Thursday, August 16, 2012

ബിഷപ്പന്മാരും പുരുഷരാണ്

കോട്ടയത്തെ ബിഷപ്പും പുരുഷനാണ്, പക്ഷേ!
Published: ബുധന്‍, ജൂലൈ 25, 2012, 12:21 [IST]  Courtesy: One India Malayalam


Oneindia Malayalam
സിസ്റ്റര്‍ അഭയയുടെ ഘാതകര്‍ ആരൊക്കെയെന്ന് കൃത്യമായി വെളിവായിട്ടും നിയമത്തിന്റെ അഴിക്കുള്ളില്‍ അവരെയെത്തിക്കാന്‍ സി ബി ഐ അന്വേഷണത്തിന് പോലും കഴിയുന്നില്ലെന്നത് കടുത്ത ദുരവസ്ഥ തന്നെയാണ്. എന്നിരുന്നാലും പ്രതികളെക്കുറിച്ചും അവര്‍ക്ക് ഒത്താശ ചെയ്തവരെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ പൊതുസമൂഹത്തിന് നല്‍കാന്‍ അന്വേഷണ നടപടികള്‍ സഹായിച്ചിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസത്തിന് വക നല്‍കുന്നത്. സിസ്റ്റര്‍ അഭയയുടെ കൊലപാതകം പുറംലോകത്തെ അറിയിക്കുന്നത് കത്തോലിക്കാ സഭയ്ക്കുള്ളിലെ പുരോഹിതവര്‍ഗത്തിന്റെ ലൈംഗീകാതിക്രമങ്ങളും അവിഹിത ബന്ധങ്ങളും അവ മറയ്ക്കാന്‍ കോടികള്‍ ഒഴുക്കുന്നതും സഭാ അധികാരികളുടെ തോന്ന്യാസങ്ങളെ പ്രതിരോധിക്കാന്‍ നിര്‍ബന്ധിതമാകുന്ന വിശ്വാസി സമൂഹത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൂടിയാണ്.
സിസ്റ്റര്‍ അഭയക്കേസിലെ പ്രധാന പ്രതികളായ തോമസ് കോട്ടൂര്‍, ജോസ് പൂത്രിക്കയില്‍ എന്നീ പുരോഹിതന്മാരും സ്റ്റെഫി എന്ന കന്യാസ്ത്രീയും തമ്മിലുള്ള അവിഹിത ബന്ധങ്ങളെക്കുറിച്ചുള്ള 'വെളിപ്പെടുത്തല്‍' നേരത്തെ തന്നെ പുറത്തുവന്നതാണ്. കേസന്വേഷണം ശക്തമായ സന്ദര്‍ഭത്തില്‍ സിസ്റ്റര്‍ സ്റ്റെഫി ശസ്ത്രക്രിയ വഴി വീണ്ടും കന്യാചര്‍മ്മം 'വച്ചുപിടിപ്പിച്ചുവെന്ന' വാര്‍ത്തകളും പുറത്തുവന്നിരുന്നു. സിസ്റ്റര്‍ അഭയയുടെ കൊലപാതകം നടക്കുന്ന സമയത്ത് കോട്ടയം രൂപതയിലെ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് ഈ കേസിലെ പ്രതികളായ വൈദികരുടെ അടുപ്പക്കാരിയായ കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സി ബി ഐ സംഘം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ബിഷപ്പിനും കന്യാസ്ത്രീയെ കണ്ടപ്പോള്‍ കണ്‍ട്രോള്‍ നഷ്ടപ്പെട്ടു എന്ന വാര്‍ത്ത കത്തോലിക്കാ സഭയില്‍ പ്രത്യേകിച്ച് ചലനങ്ങളൊന്നുമുണ്ടാക്കില്ലെന്നുറപ്പാണ്.
കത്തോലിക്കാ സഭയിലെ വൈദികരും കന്യാസ്ത്രീകളും ജീവിതം മുഴുവന്‍ ബ്രഹ്മചര്യം അനുഷ്ഠിക്കാമെന്ന് പ്രതിജ്ഞയെടുത്താണ് സഭാ സേവനത്തിനായി ഇറങ്ങുന്നത്. ക്രിസ്ത്യന്‍ മതത്തില്‍ കത്തോലിക്കാ സഭ മാത്രമാണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും ബ്രഹ്മചര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നവര്‍. ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒന്നിലും വൈദീകര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമേയല്ല, മറിച്ച് അവര്‍ ബഹുഭൂരിപക്ഷവും കുടുംബജീവിതം നയിച്ചുകൊണ്ട് ദൈവശുശ്രൂഷ ചെയ്യുന്നവരുമാണ്. ചില സഭകളില്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെ വിവാഹം ചെയ്ത് കുടുംബം യിക്കുന്നവരാണ്.
എല്ലാക്കാലത്തും കത്തോലിക്കാസഭ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും അവിഹിത ബന്ധങ്ങള്‍. സഭയിലെ വൈദികര്‍ നടത്തിയ ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് പരസ്യമായി മാര്‍പ്പാപ്പമാര്‍ വെളിപ്പെടുത്തുകയും അതിന് മാപ്പപേക്ഷിക്കുകയും ചെയ്ത സംഭവങ്ങള്‍ അടുത്തയിടെ വരെയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനെ ഫലപ്രദമായി തടയാന്‍ സഭാ അധികൃതര്‍ക്ക് കഴിയാറുമില്ല. കത്തോലിക്കാ സഭയിലെ വൈദികര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം നല്‍കുകയും കന്യാസ്ത്രീകളെന്ന സമ്പ്രദായം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള ആര്‍ജ്ജവം കാണിക്കാനും സഭ ഇതുവരെ തയ്യാറായിട്ടില്ലെന്ന് മാത്രം.
വൈദികരും കന്യാസ്ത്രീകളും തമ്മിലും വൈദികരും സഭാവിശ്വാസികളായ സത്രീകള്‍ തമ്മിലും കന്യാസ്ത്രീകളും വൈദികേതര പുരുഷന്മാര്‍ തമ്മിലും ഉള്ള അവിഹിത ഇടപാടുകള്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്, നമ്മുടെ കേരളത്തിലും സുലഭമായി തന്നെ നടക്കുന്നുണ്ട്. പ്രണയിക്കുകയും പിന്നീട് ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിച്ച് സഭ വിട്ടുപോകുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും എണ്ണം കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലും കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വൈദികരും കന്യാസ്ത്രീകളും തമ്മിലുള്ള അവിഹിതബന്ധങ്ങള്‍ വ്യാപകമായ തോതില്‍ നടക്കുന്ന വിവരം സഭാധികാരികള്‍ക്ക് വ്യക്തമായി അറിയാമെങ്കിലും ഇത് പുറംലോകം അറിയുന്ന ഘട്ടംവരെ അവര്‍ മൗനം പാലിക്കുകകയാണ് പതിവ്.
ആലുവയില്‍ ആശുപത്രിയുടെ ചുമതലക്കാരിയായ കന്യാസ്ത്രീ ആംബുലന്‍സ് ഡ്രൈവറുമായി നടത്തിയ കാമകേളികള്‍ കേരളത്തിലെമ്പാടും മൊബൈല്‍ ഫോണുകളിലൂടെ പ്രചരിച്ച സംഭവത്തില്‍ കുറ്റാരോപിതയായ കന്യാസ്ത്രീയെ സഭ പുറത്താക്കിയിരുന്നു. കൊച്ചി ലാറ്റിന്‍ രൂപതയിലെ ബിഷപ്പായിരുന്ന ജോണ്‍ തട്ടുങ്കല്‍ ഒരു യുവതിയുമായി അവിഹിത ബന്ധത്തില്‍ ഇടപെടുകയും അവരെ ഉപയോഗിച്ച് സഭ നിരോധിച്ച ചില ആചാരാനുഷ്ഠാനങ്ങള്‍ നടത്തുകയും ചെയ്ത സംഭവം പുറത്തായപ്പോള്‍ അദ്ദേഹത്തെയും ചുമതലകളില്‍ നിന്ന് ഒഴിവാക്കി. കത്തോലിക്കാസഭയില്‍ ബിഷപ്പ് സ്ഥാനം ലഭിച്ച ഒരാളെ പുറത്താക്കാന്‍ വിശ്വാസപരമായ ചില തടസ്സങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ റോമില്‍ താമസിപ്പിച്ചിരിക്കുകയാണെന്നാണ് അറിയുന്നത്.
രക്തബന്ധമില്ലാത്ത പുരുഷനും സ്ത്രീയും നിരന്തരം നടത്തുന്ന ഇടപെടലുകള്‍ എല്ലാം ലൈംഗീകബന്ധത്തിലാണ് അവസാനിക്കുക എന്ന് പറയാനാകില്ല. എന്നാല്‍ ലൈംഗീക ചോദനകള്‍ അടിച്ചമര്‍ത്തപ്പെടാന്‍ വിധിക്കപ്പെട്ട സ്ത്രീയും പുരുഷനും തമ്മിലുള്ള നിരന്തമായ ഇടപെടലുകളാണ് കത്തോലിക്കാ സഭയില്‍ പുരോഹിതരും കന്യാസ്ത്രീകളും തമ്മില്‍ നടക്കുന്നതെന്ന് വ്യക്തമാണ്. ഇവിടെ സ്വാഭാവികമായും അവിഹിത ബന്ധങ്ങള്‍ ഉടലെടുക്കാനുള്ള സാഹചര്യം വളരെ കൂടുതല്‍ തന്നെയാണ്. ലൈംഗീകതയൊഴികെ മാനുഷികമായ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കാന്‍ ധാരാളം അവസരങ്ങളുള്ള വിഭാഗമാണ് പുരോഹിതരും കന്യാസ്ത്രീകളും. സുഖമായ ഭക്ഷണം, സുഖകരമായ താമസം, സുഖലോലുപമായ ജീവിതം, സമ്പത്ത് എന്നിവയെല്ലാം ഒന്നിക്കുന്ന കത്തോലിക്കാ സഭയിലെ പൗരോഹിത്യ-സന്ന്യസ്ത ജീവിതം ഒരിയ്ക്കലും ബ്രഹ്മചര്യത്തെ അനുകൂലിക്കില്ലെന്നതിന്റെ ഉത്തമോദാഹരണമാണ് സഭയില്‍ വര്‍ദ്ധിച്ചുവരുന്ന അവിഹിതസംഭവങ്ങള്‍.
കോട്ടയം രൂപതയിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് മറ്റ് കത്തോലിക്കാ സമുദായാംഗങ്ങളേക്കാള്‍ ഒട്ടേറെ സവിശേഷതകള്‍ സ്വയം അവകാശപ്പെടുന്നവരാണ്. പ്യൂവര്‍ ബ്ലഡ് എന്ന സങ്കല്‍പ്പത്തില്‍ ക്‌നായിത്തൊമ്മന്‍ എന്ന പേര്‍ഷ്യന്‍ സഞ്ചാരിയുടെ പിന്‍തലമുറക്കാരാണെന്ന വിശ്വാസവും വച്ചുപുലര്‍ത്തുകയും പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന വിശ്വാസസമൂഹമാണ് ഇവര്‍. കൂടാതെ താരതമ്യേന സമ്പന്നരും പ്രവാസജീവിതത്തോട് ആഭിമുഖ്യമുള്ളവരുമാണ്.
ഈ രുപതയുടെ കീഴില്‍ കോട്ടയം പട്ടണത്തിലുള്ള ബി സി എം കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്നു സിസ്റ്റര്‍ അഭയ. അഭയ താമസിച്ചിരുന്ന കന്യാസ്ത്രീമഠത്തിന്റെ ചുമതലക്കാരിയായിരുന്നു സിസ്റ്റര്‍ സ്റ്റെഫി. ബി സി എം കോളെജിലെ ഹിന്ദി അധ്യാപികയായിരുന്നു ബിഷപ്പ് കുര്യാക്കോസ് കുന്നശേരി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് സി ബി ഐ പറയുന്ന സിസ്റ്റര്‍ ലൗസി. അഭയക്കേസിലെ പ്രധാന പ്രതികളായ തോമസ് കോട്ടൂര്‍, ജോസ് പൂത്രിക്കയില്‍ എന്നിവരാണ് സിസ്റ്റര്‍ ലൗസിയെ ബിഷപ്പിന് ബന്ധപ്പെടുത്തിക്കൊടുത്തതെന്നും പറയപ്പെടുന്നുണ്ട്. അഭയയുടെ കൊലപാതകം ഒതുക്കാന്‍ സഭ ഒഴുക്കിയ പണത്തിന് കയ്യും കണക്കുമില്ല. എന്നാലും സിസ്റ്റര്‍ അഭയയുടെ പ്രേതം കത്തോലിക്കാസഭയെ വേട്ടയാടുക തന്നെയാണ്.
വാല്‍ക്കഷണം: സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസമേഖലകളില്‍ കത്തോലിക്കാ സഭ ചെയ്യുന്ന സദ്പ്രവര്‍ത്തികള്‍ക്കെതിരേ കണ്ണടച്ചുകൊണ്ടല്ല ഈ ലേഖനമെഴുതിയിട്ടുള്ളത്.

No comments:

Post a Comment