Friday, July 13, 2012

കത്തോലിക്കാ മെത്രാന്മാര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നു?

A Simple Dictionary of Canon Law
ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍
എറണാകുളത്ത് 
നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന്.   
                                                2012 July, 12 Thursday 
ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാര്‍ സിവില്‍ കോടതിക്ക് സമാന്തരമായി അരമനകോടതി നടത്തുന്നതും ഭരണകൂടാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് വരുമാനനികുതി ചുമത്തുന്നതും. ഭരണഘടനാവിരുദ്ധമായ അരമനകോടതികള്‍ നിര്‍ത്തലാക്കണമെന്നും ദശാംശമെന്നപേരില്‍ വരുമാനനികുതി ചുമത്താനുള്ള കെ.സി.ബി.സി. തീരുമാനം പിന്‍വലിക്കണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ശക്തമായി ആവശ്യപ്പെടുന്നു.
സഭാസ്വത്തുക്കളുടെ ദാതാക്കളും യഥാര്‍ത്ഥ ഉടമകളുമായ വിശ്വാസികള്ക്കു മുമ്പില്‍ മെത്രാന്മാര്‍ ഒരിക്കലും കണക്കുകള്‍ അവതരിപ്പിക്കാറില്ല. സഭയുടെ പണമിടപാടുകളില്‍ സുതാര്യതയൊ വിശ്വാസ്യതയൊ പുലര്‍ത്താനുള്ള ശ്രമം ഒരു കാലത്തും ഉണ്ടായിട്ടില്ല. ദശാംശമായി പിരിക്കുന്ന പണത്തിന് അക്കൗണ്ടബിലിറ്റി ഉണ്ടായിരിക്കുമെന്നൊ ആ പണം പാവപ്പെട്ടവരുടെ ഉന്നമനത്തിന് വിനിയോഗിക്കപ്പെടുമെന്നൊ ഉള്ളതിന് യാതൊരു ഉറപ്പുമില്ല. സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരച്ച് ഒരു ചര്‍ച്ച് ആക്ട് നിലവില്‍ വന്ന് സഭാസമ്പത്തിന്റെ വിനിയോഗത്തില്‍ സുതാര്യതയും അക്കൗണ്ടബിലിറ്റിയും പുനസ്ഥാപിക്കുന്നതുവരെ എല്ലാവിധ പിരിവുകളും നിര്‍ത്തിവക്കുകയാണ് വേണ്ടത്. 
           ‘വിശ്വാസം വ്യക്തിപരമാണെന്നും പൊതുരംഗത്ത് അതിന് പ്രസക്തിയില്ലെന്നും പറയുന്ന മതേതരത്വത്തെ ചെറുക്കണം’ എന്നുള്ള കെ.സി.ബി.സി.യുടെ തീരുമാനം സമൂഹത്തില്‍ കലാപം വിതക്കാന്‍ മെത്രാന്മാര്‍ തയ്യാറാവുന്നു എന്നതിന്റെ സൂചനയായി കണക്കാക്കണം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍തന്നെ ഇന്ത്യ ഒരു മതേതരരാഷ്ട്രമായിരിക്കുമെന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പൈതൃകം മതേതരമൂല്യങ്ങളില്‍ ഊന്നിയതാണ്. ഇതിനെ വെല്ലുവിളിക്കാനുള്ള മെത്രാന്‍സമിതിയുടെ തീരുമാനം ചെറുത്തു തോല്‍പ്പിക്കേണ്ടതാണ്. മതം മനുഷ്യന്റെ സ്വകാര്യതയായി കണക്കാക്കി ആരാധനായലയങ്ങളുടെ നാലതിരുകളിലേക്ക് ഒതുങ്ങുമ്പോള്‍ മാത്രമേ പൊതുസമൂഹത്തില്‍ പരസ്പരസ്‌നേഹവും ധാരണയും ഐക്യവും മതേതരകാഴ്ചപ്പാടും നിലനില്‍ക്കുകയുള്ളു. ഇതിനെ ചോദ്യം ചെയ്യുന്നത് സാമൂഹ്യദ്രോഹമായി മാത്രമേ കാണാന്‍ കഴിയൂ. ഗ്രാമസഭകള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, ഗ്രന്ഥശാലാസംഘങ്ങള്‍, സഹകരണസംഘങ്ങള്‍, സഹകരണബാങ്കുകള്‍, ത്രിതല പഞ്ചയാത്തുകള്‍ എന്നിവയില്‍ വിശ്വാസികള്‍ സജീവമായി പങ്കെടുക്കണമെന്ന കെ.സി.ബി.സി.യുടെ ആഹ്വാനം സമൂഹത്തില്‍ വിഭാഗീയതയും വിഭജനവും മതസ്പര്‍ദ്ദയും വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. മെത്രാന്മാരുടെ ആഹ്വാനമില്ലാതെതന്നെ കത്തോലിക്കരായ ഇന്ത്യന്‍ പൗരന്മാര്‍ ഈ മേഖലകളിലെല്ലാം മതചിന്തകൂടാതെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. മതാന്ധത വച്ചുപുലര്‍ത്തുന്ന മെത്രാന്മാരുടെ പാര്‍ശ്വവര്‍ത്തികളോട് ഇത്തരം വേദികളില്‍ നുഴഞ്ഞുകയറി സാമൂഹ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു ആഹ്വാനമായി മാത്രമേ ഇതിനെ കാണാനാകൂ.
       മദ്ധ്യയുഗത്തിലെ ഇരുണ്ടകാലഘട്ടത്തിലേക്ക് തിരിച്ചുനടക്കാന്‍ കത്തോലിക്കാവിശ്വാസികളെ പ്രേരിപ്പിക്കുക എന്ന ഹിഡന്‍ അജണ്ടയാണ് കെ.സി.ബി.സി.യുടെ പുതിയ തീരുമാനങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഴുവന്‍ വിശ്വാസികളോടും ജോയിന്റെ     ക്രിസ്ത്യന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്യുന്നു.

No comments:

Post a Comment