപിടിക്കാന്‍ വന്ന വൈദികന്റെ തലയ്ക്ക് സ്റ്റൂളിന് അടിക്കേണ്ടിവന്നു. അതിനുശേഷം താന്‍ കര്‍ക്കശനിരീക്ഷണത്തിലായിരുന്നു. ഇതിന് നാല്‍പതുവര്‍ഷങ്ങള്‍ കഴിഞ്ഞാണ് സിസ്റ്റര്‍ സഭ വിടുന്നത്.
ഒരിക്കല്‍ ആത്മഹത്യക്കു ശ്രമിച്ച കന്യാസ്ത്രീയുടെ കഥയും ഇതില്‍ പറയുന്നു. കോണ്‍വെന്റിലേക്കു പതിവായി എത്തുന്ന വൈദികര്‍ അവിടുത്തെ കന്യാസ്ത്രീകളെ അര്‍ധരാത്രിക്കുശേഷം സമീപത്തെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടു പോകുമായിരുന്നു. ഒരിക്കല്‍ ഇങ്ങനെ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും ഇവര്‍ കതകു തുറന്നില്ല. വൈദികന്‍ വാതില്‍ പൊളിക്കുമെന്നുവരെ കരുതി. ഇതിന്റെ സമ്മര്‍ദം സഹിക്കാന്‍ കഴിയാതെ സിസ്റ്റര്‍ ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. പോണ്‍ മാഗസിനുകളും അശ്ലീല സിഡികളും വൈദികരുടെയും കന്യാസ്ത്രീകളുടേയും താമസസ്ഥലങ്ങളില്‍ എത്തുന്നത് എങ്ങനെയെന്നും മേരി ചാണ്ടി തുറന്നെഴുതിയിട്ടുണ്ട്. മറ്റൊരു കന്യാസ്ത്രീ ഈ സിഡികള്‍ തനിക്കൊപ്പം ഇരുന്നു കാണണമെന്നു നിര്‍ദ്ദേശിച്ചതിനുശേഷം കരഞ്ഞുകൊണ്ട് തന്റെ അടുത്തെത്തിയ ഒരാളുടെ കഥയും സിസ്റ്റര്‍ പറയുന്നു. ആഘോഷദിവസങ്ങളില്‍ ക്രമത്തിലധികം വീഞ്ഞ് സെമിനാരികളില്‍ ഒഴുകാറുണ്ട്. വീഞ്ഞിന്റെ ലഹരിയില്‍ ആനന്ദനൃത്തങ്ങള്‍വരെ നടക്കുന്നു. ജീവിതം ആനന്ദിക്കാനുള്ളതാണെന്ന് ഒരിക്കല്‍ ഇത്തരമൊരു ''മദനോത്സവ''ത്തിനിടെ ഒരു വൈദികന്‍ തന്നോടു പറഞ്ഞതും അയാളുടെ ആവശ്യം നിരസിച്ചതിനുശേഷം ഉണ്ടായ പീഡനങ്ങളും സിസ്റ്റര്‍ മേരി ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇത്തരം സംഭവങ്ങള്‍ അത്ര പുതുമയുള്ളതല്ലെന്ന തരത്തിലാണ് ഔട്ട്‌ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച അഭയകേസാണ് മാഗസിന്‍ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരമാണെന്ന തരത്തിലും ഔട്ട്‌ലുക്കിന്റെ പരാമര്‍ശമുണ്ട്. ഇന്നും ഇത് ഒരു സമസ്യപോലെ തുടരുന്നു. അഭയകേസ് ആത്മഹത്യയെന്നു പറഞ്ഞ് ആദ്യം ഇതു മൂടിവയ്ക്കുകയാണ് ഉണ്ടായത്. പിന്നീടു സഭയ്ക്കു പുറത്തുവന്ന സിസ്റ്റര്‍ ജസ്മിയും ''ആമേന്‍'' എന്ന തന്റെ പുസ്തകത്തിലൂടെ വൈദികരുടെ സ്വഭാവവൈരൂപ്യങ്ങള്‍ തുറന്നെഴുതി. ഇതിനുശേഷമാണ് ഫാ. ഷിബു കാളമ്പറമ്പില്‍ വൈദികന്റെ ആത്മകഥയുമായി എത്തിയത്. നേരത്തേ ഉണ്ടായിരുന്ന സ്ത്രീകളുടെ അനുഭവങ്ങളായിരുന്നെങ്കില്‍ ഫാ. ഷിബുവിന്റേത് വൈദികനെന്ന നിലയിലുള്ള അനുഭവമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സിസ്റ്റര്‍ മേരി ചാണ്ടിയുടെ ''നന്മ നിറഞ്ഞവളേ സ്വസ്തി'' എന്ന പുസ്തകം സഭയ്ക്കുനേരേ വിരല്‍ചൂണ്ടുന്നത്. കന്യാസ്ത്രീയുടെ കഥ ''ഒതപ്പ്'' എന്ന നോവലാക്കിയ പ്രമുഖ എഴുത്തുകാരി സാറാ ജോസഫും ഔട്ട്‌ലുക്കില്‍ പ്രതികരിക്കുന്നുണ്ട്. മിക്കവരും ഭാവിയിലെ ബുദ്ധിമുട്ടുകള്‍ ഭയന്നു പ്രതികരിക്കാതിരിക്കുകയാണ് ഉണ്ടാകുന്നത്. ഇതില്‍ ചെറിയ മാറ്റമുണ്ടാകുന്നു എന്നത് ആശ്വാസകരമാണ്. ഇത്തരം യാഥാസ്ഥിതിക പീഡനങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ സഹായിക്കുമെന്നും സാറാജോസഫ് ചൂണ്ടിക്കാട്ടുന്നു. വൈദികര്‍ സ്വയം വെള്ളപൂശി നടക്കുന്ന കാഴ്ചകളാണ് ഇതുവരെ കണ്ടിട്ടുള്ളതെന്നും ഇതിനുമുമ്പ് ഇത്ര ഗുരുതര ആരോപണങ്ങള്‍ ആരും ഉന്നയിച്ചിട്ടില്ലെന്നും ''ഹോശാന'' എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസിന്റെ ഡയറക്ടറുമായ ജോസഫ് പുലിക്കുന്നേല്‍ പറയുന്നു.
ഇത്തരം പുസ്തകങ്ങള്‍ വ്യാപകമായി വിറ്റഴിക്കുന്നു എന്നല്ലാതെ ഇതു പൊതുചര്‍ച്ചയിലേക്കു വരുന്നില്ലെന്ന് മുന്‍ എം.പിയായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അതുകൊണ്ട് ഇവ സഭയ്ക്കുള്ളില്‍ കാര്യമായ ചലനമുണ്ടാക്കുന്നില്ല. ഏറ്റവും കേന്ദ്രീകൃതസ്വഭാവമുള്ള സംഘടനയാണ് സഭയെന്നും ഇവിടെ വിമര്‍ശനങ്ങള്‍ക്ക് അധികം ഇടം കിട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു. ടി. ദീപേഷ് ചെയ്ത ''ഫാദര്‍ സണ്‍ ആന്‍ഡ് ഹോളി ഗോസ്റ്റ്'' എന്ന ചെറുസിനിമയും സഭയെക്കുറിച്ചു പുറത്തുവരാനിരിക്കുകയാണ്. ഇതില്‍ രണ്ടു കന്യാസ്ത്രീകളുടെ കഥ തന്നെയാണ് പറയുന്നത്. സഭയ്ക്കുള്ളിലെ അമിത ലൈംഗികതയും സ്വവര്‍ഗരതിയുമൊക്കെ തന്റെ വിഷയമായിട്ടുണ്ടെന്നു ദീപേഷ് പറഞ്ഞു.
കേരളത്തിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും കണക്കുകളും ഔട്ട്‌ലുക്ക് നിരത്തുന്നുണ്ട്. ഏകദേശം 50,000 വൈദികരും കന്യാസ്ത്രീകളുമുണ്ടെന്നാണ് ഔട്ട്‌ലുക്ക് നിരത്തുന്ന കണക്ക്. മറ്റു സംസ്ഥാനങ്ങളിലെ വിവിധ സഭാസ്ഥാപനങ്ങളിലായി ഇതിലേറെ ആളുകളുണ്ട്. ലോകത്തെ വൈദികരുടെയും കന്യാസ്ത്രീകളുടേയും 15% എണ്ണം മലയാളികളാണെന്നത് മറ്റൊരു അത്ഭുതപ്പെടുത്തുന്ന കണക്കാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സഭയ്ക്കു വേരുകള്‍ നഷ്ടപ്പെടുമ്പോള്‍ കേരളത്തില്‍ കൂടുതല്‍ വേരാഴ്ത്തുകയാണ് സഭ ചെയ്യുന്നത്. എന്നാല്‍, മാധ്യമങ്ങള്‍ സഭയിലുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളെയാണ് വാര്‍ത്തയാക്കുന്നതെന്ന് ബ്രദര്‍ മാണി മേക്കുന്നേല്‍ പറഞ്ഞു. കത്തോലിക്കാ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്കുവരെ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ ആരൊക്കയാണെന്നു തുറന്നു പറയാത്തതാണ് മറ്റൊരു പ്രശ്‌നമെന്നു സാറാ ജോസഫ് പറഞ്ഞു. സിസ്റ്റര്‍ മേരിയുടെ പുസ്തകത്തില്‍ സംഭവങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് ആരൊക്കെയാണെന്ന സൂചനകള്‍ മാത്രമാണ് നല്‍കിയത്. ഇതിനു പകരം തെറ്റു ചെയ്തവരുടെ പേരുകള്‍ ചൂണ്ടിക്കാട്ടുകയാണ് വേണ്ടത്. ഇതാണു വേണ്ടതെന്നു ഫാ. സ്റ്റീഫന്‍ മാത്യുവും പറയുന്നു. വയനാട്ടിലെ എന്‍.ജി.ഒ. പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. ഒരു ചെറിയ വിഭാഗം മോശമായി ജീവിക്കുന്നു എന്നത് സത്യമാണെങ്കിലും ഇതില്‍ എല്ലാവരേയും പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ സഭയുടെ മോശം പ്രവൃത്തിയുടെ ജീവിക്കുന്ന ഉദാഹരണമാണെന്നു സിസ്റ്റര്‍ ജസ്മി പറഞ്ഞു. ഗുരുവായൂരിലെ ചെറിയ ഫ്‌ളാറ്റിലാണ് ഇവരിപ്പോള്‍. സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവച്ച് ഇവര്‍ ഇപ്പോള്‍ സ്വതന്ത്രജീവിതം നയിക്കുന്നു. ജസ്മിമാര്‍ ഇനിയും സഭയ്ക്കുള്ളില്‍ ജീവിക്കുന്നുണ്ടെന്നും ഇവര്‍ പുറത്തുവന്ന് തുറന്നുപറയുകയാണ് വേണ്ടതെന്നും ഇവര്‍ പറഞ്ഞു. തന്റെ കുടുംബത്തെ നശിപ്പിച്ച കഥയാണ് ഫാ. ഷിബു പറയുന്നത്.
സഭയുടെ കേന്ദ്രമായ വത്തിക്കാനും ആരോപണത്തില്‍നിന്നും മുക്തമല്ലെന്ന നിരീക്ഷണവും ഔട്ട്‌ലുക്ക് നടത്തുന്നുണ്ട്. കുട്ടികളെ പീഡിപ്പിച്ചതും പണത്തട്ടിപ്പുമൊക്കെ വത്തിക്കാനെയും സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്നും ഔട്ട്‌ലുക്ക് വിമര്‍ശിക്കുന്നു. ഔട്ട്‌ലുക്കിന്റെ വിമര്‍ശനങ്ങള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ കോളിളക്കം സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.  സഭ വിശദീകരണം നല്‍കിയ കാര്യങ്ങള്‍ വീണ്ടും ഉന്നയിച്ചുകൊണ്ടാണ് ഔട്ട്‌ലുക്ക് രംഗത്തെത്തിയതെന്ന് ആക്ഷേപം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.

ലിങ്കുകള്‍:

1 comment:

  1. ക്രിസ്ത്യന്‍ സമൂഹത്തിന്റെ അപചയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും സഭാനേതാക്കള്‍ ക്കു തന്നെയാണ്! പുത്തന്‍ ദൈവശാസ്ത്രവും വിജാതിയ വത്ക്കരണവുമാണ്, ഇതിനു കാരണം . ക്രിസ്തീയതയെന്നാല്‍ എല്ലാ ഉച്ഛിഷ്ടങ്ങളും ചുമക്കുന്ന മാലിന്യസം ഭരണ കേന്ദ്രമായി പുതിയതലമുറ ധരിച്ചുപോയത് ആചാരങ്ങളിലെ വിജാതിയ(പൈശാചിക) വത്ക്കരണം മൂലമാണ്!

    ReplyDelete