Wednesday, August 1, 2012

ജോസ് പാഴൂക്കാരന്‍ എന്ന ആക്ടിവിസ്റ്റ്

സഭ വിട്ട് കര്‍ത്താവിന് ഒപ്പം
 ടി. സതീശന് | Issue Dated: ജൂലായ് 22, 2012


വയനാട്ടിലെ പുല്‍പളളിയിലാണ് 1968-ല്‍ നക്സലൈറ്റുകള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ഒരു പൊലീസുകാരനെ കഠാരിയിറക്കിക്കൊന്നത്. ആ ചെറുപട്ടണത്തിന് സമീപമുളള കളനാടിക്കൊല്ലിയിലാണ് ശാന്തി സദന്‍ ചാരിറ്റബിള്‍ സൊസൈറ്റി ബാലമന്ദിരം. അതിന്‍റെ സ്ഥാപകയാണ് സിസ്റ്റര്‍ മേരി ചാണ്ടി. ഒരു കാലത്ത് അവര്‍ ദൈവവിശ്വാസിയായ ഒരു സംന്യാസിനിയായിരുന്നു. അവര്‍ സഭയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ദൈവിക കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ഇന്ന് സിസ്റ്റര്‍ മേരി ചാണ്ടി ഒരു പരിയയാണ്. താന്‍ പതിറ്റാണ്ടുകളായി സേവിച്ച സഭയുടെ പുറത്താണ്. 13 വയസില്‍ വീട് വിട്ട് മഠത്തില്‍ച്ചേര്‍ന്ന മേരിയ്ക്ക് 40 വര്‍ഷത്തിനു ശേഷം അതേ മഠം വിട്ടുപോകേണ്ടി വന്നു. കാരണങ്ങള്‍ ഉണ്ട്.
അതില്‍ ഏറ്റവും പ്രധാനം പുരോഹിതര്‍ക്കിടയില്‍ അവര്‍ കണ്ടു “ലൈംഗിക അരാജകത്വം” തന്നെ. അവര്‍ സഭ വിട്ടിറങ്ങിയത് 1998ല്‍. ഇപ്പോള്‍ കളനാടക്കൊല്ലിയില്‍ അവര്‍ 23 കുട്ടികളെ വളര്‍ത്തുന്നു. ഒപ്പം, ഇപ്പോഴും സഭയുമായുളള പോരാട്ടം അവസാനിപ്പിച്ചിട്ടില്ല എന്നാണ് ഒരു സുപ്രധാന കാര്യം. തന്‍റെ സഭാജീവിതകാലത്തെ ദുരനുഭവങ്ങളെക്കുറിച്ച് ലോകത്തോട് തുറന്നുപറയുന്ന സിസ്റ്റര്‍ക്കെതിരെ പളളിയുടെ ബഹിഷ്ക്കരണം ശക്തമായി തന്നെ തുടരുകയാണ്. സിസ്റ്റര്‍ പറയുന്ന് അവര്‍ തന്‍റെ സഭാജീവിതകാലത്ത് കണ്ടത് പലതും താന്‍ ഒരിക്കലും കാണാന്‍ പാടില്ലാത്തതാണ് എന്നതാണ്. അച്ചന്മാരും കന്യാസ്ത്രീകളും തമ്മിലുളള അവിശുദ്ധ ബന്ധം മനം മടുപ്പിച്ചു. അവര്‍ തന്‍റെ ആത്മകഥയായ “നന്മ നിറഞ്ഞവളെ സ്വസ്തി”യില്‍ അത്തരം ഒരു സംഭവം പറയുന്നുണ്ട് കുര്‍ബ്ബാനക്കു ശേഷം അച്ചന് പ്രാതലും കൊണ്ടുപോയ തന്നെ അദ്ദേഹം കയറിപ്പിടിച്ച സംഭവം.
എന്നാല്‍ ഒരു കന്യാസ്ത്രീ തന്‍റെ കുഞ്ഞിനെ ക്ലോസറ്റില്‍ തല മുക്കിപ്പിടിച്ച് വെളളം ഫ്ളഷ് ചെയ്ത് ഒഴുക്കിക്കളഞ്ഞ് കൊല്ലാന്‍ ശ്രമിക്കുന്നത് താന്‍ തക്കസമയത്ത് കാണുകയും ആ കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തതു മുതല്‍ തന്‍റെ മനസില്‍ ശക്തമായ ചില തീരുമാനങ്ങള്‍ ഉടലെടുത്തു എന്ന് മേരി ആത്മകഥയില്‍ വിവരിക്കുന്നു. സഭവിടണമെന്ന തീരുമാനം സ്വാഭാവിക പരിണാമം മാത്രമായി. പുരുഷവസ്ത്രം ധരിച്ചാണ് അവര്‍ സഭ വിട്ടുപോയത്.
ഇന്ന് അവര്‍ സഭ വിട്ടിരിക്കുന്നു. എന്നാല്‍, യേശുദേവനെ കൈവിട്ടിട്ടില്ല. അവര്‍ ദൈവത്തിന്‍റെ സ്വന്തം സന്തതികളായ അനാഥരുടെ സംരക്ഷണം ജീവിതദൌത്യമായി കണ്ടു. എന്നാല്‍ ഇവിടേയും അവരുടെ മാര്‍ഗ്ഗത്തില്‍ തടസമുണ്ടാക്കുന്നത് സഭയും പുരോഹിതരും തന്നെയാണെന്ന് സിസ്റ്റര്‍ മേരി ചാണ്ടി ടിഎസ്ഐയോടു പറഞ്ഞു. അവര്‍ അനാഥാലയം തുടങ്ങാന്‍ ശ്രമിച്ചിടങ്ങളിലൊക്കെ സഭയും പുരോഹിതരും തടസങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. അവര്‍ തന്‍റെ “സന്തതികളു”മായി വയനാട്ടിലെ പലയിടങ്ങളിലും തങ്ങി. അവസാനം അവര്‍ പുല്‍പളളിക്കടുത്ത് കളനാടക്കൊല്ലിയില്‍ തന്‍റെ അനാഥാലയം സ്ഥാപിച്ചിരിക്കുകയാണ്. തന്‍റെ സഭാ ജീവിതകാലത്തും അതിനു ശേഷവും ഉണ്ടായ നിരവധി കയ്പേറിയ അനുഭവങ്ങളെ തുറന്നുകാണിക്കാന്‍ തന്നെയാണ് “നന്മ നിറഞ്ഞവളെ സ്വസ്തി” എന്ന ഗ്രന്ഥം എന്ന് സിസ്റ്റര്‍ മേരി പറയുന്നു. ആ ഗ്രന്ഥം എഴുതിത്തയ്യാറാക്കാന്‍ വയനാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തകനും, ആക്ടിവിസ്റ്റും അറിയപ്പെടുന്ന ഗ്രന്ഥകര്‍ത്താവുമായ ജോസ് പാഴൂക്കാരന്‍ നല്‍കിയ സേവനത്തെ സിസ്റ്റര്‍ കൃതജ്ഞതയോടെ സ്മരിക്കുന്നു. പാഴൂരാകട്ടെ, സിസ്റ്ററിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം  ആക്ടിവിസത്തിന്‍റെ ഭാഗമായി കാണുന്നു. തന്‍റെ ജീവിതസമരത്തെപ്പറ്റി സിസ്റ്റര്‍ മേരി ചാണ്ടി ടിഎസ്ഐയോട് വിശദമായി സംസാരിച്ചു: 
സഭക്കെതിരെ താങ്കള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ നിസാരങ്ങളാണെന്നു പറയുന്നല്ലോ? ആലഞ്ചേരിപിതാവ് കര്‍ദ്ദിനാള്‍ ആയി ചുമതലയെടുത്തശേഷം വയനാട് സന്ദര്‍ശിച്ചപ്പോള്‍ എല്ലാ പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി. എന്നാല്‍, പുല്‍പ്പളളിയില്‍ മാത്രം വന്നില്ല. എന്തുകൊണ്ട്? ഒരു സഭാ വിശ്വാസിയും ഈ ചോദ്യം ഉയര്‍ത്തുന്നില്ല. കാരണം, അവര്‍ സഭയുടെ അടിമകളാണ്. മാര്‍പ്പാപ്പ പോലും എന്‍റെ ആത്മകഥയായ “നന്മ നിറഞ്ഞവളേ സ്വസ്തി” എന്ന ഗ്രന്ഥത്തിന്‍റെ പ്രസക്ത ഭാഗങ്ങളെങ്കിലും വായിച്ചിട്ടുണ്ടായിരിയ്ക്കണം. പുല്‍പ്പളളിയിലെ ക്രൈസ്തവരില്‍ ഭൂരിഭാഗവും റോമന്‍ കത്തോലിക്കരാണ്. ഈ വസ്തുതയും കര്‍ദ്ദിനാളിനെ പുല്‍പ്പളളിയില്‍ വരാന്‍ പ്രേരിപ്പിച്ചില്ല. പുരോഹിതരില്‍ 90% ഉം എന്‍റെ ആത്മകഥ വായിച്ചവരാണ് എന്ന് അറിയുന്നു. പക്ഷേ, അവരാരും എന്നെ ബന്ധപ്പെട്ടിട്ടില്ല. അവര്‍ ബന്ധപ്പെടുന്നത് എന്‍റെ പുസ്തകം തയ്യാറാക്കാന്‍ സഹായിച്ച ജോസ് പാഴൂക്കാരനെയാണ്. അവര്‍ പാഴൂക്കാരനോട് പറയുന്നത് ഞാന്‍ സഭയെ അപമാനിച്ചുവെന്നാണ്. എനിക്കെതിരെ പ്രയോഗിക്കാന്‍ അവരുടെ പക്കല്‍ തെളിവുകളൊന്നുമില്ല എന്നതാണ് വാസ്തവം. എന്നാല്‍, സഭയ്ക്കും പുരോഹിതര്‍ക്കുമെതിരായി എന്‍റെ പക്കല്‍ നിരവധി തെളിവുളുണ്ട് അവര്‍ സഭാ ഭാരവാഹികളെ ബിഷപ്പ് ഹൌസില്‍ വിളിച്ചുകൂട്ടട്ടെ, സഭക്കെതിരായ തെളിവുകള്‍ ഞാന്‍ ആ യോഗത്തില്‍ ഹാജരാക്കാം. ലൈംഗിക ചൂഷണത്തിനിരയായ പെണ്‍കുട്ടികള്‍ വധിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു. എന്‍റെ, ബാപ്റ്റിസം-സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്നും സഭയുടെ കൈവശം തന്നെ. സഭവിട്ടുപോയ എനിക്ക് ആ രേഖകള്‍ തിരിച്ചുതന്നില്ല; ചേരുമ്പോള്‍ സഭയ്ക്കുകൊടുത്ത 4 ലക്ഷം രൂപയും.
ആരോപണങ്ങളന്വേഷിക്കാന്‍ സഭക്ക് എന്തെങ്കിലും സംവിധാനം?
ഇല്ല. അവര്‍ക്ക് താല്പര്യം കുപ്പിയിലും കോഴിയിലും മാത്രം.
ഇതേവരെയും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നാണോ?
ശരിതന്നെ, ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇവിടെ ചിലവാക്കപ്പെടുന്നത് വിശ്വാസികളുടെ പണമാണ്. വിശുദ്ധ കുര്‍ബ്ബാന പോലും ഈ കാലത്ത് ചെലവേറിയ ചടങ്ങായികഴിഞ്ഞു. എന്‍റെ അമ്മയുടെ മരണം കഴിഞ്ഞ് ഏഴാം നാള്‍ കുര്‍ബ്ബാനക്കായി വികാരിയെ സമീപിച്ചപ്പോള്‍ അദ്ദേഹം എന്നെ ചോദ്യം ചെയ്തു. അമ്മയുടെ കല്ലറയില്‍ ചെന്നപ്പോഴും എന്നെ ചോദ്യം ചെയ്തു. ഞാന്‍ ചെറുത്തുനിന്നു. എന്‍റെ നേരെ അട്ടഹസിച്ചു. എന്നോട് പുറത്തു പോകാന്‍ ഗര്‍ജ്ജിച്ചു. “ഇത് പാവപ്പെട്ടവന്‍റെ പണത്തിന്‍റെ വിലയാണ്” എന്ന് മറുപടി പറഞ്ഞ് ഞാന്‍ തിരിഞ്ഞുനടന്നു. നല്ല പുരോഹിതരും കന്യാസ്ത്രീകളും ഉണ്ട് എന്നത് ഞാന്‍ വിസ്മരിക്കുന്നില്ല.
താങ്കള്‍ സഭക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്‍ഡ്യന്‍ പീനല്‍കോഡിന്‍റെ പരിധിയില്‍ വരുമോ?
ഐ പി സി സഭക്കും ബാധകമാണ്. പക്ഷേ, പണം തന്നെ പ്രധാനം.
താങ്കള്‍ എപ്പോഴെങ്കിലും സഭയിലെ തെറ്റുകളെക്കുറിച്ച് പൊലീസിനോട് പരാതിപ്പെട്ടിട്ടുണ്ടോ?
ഞാന്‍ ഇക്കാര്യങ്ങളെക്കുറിച്ച് പൊലീസിനോട് പരാതിപ്പെട്ടിട്ടില്ല. എന്‍റെ പുസ്തകം സഭാനേതാക്കളെ തുറന്നു കാണിക്കും. അതുമതി. അതുതന്നെ എന്‍റെ നയം. അവര്‍ സുഖജീവിതം നയിക്കുമ്പോള്‍ ഞാന്‍ “എന്‍റെ കുട്ടികള്‍ക്ക്” വേണ്ടി യാചന നടത്തുകയാണ്.
സഭാതെറ്റുകള്‍ക്ക് ക്ഷമയാചിക്കാന്‍ വത്തിക്കാനില്‍ നിന്നാരെങ്കിലും കേരളത്തിലെത്തുന്ന ഒരു ദിവസം വരുമോ? 
തീര്‍ച്ചയായും. വേറെ മാര്‍ഗ്ഗമില്ല.
വിഷമമനുഭവിച്ച കന്യാസ്ത്രീകള്‍ ആശ്വാസത്തിനു സമീപിക്കാറുണ്ടോ?
തീര്‍ച്ചയായും. കേരളം, ആന്ധ്രപ്രദേശ്, മുംബൈ, ഉത്തരേന്‍ഡ്യ എന്നിങ്ങനെ പലയിടങ്ങളില്‍ നിന്നും. 
എങ്ങനെയാണ് സഹായിക്കുന്നത്?
അനുയോജ്യമായ ഉപദേശങ്ങള്‍ കൊടുക്കുന്നു.എല്ലാവരും സന്തുഷ്ടരായി മടങ്ങുന്നു. സഭവിട്ടുപോകുന്നവരില്‍ 99% പേര്‍ക്കും സാമൂഹികമായ ഒറ്റപ്പെടലിനെ അതിജീവിക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. എനിക്ക് ധൈര്യമുണ്ട് അതുകൊണ്ട് തന്നെ ഞാന്‍ എന്‍റെ അനുഭവങ്ങള്‍ പുസ്തകമാക്കി. എനിക്കെ തിരെ ആരോപണമുന്നയിക്കുന്നവര്‍ ഭീരുക്കളാണ്. അതുകൊണ്ട് അവര്‍ എന്നെ സമീപിച്ച് ഒന്നും ചോദിക്കുന്നില്ല.
അനാഥാലയം തുടങ്ങിയ കാലത്ത് സിസ്റ്റര്‍ മേരി ചാണ്ടി മാനസിക വെല്ലുവിളികളുളള രണ്ട് പെണ്‍കുട്ടികളെ പരിപാലിച്ചിരുന്നു. ഇപ്പോള്‍ അവര്‍ സന്തുഷ്ടകുടുംബജീവിതം നയിക്കുന്നു. അവര്‍ പരിപാ ലിക്കുന്ന കുട്ടികളെ മതം മാറാന്‍ പ്രേരിപ്പിക്കാറില്ല. ക്രൈസ്തവരായ കുട്ടികളെ മാത്രം പരിപാലിക്കുകയാണെങ്കില്‍ സഭയുടെ പരിഗണന നല്‍കാം, എന്ന വികാരിയുടെ നിര്‍ദ്ദേശം താന്‍ പണ്ടുതന്നെ തളളിക്കളഞ്ഞുവെന്ന കാര്യം സിസ്റ്റര്‍ ടിഎസ്ഐയുമായി പങ്കുവെച്ചു.
സഭയിലെ അനാചാരങ്ങള്‍ മറ്റുളളവരെപ്പോലെ തനിക്കും കണ്ടില്ലെന്ന് നടിക്കാമായിരുന്നു. എന്നാല്‍ തന്‍റെ അന്തഃകരണത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന ദൈവീകമായ തേജോവികാരം തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് സിസ്റ്റര്‍ മേരി ചാണ്ടി പറയുന്നു. 

നന്മനിറഞ്ഞവളേ സ്വസ്തി
കന്യാസ്ത്രീ ജീവിതത്തില്‍ സിസ്റ്റര്‍ മേരി കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം അവരുടെ വിദൂര സങ്കല്‍പത്തില്‍ പോലും ഇല്ലാത്തതായിരുന്നു
സിസ്റ്റര്‍ മേരി ചാണ്ടിയുടെ ആത്മകഥക്ക് കൊടുത്തിരിക്കുന്ന തലവാചകം തന്നെ “കപട ആത്മീയ നേതൃത്വത്തിന് നേരെയുളള അതിശക്തമായ ഒരു കടന്നാക്രമണം” എന്നാണ്. കൈരളി ബുക്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച “സ്വസ്തി” എന്ന ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത് ജോസ് പാഴൂക്കാരന്‍ എന്ന ആക്ടിവിസ്റ്റാണ്.
പതിമൂന്ന് വയസു മുതല്‍ കന്യാസ്ത്രീ മഠത്തില്‍ കര്‍ത്താവിന്‍റെ മണവാട്ടിയായി ജീവിതമാരംഭിച്ച മേരി 40 വര്‍ഷങ്ങള്‍ക്ക് ശേഷം 1998ല്‍ മഠം വിട്ടു. അത്യന്തം അസുഖകരമായ സാഹചര്യത്തിലാണത്. കാത്തലിക് ലേ മെന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. എല്‍. ജോര്‍ജ്ജ് എഴുതിയ കുറിപ്പില്‍ ആസ്വാദനത്തില്‍ ഇന്‍ഡ്യയിലെ സഭാരംഗത്ത് കാണുന്ന തെറ്റായ കാര്യങ്ങളെയും പരിഹാരങ്ങളെയും വിശദീകരിക്കുന്നുണ്ട് ആദ്യ അധ്യായത്തില്‍ സിസ്റ്റര്‍ പറയുന്നത് “വിശ്വസിച്ച സഭയില്‍ ലഭിക്കാതെ പോയ കര്‍ത്തവ്യബോധത്തിന്‍റെ നീറ്റല്‍ ഉളളിലിട്ട് തന്‍റെ നാല്‍പതു വര്‍ഷത്തെ കയ്പ്പു നിറഞ്ഞ കന്യാസ്ത്രീ ജീവിതത്തിന്‍റേയും അതിനു ശേഷമുളള പതിമൂന്ന് വര്‍ഷക്കാലത്തെ ത്യാഗനിര്‍ഭരമായ ജീവിത നിരാശകളുടേയും ഏറ്റുപറച്ചില്‍ ഇവിടെ തുടങ്ങുകയാണ്” എന്നാണ്. കന്യാസ്ത്രീ ജീവിതത്തില്‍ സിസ്റ്റര്‍ മേരി കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം അവരുടെ വിദൂര സങ്കല്‍പത്തില്‍ പോലും ഇല്ലാത്തതായിരുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നത്.
സെക്സ് മാസികകള്‍ വായിക്കുന്ന കന്യാസ്ത്രീകളും, പ്രാതല്‍ കൊടുത്തു മടങ്ങുമ്പോള്‍ വാതിലച്ച് തന്നെ കടന്നുപിടിക്കാന്‍ വന്ന അച്ചനെ സ്റ്റൂളുകൊണ്ട് അടിച്ച തലതല്ലിപ്പൊളിച്ച് രക്ഷപ്പെടേണ്ടി വന്നതും, വയനാട്ടിലെ ഒരു സിസ്റ്റര്‍ താന്‍ പ്രസവിച്ച കുഞ്ഞിനെ കക്കൂസിലെ ക്ലോസറ്റില്‍ തല മുക്കിപ്പിടിച്ച് ഫ്ളഷ് ചെയ്ത് കളയാന്‍ ശ്രമിച്ചപ്പോള്‍ താനിട പെട്ട് രക്ഷപ്പെടുത്തിയതും, ഒടുവി ല്‍പുരുഷവേഷത്തില്‍ മഠത്തില്‍ നിന്ന് രക്ഷപ്പെട്ടതും ഭീകരമാണ്. പിന്നീട് തുടങ്ങിയ അനാഥാലയം സംഘടിത സഭയുടെ കടുത്ത പ്രവൃത്തികളുടെ ഫലമായി കൂടെ കൂടെ സ്ഥലം മാറ്റേണ്ടി വന്നത് വായനക്കാരുടെ കരളലിയിപ്പിക്കുന്നു. പിന്നീട് നിരവധി കളളക്കേസുകളില്‍ കുടുങ്ങിയ കഥകള്‍ വായിക്കുമ്പോള്‍ ഒന്നു മനസിലാവുന്നു - തങ്ങളെ വിട്ടുപോയവര്‍ ചെയ്യുന്നത് സദ്പ്രവൃത്തിയായാലും സംഘടിതമത സമൂഹം വെറുതെ വിടില്ല!!
സഭയുടെ കാണാക്കാഴ്ചകള്‍ പകരുന്ന “സ്വസ്തി” ഒരു നല്ല വായനാനുഭവം തന്നെ നല്‍കുന്നു.
Courtesy: 

No comments:

Post a Comment