Monday, June 2, 2014

സഭ കൂടുതല്‍ അപഹാസ്യമാകുന്നു

 :

തട്ടിപ്പ് പൊളിയുന്നു !


ഒരാഴ്ച മുമ്പ് മാര്‍ തട്ടില്‍ നടത്താന്‍ പോകുന്ന ഇഗ്ലണ്ട് സന്ദര്‍ശനത്തെപ്പറ്റിയും, അദ്ദേഹത്തെ സ്വീകരിക്കാന്‍ വേണ്ടി വീടൊന്നിനു 50 പൌണ്ട് വെച്ച് പിരിക്കാന്‍ തീരുമാനിച്ചതിനെപ്പറ്റിയും അദ്ദേഹം അവിടെ വന്ന് എന്താണ് പറയാന്‍ പോകുന്നതെന്നതിനെപ്പറ്റിയും അത്മായാ ശബ്ദം എഴുതിയിരുന്നു. ഈ പിരിവ് ചോദ്യം ചെയ്യാന്‍ അവിടെ ആളുണ്ടായി പിരിവ് 35 പൌണ്ട് ആയി കുറയുകയും ചെയ്തു. ബിഷപ്പ് വന്നാല്‍ 1500 പൌണ്ട് എങ്കിലും കൊടുത്തു വിടുകയാണ് രീതി എന്ന വ്യാഖ്യാനം ആണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഒരു കോടി രൂപയോളം ചെലവ് ചെയ്ത് അയ്യായിരം പാപ്പാമാരെ തെരുവില്‍ ഇറക്കി ബോണ്‍ നത്താലെ എന്ന ക്രിസ്മസ് പരിപാടി നടത്തിയ തൃശ്ശൂര്‍ മെത്രാന് സംഭാവന കൊടുക്കേണ്ടത് തന്നെയാണ്. വളരെ ദാരിദ്ര്യത്തിലാണ് ഓരോ രൂപതയും ഇവിടെ കഴിയുന്നത്‌.
ഈ പണവും കൊടുത്ത് ബ്രിട്ടണിലെ സിറോ മലബാര്‍ വിശ്വാസികള്‍ നേടാന്‍ പോകുന്നത് വന്‍ വിനയായിരിക്കും എന്ന് അത്മായാ ശബ്ദം മുന്നറിയിപ്പ് തരുന്നു. അവിടെ ഒരു രൂപത ഉണ്ടാകണം, പള്ളി കത്തിദ്രല്‍ ആകണം, അരമന ഉണ്ടാകണം .... അങ്ങിനെ ആവശ്യങ്ങള്‍ നിരവധി ഉണ്ടാകും. അമേരിക്കയില്‍ നവാഗതരായ പ്രവാസികളെപ്പോലും പിഴിഞ്ഞാണ് സഭ മുന്നേറിയത്. ഭൂരിഭാഗം വിശ്വാസികളുടെയും ക്രെഡിറ്റ് കാര്‍ഡ് അക്കൌണ്ടുകള്‍ പള്ളിക്ക് സറണ്ടര്‍ ചെയ്യപ്പെട്ടും കഴിഞ്ഞു. ഈ മഹാവിപത്ത് കൊണ്ട് എന്ത് നേട്ടമാണ് വിശ്വാസ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്നത്? അമേരിക്കന്‍ അനുഭവം പങ്കു വെച്ചാല്‍ സഭ കൂടുതല്‍ അപഹാസ്യമായി എന്നെ പറയാന്‍ പറ്റൂ.
ചോദ്യം ചെയ്യാന്‍ ഒന്നു രണ്ടു പേര്‍ മുന്നോട്ടു വന്നപ്പോള്‍ ബ്രിട്ടണിലെ മെത്രാന്‍റെ പരിപാടികളും മാറി. ജെര്‍മ്മനിയില്‍ ഒരു മെത്രാന്‍റെ നേരെ പഴത്തൊലി വരും എന്നുറപ്പായപ്പോള്‍ അങ്ങേരുടെ പരിപാടി തന്നെ മാറി. വിശ്വാസ ജീവിതത്തിന്‍റെ ഭാഗമല്ല മെത്രാന്മാരുടെ തെണ്ടല്‍ എന്ന് ബോദ്ധ്യമുള്ള വിശ്വാസികള്‍ നട്ടെല്ലു നിവര്‍ത്തി നിന്ന് പോരാടട്ടെ, അതിന്‍റെ ഫലവും അവിടുണ്ടാകും – ഉറപ്പ്. യു കെ യില്‍ നിന്നൊരാള്‍ നാട്ടില്‍ വാങ്ങിയ കെട്ടിടം വെഞ്ചരിക്കാന്‍ യുകെയില്‍ നിന്നുള്ള നോ ഡ്യുസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്‍റെ പേരില്‍ ഇവിടുത്തെ വികാരി പോയില്ല. അടുത്ത കാലത്തെ സംഭവമാണിത്. തല അറക്കവാളിനു കീഴില്‍ വെച്ചു കൊടുത്ത അനുഭവം ബ്രിട്ടണിലെ വിശ്വാസികള്‍ക്ക് ഉണ്ടാകാതിരിക്കട്ടെ. 

1 comment:

  1. രൂപ താ രൂപ താ എന്ന് ആക്ക്രോശിച്ചു നടന്നില്ലെങ്കിൽ എങ്ങിനെ രൂപതാ മെത്രനാവും ?

    ReplyDelete