തലോര്‍ ഇടവകയെ നശിപ്പിച്ച തൃശൂര്‍ ആര്‍ച്ച്
ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നടപടി
ഫാ. ഡേവീസ് കാച്ചപ്പിള്ളി, ഫോണ്‍ : 9497179433
'തിന്മ ചെയ്യാന്‍ ദൈവം ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല' സഭയിലായാലും രാഷ്ട്രത്തിലായാലും അധികാരം നന്മ ചെയ്യാന്‍ വേണ്ടി ഉള്ളതാണ്. തിന്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. അതുകൊണ്ട് അധികാരികള്‍ നന്മചെയ്യാന്‍ ഉള്ളവരാണ്, തിന്മ ചെയ്യാന്‍ ഉള്ളവരല്ല. തിരുസഭയില്‍ അംഗീകരിക്കപ്പെട്ട നിയമങ്ങള്‍ അനുസരിച്ചുകൊണ്ടായിരിക്കണം സഭയിലെ അധികാരികള്‍ സഭയെ നയിക്കേണ്ടത്. നിയമങ്ങള്‍ അനുസരിക്കാതെ അവ ലംഘിച്ചുകൊണ്ട്, തന്നിഷ്ടം പോലെ തിന്മ ചെയ്യുന്ന അധികാരികള്‍ ശിക്ഷിക്കപ്പെടണം, സ്ഥാനഭ്രഷ്ടരാക്കപ്പെടണം. കാരണം അവര്‍ അധികാരത്തിലിരിക്കാന്‍ അര്‍ഹതയില്ലാത്തവരാണ്. ഇതാണ് ദൈവനീതി.
2009 നവംബര്‍ 1 ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് തലോരില്‍ പ്രഖ്യാപിച്ച നടപടിയുടെ ഫലമായി തലോര്‍ ഇടവക ആത്മീയമായും സാമൂഹ്യമായും നശിപ്പിക്കപ്പെട്ടു എന്നതിന് രണ്ടുപക്ഷമില്ല. സ്‌നേഹത്തിന്റെ ഐക്യത്തില്‍ ഒരു ജനമായിരുന്ന തലോരിലെ വിശ്വാസികളെ മാര്‍ താഴത്ത് രണ്ട് ചേരികളാക്കി ഭിന്നിപ്പിച്ചു; രൂപതാപക്ഷക്കാരും ആശ്രമപക്ഷക്കാരും. രൂപതാപക്ഷക്കാര്‍ക്ക് രൂപതാധ്യക്ഷന്റെ പ്രതിഫല വാഗ്ദ്ധാനങ്ങള്‍, ആശ്രമപക്ഷക്കാര്‍ക്ക് രൂപതാധ്യക്ഷന്റെയും ഇടവകവികാരിയുടെയും പീഡനങ്ങള്‍. അതോടെ വിശ്വാസികള്‍ക്കിടയിലെ പരസ്പര സ്‌നേഹം നശിപ്പിക്കപ്പെട്ടു. പകരം പരസ്പര വിദ്വേഷവും പ്രതികാരനടപടികളും അവരില്‍ വളര്‍ന്നു വന്നു. ഇടവകമാറ്റത്തിന് ശേഷം വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഐക്യത്തിന്റെ വിശുദ്ധ ബലിക്ക് പകരം ഭിന്നിപ്പിന്റെ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. മനസ്സില്‍ വെറുപ്പും വിദ്വേഷവും കുത്തിനിറച്ചു കൊണ്ടാണ് യേശുവിന്റെ തിരുശരീരവും തിരുരക്തവും സ്വീകരിക്കുന്നത്. വി. പൗലോസിന്റെ വാക്കുകളില്‍, യേശുവിന്റെ ശരീരത്തിനും രക്തത്തിനും എതിരായി പുരോഹിതരും വിശ്വാസികളും നിരന്തരം പാപം ചെയ്തുകൊണ്ടിരിക്കുന്നു ( 1 കൊറി. 11-27) രൂപതാധ്യക്ഷനായ മാര്‍ താഴത്തിന്റെ സ്ഥിതി അതിലേറെ കഷ്ടമല്ലേ ? അദ്ദേഹവും അനുദിനം ബലിയര്‍പ്പിക്കുന്നുണ്ടല്ലോ. തലോരിലെ വിശ്വാസികളോട് ചെയ്ത തെറ്റ് അദ്ദേഹം തിരുത്തിയിട്ടില്ലല്ലോ. അവരോട് അനുരഞ്ജനപ്പെട്ടിട്ടില്ലല്ലോ. യേശു പറയുന്നു; 'നീ ബലിയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെങ്കില്‍, കാഴ്ച വസ്തു അവിടെ വച്ചിട്ട് പോയി നിന്റെ സഹോദരനോട് രമ്യതപ്പെടുക, പിന്നെ വന്ന് കാഴ്ചയര്‍പ്പിക്കുക' (മത്തായി 5 : 23-24). തന്റെ അന്യായമായ നടപടിയിലൂടെ തലോരിലെ വിശ്വാസികളോട് താന്‍ ചെയ്ത തെറ്റിന്റെ ഫലമായി എന്തുമാത്രം വെറുപ്പും വിദ്വേഷവുമാണ് തനിക്കെതിരെ വിശ്വാസികളുടെ മനസ്സിലുള്ളതെന്ന് ആര്‍ച്ച് ബിഷപ്പിന് വിസ്മരിക്കാനാവുമോ. തലോര്‍ വിശ്വാസികളുടെ ആത്മീയ അധഃപതനത്തിന്റെ ഉത്തരവാദി താനല്ലെന്ന് ആര്‍ച്ച് ബിഷപ്പിന് പ്രസ്താവിക്കാനാകുമോ?
വിശ്വാസികളുടെ ഒരു സഭാകോടതി ഉണ്ടെങ്കില്‍ മാര്‍ താഴത്ത് കുറ്റക്കാരനായി വിധിക്കപ്പെടാതിരിക്കുമോ ? അത്തരം ഒരു കോടതി സഭയില്‍ ഇല്ലാത്തതാണ് ഇത്തരം തെറ്റുകള്‍ അധികാരികളിലൂടെ സഭയില്‍ കുമിഞ്ഞുകൂടുന്നതിന്റെ കാരണമെന്ന് സഭാസമൂഹം മനസ്സിലാക്കേണ്ടതാണ്. സഭ ദൈവജനമാണെന്ന് സഭയുടെ എല്ലാ പ്രബോധനങ്ങളിലും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. പക്ഷെ സഭയിന്നും മെത്രാന്മാരുടെ ഏകാധിപത്യമേല്‍ക്കോയ്മയിലാണ്. എന്തുമാത്രം നാശമാണ് ഇതിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനുള്ള ഒരു തെളിവാണല്ലോ തലോരില്‍ ആര്‍ച്ച് ബിഷപ്പ് ചെയ്ത കടുത്ത നടപടി. വിശ്വാസികളെ അദ്ദേഹം അടിമകളാക്കിയല്ലോ. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള തന്റെ ഏകാധിപത്യ നടപടി അടിച്ചേല്‍പ്പിച്ചല്ലേ അദ്ദേഹം വിശ്വാസികളെ നശിപ്പിച്ചത്.
ഇടവക മാറ്റത്തിനുള്ള സഭയുടെ നിയമങ്ങള്‍ ഏവയാണെന്ന് സഭാസമൂഹം അറിഞ്ഞിരിക്കണം:
1. ഇടവകമാറ്റനടപടിക്ക് മുമ്പ് മെത്രാന്‍ ഇക്കാര്യം ഇടവകക്കാരുമായി ആലോചിച്ച് ഇത് ഇടവകക്കാരുടെ ആവശ്യമാണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
2. രൂപതയുടെ വൈദിക സമിതിയുമായി മെത്രാന്‍ ഇക്കാര്യം ആലോചിക്കേണ്ടതാണ്.
3. ഇടവകയുടെ പൊതുയോഗ തീരുമാനപ്രകാരം ഇടവകമാറ്റത്തിനായുള്ള അപേക്ഷ ഇടവകയില്‍നിന്ന് രൂപതാധ്യക്ഷന് ലഭിച്ചതിന് ശേഷമായിരിക്കണം രൂപതാധ്യക്ഷന്റെ നടപടി ഉണ്ടാകേണ്ടത്.
ഇപ്പറഞ്ഞ നിയമങ്ങള്‍ ഒന്നും പാലിക്കാതെയാണ് മാര്‍ താഴത്ത് തലോരില്‍ ഇടവകമാറ്റ നടപടി പ്രഖ്യാപിച്ചത്.
മറ്റൊരു സുപ്രധാന കാര്യം; മേല്‍പ്പറഞ്ഞ നിയമങ്ങള്‍ക്ക് വിധേയപ്പെടാതെ മെത്രാന് തന്റെ സ്വന്തം അധികാരത്തില്‍ മാത്രം ഇടവകമാറ്റം നടത്താന്‍ അധികാരം നല്‍കുന്ന നിയമം സഭയുടെ കാനോന്‍ നിയമങ്ങളില്‍ കാണാനാകില്ല.
തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് തലോരില്‍ വിശ്വാസികള്‍ക്കെതിരെ ചെയ്ത തെറ്റിന്റെ അടിസ്ഥാനത്തില്‍ എന്തുമാത്രം അനിഷ്ടസംഭവങ്ങളും സമരങ്ങളുമാണ് തലോരിലും തൃശൂരിലും രൂപതാകേന്ദ്രത്തിലും ഉണ്ടായിട്ടുള്ളത്. എത്രമാത്രം നിവേദനങ്ങളാണ് വിശ്വാസികള്‍ സഭയുടെ ഉന്നത അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളത്. പക്ഷെ ഇതുവരെയും തലോര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. മാര്‍ താഴത്ത് തന്റെ തെറ്റ് തിരുത്തിയിട്ടില്ല. കേരളസുറിയാനി സഭയുടെ ഉന്നതഅധികാരി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തൃശൂര്‍ രൂപതാധ്യക്ഷന് നല്‍കിയ നീതിയായ നിര്‍ദ്ദേശം മാര്‍ താഴത്ത് തലോരില്‍ നടപ്പിലാക്കിയിട്ടില്ല. സത്യവും നീതിയും സഭയില്‍ പരാജയപ്പെടുന്നു എന്നാണ് ഇവയൊക്കെ വ്യക്തമാക്കുന്നത്. ഇവയുടെയെല്ലാം പ്രത്യാഘാതങ്ങള്‍ എന്താണ് ? വിശ്വാസികളുടെ കഷ്ടതകളും ആത്മീയ നാശങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതാണോ കത്തോലിക്കാസഭ എന്ന് നാനാജാതി മതസ്ഥര്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. എത്രയോ വലിയ ഉതപ്പാണിത് ? സഭാധികാരികള്‍ പരസ്യമായി അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കു ന്നു. ഇതുമായി ബന്ധപ്പെട്ട് എന്തുമാത്രം പരസ്യബോര്‍ഡുകളാണ് തൃശൂരിലുടനീളം കാണപ്പെടുന്നത്. ശോചനീയമായ ഈ അവസ്ഥയ്‌ക്കെതിരെ ഇവിടുത്തെ അല്മായര്‍ക്കും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും മെത്രാന്‍മാര്‍ക്കും ഒന്നും ചെയ്യാനില്ലേ ? എല്ലാവരും സുഭിക്ഷമായി ഉണ്ടും ഉറങ്ങിയും സുഖമായി കഴിയുന്നു, റോമാനഗരം കത്തിയെരിയുമ്പോള്‍ കൊട്ടാരത്തിലിരുന്ന് വീണവായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ !!!
തിരുസഭയുടെ നിയമങ്ങള്‍ക്ക് വിധേയപ്പെടാതെ 1861 ല്‍ കേരളത്തിലെത്തിയ റോക്കോസ് മെത്രാന്‍ 'ശീശ്മ'യാണെന്ന് തിരിച്ചറിഞ്ഞത് വാഴ്ത്തപ്പെട്ട ചാവറയച്ചനാണ്. ചാവറയച്ചന്റെ പിന്‍ഗാമികളായ വൈദികരും സന്ന്യസ്തരും സഭയ്ക്കുള്ളിലെ ശീശ്മകളെ തിരിച്ചറിയാന്‍ കടപ്പെട്ടവരാണ്. സഭയുടെ നിയമങ്ങള്‍ പാലിക്കാതെ സ്വന്തം ഇഷ്ടത്തിലും തീരുമാനത്തിലും തലോര്‍ ഇടവകയെ ഛിന്നഭിന്നമാക്കിയ തൃശൂര്‍ ആര്‍ച്ച് ബിഷപ്പിനെതിരെ രംഗത്തിറങ്ങാന്‍ നമുക്ക് കടമയും അവകാശവുമുണ്ട്. അനീതിചെയ്ത ഭരണാധികാരികള്‍ക്കെതിരെ രംഗത്തിറങ്ങി ലോകത്തിന് മുഴുവന്‍ മാതൃക നല്‍കിയ യേശുക്രിസ്തുവിനെയും സ്‌നാപകയോഹന്നാനെയും നാം അനുകരിക്കേണ്ടതല്ലേ ? കാലം ചെയ്ത പുണ്യചരിതനായ വര്‍ക്കി വിതയത്തിലിന്റെ അന്ത്യോപദേശം നമുക്ക് അനുസരിക്കാനാകണം : 'അനീതിയെ എതിര്‍ക്കണം, നീതിക്ക് വേണ്ടി ഉച്ചത്തില്‍ നിലവിളിക്കണം'. അതുകൊണ്ട് തലോര്‍ ഇടവകയെ ആത്മീയമായും സാമൂഹ്യമായും നശിപ്പിച്ച തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് തന്റെ നടപടി തിരുത്തുന്നില്ലായെങ്കില്‍ അദ്ദേഹത്തിനെതിരെ തൃശൂരില്‍ ഒരു 'കൂനന്‍കുരിശ് സത്യം' ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിനായി സഭാസമൂഹം ഒന്നിച്ച് രംഗത്തിറങ്ങണം എന്നാണ് എന്റെ വിനീതമായ അപേക്ഷ.
തെറ്റ് ചെയ്ത കൊച്ചി മെത്രാനെതിരെ വൈദികര്‍ രംഗത്തിറങ്ങിയതും മെത്രാനെ സ്ഥാനഭ്രഷ്ടനാക്കിയതും അടുത്തകാലത്താണല്ലോ. തെറ്റ് ചെയ്ത സഭാധികാരിക്കെതിരെ സഭയിലുണ്ടായ നടപടി നല്ലൊരു മാതൃകയാണ് സഭയ്ക്ക് നല്‍കുന്നത്. സഭയുടെ ഉന്നതാധികാരികള്‍ തലോര്‍ പ്രശ്‌നത്തിന് ഉത്തരവാദിയായ മാര്‍ താഴത്തിനെ ന്യായമായി ശിക്ഷിക്കുകയോ തിരുത്തുകയോ ചെയ്ത്‌കൊണ്ട് തലോര്‍ പ്രശ്‌നം പരിഹരിക്കാത്തിടത്തോളം കാലം തൃശൂര്‍ ആര്‍ച്ച് ബിഷപ്പിനെതിരെയുള്ള സമരങ്ങളും നിവേദനങ്ങളും ഒരിക്കലും അവസാനിക്കുകയില്ല. അവ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. തന്മൂലം സഭ കൂടുതല്‍ കൂടുതല്‍ നശിക്കാനിടയാകുകയും ചെയ്യും. കാരണം തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് വളരെ ഗൗരവമായ തെറ്റാണ് ചെയ്തിട്ടുള്ളത്. അത് തിരുത്തപ്പെടണം. അതാണ് ക്രിസ്തീയത. അതാണ് കത്തോലിക്കാസഭയുടെ മഹനീയ ആദര്‍ശവും ജീവിതശൈലിയും. സഭ ദൈവജനമാണെന്നും സഭയുടെ ആത്മീയാധികാരികള്‍ സഭയിലെ സേവകരാണെന്നും ഉള്ള സത്യം സഭയില്‍ പ്രാവര്‍ത്തികമാകട്ടെ.
THE HINDU 08/12/2011 |
No comments:
Post a Comment