Monday, June 16, 2014

മിശ്രവിവാഹം ഒഴിവാക്കാന്‍ കത്തോലിക്കാസഭയ്ക്ക് കര്‍മ്മപദ്ധതി

മിശ്രവിവാഹം ഒഴിവാക്കാന്‍ 
കത്തോലിക്കാസഭയ്ക്ക് കര്‍മ്മപദ്ധതി
എ.ഡി. ഷാജു             Jun 16, 2014

തൃശ്ശൂര്‍: കത്തോലിക്കാ സഭാ അംഗങ്ങള്‍ മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുന്നത് തടയാന്‍ സഭ കര്‍മ്മപദ്ധതി തയ്യാറാക്കുന്നു. ഒരു ദിവസം ഒന്ന് എന്ന തോതില്‍ അന്യമതസ്ഥരുമായി വിവാഹം നടക്കുന്നു എന്നാണ് തൃശ്ശൂര്‍ അതിരൂപതയുടെ കണക്ക്. സഭയിലെ പെണ്‍കുട്ടികള്‍ മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നതുമൂലം അംഗങ്ങളുടെ എണ്ണം കുറയുന്നു. ഇതു പ്രതിേരാധിക്കാനാണ് സഭ പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുന്നത്.

മാതാപിതാക്കളെ ബോധവല്‍ക്കരിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ക്ലൂസുകളിലും മതബോധനം നിര്‍ബന്ധമാക്കുക, അന്യസംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിനും ജോലിക്കുമായി പോകുന്ന സഭാംഗങ്ങളെ അവിടെ സഭയുടെ പ്രവര്‍ത്തനങ്ങളുമായി അടുപ്പിച്ചു നിര്‍ത്തുക തുടങ്ങിയവയാണ് കര്‍മ്മപദ്ധതി ലക്ഷ്യമിടുന്നത്. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഈ വിഷയം മുഖ്യ അജണ്ടയായി ചര്‍ച്ച ചെയ്തു. 

ഒരു വര്‍ഷം 200 പെണ്‍കുട്ടികളുടെ വിവാഹമെങ്കിലും സീറോമലബാര്‍ സഭയില്‍ നിന്ന് യാക്കോബായ, സുറിയാനി, ഹിന്ദു, മുസ്ലിം തുടങ്ങിയ സമുദായങ്ങളിലേക്ക് നടക്കുന്നതായാണ് കണക്ക്. പ്ലൂസ് ടുവിന് ശേഷം അന്യസംസ്ഥാനങ്ങളിലേക്ക് ഉപരിപഠനത്തിന് കുട്ടികള്‍ പോകുന്നതാണ് അന്യമതസ്ഥരുമായുള്ള വിവാഹം വര്‍ദ്ധിക്കാന്‍ പ്രധാനകാരണമായി സഭാധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും മറ്റു മതവിശ്വാസികളെ വിവാഹം ചെയ്യുന്നുണ്ട്. 

സീറോമലബാര്‍ സഭയിലെ കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതായും സഭ വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ അന്യമതസ്ഥരെ വിവാഹം ചെയ്യുന്നതില്‍ സഭാധികാരികള്‍ക്ക് എതിര്‍പ്പുണ്ട്. അടുത്തിടെയിറങ്ങിയ ചില സിനിമകള്‍ ഇക്കാര്യത്തില്‍ സഭയെ വേദനിപ്പിച്ചതായും അധികൃതര്‍ പറയുന്നു.

ഗര്‍ഭഛിദ്രത്തിനും ഗര്‍ഭനിരോധനത്തിനുമെതിരെ കത്തോലിക്കാസഭ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. നാലു കുട്ടികളുള്ള കുടുംബങ്ങളെ അടുത്തയിടെ സഭ ആദരിച്ചിരുന്നു. മതസൗഹാര്‍ദ്ദത്തിന് സഭ എതിരല്ലെന്നും എന്നാല്‍ സഭയിലെ അംഗങ്ങളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ വിവിധ മതസ്ഥരുമായുള്ള വിവാഹം അംഗീകരിക്കാനാവില്ലെന്നുമാണ് സഭ വിലയിരുത്തുന്നത്.
Courtesy: Mathrubhumi

1 comment:

  1. സമൂഹത്തോടുള്ള സഭയുടെ വീക്ഷണം ആദ്യം മാറണം.
    സഭാജനങ്ങള്‍ അടിമകളാണെന്നുള്ള വീക്ഷണം.
    യജമാനനെന്നുള്ള അവസ്ഥയില്‍ നിന്ന് താഴോട്ടിറങ്ങി
    മെത്രാനും വൈദികരും ശുശ്രൂഷകരാകട്ടെ.

    ReplyDelete