Friday, April 13, 2012

റോമിലെ പൗരസ്ത്യ കൊള്ളസംഘം


പരാജയപ്പെട്ട 
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍
                                    ജോസഫ് പുലിക്കുന്നേല്‍ (എഡിറ്റര്‍)      
                                                                                            'ഓശാന'   2012 ഏപ്രില്‍   
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അമ്പതാം വാര്‍ഷികം ചിലേടത്തെങ്കിലും ആഘോഷിച്ചതായി പത്രവാര്‍ത്ത ഉണ്ടായിരുന്നു.
ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ 1869 ഡിസംബര്‍ എട്ടാം തീയതിയാണ് പോപ്പ് പീയൂസ് ഒമ്പതാമന്‍ മാര്‍പാപ്പാ വിളിച്ചുകൂട്ടിയത്. ഈ കൗണ്‍സിലില്‍ വെച്ചാണ് മാര്‍പാപ്പായുടെ അപ്രമാദിത്വം പ്രഖ്യാപിച്ചത്. കൗണ്‍സില്‍ വിളിച്ചുകൂട്ടുമ്പോള്‍ മാര്‍പാപ്പായുടെ അപ്രമാദിത്വ പ്രഖ്യാപനത്തെക്കുറിച്ച് അജണ്ടയില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒമ്പതാം പീയൂസ് മാര്‍പാപ്പായും കുറെ കര്‍ദിനാളന്മാരും ചേര്‍ന്ന് കൗണ്‍സില്‍ ചര്‍ച്ചകള്‍ കൃത്രിമമായി തിരിച്ചുവിട്ട് പോപ്പിന്റെ അപ്രമാദിത്വം കൗണ്‍സിലിനെക്കൊണ്ട് പ്ര ഖ്യാപിപ്പിക്കുകയായിരുന്നു. ''പോപ്പ് എങ്ങനെ അപ്രമാദിയായി'' എന്ന് വളരെ വിശദമായ ഒരു പഠനം സഭാചരിത്രകാരനും ദൈവശാസ്ത്രജ്ഞ നുമായ August Bernhard Hasler എഴുതിയ 'How the Pope Became Infallible' എന്ന ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിന് മുഖവുര എഴുതിയത് മോണ്‍സിഞ്ഞോര്‍ Hans Kung ആണ്. കൗണ്‍സിലിനുള്ളില്‍ എന്തെല്ലാം നടക്കാന്‍ പാടില്ലാത്തതുണ്ടോ അതെല്ലാം നടന്നു എന്നാണ് Haslerടെ നിഗമനം. കൈക്കൂലി, പേടിപ്പെടുത്തല്‍, പ്രീണിപ്പിക്കല്‍, പീഡിപ്പിക്കല്‍ മുതലായ എല്ലാ അടവുകളും ഒമ്പതാം പീയൂസ് മാര്‍പാപ്പായും അദ്ദേഹത്തിന്റെ അനുചരന്മാരും കൗണ്‍സിലില്‍ പ്രയോഗിക്കുകയുണ്ടായി. മാര്‍പാപ്പായുടെ അപ്രമാദിത്വത്തെ ചോദ്യംചെയ്തു കൊണ്ട് അനേകം ഗ്രന്ഥങ്ങള്‍ പിന്നീട് പ്രസിദ്ധീകരിച്ചു. 'How the Pope Became Infallible' എന്ന ഗ്രന്ഥത്തിന് മോണ്‍സിഞ്ഞോര്‍ Hans Kung എഴുതിയ മുഖവുരയിലെ പ്രധാനഭാഗം താഴെ കൊടുക്കുന്നു.
''What the French bishop Francois Lecourtier wrote at the time is confirmed by similar testimony from countless bishops and council observers: 'Our weakness at this moment comes neither from Scripture nor the tradition of the Fathers nor the witness of the General Councils nor the evidence of history. It comes from our lack of freedom, which is radical. An imposing minority, representing the faith of more than one hundred million Catholics, that is almost half of the entire Church, is crushed beneath the yoke of a restrictive aganda, which contradicts counciliar traditions. It is crushed by commissions which have not been truly elected, and which dare to insert undebated paragraphs in the texts after debate has closed. It is crushed by the commission for postulates, which has been imposed upon it from above. It is crushed by the absolute absence of discussion, response, objections, and the opportunity to demand explanations; by newspapers which have been encouraged to hunt the bishops down and to incite the clergy against them; by the nuncios who bring on reinforcements when the newspapers no longer suffice to throw everything into confusion, and who try to promote the priests ahead of the bishops as witnesses to the faith, while reducing the true, divinely chosen witnesses to the level of delegates of the lower clergy, indeed to rebuke them if they do not act accordingly. The minority is crushed above all by the full weight of the supreme authority which oppresses it with the praise and encouragement it lavishes on the priests in the form of papal briefs. It is crushed by the displays of favor to Dom Gueranger, and of hostility to M. de Montalembert and others.' (How the Pope Became Infallible, Page 13)
മാര്‍പാപ്പായുടെ ഈ അപ്രമാദിത്വ പ്രഖ്യാപനംകൊണ്ടൊന്നും സഭയെ ഒന്നിച്ചു നിര്‍ത്താന്‍ കഴിയില്ലെന്ന് അന്നും പലരും പറഞ്ഞിരുന്നു. അങ്ങനെയാണ് ഭാഗ്യസ്മരണാര്‍ഹനായ 23-ാം ജോണ്‍ മാര്‍പാപ്പാ 1962 -ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ മാര്‍പാപ്പാ സ്ഥാനത്തിന്റെ പാദങ്ങളില്‍ അടിഞ്ഞുകൂടിയ പൊടി തുടക്കുന്നതിന്, അടഞ്ഞുകിടന്ന വാതിലുകള്‍ തുറക്കുന്നതിനുമായിട്ടായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത്. പക്ഷേ വത്തിക്കാന്‍ കൗണ്‍സില്‍ സ്വപ്നം കണ്ട നവീകരണം സഭയ്ക്കുള്ളില്‍ ഉണ്ടായിട്ടുണ്ടോ? ഉണ്ടായിട്ടില്ലെന്നു മാത്രമല്ല സഭയുടെ ഘടനയും അധികാരവും പൂര്‍വാധികം ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളാണ് റോമാ ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്. ജോണ്‍ 23-ാം മാര്‍പാപ്പായുടെ മരണശേഷം പിന്നീടുവന്ന ഓരോ മാര്‍പാപ്പാമാരും ബോധപൂര്‍വം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപനങ്ങളെ ഒന്നൊന്നായി തമസ്‌കരിക്കുകയായിരുന്നു. വത്തിക്കാന്‍ കൗണ്‍സിലിന്റെ പിന്നിലെ ദൈവശാസ്ത്ര ചാലകശക്തികളായിരുന്ന ഓരോരുത്തരെയും അവഗണിച്ചുകൊണ്ട് എല്ലാ നവീകരണ ചിന്തകളുടെയും കൂമ്പുകള്‍ നുള്ളിക്കളഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പശ്ചാത്തലത്തില്‍ പല ഗവേഷണപഠനങ്ങളും നടന്നു. അതില്‍ അതിപ്രധാനമായത് ഡൊമിനി ക്കന്‍ സന്യാസിയായിരുന്ന യീവ്‌സ് കോംഗാറിന്റെ സംഭാവനയായിരുന്നെന്ന് സഭാചരിത്രകാരനായ ഡോ. സേവ്യര്‍ കൂടപ്പുഴ പറയുന്നുണ്ട്.
ഈ ഗവേഷണ പഠനങ്ങള്‍ക്ക് ''ജോണ്‍ 23-ാം മാര്‍പാപ്പായുടെ അംഗീകാരവും പ്രോത്സാഹനവും'' അദ്ദേഹത്തിനു ലഭിച്ചു. സാമ്രാജ്യത്വത്തിന്റെയും രാജവാഴ്ചയുടെയും ഫ്യൂഡലിസത്തിന്റെയും തണലിലും സ്വാധീനത്തിലും സഭയിലേക്ക് അവിഹിതമായി കടന്നുവന്ന സ്ഥാനമാനങ്ങളും പദവികളും വേഷവിധാനങ്ങളും പെരുമാറ്റച്ചട്ടങ്ങളുമൊക്കെ കോം ഗാറിന്റെ പ്രത്യേക പഠനവിഷയമായി. ഇവയോരോന്നും സഭയില്‍ സ്ഥാനംപിടിച്ചതിന്റെ ചരിത്രപശ്ചാത്തലം ഒരു ഗവേഷണഗ്രന്ഥമായി ആദ്യം ഫ്രഞ്ചിലും തുടര്‍ന്ന് ഇംഗ്ലീഷിലും പ്രസിദ്ധപ്പെടുത്തി. വലിയൊരു സംഭാവനയാണ് കോംഗാറിന്റേത്. റോമന്‍കൂരിയായ്ക്ക് അസ്വീകാര്യനായിരുന്ന കോംഗാറിനെ ജോണ്‍ മാര്‍പാപ്പാ വത്തിക്കാന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക ദൈവശാസ്ത്രജ്ഞന്മാരുടെ (Peritus) ഗണത്തില്‍ പെടുത്തി. പിന്നീട് കര്‍ദിനാള്‍ സ്ഥാനവും അദ്ദേഹത്തിനു നല്കി ആദരിച്ചു. ഭൗതികതയുടെ അതിപ്രസരം സഭയിലുണ്ടായതിന്റെ പിന്നിലെ ചരിത്രം മനസ്സിലാക്കാന്‍ കോംഗാറിന്റെ പഠനം വളരെയേറെ സഹായകമാണ്.
ഒന്‍പത്-പത്തുനൂറ്റാണ്ടുകളില്‍ ഫ്യൂഡലിസം യൂറോപ്പില്‍ വളരെ ശക്തമായിരുന്നു. അംശവടി (Cozier), മോതിരം, മുട്ടുകുത്തി കൈമുത്തുന്ന രീതി, ഡോം (Dominus) പ്രഭു (Lordship), മോണ്‍സിഞ്ഞോര്‍ (My noble man) എന്നീ അഭിസംബോധനാരൂപങ്ങളും പെരുമാറ്റച്ചട്ടങ്ങളും സഭാ ജീവിതശൈലിയില്‍ സ്ഥാനംപിടിച്ചു. ഇവയൊക്കെ മെത്രാന്മാരെമാത്രമല്ല പാപ്പാ സ്ഥാനത്തേയും സ്വാധീനിച്ചു. പ്രഭു കുടുംബങ്ങള്‍ പാപ്പാ സ്ഥാനം കയ്യടക്കാന്‍ കരുക്കള്‍ നീക്കുക പതിവായി. കോണ്‍സ്റ്റന്റൈന്‍ നല്‍കിയ 'ചക്രവര്‍ത്തിയുടെ ദാനം' എന്ന കള്ളരേഖയുടെ പിന്‍ബലത്തില്‍ കിരീടം, ചുവന്ന പുറംകുപ്പായം, ചുമന്ന ഷൂസ്, മൂന്നു നിലയിലുള്ള കിരീടം (Tiara) കര്‍ദിനാളന്മാരുള്‍പ്പെടുന്ന സെനറ്റ് സംവിധാനം, ഭരണകേന്ദ്രത്തിന് 'കൂരിയ' എന്നുള്ള പദപ്രയോഗം, അകമ്പടി, പെരുമാറ്റച്ചട്ടം എന്നിവയെല്ലാം സഭയിലേക്കു കടന്നുവന്നതില്‍പെടുന്നു.
അധികാര ആഡംബരങ്ങളുടെ അകമ്പടിയില്‍ പേപ്പല്‍ സ്റ്റേറ്റുകളുടെ രാജാവെന്ന നിലയില്‍ മാര്‍പാപ്പാമാര്‍ ആര്‍ജിച്ച സാമ്പത്തിക ശക്തി ക്രിസ്തുവിന്റെ പഠനങ്ങള്‍ക്ക് നിരക്കുന്നതാണോ എന്ന് സഭാപിതാക്കന്മാര്‍ ചിന്തിച്ചു.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സഭയ്ക്ക് എന്തു ചെയ്തു എന്ന് ചിന്തിക്കുമ്പോള്‍ ക്രിസ്തു വിരുദ്ധമായ അധികാരകേന്ദ്രീകരണത്തെക്കുറിച്ച് സഭാപിതാക്കന്മാരുടെ ചിന്തകള്‍ സഫലീകരിക്കാന്‍ ഈ അമ്പതു കൊല്ലത്തിനിടയില്‍ കഴിഞ്ഞോ എന്നാണ് പ്രധാനമായും ചിന്തിക്കേണ്ടത്. 23-ാം ജോണ്‍ മാര്‍പാപ്പായുടെ കാലത്ത് എന്തെല്ലാം തിരുത്തണമെന്ന് സഭാപിതാക്കന്മാര്‍ പറഞ്ഞുവോ അവയൊന്നും തിരുത്തിയില്ലെന്നു മാത്രമല്ല കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.
അധികാര ലഹരിയില്‍ മുഴുകിയ സഭാധികാരികള്‍ സ്വന്തം പദവിയും അധികാരവും സ്വാധീനവുമൊക്കെ ശാശ്വതീകരിക്കാന്‍ വിശുദ്ധ ലിഖിതത്തിന്റെ പിന്‍ബലം തേടാന്‍ വിഫലശ്രമം നടത്തിയിട്ടുണ്ടെന്നതും സഭാചരിത്രത്തിലെ ഒരു ദുഖഃസത്യമാണ്. ഇന്നും അതു നടന്നുക്കൊണ്ടി രിക്കുന്നു. യേശു ജീവിച്ചിരിക്കുമ്പോള്‍തന്നെ 12 ശിഷ്യന്മാരില്‍ ആരാണ് വലിയവന്‍ എന്ന ചോദ്യം ശിഷ്യന്മാരുടെ ഇടയില്‍ ഉണ്ടായിരുന്നു. യേശു അവരോടു പറഞ്ഞു: ''വിജാതീയരുടെ രാജാക്കന്മാര്‍ അവരുടെമേല്‍ ആധിപത്യം ചെലുത്തുന്നു; അവരുടെമേല്‍ അധികാരം നടത്തുന്നവരെ ഉപ കാരികള്‍ എന്നു വിളിക്കയും ചെയ്യുന്നു. നിങ്ങളോ അങ്ങനെയല്ല. നിങ്ങളില്‍ ഏറ്റം വലിയവന്‍ ഏറ്റം ചെറിയവനെപ്പോലെയും നായകന്‍ സേവകനെപ്പോലെയും ആയിരിക്കണം. ആരാണു വലിയവന്‍ -ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവന്‍ അല്ലേ? എന്നാല്‍ ഞാന്‍ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷകനെപ്പോലെയാണ്.'' (ലൂക്കാ. 22 :24-27)
ഈ അധികാരതര്‍ക്കം നടക്കുന്നത് കുരിശാരോഹണത്തിന് തൊട്ടു മുമ്പായിരുന്നു. അതുകൊണ്ടായിരിക്കാം അവിടുന്ന് അന്തിമ അത്താഴദിവസം വീണ്ടും ഇക്കാര്യം തറപ്പിച്ചു പറയുന്നത്. ''അവരുടെ പാദങ്ങള്‍ കഴുകിയശേഷം അവന്‍ തന്റെ മേലങ്കി ധരിച്ചു. തന്റെ ഇരിപ്പിടത്തില്‍ ഇരുന്ന് അവരോടു പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്കു ചെയ്തത് എന്താണെന്നു നിങ്ങള്‍ അറിയുന്നുവോ? നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിയാണ്. കാരണം, ഞാന്‍ അങ്ങനെയാണ്. അപ്പോള്‍ നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാലുകഴുകിയെങ്കില്‍, നിങ്ങളും പരസ്പരം കാലുകഴുകണം. ഞാന്‍ നിങ്ങള്‍ക്ക് ഒരു മാതൃക കാണിച്ചു തന്നിരിക്കുന്നു; ഞാന്‍ ചെയ്തതുതന്നെ നിങ്ങളും ചെയ്യണം. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല. അയയ്ക്കപ്പെട്ടവന്‍ അയച്ചവനെക്കാള്‍ വലിയവനല്ല.'' (യോഹ. 13: 12-16).
മാത്രമല്ല യേശു വളരെ വ്യക്തമായി പറഞ്ഞു. ''വിജാതീയരുടെമേല്‍ അവരുടെ ഭരണാധിപര്‍ യജമാനത്വം പുലര്‍ത്തുന്നു എന്നും പ്രമാണിമാര്‍ അവരുടെമേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. ഇതു നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്. നിങ്ങളില്‍ വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ഭൃത്യനാകണം; നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ അടിമയാകണം; മനുഷ്യപുത്രനെപ്പോലെ. മനുഷ്യപുത്രന്‍ വന്നിരിക്കുന്നതു സേവിക്കപ്പെടാനല്ല, സേവിക്കാനാണ്; അനേകര്‍ക്കുവേണ്ടി സ്വജീവന്‍ വീണ്ടെടുപ്പു വിലയായി നല്‍കാനാണ്'' (മത്താ. 20: 25-28).
ഇവിടെ യേശു വിജാതീയരുടെ അധികാരവ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നത്. വിജാതീയരുടെ എന്ന് അവിടുന്നു പറയുന്നത് റോമാക്കാരുടെ എന്നുതന്നെയാണ് അര്‍ത്ഥം.
നിര്‍ഭാഗ്യമെന്നു പറയട്ടെ അഞ്ചാം നൂറ്റാണ്ടിനുശേഷം സഭയിലേക്ക് ഈ ''വിജാതീയരുടെ'' ഭരണക്രമം ഉള്‍പ്രവേശിച്ചു. റോമാ സാമ്രാജ്യം അതികേന്ദ്രീകൃതമായ ഭരണവ്യവസ്ഥയാണ് സ്വീകരിച്ചിരുന്നത്. സഭ രാജകീയ വ്യവസ്ഥിതിയിലുള്ളതാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സി ലിന് മുമ്പുള്ള ദൈവശാസ്ത്ര ടെസ്റ്റ് ബുക്കുകളിലൂടെ ഔദ്യോഗികമായി പഠിപ്പിച്ചുപോന്നു. ഇന്നും മെത്രാന്മാര്‍ ഈ രാജകീയ സ്ഥാനം തുടരുകയാണ്.മെത്രാന്മാര്‍ 'സിംഹാസനാരോഹിതരാ'കുകയാണ്.ഇന്ത്യാക്കാരായ മെത്രാന്മാരുടെ മെത്രാന്‍ പദവി നിലനില്‍ക്കുന്നത് റോമിലെ മാര്‍പാപ്പായോടുള്ള അനുസരണ പ്രഖ്യാപനത്തിന്റെ പേരിലാണ്. ഈ ജനാധിപത്യയുഗത്തില്‍ രണ്ടാം വത്തിക്കാനുശേഷവും മെത്രാന്മാര്‍ നാണമില്ലാതെ കിരീടം ധരിക്കുന്നു.
കാനോന്‍ നിയമം പരിഷ്‌കരിക്കേണ്ട ആവശ്യത്തെക്കുറിച്ച് വളരെ ശക്തമായ അഭിപ്രായങ്ങള്‍ കൗണ്‍സിലില്‍ ഉണ്ടായി. പരിഷ്‌കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ കള്ള രേഖകളുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ട 1918-ലെ കാനോന്‍ നിയമം അതുപടി പകര്‍ത്തുക മാത്രമല്ല അത് ഇന്ത്യന്‍ സഭയുടെമേലും അടിച്ചേല്‍പിച്ചിരിക്കുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പുരോഹിതരുടെ വിവാഹത്തെ സംബന്ധിച്ച് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിന് തുടക്കമിട്ടു. ധാരാളം പുരോഹിതര്‍ മാര്‍പാപ്പായുടെ അനുവാദത്തോടെ പൗരോഹിത്യം ഉപേക്ഷിച്ചു. ഇതിനര്‍ഥം അവര്‍ സഭ വിട്ടുപോയി എന്നല്ല. പക്ഷേ പിന്നീട് ആറാം പോള്‍ മാര്‍പാപ്പാ മുതല്‍ ഇങ്ങോട്ട് പുരോഹിതരും കന്യാസ്ത്രീകളും വിവാഹിതരാകുന്നതിന് അനുവാദം കൊടുത്തില്ല. കാരണം അങ്ങനെ അനുവാദം കൊടുത്താല്‍ ധാരാളം വൈദികര്‍ പൗരോഹിത്യ വൃത്തി ഉപേക്ഷിച്ചുപോകുമോ എന്ന് സഭാധികാരം ഭയപ്പെടുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പൗരസ്ത്യ സഭകളെക്കുറിച്ച് വളരെ വ്യക്തമായി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ''സാര്‍വത്രിക സഭ പൗരസ്ത്യസഭകളോടു വളരെ അധികം കടപ്പെട്ടിരിക്കുന്നു. ഇതിന് ചരിത്രവും പാരമ്പര്യങ്ങളും എണ്ണമറ്റ സഭാസ്ഥാപനങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. സഭാപരവും ആദ്ധ്യാത്മികവുമായ പാരമ്പര്യത്തിനെ കൗണ്‍സില്‍ വിലമതിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇതിനെ ക്രിസ്തുവിന്റെ സാര്‍വത്രികസഭയുടെതായി പരിഗണിക്കുകയും ചെയ്യുന്നു.അതിനാല്‍ പൗരസ്ത്യസഭകള്‍ക്കും പാശ്ചാത്യ സഭകളെപ്പോലെതന്നെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശങ്ങളും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. സംപൂജ്യമായ പൗരാണികത്വത്തില്‍ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ ഏറ്റം ഒത്തുപോകുന്നതും ആത്മാക്കളുടെ നന്മയ്ക്കു കൂടുതല്‍ ഉപകരിക്കുന്നതുമാണ്. അതിനാല്‍ അവ അത്യന്തം അഭിനന്ദനീയംതന്നെ.'' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, പേജ് 158)
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ ഇന്ത്യയിലെ പ്രാചീന സഭ അവളുടെ പാരമ്പര്യമനുസരിച്ച് ഒരു സ്വയംഭരണ സഭയായി തുടര്‍ന്നുപോന്നു. പോര്‍ട്ടുഗീസുകാരുടെ ആഗമനത്തിനുശേഷം പാശ്ചാത്യ സഭാവ്യവസ്ഥ ഈ സഭയുടെ മേല്‍ കെട്ടിവയ്ക്കുന്നതിന് നടത്തിയ എല്ലാ പരിശ്രമങ്ങളെയും സഭ ഒന്നടങ്കം എതിര്‍ത്തു. 19-ാം നൂറ്റാണ്ടില്‍ സ്വയംഭരണവാദം ശക്തിപ്പെട്ടു. അതിന്റെ ഫലമായി സഭയ്ക്ക് നാട്ടുമെത്രാന്മാരെ കിട്ടി എങ്കിലും റോമിന്റെ ചൊല്‍പ്പടിക്ക് ഭാരതീയ ക്രൈസ്തവരെ നിര്‍ത്താന്‍ വേണ്ട സംവിധാനങ്ങള്‍ പാശ്ചാത്യ സഭ ഒരുക്കി. 1905 -ല്‍ മാക്കീല്‍ മെത്രാന്‍ പാശ്ചാത്യ സഭാഭരണക്രമം അനുസരിച്ച് ഒരു ദെക്രെത്ത് (Decree) പ്രസിദ്ധീകരിച്ചു. ഇതും എതിര്‍പ്പിന് കാരണമായി.
 രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പൗരസ്ത്യസഭകളെക്കുറിച്ചള്ള പ്രഖ്യാപനം അത്യാഹ്ലാദപൂര്‍വമാണ് നാം സ്വീകരിച്ചത്. പക്ഷേ വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രഖ്യാപനത്തെ പൂര്‍ണമായും അട്ടിമറിച്ചുകൊണ്ട് പൗരസ്ത്യ കാനോന്‍ നിയമം 1991-ല്‍ കേരളസഭയുടെ മേല്‍ കെട്ടിവെച്ചു. പൗരസ്ത്യ കാനോന്‍ നിയമം ഭാരത സഭയ്ക്കുവേണ്ടി രൂപം കൊടുത്തതായിരുന്നില്ല. കാനോന്‍നിയമം പ്രഖ്യാപിച്ചുകൊണ്ട് മാര്‍പാപ്പാ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം എടുത്തു പറയുന്നുണ്ട്. അലക്‌സാണ്ട്രിയ, അന്ത്യോക്യാ, അര്‍മേനിയ, കാല്‍ഡിയ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സഭകളുടെ പാരമ്പര്യത്തില്‍പെട്ട സഭകള്‍ക്കുവേണ്ടിയാണ് ഈ നിയമം എന്ന് വ്യക്തമാക്കുന്നുണ്ട്. അതുപോലെതന്നെ കാനോന്‍ നിയമം 28 (2) -ല്‍ ഇങ്ങനെ വ്യക്തമായി പറയുന്നു: 'The rites treated in this code, unless otherwise stated, are those which arise from the Alexandrian, Antiochene, Armenian, Chaldean and Constantinopolitan traditions.
വത്തിക്കാന്‍ കൗണ്‍സിലിന്റെ ഡിക്രി അനുസരിച്ച് പൗരസ്ത്യ കാനോന്‍ നിയമം പൗരസ്ത്യ സഭകള്‍ക്കു മാത്രമുള്ളതാണ്. ഇന്ത്യയിലെ പൗരാണിക സഭക്ക് മറ്റ് ഒരു സഭയുടെയും പാരമ്പര്യമില്ല. പക്ഷേ ഭാരത സഭയുടെ പാരമ്പര്യം കല്‍ദായ പാരമ്പര്യമാണെന്ന് വരുത്തിതീര്‍ക്കാന്‍ റോമാ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു.
വത്തിക്കാന്‍ കൗണ്‍സിലിന്റെ മുന്‍ ചൂണ്ടിക്കാണിച്ച പ്രഖ്യാപനമനുസരിച്ച് സഭാക്രമങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അത് അവര്‍ തന്നെ ചെയ്യണം.
ഇന്ത്യയിലെ പൗരാണികസഭയുടെ മേല്‍ പോര്‍ട്ടുഗീസ് മെത്രാന്‍ റോസ് അടിച്ചേല്‍പിച്ചതാണ് സുറിയാനി കുര്‍ബാന ക്രമം. അതിനുമുമ്പ് നമ്മുടെ കത്തനാരന്മാര്‍ സുറിയാനിയില്‍ കുര്‍ബാന ചൊല്ലിയിരുന്നില്ല എന്ന് വ്യക്തമായ തെളിവുകളുണ്ട്. അങ്ങനെ പാശ്ചാത്യസഭ നമ്മുടെമേല്‍ അടിച്ചേല്‍പിച്ച സുറിയാനി കുര്‍ബാനക്രമത്തിന്റെ അടിസ്ഥാനത്തില്‍ പൗരാണിക ഭാരതീയ സഭ കല്‍ദായ സഭയുടെ പുത്രീസഭയാണെന്ന് റോമാ ഏകപക്ഷീയമായി പ്രഖ്യാപിച്ചുകൊണ്ട് മൂന്നില്‍രണ്ടുഭാഗം മെത്രാന്മാര്‍ ചേര്‍ന്ന് രൂപംകൊടുത്ത കുര്‍ബാന ക്രമത്തെ തിരസ്‌കരിക്കുകയും സുറിയാനി കുര്‍ബാനക്രമം നമ്മുടെമേല്‍ കെട്ടിവയ്ക്കുകയുമാണ് ചെയ്തത്. അങ്ങനെ കുര്‍ബാനക്രമം കല്‍ദായമാണെന്ന് റോമാ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനത്തിനും പ്രഖ്യാപനത്തിനും വിരുദ്ധമായി 1991-ല്‍ പൗരസ്ത്യ കാനോന്‍ നിയമം നമ്മുടെമേല്‍ കെട്ടിവെച്ചു.
പോര്‍ട്ടുഗീസുകാരുടെ വരവിനുശേഷം റോമന്‍ മതകൊളോണിയലിസം ഇന്ത്യയില്‍ ശാശ്വതീകരിക്കുന്നതിന് റോമില്‍ ഓരോ അധികാരകേന്ദ്രങ്ങളെ ഏല്പിക്കുകയായിരുന്നു. ഇന്ത്യന്‍ സഭയെ ഭരിക്കാനുള്ള അവകാശം മാര്‍പാപ്പാ പ്രഖ്യാപനങ്ങളിലൂടെ പോര്‍ട്ടുഗീസ് രാജാവിനു നല്‍കി. അങ്ങനെ പദ്രുവാദോ ഭരണം പോര്‍ട്ടുഗീസുകാര്‍ ഇവിടെ നടപ്പിലാക്കി. ഭാരത ക്രൈസ്തവര്‍ പോര്‍ട്ടുഗീസുകാരുടെ മതകൊളോണിയലിസത്തെ ശക്തമായി എതിര്‍ത്തപ്പോള്‍ ആ എതിര്‍പ്പിന്റെ മുന ഒടിക്കാന്‍ റോമാ ഇന്ത്യന്‍ സഭയുടെ ഭരണം പ്രൊപ്പഗാന്താ എന്ന മറ്റൊരു മതകൊളോണിയല്‍ ശക്തിയെ ഏല്പിക്കുകയായിരുന്നു. പ്രൊപ്പഗാന്താ സംഘത്തിന്റെ മതകൊളോണിയലിസത്തെ ഇന്ത്യയിലെ അഭിമാനമുള്ള ക്രൈസ്തവര്‍ ചെറുക്കുകയുണ്ടായി. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഇവര്‍ ഇന്ത്യയില്‍ 18-ാം നൂറ്റാണ്ടില്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങളെ പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോര്‍ തന്റെ വര്‍ത്തമാനപ്പുസ്തകം എന്ന ഗ്രന്ഥത്തില്‍ അതിനിശിതമായി വിമര്‍ശിക്കുന്നുണ്ട്.
പിന്നീട് റോമാ ഇന്ത്യയില്‍ നേരിട്ട് നാട്ടു മെത്രാന്മാരെ നിയമിക്കാന്‍ ആരംഭിച്ചു. അങ്ങനെ വളരെ ബോധപൂര്‍വം തങ്ങളോട് അനുസരണ പ്രഖ്യാപിക്കുന്നവരെ മാത്രം മെത്രാന്മാരാക്കി ഈ സഭയില്‍ റോമന്‍ മതകൊളോണിയലിസം ഇന്നും നിലനിര്‍ത്തുന്നു.
 വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപനത്തോടെ ഇന്ത്യന്‍ സഭയ്ക്ക് ആഭ്യന്തര സ്വയം ഭരണാവകാശം ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. അതിനായി നമ്മുടെ സഭാ ചരിത്രകാരന്മാര്‍ സഭയുടെ പാരമ്പര്യം തേടി റോമിലേക്കു പറന്നു. ഈ പഠനത്തിന് മുന്‍കൈയെടുത്തതും മാര്‍ഗ നിര്‍ദേശം നല്‍കിയതും റവ. ഡോ. പ്ലാസിഡ് പൊടിപാറ ആണെന്നത് കൃതജ്ഞതാപൂര്‍വം സ്മരിക്കുന്നു. പ്ലാസിഡിനെ തുടര്‍ന്ന് ഫാ. കൂടപ്പുഴ, ഫാ. പവ്വത്തില്‍. ഫാ. ആന്‍ഡ്രൂസ് താഴത്ത്, മാര്‍ വര്‍ക്കി വിതയത്തില്‍, ഫാ. കൊല്ലാപറമ്പില്‍, ഫാ. കുറിയേടത്ത് മുതലായവര്‍ സഭാചരിത്ര ങ്ങളെഴുതി. ഈ സഭാചരിത്രത്തിലെല്ലാം ഭാരതസഭയുടെ ഘടന എന്തായിരുന്നുയെന്ന് വ്യക്തമാക്കുന്നുണ്ട്. തികച്ചും ജനാധിപത്യപരമായിരുന്നു പള്ളി ഭരണമെന്ന് അസന്നിഗ്ദ്ധമായ ഭാഷയില്‍ ഈ ചരിത്രകാരന്മാരെല്ലാം കുറിച്ചുവയ്ക്കുകയുണ്ടായി. മെത്രാന്മാര്‍ക്കോ പുരോഹി തര്‍ക്കോ സഭയുടെ സാമ്പത്തിക ഭരണത്തില്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. അങ്ങനെ ഓരോ ഇടവകയും സ്വതന്ത്രങ്ങളായിരുന്നു. ഭാരതത്തിന്റെ തനതായ ഈ സഭാഘടനയെ വിദേശ മിഷനറിമാര്‍ ക്രിസ്ത്യന്‍ റിപ്പബ്ലിക് എന്നാണ് വിളിച്ചുപോന്നത്. ഈ പാരമ്പര്യങ്ങളെ ഒന്നും കണക്കിലെടുക്കാതെ റോമാ ഏകപക്ഷീയമായി പൗരസ്ത്യ കാനോന്‍ നിയമം നമ്മുടെമേല്‍ അടിച്ചേല്‍പിച്ചു. ഇന്ത്യയില്‍ വിദേശ കൊളോണിയലിസം അവസാനിച്ചെങ്കിലും റോമിന്റെ മതകൊളോണിയലിസം കൂടുതല്‍ ശക്തമായികൊണ്ടിരിക്കുകയാണ്.
പൗരസ്ത്യ കാനോന്‍ നിയമം ഇന്ത്യന്‍ സഭയുടെമേല്‍ അടിച്ചേല്‍പിച്ചത് 23-ാം ജോണ്‍ മാര്‍പാപ്പായോടും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആത്മാവിനോടും റോമ ചെയ്ത ക്രൂരമായ വഞ്ചനയാണ്. ഇന്ന് ഭാരതസഭയെ ഭരിക്കുന്നത് ഈസ്റ്റേണ്‍ കോണ്‍ഗ്രിഗേഷന്‍ എന്ന ഒരു കൊള്ള സംഘമാണ്. അവരാണ് മെത്രാന്മാരെ നിയമിക്കുന്നത്. (നാമമാത്രമായ തെരഞ്ഞെടുപ്പു നടക്കുന്നു എന്നുള്ളത് ശരിതന്നെ.) പക്ഷേ ഇതിന്റെ പിന്നില്‍ ചരടുപിടിക്കുന്നത് റോമിലെ പൗരസ്ത്യ കൊള്ളസംഘം തന്നെയാണ്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയ്ക്കുളളില്‍ നവീകരണ ത്തിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തി. പക്ഷേ പ്രത്യാശ തകര്‍ന്ന സഭ ഇന്ന് യൂറോപ്പില്‍ അനുദിനം ശോഷിച്ചുകൊണ്ടിരിക്കുകയാണ്. സഭയില്‍ ക്രിസ്തു ഇല്ല എന്ന ബോധം വിശ്വാസികളില്‍ വളര്‍ന്നു വന്നു. ക്രിസ്തുവിന്റെ സ്ഥാനത്ത് കിരീടം അണിഞ്ഞ് മാര്‍പാപ്പാമാരും കര്‍ദിനാളന്മാരും മെത്രാന്മാരും ഇരിക്കുന്നു! ആധുനിക ഭരണക്രമമായ ജനാധിപത്യം സഭയ്ക്കുള്ളിലില്ല. എല്ലാം മെത്രാന്‍ കേന്ദ്രീകൃതം.
''രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍'' തിരുസഭ എന്ന ഡിക്രിയില്‍ ഇങ്ങനെ പറയുന്നു. ''മനുഷ്യരില്‍നിന്ന് എടുക്കപ്പെട്ട ശ്രേഷ്ഠപുരോഹിതനായ ക്രിസ്തുനാഥന്‍ (എവ്രാ.5:1-5) ഈ പുതിയ ജനത്തില്‍നിന്ന് തന്റെ പിതാവായ ദൈവത്തിന് ഒരു രാജ്യവും ഒരു പുരോഹിതവംശവും തയ്യാറാക്കി (വെളി. 1: 6:5:9-10). ക്രൈസ്തവന്റെ എല്ലാ പ്രവര്‍ത്തികളും വഴി ആത്മീയബലിയര്‍പ്പിക്കുകയും, അന്ധകാരത്തില്‍നിന്ന് തന്റെ അത്ഭുതകരമായ പ്രകാശത്തിലേക്ക് വിളിച്ച അവിടത്തെ ഔന്നത്യത്തെ പ്രകീര്‍ത്തിക്കുകയുമാണ് അവരുടെ കര്‍ത്തവ്യം. ജ്ഞാനസ്‌നാനത്താല്‍ നവമായി ജനിക്കുകയും പരിശുദ്ധാരൂപിയാല്‍ അഭിഷേചിക്കപ്പെടുകയും ചെയ്തിരിക്കുന്ന അവര്‍ ഒരു ആത്മീയ ഭവനവും പരിശുദ്ധ പൗരോഹിത്യവുമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. (1പത്രോ. 2:4-10).അതിനാല്‍ ക്രിസ്തുവിന്റെ ശിഷ്യരെല്ലാം പ്രാര്‍ത്ഥനകളിലും ദൈവസ്തുതികളിലും മുഴുകി (നട. 2:42-47). പ്രിയംകരവും വിശുദ്ധവും സജീവവുമായ ബലിവസ്തുക്കളായി ദൈവത്തിനു സ്വയം സമര്‍പ്പിക്കണം (റോമ. 12:1). (തിരുസ്സഭ 5)
പക്ഷേ ഇന്ന് സഭ എന്നാല്‍ മെത്രാനും അച്ചന്മാരുമാണ്. രാജകീയ പുരോഹിതഗണമായ വിശ്വാസികള്‍ സഭയിലെ അടിയാന്മാരും.
Courtesy: അല്മായ ശബ്ദം

No comments:

Post a Comment