Monday, May 14, 2012

സ്വര്‍ഗ്ഗത്തിലെ ഭരണസമ്പ്രദായം

Image result for caricature of heaven 17
സ്വര്‍ഗ്ഗത്തിലെ ഭരണസമ്പ്രദായം - കത്തോലിക്കാസഭ അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗം
                                                                      ജോസഫ് പുലിക്കുന്നേല്‍ 
                                                                      'ഓശാനമാസിക' -1975 ഡിസംബര്‍.
(സ്വര്‍ഗ്ഗം എന്നതുകൊണ്ട് പിതാവായ ദൈവത്തിലുള്ള 'നിത്യജീവന്‍' എന്നാണ് മിശിഹാ വിവക്ഷിക്കുന്നത്. സ്വര്‍ഗ്ഗപ്രാപ്തിയ്ക്ക് അവിടുന്നു നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം 'പുത്രനില്‍' ഉള്ള വിശ്വാസമത്രേ)
കത്തോലിക്കാസഭ വിശ്വാസികളുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗം അല്ലെങ്കില്‍ ദൈവരാജ്യം ഒരു ചക്രവര്‍ത്തിയുടെ അരമനയെ അനുസ്മരിപ്പിക്കുന്നതത്രെ. ചക്രവര്‍ത്തിയായി ദൈവം സ്വര്‍ഗ്ഗസിംഹാസനത്തില്‍ ഇരിക്കുന്നു. മാലാഖമാരെന്ന സേവകവൃന്ദം സ്തുതികള്‍ പാടി കുന്തിരിക്കം പുകച്ച് ദൈവത്തെ പ്രീതിപ്പെടുത്തുന്നു. വലത്തുവശത്തായി ഇരിക്കുന്നു പരിശുദ്ധകന്യാസ്ത്രീമറിയം സര്‍വ്വാഡംബര വിഭൂഷിതയായി. ''അഗോചരമഹിമ മുതലായ ഗുണങ്ങളോടു കൂടിയവനും, സര്‍വ്വാരാധനയ്ക്കും യോഗ്യനുമായിരിക്കുന്ന ഈശോമിശിഹായെ പ്രസവിച്ചതിനാല്‍, സൃഷ്ടിക്കപ്പെട്ട വസ്തുക്കളില്‍വെച്ച് ഈ കന്യക അത്യന്തം പരിശുദ്ധയും പരലോകഭൂലോകങ്ങളുടെ രാജ്ഞിയും, മനുഷ്യര്‍ക്കും ദൈവദൂതന്മാര്‍ക്കും നാഥയും, യാതൊരുത്തനും കണ്ടുപിടിക്കാന്‍ കഴിയാത്ത മഹത്വത്തേ പ്രാപിച്ചുമിരിക്കുന്നു'' (മാതാവിന്റെ വണക്കമാസം തലേന്നാള്‍-ഒന്നാമത്). അടുത്ത് വിശുദ്ധയൗസേപ്പു പിതാവ്; ''ഈ പുണ്യപിതാവിന്റെ പത്‌നിയായ ദൈവമാതാവ് കഴിഞ്ഞാല്‍, ഇദ്ദേഹത്തെപ്പോലെ നമ്മുടെ വണക്കത്തിനു യോഗ്യതയുള്ള പുണ്യവാളന്മാരില്ലെന്ന് ഗ്രഹിക്കാവുന്നതാണ്'' (വി. യൗ. പിതാവിന്റെ വണക്കമാസം-മുഖവുര). പിന്നെ പുണ്യവാളന്മാര്‍, വേഷഭൂഷാദികളോടെ ഇരിക്കുന്നു. ഇതാണ് ബാല്യം മുതല്‍ ഒരു കത്തോലിക്കനില്‍ ഭംഗ്യാന്തരേണ സൃഷ്ടിക്കപ്പെടുന്ന സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ധാരണ.
സ്തുതിയും ശുപാര്‍ശയും
ഈ സ്വര്‍ഗ്ഗത്തില്‍ എന്താണ് നടക്കുന്നത്? റോമാസാമ്രാജ്യത്തിലെ രാജകൊട്ടാരത്തില്‍ നടന്നിരുന്ന സേവയും ശുപാര്‍ശയും തന്നെ, റോമാചക്രവര്‍ത്തിയെ കാര്യസാദ്ധ്യത്തിനായി സമീപിച്ചിരുന്നത് ആലോചനക്കാരിലൂടെയും,അന്തപ്പുരവാസികളിലൂടെയും, ബന്ധുക്കളിലൂടെയുമായിരുന്നു. കത്തോലിക്കാസഭ സൃഷ്ടിച്ച സ്വര്‍ഗ്ഗം ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഇവിടെ പുണ്യവാളന്മാര്‍ക്കു രണ്ടു തൊഴിലേ ഉള്ളു. ഒന്ന് ദൈവത്തെ മഹത്വപ്പെടുത്തുക. (ഇതു കേട്ടാല്‍ തോന്നും ഇവരുടെ മഹത്വപ്പെടുത്തല്‍ ഇല്ലെങ്കില്‍ പിതാവായ ദൈവം പൂര്‍ണ്ണനാകയില്ലെന്ന്). രണ്ട് ദൈവത്തിന്റെ അടുക്കല്‍ മദ്ധ്യസ്ഥം പറയുക. ചക്രവര്‍ത്തിയുടെ അടുക്കല്‍ ശുപാര്‍ശക്കാരായ സെനറ്റ് അംഗങ്ങളുടെ സ്ഥാനമാണ് പുണ്യവാന്മാര്‍ക്ക് സ്വര്‍ഗ്ഗത്തിലുള്ളത്. ഈ മാദ്ധ്യസ്ഥ്യം വെറുതേയല്ല! ഭക്തന്മാര്‍ക്കു വേണ്ടിയും, നേര്‍ച്ച കാഴ്ചകള്‍ നല്‍കിയവര്‍ക്കുവേണ്ടിയുമുള്ളതത്രെ.
വകുപ്പവിഭജനം
ഈ മദ്ധ്യസ്ഥതയ്ക്ക് (പുണ്യവാന്മാരാകയാല്‍, ശുപാര്‍ശക്കാര്‍ എന്ന പദം യോജിക്കാത്തതിനാല്‍ മദ്ധ്യസ്ഥന്‍ എന്ന പദം തന്നെ ഉപയോഗിക്കാം. മദ്ധ്യസ്ഥന്‍ എന്ന പദത്തിന്റെ അര്‍ത്ഥവും 'ഇടനിലക്കാരന്‍' എന്നു തന്നെ.) ഓരോ പുണ്യവാനും പ്രത്യേക പോര്‍ട്ടുഫോളിയോകള്‍ തന്നെ (വകുപ്പ്) ഉണ്ട്. ആരോഗ്യ കാര്യങ്ങളെ സംബന്ധിച്ചുള്ള മദ്ധ്യസ്ഥതയുടെ കുത്തക വി. സെബസ്ത്യാനോസിനാണ്, ഭക്ഷ്യകാര്യങ്ങളിലും, യുദ്ധകാര്യങ്ങളിലും, മദ്ധ്യസ്ഥന്‍ അങ്ങേരു തന്നെ. (പഞ്ഞം, പട, വസന്ത എന്നിവയില്‍ നിന്നും രക്ഷിക്കുന്നത് വി. സെബസ്ത്യാനോസാണല്ലോ!) കളവു കണ്ടു പിടിക്കുക, പാമ്പില്‍നിന്നും, ദുഷ്ടമൃഗങ്ങളില്‍ നിന്നും രക്ഷിക്കുക, മുതലായത് ഗീവര്‍ഗ്ഗീസ് സഹദായുടെ 'പോര്‍ട്ടുഫോളിയോ' ആണ്. വണ്ടിയില്‍ യാത്രചെയ്യുന്നവരുടെ മദ്ധ്യസ്ഥന്‍ 'ട്രാന്‍സ്‌പോര്‍ട്ടുമന്ത്രി' വി. ക്രിസ്തഫറാണ്. ഇതിനുംപുറമേ ഏത് അസാദ്ധ്യകാര്യങ്ങളുടേയും മദ്ധ്യസ്ഥനായ 'മിനിസ്റ്റര്‍ വിത്തൗട്ട് പോര്‍ട്ടുഫോളിയോ' ആയി യൂദാതദ്ദേവൂസ് വിരാജിക്കുന്നു. പുറമേ അനേകം പുണ്യവാളന്മാരും പുണ്യവതികളും, ചെറിയ ചെറിയ ശുപാര്‍ശകളും മദ്ധ്യസ്ഥതയുമായി ദൈവതിരുമുമ്പാകെ നില്‍ക്കുന്നു. അവരുടെ കൂടെ ഭൂമിയില്‍ ഒരു ശുപാര്‍ശയും ചെയ്യാതിരുന്ന നല്ലവനായ കാവുകാട്ടുമെത്രാനും, ചാവറയച്ചനും, അല്‍ഫോന്‍സാമ്മയും, തേവര്‍പറമ്പില്‍ കുഞ്ഞച്ചനും, എല്ലാം എല്ലാം ശുപാര്‍ശകളുമായി ദൈവതിരുമുമ്പാകെ നില്‍ക്കുകയാണ്.
ഒരാള്‍ പലവേഷത്തില്‍
ഈ മദ്ധ്യസ്ഥന്മാര്‍ പലവേഷക്കാരാണ്. ഏറ്റവും കൂടുതല്‍ വേഷം കെട്ടുന്നത് കന്യകാമറിയമാണ്. ഏതെല്ലാം വേഷത്തിലും രൂപത്തിലുമാണ് കന്യാമറിയം ഭക്തന്മാരെ തന്നിലേയ്ക്ക് ആകര്‍ഷിക്കുന്നത്!! കൊന്തമാതാവായി, കൊന്തഭക്തന്മാര്‍ക്ക് മാദ്ധ്യസ്ഥം വഹിക്കുന്നു! വെന്തിങ്ങാ മാതാവായി, വെന്തിങ്ങാക്കാര്‍ക്ക് മാദ്ധ്യസ്ഥ്യം വഹിക്കുന്നു! കര്‍മ്മമാതാവായി ഭക്തന്മാരെ സഹായിക്കുന്നു! ത്രിലോകരാജ്ഞിയായി കിരീടം വെച്ച് ഭക്തന്മാരില്‍ നന്മപൊഴിക്കുന്നു! സര്‍വ്വോപരി നിത്യസഹായമാതാവായി ശുപാര്‍ശകളുടെ കനത്ത ഫയല്‍ സൃഷ്ടിക്കുന്നു! കഴിഞ്ഞില്ല. കേരളത്തില്‍ പ്രസിദ്ധങ്ങളായ പല പള്ളികളും, ഉണ്ടെങ്കിലും ചിലപ്പോള്‍ മാതാവ് അത്ഭുതം പ്രവര്‍ത്തിക്കണമെങ്കില്‍ ഭക്തന്‍ വേളാങ്കണ്ണിവരെ പോകേണ്ടതായിവരും!!!
ഇവര്‍ക്കേവര്‍ക്കും ദിനംപ്രതി കിട്ടുന്ന അപേക്ഷകള്‍ ശരിക്കും 'സോര്‍ട്ടു' ചെയ്യാന്‍ സ്വര്‍ഗ്ഗത്തില്‍ കംപ്യൂട്ടര്‍ തന്നെ ഘടിപ്പിച്ചിട്ടുണ്ടാവണം. ഈ ശുപാര്‍ശകളെല്ലാം ഓരോന്നോരോന്നായി ദൈവത്തിന്റെ മുന്‍പില്‍ നിരത്തിവെച്ചാണ് ഭക്തന്മാര്‍ക്ക് അനുഗ്രഹം നേടിക്കൊടുക്കുന്നത്. ''അലസിഭാഗപ്പെട്ട് നടക്കുന്ന ഹാവായുടെ മക്കളായ ഞങ്ങള്‍ നിന്നെ വിളിക്കുന്നു, കരയുന്നു. ഈ സ്ഥലത്തു ഉഴന്നു കരഞ്ഞുകൊണ്ട് നെടുവീര്‍പ്പിടുന്നു'' (രാജകന്യക' എന്ന നമസ്‌കാരം) ഇങ്ങനെയുള്ള മനുഷ്യന്റെ വിളിയെല്ലാം, ദൈവത്തിലെത്തണമെങ്കില്‍ ഈ മദ്ധ്യസ്ഥന്മാര്‍ വേണം.
നേര്‍ച്ച കാഴ്ചകള്‍
ഈ പുണ്യവാളന്മാര്‍ ഭക്തന്മാരുടെ അപേക്ഷകള്‍ സോര്‍ട്ടുചെയ്ത് ദൈവതിരുമുന്‍പില്‍ വയ്ക്കുന്നു. പ്രസ്തുത കാര്യസാദ്ധ്യത്തിനായി കൊടുത്തിട്ടുള്ള പണത്തിന്റെ കാര്യവും വരവു വയ്‌ക്കേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന് ഒരാള്‍ക്ക് ഒരു മാല നഷ്ടപ്പെടുന്നു. അയാള്‍ ''കുറവിലങ്ങാട്ടു മുത്തിയമ്മക്ക്'' കൂടുതുറന്ന് ഒരു കുര്‍ബാന ചൊല്ലിക്കുന്നു. വേറൊരാള്‍ക്ക് ഒരു ആടു കാണാതെ പോകുന്നു. 15 രൂപാ മുടക്കി നട തുറന്ന് ഒരു കുര്‍ബാന ചൊല്ലിക്കുന്നു. രണ്ടും ഒരേ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പറ്റില്ലല്ലോ? രണ്ടാമത്തേത് സത്വര ശ്രദ്ധയാകര്‍ഷിക്കേണ്ടതാകയാല്‍ 'Immediate' എന്ന ഫയലില്‍വച്ച് ദൈവത്തിനു പോകുന്നു. വേറെയുമുണ്ട്. പാലായില്‍ ളാലം പള്ളിയിലെ നിത്യസഹായ മാതാവിന് ഒന്‍പതു ശനിയാഴ്ചകള്‍ (കാലില്‍ വന്ന വാതത്തില്‍നിന്നും രക്ഷ കിട്ടാന്‍) മറിയച്ചേടത്തി നേര്‍ച്ച നേരുന്നു. ആ ഒന്‍പതു നൊവേനയും, എല്ലാ ശനിയാഴ്ചയും വരവുവയ്ക്കണം. കാര്യംപഠിച്ച് മറിയച്ചേടത്തിയെ വാതത്തില്‍ നിന്നും രക്ഷിക്കണം.!! കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയപ്പോള്‍ കത്രികച്ചേടത്തി നേര്‍ച്ചനേര്‍ന്നു. ''എന്റെ അരീത്ര വെല്ലിച്ചാ, എന്റെ കോഴിയേ പരുന്ത് കൊണ്ടുപോകാതിരുന്നാല്‍ വെല്ലിച്ചന് തലക്കോഴിയെ തന്നേക്കാവേ'' പിന്നെ ഈ കോഴിയേ നോക്കേണ്ടത് അരീത്രവെല്ലിച്ചനാണ്. ഇങ്ങനെ എന്തെല്ലാം!
വെസ്പൃക്കാനാ ഒരു പ്രശ്‌നം
തീര്‍ന്നില്ല ഭരണപരമായ പ്രശ്‌നങ്ങള്‍. ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല പ്രശ്‌നങ്ങള്‍; മറിച്ച് വെസ്പൃക്കാനാടത്തില്‍ കിടക്കുന്ന ആത്മാക്കള്‍ക്കുവേണ്ടിയും വന്‍പിച്ച ഒരു സെക്രട്ടറിയേറ്റു പ്രവര്‍ത്തിക്കുന്നുണ്ട്. വെസ്പൃക്കാനിയില്‍ കിടക്കുന്ന ആത്മാക്കള്‍ക്കുവേണ്ടി ചൊല്ലുന്ന കുര്‍ബാനകള്‍ ദിവസവും സ്വര്‍ഗ്ഗത്തിലേയ്ക്ക് ഒഴുകുകയാണ്. പന്നിമറ്റത്തില്‍ കോരയുടെ ആത്മാവിനുവേണ്ടി ഭാര്യ മറിയം കുര്‍ബാന ചൊല്ലിച്ചിട്ടുണഅട്. ഈ കുര്‍ബാനയുടെ അനുഗ്രഹങ്ങള്‍ വെസ്പൃക്കാനാടത്തിലെത്തിച്ച് കോരയുടെ പാപക്കടയില്‍ കുറവു വരുത്തണം. അവിടെയും തീര്‍ന്നില്ല പ്രശ്‌നം. ചില പണക്കാര്‍ മരിച്ചാല്‍ കൊട്ടക്കണക്കിനു കുര്‍ബാനയും ഒപ്പീസും ഒഴുകും. പക്ഷേ ആള് വെസ്പൃക്കാനാടത്തിലില്ല! നരകത്തിലാണ്. എന്തു ചെയ്യും? അക്കൗണ്ടില്‍ വരവ് വെച്ച് ആണ്ടവസാനം ഈ അനുഗ്രഹങ്ങള്‍ ഭാഗിക്കുന്നു. മുന്നൂറു ദിവസത്തെ ദണ്ഡവിമോചനസ്ലിപ്പു വന്നാല്‍ വെസ്പൃക്കാനാടത്തില്‍ കിടന്നു വേദനിക്കുന്ന ആത്മാവിന് മുന്നൂറു ദിവസത്തെ ഇളവു കൊടുക്കുന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ സൂര്യനുദിക്കയും അസ്തമിക്കയും ചെയ്യുന്നുണ്ട്.
മുന്‍കൂര്‍ സുകൃതം
പിന്നെയും പ്രശ്‌നങ്ങള്‍, നാലത്തറ ഇടവകയില്‍നിന്നും ബ. മേലേല്‍മത്തായിച്ചന്‍ സ്ഥലം മാറിപ്പോകുന്നു. അവിടെയുള്ള മഠം, സൊഡാലിറ്റി, വിന്‍സെന്‍ഡിപ്പോള്‍, ലീജനോഫ് മേരി വേദപാഠക്ലാസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഒരു സുകൃതമഞ്ജരി സമര്‍പ്പിക്കുന്നു. 90,000 സുകൃതജപം, 200 കുര്‍ബാന കാണല്‍, 2000 അരൂപിക്കടുത്ത്....... ഇങ്ങനെ. ഉടനെ ഇവയെല്ലാം ബ. മേലേല്‍ മത്തായി അച്ചന്റെ അക്കൗണ്ടില്‍ ചേര്‍ത്ത് കണക്കു തുറക്കേണ്ടിവരും!!! ഈ പുണ്യപ്രവര്‍ത്തികളുടെ ഫലം മേലേല്‍ മത്തായിച്ചന്‍ മരിച്ചുവരുമ്പോള്‍ അദ്ദേഹത്തിന്റെ പാപക്കടം വീട്ടുന്നതിനുള്ള ഒരു മുന്‍കൂര്‍ ഇന്‍ഷൂറന്‍സാണ്.
ഇങ്ങനെ സ്വര്‍ഗ്ഗത്തെക്കുറിച്ച് കത്തോലിക്കനു കിട്ടുന്ന ധാരണ കൈക്കൂലിയും ശുപാര്‍ശയും അഴിമതികളും വിളയാടുന്ന ഒരു സെക്രട്ടറിയേറ്റ് ഭരണസംവിധാനത്തിന്റേതല്ലേ?
ഇതാണോ ക്രിസ്തു ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച സ്വര്‍ഗ്ഗം? ഈ ശുപാര്‍ശക്കാര്‍ക്കു അഴിഞ്ഞാടാനുള്ള ഒരു വേദിയായാണോ സ്വര്‍ഗ്ഗത്തെ അവിടുന്നു കണ്ടത്? അല്ല; തീര്‍ച്ചയായും അല്ല.
നിത്യജീവന്‍
മിശിഹാ വാഗ്ദാനം ചെയ്തത്, നിത്യജീവനാണ്. ''പുത്രനെ കാണുകയും അവനെ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ആരോ അവന് നിത്യജീവന്‍ ഉണ്ടാകണം എന്നതാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം. അവസാനനാളുകളില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും.'' (യോഹ 6:40) പിതാവായ ദൈവത്തില്‍ നിത്യജീവന്‍ ലഭ്യമാക്കുക എന്നതാണ്; സ്വര്‍ഗ്ഗം എന്നതുകൊണ്ട് മിശിഹാ വിവക്ഷിക്കുന്നത്. ഈ സ്വര്‍ഗ്ഗപ്രാപ്തിക്കായി മിശിഹാ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം, 'പുത്രനില്‍' ഉള്ള വിശ്വാസമാണ്. ''ഞാനാകുന്നു ജീവന്റെ അപ്പം. എന്റെ അടുക്കല്‍ വരുന്നവന് വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല. (യോഹ: 6:35) അപ്പോള്‍ വിശക്കാത്തതും ദാഹിക്കാത്തും (വിശക്കുക, ദാഹിക്കുക എന്നത് ജഡധാരിയായ നരന്റെ അവശതകളാണ്). ആയ നിത്യജീവന്‍ തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് നല്‍കുമെന്ന് അവിടുന്ന് കല്പിച്ചു. ''ഞാന്‍ സത്യം സത്യമായി പറയുന്നു. എന്നില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്'' (വി. യോഹ 6:47) ''എന്റെ ആടുകള്‍ എന്റെ സ്വരം കേള്‍ക്കുന്നു. ഞാന്‍ അവയെ അറിയുന്നു. അവ എന്റെ പിന്നാലെ വരികയും ചെയ്യുന്നു. ഞാന്‍ അവര്‍ക്ക് നിത്യജീവന്‍ കൊടുക്കുന്നു.'' (യോഹ: 10:27-28) ഇങ്ങനെ പിതീവില്‍ നിത്യജീവന്‍ നേടിയവര്‍ ഭൗതിക കാര്യങ്ങളില്‍ ശുപാര്‍ശക്കാരായി പിതാവില്‍ വസിക്കുകയല്ല. ദൈവം തന്റെ ഏക സുതനായ മനുഷ്യപുത്രനെ ലോകത്തിലയച്ചത്, അവനിലൂടെയും, അവനിലുള്ള വിശ്വാസത്തിലൂടെയും, നിത്യജീവന്‍ നേടുന്നതിനാണ്.
മിശിഹാ മനുഷ്യരുടെ മുന്‍പാകെ തന്റെ വചനത്തിലൂടെ അവതരിപ്പിച്ച ''നിത്യജീവനാകുന്ന'' സ്വര്‍ഗ്ഗത്തെ കവികളും ചിത്രകാരനാമാരും ഭാവനയുടെ ചായം കൊടുത്ത് വൈവിദ്ധ്യപൂര്‍ണ്ണമായി ചിത്രീകരിച്ചു!. മനുഷ്യന്റെ അമര്‍ത്ത്യത എന്ന ആശയം-പിതാവിലുള്ള നിത്യജീവന്‍-മനുഷ്യഭാവനയില്‍ വിരചിക്കപ്പെട്ടപ്പോള്‍ അത് കേവലം ലോകായതികത്വമായി. ദൈവം സിംഹാസനത്തിലിരിക്കുന്നതായി ചിത്രകാരന്‍ വരച്ചു. പുണ്യവാന്മാര്‍ ചുറ്റും നില്‍ക്കുന്ന സേവകന്മാരായി ചിത്രീകരിക്കപ്പെട്ടു. ഈ ചിത്രീകരണത്തിന് അവരുടെ ഭാവനയെ ഉദ്ദീപിപ്പിച്ചത് റോമാസാമ്രാജ്യത്തിലെ അധികാരഗര്‍വ്വവും ഭരണഭീതിയുമായിരുന്നു. അക്രൈസ്തവവും പിതാവായ ദൈവത്തിനെ ദൂഷണം ചെയ്യുന്നതുമായ ഈ ''സ്വര്‍ഗ്ഗം'' ക്രിസ്തു നമ്മോട് പറഞ്ഞുതന്ന ''പിതാവിലുള്ള നിത്യജീവനുമായി'' യാതൊരു ബന്ധവുമില്ല. സര്‍വ്വനന്മസ്വരൂപിയും ആദിമദ്ധ്യാന്തരഹിതനും സര്‍വ്വജ്ഞനുമായ ദൈവം നമ്മുടെ പിതാവ് ആണെങ്കില്‍ അവിടുത്തെ സമീപിക്കുന്നതിന് മദ്ധ്യസ്ഥന്മാരുടെ ആവശ്യമെന്ത്? കൈക്കൂലിയുടെ ആവശ്യമെന്ത്?
ഈ വിശുദ്ധന്മാരാരും, സഭാധികാരികള്‍ ചിത്രീകരിക്കുന്നതുപോലെ, പണക്കൊതിയന്മാരോ, പ്രസിദ്ധീകരണതല്പരരായ അല്പന്മാരോ ഒന്നുമല്ല. എന്നാല്‍ അവരെ അങ്ങിനെ ചിത്രീകരിച്ചാലേ നേര്‍ച്ചപ്പെട്ടികളും ഭണ്ഡാരപ്പുരകളും നിറയുകയുള്ളു.''എന്തെന്നാല്‍ സകല തിന്മകളുടെയും മൂലം ദ്രവ്യാഗ്രഹമാകുന്നു. അതിനെ ആഗ്രഹിച്ച് വിശ്വാസത്തില്‍നിന്നും വഴിതെറ്റി വളരെ ക്ലേശങ്ങളില്‍ തങ്ങളെത്തന്നെ ഉള്‍പ്പെടുത്തുന്ന ആളുകളുണ്ട്. ''അല്ലയോ ദൈവത്തിന്റെ മനുഷ്യാ നീ ഇവയില്‍നിന്നും ഓടി അകന്ന് നീതിയുടേയും, സത്യത്തിന്റേയും, സ്‌നേഹത്തിന്റേയും, വിശ്വാസത്തിന്റേയും, ക്ഷമയുടേയും, വിനയത്തിന്റേയും പിന്നാലെ പാഞ്ഞെത്തുക.''
Courtesy: അല്മായ ശബ്ദം

1 comment:

  1. ഇതൊക്കെ അതേപടി വിശ്വസിക്കുന്നവരാ കൂടുതലും. ഇന്നത്തെ തലമുറ ഇതിന്റെ മുന്പിലത്തെതിനെക്കാൾ അന്ധവിശ്വാസികളാണ് എന്നതാണു സത്യം! ചേർപ്പുങ്കൽ പള്ളിയിൽ എണ്ണഒഴിക്കുന്നവരുടെ പ്രായനില നോക്കിയാൽ മതി!!

    ReplyDelete