Thursday, March 15, 2012

ബിഷപ്പിനെതിരെ പോലീസ് (ഐ.പി.സി.297) കേസ്സെടുത്തു


ശവശരീരത്തിനോട് അനാദരവ്: 
പള്ളി വികാരിക്കും 
ഇരിങ്ങാലക്കുട ബിഷപ്പിനും എതിരെ പോലീസ് കേസ്സെടുത്തു


                                                  Anto Kokkat 
                                                 State Vice President, Joint Christian Council.
                                                  (0487-2447690, 9446017690) 
ശവശരീരത്തിനോട് പകപോക്കി വിശ്വാസികളെ വരുതിയിലാക്കി നിര്‍വൃതികൊള്ളുകയും
ശവസംസ്‌കാരത്തിന്റെ പേരില്‍ വില പേശി വിശ്വാസികളെ പീഡിപ്പിക്കുകയും,
ശവം വിറ്റ് കാശാക്കുകയും ചെയ്യുന്ന കത്തോലിക്കാ സഭയുടെ പതിവ് രീതിക്ക് തിരിച്ചടി.

കോടശ്ശേരി പഞ്ചായത്തില്‍ പൊന്നാമ്പിയോളി സ്വദേശി കൂട്ടാട്ടി വീട്ടില്‍ ദേവസ്സിക്കുട്ടി മകന്‍ പൗലോസ് (52) ഗൂഡല്ലൂരില്‍ കാവല്‍മാടത്തിന് തീപിടിച്ച് മരിച്ചതിനെ തുടര്‍ന്ന് പുളിങ്കര സെന്റ് മേരീസ് പള്ളി വികാരി സഭാപരമായ മരിച്ചടക്ക് നിഷേധിച്ച് പള്ളി പൂട്ടിപ്പോയതില്‍ വെള്ളിക്കുളങ്ങര പോലീസ് പളളി വികാരി ഫാ. പോള്‍ ചെറുവത്തൂരിനെ ഒന്നാം പ്രതിയാക്കിയും അതിന് നിര്‍ദ്ദേശിക്കുകയും കൂട്ടുനില്‍ക്കുകയും ചെയ്ത ഇരിങ്ങാലക്കുട കത്തോലിക്കാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ രണ്ടാം പ്രതിയാക്കിയും ഐ.പി.സി. 297 വകുപ്പനുസരിച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ച കുറ്റത്തിന് കേസ്സെടുത്തു. (ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്) മരിച്ച പൗലോസിന്റെ ഇളയസഹോദരന്‍ സണ്ണി, കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ. ജോയി എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഇതു സംബന്ധിച്ച് വെള്ളിക്കുളങ്ങര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.ഐ. ബേബി ചാലക്കുടി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്‍-ല്‍ ഇങ്ങനെ പറയുന്നു. ഗൂഡല്ലൂരില്‍ താമസിച്ച് ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്ന പൗലോസ് ഷെഡിന് തീപിടിച്ച് 24-02-2012ന് മരണപ്പെട്ട വിവരം അറിഞ്ഞപ്പോള്‍തന്നെ വീട്ടുകാര്‍ വികാരിയച്ചനെ വിവരം അറിയിക്കുകയും മൃതദേഹം തറവാട്ടില്‍ കൊണ്ടുവന്ന് ഇവിടെ സംസ്‌കരിക്കാന്‍ എന്തെങ്കിലും നിയമതടസ്സമുണ്ടോയെന്ന് അന്വേഷിച്ചപ്പോള്‍ വികാരി നിര്‍ദ്ദേശിച്ചത് ഗൂഡല്ലൂരിലെ പള്ളി വികാരിയുടെ കത്തും പോലീസ് പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റും അടക്കം മൃതദേഹം കൊണ്ടുവന്നാല്‍ മതിയെന്നാണ്. അതനുസരിച്ച് 25-ാം തിയ്യതി വെളുപ്പിന് മൃതദേഹം തറവാട്ടുവീട്ടില്‍ കൊണ്ടുവരികയും വെളുപ്പിന് 5.30നുതന്നെ മേല്‍പറഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചന് നല്‍കുകയും അച്ചനത് വായിച്ചു നോക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വികാരി നിലപാട് മാറ്റിയതിനെ തുടര്‍ന്ന് പരേതന്റെ സഹോദരന്മാരായ സണ്ണി, ജോസ്, റപ്പായി, ജോണ്‍സണ്‍, അയല്‍ക്കാരനായ പയ്യപ്പിള്ളി ജോസഫ് എന്നിവര്‍ വികാരിയുടെ കത്തുമായി ഇരിങ്ങാലക്കുട ബിഷപ്പിനെ കണ്ട് പരാതി പറഞ്ഞപ്പോള്‍ ബിഷപ്പ് അച്ചന്മാരാരും ശവസംസ്‌കാരത്തിന് വരില്ലെന്നറിയിച്ചു. സഹോദരന്റെ അപകടമരണത്തെ തുടര്‍ന്ന് കരിഞ്ഞ് വികൃതമായ ശവത്തിന്റെ അടക്കത്തിനായി സമീപിച്ച ദുഃഖാര്‍ത്തരായ സഹോദരന്മാരോട് ഒരു കരുണയും കാണിക്കാതെ ഏഴാം ചരമദിനം ഗംഭീരമായി നടത്താം എന്നു പറഞ്ഞ് ബിഷപ്പ് കളിയാക്കുകയാണ് ചെയ്തത്. (പരേതന്‍ ഭാര്യയും കുട്ടികളും സഹിതം ഗൂഡല്ലൂരിലാണ് താമസിക്കുന്നതെങ്കിലും ഇടയ്ക്ക് ഇവിടെ വരാറുള്ളതും ഇവിടത്തെ കുടുംബരജിസ്റ്ററില്‍ പേര് നിലവിലുള്ളതുമാണ്. പരേതന്റെ മകന്‍ ബുദ്ധിമാന്ദ്യംഉള്ളയാളുമാണ്.)
ശവസംസ്‌കാര യാത്ര 1.30ന് പള്ളിയിലെത്തിയപ്പോള്‍ വികാരിയച്ചന്‍ മൃതദേഹത്തോട് മനപ്പൂര്‍വ്വം അനാദരവും അവഹേളനവും കാണിച്ച് പള്ളിയുടെ എല്ലാ വാതിലുകളും പൂട്ടി പുറത്ത് പോയി. വിശ്വാസികള്‍ പള്ളിയുടെ മുമ്പില്‍ ശവമഞ്ചം കിടത്തി അച്ചനുവേണ്ടി കാത്തിരുന്നുവെങ്കിലും, അച്ചന്‍ മറ്റാരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ വിശ്വാസികള്‍തന്നെ ശവം കല്ലറയില്‍ വെച്ച് സ്ലാബിട്ട് മൂടുകയാണ് ചെയ്തത്. കത്തോലിക്ക സഭയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് ഒരു കത്തോലിക്കാബിഷപ്പിനെതിരെ ഐ.പി.സി. 297 വകുപ്പനുസരിച്ച് കേസ്സെടുക്കുന്നത്.
ഞാറയ്ക്കല്‍ കന്യാസ്ത്രീകളെ ശാരീരികമായി പീഡിപ്പിച്ച് അവരുടെ സ്‌കൂള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എറണാകുളം ബിഷപ്പ് തോമസ് ചാക്യാത്തിനും, വികാരിക്കും, ഫാ. ബിജു കിലുക്കനും, ഫാ. ചിറപ്പണത്തിനും, 5 അക്രമികള്‍ക്കും, മട്ടാഞ്ചേരി കോടതി വധശ്രമത്തിന് കേസ്സെടുത്ത് സമന്‍സ് അയച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത 15 വയസ്സുകാരെ സന്യാസത്തിന് നിര്‍ബ്ബന്ധിക്കുന്ന ദൈവവിളി ക്യാമ്പുകള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ തൃശൂര്‍ ബിഷപ്പിന് നോട്ടീസ് അയക്കാനും ഉത്തരവായിരിക്കുകയാണ്. പാവര്‍ട്ടി പള്ളിയോടനുബന്ധിച്ചുള്ള സാന്റ് ജോസ് പാരിഷ് ഹോസ്പിറ്റല്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ജീസാമോളുടെ ദുരൂഹമരണം സി.ബി.ഐ. അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവായിരിക്കുകയാണ്. മുന്‍ പാവര്‍ട്ടി പള്ളി വികാരി ഫാ. പോള്‍ പയ്യപ്പിള്ളിക്കെതിരെയാണ് ആക്ഷന്‍ കൗണ്‍സില്‍ വിരല്‍ ചൂണ്ടുന്നത്. കൂട്ടുനിന്നത് മൂന്ന് കന്യാസ്ത്രീകളാണ്.
പുളിങ്കര സംഭവത്തില്‍ കൂട്ടാട്ടി സണ്ണിയുടെ അദ്ധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന വിശ്വാസികളുടെ യോഗം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ആന്റോ കോക്കാട്ട്, കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ. ജോയി, വി.എ. ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. മേല്‍നടപടികള്‍ക്കായി ബിജു കൂട്ടാട്ടി, ഷിജു ചില്ലായി, സാബു പരിയാടന്‍, വര്‍ഗ്ഗീസ് കൂട്ടാട്ടി എന്നിവര്‍ ഭാരവാഹികളായി ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പഞ്ചായത്ത് ഓഫീസിലേക്കും രൂപതാ ആസ്ഥാനത്തേക്കും മാര്‍ച്ച് നടത്താനും തീരുമാനിച്ചു.
1996ല്‍ കുറവിലങ്ങാട് ഇടവകയില്‍ ഡി.സി.സി. സെക്രട്ടറിയും യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറുമായിരുന്ന വി.കെ. കുരിയന്റെ മൃതദേഹം സഭാപരമായി മറവ് ചെയ്യാന്‍ വിസമ്മതിച്ച പാലാ രൂപതക്ക് സിവില്‍ കോടതി രണ്ടേകാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു.
19-08-2007ല്‍ കൊച്ചി സാന്‍തോം ഇടവകാംഗം വികലാംഗനും, മാര്‍പ്പാപ്പ വന്നപ്പോള്‍ പാപ്പായില്‍നിന്ന് ദിവ്യകാരുണ്യം സ്വീകരിച്ചിട്ടുള്ളതുമായ ചെലവന ജോസഫിന്റെ മൃതദേഹം പള്ളി സിമിത്തേരിയില്‍ അടക്കം ചെയ്യാന്‍ വിസമ്മതിച്ച വികാരി ഫാ. ജോപ്പി തോട്ടുങ്കലിന് കോടതിവിധിയെ തുടര്‍ന്ന് പൊതുശ്മശാനത്തില്‍നിന്ന് ശവം പുറത്തെടുത്ത് മതാചാരപ്രകാരം പള്ളി സിമിത്തേരിയില്‍ സംസ്‌കരിക്കേണ്ടിവരികയും 50,000 രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടിവരികയും ചെയ്തു. ആ ശവമെടുപ്പ് യാത്ര നാം ചാനലുകളില്‍ കണ്ടതാണ്. പരേതന്‍ പെന്തിക്കോസ്ത് സഭയില്‍ ചേര്‍ന്നിരുന്നു എന്നാണ് സഭ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ആ വാദം അംഗീകരിക്കാതെ സഭാപരമായ മരിച്ചടക്ക് അനുവദിക്കുകയായിരുന്നു.
10-01-2011ല്‍ മരാമണ്‍ സെന്റ് ജോസഫ് ഇടവകയില്‍ ആദംകോട്ട് എ.ജെ. മത്തായിയുടെ മകന്‍ എ.എം. രാജന്‍ എന്ന ദളിത് യുവാവിന്റെ മൃതദേഹം സഭാപരമായി അടക്കം ചെയ്യാന്‍ വികാരി വിസമ്മതിച്ചതിനെ തുടര്‍ന്ന് 10 ദിവസം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് വിജയപുരം രൂപതക്ക് സഭാപരമായ മരിച്ചടക്കിന് വഴങ്ങേണ്ടി വന്നു.
05-01-2012ല്‍ പാലായിലെ മാനത്തൂര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗമായ കല്ലുവെട്ടത്ത് കുട്ടപ്പന്‍ (തോമസ് വര്‍ക്കി) എന്ന ദളിത് ക്രൈസ്തവന് സഭാപരമായ ശവമടക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രക്ഷോഭം ആരംഭിക്കുകയും നഷ്ടപരിഹാരമായി വീടില്ലാത്ത ആ സാധു കുടുംബത്തിന് വീട് പണിതു കൊടുക്കുന്നതുള്‍പ്പടെയുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ശ്രമങ്ങള്‍ നടക്കുകയാണ്.
11-07-2010ല്‍ തൃശൂരിലെ കാച്ചേരി ഇടവകയില്‍ ചക്കാലക്കല്‍ ജോസ് മകന്‍ ബിജു (35) മരിച്ചപ്പോള്‍ ആ ശവശരീരം പള്ളി സെമിത്തേരിയില്‍ മറവു ചെയ്യാന്‍ വികാരി ഫാ. സെബി ചിറ്റാട്ടുകര വിസമ്മതിച്ചതിനെ തുടര്‍ന്ന് ലാലൂര്‍ മുനിസിപ്പല്‍ പൊതുശ്മശാനത്തില്‍ അടക്കി ബന്ധുക്കള്‍ അവിടെ കുരിശ് സ്ഥാപിക്കുകയുണ്ടായി. പിന്നീട് വിവരം അറിഞ്ഞപ്പോള്‍ കേരള കാത്തലിക് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ പരേതന്റെ വീട്ടിലെത്തി ഇതു സംബന്ധമായി അധികാരികള്‍ക്ക് പരാതി നല്‍കുവാന്‍ പ്രേരിപ്പിച്ചെങ്കിലും, പള്ളി അധികാരികളെ ഭയന്ന് പരേതന്റെ ബന്ധുക്കള്‍ അതില്‍നിന്നും പിന്‍മാറി. ഇത്തരം പാവപ്പെട്ടവരുടെ ശവശരീരം പള്ളിക്ക് വേണ്ട. എന്നാല്‍ പരേതനായ മത്തായി ചാക്കോ എം.എല്‍.എ.യേപോലുള്ളവരുടെ ശവശരീരം ഇവര്‍ക്ക് വേണം!
വിശ്വാസികളുടെ മൃതദേഹത്തോടുള്ള അനാദരവും വിശ്വാസിപീഢനവും സഭയുടെ ഭാഗത്തുനിന്ന് കേരളത്തില്‍ എവിടെയുണ്ടായാലും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും അതിലെ ഘടക സംഘടനകളും അതിലിടപെട്ട് വിശ്വാസികളുടെ പക്ഷത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നിയമനടപടികള്‍ക്ക് വേണ്ടസഹായസഹകരണങ്ങള്‍ ചെയ്യുമെന്നും അറിയിക്കുവാന്‍ ഈ അവസരം വിനിയോഗിക്കട്ടെ.
Late Poulose

The witnesses

Courtesy: അല്മായ ശബ്ദം  


No comments:

Post a Comment