Monday, August 6, 2012

അനുവാദമില്ലാതെയെന്ന്‌ സിസ്റ്റര്‍. മേരി ചാണ്ടി


പുസ്തകം പിന്‍വലിക്കാന്‍ നീക്കം, അനുവാദമില്ലാതെയെന്ന്‌ മേരി ചാണ്ടി

Posted August 6, 2012
വയനാട്: സഭാനേതൃത്വത്തെ വിമര്‍ശിച്ചുള്ള  ‘നന്മ നിറഞ്ഞവളേ സ്വസ്തി’ എന്ന തന്റെ പുസ്തകം പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ സിസ്റ്റര്‍ മേരി ചാണ്ടി രംഗത്ത്. പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കിയ ജോസ് പാഴൂക്കാരന്‍ പ്രസാധകര്‍ക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. തന്റെ അനുവാദമില്ലാതെയാണ് പാഴൂക്കാരന്‍ കത്തെഴുതിയതെന്ന് മേരിചാണ്ടി ആരോപിച്ചു.
സഭാനേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പുറത്തിറങ്ങിയ സിസ്റ്റര്‍ മേരി ചാണ്ടിയുടെ ‘നന്മ നിറഞ്ഞവളേ സ്വസ്തി’ എന്ന പുസ്തകം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് സിസ്റ്റര്‍ മേരി ചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കിയ ജോസ് പാഴൂക്കാരന്‍ പ്രസാധകരായ കൈരളി ബുക്‌സിന് കത്തെഴുതിയിരുന്നു. വഞ്ചനയില്‍പ്പെട്ടാണ് പുസ്തകം എഴുതിയതെന്നും മേരി ചാണ്ടിയ്ക്ക് സഭയുമായി ബന്ധമില്ലെന്നും തെറ്റ് തിരുത്താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് പാഴൂക്കാരന്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ താനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാഴൂക്കാരനോട് പറഞ്ഞിരുന്നുവെന്നും അതൊന്നും എഴുതാത്തത് തന്റെ കുറ്റമല്ലെന്നുമാണ് സിസ്റ്റര്‍ മേരി ചാണ്ടി പറയുന്നത്. സാമ്പത്തിക ഇടപാടിലുണ്ടായ അതൃപ്തിയാണ് പാഴൂക്കാരന്റെ നീക്കത്തിനു പിന്നില്‍. സഭയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ ഉറച്ചു നില്‍ക്കുന്നു. തന്റെ അനുവാദമില്ലാതെ പുസ്തകം പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് സിസ്റ്റര്‍ വ്യക്തമാക്കുന്നതോടെ ‘നന്മ നിറഞ്ഞവളേ സ്വസ്തി’ യെ ചുറ്റിയുള്ള വിവാദങ്ങള്‍ക്ക് കനം വയ്ക്കുകയാണ്.
നാല് മാസം മുന്‍പാണ് മേരി ചാണ്ടിയുടെ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറങ്ങിയത്. പുസ്തകത്തില്‍ ക്രിസ്തീയ സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒട്ടേറെ പരാമര്‍ശങ്ങളുണ്ടായിരുന്നു. പുസ്തകം പിന്‍വലിക്കാനുള്ള പാഴൂക്കാരന്റെ തീരുമാനത്തിനു പിന്നില്‍ സഭയുടെ സമ്മര്‍ദമാണെന്നും ആരോപണമുണ്ട്.
Courtesy: IndiaVision Live


No comments:

Post a Comment