Tuesday, May 1, 2012

മാതൃഭൂമി പ്രസിദ്ധീകരിച്ച ജോസഫ്‌ പുലിക്കുന്നേലിന്റെ ലേഖനം

രാഷ്ട്രീയ കൊളോണിയലിസം അവസാനിച്ചെങ്കിലും 
മത-സാമ്പത്തിക കൊളോണിയലിസം കൂടുതല്‍ ശക്തിപ്പെടുന്നു
                                                                                         ജോസഫ് പുലിക്കുന്നേല്‍

കേരളത്തിന്റെ തീരത്ത് രണ്ട് മല്‍സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ശീഘ്രനടപടികള്‍ എടുക്കരുതെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കേന്ദ്രമന്ത്രി ശ്രീ. കെ.വി.തോമസിനോടും കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരോടും ആവശ്യപ്പെട്ടു എന്ന് റോമിലെ ഒരു കത്തോലിക്കാ വാര്‍ത്താ ഏജന്‍സി പരസ്യപ്പെടുത്തുകയുണ്ടായി. ഇതിനെതുടര്‍ന്ന് പല കോണുകളില്‍നിന്നും പ്രതിഷേധ ശബ്ദം ഉയര്‍ന്നു. (താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ആ വാര്‍ത്ത പിന്‍വലിച്ചു എന്നും മാര്‍ ആലഞ്ചേരി പിന്നീട് പറയുകയുണ്ടായി.) ഏതായാലും ഈ സംഭവം കത്തോലിക്കാസഭയുടെ ആഭ്യന്തര ഘടനയെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും സഹായകമാകട്ടെ.
ഇന്ത്യയിലെ ജനസംഖ്യയില്‍ ഒരു ശതമാനം പേര്‍ മാത്രം അംഗങ്ങളായുള്ള കത്തോലിക്ക സഭയുടെ ആഭ്യന്തര ഘടനയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും കത്തോലിക്കര്‍ക്കും കത്തോലിക്കേതരര്‍ക്കും വളരെകുറച്ച് അറിവുമാത്രമേയുള്ളൂ.
വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവനായ മാര്‍പാപ്പായുടെ കീഴിലുള്ള ഒരു ആഗോള മതസംഘടനയാണ് കത്തോലിക്കാ സഭ. ഒരുകാലത്ത് യൂറോപ്പിനെയാകെ നിയന്ത്രിച്ചിരുന്നത് റോമിലെ മാര്‍പാപ്പാമാരായിരുന്നു. ലോകംമുഴുവനും മാര്‍പാപ്പായുടെ അധികാരസീമക്കുള്ളിലാണെന്നും ലോകത്തെ വിഭജിച്ചു നല്‍കാന്‍ മാര്‍പാപ്പായ്ക്ക് അധികാരമുണ്ടെന്നും അക്കാലത്ത് യൂറോപ്പിലെ രാജാക്കന്മാര്‍ വിശ്വസിച്ചിരുന്നു. യൂറോപ്യന്‍ സാമ്രാജ്യത്വത്തെ പ്രോത്സാഹിപ്പിക്കുകയും നേരിട്ട് സഹായിക്കുകയും ചെയ്തിരുന്നത് റോമിലെ മാര്‍പാപ്പാമാരായിരുന്നു. നിക്കോളോസ് അഞ്ചാമന്‍ മാര്‍പാപ്പാ 1455 ജനുവരി എട്ടാം തീയതി നടത്തിയ പ്രഖ്യാപനമാണ് പാശ്ചാത്യ കൊളോണിയലിസത്തിന് തുടക്കമിട്ടത്. ആ പ്രഖ്യാപനത്തില്‍ ഇങ്ങനെ പറഞ്ഞു:  'All lands and seas that have been discovered or will be discovered belong forever to the king of Portugal.'' (The Portuguese Padroado in India - by Wicki S.J. (Prakasam Publications, Alleppey) page 49 Christianity in India - Editted by H.C.Perumalil C.M.I & E.R.Hamlay S.J.)
മാര്‍പാപ്പായുടെ ഈ പ്രഖ്യാപനത്തിന്റെ ബലത്തിലാണ് പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ എത്തുന്നത്. അന്ന് നസ്രാണികള്‍ എന്നറിയപ്പെട്ടിരുന്ന ക്രൈസ്തവര്‍ കേരളത്തിലുണ്ടായിരുന്നു. അവര്‍ക്ക് വിദേശസഭകളുമായി  പ്രത്യേകിച്ചും റോമുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. 1514 ജൂണ്‍ 7-ാം തീയതി ലിയോ പത്താമന്‍ മാര്‍പാപ്പാ ഇന്ത്യാരാജ്യത്തും പുറത്തുമുള്ള എല്ലാ ക്രൈസ്തവ ആരാധനാസ്ഥലങ്ങളും മേലില്‍ സ്ഥാപിക്കുന്ന ആരാധനാകേന്ദ്രങ്ങളും എല്ലാ പള്ളികളും സഭാധികാരസ്ഥാനങ്ങളും പോര്‍ട്ടുഗലിലെ രാജാവിന്റെ അധികാരത്തില്‍ കീഴിലാക്കി. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ അവരുടെ കോളനി സ്ഥാപിക്കുന്നതിന് പ്രാരംഭമായി ഇന്ത്യയിലെ ക്രൈസ്തവരെ റോമിന്റെ അധീശത്തിന്‍ കീഴിലാക്കാന്‍ പരിശ്രമം ആരംഭിച്ചു. മതവികസനവും കോളനിവികസനവും രണ്ടായി പോര്‍ട്ടുഗീസുകാര്‍ കണ്ടില്ല. ഇതുരണ്ടും ഒന്നായി കണ്ട് പോര്‍ട്ടുഗീസ് മിഷനറിമാരും പട്ടാളവും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ഗോവായില്‍ മാര്‍പാപ്പാ ഒരു രൂപത സ്ഥാപിച്ചു. പട്ടാളത്തെ ഉപയോഗിച്ച് അവിടെ ഏതദ്ദേശീയരെ കത്തോലിക്കാ സഭയിലേക്ക് മാനസാന്തരപ്പെടുത്തി. മാനസാന്തരപ്പെടാന്‍ വിസമ്മതിച്ചവരെ ഗോവായില്‍നിന്നും ആട്ടിയോടിച്ചു. അന്ന് മാര്‍പാപ്പായുടെ പരമാധികാരത്തിന്‍കീഴില്‍ യൂറോപ്പില്‍ നടന്നുവന്നിരുന്ന മതമര്‍ദ്ദനം (Inquisition) ഇന്ത്യയിലേക്കും വ്യാപിപ്പിച്ചു.
കൊച്ചി മഹാരാജാവിന്റെ സഹായത്തോടെ ഗോവാ മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ മെനസിസ് ഉദയംപേരൂരില്‍ നസ്രാണികളുടെയും പട്ടക്കാരുടെയും ഒരു സൂനഹദോസ് 1599-ല്‍ വിളിച്ചുകൂട്ടി. ഈ സൂനഹദോസില്‍വെച്ച് അന്നുവരെ കേരളത്തിലെ നസ്രാണികള്‍ കേട്ടിട്ടില്ലാത്ത റോമിലെ മാര്‍പാപ്പാ ആയ ക്ലീമീസിനെ അവരുടെ തലവനായി പ്രഖ്യാപിക്കുകയും അംഗീകരിപ്പിക്കുകയും ചെയ്തു. പാശ്ചാത്യ സഭയുടെ നിയമങ്ങള്‍ നസ്രാണികളുടെമേല്‍ അടിച്ചേല്‍പിച്ചു. മാത്രമല്ല നസ്രാണികളെ ഭരിക്കുന്നതിനായി പോര്‍ട്ടുഗീസ് രാജാവ് ഈശോസഭക്കാരനായ റോസ് മെത്രാനെ നിയമിച്ചു. അങ്ങനെ ക്രിസ്ത്യാനികളെ വിദേശരാഷ്ട്രത്തലവനായ മാര്‍പാപ്പായുടെ മതഭരണത്തില്‍കീഴില്‍ കൊണ്ടുവന്നു. അന്ന് റോമിലെ മാര്‍പാപ്പാ ഇറ്റലിയിലെ പേപ്പല്‍ സ്റ്റേറ്റുകളുടെ രാജാവായിരുന്നു എന്നും ഓര്‍ക്കുക.
ഈ സൂനഹദോസ് രണ്ടാമതായി നസ്രാണികളെ സംരക്ഷിക്കുന്നതിന് പോര്‍ട്ടുഗീസ് രാജാവിന്റെ അധീശത്വം അംഗീകരിപ്പിക്കുകയുണ്ടായി. ഉദയംപേരൂര്‍ സൂനഹദോസ് കാനോന ഇങ്ങനെ പറയുന്നു: ''ശുദ്ധമാന സൂനഹദൊസ മാര്‍ഗ്ഗത്തിലെക്ക അനെകം മുഷ്‌കരത്വവും കെഴക്കെദിക്കിലെക്ക ഒക്കക്കും ഒരുവന്‍ കര്‍ത്താവും ആകുന്ന പ്രൊത്തുക്കാല്‍ രാജാവിനൊട അപെക്ഷിക്കുന്നു ഇ മലംകര നസ്രാണികളെ തന്റെറ കീഴവഴക്കി കൈക്കൊണ്ടു കൊള്ളണം എന്ന പല മലയാം രാജാക്കളുടെ കീഴ കിടക്കുന്നവര്‍ക്ക ഒടയവനും തുണയും വെണ്ടുവൊളം വെണം എന്ന ഒണ്ട. അവര്‍ നസ്രാണികള്‍ ആയതിനാംപക്കം മാര്‍ഗ്ഗത്തിന്റെറ മുഴുപ്പിന്നും വിശ്വാസത്തിന്നും വെണ്ടി മരിച്ചെ മതിയാവുതാനും.ഇ സൂനഹദൊസ ശ്രമിക്കുന്ന ബഹുമാനപ്പെട്ട മെത്രാപ്പൊലീത്തായൊട സൂനഹദൊസ അപെക്ഷിക്കുന്നു രാജാവിന്ന ചിറ്റാണ്മ ചൈവാന്‍ ഇ നസ്രാണികള്‍ക്ക ഒള്ള അപെക്ഷ രാജാവിനൊട കാട്ടണം എന്ന (158)'' (ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍, പതിനെട്ടാം കാനോന. പേജ് 243)
ഇതിനുപുറമെ പോര്‍ട്ടുഗീസ് പട്ടാളത്തിന്റെ സംരക്ഷ വാഗ്ദാനം ചെയ്ത് തെക്കന്‍ തിരുവിതാംകൂറില്‍ ആയിരക്കണക്കിന് പേരെ ക്രിസ്തു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ച് ചരിത്രകാരനായ George Mark Moraes ഇങ്ങനെ എഴുതുന്നു: 
About the year 1536 an incident occurred which threatened to throw the coastal people into the throes of a violent internecine warfare. In a scuffle between a Muslim and a Parava at Tuticorin, the Parava had his ear torn out by his adversary, who out of sheer greed for the ring it bore, carried it with him. Now there was in the estimation of the Paravas no greater affront than to have one's ears boxed and, much worse, to have the rings torn off. The incident sparked off a civil war between the Paravas and the Muslims, and it was soon apparent that the Paravas would be beaten in the struggle. A Muslim flotilla guarded the coast making it impossible for the Paravas to ply their trade, and offering five fanams for a Parava head. ...........
Meanwhile, Da Cruz persuaded the king of Travancore not to object to the conversion of the Paravas in a body to the Christian religion, assuring him that if he was friendly with the Portuguese he could depend on his supply of war steeds, the mainstay of the army in those days. Miguel Vaz thereupon visited the Paravas accompanied by four priests and administered baptism to about twenty thousand people. In a few years the number rose to eighty thousand men, women, and children, and Christianity spread among these people, settled both on the Malabar and Coromandel coasts.' (A History of Christianity in India by George Mark Maraes, Page 144, 145)
ഇതേ കാലഘട്ടത്തില്‍തന്നെ ഫ്രാന്‍സിസ് സേവ്യര്‍ എന്ന പോര്‍ട്ടുഗീസ് മിഷനറി ഇന്ത്യയില്‍ വേദപ്രചാരം നടത്തിപ്പോന്നു.  അദ്ദേഹം കേരളത്തില്‍ നടത്തിയ വമ്പിച്ച മാനസാന്തര പരിപാടികളെക്കുറിച്ച് പോര്‍ട്ടൂഗീസ് രാജാവിന് എഴുതുകയും അതിനുവേണ്ടി കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തതായി കാണാം. (സഹായ ഗ്രന്ഥം Letters and Instructions of Francis Xavier, പോര്‍ട്ടുഗലിലെ ജോണ്‍ മൂന്നാമന് ഫ്രാന്‍സിസ് കൊച്ചിയില്‍ നിന്നെഴുതിയ കത്ത്, പേജ് 113) 
12-ാം നൂറ്റാണ്ടുമുതല്‍ റോമിലെ മാര്‍പാപ്പാമാര്‍ .യൂറോപ്പില്‍ മതമര്‍ദനം അഴിച്ചുവിട്ടു.  ''സത്യസഭ''യ്ക്ക് എതിരായോ റോമന്‍ മാര്‍പാപ്പായുടെ പരമാധികാരത്തിന് എതിരായോ സംസാരിക്കുന്നവരെ ജീവനോടെ ചുട്ടുകരിച്ച അനേകം സംഭവങ്ങളുണ്ട്. ഈ കിരാതമായ ശിക്ഷണത്തെക്കുറിച്ച് ഭാരത സഭാചരിത്രകാരനായ ഫാ. കൂടപ്പുഴ എഴുതുന്നു. ''1233-ല്‍ ഗ്രിഗറി 9-ാമന്‍ മാര്‍പാപ്പാ (1227-41) ആരംഭിച്ച ഇന്‍ക്വിസിഷന്‍ പാശ്ചാത്യസഭയുടെ അന്നത്തെ നിലവാരം പ്രകടമാക്കുന്നു. ഡോമിനിക്കന്‍, ഫ്രാന്‍സിസ്‌ക്കന്‍ (Mendicant Orders) എന്നീ സമൂഹങ്ങളില്‍പ്പെട്ട സന്യാസികളെയാണ് ഈ ഇന്‍ക്വിസിഷന്‍ കോടതി നടത്തുന്നതിന് മാര്‍പാപ്പാ നിയോഗിച്ചിരുന്നത്. ദൈവശാസ്ത്രപരമായി വേണ്ട പരിജ്ഞാനം ഇവര്‍ക്ക് പലപ്പോഴുമുണ്ടായിരുന്നില്ല. ഇവര്‍ ഓരോ സ്ഥലങ്ങളില്‍ പോവുകയും വിശ്വാസസത്യങ്ങളുമായി പൊരുത്തപ്പെടാത്തവര്‍ എന്ന് ഇവര്‍ക്ക് തോന്നിവയവരെ സഭാകോടതി വിചാരണയ്ക്ക് വിധേയരാക്കുകയും ചെയ്തു. ഈ കോടതി നല്‍കിയിരുന്ന ശിക്ഷ ജീവനോടെയുള്ള ദഹിപ്പിക്കലായിരുന്നു. ആരോപണ വിധേയരായവര്‍ക്ക് അതില്‍നിന്നു മോചനംനേടാന്‍ മറ്റുള്ളവരുടെ സഹായം വേണ്ടത്ര ലഭ്യമല്ലായിരുന്നു. അനേകായിരങ്ങള്‍ ഇന്‍ക്വിസിഷന്‍ കോടതി വിധികള്‍ക്കിരയായി ജീവനോടെ ദഹിപ്പിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസസത്യം സംരക്ഷിക്കാന്‍ എന്നപേരില്‍, സംസ്‌കാരശൂന്യവും മാനവകുലചരിത്രത്തിന് കളങ്കം ചാര്‍ത്തുന്നതുമായ ഈ പ്രസ്ഥാനം പാശ്ചാത്യ ലോകത്തിന്റെ ധാര്‍മ്മിക നിലവാരവും, സഭാനേതൃത്വത്തിന്റെ ക്രൂരതയും, അസഹിഷ്ണുതയും വ്യക്തമാക്കുന്നു.'' (ഭാരതസഭാചരിത്രം, Fourth enlarged edition 2012,  പേജ് 1113, 1114)
ഈ കിരാതമായ മതമര്‍ദന പരിപാടി മാര്‍പാപ്പാ ഇന്ത്യയിലെ ക്രൈസ്തവരിലേക്കും വ്യാപിപ്പിച്ചു. പോര്‍ട്ടുഗീസ് ചരിത്രകാരനായ ഗാസ്പര്‍ കൊറയായുടെ ഗ്രന്ഥത്തില്‍ ഇക്കാര്യം വ്യക്തമായി എഴുതുന്നുണ്ട്.
'In this very year (1543) it came to pass that a bachelor of medicine residing in Goa, named Jeronimo Dias, of the caste of New Christians, in the course of familiar discourses with his friends, spoke of certain things which were against our holy faith. The bishop on being informed of this, ordered that he should be arrested and tried and that witnesses should be examined. When arrested, together with some other persons, who had discoursed with him, he continued to uphold  certain things of the old law against our holy faith, all of which showed clearly that he was a jew, and the proceedings were concluded. The bishop thereupon went to the residence of the Governor where a council was held, at which were also present the teacher Diogo (Borba), friar Antonio, commissary of St. Francis and Preacher, another Dominican preacher and the Vicar General (Miguel Vaz). Having seen the papers of the case, they pronounced sentence, which was signed by the bishop and ran as follows:
Having seen the sentence of the Holy Church, in which bachelor Jeronimo Dias, stands condemned in a case of heresy, the justice of our sire the King, pronounces sentence to the effect that in respect of the said case, by public proclamation your body be burned alive and reduced to ashes for heresy against our holy Catholic faith. In case you seek pardon and repent and confess your error and desire to die as a Christian, you shall be first strangled to death so that you may not feel the torments of fire.'' (Ibid - Page 1113)
ഭാരതത്തില്‍ മിഷനറിമാര്‍ നടത്തിയ മാനസാന്തരവേലയെക്കുറിച്ച് മഹാത്മാഗാന്ധി ഇങ്ങനെ എഴുതുന്നു: ''പാശ്ചാത്യ ക്രിസ്തുമതത്തോടൊപ്പം അവരുടെ വേഷം, ഭാഷ, ആചാരങ്ങള്‍ എന്നിവയും അതേപടി ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതിനെ ഗാന്ധി അപലപിച്ചു. മിഷനറിമാര്‍ പ്രചരിപ്പിച്ച ക്രിസ്തുമതവും കൊളോണിയലിസത്തിന്റെ ഭാഗമായിരുന്നു.... കോളനികള്‍ സ്ഥാപിച്ച് പാശ്ചാത്യശക്തികള്‍ അവരുടെ മേല്‌ക്കോയ്മ സ്ഥാപിക്കാനായി പരിശ്രമിച്ചിരുന്നു. അവരുടെ കൂടെവന്ന മിഷനറിമാര്‍ പാശ്ചാത്യരീതികളും ആചാരങ്ങളും മറ്റും അതേപടി ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതിനെ ശക്തമായ ഭാഷയില്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി അപലപിച്ചു. മാതൃഭാഷയും സംസ്‌കാരവും അവഗണിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുകയാണദ്ദേഹം.'' (Ibid, പേജ് 1120)
പോര്‍ട്ടുഗീസ് പട്ടാളത്തിന്റെ പിന്തുണയോടെ മിഷനറിമാര്‍ കേരളത്തിലെ പുരാതന ക്രൈസ്തവരുടെ പള്ളികള്‍ കയ്യേറി. സ്വത്തു കവര്‍ന്നു. ഓരോ പള്ളികളിലും പാശ്ചാത്യ രീതിയില്‍ വിദേശികളെ വികാരിമാരായി നിയമിച്ചു. അവര്‍ പോര്‍ട്ടുഗീസ് രാജാവിന്റെ ഖജനാവില്‍നിന്നും ശമ്പളം പറ്റുന്നവരുമായിരുന്നു.
കേരള ക്രൈസ്തവപാരമ്പര്യം തികച്ചും ജനാധിപത്യപരമായിരുന്നു. ഓരോ പള്ളിയും സ്വതന്ത്രങ്ങളായിരുന്നു. പള്ളികളുടെ ഭരണം ഇടവകയോഗമാണ് നടത്തിപ്പോന്നിരുന്നത്. ആധ്യാത്മികശശ്രൂഷകരായിരുന്ന വൈദികരെ തെരഞ്ഞെടുത്ത് നിയമിച്ചിരുന്നതും അവര്‍ക്കു ശമ്പളം കൊടുത്തുകൊണ്ടിരുന്നതും അതതു പള്ളികളായിരുന്നു. വൈദികര്‍ക്ക് പള്ളിയുടെ സാമ്പത്തികഭരണത്തില്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ആദിമസഭയുടെ പാരമ്പര്യമനുസരിച്ചുള്ള ഈ സഭാഭരണ വ്യവസ്ഥയെ നസ്രാണികള്‍ വിളിച്ചിരുന്നത് ''മാര്‍തോമ്മായുടെ മാര്‍ഗ''മെന്നായിരുന്നു.
പോര്‍ട്ടുഗീസുകാര്‍ ഈ ഭരണവ്യവസ്ഥയില്‍ കയ്യേറാന്‍ ആരംഭിച്ചപ്പോള്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ ശക്തമായി പ്രതിഷേധിച്ചു. അവര്‍ 1653-ല്‍ പോര്‍ട്ടുഗീസ് ഭരണകേന്ദ്രമായിരുന്ന മട്ടാഞ്ചേരിയില്‍ കൂട്ടമായി എത്തി. ഏകദേശം നാലായിരത്തിഅഞ്ഞൂറു പേരായിരുന്നു ഈ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തത്. അവര്‍ പള്ളിമുറ്റത്തുണ്ടായിരുന്ന കുരിശില്‍ ആലാത്ത് കെട്ടി. എല്ലാവരും ആ ആലാത്തില്‍ പിടിച്ച് തങ്ങളും തങ്ങളുടെ ഭാവി തലമുറയും ഉള്ളിടത്തോളം കാലം വിദേശീയരുടെ ഭരണത്തില്‍കീഴില്‍ ഇരിക്കുകയില്ലെന്ന് സത്യം ചെയ്യുകയുണ്ടായി. ''കൂനന്‍കുരിശ് സത്യം'' എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന ഈ സംഭവമാണ് വിദേശീയര്‍ക്കെതിരെ ഭാരതത്തില്‍ നടന്ന ആദ്യ സമരം. തുടര്‍ന്ന് പോര്‍ട്ടുഗീസുകാര്‍ക്ക് കേരളം വിടേണ്ടിവന്നു. നസ്രാണി വൈദികര്‍ പൗരസ്ത്യ പാരമ്പര്യമനുസരിച്ച് ജാതിക്കു കര്‍ത്തവ്യനായിരുന്ന തോമ്മായെ മെത്രാനായി തെരഞ്ഞെടുത്തു. നസ്രാണി ക്രിസ്ത്യാനികളുടെ ഈ വിപ്ലവമറിഞ്ഞ മാര്‍പാപ്പായും റോമിലെ ബുദ്ധികേന്ദ്രവും പോര്‍ട്ടുഗീസുകാരെ ഒഴിവാക്കി ഇറ്റാലിയരായ കര്‍മലീത്താ സന്ന്യാസിമാരെ കേരളത്തിലേക്ക് അയച്ചു. നസ്രാണി ക്രിസ്ത്യാനികള്‍ക്ക് സ്വയംഭരണാവകാശം വാഗ്ദാനം ചെയ്തുകൊണ്ട് ഒരു നസ്രാണി വൈദികനെ (പറമ്പില്‍ ചാണ്ടിക്കത്തനാര്‍) മാര്‍പാപ്പാ മെത്രാനായി നിയമിച്ചു. കുറെപ്പേര്‍ ഈ പറമ്പില്‍ ചാണ്ടിക്കത്തനാരെ അനുകൂലിച്ചപ്പോള്‍ വിശ്വാസികള്‍ തെരഞ്ഞെടുത്ത ഒന്നാം മാര്‍ത്തോമ്മായെ മറ്റുള്ളവര്‍ മെത്രാനായി അംഗീകരിച്ചു. അങ്ങനെ ക്രൈസ്തവര്‍ രണ്ടു വിഭാഗങ്ങളായി പിരിഞ്ഞു. പറമ്പില്‍ ചാണ്ടിക്കത്തനാരുടെ മരണശേഷം വീണ്ടും റോമാ കേരളസഭയുടെമേല്‍ പാശ്ചാത്യ ഭരണം അടിച്ചേല്‍പിച്ചു. ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ ഇന്ത്യയിലെ പല രൂപതകളെയും ഭരിച്ചിരുന്നത് പാശ്ചാത്യ മെത്രാന്മാരായിരുന്നു.
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇംഗ്ലണ്ടിലെ ഔദ്യോഗിക സഭയായിരുന്ന ആംഗ്ലിക്കന്‍ സഭ ഇന്ത്യയില്‍ മിഷനറി പ്രവര്‍ത്തനം നടത്തിയിരുന്നു. ആംഗ്ലിക്കന്‍ സഭയുടെ തലവന്‍ ബ്രിട്ടീഷ് രാജാവായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കിയ അതേ വര്‍ഷംതന്നെ ഇന്ത്യയിലെ ആംഗ്ലിക്കന്‍ സഭയുടെമേല്‍ ചക്രവര്‍ത്തിക്കുണ്ടായിരുന്ന ആധിപത്യം പൂര്‍ണമായും ഉപേക്ഷിക്കുകയും സഭയും സഭയുടെ സ്വത്തും ഇന്ത്യന്‍ ക്രൈസ്തവരിലേക്കു കൈമാറുകയും ചെയ്തു. പക്ഷേ മാര്‍പാപ്പായുടെ ഭരണം കൊളോണിയല്‍ സ്റ്റൈലില്‍തന്നെ തുടര്‍ന്നു. വിദേശ മെത്രാന്മാര്‍ ഇന്ത്യയില്‍ ഇല്ലെങ്കിലും കത്തോലിക്കാസഭയുടെ മതഭരണം ഇന്നും റോമില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.
ഇന്ത്യയിലെ കത്തോലിക്കാസഭയുടെ ഭരണം ഇന്നു നടത്തുന്നത് 1980-കളിലും 90-കളിലും മാര്‍പാപ്പാ പ്രഖ്യാപിച്ച രണ്ട് കാനോന്‍ നിയമ സംഹിത അനുസരിച്ചാണ് - ലത്തീന്‍ കാനോന്‍ നിയമവും പൗരസ്ത്യ കാനോന്‍ നിയമവും. ഇതില്‍ ലത്തീന്‍കാനോന്‍ നിയമം പോര്‍ട്ടുഗീസുകാരുടെ കാലംമുതല്‍ മാനസാന്തരപ്പെടുത്തിയ ക്രൈസ്തവര്‍ക്ക് ബാധകമാണ്. പൗരസ്ത്യ കാനോന്‍ നിയമം പുരാതന ക്രൈസ്തവരുടെമേല്‍ മാര്‍പാപ്പാ അടിച്ചേല്‍പിച്ചതുമാണ്. പൗരസ്ത്യ കാനോന്‍ നിയമം 28 (2) ഇങ്ങനെ പറയുന്നു:
''മറിച്ച് പ്രസ്താവിക്കാത്തപക്ഷം, ഈ നിയമസംഹിതയില്‍ പ്രതിപാദിച്ചിരിക്കുന്ന റീത്തുകള്‍ അലക്‌സാണ്ഡ്രിയന്‍, അന്ത്യോക്യന്‍, അര്‍മേനിയന്‍, കാല്‍ഡിയന്‍ കോണ്‍സ്റ്റാന്റിനോപോളിറ്റന്‍ പാരമ്പര്യങ്ങളില്‍നിന്ന് ഉദ്ഭവിച്ചിട്ടുള്ളവയാണ്.''
ഒന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഇന്ത്യന്‍ സഭക്ക് ഈ സഭകളുടെ പാരമ്പര്യങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും റോമാ ഏകപക്ഷീയമായി കേരള സഭയുടെ പാരമ്പര്യം കല്‍ദായ സഭയുടെ പാരമ്പര്യമാണെന്നു പ്രഖ്യാപിച്ച് ഈ കാനോന്‍ നിയമം അടിച്ചേല്‍പിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് സഭയില്‍ വലിയ വിഭജനം ഉണ്ടായി. ഇന്ത്യന്‍ സഭയുടെ പാരമ്പര്യം ഭാരതീയമാണെന്നും ഈ സഭയ്ക്ക് കല്‍ദായ സഭയുടെ പാരമ്പര്യം ഇല്ലെന്നും കര്‍ദിനാള്‍ മാര്‍ പാറേക്കാട്ടിലെപ്പോലെയുള്ള സഭാനേതാക്കന്മാര്‍ വാദിച്ചെങ്കിലും ഫലവത്തായില്ല. രണ്ടു കാനോന്‍ നിയമവുമനുസരിച്ച് മെത്രാന്മാരെ നിയമിക്കുന്നത് മാര്‍പാപ്പായാണ്. റോമന്‍ സാമ്രാജ്യത്തിന്റെ അധികാരപരമായ ഘടനാരീതിയെ സ്വീകരിച്ചുകൊണ്ടാണ് കാനോന്‍ നിയമം ക്രോഡീകരിച്ചിരിക്കുന്നത്. റോമന്‍ ചക്രവര്‍ത്തിയില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചിരുന്നതുപോലെ സഭയിലെ എല്ലാ അധികാരങ്ങളും മാര്‍പാപ്പായില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തിന് എതിരെ യാതൊരു അപ്പീലുമില്ല. മാര്‍പാപ്പാ ഇന്ത്യയിലെ സഭയെ ഭൂമിശാസ്ത്രപരമായി വിഭജിച്ച് രൂപതകള്‍ സൃഷ്ടിച്ച് മെത്രാന്മാരെ നിയമിക്കുന്നു. ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്കോ പുരോഹിതര്‍ക്കോ ഒരുപങ്കുമില്ല. കാനോന്‍ 187 2 അനുസരിച്ച് ''മെത്രാന്‍ പട്ടം സ്വീകരിക്കുന്നതിനുമുമ്പായി നിയുക്തമെത്രാന്‍ വിശ്വാസപ്രഖ്യാപനവും റോമാമാര്‍പാപ്പായോടുള്ള വിധേയത്വ വാഗ്ദാനവും നടത്തണം.''
കാനോന 189 1 ഇങ്ങനെ പറയുന്നു: ''നിയമാനുസൃതം നടത്തപ്പെടുന്ന സിംഹാസനാരോഹണ ചടങ്ങാല്‍ത്തന്നെ രൂപതാമെത്രാന്‍ കാനോനികമായി രൂപതാഭരണം ഏറ്റെടുക്കുന്നു. അവിടെവച്ചു കാനോനികമായ ഏല്പിച്ചുകൊടുക്കലിനെപ്പറ്റിയുള്ള ശ്ലൈഹികസിംഹാസനത്തിന്റെയോ പാത്രിയര്‍ക്കീസിന്റെയോ കത്തു പരസ്യമായി വായിക്കപ്പെടുന്നു.''
ശ്രദ്ധിക്കുക. ഇന്ത്യന്‍ പ്രസിഡണ്ടും പ്രധാനമന്ത്രിയും സ്ഥാനമേല്‍ക്കുമ്പോള്‍ ഭരണഘടനയോട് കൂറു പ്രഖ്യാപിച്ചതിനുശേഷം അവര്‍ ഇരിക്കുന്നത് കേവലം കസേരയിലാണ്. പക്ഷേ മെത്രാന്‍ വത്തിക്കാനിലെ രാഷ്ട്രാധിപനായ മാര്‍പാപ്പായോട് അനുസരണയും വിധേയത്വവും പ്രഖ്യാപിച്ചതിനുശേഷമാണ് സിംഹാസനാരോഹിതനാകുന്നത്. ബ്രിട്ടീഷ് സാമ്രജ്യത്തിന്റെ അധീശകാലഘട്ടത്തില്‍ നാട്ടു രാജാക്കന്മാരെ അംഗീകരിച്ചിരുന്നത് ബ്രിട്ടീഷ് രാജാവാണ്. ബ്രിട്ടീഷ് രാജാവിനോട് കൂറു പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് നാട്ടുരാജാവ് സിംഹാസനാരോഹണം നടത്തിയിരുന്നത്. അതുപോലെ മാര്‍പാപ്പാ ഇന്ത്യയെ വിവിധ രൂപതകളായി തിരിച്ച് ആ രൂപതയെ ഭരിക്കാന്‍ മെത്രാന്മാരെ സിംഹാസനാരോഹിതരാക്കുന്നു.
കാനോന്‍ നിയമം അനുസരിച്ച് ഇന്ത്യയിലെ സഭയുടെ വക എല്ലാ ഭൗതികസ്വത്തുക്കളുടെയും പരമോന്നത ഭരണാധികാരി വത്തിക്കാന്‍ രാഷ്ട്രത്തലവനായ മാര്‍പാപ്പായാണ്. കാനോന 1008 ഇങ്ങനെ പറയുന്നു:
''1. സഭാസ്വത്തുക്കളുടെയെല്ലാം പരമോന്നത ഭരണാധികാരിയും കാര്യസ്ഥനും റോമാമാര്‍പാപ്പായാണ്.
2. ഭൗതികവസ്തുക്കള്‍ ഏതു നൈയാമികവ്യക്തി നിയമാനുസൃതമായി സമ്പാദിച്ചിരിക്കുന്നുവോ ആ വ്യക്തിക്കായിരിക്കും റോമാമാര്‍പാപ്പയുടെ പരമാധികാരത്തിന്‍കീഴില്‍ അവയുടെ ഉടമസ്ഥാവകാശം.''
ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാരമതനിരപേക്ഷ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്. ഈ രാഷ്ട്രത്തിലെ പൗരന്മാരായ കത്തോലിക്കരുടെ സമൂഹസമ്പത്തിന്റെ ഭരണം ഏറ്റെടുത്ത് നടത്താന്‍ മറ്റൊരു പരമാധികാരരാഷ്ട്രമായ വത്തിക്കാനിലെ രാഷ്ട്രത്തലവന് എന്ത് അധികാരമാണുള്ളത്. കാനോന്‍ നിയമത്തിലെ ഈ വകുപ്പ് ഇന്ത്യയുടെ പരമാധികാരത്തെത്തന്നെ ചോദ്യം ചെയ്യുകയല്ലേ.
കാനോന 1012 ഇങ്ങനെ പറയുന്നു: ''രൂപതയുടെ നന്മയ്ക്ക് ആവശ്യമായ സാഹചര്യത്തില്‍, ധനകാര്യകൗണ്‍സിലിന്റെ സമ്മതത്തോടുകൂടി തന്റെ അധികാരപരിധിയില്‍പ്പെട്ട നൈയാമികവ്യക്തികള്‍ക്കോരോന്നിനും അവയുടെ വരുമാനത്തിന് ആനുപാതികമായി നികുതി ചുമത്തുവാന്‍ രൂപതാമെത്രാന് അവകാശമുണ്ട്.''  ഇന്ത്യന്‍ പൗരന്മാരുടെമേല്‍ നികുതി ചുമത്താനുള്ള അധികാരവും മാര്‍പാപ്പാ മെത്രാന്മാര്‍ക്ക് നല്‍കുന്നു. അതായത് സ്വതന്ത്ര ഇന്ത്യാ മഹാരാജ്യത്തിനുള്ളില്‍ കത്തോലിക്കാ മതവിശ്വാസകിളായ പൗരന്മാരെ ഭരിക്കാനുള്ള അവകാശം വിദേശ രാഷ്ട്രത്തലവനായ മാര്‍പാപ്പാ നിയമിക്കുന്ന മെത്രാന്മാരില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നു. മെത്രാന്മാര്‍ മാത്രമല്ല എല്ലാ പുരോഹിതരും എല്ലാ സന്യസ്തരും പൗരോഹിത്യം ഏറ്റെടുക്കുന്നതിനുമുമ്പ് മാര്‍പാപ്പായോട് വിധേയത്വ പ്രതിജ്ഞ നടത്തേണ്ടിയിരിക്കുന്നു. മാര്‍പാപ്പാ ഇന്ത്യയില്‍ നിയമിക്കുന്ന മെത്രാന്മാര്‍ എങ്ങനെയാണ് രൂപതയെ ഭരിക്കുന്നതെന്നു നോക്കാം.
''കാനോന 190 : നിയമപരമായ എല്ലാ കാര്യങ്ങളിലും രൂപതാ മെത്രാന്‍ രൂപതയെ പ്രതിനിധാനം ചെയ്യുന്നു.
കാനോന 191. 1. തനിക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന രൂപതയെ നിയമനിര്‍മ്മാണ (legislative) ഭരണ നിര്‍വഹണ (executive) നീതിന്യായ (judicial) അധികാരത്തോടുകൂടി രൂപതാമെത്രാന്‍ ഭരിക്കുന്നു.
നിയമനിര്‍മ്മാണ അധികാരം രൂപതാമെത്രാന്‍ നേരിട്ട് (personally) വിനിയോഗിക്കുന്നു. ഭരണനിര്‍വഹണാധികാരം അദ്ദേഹം വിനിയോഗിക്കുന്നത് നേരിട്ടോ അല്ലെങ്കില്‍ പ്രോട്ടോസിഞ്ചെല്ലുസോ, സിഞ്ചെല്ലൂസോ വഴിയാണ്. നീതിന്യായാധികാരം അദ്ദേഹം വിനിയോഗിക്കുന്നത് നേരിട്ടോ അല്ലെങ്കില്‍ ജൂഡീഷ്യല്‍ വികാരിയും ജഡ്ജിമാരും വഴിയോ ആണ്.''
നിയമനിര്‍മാണാവകാശവും ഭരണനിര്‍വഹണാധികാരവും നിയമവ്യാഖ്യാനാധികാരവും ഒരു അധികാരിയില്‍ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥ ലോകത്തില്‍ മറ്റൊരിടത്തും ഉണ്ടെന്നു തോന്നുന്നില്ല. മാര്‍പാപ്പായ്ക്ക് ചോദ്യംചെയ്യാന്‍ പാടില്ലാത്ത അധികാരമാണുള്ളത്. അതുപോലെതന്നെ മെത്രാന്മാര്‍ക്കും രൂപതക്കുള്ളില്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത അധികാരമാണുള്ളത്. ഇന്ത്യയില്‍ അനേകം സന്ന്യാസ സന്ന്യാസിനി സഭകളുണ്ട്. ഈ സന്ന്യാസസഭകളിലെ അംഗങ്ങള്‍ ഏറ്റെടുക്കേണ്ട കടമയെക്കുറിച്ചും അവരെടുക്കേണ്ട സത്യപ്രതിജ്ഞയെക്കുറിച്ചും കാനോന്‍ നിയമം 412 1. ഇങ്ങനെ പറയുന്നു.
''തങ്ങളുടെ പരമോന്നത ശ്രേഷ്ഠനെന്ന നിലയില്‍ എല്ലാ സന്ന്യാസികളും റോമാ മാര്‍പാപ്പായ്ക്കു വിധേയരായിരിക്കുന്നതോടൊപ്പം, അനുസരണവ്രതത്തിന്റെ പേരില്‍ അദ്ദേഹത്തെ അനുസരിക്കുന്നതിനു കടപ്പെട്ടിരിക്കുകകൂടി ചെയ്യുന്നു.''  അതായത് മതത്തിന്റെ പേരില്‍ ഒരു വിദേശ രാഷ്ട്രത്തലവനോട് വിധേയത്വവും അനുസരണയും സന്ന്യാസി ആകുന്ന ഇന്ത്യന്‍ പൗരന്‍ പരസ്യമായി പ്രഖ്യാപിക്കണം പോലും!
മെത്രാന്റെ ഉത്തരവുകളെ ''കല്പനകള്‍'' എന്നാണ് കാനോന്‍ നിയമം വിവരിക്കുന്നത്. ഇതു സംബന്ധിച്ചു സഭയില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളെ സഭാകോടതിയില്‍ മാത്രമേ ഉന്നയിക്കാവൂ എന്നും നിബന്ധനയുണ്ട്. ഈ കോടതികളില്‍ മാത്രമേ മെത്രാന്റെയോ വൈദികരുടെയോ എതിരെ പരാതികള്‍ സമര്‍പ്പിക്കാനാവൂ. ഒരു രൂപതയില്‍ ''ന്യായാധിപന്മാരെ'' നിയമിക്കുന്നതും മെത്രാന്മാരാണ്. മാത്രമല്ല പരാതി സമര്‍പ്പിക്കുന്നത് അരമനപത്രത്തില്‍ ആയിരിക്കേണ്ടതുമാണ്. ക്രിമിനല്‍ കേസുകളും വിചാരണ ചെയ്യാന്‍ മെത്രാന്മാര്‍ക്ക് അവകാശമുണ്ട്.
കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മെത്രാന്മാര്‍ കേരളത്തില്‍ ക്രോഡീകരിച്ച പള്ളിയോഗ പ്രവര്‍ത്തനചട്ടങ്ങള്‍ അനുസരിച്ച് 'യാതൊരു ക്രിസ്തീയ വിശ്വാസിയും ഈ ചട്ടങ്ങളുടെയോ അതില്‍നിന്നും ഭവിക്കുന്ന കാര്യങ്ങളെയോ സംബന്ധിച്ച് സഭാധികാരികളെ അവലംബിക്കുകയല്ലാതെ എതിര്‍ക്കാനോ നിയമനടപടികള്‍ക്ക് മുതിരാനോ പാടുള്ളതല്ല'.  അതായത് സഭക്കുള്ളില്‍ നടക്കുന്ന അഴിമതികളെ സംബന്ധിച്ച് സിവില്‍ കോടതിയില്‍ പരാതി കൊടുക്കാന്‍ പാടില്ല. ഒരു ഇന്ത്യന്‍പൗരന്റെ മൗലികാവകാശമാണ് തന്റെ അവകാശങ്ങള്‍ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഇന്ത്യന്‍ ജൂഡീഷ്യറിയെ ആശ്രയിക്കുക എന്നത്. കത്തോലിക്കാ വിശ്വാസികള്‍ക്ക് ഈ അവകാശവും നിഷേധിക്കപ്പെട്ടിരിക്കുന്നു. അതായത് റോമാ മാര്‍പാപ്പായുടെ കീഴില്‍ ഇന്ത്യയില്‍ കത്തോലിക്കാ പുരോഹിതര്‍ ഒരു സമാന്തര ഗവണ്‍മെന്റായി പ്രവര്‍ത്തിച്ചുവരുന്നു.
ഇവിടെ മറ്റൊരു നിയമപ്രശ്‌നം ഉന്നയിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലുള്ള എല്ലാ കത്തോലിക്കാ വിദ്യാലയങ്ങളുടെയും പരമോന്നത ഭരണകര്‍ത്താവും കാര്യസ്ഥനും മാര്‍പാപ്പായാണ്. ഇന്ത്യന്‍ ഭരണഘടന 30-ാം വകുപ്പ് ഇങ്ങനെ പറയുന്നു. 'All minorities, whether based on religion or language, shall have the right to establish and administer educational institutions of their choice'. വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും അവ നടത്താനുമുള്ള അവകാശം ന്യൂനപക്ഷ സമൂഹത്തിനാണ്. എന്നാല്‍ കത്തോലിക്കാ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നത് സമുദായമാണെങ്കിലും വിദ്യാലയങ്ങളുടെമേലുള്ള പരമാധികാര ഭരണകര്‍ത്താവ് വത്തിക്കാന്‍ രാഷ്ട്രത്തലവനായ മാര്‍പാപ്പയാണ്. അതായത് കത്തോലിക്കാ സമുദായത്തെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷാവകാശം മാര്‍പാപ്പായ്ക്കു മാത്രമുള്ളതാണ്. ഒരു വിദേശരാഷ്ട്രത്തലവന്‍ ഭരണം നടത്തുന്ന വിദ്യാലയങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന 30-ാം വകുപ്പ് നല്‍കുന്ന മതന്യൂനപക്ഷാവകാശം നല്‍കാമോ? കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ നൂറുകണക്കിന് വിദ്യാലയങ്ങളും കോളേജുകളും സഭ നടത്തുന്നു. ഇവയുടെ ഭരണത്തില്‍ സമുദായത്തിന് യാതൊരു പങ്കാളിത്തവുമില്ല. മതന്യൂനപക്ഷങ്ങളുടെ സംസ്‌കാരം സംരക്ഷിക്കുന്നതിന് ഭരണഘടനാ പിതാക്കന്മാര്‍ അനുവദിച്ചുതന്ന ഈ അവകാശത്തെ കാനോന്‍ നിയമത്തിലൂടെ മാര്‍പാപ്പായും മെത്രാന്മാരും തങ്ങളുടേതാക്കി തീര്‍ത്തിരിക്കുന്നു.
കഴിഞ്ഞ 2000 കൊല്ലക്കാലമായി നസ്രാണികള്‍ കേരളത്തിന്റെ സാമൂഹിക ഭൂമികയ്ക്കുള്ളില്‍ ജീവിക്കുകയായിരുന്നു. ഭാരതീയ മതസമൂഹത്തിന്റെ (ഹിന്ദുക്കളുടെ) ക്ഷേത്രങ്ങളും സമൂഹസമ്പത്തായ ദേവസ്വങ്ങളും മനുസ്മൃതിയിലൂടെ ബ്രാഹ്മണന്മാര്‍ സ്വന്തമാക്കിയപ്പോഴും കേരളത്തിലെ ക്രൈസ്തവരുടെ സമൂഹസമ്പത്തായ പള്ളികളും പള്ളിസ്വത്തുക്കളും ഇടവകക്കാരായ ജനങ്ങളുടേതായിരുന്നു. സഭാചരിത്രകാരനായ ബഹു. ഫാ. സേവ്യര്‍ കൂടപ്പുഴയച്ചന്‍ ഇന്ത്യയിലെ ക്രൈസ്തവരുടെ പള്ളിഭരണ സമ്പ്രദായത്തെക്കുറിച്ച് ഇങ്ങനെയെഴുതുന്നു.
''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവക വൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്ക്കാലത്തേക്ക് പുറന്തള്ളുവാനുള്ള അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്ത്വവും സഭാ ഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു.'' (ഭാരതസഭാ ചരിത്രം, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, Third edition, പേജ് 200, 201)
സമുദായംവക സമ്പത്തിന്റെമേല്‍ മെത്രാനോ വൈദികര്‍ക്കോ യാതൊരധികാരവുമുണ്ടായിരുന്നില്ല എന്ന് എല്ലാ ചരിത്രകാരന്മാരും സാക്ഷിക്കുന്നു. അതുകൊണ്ടാണ് വര്‍ത്തമാനപുസ്തക കര്‍ത്താവായ പാറേമ്മാക്കല്‍ തോമാക്കത്തനാര്‍ 1770-കളില്‍ കൊച്ചിമെത്രാന് ഇങ്ങനെ എഴുതിയത്:
''എന്നാല്‍ നിന്റെ ഈ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്ക് എന്തുതോന്നും? മലങ്കരയുള്ള പള്ളികള്‍ മിഷനറിമാരുടെ തന്തമാര്‍ പണിയിച്ചതാണെന്നും ഇവിടത്തെ ജനങ്ങള്‍ മിഷനറിമാരുടെ അടിമകളും വിടുപണിക്കാരുമാണെന്നും മിഷനറിമാരുടെ അനുവാദംകൂടാതെ പള്ളിക്കാര്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കുകയിയില്ലെന്നും. പക്ഷേ, ഞാന്‍ നിന്നോടു പറയട്ടെ. നീ അത്രയൊന്നും ഉറച്ചിരിക്കണ്ട. നിന്റെ ഉപായവും തട്ടിപ്പും കൊണ്ട് ഞങ്ങളുടെ പള്ളിക്കാരില്‍ ചിലര്‍ നിന്നെ സേവിച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ പള്ളികള്‍ നിന്റെ കാരണവന്മാര്‍ പണിയിച്ചതൊന്നുമല്ല. ഞങ്ങളെയും ഞങ്ങളുടെ പള്ളികളെയും ആരും നിനക്കു വിറ്റിട്ടുമില്ല. ഞങ്ങളുടെ യോഗത്തിനു നിന്നെ സ്വീകരിക്കാന്‍ മനസ്സുണ്ടെങ്കില്‍ സ്വീകരിക്കും. മനസ്സില്ലെങ്കില്‍ ബലംപ്രയോഗിച്ചു സ്വീകരിപ്പിക്കാന്‍ നിന്നെക്കൊണ്ടു സാധ്യമല്ല. ഇതു നല്ലവണ്ണം ധരിച്ചുകൊള്ളുക''.
(വര്‍ത്തമാനപ്പുസ്തകം, പേജ് 275)
1892 ജൂണ്‍ ഒന്നാം തീയതി തിരുവിതാംകൂര്‍ ഹൈക്കോടതിയുടെ ഫുള്‍ബഞ്ച് വിധിയില്‍ ഇങ്ങനെ കാണുന്നു:
'A Bishop is not empowered by law to sanction the transfer or sale of a church and its endowments independently of the kykars and congregation.'' (Appeal 1892, Travanvre Law Report, Vol. 10, Page 13) (ഒരു പള്ളിയുടെ സ്വത്തുക്കളെ കൈമാറ്റം ചെയ്യുന്നതിനോ വില്ക്കുന്നതിനോ അനുവദിക്കാന്‍ കൈക്കാരനില്‍നിന്നും പള്ളിയോഗത്തില്‍നിന്നും സ്വതന്ത്രമായ അധികാരം മെത്രാനില്ല).
ഇതായിരുന്നു ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ പൊതു സമ്പത്തിനെക്കുറിച്ചുള്ള ചിരപുരാതനമായ നിയമം.
കത്തോലിക്കാ സമുദായത്തിന് ഇന്ത്യയില്‍ കോടാനുകോടി രൂപയുടെ സ്ഥാവരജംഗമ വസ്തുക്കുളും വരുമാനവുമുണ്ട്. ഇന്ത്യന്‍ ഭരണഘടന 25-ഉം 26-ഉം വകുപ്പുകളാണ് ഭാരതീയ പൗരന്റെ മതപരമായ മൗലികാവകാശങ്ങളെ നിര്‍വചിച്ചിരിക്കുന്നത്. 26-ാം വകുപ്പ് ഇങ്ങനെ പറയുന്നു: 'Subject to public order, morality and health, every religious denomination or any section thereof shall have the right –
(a) to establish and maintain institutions for religious and charitable purposes;
(b) to manage its own affairs in matters of religion;
(c) to own and acquire movable and immovable property; and
(d) to administer such property in accordance with law.''
എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വത്തു സമ്പാദിക്കാനും ഭരിക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ കത്തോലിക്കാ സമുദായത്തിന് അവരുടേതായ വമ്പിച്ച സമ്പത്തുണ്ടായിരുന്നു. വിദ്യാലയങ്ങളുണ്ടായിരുന്നു. ഇവയെല്ലാം സമുദായത്തിന്റെ വകയായിരുന്നു. ഭരിച്ചിരുന്നത് സമുദായം തെരഞ്ഞെടുത്തവരായിരുന്നു. ഭരണഘടന 26-ാം വകുപ്പനുസരിച്ച് ഇന്ത്യയിലെ ക്രൈസ്തവരൊഴിച്ച് മറ്റെല്ലാ മതവിഭാഗങ്ങളുടെയും സ്വത്തു ഭരിക്കുന്നതിന് നിയമങ്ങളുണ്ട്. മുസ്ലീമുകളുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് ഗവണ്‍മെന്റ് നിര്‍മ്മിച്ച ''വഖഫ് നിയമ''മുണ്ട്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് ''ഹിന്ദു എന്‍ഡോവ്‌മെന്റ് ആക്ടു''കളുടെ അടിസ്ഥാനത്തിലാണ്. സിഖുമതസ്ഥരുടെ പൊതു സമ്പത്ത് ഭരിക്കുന്നതിന് ''ഗുരുദ്വാരാ ആക്ട്'' നിലവിലുണ്ട്. എന്നാല്‍ ക്രൈസ്തവരുടെ പൊതുസമ്പത്ത് ഭരിക്കുന്നതിന് ഗവണ്‍മെന്റ് ഒരു നിയമവും ക്രോഡീകരിച്ചിട്ടില്ല. ഇതിന്റെ ഫലമായി ഈ സ്വത്തുക്കള്‍ ഇന്ത്യന്‍ ക്രൈസ്തവരുടെ പാരമ്പര്യത്തിനു വിപരീതമായി പുരോഹിതര്‍ കാനോന്‍ നിയമത്തിലൂടെ ഏറ്റെടുത്തിരിക്കുകയാണ്. ഇത് ഇന്ത്യയിലെ ക്രൈസ്തവരോടു കാണിക്കുന്ന വലിയ വിവേചനമാണ്.
ഒരുകാലത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിച്ചിരുന്നത് മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണന്മാരായിരുന്നു. ആ ''ബ്രാഹ്മണാധിപത്യത്തിലേക്കാ''ണ് ഇന്ത്യന്‍ ക്രൈസ്തവരെ ഇന്ത്യന്‍ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും കൈവിട്ടിരിക്കുന്നത്. സമ്പത്തിന്റെ ഭരണ കൈകാര്യകര്‍തൃത്വവും ഉടമസ്ഥാവകാശവും മെത്രാനിലും പുരോഹിതരിലും നിക്ഷിപ്തമാക്കിയതോടുകൂടി ഇന്ത്യയുടെ സാമൂഹികാന്തരീക്ഷത്തില്‍ കത്തോലിക്കാ പുരോഹിതരുടെ സ്വാധീനം വര്‍ദ്ധിച്ചു വരുകയാണ്. ഇന്ന് ഇന്ത്യയിലെ ഏതു ഗവണ്‍മെന്റിനെയും ഭയപ്പെടുത്താന്‍ തക്കവിധമുള്ള സാമ്പത്തിക കേന്ദ്രീകരണവും സ്വാധീനവും കത്തോലിക്കാ പുരോഹിതര്‍ക്കുണ്ട്.
ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ധൃതഗതിയില്‍ നടപടിയെടുക്കരുതെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ശ്രീ. കെ. വി തോമസിനോടും കത്തോലിക്കാ മന്ത്രിമാരോടും പറഞ്ഞെങ്കില്‍ അതില്‍ ഒട്ടും അത്ഭുപ്പെടാനില്ല. ഇന്ത്യന്‍ പരമാധികാര രാഷ്ട്രത്തിനുള്ളില്‍ ഇറ്റലിയിലെ മാര്‍പാപ്പായോട് വിധേയത്വം പ്രഖ്യാപിച്ച കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അങ്ങനെ പറഞ്ഞെങ്കില്‍ അതിന്റെ കാരണം പഴയ നാട്ടുരാജാക്കന്മാരുടെ അധികാരപ്രൗഡി തങ്ങള്‍ക്കു നല്‍കിയ റോമിലെ മാര്‍പാപ്പായോടുള്ള വിധേയത്വമാണ്.
ഇവിടെയും ഭരണഘടനാപരമായ ചില പ്രശ്‌നങ്ങള്‍ ഉന്നയിക്കാവുന്നതാണ്. ആരാണ് കര്‍ദിനാള്‍? വത്തിക്കാന്‍ രാഷ്ട്രത്തലവനായ മാര്‍പാപ്പായെ തെരഞ്ഞെടുക്കുന്നത് കര്‍ദിനാളാണ്. കര്‍ദിനാളന്മാരെ സഭയുടെ രാജകുമാരന്മാര്‍ എന്നാണ് വിവരിക്കാറ്. ഭരണഘടന 18-ാം വകുപ്പ് ഇങ്ങനെ പറയുന്ന്. ''(2) No citizen of India shall accept any title from any foreign State.' വിദേശ രാഷ്ട്രത്തലവനായ മാര്‍പാപ്പായില്‍നിന്നും കര്‍ദിനാള്‍ പദവി സ്വീകരിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലേ.
ഇത്തരണത്തില്‍ കേരളാ ഗവണ്‍മെന്റ് നിയമിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും പ്രശസ്തരായ നിയമപണ്ഡിതന്മാരും ഉള്‍പ്പെട്ട നിയമപരിഷ്‌കരണ കമ്മറ്റിയുടെ നിര്‍ദേശം പ്രസക്തമാണ്. കേരളത്തിലെ നിയമവ്യവസ്ഥയില്‍ ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് നിയമമുണ്ടാക്കാതിരിക്കുന്നത് വിവേചനാപരമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കേരള ഗവണ്മെന്റിന് ഒരു റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. മാത്രമല്ല ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിനുവേണ്ട ഒരു കരടുബില്ലും ഗവണ്‍മെന്റിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേരള ഗവണ്‍മെനറ് ഇതുവരെയായും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പാശ്ചാത്യ കൊളോണിയലിസം ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അസ്തമിച്ചെങ്കിലും കൊളോണിയലിസത്തിന്റെ തലതൊട്ടപ്പനായ റോമിലെ മാര്‍പാപ്പായുടെ ആഗോള സാമ്രാജ്യത്വം ഇന്ത്യയില്‍ അവസാനിച്ചിട്ടില്ല എന്നു മാത്രമല്ല കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ അതിപുരാതന ക്രൈസ്തവ സമൂഹത്തിന്റെ പൂര്‍വപാരമ്പര്യങ്ങളെയെല്ലാം അവസാനിപ്പിച്ചുകൊണ്ട് ക്രൈസ്തവരുടെ സമ്പത്ത് മാര്‍പാപ്പാ നിയമംമൂലം ഏറ്റെടുത്തിട്ടും മതേതര ഇന്ത്യയിലെ ഗവണ്‍മെന്റുകള്‍ കണ്ണടയ്ക്കുന്നത് ക്രൈസ്തവരോട് കാണിക്കുന്ന കഠിനമായ വിവേചനമാണ്.
കടപ്പാട്: മാതൃഭൂമി  ആഴ്ചപ്പതിപ്പ്   മാര്‍ച്ച്  11-17 - 2012

No comments:

Post a Comment