Photo Facebook |
ആലപ്പുഴ: ഗൾഫിൽ പതിമൂന്ന് വർഷം. മടുത്തപ്പോൾ അനിൽകുമാർ നാട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയപ്പോൾ കൃഷിയോട് വല്ലാത്തൊരു കമ്പം. തമിഴ്നാട്ടിൽ കുറച്ചു വസ്‌തുവാങ്ങി. കൃഷിക്ക് ഒരുക്കം തുടങ്ങിയപ്പോഴേക്കും അച്ഛൻ രോഗക്കിടക്കയിലായി. അച്ഛനെ പരിചരിക്കലും തമിഴ്നാട്ടിലെ കൃഷിയും ഒരുമിച്ച് കഴിയില്ലെന്നായപ്പോൾ വീടിനടുത്തുള്ള സ്വന്തം പറമ്പിൽ കൃഷി ഉറപ്പിച്ചു. ഗൾഫിൽ നിന്നുള്ള സമ്പാദ്യം കൃഷിക്ക് മുടക്കിയ അനിൽ ആലപ്പുഴയിലെ ആദ്യ ഹൈടെക് കർഷകനാണ്. രാസവളത്തിന്റെയും കീടനാശിനിയുടേയും വിഷമില്ലാത്ത പയറും പാവലും സാലഡ് വെള്ളരിയുമൊക്കെ വിളയിച്ച് വരുമാനമുണ്ടാക്കുന്ന ആധുനിക കർഷകൻ.
ആലപ്പുഴ തത്തംപള്ളി 'അനുപമ'യിൽ അനിൽകുമാർ (43) തലവടി ജംഗ്ഷനടുത്തുള്ള 22. 22 സെന്റിലാണ് ഹൈ ടെക് കൃഷിവിപ്ളവം നടത്തുന്നത്. പുറമേ നോക്കിയാൽ വലിയൊരു പന്തലാണെന്ന് തോന്നും 'നന്ദനം ഗാർഡൻസ്'. ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്ത അൾട്രാ വയലറ്റ് പ്രൊട്ടക്‌ഷൻ ഷീറ്റുകൊണ്ടാണ് പന്തൽ നിർമ്മിച്ചിരിക്കുന്നത്.
ഉള്ളിൽ എല്ലായിടത്തും ഒരേപോലെയാണ് പ്രകാശം. ഷീറ്റിന്റെ പ്രത്യേകത കൊണ്ട് പുറത്തുള്ളതിനേക്കാൾ മൂന്ന് ഡിഗ്രി ചൂട് കൂടുതലുണ്ട്. വിളകൾക്ക് ചൂടു അസഹനീയമാവുമ്പോൾ തണുപ്പിക്കും. ഷീറ്റിനോടു ചേർന്നുള്ള ടാപ്പുകൾ തുറന്നാൽ മതി. മഴയത്ത് തൂവാനയടിക്കും പോലെ വെള്ളം മൂടൽ മഞ്ഞ് പോലെ പന്തലിനകത്ത് പരക്കും. ചെടികൾ ആകെ തണുത്ത് കുളിര് കോരും.
ഒരു കീടം പോലും പന്തലിനകത്തെത്തില്ല. അത്കൊണ്ട് തന്നെ കീടനാശിനി പ്രയോഗമില്ല. നാടൻ പശുവിന്റെ ചാണകം മാത്രമാണ് വളം.
തെങ്ങും മറ്റ് മരങ്ങളും പിഴുതുമാറ്റിയ ശേഷം കൃഷിയിടം ഒരുക്കാൻ 54 ലോഡ് ഗ്രാവൽ വേണ്ടിവന്നു. വേപ്പിൻപിണ്ണാക്ക്, ഉമി, എല്ലുപൊടി, ചാണകം എന്നിവ ഗ്രാവലുമായി കലർത്തി വളക്കൂറുണ്ടാക്കി. പതിനഞ്ച് വരമ്പുകൾ കോരിയിട്ടാണ് വിളകൾ നടുന്നത്. ജലസേചനത്തിന് ചെടികളുടെ അടിത്തട്ടിനോടു ചേർന്ന് ദ്വാരങ്ങളുള്ള ട്യൂബ് വലിച്ചിട്ടുണ്ട്.
പകുതിഭാഗത്തെ കൃഷി വിളവെടുപ്പിന് പാകമാവുമ്പോഴാണ് ബാക്കിഭാഗത്ത് കൃഷിയിറക്കുന്നത്. രണ്ടു മാസത്തോളം വിളവെടുക്കാം. അപ്പോഴേക്കും രണ്ടാമത്തെ ഭാഗം വിളവെടുപ്പിനു പാകമാവും. ഇങ്ങനെ മാറിമാറി കൃഷിയിറക്കും. അതുകൊണ്ട് ഒരു ദിവസം പോലും വിളവെടുപ്പ് മുടങ്ങില്ല. പകുതിഭാഗത്തു നിന്ന് ദിവസം 60 കിലോ വിള ലഭിക്കും. അനിൽകുമാർ തന്നെയാണ് ഇവ വിപണിയിലെത്തിക്കുന്നത്. കിലോയ്‌ക്ക് 45-50 രൂപയ്‌ക്കാണ് സാലഡ് വെള്ളരി വിൽക്കുന്നത്. ദിവസം ശരാശരി 2500 രൂപ വരുമാനം.
സാലഡ് വെള്ളരിക്ക് ആദ്യം അത്ര ആവശ്യക്കാർ ഇല്ലായിരുന്നു. തമിഴന്റെ വെള്ളരിയേക്കാൾ ഗുണവുമുണ്ടെന്നറിഞ്ഞപ്പോൾ ആരാധകരേറെയായെന്ന് അനിൽകുമാർ പറയുന്നു. സഹായത്തിന് ഭാര്യ മീരയുമുണ്ട്. അനിലിന്റെ ഫോൺ: 9447975659
സബ്സിഡിയും കറണ്ടും
അനിൽകുമാർ ഹൈ ടെക് കൃഷി തുടങ്ങിയിട്ട് ഒരു വർഷമേ ആയുള്ളൂ. 14 ലക്ഷം രൂപയാണ് ആകെ ചെലവ്. ഇസ്രയേലിൽ നിന്നുള്ള ഷീറ്റിന്റെ വില ചതുരശ്ര മീറ്ററിന് 800 രൂപയായിരുന്നു. സർക്കാരിൽ നിന്ന് 50 ശതമാനം സബ്സിഡി ലഭിച്ചു. പമ്പിംഗിനും മറ്റുമായി രണ്ടുമാസം കൂടുമ്പോൾ 250 രൂപയാണ് വൈദ്യുതിചാർജ്. അത് കൃഷിവകുപ്പാണ് അടയ്‌ക്കുന്നത്.
താത്പര്യമേറുന്നു
ഹൈടെക് കൃഷിയോട് ആളുകൾക്ക് താത്പര്യം കൂടുന്നുണ്ടെന്ന് ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.കെ. സജിത 'കേരളകൗമുദി'യോടു പറഞ്ഞു. ജില്ലയിലെ കൃഷിഭവനുകളുടെ പരിധിയിൽ മൂന്നുവീതം ഹൈടെക് കൃഷിയിടങ്ങൾ തുടങ്ങും. ആകെ 78 കൃഷിഭവനുകളുണ്ട്. മൂന്നിടത്ത് കൃഷി തുടങ്ങി. സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷനാണ് ഹൈടെക് കൃഷിക്ക് സബ്സിഡി നൽകുന്നത്. 400 ചതുരശ്ര മീറ്റർ വരെയുള്ള കൃഷിക്ക് 50 ശതമാനവും മുകളിലേക്ക് 75 ശതമാനവും സബ്സിഡി ലഭിക്കും.
No comments:
Post a Comment