അജപാലന സംവാദം
Fr. Davis Kachappilly CMI
Kuttichira P.O., 680724.
Ph: 9497179433.
Email: frdaviskachappilly@yahoo.in
http://facebook.com/frdaviskachappilly.
Courtesy: അല്മായ ശബ്ദം -
Fr. Davis Kachappilly CMI
രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ ഭാഷയില്‍ ക്രിസ്തുവിന്റെ പ്രേഷിതദൗത്യം ലോകത്തില്‍ നിര്‍വഹിക്കുന്നതിന് ഒരു ഏകീകൃത ജനമായി വിളിക്കപ്പെട്ടിരിക്കുന്നവരുടെ സമൂഹമാണ് “ദൈവജന” മെന്ന് കൗണ്‍സില്‍ വിശേഷിപ്പിക്കുന്ന തിരുസ്സഭ. മാര്‍പാപ്പയും മെത്രാന്മാരും വൈദികരും സന്യാസികളും അല്‍മായരുമായി യേശു ക്രിസ്തുവില്‍ ഐക്യപ്പെട്ടിരിക്കുന്നവരുടെ സമൂഹമാണത്. ഇവിടെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും യേശു നല്‍കിയിരിക്കുന്ന ദൗത്യം “വിശുദ്ധ നേതൃത്വമാണ്”.(L.G. No. 18-29). യേശു വി. പത്രോസിന്റെ നേതൃത്വത്തില്‍ അപ്പസ്‌തോലന്മാരെ ഭരമേല്പിച്ച ദൗത്യമാണിത്. (മത്താ. 28: 19-20) സഭ മുഴുവന്റെയും അജപാലനത്തിന് നേതൃത്വം നല്‍കേണ്ടവരാണവര്‍. തന്മൂലം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അജപാലകരും അജപാലനവും നവീകരിക്കപ്പെട്ടുവോ എന്ന് കൗണ്‍സിലിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ പരിചിന്തിക്കേണ്ടതാണ്.
അജപാലന നവീകരണ ശുശ്രൂഷ
“വിശുദ്ധ നേതൃത്വം” സ്വീകരിച്ചിരിക്കുന്ന അജപാലകരെ സഭയില്‍ തങ്ങളുടെ സഹോദരങ്ങളുടെ സേവകരെന്നാണ് കൗണ്‍സില്‍ വിശേഷിപ്പിക്കുന്നത്: “നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകേണ്ടിയിരിക്കുന്നു” (യോഹ.13:14). ക്രിസ്തു ലോകത്തിന്റെ രക്ഷയ്ക്കായി നിര്‍വഹിച്ച പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നീ ദൗത്യങ്ങളാണ് അജപാലന ശുശ്രൂഷയുടെ ആകെത്തുക. ക്രിസ്തു സത്യത്തിന്റെ പ്രവാചകനും മാര്‍ഗ്ഗനിര്‍ദ്ദേശകനായ ഭരണാധികാരിയും ജനത്തിന് ജീവന്‍ സമൃദ്ധമായി നല്‍കുന്ന വിശുദ്ധീകരണകര്‍ത്താവും ആയതുപോലെ അജപാലകരും ആയിരിക്കണം. വഴിയും സത്യവും ജീവനുമായ യേശുവിന് (യോഹ 14: 6) ലോകത്തിലെ മനുഷ്യര്‍ക്ക് സാക്ഷികളാകേണ്ടവരാണ് അജപാലകര്‍. തന്മൂലം അവര്‍ വിശ്വാസത്തിന്റെയും സുവിശേഷത്തിന്റെയും സാക്ഷികളാകണം. അജപാലകരുടെ വിശുദ്ധ നേതൃത്വത്തിന്റെ (ഭരണത്തിന്റെ) ലക്ഷ്യമെന്നത് ജനങ്ങളുടെ വിശ്വാസവും വിശുദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി സേവനം ചെയ്യുകയെന്നതാണ്. ഈ അദ്ധ്യാപനവും ഭരണവും (സേവനം) സഭയുടെ വിശുദ്ധീകരണം ലക്ഷ്യം വച്ചുകൊണ്ടുള്ളതാകണം എന്നര്‍ത്ഥം. (തിരുസ്സഭ No.39-42).
അജപാലന നവീകരണം മെത്രാന്മാരിലൂടെ
ക്രിസ്തുവിന്റെ സുവിശേഷം മനുഷ്യരെ അറിയിക്കുക എന്നതാണ് മെത്രാന്മാരുടെ സുപ്രധാനകര്‍ത്തവ്യവും ഉത്കൃഷ്ടമായ ദൗത്യവും. മനുഷ്യരുടെ നന്മയ്ക്കുവേണ്ടി. മനുഷ്യരുമായി സമ്പര്‍ക്കം പുലര്‍ത്തുകയെന്നത് അവരുടെ കടമയാണ്. തന്മൂലം മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുമായി ‘ഡയലോഗ്’ നടത്തുകയും ചെയ്യാനുള്ള അവസരങ്ങള്‍ കണ്ടെത്തുകയും അത് ത്വരിതപ്പെടുത്തുകയും ചെയ്യണമെന്നത് മെത്രാന്റെ മുഖ്യധര്‍മ്മമാണ്. ഉപവി, വിനയം, അനാര്‍ഭാടജീവിതം എന്നിവയിലൂടെ വിശുദ്ധിയുടെ മാതൃക നല്‍കാന്‍ തങ്ങള്‍ക്കുള്ള കടമയെപ്പറ്റി മെത്രാന്മാര്‍ ബോധവാന്മാരായിരിക്കണം. പിതാവും അജപാലകനും എന്ന നിലയില്‍ വിശ്വാസികളെ സ്‌നേഹത്തിന്റെ ഐക്യത്തില്‍ ജീവിക്കാന്‍ വേണ്ടി മെത്രാന്മാര്‍ അജഗണത്തെ ഒരുമിച്ചു കൂട്ടുകയും രൂപപ്പെടുത്തുകയും ചെയ്യണം.
അജപാലന കര്‍മ്മം നിര്‍വഹിക്കുമ്പോള്‍, സഭാകാര്യങ്ങളില്‍ വിശ്വാസികള്‍ക്കുള്ള ഉചിതമായ പങ്ക് പരിരക്ഷിക്കേണ്ടവരാണ് മെത്രാന്മാര്‍. ക്രിസ്തുവിന്റെ മൗതികശരീരമായ സഭയെ കരുപ്പിടിപ്പിക്കുന്നതില്‍ സജീവമായി സഹകരിക്കാനുള്ള വിശ്വാസികളുടെ കടമകളും അവകാശങ്ങളും മെത്രാന്മാര്‍ ആദരിക്കുകയും വേണം. ഇടയ ധര്‍മ്മത്തിന്റെ പൂര്‍ണ്ണലക്ഷ്യം വിശ്വാസികളുടെ ആത്മീയസുസ്ഥിതിയാണ്. തന്മൂലം ഇടവകഭരണത്തിന് വികാരിമാരെ കൂടുതല്‍ എളുപ്പത്തിലും ഉചിതമായും നിയമിക്കാന്‍ മെത്രാന് കഴിയണം. ഇതിനൊരു മാര്‍ഗ്ഗമാണ് സന്യാസ വൈദികരെ അജപാലനത്തിന് നിയമിക്കുകയെന്നത്.
മെത്രാന് സ്വന്ത അധികാരത്തില്‍ വരുത്താവുന്ന ഏത് മാറ്റത്തിന്റെ കാര്യത്തിലും ആത്മാക്കളുടെ സുസ്ഥിതി പ്രത്യേകം പരിഗണിക്കേണ്ടതാണ്.
ഇടവകകള്‍ സ്ഥാപിക്കുമ്പോഴും അവ നിറുത്തലാക്കുമ്പോഴും പുനഃക്രമീകരണം ചെയ്യുമ്പോഴും മെത്രാന്മാര്‍ ആത്മാക്കളുടെ സുസ്ഥിതി മാത്രം പരിഗണിക്കേണ്ടതാണെന്ന കൗണ്‍സിലിന്റെ ആഹ്വാനം ഈ കാലഘട്ടത്തില്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നതാണ്. (മെത്രാന്മാര്‍ നമ്പര്‍ 32-42) തൃശൂര്‍ രൂപതയില്‍ തലോരിലെ ഇടവകമാറ്റ നടപടിയിലൂടെ തലോര്‍ ഇടവകയിലെ നാലായിരത്തിലേറെ വിശ്വാസികള്‍ 5 വര്‍ഷമായിട്ട് ഭിന്നതയില്‍ കഴിയുന്നത് മേല്പറഞ്ഞ സുപ്രധാനലക്ഷ്യം മെത്രാന്‍ പരിഗണിച്ചില്ല എന്നതിന് തെളിവാണ്.
അജപാലന നവീകരണം വൈദികരിലൂടെ
വൈദികര്‍ തങ്ങളുടെ ജീവിതവും ശുശ്രൂഷകളും വഴി നേടേണ്ട ലക്ഷ്യം ക്രിസ്തുവിന്റെ മാതൃകയില്‍ പിതാവായ ദൈവത്തിന് മഹത്വം കൈവരുത്തുകയാണ്. അതിനാല്‍ പ്രാര്‍ത്ഥനയിലോ, വചനപ്രഘോഷണത്തിലോ, വി. ബലിയര്‍പ്പണത്തിലോ, മറ്റ് കൂദാശകളുടെ പരികര്‍മ്മത്തിലോ, ഏത് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴോ, വൈദികര്‍ ദൈവമഹത്വം വര്‍ദ്ധിപ്പിക്കുന്നതിലും മനുഷ്യാത്മാക്കളില്‍ ദൈവിക ജീവിതം വര്‍ദ്ധമാനമാക്കുന്നതിലും സഹകരിക്കയാണ് ചെയ്യേണ്ടത്. പാപ പരിഹാരാര്‍ത്ഥം ബലികളും കാഴ്ചകളും സമര്‍പ്പിക്കാന്‍ മനുഷ്യരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വൈദികര്‍ യേശുവിന്റെ മാതൃകയില്‍ പാപമൊഴിച്ച് മറ്റ് സകലത്തിലും സ്വസഹോദരങ്ങളെപ്പോലെ ആയിത്തിരേണ്ടവരാണ്. (വൈദികര്‍ നമ്പര്‍ 1-3). യേശുവിന്റെ ശുശ്രൂഷ ദൈവജനത്തിനിടയില്‍ നിര്‍വഹിക്കുന്ന വൈദികര്‍ എല്ലാ വിശ്വാസികളേയും പോലെ യേശുവിന്റെ ശിഷ്യരാണ്.അതുകൊണ്ട് സ്വന്തകാര്യങ്ങളല്ല,ക്രിസ്തുവിന്റെ കാര്യങ്ങളന്വേഷിക്കുവരെപ്പോലെയാണ് പുരോഹിതര്‍ വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. അവര്‍ അത്മായരോട് സഹകരിച്ച് പ്രവര്‍ത്തിക്കണം. സേവിക്കപ്പെടാനല്ല, സേവിക്കാനും അനേകരുടെ മുക്തിക്കായി സ്വജീവന്‍ സമര്‍പ്പിക്കാനുമായി മനുഷ്യരുടെ ഇടയില്‍ വന്ന ദിവ്യഗുരുവിന്റെ മാതൃകക്ക് ( 20: 28)യോജിച്ച വിധത്തിലായിരിക്കണം അവരുടെ ഇടയില്‍ പുരോഹിതര്‍ വര്‍ത്തിക്കേണ്ടത്. അല്‍മായരുടെ മഹത്വവും അവര്‍ക്ക് സഭയുടെ ദൗത്യത്തിലുള്ള സ്ഥാനവും വൈദികര്‍ ആത്മാര്‍ത്ഥമായി അംഗീകരിക്കുകയും തദനുസരണം അവരോട് വര്‍ത്തിക്കുകയും വേണം. ലോകത്തില്‍ എല്ലാ മനുഷ്യര്‍ക്കുമുള്ള ന്യായമായ സ്വാതന്ത്ര്യം ജാഗ്രതയോടെ ആദരിക്കാന്‍ വൈദികര്‍ കടപ്പെട്ടവരാണ്. സൗമനസ്യപൂര്‍വ്വം അല്‍മായരുടെ അഭിപ്രായം ശ്രവിക്കുക; അവരുടെ താല്പര്യങ്ങളെ സസ്‌നേഹം പരിഗണിക്കുക, വിവിധങ്ങളായ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ അവര്‍ക്കുള്ള അനുഭവജ്ഞാനവും പ്രാപ്തിയും അംഗീകരിക്കുക, അങ്ങനെ അവരോടൊപ്പം കാലത്തിന്റെ അടയാളങ്ങളെ ഗ്രഹിക്കാന്‍ പുരോഹിതര്‍ പ്രാപ്തരാകണം. അല്‍മായര്‍ക്ക് സാമാന്യവും പ്രത്യേകവുമായ വിവിധ സിദ്ധികള്‍ കൈവരാം. അവ ദൈവത്തില്‍നിന്ന് ഉത്ഭൂതമാകുന്നതാണോ എന്ന് പരിശോധിച്ചുകൊണ്ട്, വൈദികര്‍ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ശരിയായവയെ തിരിച്ചറിയുകയും,താല്പര്യപൂര്‍വ്വം അംഗീകരിക്കുകയും വിവേകപൂര്‍വ്വം ഉത്തേജിപ്പിക്കുകയും ചെയ്യണം. അല്‍മായരില്‍ സമൃദ്ധമായി കാണുന്ന വിവിധ ദൈവവരങ്ങളില്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നത് കൂടുതല്‍ അഗാധമായ ആദ്ധ്യാത്മിക ജീവിതത്തിലേക്ക് അനേകരെ ആകര്‍ഷിക്കുന്നവയാണ്. അതുപോലെത്തന്നെ പ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യവും സാഹചര്യവും നല്‍കികൊണ്ട് സഭാസേവനപരമായ ജോലികള്‍ അല്‍മായരെ വിശ്വസ്തതാപൂര്‍വ്വം ഏല്‍പ്പിക്കണം. അത്തരം പ്രവര്‍ത്തനങ്ങള്‍ സ്വമനസ്സാ എറ്റെടുത്ത് നടത്താന്‍ വേണ്ടി മുന്നിട്ടിറങ്ങാന്‍ അവരെ അവസരോചിതമായി ആഹ്വാനം ചെയ്യുന്നതും നല്ലതാണ്. വൈദികരെ അല്‍മായരുടെ ഇടയില്‍ നിയമിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം എല്ലാവരേയും സ്‌നേഹത്തിന്റെ ഐക്യത്തിലേക്കാനയിക്കാനാണ്. വിശ്വാസികളുടെ സമൂഹത്തില്‍ താനൊരന്യനാണെന്ന ബോധം ഒരുത്തനും ഉണ്ടാകാത്തവിധം അഭിപ്രായഭിന്നതകള്‍ പറഞ്ഞുതീര്‍ക്കേണ്ടത് വൈദികരുടെ കര്‍ത്തവ്യമാണ്. (വൈദികര്‍ ന: 9)
അജപാലന നവീകരണം സന്യസ്തരിലൂടെ
സന്യാസവൈദികര്‍ പൗരോഹിത്യസ്വീകരണം വഴി ദൈവിക കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കുവാന്‍ കടപ്പെട്ടവരായതുകൊണ്ട്, അവരും അജപാലനത്തില്‍ മെത്രാന്മാരുടെ സഹകാരികളും സഹപ്രവര്‍ത്തകരും ആകണമെന്നാണ് കൗണ്‍സില്‍ മെത്രാന്മാര്‍ക്കും സന്യസ്തര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സന്യാസ വൈദികരുടെ പ്രവര്‍ത്തനശൈലിയിലും, മെത്രാന്മാര്‍ക്ക് സന്യാസവൈദികരോടുള്ള പ്രതിബദ്ധതയിലും കാതലായ മാറ്റത്തിന് വഴിയൊരുക്കുന്ന സഭാനവീകരണ നിര്‍ദ്ദേശമാണിത്. ഇക്കാര്യം പ്രാവര്‍ത്തികമാക്കാനായി സന്യാസസഭകളുടെ നിയമാവലി പരിഷ്‌കരിക്കണമെന്നാണ് കൗണ്‍സിലിന്റെ പ്രസ്താവന. തന്മൂലം സന്യാസവൈദികരിലൂടെ ഇടവകപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ അടിയന്തിരസ്വഭാവവും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടവക വികാരി ജോലി ഏറ്റെടുക്കുകയെന്ന സന്യസ്തരുടെ ഈ നൂതന കടമയും ഉത്തരവാദിത്വവും മെത്രാന്മാര്‍ ഉത്തേജിപ്പിക്കണമെന്നുകൂടി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു(മെത്രാന്മാര്‍ നമ്പര്‍. 33). ഈ മഹനീയ ആദര്‍ശത്തില്‍ 33 വര്‍ഷം മുമ്പു മാര്‍ കുണ്ടുകുളം സഭയുടെ കാനോന്‍ നിയമപ്രകാരം സ്ഥാപിച്ച് സന്യാസവൈദികരെ ഏല്പിച്ച തലോര്‍ ഇടവകയിലാണ് തൃശൂര്‍ രൂപതാധ്യക്ഷന്‍ 2009 ല്‍ അട്ടിമറി ഇടവകമാറ്റം നടത്തിയത്. ഇത് സഭയ്ക്കാകെ അവഹേളനമായിരിക്കയാണ്. അജപാലന നവീകരണത്തെ നിര്‍ജീവമാക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ സഭാസമൂഹം ഉണര്‍ന്ന് പ്രതികരിച്ചുകൊണ്ടിരിക്കയാണ്. ഇത്തരം തെറ്റായ നടപടികള്‍ ഈ ജൂബിലി വര്‍ഷത്തില്‍ തിരുത്തേണ്ടതാണ്.
അജപാലന നവീകരണം അല്‍മായരിലൂടെ
തിരുസ്സഭയില്‍ ദൈവജനമായ അല്‍മായരുടെ സമുന്നതസ്ഥാനവും തല്‍ഫലമായ ഉത്തരവാദിത്വങ്ങളും മെത്രാന്മാര്‍ അംഗീകരിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്ന് കൗണ്‍സില്‍ പഠിപ്പിക്കുന്നു. സഭയുടെ ശുശ്രൂഷകളിലുള്ള ചുമതലകള്‍ വിശ്വാസപൂര്‍വ്വം അവരെ ഏല്പിക്കുകയും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‍കുകയും വേണം. ഇതിനു പുറമെ സ്വന്തം ഉത്തരവാദിത്വത്തില്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ അല്‍മായര്‍ക്ക് പ്രചോദനം നല്‍കേണ്ടതുമാണ്. അല്‍മായര്‍ അവതരിപ്പിക്കുന്ന പദ്ധതികളും നിര്‍ദ്ദേശങ്ങളും ആഗ്രഹങ്ങളും പിതൃസഹജമായ സ്‌നേഹത്തോടെ കര്‍ത്താവില്‍ പരിഗണിക്കാനാകണം. ഈ ലോകജീവിതത്തില്‍ എല്ലാവര്‍ക്കും അര്‍ഹതയുള്ള ന്യായമായ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കാന്‍ അജപാലകര്‍ക്ക് ശ്രദ്ധയുണ്ടാകണം. അല്‍മായരുടെ അനുഭവസമ്പത്തിന്റെ സഹായത്താല്‍ സഭാകാര്യങ്ങളില്‍ കൂടുതല്‍ ഉചിതവും വ്യക്തവുമായ തീരുമാനങ്ങളും നടപടിക്രമങ്ങളുമെടുക്കാന്‍ മെത്രാന്മാര്‍ക്ക് സാധിക്കുകയും, അതുവഴി അല്‍മായരുടെ ഉത്തരവാദിത്വബോധം ശക്തിപ്പെടുകയും, അവര്‍ക്ക് നവമായ ഉന്മേഷമുണ്ടാകുകയും ചെയ്യും. (തിരുസ്സഭ നമ്പര്‍. 37).
അജപാലന നവീകരണം സ്വതന്ത്രസംഘടനകളിലൂടെ
സത്യത്തിന്റെയും നീതിയുടേയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റേതുമായ ദൈവരാജ്യം അല്‍മായരിലൂടെ വിസ്തൃതമാക്കാന്‍ ക്രിസ്തു ആഗ്രഹിക്കുന്നു. നല്ല അറിവും കാര്യക്ഷമതയും സാമര്‍ത്ഥ്യവുമുള്ള അല്‍മായര്‍ക്ക് സഭയെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റി സ്വന്തമായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യവും കടമയുമുണ്ട്.(തിരുസ്സഭ. നമ്പര്‍. 30-37). അല്‍മായര്‍ തങ്ങളുടെ വ്യക്തിപരവും സാമൂഹ്യവും സാര്‍വ്വലൗകികവും സഭാപരവുമായ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ടതാണ്(അല്‍മായപ്രേഷിതത്വം നമ്പര്‍. 10). സഭാധികാരികള്‍ സന്തോഷത്തോടും കൃതജ്ഞതയോടും കൂടെ അല്‍മായരുടെ സ്വതന്ത്രസംഘടനകളെ സ്വാഗതം ചെയ്യേണ്ടതാണ്. ഇത്തരം സ്വതന്ത്രസംഘാടനകള്‍ സ്ഥാപിച്ച് നടത്താനുള്ള അവകാശം അല്‍മായര്‍ക്കുണ്ട്. അവ നമ്മുടെ കാലഘട്ടത്തില്‍ വിലയേറിയ പ്രേഷിത പ്രവര്‍ത്തിയാണ് നിര്‍വഹിക്കുന്നത്.( അല്‍മായ പ്രേഷിതത്വം നമ്പര്‍. 18-22). ഈ നിര്‍ദ്ദേശം മനസ്സില്ലാക്കാത്തതുകൊണ്ടോ എന്നറിയില്ല, സ്വതന്ത്രസംഘടനകളെ സഭാനേതൃത്വം തള്ളിപ്പറയുകയും തള്ളിക്കളയുകയും ചെയ്യുന്നതാണ് സഭയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിനൊരു ഉദാഹരണമാണ് 'കേരള കാത്തലിക് ഫെഡറേഷനെ' കാരണമൊന്നും ഇല്ലാതെ വ്യാജസംഘടനയെന്ന് കത്തോലിക്കാസഭ എന്ന പത്രത്തിലൂടെ തൃശൂര്‍ രൂപതാകേന്ദ്രം ആക്ഷേപിച്ചത്.
ഉപസംഹാരം
കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അജപാലനം എന്നത് ദൈവജനത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായതും ദൈവത്തെ മഹത്വപ്പെടുത്തുന്നതും യേശുവിന്റെ മാതൃകയിലുള്ളതുമായ ശുശ്രൂഷയാണ്. ഇത് സഭയുടെ കൂട്ടായ പ്രവര്‍ത്തനമായിരിക്കണമെന്ന നൂതന സഭാനവീകരണം സാധിക്കണമെന്നാണ് കൗണ്‍സിലിന്റെ പ്രമാണരേഖകളിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. തന്മൂലം മാര്‍പ്പാപ്പയും മെത്രാന്മാരും വൈദികരും സന്യസ്തരും അല്‍മായവിശ്വാസികളും അജപാലനത്തില്‍ പങ്കാളികളാകേണ്ടവരാണ്. മഹനീയവും നൂതനവും ആയ കൗണ്‍സിലിന്റെ ഈ നിര്‍ദേശളിലൂടെ, അജപാലകരുടെ ആത്മീയത വര്‍ദ്ധിപ്പിക്കാനോ, സഭയെ വളര്‍ത്താനോ, നവീകരിക്കാനോ, സഭയ്ക്കായിട്ടുണ്ടോ എന്നത്, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അമ്പതാം വര്‍ഷസുവര്‍ണ്ണജൂബിലി വേളയില്‍ സഭയ്ക്കു മുമ്പാകെ ഉയരുന്ന ഗൗരവമായ ചോദ്യമാണ്. അജപാലനം എന്നത് ഇന്നും മെത്രാന്മാരുടേയും വൈദികരുടേയും എകാധിപത്യഭരണസംവിധാനമായി നിലനില്‍ക്കുകയും അത്തരത്തില്‍ കൂടുതല്‍ ശക്തമായികൊണ്ടിരിക്കുകയുമല്ലേ? അജപാലനശുശ്രൂഷയില്‍ കൗണ്‍സില്‍ നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങളിലൂടെ സന്യാസ്തരുടേയും അല്‍മായരുടേയും സജീവവും ക്രിയാത്മകവുമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനായിട്ടുണ്ടോ? അജപാലനത്തിന് യുക്തരും സന്നദ്ധരുമായ ധാരാളം സന്യാസവൈദികരുള്ള കേരളസഭയില്‍, അവശ്യാനുസൃതമുള്ള അജപാലകരുടെ ശുശ്രൂഷ ലഭിക്കാതെ വിഷമിക്കുന്ന എത്രയോ ഇടവക കൂട്ടായ്മകളാണുള്ളത്! അജപാലനത്തിന് സന്യസ്തരെ ധാരാളമായി നിയമിക്കാനുള്ള നല്ല മനസ്സ് ബന്ധപ്പെട്ട സഭാനേതൃത്വത്തിന് ഇല്ലാത്തതല്ലെ ഈ ദുരവസ്ഥയ്ക്കടിസ്ഥാനം? “ഇടവക ഭരണം ഇടവക വൈദികരുടേത്” എന്ന പഴയ പല്ലവിയില്‍ പിടിമുറുക്കി രൂപതാഭരണത്തില്‍ വിശ്വാസികളെ അടക്കി ഭരിക്കാനുള്ള പ്രവണതയില്‍ നിന്ന് ഇനി എന്നാണ് സഭയ്ക്ക് കരകയറാനാകുക? കേരളത്തിലെ എല്ലാ വൈദികസന്യാസാശ്രമ ദേവാലയങ്ങളോടും ചേര്‍ന്ന് ഇടവകകള്‍ രൂപപ്പെടുത്താന്‍ പ്രോല്‍സാഹനം നല്‍കാത്തതെന്തുകൊണ്ട്? ഇത്തരം നൂതന അജപാലന മാര്‍ഗ്ഗങ്ങളെക്കുറിച്ച് അല്‍മായരുമായും സന്യസ്തരുമായും ചര്‍ച്ച ചെയ്യാനോ തീരുമാനങ്ങളെടുക്കാനോ സഭാനേതൃത്വം തയ്യാറാകുന്നില്ലല്ലോ. അല്‍മായരുടെ ആവശ്യങ്ങള്‍ അല്‍മായരില്‍നിന്ന് കേള്‍ക്കാനും, പരിഹാരം കണ്ടെത്താനും ശ്രമിക്കേണ്ടത് അജപാലനത്തില്‍ അല്‍മായരുടെ അവകാശമാണെന്ന് സഭ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്വതന്ത്ര സംഘടനകള്‍ കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെന്ന കൗണ്‍സില്‍ നിര്‍ദ്ദേശം സ്വീകരിച്ച് എല്ലാ ഇടവകകളിലും ഭക്ത സംഘടകള്‍ക്കു പുറമേ ഒരു സ്വതന്ത്ര സംഘടനക്ക് രൂപം നല്‍കാനുള്ള നിര്‍ബന്ധ നിര്‍ദ്ദേശം ഈ ജൂബിലി വര്‍ഷത്തില്‍ സഭാ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇടവക കൂട്ടായ്മകളിലൂടെ നാനാതരത്തില്‍ സഭയ്ക്ക് ലഭിക്കുന്ന സാമ്പത്തിക വരുമാനം അജപാലനത്തിനുപയോഗിച്ച് അജപാലനം സുഗമമാക്കേണ്ടത് കാലഘട്ടത്തിന്റെ വലിയൊരാവശ്യമാണെന്ന് കൂടി ചിന്തിക്കണം. മാത്രമല്ല, സഭയിലെ ഭൂരിഭാഗമായ അല്‍മായര്‍ക്ക് വൈദിക ശുശ്രൂഷ ഒഴികെയുള്ള സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അര്‍ഹമായ നേതൃത്വവും പങ്കാളിത്തവും നല്‍കാനാകണം. ചുരുക്കത്തില്‍ സഭയെ എല്ലാവരുടേയും കൂട്ടായ്മയായി വളര്‍ത്താനും നവീകരിക്കാനുമുള്ള തീവ്രശ്രമങ്ങള്‍ വത്തിക്കാന്‍ കൗണ്‍സിലിന്റെ ജൂബിലി വര്‍ഷത്തില്‍ രൂപീകൃതമാകാനായി സഭാസമൂഹം മുഴുവന്‍ പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Fr. Davis Kachappilly CMI, Carmelgiri Ashram, KormalaKuttichira P.O., 680724.
Ph: 9497179433.
Email: frdaviskachappilly@yahoo.in
http://facebook.com/frdaviskachappilly.
Courtesy: അല്മായ ശബ്ദം -
No comments:
Post a Comment