Monday, July 16, 2012

'ഷിക്കാഗോ‌ സീറോ മലബാര്‍ രൂപത'

പിളര്‍ന്നു പന്തലിക്കുന്ന 
'ഷിക്കാഗോ‌ സീറോ മലബാര്‍ രൂപത'
                                        Joseph Padannamakkel
                                                                FRIDAY, JULY 13, 2012
ഷിക്കാഗോ ആസ്ഥാനമായ ആകമാന വടക്കേ അമേരിക്കയുടെ ബിഷപ്പായ മാര്‍ അങ്ങാടിയത്തിന്റെ ക്യൂറിയായില്‍ ചാന്‍സലര്‍ ആയി അടുത്തകാലത്തു നിയമിതനായ ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ വെത്താനത്തിന്റെ രസികത്വം നിറഞ്ഞ ഒരു ലേഖനം ദീപികയില്‍ ഉണ്ടായിരുന്നു. വളര്‍ന്നു പന്തലിക്കുന്ന 'ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത' എന്ന തലവാചകത്തോടെയുള്ള ലേഖനത്തില്‍ ഒരു ചെറുപ്പക്കാരനായ അച്ചന്റെ വിവരക്കേടുകള്‍ മുഴുവന്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു.അമേരിക്കന്‍ സീറോസഭ തകരുവാന്‍ ആരംഭിച്ചിരിക്കുന്നു. എന്നിട്ടും സീറോസഭ വളരുന്നുവെന്നു ദീപികയിലെ ലേഖനം വിചിത്രം തന്നെ .
ഇദ്ദേഹത്തിന്റെ മുന്‍ഗാമി പ്രശസ്ഥനും ധനകാര്യം കൈകാര്യം ചെയ്തിരുന്ന ശ്രേഷ്ഠ വൈദികനുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം നാടു ചുറ്റി നടക്കുവാന്‍ തുടങ്ങിയിട്ടു അനേക മാസങ്ങള്‍ കഴിഞ്ഞു. നാളിതു വരെയായും കോടി കണക്കിന് അരമന സ്വത്തുക്കളുടെ കണക്കുകളോ നാള്‍വഴി രേഖകളോ പുതിയതായി നിയമിതനായ ചാന്‍സലറെ ഏല്‍പ്പിച്ചിട്ടില്ല. മടങ്ങി പോകുവാന്‍ മടി കാണിക്കുന്ന മുന്‍ചാന്‍സലറെ
കണ്ടുമുട്ടിയിട്ടേ പുതിയ ചാന്സലരിനു പള്ളിയുടെ സുപ്രധാന തീരുമാനങ്ങളില്‍ ഇടപെടുവാന്‍ സാധിക്കുകയുള്ളൂ. മുന്‍ ചാന്സലര്‍ക്കെതിരെ കോടതിയില്‍ വ്യവഹാരത്തിനും അരമന ആലോചിക്കുന്നതായും അറിയുന്നു.
അങ്ങാടിയത്ത് പിതാവിന്റെ ക്യൂറിയില്‍ ഉള്ളവരെല്ലാം 1200 പേജുകളുള്ള കാനോന്‍നിയമത്തില്‍ ഗവേഷണം നടത്തി പി എച് ഡി ലഭിച്ചവരാണ്. ദീപികയിലെ ഈ ലേഖകനെപ്പോലെ സീറോ മലബാര്‍ ചരിത്രം വികൃതമാക്കി വിശ്വാസികളെ പറ്റിക്കുന്നതിനും ഗവേഷണ ഡിഗ്രി കൊടുക്കേണ്ടി വരും. S.S.L.C. യും കഴിഞ്ഞു കാനോന്‍ പി എച് ഡി യും വഹിച്ചുകൊണ്ട് ഡോക്ടര്‍ ആയി നടക്കുവാനും പുരോഹിതര്‍ക്കു മടിയില്ല.
അമേരിക്കന്‍ സീറോ മലബാറിന്റെ ചരിത്ര ഗവേഷണങ്ങള്‍ ചികഞ്ഞാല്‍ ചതിയും കുതികാലു വെട്ടലും പുരോഹിത തന്ത്രങ്ങളും കൊണ്ടു മാനസികമായി തകര്‍ന്ന ഒരു അങ്ങാടിയത്ത് പിതാവിന്റെ രൂപം മനസ്സില്‍ തെളിഞ്ഞു വരും. ഡോളര്‍ വാരുന്ന ഒരു പുരോഹിതനെ സ്ഥലം മാറ്റുകയെന്നുള്ളതും ബിഷപ്പിനെ സംബന്ധിച്ച് അസാദ്ധ്യമായ ഒരു സത്യമാണ്. അത്രയ്ക്ക് ശക്തന്മാരാണ് അദ്ദേഹത്തിന്‍റെ കീഴിലുള്ള ചാന്‍സലര്‍ മുതല്‍ താഴോട്ടുള്ള എല്ലാ പുരോഹിതരും. അങ്ങാടിയത്ത് പിതാവ് ഇവരുടെയെല്ലാം ചരടു വലിക്കുന്ന ഒരു മരപ്പാവ മാത്രം. അങ്ങനെ, ചുറ്റിനും ദുര്ചിന്താഗതിയും ആയി നടക്കുന്നവരുടെ അനുസരണയുള്ള ഈ മഹാഇടയന്‍ ജീവിക്കുന്ന ഒരു പുണ്യാളന്‍കൂടിയാണ്. ഷിക്കാഗോയിലെ സീറോമലബാര്‍ രൂപതയുടെ ആദ്യത്തെ ബിഷപ്പിന്റെ നേട്ടങ്ങള്‍ എന്തെല്ലാമെന്ന് പരീക്ഷാ ചോദ്യകടലാസില്‍ വന്നാല്‍ ഉത്തരം സീറോയായിരിക്കും.
2001 മാര്‍ച്ച് പതിമൂന്നാം തിയതി ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത സ്ഥാപിച്ചു. പതിനൊന്നു വര്‍ഷങ്ങള്‍കൊണ്ട് അത്ഭുതകരമായി രൂപത വളര്‍ന്നു ഐക്യനാടുകളില്‍ മുഴുവനായി സഭ വ്യാപിച്ചു കിടക്കുന്നുവെന്നു ഫാദര്‍ സെബാസ്റ്റ്യന്‍ വെത്താനത്തില്‍ ഇവിടെ ‍ വ്യാജ സ്തുതി പാടിയിരിക്കുന്നു. അമ്പത്താറു വൈദികരുടെയും അങ്ങാടിയത്ത് ബിഷപ്പിന്റെയും കഠിന അദ്ധ്വാനവും ഇതില്‍ പ്രവര്‍ത്തിച്ച അല്‍മായ പ്രവര്‍ത്തകരുടെ പങ്കും ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. 
ലേഖനം വായിച്ചപ്പോള്‍ കേരള വാര്‍ത്താ മാധ്യമങ്ങളോടും ഇത്തരം വില കുറഞ്ഞ പത്രങ്ങള്‍ വായിക്കുന്ന ഭക്തരായ ജനങ്ങളോടും സഹതാപം തോന്നി. പുരോഹിതര്‍ ഒരിക്കലും കള്ളം പറയുകയില്ല, എന്നായിരുന്നു പഴയ കാലങ്ങളില്‍ ഉണ്ടായിരുന്ന എന്റെ മനസിലെ സങ്കല്പം. എന്നും അടിയും പിടിയും കുത്തും ഇടിവണ്ടിയും പോലീസും വൈദിക ഗുണ്ടാകളും അല്മേനി ഗുണ്ടാകളും കൂത്തരങ്ങുന്ന ഷിക്കാഗോ രൂപതയും അവരുടെ പള്ളികളെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ഈ നാട്ടിലെ പൊടി കൊച്ചുവരെ പറയും. കസേര ഏറു നടക്കാത്ത ഒറ്റ സമ്മേളനങ്ങളും സഭാ മലയാളികളുടെ ചരിത്രത്തില്‍ ഇല്ല. 
മാര്‍ത്തോമ്മ ശ്ലീഹാ സിറിയയില്‍ നിന്ന് ക്ലാവര്‍ കുരിശുകള്‍ കൊണ്ടുവന്നു പള്ളികള്‍ സ്ഥപിച്ചുവെന്നാണ് സീറോ മലബാര്‍ രൂപതകളുടെ അവകാശവാദം. ഇങ്ങനെ ക്ലാവര്‍ കുരിശു പിതാക്കളായ പവ്വത്തും അങ്ങാടിയത്തും മാര്‍ത്തോമ്മ നുണകള്‍ സത്യമെന്നും വിദ്യാഹീനരെ‍ വിശ്വസിപ്പിക്കുന്നു. ഈ നുണകള്‍ പ്രചരിപ്പിക്കുന്നതിന് സ്വന്തം താല്‍പ്പര്യം തേടുന്ന കുഞ്ഞാടുകളും വൈദികര്‍ക്കൊപ്പം ഉണ്ട്. വിശുദ്ധന്‍ കൊണ്ടുവന്ന പാഴ്തടികള്‍ കൊണ്ടുള്ള തോമ കുരിശു ഇന്നും ദേവാലയ അങ്കണങ്ങളില്‍ വിശുദ്ധ സ്മാരകങ്ങളായി നിലകൊള്ളുന്നുവെന്നു പഠിപ്പിക്കുന്ന ചരിത്ര വിശ്വാസികളാണ് സെബാസ്റ്റ്യന്‍ 
വെത്താനത്തിയെപ്പോലുള്ള വൈദികര്‍. കാലങ്ങള്‍ക്ക് മുറിവുകള്‍ ഏല്‍പ്പിച്ചു ചരിത്രം മടക്കിയും തിരിച്ചും ഇനിയും വിശ്വാസികളുടെ ബൌദ്ധിക ലോകം ഇവര്‍ പിടിച്ചടക്കും. 
വെത്താനത്തിന്റെ അഭിപ്രായത്തില്‍ 56 വൈദികരാണ്‌ അമേരിക്കയിലെ സീറോ മലബാര്‍ പള്ളി വളര്‍ത്തിയെന്നുള്ളതാണ്. അല്മെനിയുടെ ഉപ്പും ചോറും തിന്നതല്ലാതെ രൂപതയുടെ വളര്‍ച്ചക്ക് ഈ വൈദികര്‍ എത്ര പണം മുടക്കിയെന്നുള്ളതും വ്യക്തമല്ല. ഇങ്ങനെയൊക്കെ അവകാശവാദം മുഴക്കുന്ന വൈദികരുടെ മനസ്ഥിതിയും തെറ്റായ ചരിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും കഠിനം തന്നെ. ശ്രീ ചാക്കോ കളരിക്കലിന്റെ സീറോ മലബാര്‍ മഹാസമ്മേളനത്തെ സംബന്ധിച്ചുള്ള ലേഖനത്തില്‍ ഇതേ സംബന്ധിച്ച് അനേക വസ്തുതകളും ചരിത്രങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.
സീറോ മലബാര്‍ അമേരിക്കന്‍ രൂപത നേടിയ ഒരു നേട്ടമെന്തെന്നാല്‍ ദേവാലയത്തില്‍ നിന്നും ആത്മീയതയെ തേച്ചു മായിച്ചു അമേരിക്കാ എന്ന സ്വപ്ന രാജ്യത്തില്‍ ഇത്തരം വൈദികര്‍ക്കു പ്രവേശിക്കുവാന്‍ അവസരങ്ങള്‍ ഉണ്ടാക്കിയെന്നുള്ളതാണ്. പള്ളികൃഷിയുമായി മലയാളി സ്ത്രീകള്‍ക്ക് ഇക്കിളിയുണ്ടാക്കി വിളവുകള്‍ കൊയ്യുവാനും ഇവര്‍ സൂത്രശാലികള്‍ തന്നെ. ഒരു കുര്‍ബാന ചൊല്ലുന്നതിനു അമ്പതു ഡോളര്‍ ലഭിച്ചാല്‍ കിട്ടാവുന്നടത്തോളം ശേഖരിച്ചു നാട്ടില്‍ അമ്പതു രൂപയ്ക്ക് പാവപ്പെട്ട അച്ചന്മാരെകൊണ്ട് ചൊല്ലിക്കും. ബാക്കി നാല്പ്പിത്തി ഒന്‍പതു ഡോളറും പണി എടുക്കാതെ അച്ചന്‍റെ പോക്കറ്റിലും.
സഭയുടെ വളര്‍ച്ചക്കായി പണം മുടക്കിയ അല്മെനികള്‍ ഇന്ന് രൂപതയെ വെറുക്കുന്നുവെന്നാണ് സത്യം. അല്മെനികളുടെ വിയര്‍പ്പുകൊണ്ട് നേടി എടുത്ത ദേവാലയത്തെ അങ്ങാടിയത്ത് പിതാവ് കുര്‍ബാന സമയം വിളിച്ചു പറയുന്നത്  "എന്റെ പള്ളി, എന്റെ ദേവാലയം" എന്റെ അരമന എന്നൊക്കെയാണ്. അല്മായന്റെ ദേവാലയം എന്ന് ഒരിക്കല്‍പ്പോലും ഈ തിരുമേനി പറയുകയില്ല. 
ആദ്യകാല സഭയുടെ നെടുംതൂണായിരുന്ന SMCC സംഘടനയെപ്പറ്റിയോ അന്നു ആളും അര്‍ഥവും നല്‍കി ത്യാഗങ്ങള്‍ സഹിച്ചവരെപ്പറ്റിയോ സെബാസ്റ്റ്യന്‍ വെത്താനത്തിന്റെ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടില്ല. പാലായിലും സമീപ പ്രദേശങ്ങളിലും അക്കാലത്ത് കപ്പമുട്ടി തിന്നുകൊണ്ട്‌ നടന്നിരുന്ന വൈദികരാണ്‌ ഈ സഭയുടെ വളര്ച്ചക്ക് നിദാനമെന്ന പ്രചരണമാണ് ഇന്നു എവിടെയും പ്രതിഫലിക്കുന്നത്. 
സഭയുടെ ഉയര്ച്ചയായി വൈദിക അല്മെനികളെപ്പറ്റി വെത്താനത്തി അച്ചന്‍ ലേഖനത്തില്‍ പരാമര്‍ശിച്ചുവല്ലോ. ഏതു അല്മേനി, ഏതു വൈദികന്‍ എന്നും വ്യക്തമാക്കിയിട്ടില്ല. അച്ചന്റെ കുഞ്ഞാടുകളെ പേരെടുത്തു പറയരുതോ? ഇതിലെ ആദ്യകാല പ്രവര്‍ത്തകരെയോ ആരംഭ ചരിത്രത്തെയോ ഒന്നും ഈ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടില്ല. ചക്കര വര്‍ത്തമാനങ്ങളും പറഞ്ഞു പണം നാട്ടില്‍ കടത്തിയ വൈദികരല്ലാതെ ഒറ്റ ഒരു വൈദികന്‍പോലും രൂപതാ രൂപീകരണത്തിന്റെ ബഹുമതിക്ക് അര്‍ഹനല്ല. 
വെത്താനത്തിന്റെ ലേഖനം വായിക്കുന്നവര്‍ക്ക് ഈ രൂപതയുടെ അടിസ്ഥാനം കുറെ പുരോഹിതരും അവരുടെ കുഞ്ഞാടുകള്‍ എന്നും തോന്നും. പുരോഹിതന്റെ വിയര്‍പ്പിനെക്കാള്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കിയ ആദ്യകാല കുടിയേറ്റക്കാരായ അല്മെനികളില്‍ പലരും പ്രായത്തിന്റെ ക്ഷീണത്താല്‍ പിന്‍വാങ്ങി നിശബ്ദരായി കഴിഞ്ഞുകൂടുന്നു. അവരെ തഴഞ്ഞുകൊണ്ടുള്ള പുതിയ നീക്കങ്ങള്‍ ഇവര്‍ക്ക് കാലം ഒരിക്കലും മാപ്പു കൊടുക്കുകയില്ല. 
അവര്‍ സ്ഥാപിച്ച പ്രസ്ഥാനങ്ങള്‍ ഇന്നു പുരോഹിത മേല്‍ക്കൊയ്മയില്‍ ആയി. അധികാരം മുഴുവന്‍ കയ്യടക്കി മൊത്തം അന്നത്തെ പ്രവര്‍ത്തകരെ അങ്ങാടിയത്തിന്റെ പുരോഹിത നേതൃത്വം ചതിക്കുകയായിരുന്നു. 1999-ല്‍ ഫിലഡാല്ഫിയില്‍ കൂടിയ അല്മെനികളുടെ ശ്രമഫലമാണ്‌ ഇവിടെ പള്ളികള്‍ ഉണ്ടായതും രൂപതയുണ്ടായതും. ഈ സത്യം പുരോഹിതര്‍ എന്തിനു ഒളിച്ചുവെക്കുന്നു? അന്നത്തെ അല്മെനിനികളുടെ സേവനങ്ങളെ എന്തുകൊണ്ട് മാനിക്കുന്നില്ല?
ആദ്യകാല മലയാളികളുടെ പ്രയത്നത്തെ അനുഭവിക്കുവാന്‍ ഏറെ വൈദികരെയും കന്യാസ്ത്രികളെയും ഈ നാട്ടിലേക്ക് ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുന്നതു രൂപതയുടെ നേട്ടമാണ്. കാലിയായികൊണ്ടിരിക്കുന്ന സീറോ മലബാര്‍ പള്ളികള്‍ പിടിച്ചു നില്‍ക്കുവാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുവാന്‍ തുടങ്ങി. മഹാ സമ്മേളനങ്ങള്‍ അമേരിക്കയുടെ വിവിധ നാടുകളില്‍ നടത്തുന്നത് ഇതിനു ഉദാഹരണങ്ങളാണ്. 
സെബാസ്റ്റ്യന്‍ വെത്താനത്തിന്റെ അമേരിക്കന്‍ സഭയുടെ വളര്‍ച്ചയെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു. "അമേരിക്കന്‍ സീറോ മലബാര്‍ സഭക്ക് വിവിധ ഇടവകകളിലായി ഒരു ലക്ഷത്തോളം വിശ്വാസികളുണ്ട്‌. ആറായിരത്തില്‍പ്പരം കുട്ടികള്‍ വിശ്വാസപരിശീലനം നടത്തുന്നു. യുവജനങ്ങളുടെയും കുടുംബങ്ങളുടെയും രൂപികരണത്തിനായി വിത്യസ്തങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു".തോമാസ്ലീഹായില്‍ നിന്നു ലഭിച്ച വിശ്വാസനുഭവം ആയിരത്തില്‍പ്പരം പരിശീലകര്‍ ഇളം തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്നു."
മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നതില്‍ ഈ പുരോഹിതന് നോബല്‍ സമ്മാനം കൊടുക്കേണ്ടതാണ്. ഒരു ലക്ഷത്തില്‍പ്പരം വിശ്വാസികള്‍ സഭയ്ക്കുണ്ടെന്നു ലേഖനത്തില്‍ അവകാശപ്പെട്ടിരിക്കുന്നു. അവസാനത്തെ അക്കമായ രണ്ടു പൂജ്യങ്ങള്‍ തെറ്റായി പ്രയോഗിച്ചെന്ന് മാത്രം. മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ന്യൂയോര്‍ക്കിലും ഷിക്കാഗോയിലും ലോസ് അഞ്ജല്സും അറ്റ്ലാന്റയും മൊത്തം എടുത്താല്‍ ഒരു പള്ളിക്ക് മുന്നൂറിനും അഞ്ഞൂറിനും ഇടക്ക് കുടുംബങ്ങള്‍ കണ്ടേക്കാം.മറ്റുള്ള പട്ടണങ്ങളില്‍ മലയാളികള്‍ അധികം പാര്‍ക്കുന്നില്ല. 
സെബാസ്റ്റ്യന്‍ അച്ചന്റെ കണക്കില്‍ മുപ്പതു പള്ളികളില്‍ ആയി ഒരു ലക്ഷം പേരെ കുടിയിരുത്തിയിരിക്കുകയാണ്. കമ്പ്യൂട്ടര്‍ പ്രൊഫഷനില്‍ നാട്ടില്നിന്നും വന്ന ചെറുപ്പക്കാരല്ലാതെ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന ഒരു മനുഷ്യനും സീറോ മലബാര്‍ പള്ളികളെ കണ്ടു കാണുവാന്‍ ഇടയില്ല. ‍ മനസിലാകാത്ത ബോറടിച്ച മലയാളം കുര്‍ബാന പുതിയ തലമുറക്കാര്‍ക്ക് കൂടുവാന്‍താല്പര്യമില്ല. പോരാഞ്ഞു സഹിക്കുവാന്‍ ബുദ്ധിമുട്ടുള്ള പുരോഹിത ഇംഗ്ലീഷ് ഭാഷയും ഇവര്‍ക്ക് മനസിലാവുകയില്ല. തോമ്മായുടെ വിശ്വാസം പരിശീലിക്കുന്നുണ്ടെന്നും സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസമാണ് . കേരളത്തിലെ ഒരു വൈദികന്റെ പാപ്പരായ അറിവ് വിശ്വസിക്കുന്നവര്‍ തീര്‍ച്ചയായും സഹതാപം അര്‍ഹിക്കുന്നു. 
"ആയിരത്തില്‍പ്പരം വിശ്വാസ പരിശീലകര്‍ തോമാശ്ശീഹായിലൂടെ ലഭിച്ച വിശ്വാസാനുഭവം ഇളം തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ ബദ്ധശ്രദ്ധരാണ്" (ലേഖകന്‍) ആയിരത്തില്‍പ്പരം വിശ്വാസപരിശീലകര്‍ എന്നുള്ള അച്ചന്‍റെ അടുത്ത നുണയും കലക്കിയിരിക്കുന്നു. ആരാണ് വിശ്വാസം പരിശീലിക്കുന്നതെന്നും തോമ്മാ സ്ലീഹാക്ക് മാത്രം അറിയാം.സീറോ പുരോഹിതര്‍ കെട്ടുകഥകള്‍ അമേരിക്കയില്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ചു നാടിന്റെ സംസ്ക്കാരത്തില്‍ വിഷം കലര്ത്തുകയാണ്. രാജകീയ വേഷം കാണിച്ചും രുദ്രാക്ഷ മാല അണിഞ്ഞും മയില്‍പ്പീലികള്‍ തലയില്‍ വെച്ചും ഒരു പേഗന്‍ സംസ്ക്കാരത്തെ ഇവര്‍ വളരുന്ന തലമുറയില്‍ അടിച്ചെല്‍പ്പിക്കുന്നു. മെത്രാന്മാര്‍ക്ക് താലപ്പൊലി ഭാര്യമാര്‍ പിടിക്കുമ്പോള്‍ ഇളിപ്പ്യ ചിരിയോടെ അഭിമാനപൂര്‍വ്വം മാറി നില്‍ക്കുന്ന ഭര്‍ത്താവെന്ന മനുഷ്യനെയും ദീപികയിലെ ഫോട്ടോയില്‍ കാണാം. കുടയും മുത്തു കുടകളും പിടിച്ചു ക്ലാവര്‍ കുരിശുമായി വരുന്ന ഇവര്‍ ഈ നൂറ്റാണ്ടിനു തന്നെ അപമാനമാണ്.
തോമസ്‌ കഥകള്‍ കെട്ടുകഥയെന്നു ബനടികറ്റ് മാര്‍പാപ്പവരെ പറഞ്ഞു. ഒരു അമേരിക്കന്‍ പുരോഹിതന്‍ തോമസ്‌ ഭാരതത്തില്‍ വന്നുവെന്ന് സമ്മതിക്കുകയില്ല. പുരോഹിതര്‍ തോമാ ചരിത്രത്തെ വികൃതമാക്കി ‍ അനേകര്‍ക്ക്‌‍ പരിശീലനം കൊടുക്കുന്നുവെങ്കില്‍ അമേരിക്കന്‍ ജനതയില്‍ ഇവര്‍ സ്വയം പരിഹാസമാവുകയാണ്. ഒരു ഇടവകയിലെ പുരോഹിതനെ പോറ്റുന്ന അല്മെനികള്‍ വിശ്വാസ പരിശീലകര്‍ക്കും പണം കൊടുക്കണോ? നുണകള്‍ എഴുതുമ്പോള്‍ യുക്തിയുക്തമായും എഴുതുവാന്‍ അച്ചന്‍ ചിന്തിച്ചു കാണുകയില്ല.
"കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വിത്യാസങ്ങള്‍ കണക്കാക്കാതെ കാസര്‍കോട് മുതല്‍ കന്യാകുമാരിവരെയുള്ള ക്രിസ്ത്യാനികള്‍ സഭാ നിയമ സംഹിതകളുടെ ആരാധന ക്രമങ്ങളായ കാര്യങ്ങളില്‍ ഒന്നായ മനസോടെ വിധേയനായി മേല്പ്പട്ടക്കാര്‍ക്കും പുരോഹിതര്‍ക്കും കീഴ്വഴങ്ങി കൂട്ടായ്മയില്‍ പങ്കുചേരുന്നു" (ലേഖകന്‍)
അമേരിക്കന്‍ കുഞ്ഞാടുകള്‍ മേല്പ്പട്ടക്കാര്‍ക്ക് കീഴ്വഴങ്ങിയെന്നു പറഞ്ഞു വെത്താനത്തച്ചന്‍ അപമാനിക്കുന്നു. തൃശൂര്‍ക്കാരനു പാലാക്കാരനെ അമേരിക്കയിലും കണ്ടുകൂടാ. ചങ്ങനാശേരിക്കാരന് പാലാക്കാര്‍ക്ക് അല്ഫോന്സായെ പുണ്യളത്തിയായി ലഭിച്ചതില്‍ മഹാ അസൂയയും.
ഇങ്ങനെയുള്ള മത്സരങ്ങളില്‍ വിധേയരായി കഴിയുന്ന കുഞ്ഞാടുകളും തോന്ന്യാസവും കാണിക്കാറുണ്ട്. ഷിക്കാഗോയില്‍ പള്ളിയുടെ ജര്‍മ്മനിയില്‍ നിന്നും വരുത്തിച്ച വിലകൂടിയ കര്‍ട്ടന്‍ കീറിയ കഥകള്‍ ഒന്നായ മനസിനും ഉദാഹരണമാണ്. റോമന്‍, താമര, ക്ലാവര്‍ കുരിശുകള്‍ തമ്മിലുള്ള അടികളില്‍ ചിലരുടെ നെറ്റികളില്‍ നിന്നും രക്തവും ഒഴുകുന്നത് കാണാം. കുരിശിന്റെ അത്ഭുതങ്ങളില്‍ വിശ്വാസികള്‍ നാലു വശത്തെക്കും മാരത്തോണ്‍ ഓട്ടക്കാരെക്കാളും അതിവേഗത്തില്‍ ഓടുവാനും പഠിച്ചു. ഓടാന്‍ മിടുക്കര്‍ സമാധാന പ്രിയരായ തൃശൂര്‍ക്കാരാണ്. പാലാക്കാരും കാഞ്ഞിരപ്പള്ളിക്കാരും ഓടുകയില്ല. ഫാദര്‍ ശാസെരിയുടെ ഫോട്ടോ വിവാദത്തില്‍ വിശ്വാസികള്‍ ഇന്നു പള്ളിയില്‍ അരക്കത്തിയും കരുതി വരേണ്ട ഗതികേടിലും.
അബ്രാഹാമിന്റെ വാക്കുകള്‍ അച്ചന്‍ ഇവിടെ കടം എടുത്തിരിക്കുന്നു. "നിന്റെ ദേശത്തേയും ബന്ധുക്കളേയും പിതൃഭവനത്തേയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക് പോകുക-'അമേരിക്കയിലെക്ക്" മാര്‍പാപ്പാപോലും വത്തിക്കാനു പുറത്തു സഞ്ചരിക്കുവാന്‍ തുടങ്ങിയത് പോള്‍ ആറാമന്റെ കാലം മുതലാണ്‌. സീറോ മലബാര്‍ അംഗങ്ങളെ സംബന്ധിച്ച് അര്‍ഥപൂര്‍ണ്ണമായ വചനങ്ങളെന്നു സെബാസ്റ്റ്യന്‍ അച്ചന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. കര്‍ദ്ദിനാള്‍ ആലഞ്ചേരി മുതല്‍ എല്ലാ ബിഷപ്പും പുരോഹിതരും അമേരിക്കാ, ജര്‍മ്മനി രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നതും പിതാവായ അബ്രഹാമിന്റെ വാക്കുകള്‍ അനുസരിച്ചായിരിക്കാം . ഇത്രമാത്രം വചനത്തെ സ്നേഹിക്കുന്ന സെബാസ്റ്റ്യന്‍ അച്ചനെ ഇനി ചുമതലകള്‍ എല്പ്പിക്കേണ്ടത് ഉഗാണ്ടയിലും സോമോലിയായിലും ആണ്. വചനം കാക്കുന്ന അച്ചന്‍ സ്വന്തം കുപ്പായത്തിന്റെ പകുതി ദരിദ്രര്‍ക്ക് കൊടുത്തു കൂടെ? ഇത്ര നീളമുള്ള കുപ്പായം അച്ചനെന്തിനു? ഡോളര്‍ തേടി തോമസ്ലീഹായും അമേരിക്കയില്‍ വന്നിട്ടുണ്ടെന്നു കുഞ്ഞാടുകളെ അധികം താമസിയാതെ അച്ചന്‍ ‍വിശ്വാസിപ്പിക്കുമെന്നും സംശയമില്ല. 
ഇന്നത്തെ തലമുറകളെ ശരിയായ മാര്‍ഗത്തില്‍ തോമ്മാ മാര്‍ഗത്തിന്റെ ആഴങ്ങള്‍ മനസിലാക്കി നയിക്കുവാനും സെബാസ്റ്റ്യന്‍ അച്ചന്‍ ഇവിടെ ആഹ്വാനം ചെയ്തിരിക്കുന്നു. തോമ്മാ മാര്‍ഗത്തിന്റെ ആഴം ഏതു കാനോന്‍ തീയോളജിയില്‍ സെബാസ്റ്റ്യന്‍ അച്ചന്‍ കണ്ടെത്തിയെന്നു അറിയത്തില്ല. തോമാ മാര്‍ഗവും ഡോളറെന്നു അച്ചന്‍ അബ്രാഹാമിന്റെ വചനത്തില്‍ക്കൂടി തെളിയിച്ചുവല്ലോ. 
അടുത്ത നാളില്‍ ഭാവി തിരുമെനിയാകുവാന്‍ പോകുന്ന തുണ്ടത്തു തിരുമേനി വിശ്വാസികള്‍ പത്തു ശതമാനം പള്ളിക്ക് കൊടുക്കണമെന്ന് ഒരു വീഡിയോ സന്ദേശം വഴി അറിയിച്ചിട്ടുണ്ട്. പുതിയ നിയമത്തിലോ പഴയ നിയമത്തിലോ ഇങ്ങനെ ഒരു പത്തു ശതമാനം പറഞ്ഞിട്ടില്ല. ഇതൊരു പുരോഹിത തട്ടീപ്പു മാത്രം.നിങ്ങളുടെ ഭാര്യ അല്ലെങ്കില്‍ നിങ്ങള്‍ എല്ലുമുറിഞ്ഞുണ്ടാക്കുന്ന പണം ഇവരെ തീറ്റണോ. തുണ്ടത്തില്‍ തിരുമേനി കാനോന്‍നിയമം പഠിച്ചെങ്കിലും ബൈബിളിനെ വിക്രുതമാക്കാനും മിടുക്കനാണ്. പള്ളി കൃഷി എന്ന് പറഞ്ഞാല്‍ യേശുവിനെ വിറ്റു പണം ഉണ്ടാക്കുക എന്നുള്ളതാണ്. ഇത് നിങ്ങള്‍ കുഞ്ഞാടുകള്‍ക്ക് ഒന്നു നിറുത്തിക്കൂടെ.
SMCC യെ കുറ്റപ്പെടുത്തുന്നവര്‍ ഒരു കാര്യം ചിന്തിക്കുക, ഇന്ന് അങ്ങാടിയത്ത് മണിമേടയില്‍ വസിക്കുന്നതിനും കാരണം ഇവരുടെ വിയര്‍പ്പിന്റെ ഫലമാണ്. പുരോഹിതര്‍ അനുഭവിക്കുന്നതും ആദ്യകാല മലയാളികളായ ഇവരുടെ പണം കൊണ്ടാണ്.ഇവര്‍ പടുത്തുയര്‍ത്തിയ ക്രിസ്തുവില്ലാത്ത പള്ളികളും ഇതില്‍പ്പെടും. ഇവരുടെ തലമുറ തീരുന്നതിനു മുമ്പ് മെത്രാന്‍പീഠം ലൂസിഫറിന്റെ ആസ്ഥാനമായതും ദുഖകരമാണ്. ഇവര്‍ക്ക് സ്തുതിപാടുന്നവര്‍ നിര്‍ഗുണരും യാതൊരു വ്യക്തി മഹാത്മ്യവും ഇല്ലാത്തവരെന്നും ഓര്‍ക്കണം. .കപട ഭക്തരെയും കപടപുരോഹിതരെയും മാറ്റിനിറുത്തി നിങ്ങളുടെ ദേവാലയത്തെ പരിശുദ്ധമാക്കൂ.
താജ് മഹല്‍ എന്ന മഹാസൌധം പണി തീര്‍ത്തത് ഒരു പേര്‍ഷ്യന്‍ ശില്‍പ്പിയായിരുന്നു. താജ്പോലെ മറ്റൊരു പ്രേമ കുടീരം ആരും പണിയരുതെന്നുള്ള ചിന്തകള്‍ ഷാജഹാന്‍ ചക്രവര്‍ത്തിയെ അലട്ടി. ശില്പ്പിയുടെ കൈകള്‍ മുറിച്ചു ചക്രവര്‍ത്തി ആനന്ദം കണ്ടെത്തി. പണം നല്‍കിയും പിരിവെടുത്തും അമേരിക്കന്‍ ആദ്യ തലമുറകള്‍ പള്ളി പണിയിച്ചു. ആ സ്ഥാപനത്തിന്റെ വിയര്‍പ്പോഴുക്കിയത് ഇവടെ വന്നു എല്ലു മുറിയെ പണിയെടുത്ത നേഴ്സുമാരും വിധവകളും ഫാക്റ്ററിയില്‍ ജോലി ചെയ്യുന്നവരും ജീവന്‍ പണയം വെച്ച് ടാക്സി ഓടിച്ചവരും ആയിരുന്നു. 
വിയര്‍പ്പൊഴുക്കിയവനെ പുറത്താക്കി ദേവി വിഗ്രഹം പണിത കീഴ്ജാതിക്കാരന്‍ അകലെ കയ്യും കൂപ്പി നില്‍ക്കുന്നതുപോലെ കുഞ്ഞാടുകള്‍ ഇനിമേല്‍ തല കുമ്പിട്ടു നില്‍ക്കുവാന്‍ ഈ പേഗന്‍ രാജാക്കന്മാര്‍ ചിന്തിക്കുന്നു. പിടിച്ചു നില്‍ക്കുവാന്‍ സാധിക്കാതെ പള്ളികളും പൂട്ടി പുരോഹിതര്‍ മടങ്ങി പോകുന്ന കാലവും അടുത്തടുത്തു വരുന്നു. നൂറു കണക്കിന് കത്തോലിക്കാ ദേവാലയങ്ങളുടെ നാട്ടില്‍ ‍ യാതൊരു തത്വങ്ങളും സൂക്ഷിക്കാത്ത സീറോ മലബാര്‍ പള്ളികള്‍ സമൂഹത്തിനു തന്നെ അപമാനമാണ്.

No comments:

Post a Comment