യേശു വധിക്കപ്പെട്ട ദിവസം:
മനോരമ എഴുതുമായിരുന്ന മുഖപ്രസംഗം
ഇതു കേവലം ഭാവനയാണെങ്കിലും വാസ്തവവുമായി തോളുരുമ്മി നില്ക്കുന്നു ജോസഫ് പുലിക്കുന്നേല്‍ (ഓശാന, ജൂലൈ 1983
Courtesy: jos antony
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി യഹൂദ സമുദായത്തിലും റോമന്‍ സാമ്രാജ്യത്തിലും അസമാധാനവും ഛിദ്രവാസനയും വിതച്ചുകൊണ്ടു സമാധാനകാംക്ഷികളും ഈശ്വര വിശ്വാസികളുമായ പാലസ്തീന്‍ ജനതയെ ആകെ അസ്വസ്ഥമാക്കി വിഹരിച്ചിരുന്ന നസ്രായനായ യേശു തന്റെ പ്രവൃത്തിക്ക് അര്‍ഹമാംവിധം കുരിശിലേറ്റി വധിക്കപ്പെട്ടു എന്നത് സമാധാനകാംക്ഷികളും ഈശ്വരവിശ്വാസികളുമായ ഏവര്‍ക്കും ആശ്വാസകരമാണ്. മോശയുടെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന അത്യുന്നത മോറോന്‍ മാര്‍ കയ്യാഫാസു തിരുമേനിയും നിയുക്ത അത്യുന്നതനായ മോറോന്‍ മാര്‍ ഹന്നാസു തിരുമേനിയും ചക്രവര്‍ത്തിയും പ്രജാവത്സലനുമായ അഗസ്റ്റസ് തിരുമേനിയുടെ പ്രതിനിധി ബഹുമാന്യനായ പൊന്തിയെസ് പീലാത്തോസും ചേര്‍ന്നു ദീര്‍ഘനേരം കൂടിയാലോചന നടത്തി, രാജ്യത്തിന്റെയും ഈശ്വരവിശ്വാസികളായ യഹൂദരുടെയും നന്മയ്ക്കുവേണ്ടി ധീരമായി എടുത്ത തീരുമാനമനുസരിച്ചാണ് യേശൂ വധിക്കപ്പെട്ടത്. മോറോന്‍ മാര്‍ കയ്യാഫാസ് തിരുമേനി എക്കാലവും യഹൂദസമുദായത്തിന്റ സുസ്ഥിതിക്കും ഈശ്വരവിശ്വാസത്തിനും സമാധാനത്തിനും കോട്ടം തട്ടുന്ന സംഭവങ്ങള്‍ക്കെതിരെ ജാഗ്രരൂകനാണ് എന്ന് ഏവര്‍ക്കും അറിയാവുന്നതാണല്ലോ!
ഇത്തരുണത്തില്‍ യേശുവിന്റെ വധത്തിനു കാരണമായ സംഭവങ്ങളെക്കുറിച്ചു പഠിക്കുന്നത് ഉചിതമായിരിക്കും എന്നു ഞങ്ങള്‍ കരുതുന്നു. നസ്രായനായ ഈ യേശു കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി ചെയ്തിരുന്ന പ്രവൃത്തികള്‍ നമ്മുടെ സമുദായത്തിനും ചക്രവര്‍ത്തി തിരുമനസ്സിലെ സാമ്രാജ്യത്തിന്റെ അന്തസ്സിനും യോജിച്ചതായിരുന്നില്ല. ഈ അടുത്തയിടെ യേശു 'ഞാന്‍ സമാധാനം കൊണ്ടുവരുന്നതിനാണു വന്നിരിക്കുന്നത് എന്നു നിങ്ങള്‍ കരുതുന്നുവോ? ഞാന്‍ വാളാണു കൊണ്ടുവന്നിരിക്കുന്നത്' എന്നു പറയുകയുണ്ടായി. രാജ്യത്ത് ആഭ്യന്തരകലാപമുണ്ടാക്കുന്നതിന് യേശുവിനും അനുയായികള്‍ക്കും ലക്ഷ്യമുണ്ടായിരുന്നു എന്നതിന് ഇതില്‍കൂടുതല്‍ എന്തു തെളിവാണാവശ്യം? ഇതിനും പുറമേ ഈശ്വരവിശ്വാസികളുടെ വികാരത്തെ കഠിനമായി വ്രണപ്പെടുത്തിക്കൊണ്ട് നമ്മുടെ ബഹുമാന്യരായ പുരോഹിതരെ ഈ അടുത്തയിടെ യേശു നിര്‍ലജ്ജം 'വെളളയടിച്ച ശവക്കല്ലറകളേ, അണലിക്കൂട്ടമേ' എന്നെല്ലാം വിളിക്കുകയുണ്ടായി. പഠിത്തത്തിലും വിദ്യാഭ്യാസത്തിലും പിന്നാക്കം നില്‍ക്കുന്ന ഒരു തച്ചന്റെ മകന്റെ കേവല വിക്രിയകളായി ഇതിനെ തള്ളിക്കളയാന്‍ സാധ്യമല്ല. യഹൂദസമുദായത്തിന്റെ ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി അഹോരാത്രം പണിയെടുക്കുന്ന അര്‍പ്പിത മനസ്‌കരായ പുരോഹിതന്മാരെ തെരുവുഭാഷയില്‍ ആക്രമിക്കാന്‍ തയ്യാറായ യേശുവിന്റെ സംസ്‌കാരരാഹിത്യം സമുദായത്തില്‍ കടത്തിവിടുന്നത് വളരെ അപകടകരമാണെന്നു പറയേണ്ടതില്ലല്ലോ. അടുത്തയിടെ യഹൂദരുടെ സമാരാധ്യമായ ജെറുശലേം ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ പാരമ്പര്യമായി ദൈവസേവ ചെയ്തുകൊണ്ട് ഭക്തജനങ്ങള്‍ക്ക് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടാക്കികൊടുന്നിരുന്ന ബഹു. പുരോഹിതരെയും ബഹുമാന്യരായ മറ്റുള്ളവരെയും ചാട്ടയ്ക്കടിക്കുകയും മേശ തല്ലിപ്പൊളിക്കുകയും ചെയ്യുകയുണ്ടായി. റോമാചക്രവര്‍ത്തി തിരുമനസ്സിന്റെ കീഴില്‍ സമാധാനപരമായി കഴിഞ്ഞുവരുന്ന സമൂഹത്തില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ലാത്തതാണ്. യേശു നിയമം കയ്യിലെടുക്കയാണു ചെയ്തത്. അന്നു സമാധാന ഭഞ്ജനം ഉണ്ടാകേണ്ട പരിസ്ഥിതിതന്നെ ദേവാലയത്തില്‍ ഉണ്ടായെങ്കിലും മാന്യ പുരോഹിതരുടെ തികഞ്ഞ ആത്മനിയന്ത്രണമാണു സമാധാനംഘനം ഉണ്ടാകാതിരിക്കാന്‍ കാരണമായത്.
തെരുവിലെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് അയാള്‍ പുരോഹിതരെയും ആഭിജാത്യമുളളവരെയും കളിയാക്കി. അവരില്‍ സമാധാനകാംക്ഷികളില്‍ പോലും പുച്ഛമുണ്ടാക്കും വിധം യേശൂ തെരുവുനാടകം അഭിനയിക്കുകയുണ്ടായി. നമ്മുടെ അഭിവന്ദ്യരായ പുരോഹിതശ്രേഷ്ഠന്മാരെ കളിയാക്കുന്നതുനായി രാജകീയപ്രൗഢിയോടെ ഒരു കഴുതപ്പുറത്തു അനഭിജ്ഞരും വിദ്യാവിഹീനരുമായ കുറേപ്പേരുടെ അകമ്പടിയോടെ ജെറൂശലേം ദേവാലയത്തിലേക്ക് ഒരു എഴുന്നള്ളത്തു നടത്തി! അന്നും സംഘട്ടനമുണ്ടാകേണ്ടതായിരുന്നു. പൗരോഹിത്യശ്രേഷ്ഠന്മാരുടെ സമചിത്തതയാണ് അന്നും സംഘട്ടനം ഒഴിവാക്കിയത്. ഇതിനുശേഷം നമ്മുടെ പിതാക്കന്മാര്‍ പണിതതും നമ്മുടെ അഭിമാനസ്തംഭവും ദൈവാരാധനാസ്ഥലവുമായ ജെറൂശലേം ദേവാലയത്തെ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ചിന്തിക്കുന്നവരും സമാധാനകാംക്ഷികളുമായ ജനങ്ങള്‍ യേശുവിനെ അവജ്ഞയോടെ തളളുകയാണുണ്ടായത്. എന്നാല്‍ യേശു കുറെ മുക്കുവരെയും ചുങ്കക്കാരെയും സംഘടിപ്പിച്ചു. മോശയുടെ പാരമ്പര്യമനുസരിച്ച് ഒരു വേശ്യാസ്ത്രീയെ നിയമമനുസരിച്ച് കല്ലെറിഞ്ഞു വധിക്കാന്‍ തുടങ്ങിയപ്പോള്‍ യേശു അനുചരന്മാരോടൊത്തു അവളെ ബലമായി മോചിപ്പിക്കുകയുണ്ടായി. വേശ്യാവ്യത്തി യഹൂദയാസമുദായം അപലപിച്ചിട്ടുളളതാണ്. എന്നാല്‍ യേശു വേശ്യകളെ സംഘടിപ്പിക്കുകയും അവരെ സദാ കൂടെ കൊണ്ടുനടക്കുകയും ചെയ്തുവന്നു. ഇതു നമ്മുടെ യുവാക്കളില്‍ എത്രമാത്രം ധര്‍മ്മബോധരാഹിത്യം ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇങ്ങനെ യേശു യഹൂദയാസമുദായത്തിലെ സമാധാനകാംക്ഷികളും ദൈവവിശ്വാസികളുമായ ജനങ്ങളുടെ മതവികാരങ്ങളെ വേദനപ്പെടുത്തിയ സാഹചര്യത്തിലാണ് സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും സുസ്ഥിതിയില്‍ അതീവ ഉല്‍ക്കണ്ഠാകുലരായ അത്യുന്നത മോറോന്‍ മാര്‍ കയ്യാഫാസു തിരുമേനിയും നിയുക്ത അത്യുന്നതന്‍ അന്നാസു തിരുമേനിയും ചക്രവര്‍ത്തി തിരുമനസ്സിലെ പ്രതിനിധി പീലാത്തോസും കൂടി ജനവികാരത്തെ മാനിച്ച് അയാളെ മരണത്തിനു വിധിക്കാന്‍ നിര്‍ബ്ബന്ധിതരായത്. ഈ തീരുമാനം ഈശ്വരവിശ്വാസികളെയും സമാധാനകാംക്ഷികളെയും തികച്ചും സമാശ്വസിപ്പിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
ഇത്തരുണത്തില്‍ യേശുവിന്റെ സമുദായവിരുദ്ധ പ്രവര്‍ത്തനത്തില്‍ ആകുലചിത്തനായി സത്യം ഗ്രഹിച്ചു പ്രവര്‍ത്തിച്ച മഹാനായ ഒരു സമുദായസ്‌നേഹിയെക്കുറിച്ച് നാം ഓര്‍ക്കാതിരിക്കുന്നത് ക്യതഘ്‌നതയായിരിക്കും. യേശൂവിന്റെ പാര്‍ട്ടിയില്‍ വളരെക്കാലം ഖജാന്‍ജിസ്ഥാനം വഹിച്ചിരുന്ന യൂദാസ് സ്‌കറിയാത്തായെയാണ് ഞങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത്. അദ്ദേഹം സത്യം കണ്ടറിഞ്ഞ് തക്കസമയത്ത് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് യേശുവിന് കെണിയൊരുക്കാന്‍ പട്ടാളത്തിനു കഴിഞ്ഞത്. നാട്ടില്‍ കലാപം വിതച്ചശേഷം അനുചരന്മാരുമൊത്ത് യേശു കെദ്രോന്‍ താഴ്‌വരയിലെ വനത്തില്‍ ഒളിച്ചു താമസിക്കയായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ അനുചരനായ പത്രോസും അനുയായികളും പട്ടാളത്തിന്റെമേല്‍ വാളുമായി എടുത്തുചാടിയെങ്കിലും പട്ടാളത്തിന്റെ തന്ത്രപരമായ നീക്കം അവരെ പരാജയപ്പെടുത്തി. അവസാനം യേശു പട്ടാളത്തിനു കീഴടങ്ങി. യേശുവിന്റെ സംഘടിതമായ കൊളളസംഘത്തില്‍പ്പെട്ട പത്രോസിന്റെ വെട്ടേറ്റു ചെവി നഷ്ടപ്പെട്ട പട്ടാളക്കാരനു ഗവണ്മെന്റില്‍ നിന്ന് അര്‍ഹമായ പ്രതിഫലം നല്‍കും എന്നു ഞങ്ങള്‍ ആശിക്കുന്നു. യൂദാസ് സ്‌കറിയാത്തായുടെ ധീരമായ സഹകരണമില്ലാതിരുന്നെങ്കില്‍ തീര്‍ച്ചയായും യേശു എന്ന കൊളളക്കാരനെ പിടിക്കാന്‍ പട്ടാളക്കാര്‍ക്കു കഴിയുമായിരുന്നില്ല.
എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ആ ധീരദേശാഭിമാനിയെ ഇന്നലെത്തന്നെ ആരോ വധിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഞങ്ങളെ ആകുലചിത്തരാക്കുന്നു. വയര്‍ പിളര്‍ന്ന നിലയില്‍ ഒരു മരത്തില്‍ കെട്ടിത്തൂക്കിയ വിധത്തിലാണ് അദ്ദേഹത്തിന്റെ ജഡം കാണപ്പെട്ടത്. യേശുവിന്റെ കൊളളസംഘത്തില്‍പ്പെട്ട ആരോ ചെയ്ത ദുഷ്‌ക്യത്യമാണിതെന്ന് ഞങ്ങള്‍ക്ക് തികച്ചും ഉറപ്പുണ്ട്. യേശുവിന്റെ അനുയായികള്‍ മുഴുവന്‍ ഇനിയും പട്ടാളത്തിന്റെ പിടിയില്‍ അമര്‍ന്നിട്ടില്ല. അവര്‍ നാട്ടില്‍ വിപ്ലവം വിതയ്ക്കുന്നതിനു പതുങ്ങി നടക്കുന്നു എന്നതിലേക്കാണ് യൂദാസ് സ്‌കറിയാത്തായുടെ വധം കൈ ചൂണ്ടുന്നത്. രാജ്യത്തിനും സമുദായത്തിനും വേണ്ടി ധീരമായ സേവനം ചെയ്ത് അക്രമികളുടെ കൈകൊണ്ട് ധീരമരണം വരിച്ച യൂദാസ് സകറിയാത്തായുടെ ആത്മാവിന് ഞങ്ങള്‍ നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു.
ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ മുളയിലെ നുള്ളിക്കളയാന്‍ ഞങ്ങള്‍ ഗവണ്മെന്റിനോടഭ്യര്‍ഥിക്കുന്നു. അക്രമം ശക്തമായി അടിച്ചമര്‍ത്താന്‍ ഗവണ്മെന്റിനു കഴിയും എന്നാണ് ഞങ്ങളുടെ വിശ്വാസം. ഇത്തരം അവസരങ്ങളില്‍ ജനങ്ങള്‍ക്കുളള പ്രാഥമിക കടമകളെക്കുറിച്ചു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കേണ്ടതില്ലെങ്കിലും അതും ഇത്തരുണത്തില്‍ സംഗതമാണെന്ന് ഞങ്ങള്‍ക്കു തോന്നുന്നു. മോശയുടെ അത്യുന്നത സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന മോറോന്‍ മാര്‍ കയ്യാഫാസ് തിരുമേനിയോടും നിയുക്ത അത്യുന്നതനായ ഹന്നാസ് തിരുമേനിയോടും അവിടുത്തെ സിംഹാസനത്തോടും നമുക്കുള്ള ഭക്തിയും അചഞ്ചലമായ കൂറും പ്രഖ്യാപിക്കുന്നതോടൊപ്പം ഛിദ്രവാസനകളെ നേരിടുന്നതിനുളള ഗവണ്മെന്റിന്റെ എല്ലാ പരിശ്രമങ്ങളിലും തുണനല്‍കുകയും ചെയ്യണമെന്ന് ഞങ്ങള്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു.
No comments:
Post a Comment