Monday, April 30, 2012

ഇതു വര്ഗീയതയല്ല


അടുത്തത് ഒരു ക്രൈസ്തവ പ്രസിഡന്റ്‌ ആവട്ടെ: 
ഇതു വര്ഗീയതയല്ല
                                                                               ജോസഫ് പുലിക്കുന്നേല്‍ 
അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരു ക്രൈസ്തവനെ നാമനിര്‍ദേശം ചെയ്യണമെന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പ്രമേയത്തെ വര്‍ഗീയമായി കാണുന്ന ചിലരെങ്കിലും ഉണ്ട്. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഈ നിര്‍ദേശത്തില്‍ വര്‍ഗീയത ഉള്ളതായി എനിക്കു തോന്നുന്നില്ല.
സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഇതര ജനാധിപത്യ രാഷ്ട്രങ്ങളില്‍നിന്നും തികച്ചും വിഭിന്നമായ ഒരു പാതയാണ് സ്വീകരിച്ചത്. ഭരണഘടനയും രാഷ്ട്രീയ പാരമ്പര്യവും ഇന്ത്യന്‍ സമൂഹത്തിന്റെ  വൈവിദ്ധ്യ സൗന്ദര്യത്തെ നിലനിര്‍ത്താന്‍ പരിശ്രമിച്ചുപോന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പ്രത്യേകത ഇന്ത്യയിലെ ജനങ്ങളെ വര്‍ഗങ്ങളായിതന്നെ കണ്ടുകൊണ്ടാണ് ഭരണഘടന രചിച്ചത് എന്നതാണ്. ഭരണഘടനയുടെ  ആമുഖത്തില്‍ തന്നെ ഈ വൈവിദ്ധ്യം എടുത്തു പറഞ്ഞ് അംഗീകരിച്ചിട്ടുണ്ട്.
''ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്‌ളിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാര്‍ക്കെല്ലാം: സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്തമാക്കുവാനും; അവര്‍ക്കെല്ലാമിടയില്‍ വ്യക്തികളുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും'' ആണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം കൊടുത്തത്.
ഭരണഘടന 29-ാം വകുപ്പ് ഇങ്ങനെ പറയുന്നു: ''(1) ഭാരതത്തിന്റെ ഭൂപ്രദേശത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരന്മാരില്‍, ഭിന്നമായ ഒരു ഭാഷയോ ലിപിയോ സംസ്‌കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.''
ഭാരതത്തിന്റെ വൈവിദ്ധ്യത്തെ അംഗീകരിച്ചുകൊണ്ട് സാഹോദര്യം പുലര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഭരണഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. പദവിയിലും അവസരത്തിലും സമത്വം പുലര്‍ത്തണമെന്നതാണ് ഭരണഘടനയുടെ ലക്ഷ്യം.
വൈവിദ്ധ്യത്തെ അലങ്കാരമായി കരുതുന്ന ഈ ഭാരതത്തില്‍ പദവികള്‍ തുല്യമായി പങ്കുവയ്ക്കുന്നതിനുള്ള പാരമ്പര്യം സൃഷ്ടിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണ്. കഴിഞ്ഞ 60 കൊല്ലക്കാലമായി പ്രസിഡണ്ട് പദവിയും വൈസ് പ്രസിഡണ്ട് പദവിയും ഭൂരിപക്ഷ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് മാറിമാറി നല്‍കിപ്പോന്നു. ഈ ക്രമം തുടരണമെന്നും ന്യൂനപക്ഷ വിഭാഗത്തിലെ ക്രൈസ്തവരെ അവഗണിക്കരുത് എന്നും ചൂണ്ടിക്കാണിക്കുന്നത് വര്‍ഗീയതയല്ല. മറിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ ഉദ്ദര്‍ശനം ചെയ്തിരിക്കുന്ന അവസരസമത്വത്തെ ഉറപ്പിക്കാന്‍ വേണ്ടിയാണ്.
ദളിത് സംഘടനകള്‍ മുന്നോട്ടു വന്ന് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ശ്രീ. കെ. ആര്‍ നാരായണനെ വൈസ്പ്രസിഡണ്ടായി നോമിനേറ്റ് ചെയ്തത്. ദളിത് സംഘടനകളുടെ ആവശ്യത്തെ ആരും വര്‍ഗീയമായി കണ്ടില്ല. മറിച്ച് ആ ആവശ്യത്തിനു പിന്നിലുള്ള തുല്യ പദവി എന്ന ഭരണഘടനാശാസന അനുസരിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായത്. ദളിത് സംഘടനകള്‍ അന്ന് ആരുടെയും പേരു പറഞ്ഞില്ല. മറിച്ച് രാഷ്ട്ര ക്രമത്തില്‍ അനുവര്‍ത്തിക്കേണ്ട തുല്യതയെയാണ് ഉയര്‍ത്തിപ്പിടിച്ചത്.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും അതു മാത്രമാണ് ചെയ്തത്. ഇന്ത്യയുടെ പ്രസിഡണ്ടാകാന്‍ യോഗ്യതയുള്ള ക്രൈസ്തവനെ കണ്ടുപിടിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയാണ്. ഇക്കാലമത്രയും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത മനസ്സിലാക്കി പ്രവര്‍ത്തിച്ചുപോന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനിയും അങ്ങനെതന്നെ ചെയ്യും എന്ന പ്രതീക്ഷയാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പ്രമേയത്തിന്റെ പിന്നിലുണ്ടായിരുന്നതെന്ന് തോന്നുന്നു.
ഞാന്‍ മനസ്സിലാക്കുന്നിടത്തോളം ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സഭയ്ക്കുള്ളില്‍ എല്ലാവര്‍ക്കും നീതി ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. ആ സംഘടന പൊതു സമൂഹത്തില്‍ ക്രൈസ്തവര്‍ക്കു നീതി ലഭിക്കണം എന്ന് ആവശ്യപ്പെടുന്നത് ഒരിക്കലും വര്‍ഗീയമല്ല. തങ്ങളുടെ സമൂഹത്തോടും രാഷ്ട്രത്തോടുമൂള്ള കടമനിര്‍വഹണമായിട്ടാണ് ഇതിനെ കാണേണ്ടത്. എന്തുകൊണ്ട് ഇക്കാര്യം സമൂഹത്തിന്റെ ശ്രദ്ധയില്‍പെടുത്തുന്നതില്‍ മെത്രാന്മാര്‍ അലംഭാവം പ്രകടിപ്പിച്ചു എന്ന ഒരു അഭിപ്രായം കണ്ടു. ഇത്തരം കാര്യങ്ങളില്‍ മെത്രാന്മാര്‍ ഇടപെടരുതെന്നുതന്നെയാണ് എന്റെ അഭിപ്രായം. ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയ തുല്യതയ്ക്കുവേണ്ടി പരിശ്രമിക്കേണ്ടത് ക്രൈസ്തവ സംഘടനകളാണ്. മെത്രാന്മാര്‍ ആദ്ധ്യാത്മിക പരിപോഷകരാണ്. ആ രംഗത്താണ്, ആ രംഗത്തു മാത്രമാണ് അവര്‍ അഭിപ്രായം പറയേണ്ടത്.

1 comment: