Saturday, March 10, 2012

സ്വതന്ത്ര സഭാസംഘടനകള്‍ PART- I

സഭാനവീകരണവും സ്വതന്ത്ര സഭാസംഘടനകളും PART-I
                                                        ഫാ.ഡേവിസ് കാച്ചപ്പിള്ളി 

[കേരള കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം 2012 ഫെബ്രുവരി 25-ന് പാലായില്‍ നടത്തിയ സെമിനാറില്‍ അവതരിപ്പിച്ച ഈ പ്രബന്ധം, മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു.]
കത്തോലിക്കാസഭയെ നവീകരിക്കണം എന്ന ആശയം സഭയ്ക്ക് മുമ്പാകെ അവതരിപ്പിച്ചത് 1959 ജനുവരി 25-ന് അന്ന് സഭയെ ഭരിച്ചിരുന്ന 23-ാം യോഹന്നാന്‍ പാപ്പയാണ്. ദൈവാരൂപിയുടെ നിവേശനത്തിലൂടെയാണ് ഈ ആശയം തനിക്കുണ്ടായതെന്ന്, അദ്ദേഹത്തിന്റെ സ്ലൈഹിക ലേഖനത്തിലൂടെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ('Superno Dei Nuntu', June 5,1960 ) സഭയെ അധുനാധുനീകരിക്കുക, എന്ന രണ്ടു വാക്കുകളിലൂടെ തിരുസഭയുടെ സര്‍വ്വതോന്മുഖമായ നവീകരണമാണ് അദ്ദേഹം ലക്ഷ്യംവച്ചത്. ഈ നവീകരണ ലക്ഷ്യം പ്രസ്പഷ്ടമാക്കിക്കൊണ്ടുള്ള പ്രസംഗത്തിലൂടെ 1962 ഒക്‌ടോബര്‍ 11 ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മാര്‍പ്പാപ്പ ഉദ്ഘാടനം ചെയ്തു. 
നവീകരണവും സ്വാതന്ത്ര്യവും
'സഭ ആധുനികയുഗത്തില്‍' എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖ No.17-ല്‍ സഭാനവീകരണത്തില്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമാണ്: ''സ്വതന്ത്രമായ അവസ്ഥയില്‍ മാത്രമേ നന്മയിലേക്ക് തന്നെത്തന്നെ തിരിക്കാന്‍ (നവീകരിക്കാന്‍) മനുഷ്യന് കഴിയുകയുളളൂ. നമ്മുടെ സമകാലികര്‍ ഈ സ്വാതന്ത്ര്യം വിലമതിക്കുന്നുണ്ട്. മനുഷ്യനിലുള്ള ദൈവികഛായയുടെ ഒരടയാളമാണ് നന്മയെ സ്വീകരിക്കാനും, നന്മയിലേക്ക് സ്വയം തിരിയാനുമുള്ള ഈ സ്വാതന്ത്ര്യം. കാരണം, സ്വന്തം തീരുമാനങ്ങളുടെ നിയന്ത്രണത്തില്‍ മനുഷ്യന്‍ വ്യാപരിക്കണമെന്നാണ് ദൈവത്തിന്റെ അഭീഷ്ടം. എങ്കില്‍ മാത്രമേ തന്റെ സൃഷ്ടാവിനെ സ്വമേധയാ അന്വേഷിക്കാനും, സ്രഷ്ടാവായ ദൈവത്തിന്റെ പൂര്‍ണ്ണതയിലേക്ക് സ്വതന്ത്രമായി വളരാനും മനുഷ്യന് കഴിയുകയുള്ളൂ. അതുകൊണ്ട് സ്വതന്ത്രബുദ്ധി ഉപയോഗിച്ച് സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ പ്രവര്‍ത്തിക്കാനും കര്‍മ്മ പരിപാടികളും മാര്‍ഗങ്ങളും സ്വീകരിക്കാനും മനുഷ്യന്റെ വ്യക്തിമാഹാത്മ്യം ആവശ്യപ്പെടുന്നുണ്ട്. അപ്രകാരം സ്വതന്ത്രമായി വളര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍, മനുഷ്യന്‍ തന്റെ മഹാത്മ്യം നേടിയെടുത്തു എന്ന സന്തോഷവും സമാധാനവും ആത്മസംതൃപ്തിയും അവന് ലഭിക്കുകയും ചെയ്യും. ഇത് ക്രിസ്തീയ ദൈവവിളിയുടെ സമുന്നതമായ ഒരു അവസ്ഥയാണ്. ഈ ലക്ഷ്യം വച്ചു കൊണ്ടുള്ള സ്വതന്ത്രമായ നവീകരണമാണ് സഭയിലുണ്ടാകേണ്ടത്. ദൈവമക്കളായ ക്രൈസ്തവര്‍ക്ക് പിതാവിന്റെ ഭവനത്തിലുള്ള സ്വാതന്ത്ര്യമാണത്. തന്മൂലം സ്വാതന്ത്ര്യം ക്രൈസ്തവജീവിതത്തില്‍ അടിസ്ഥാനപ്രാധാന്യമര്‍ഹിക്കുന്നു.''' (G. 5.No-17). 
വി. പൗലോസ് അപ്പസ്‌തോലന്‍ പ്രസ്താവിക്കുന്നു: ''സഹോദരരേ, നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കാണ്' (ഗാലാ. 5:1). ഈ സ്വാതന്ത്ര്യത്തില്‍ നിങ്ങളെ നയിക്കേണ്ടത് ദൈവാത്മാവായിരിക്കണമെന്നും, അപ്രകാരം ദൈവാത്മാവില്‍ സ്വതന്ത്രരായി നയിക്കപ്പെടുന്നവര്‍, ന്യായ പ്രമാണത്തിന് പോലും അതീതരാണെന്നുമാണ് പൗലോസ് പഠിപ്പിക്കുന്നത്(ഗാലാ. 5-18). അതുകൊണ്ടാണ് സെന്റ് തോമസ് അക്വീനോസ് ഇപ്രകാരം പ്രസ്താവിക്കുന്നത്; ''സ്വതന്ത്രമനസ്സില്ലാതെ നമുക്ക് ദൈവം നല്‍കിയ സ്‌നേഹത്തിന്റെ കല്പന പോലും പാലിക്കാനാകില്ല.'''(Summa Theologica11:11).
കൗണ്‍സിലിന്റെ 'അല്മായപ്രേഷിതത്വം' എന്ന പ്രമാണരേഖ No.7-ല്‍ ഇപ്രകാരം പ്രസ്താവിക്കുന്നു: ''ഭൗതികമണ്ഡലത്തിന്റെ നവീകരണം സ്വന്ത ചുമതലയായി അത്മായര്‍ ഏറ്റെടുക്കണം. സുവിശേഷവും സഭയുടെ പ്രബോധനവും ഇതിനവരെ സഹായിക്കണം. ക്രിസ്തീയ സാഹോദര്യം അവര്‍ക്ക് പ്രചോദനമരുളണം; വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെ അവര്‍ നേരിട്ട് പ്രവര്‍ത്തിക്കണം. സ്വന്തം കഴിവുകളും ഉത്തരവാദിത്വങ്ങളും ബലികഴിക്കാതെ, പൗരന്മാരെന്ന നിലയില്‍ അവര്‍ മറ്റുള്ളവരോട് സഹകരിക്കണം. ഇത്തരം പ്രേഷിതപ്രവൃത്തികളില്‍ ക്രിസ്തീയ സാമൂഹിക പ്രവര്‍ത്തനം (ക്രിസ്തീയ സമൂഹ നവീകരണം) ഉന്നതസ്ഥാനമര്‍ഹിക്കുന്നു. ഇത്തരമൊരു നവീകരണ പ്രവര്‍ത്തനം എല്ലാ തലങ്ങളിലും ഉണ്ടായിക്കാണാന്‍ സൂനഹദോസ് ആഗ്രഹിക്കുന്നു.'' (അല്മായ പ്രേഷിതത്വം No.7)
'തിരുസ്സഭ'' എന്ന ഡിക്രി നമ്പര്‍ 30-37 -ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ''സത്യത്തിന്റെയും നീതിയുടേയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റേതുമായ ദൈവരാജ്യം അല്മായരിലൂടെ വിസ്തൃതമാക്കാന്‍ ക്രിസ്തു ആഗ്രഹിക്കുന്നു. ദൈവപുത്രന്മാര്‍ക്കും ക്രിസ്തുവിന്റെ സഹോദരങ്ങള്‍ക്കും യോജിച്ച സ്വാതന്ത്ര്യത്തോടും മനോവിശ്വാസത്തോടുംകൂടി അല്മായര്‍ തങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും അഭിപ്രായങ്ങളും സഭയുടെ അജപാലകരെ അറിയിക്കണം, നല്ല അറിവും കാര്യക്ഷമതയും അസാമാന്യ സാമര്‍ത്ഥ്യവുമുള്ള അല്‍മായര്‍ക്ക് സഭയെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റി സ്വന്തമായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യവും കടമയുമുണ്ട്.''
'അല്മായപ്രേഷിതത്വം' എന്ന ഡിക്രിയിലൂടെ വത്തിക്കാന്‍ കൗണ്‍സില്‍ പ്രസ്താവിക്കുന്നതിപ്രകാരം: ''അല്മായര്‍ തങ്ങളുടെ വ്യക്തിപരവും സാമൂഹ്യവും സാര്‍വ്വലൗകികവും സഭാപരവുമായ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ടതാണ്. ഈ പ്രവര്‍ത്തനം സ്വന്ത ഇടവകയില്‍ മാത്രമല്ല, മറ്റ് ഇടവകകളിലേക്കും രൂപതകളിലേക്കും ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും വ്യാപിപ്പിക്കേണ്ടതാണ്''( No.10).
സ്വതന്ത്രസംഘടനകളും സഭാനവീകരണവും 
'അല്മായപ്രേഷിതത്വം' No.18-22 ല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ''സഭയുടെ നവീകരണത്തിനുവേണ്ടി സ്വതന്ത്രമായി സംഘടിച്ച് കൊണ്ടുള്ള അല്‍മായരുടെ പ്രവര്‍ത്തനം ക്രിസ്തീയവും മാനുഷികവുമായ ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനം യേശുവിന്റെ പ്രബോധനത്തില്‍ കാണാനാകും: ''എന്റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ ഒന്നിച്ചുകൂടുമ്പോള്‍ അവരുടെ മദ്ധ്യത്തില്‍ ഞാനുണ്ടായിരിക്കും'''(മത്താ.18:20). ''നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ച് ചോദിക്കുന്ന ഏത് കാര്യവും സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും'' (മത്താ. 18:19). തന്മൂലം ക്രിസ്തുവിന്റെ സഭയുടെ ഐക്യത്തെയാണ് ഇത്തരം സംഘടനകള്‍ സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ട് സംഘടനകള്‍ സ്ഥാപിച്ച് നടത്താനുള്ള അവകാശം അല്‍മായര്‍ക്കുണ്ട്. സഭാധികാരികള്‍ സന്തോഷത്തോടും കൃതജ്ഞതയോടും കൂടി ഈ സംഘടനകളേയും അവയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായരേയും സ്വാഗതം ചെയ്യേണ്ടതാണ്.'കത്തോലിക്കാപ്രവര്‍ത്ത നം'എന്ന പേരിലോ, മറ്റേതെങ്കിലും പേരിലോ അറിയപ്പെടുന്ന ഇത്തരം സംഘടനകള്‍ നമ്മുടെ കാലഘട്ടത്തില്‍ വിലയേറിയ പ്രേഷിതപ്രവര്‍ത്തിയാണ് നിര്‍വഹിക്കുന്നത്. അത്തരം സംഘടനകളെ വൈദികരും സന്യാസികളും, അല്‍മായരും കാര്യമായി കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരം സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന അല്‍മായര്‍ സഭയില്‍ പ്രത്യേക ബഹുമതിയും അഭിനന്ദനവും അര്‍ഹിക്കുന്നവരാണ്.'' (അല്മായപ്രേഷിതത്വം, നമ്പര്‍ 18-22)  (തുടരും)
Courtesy: അല്മായ ശബ്ദം -


1 comment:

  1. But dear Father, who is bothered about Pope John 23rd who tried to modernise the Catholoic Church, the Vatican council and its 16 sacred documents? Now everybody is bothered bout building palacious Church buildings and erecting mite boxes infront of it. Jesus' theology is "Nobody can serve God and mamon". The modern 'theology' is a contradiction to this. The modern priest wants only money. They don't want anybody to interfere in this. So they don't want independent lay associations in the church. They want only sycophants who will play second fiddle to them. That is why when a draft bill requiring accountability and transparency in matters of church property was proposed it was vehemently opposed by the clerical hierarchy even resorting to telling flat lies that Govt. is taking over the Church properties. Now the clergy deter the laity by denying dignified burial to the dead and denial of the holy sacrament of marriage to the youngsters. How long they will keep on terrorising the laity? Unless the laity organise themselves and fight for their rights in the Church, the clergy will keep on scaring them.

    ReplyDelete