Wednesday, July 16, 2014

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍

മുരളി തുമ്മാരുകുടി


Jul 15, 2014

നൂറു വര്‍ഷം കഴിഞ്ഞെത്തിയതിന്റെ 

പുണ്യം
                                                                                 മുരളി തുമ്മാരുകുടി
                                                                                                     T- T T+

ഈ കര്‍ക്കടകത്തില്‍ എനിക്ക് 50 വയസ്സു തികയും. 2014 ല്‍ 50 വയസ് തികയാന്‍ 1964-ലാണ് ജനിച്ചതെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഈ സമയത്ത് ഞാന്‍ ചുമ്മാ ഒരു 'തോട്ട് എക്‌സ്‌പെരിമെന്റ്' (ചിന്താ പരീക്ഷണം?) നടത്തി നോക്കി. അതായത് ഒരു നൂറു വര്‍ഷം മുന്‍പാണ് ജനിച്ചതെങ്കില്‍ (ജനനസ്ഥലം, ജാതി, കുടുംബം എല്ലാം ഇതു തന്നെ) എന്തു തരത്തിലുള്ള ജീവിതമായിരിക്കും എനിക്കുണ്ടാവുക?
100 വര്‍ഷം മുന്‍പാണ് ജനിച്ചതെങ്കില്‍ ഉറപ്പായ ഒരു കാര്യം ആദ്യമേ പറയാം. 50 ാം പിറന്നാള്‍ ആഘോഷിക്കാനോ അതിനെപ്പറ്റി ചിന്തിക്കാനോ ഞാനുണ്ടാകാനുള്ള സാധ്യത തീരെ കമ്മി. അന്ന് ശരാശരി മലയാളി പുരുഷന്റെ ആയുര്‍ദൈര്‍ഘ്യം 40 വയസ്സില്‍ താഴെയായിരുന്നു. അഷ്ടവൈദ്യന്മാരും ഇംഗ്ലീഷ് ഡോക്ടര്‍മാരും പോരാത്തതിന് മന്ത്രവാദികളും വിളിപ്പുറത്തുണ്ടായിരുന്ന അക്കാലത്തെ രാജാക്കന്മാര്‍ പോലും അന്ന് 50 കടന്നിരുന്നില്ല. എന്റെ അച്ഛന്റെ തറവാട്ടില്‍ 36 വയസ്സിനു മീതെ ആണുങ്ങള്‍ ജീവിച്ചു തുടങ്ങിയത് അച്ഛന്റെ തലമുറയിലാണ്.
'പണ്ടുള്ള ആളുകള്‍ക്ക് എന്താരോഗ്യമായിരുന്നു, ഇപ്പോഴത്തെ ജീവിതരീതിയുടെ ടെന്‍ഷനും കൃത്രിമ ഭക്ഷണവും ഒക്കെയാണ് മനുഷ്യനെ രോഗിയാക്കുന്നത്' എന്ന തരത്തിലുള്ള ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ചിരി വരും. സ്വാതന്ത്ര്യം കിട്ടുന്ന 1947 ല്‍പോലും ഇന്ത്യയിലെ ആണുങ്ങളുടെ ശരാശരി ആയുസ്സ് 50 വയസ്സില്‍ താഴെ ആയിരുന്നു. അന്ന് 50 വയസ്സിനു മുകളില്‍ ആരും ജീവിച്ചിരുന്നില്ല എന്നല്ല. നല്ല ആരോഗ്യമുള്ളവരേ അന്ന് വയസ്സായി മരിക്കാറുള്ളൂ, അല്ലാതെ വയസ്സന്‍മാര്‍ ആരോഗ്യത്തോടെ ജീവിക്കാറില്ല.
100 വര്‍ഷം മുന്‍പായിരുന്നെങ്കില്‍ പിഎച്ച്ഡി പോയിട്ട് ഒന്നാംക്ലാസ്സ് വിദ്യാഭ്യാസമോ ഐക്യരാഷ്ട്രസഭയിലെ ജോലിയോ പോയിട്ട് തിരുവിതാംകൂറിലെ ഗുമസ്തപ്പണി പോലുമോ എനിക്കുണ്ടാവുമായിരുന്നില്ല. വെങ്ങോലയില്‍ ഒരു സ്‌കൂള്‍ വന്നത് 20 ാം നൂറ്റാണ്ടിന്റെ ആദ്യമാണ്. അതിനു മുന്‍പ് ജനിച്ച തുമ്മാരുകുടി കുട്ടികള്‍ ഒന്നും ഒന്നാംക്ലാസ്സിന്റെ പടി കടന്നിട്ടില്ല. കൃഷിയല്ലാതെ ഏതെങ്കിലും തൊഴില്‍ അവരാരും ചെയ്തിട്ടുമില്ല.
വെങ്ങോലയില്‍ ആശുപത്രി വന്നത് 1981 ലാണ്. എന്റെ ചെറുപ്പത്തില്‍ പെരുമ്പാവൂരില്‍ പോലും ഒരേ ഒരു ഡോക്ടറേ ഉള്ളൂ (ഡോക്ടര്‍ കുറുപ്പ്). വൈദ്യശാസ്ത്രത്തില്‍ മുന്തിയ ബിരുദമില്ലെങ്കിലും ആധുനിക വൈദ്യത്തിന്റെ എബിസിഡി ഒക്കെ അറിയാമായിരുന്ന പാട്ടായിക്കുടി ഡോക്ടര്‍ ആയിരുന്നു വെങ്ങോലയുടെ ലൈഫ് ലൈന്‍. പിന്നെ അത്യാവശ്യം വൈദ്യമൊക്കെ അറിയാമായിരുന്ന ഒരു വേലനും. ചുമ്മാതല്ല 30 വയസ്സിനുമുന്‍പ് എന്റെ മൂത്ത കാരണവന്‍മാരെല്ലാം കാലപുരി പൂകിയത്. പക്ഷെ, കഷ്ടം എന്തെന്നു വച്ചാല്‍ കാരണവന്‍മാരുടെ മരണം തടുക്കാന്‍ അച്ഛന്റെ വീട്ടുകാര്‍ കണ്ട പോംവഴി നാട്ടില്‍ ഒരു ഭദ്രകാളിക്ഷേത്രം പണിയുകയായിരുന്നു. ഒരു വൈദ്യശാലയോ ആശുപത്രിയോ പണിയിക്കുകയാണ് വേണ്ടതെന്ന് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസംപോലും അന്നില്ല.
വിദ്യാഭ്യാസവും ആരോഗ്യവും പോലുള്ള പൗരന്മാരുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഗവണ്‍മെന്റ് ഇടപെട്ടിരുന്നില്ലെങ്കിലും ആണുങ്ങള്‍ മീശവെച്ചിരുന്നോ കല്യാണത്തിന് വലിയ പപ്പടം കാച്ചിയിരുന്നോ, സ്ത്രീകള്‍ അമ്പലത്തില്‍ കയറുമ്പോള്‍ മാറു മറച്ചിരുന്നോ ശീലക്കുട ഉപയോഗിച്ചിരുന്നോ എന്നെല്ലാം അന്വേഷിക്കാന്‍ നാട്ടില്‍ നിയമവും ആളുമുണ്ടായിരുന്നു. ഈ പറഞ്ഞതെല്ലാം നിഷിദ്ധവുമായിരുന്നു. നാടുവാഴുന്ന പൊന്നു തമ്പുരാന്‍ തീപ്പെട്ടാല്‍ ഉടനെ അന്നു പിറന്ന കുട്ടികള്‍ ഉള്‍പ്പടെ തിരുവിതാംകൂറിലെ ആണ്‍പ്രജകളെല്ലാം പുരികം ഉള്‍പ്പടെ ശരീരരോമങ്ങളെല്ലാം ക്ഷൗരം ചെയ്തുകളയണം എന്ന് നിര്‍ബന്ധം. അക്കാലത്തു പൊന്നു തമ്പുരാക്കന്‍മാരെല്ലാം പ്രായമാകാതെ ചത്തുപോകാറുള്ളതിനാല്‍ എനിക്കും ഈ ക്ഷൗരം ഇടക്കിടെ ചെയ്യേണ്ടി വന്നേനെ. നൂറു വര്‍ഷം ശേഷം ജനിച്ചതിനാല്‍ പ്രധാന മന്ത്രി മരിച്ചിട്ടും എന്റെ രോമങ്ങളെല്ലാം സുരക്ഷിതമായിരുന്നു എന്നാലോചിക്കുമ്പോള്‍ ജനാധിപത്യത്തെപ്പറ്റി എനിക്ക് രോമാഞ്ചം വരുന്നു.
ജനാധിപത്യം എനിക്കു തന്നത് രോമാഞ്ചം കൊള്ളാനുള്ള രോമം മാത്രമല്ല അതിനുള്ള സ്വാതന്ത്ര്യവുമാണ്. ഭരണാധികാരികളെ പറ്റിയോ ഭരണവ്യവസ്ഥയെപ്പറ്റിത്തന്നെയോ തമാശ പറയാനും വിശകലനം ചെയ്യാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം 100 വര്ഷം മുന്‍പ് ചിന്തിക്കാനാവില്ലായിരുന്നു. രാജാവിനെ പറ്റി പോയിട്ട് സ്ഥലത്തെ ജന്മിയായ കര്‍ത്താക്കന്മാരെപ്പറ്റി പോലും ഒരു വിമര്‍ശനം പറഞ്ഞാല്‍ തല ഉണ്ടാവില്ല.
വിമര്‍ശനം മാത്രമായിരുന്നില്ല തല പോകുന്ന കുറ്റം, കളവുതൊട്ട് ഗോമാംസം ഭക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് വധശിക്ഷ സാധാരണമായിരുന്നു. ഇതു നടപ്പിലാക്കാന്‍ നാട്ടുജന്മിമാര്‍ക്കുവരെ അവകാശവും ഉണ്ടായിരുന്നു. വെങ്ങോലയില്‍ എന്റെ വീട് ഇരിക്കുന്ന പറമ്പിന്റെ മുന്നാധാരത്തിലെ പേരുതന്നെ 'ആളെ വെട്ടി ഞാല്‍ ' എന്നാണ്. വെങ്ങോലയില്‍ വധശിക്ഷ നടപ്പിലാക്കിയിരുന്നത് ഇവിടെവച്ചായിരുന്നത്രെ.
അന്നത്തെ ജന്മി കാരണവര്‍ വധശിക്ഷ നടപ്പിലാക്കുന്നത് കാണാന്‍ വന്ന മരുമകന്‍ പയ്യന്‍ ഒരിക്കല്‍ അമ്മാവനോടു ചോദിച്ചത്രേ 'അമ്മാവാ, തലയില്ലാത്ത ഒരാള്‍ക്ക് ഓടാന്‍ പറ്റുമോ?' ഈ ചോദ്യം കേട്ടവഴി അമ്മാവന്‍ സ്വന്തം ഭടന്‍മാരില്‍ ഒരാളോട് അതിവേഗതയില്‍ ഓടാന്‍ പറഞ്ഞത്രേ. ഓടിവന്ന അയാളുടെ തല ഒറ്റയടിക്ക് അമ്മാവന്‍ വെട്ടിമാറ്റി എന്നും വന്ന ആയത്തിന് തലയില്ലാതെ ആ ഭടന്‍ കുറച്ചുകൂടി ഓടി എന്നുമാണ് വെങ്ങോലയിലെ ഐതിഹ്യം (ആ കാരണവര്‍ തുമ്മാരുകുടി അല്ല കേട്ടോ). അദ്ദേഹത്തിന്റെ ക്രൂരതയും നാട്ടുകാരുടെ പ്രാക്കും കാരണം കുടുംബം നശിച്ചു പോയെന്നും ശാപം കിട്ടിയ പോലെ ആ പറമ്പ് അവിടെ കിടന്നുവെന്നുമാണ് പുരാണം. അവിടെ വീട് വക്കാന്‍ പോലും ആളുകള്ക്ക് ഭയമായിരുന്നു. പക്ഷെ ദൈവ വിശ്വാസമല്ലാതെ മറ്റു അന്ധവിശ്വാസങ്ങള്‍ ഒന്നും ഇല്ലായിരുന്ന എന്റെ അച്ചാച്ചന്‍ (അമ്മയുടെ അച്ഛന്‍) ധൈര്യമായി ആ സ്ഥലം ചോദിച്ചു വാങ്ങി എന്നും അവിടെ വീട് വച്ചു എന്നുമാണ് കേട്ടറിവ്.
തല മാത്രമല്ല അന്ന് ശിക്ഷയായി വെട്ടി കളഞ്ഞിരുന്നത്, വിരല്‍ തൊട്ടു കൈ വരെ ഏതവയവവും നഷ്ടപ്പെടാം. കൂടാതെ, അടി, തടവ്, ഭ്രഷ്ട് , നാട് കടത്തല്‍, പിഴ എന്നിങ്ങനെ ശിക്ഷകള്‍ വേറെയും ഏറെ. ശിക്ഷയല്ല കുറ്റവിചാരണ തന്നെ 19 ാം നൂറ്റാണ്ടിലും അതിക്രൂരമായിരുന്നു. കുറ്റാരോപിതനായ ആളോട് തിളച്ച എണ്ണയിലോ ഈയത്തിലോ കൈമുക്കാന്‍ പറയുകയായിരുന്ന നാട്ടുനടപ്പ്.
കുറ്റാന്വേഷണം ഏതാണ്ട് ഇന്നത്തെ പോലെ ഒക്കെ ആയിരുന്നു. സംശയം ഉള്ളവരെ പിടിക്കുക, ഇടിക്കുക, അവര്‍ കുറ്റം ഏറ്റില്ലെങ്കില്‍ മുന്‍പറഞ്ഞ ശാസ്ത്രീയ മാര്‍ഗത്തിലൂടെ അപരാധിത്തം തെളിയിക്കുക എന്നിങ്ങനെ. അന്ന് സാക്ഷികളായി പോലീസ് പിടിക്കുന്നവര്‍ക്കും ഉണ്ട് ഇടി. നമ്മുടെ കുറ്റാന്വേഷണം പുരോഗമിച്ചിട്ടില്ല എന്ന് പറയാന്‍ പറ്റില്ല.
വിചാരണയും ശിക്ഷയും അതികഠിനമായതിനാല്‍ അന്ന് കുറ്റം കുറവായിരുന്നു എന്ന് തോന്നും. ഇപ്പോള്‍ ശിക്ഷയില്ലാത്തതാണ് കുറ്റവാസന പെരുകുന്നത് എന്നാണല്ലോ പൊതുധാരണ. പക്ഷെ അതിക്രൂരമായ ശിക്ഷകളും വിചാരണയും ഉണ്ടായിട്ടും കളവും കൊലയും ബലാല്‍സംഗവും എല്ലാം അന്ന് സര്‍വസാധാരണമായിരുന്നു. കായംകുളം കൊച്ചുണ്ണിയെ പറ്റി എല്ലാവരും കേട്ടിട്ടുണ്ട്. കുമരകം കായലില്‍ കൊള്ള സംഘത്തെ ഉണ്ടാക്കിയിട്ട് വീട്ടിലിരുന്നു കളവു മുതല്‍ അനുഭവിച്ച തുമ്പയില്‍ കുറുപ്പിനെ പറ്റി ചരിത്രത്തിലുണ്ട്. കൊച്ചിയിലും തിരുവിതാംകൂറിലും കൊള്ളയായി നടന്ന തേവേലി വര്‍ക്കി ആയിരുന്നു അന്ന് വെങ്ങോലക്കാരുടെ പേടിസ്വപ്നം. നാട്ടിലെ ജന്മികളായ നമ്പൂതിരിഭവനങ്ങളില്‍ അക്രമിച്ചുകയറി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും പണവും പണ്ടവും കൊള്ളയടിക്കുകയും ചെയ്തു എന്നതായിരുന്നു ഇയാളുടെ പേരിലുള്ള പരാതി. സംഗതി എന്തായാലും ഏറെ കഴിയാതെ തിരുവിതാംകൂര്‍ പട്ടാളം ഇയാളെ വെടിവച്ചുകൊന്നു. ഇപ്പോഴും ഇന്ത്യയില്‍ പല ഭാഗങ്ങളിലും കേസന്വേഷണവും വിചാരണയും ശിക്ഷയും എല്ലാം പോലീസു തന്നെയാണ് നടത്തുന്നത്. ഇതെല്ലാം വ്യത്യസ്തമായി ചെയ്യുന്ന കേരളത്തിലേക്കാളും കുറ്റകൃത്യങ്ങള്‍ അവിടെ കൂടുതലുമാണ്.
കുറ്റമൊന്നും ചെയ്തില്ലെങ്കിലും സാക്ഷി ആയില്ലെങ്കിലും സര്‍ക്കാരിന്റെ അടി കിട്ടാന്‍ വേറെയും വഴി ഉണ്ടായിരുന്നു. കരം കൊടുക്കാതിരിക്കലാണ് ആ വഴി. ഇന്നത്തെ പോലെ ആദായ നികുതി, ഭൂനികുതി എന്നിങ്ങനെ ഏറി വന്നാല്‍ പത്തു കരങ്ങളല്ല അന്ന്. കല്യാണത്തിന് പന്തലിടുന്നത് തൊട്ടു സ്ത്രീകള്‍ സ്വര്‍ണ അരഞ്ഞാണം ഇടുന്നത് വരെ എന്തിനും കാശ് പിടുങ്ങാന്‍ സര്‍ക്കാര്‍ റെഡി. 'എന്തു കൊണ്ടാണ് രാജ്യങ്ങള്‍ മുടിഞ്ഞു പോകുന്നത്' (Why Nations Fail) എന്ന പ്രശസ്ത പുസ്തകത്തില്‍ നാട്ടുകാരെ പിഴിഞ്ഞ് പലതരം ടാക്‌സ് വാങ്ങുന്ന രാജാക്കന്മാരെ പറ്റി പറഞ്ഞിട്ടുണ്ട്. സ്വന്തം തൊപ്പി അറിയാതെ താഴെ വീണാല്‍ ആ പേരില്‍ കരം പിരിക്കുന്ന ഒരു ആഫ്രിക്കന്‍ രാജാവുണ്ടായിരുന്നത്രെ. എന്നാല്‍ കുതിരക്കും പശുവിനും കൊടുക്കാനുള്ള പുല്ലു വില്‍ക്കാന്‍ തിരുവനന്തപുരം ചന്തയില്‍ എത്തുന്ന സ്ത്രീകളോട് കെട്ടു താഴെ വയ്ക്കുന്നതിനു കരം മേടിച്ചിരുന്നു എന്നത് നാം അറിയാതിരിക്കരുത്.
ഇത്രയൊക്കെ കരം ഉണ്ടായിട്ടും അതൊക്കെ കൃത്യമായി കൊടുത്തിരുന്നു എന്ന് കരുതരുത്. അഴിമതിക്കാരായ ഉദ്യോഗസ്ഥന്‍മാര്‍ അന്നും ഏറെയുണ്ട്. അഴിമതി മാത്രമല്ല ടാക്‌സ് വെട്ടിപ്പും സര്‍വസാധാരണം. കൃഷിയുടെ പകുതിയും കപ്പവും കരവും ലെവിയും ഒക്കെ ആയി പോകുന്നതിനാല്‍ കൃഷി ചെയ്തു കിട്ടുന്നതിന്റെ പകുതി ആദ്യമേ തന്നെ ഗവര്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കോ ജന്മിമാരുടെ ശിങ്കിടിമാര്‍ക്കോ അറിയാത്ത സ്ഥലത്തേക്ക് മാറ്റലായിരുന്നു പ്രധാന തന്ത്രം. എന്റെ തറവാട്ടില്‍ സ്ത്രീകളുടെ കിടപ്പ് മുറിയുടെ അടിയിലുള്ള രഹസ്യ അറയിലായിരിന്നു ടാക്‌സ് വെട്ടിച്ചുള്ള ധാന്യ ശേഖരണം. ടാക്‌സ് വെട്ടിപ്പിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ച ഗുരുകാരണവന്മാരുടെ ഓര്‍മക്കായി, വീട് പുതുക്കി പണിതപ്പോള്‍ കൃഷിക്ക് ടാക്‌സ് ഇല്ലാതായിട്ടും, ഞങ്ങള്‍ ആ രഹസ്യ അറ സംരക്ഷിച്ചിട്ടുണ്ട്.
അങ്ങനെ വിദ്യാഭ്യാസമോ തൊഴിലോ ലഭിക്കാതെ ഇടക്കിടക്ക് ആപാദമസ്തകം ക്ഷൗരവും ചെയ്തു എന്തിനും ഏതിനും കരവും കൊടുത്തു അത്യാവശ്യം ടാക്‌സ് വെട്ടിച്ചും ജീവിച്ചിരുന്ന എന്റെ കുടുംബജീവിതം എങ്ങനെയായിരുന്നിരിക്കും എന്ന് നോക്കാം. 40നു മുന്‍പേ തട്ടിപ്പോകുന്നതിനാല്‍ 20 നു മുന്‍പേ വിവാഹം നടന്നിരിക്കും. മിക്കവാറും അമ്മാവന്‍ കണ്ടുവച്ച പെണ്‍കുട്ടി ആയിരിക്കും വധു. കെട്ടാന്‍ പോകുന്ന പെണ്ണിനെ കല്യാണത്തിനു മുന്‍പ് ഞാന്‍ കണ്ടിട്ടുപോലും ഉണ്ടാവില്ല.
പക്ഷെ നായരായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ അത്ര വിഷമിക്കേണ്ട കാര്യമില്ല. വിവാഹത്തിന് അക്കാലത്ത് അത്ര വലിയ സ്ഥിരത ഒന്നും ഇല്ല. അധികാരസ്ഥാനത്തുള്ളവര്‍ക്ക് എന്റെ ഭാര്യയെ ഇഷ്ടപ്പെട്ടാല്‍ പിന്നെ ഒഴിഞ്ഞുപോവുകയല്ലാതെ തടി രക്ഷിക്കാന്‍ വേറെ മാര്‍ഗം ഒന്നുമില്ല. ഇത് സാധാരണക്കാരുടെ മാത്രം കാര്യമല്ല ഉന്നത ഉദ്യോഗസ്ഥന്മാരുടെ സ്ഥിതിയും ആയിരുന്നു. അധികാരമുള്ളവര്‍ക്ക് ഇഷ്ടമാകുന്നതു പോലെ കാരണവന്‍മാര്‍ക്ക് ഇഷ്ടക്കേട് ഉണ്ടാക്കുന്നതും ദാമ്പത്യജീവിതം അവസാനിക്കാന്‍ കാരണമായിരുന്നു. നീണ്ടുനിന്ന ദാമ്പത്യബന്ധങ്ങള്‍ ആ തലമുറയില്‍ നായന്മാര്‍ക്ക് ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. ഭാര്യമാരുടെ കാര്യം പോകട്ടെ സ്വന്തം ചോരയില്‍ പിറന്ന കുട്ടിയില്‍ പോലും എനിക്കന്ന് യാതൊരു അവകാശവും ഇല്ലായിരുന്നു. അമ്മ വീട്ടില്‍ വളരുന്ന കുട്ടിക്ക് വേണ്ടി വിദ്യാഭ്യാസത്തിനു സഹായിക്കാനോ അല്പം സ്വത്തു സമ്പാദിച്ചുവക്കാനോ പോയിട്ട് ഒന്നു കളിപ്പിക്കാനോ കളിപ്പാട്ടം വാങ്ങാനോ ഉള്ള അവകാശമോ അവസരമോ അന്നുണ്ടായിരുന്നില്ല. നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല എന്ന് ഖലില്‍ ജിബ്രാന്‍ പറഞ്ഞത് നായന്‍മാരെ മുന്‍പില്‍ കണ്ടിട്ടാവണം.
ഇന്നു ശരാശരി മലയാളി കഴിക്കുന്ന ഭൂരിഭാഗം ഭക്ഷണവിഭവങ്ങളും അന്നു നമുക്ക് അജ്ഞാതമായിരുന്നു. ഇഡ്‌ലി, ദോശ, ചായ, കാപ്പി, സാമ്പാര്‍ ഇവയൊന്നും അന്ന് മലയാളി മെനുവില്‍ ഇല്ല. പുട്ടിനെ കുമ്പം തൂറി എന്ന മ്ലേച്ച ഭക്ഷണം ആയാണ് കരുതിയിരുന്നത്. തികച്ചും കേരളീയം എന്നു നാം കരുതുന്ന അവിയല്‍ പോലും അറുപത്തിനാലിനം വിഭവങ്ങളും ആയി അമൃതേത്ത് കഴിച്ചിരുന്ന കൊച്ചി രാജാവിന്റെ ഭക്ഷണലിസ്റ്റില്‍ ഇല്ലായിരുന്നു. കപ്പ കേരളത്തിലേക്ക് വരുന്നത് 1880 ലെ അരി ക്ഷാമത്തിന്റെ സമയത്താണ്. രാവിലേയും വൈകിട്ടും ചാമയോ അരിയോ കൊണ്ടുള്ള കഞ്ഞിയും താളുകൊണ്ടുള്ള കറിയും ഒക്കെയായിരുന്നു അക്കാലത്ത് മലയാളി കര്‍ഷക കുടുംബത്തിലെ ഭക്ഷണം. രാവിലെ ഭക്ഷണത്തിന് പാലത്തേക്ക് (പകലത്തേക്ക്) എന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണവും വൈകിട്ടു കാപ്പിയും ഒന്നുമില്ല. ഈ രണ്ടുനേരം ഭക്ഷണം തന്നെ എല്ലാവര്‍ക്കും എല്ലാക്കാലത്തും ഉണ്ടായിരുന്നില്ല. 1850കളില്‍തന്നെ തിരുവിതാംകൂറില്‍ അരി ഇറക്കുമതി ചെയ്യേണ്ടിവന്നു. ഭക്ഷ്യക്ഷാമം 1970 കള്‍ വരെ തുടര്‍ന്നതിനു ഞാന്‍ സാക്ഷിയുമാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച ഒരാളോടേ ഞാന്‍ അടുത്ത് ഇടപഴകിയിട്ടുള്ളൂ. എന്റെ അമ്മൂമ്മയോട്. അമ്മൂമ്മ സ്‌കൂളില്‍ പോയിട്ടില്ലെങ്കിലും കീര്‍ത്തനവും ശ്ലോകവുമൊക്കെ മനഃപാഠമായിരുന്നു. അതിരാവിലെ കാളയെ പാടത്ത് കൊണ്ടുചെല്ലാന്‍ ഞാന്‍ എഴുന്നല്‍ക്കുന്ന സമയത്ത് അമ്മൂമ്മ ശ്ലോകം ചൊല്ലുകയായിരിക്കും.
'നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
നരകത്തീന്നെന്നെ കരകേറ്റീടണേ
തിരുവൈക്കം വാഴും ശിവശംഭോ.'
മൂന്നു നേരവും ഭക്ഷണവും കഴിച്ച് മക്കളോടും കൊച്ചു മക്കളോടും ഒപ്പം കെട്ടുറപ്പുള്ള വീട്ടില്‍ സമാധാനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കുന്ന അമ്മൂമ്മ 'നരകവാരിധി നടുവില്‍ ഞാന്‍' എന്ന് പാടുന്നതിന്റെ പൊരുള്‍ അന്നെനിക്ക് പിടികിട്ടിയിരുന്നില്ല. പക്ഷെ ആ ശ്ലോകം എഴുതിയ കാലത്ത്, ആരോഗ്യസംരക്ഷണമോ ഭക്ഷണസ്ഥിരതയോ ഇല്ലാതെ, സ്ഥിരതയുള്ള കുടുംബമോ സ്വച്ഛമായ ജീവിതമോ ഇല്ലാതിരുന്ന ഒരു തലമുറക്ക് ഈ നരകത്തീന്നു കരകയറുകതന്നെയാണ് അഭികാമ്യം എന്നു തോന്നിയതില്‍ ഒരു പൊരുത്തക്കേടുമില്ല.
ഒരാള്‍ ജനിച്ച ജാതിയും മതവും ആയിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ എല്ലാ അവസരങ്ങളിക്കും അവകാശങ്ങളിലെക്കും ഉള്ള പാസ്‌പോര്‍ട്ട്. അക്കാലത്തു അത്യാവശ്യം അവകാശങ്ങളൊക്കെ ഉള്ള നായരായി ജനിച്ച എന്റെ കാര്യം ഇങ്ങനെ ആകുമായിരുന്നെങ്കില്‍, മറ്റുള്ള വിഭാഗത്തില്‍ ജനിച്ച ആളുകളുടെ കാര്യം എന്താകുമായിരുന്നു? യേശുദാസിനെ പോലെ സംഗീത പ്രതിഭയോ മമ്മൂട്ടിയെ പോലെ അഭിനയപ്രതിഭയോ 1840 ലും 1850 ലും ഒക്കെ ജനിച്ചിരുന്നെങ്കില്‍ അന്നത്തെ ചുറ്റുപാടില്‍ അവര്‍ ഒന്നും ആവില്ലായിരുന്നു. മറു നാട്ടില്‍ പോയി പഠിച്ചു പ്രതിഭ തെളിയിച്ചു വന്ന ഡോക്ടര്‍ പല്പ്പുവിനു ഒരു സര്‍ക്കാര്‍ ജോലി കൊടുക്കാന്‍ അന്നത്തെ അധികാരികള്‍ക്ക് തോന്നിയില്ല.
പക്ഷെ ഇന്നത്തെ കാര്യം അതല്ല. ജീവിത സൌകര്യങ്ങളും അവസരങ്ങളും സ്വാതന്ത്ര്യവും ഉള്ള ഒരു കാലത്തിലാണും നാം ജീവിക്കുന്നത്. 2014 ല്‍ കേരളത്തില്‍ ഏതു കുടുംബത്തില്‍ (ഏതു ജാതിയോ മതമോ) ജനിക്കുന്ന കുട്ടിയും ശരാശരി അവരുടെ മാതാപിതാക്കളേക്കാള്‍ അധിക കാലം ജീവിക്കും, അവരെക്കാള്‍ കൂടുതല്‍ ഭക്ഷ്യ സുരക്ഷയും, ആരോഗ്യ സംവിധാനങ്ങളും അവര്‍ക്കുണ്ടാകും, അവരെക്കാള്‍ വിദ്യാഭ്യാസം നേടാനുള്ള അവസരവും ജീവിത സൌകര്യങ്ങളും അവര്‍ക്കുണ്ടാകും. ഇതെല്ലം നമുക്ക് തന്നത് നമ്മുടെ മതേതര ജനാധിപത്യ ഭരണ സംവിധാനമാണ് . പക്ഷെ എന്ത് കൊണ്ടോ അങ്ങനെ ചിന്തിക്കാന്‍ നമുക്ക് വിഷമമാണ്.
പകരം തലമുറകളോളം ചങ്ങലകളായി നമ്മെ തളച്ചിട്ടിരിക്കുന്ന ആചാരങ്ങളും അധികാരഘടനകളും, ആളുകള്‍ നഷ്ടബോധത്തോടെ ആണിപ്പോള്‍ ഓര്‍ക്കുന്നത്. നന്മ നിറഞ്ഞ പോയകാലത്തെ പറ്റി അക്കാലത്തെ ഗുണഭോക്താക്കള്‍ മാത്രമല്ല അക്കാലത്തു പീഢനമനുഭവിച്ചവരുടെ പിന്‍തലമുറയും വാചാലരാവുന്നു. അങ്ങോട്ടു തിരിച്ചു പോവേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്നു, അന്നത്തെ നന്മയെപ്പറ്റി കഥകള്‍ മെനയുന്നു.
ഏതു ചരിത്ര പുസ്തകത്തില്‍ നിന്നാണു സാര്‍ നിങ്ങള്‍ ഈ നന്മ നിറഞ്ഞ ഭൂതകാലം കണ്ടെടുത്തത് ? ഞാന്‍ വായിച്ചറിഞ്ഞ ഏതൊരു ഭൂതകാലത്തിലേയും കൂടുതല്‍ സന്തോഷവും സൗഭാഗ്യവും നന്മയും നിറഞ്ഞ ഒരു കാലത്താണ് ഞാന്‍ ജനിച്ചതും ജീവിക്കുന്നതും. അതിലെനിക്ക് പങ്കൊന്നുമില്ലെങ്കിലും സന്തോഷമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലേക്കോ അതിന്റെ പിന്നിലേക്കോ ഉള്ള 'നല്ല സംസ്‌കാരത്തിന്റെ' കാലത്തേക്ക് ആരെങ്കിലും ടൈം ട്രാവലിന് അവസരം തന്നാല്‍ ആ വണ്ടിയില്‍ കയറാന്‍ ഞാന്‍ ഇല്ല ചേട്ടാ.
നമ്മള്‍ മനസ്സിലാക്കാത്ത മറ്റൊരു കാര്യം ഉണ്ട്. അമ്പതു വയസ്സിനു താഴെ ശരാശരി ആയൂര്‍ ദൈര്‍ഘ്യം ഉള്ള രാജ്യങ്ങളും സമൂഹങ്ങളും ഇപ്പോഴും ഈ ലോകത്തുണ്ട്. സ്വന്തം ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും എല്ലാ ലോക പൌരന്‍മാര്‍ക്കും ഇല്ല. പല മനുഷ്യര്ക്കും ഒരു രാജ്യത്തേയും പൌരത്വം പോലുമില്ല. കയ്യും കാലും വെട്ടുന്ന തരം ശിക്ഷാവിധികള്‍ ഇപ്പോഴും ലോകത്ത് നില നില്‍ക്കുന്നു. സ്വന്തം ജാതിമത ഭരണ സംവിധാനങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് പലയിടത്തും ഇപ്പോഴും തലപോകുന്ന കുറ്റം തന്നെ. രണ്ടു നേരം ഭക്ഷണം കിട്ടാത്തവര്‍ ഈ ലോകത്ത് ഇപ്പോഴും ഉണ്ട്. വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ ശതകോടിക്കണക്കിന്, സ്വന്തം ഇഷ്ടത്തിന് വിദ്യാഭ്യാസമോ ജോലിയോ തിരഞ്ഞെടുക്കുന്നത് പോയിട്ട് സ്വന്തം ശരീരത്തിന്റെ ഇന്റഗ്രിറ്റി പോലും സൂക്ഷിക്കാന്‍ അവകാശമില്ലാത്തവര്‍ എത്രയെത്ര. അസുഖം വന്നാല്‍ പോകാന്‍ ആശുപത്രിയില്ലാത്ത, ആശുപത്രിയിലാണ് പോകേണ്ടത് എന്നറിയാത്ത സ്ഥലങ്ങള്‍ 2014 ലും ഉണ്ട്.
ഇതിന്റെ അര്‍ഥം എല്ലാം തികഞ്ഞ ഒരു കാലത്തും ദേശത്തുമാണ് ഞാന്‍ ജീവിക്കുന്നത് എന്നല്ല. സത്യത്തില്‍ ഇന്ന് ലോകത്തില്‍ മറ്റു പല സമൂഹങ്ങളും അനുഭവിക്കുന്ന ഭൌതിക സൌകര്യങ്ങള്‍ പോയിട്ട് പല വ്യക്തി സ്വാതന്ത്ര്യങ്ങള്‍ പോലും നാം അനുഭവിക്കുന്നില്ല. ഉദാഹരണത്തിന് യൌവ്വന കാലത്ത് കണ്ടു പരിചയപ്പെട്ടു ഇഷ്ടപ്പെട്ട ഇണകളെ തിരഞ്ഞെടുക്കുന്ന രീതി ഇപ്പോഴും നമുക്ക് ഒരു പുതുമയാണ്. പരസ്പര സ്‌നേഹത്തിന്റെ പിന്‍ബലത്തില്‍ അല്ല ജാതിയും, മതവും ഉള്‍പെട്ട ചട്ടക്കൂട്ടിനുള്ളിലാണ് നാം ഇപ്പോഴും ഇണയെ കണ്ടെത്തുന്നത്.
ജനാധിപത്യ മാര്‍ഗത്തിലൂടെ നമ്മുടെ പ്രതിനിധികളെ കണ്ടെത്താന്‍ നാം ഇപ്പോഴും സങ്കുചിത മായ ജാതീയ ചിന്തകള്‍ ഉപയോഗിക്കുന്നു. മനുഷ്യാവകാശം എന്ന വാക്കിന്റെ അര്‍ഥം നമുക്കിപ്പോഴും ശരിക്കും മനസ്സിലായിട്ടില്ല. കേരളത്തിന് പുറത്ത് ലേബര്‍ കാമ്പ്കളില്‍ കഷ്ടപ്പെടുന്ന മലയാളികളുടെ അവകാശവും കേരളത്തില്‍ അങ്ങോളമിങ്ങോളം ലേബര്‍ കാമ്പ്കളില്‍ നരകിക്കുന്ന ബംഗാളികളുടെ അവകാശവും ഒന്നാണെന്ന് ഇപ്പോഴും നാം തിരിച്ചറിഞ്ഞിട്ടില്ല. ആരോഗ്യ സുരക്ഷ പദ്ധതി ഇപ്പോഴും നമുക്കില്ല. വധശിക്ഷ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. സ്വവര്‍ഗാനുരാഗം ഇപ്പോഴും ഒരു കുറ്റമായി നിയമവും തെറ്റായി സമൂഹവും കാണുന്നു. അഴിമതി രഹിതമായ ഒരു സമൂഹം ഉണ്ടാകാം എന്നത് നമുക്ക് വിശ്വസിക്കാനേ പറ്റുന്നില്ല. എല്ലാ ആളുകള്കും സ്വന്തം വീട് പോയിട്ട് സ്വന്തമായി ഒരു കക്കൂസ് പോലും ഇപ്പോഴും ഇല്ല. നമ്മുടെ നഗരങ്ങള്‍ വളരുംതോറും അവിടം ജീവിക്കാന്‍ പറ്റാത്ത തരത്തില്‍ മലിനമായി വരുന്നു.
ഇതില്‍ പല കാര്യങ്ങളും ശരിയാണെന്ന്, ഉദാഹരണത്തിന് വധശിക്ഷ, സ്വവര്‍ഗ അനുരാഗതോടുള്ള എതിര്‍പ്പ്, അറേഞ്ച് ചെയ്ത വിവാഹങ്ങള്‍, നമ്മുടെ ഭൂരി ഭാഗം പേരും ഇപ്പോഴും വിശ്വസിക്കുന്നു. ശരിയാണെന്ന വിശ്വാസം ഇല്ലെങ്കിലും ഇത്രയും തലമുറകള്‍ ആയി തുടര്‍ന്ന് വന്നതിനാല്‍ ഇതൊന്നും മാറാന്‍ പോകുന്നില്ല എന്നും തോന്നിയേക്കാം. അത് സ്വാഭാവികം ആണ്. പക്ഷെ അങ്ങനെ ആകണം എന്നില്ല. ബിബ്ലിക്കല്‍ കാലം തൊട്ടുണ്ടായിരുന്ന അടിമത്ത വ്യവസ്ഥിതി ഇപ്പോള്‍ ലോകത്തെമ്പാടും നിയമ വിരുദ്ധം ആണ്. പക്ഷെ അടിമകളെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് ലോക സമൂഹം അംഗീകരിചിട്ടു ഇപ്പോള്‍ നൂറു വര്ഷം പോലും ആയിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ തികച്ചും സ്വാഭാവികം എന്ന് നമുക്ക് തോന്നുന്ന പലതും ഒരു നൂറു കൊല്ലം കഴിയുമ്പോള്‍ മാറി വരും, അന്ന് നമ്മുടെ പിന് തലമുറക്കാര്‍ 'എന്റെ അപ്പൂപ്പന്റെ കാലത്ത് ജാതകം നോക്കിയാണ് കല്യാണം കഴിചിരുന്നതെന്നും എന്നും റെയില്‍വേ കമ്പാര്‍ട്ട് മെന്റില്‍ സീറ്റ് കിട്ടാന്‍ കൈക്കൂലി ഉണ്ടായിരുന്നു എന്നും ' അതിശയത്തോടെ ഓര്ക്കും. ഒരു ഫോണ്‍ കിട്ടാന്‍ കൈകൂലി കൊടുത്തിരുന്ന കാലം ഞാന്‍ തന്നെ ഓര്ക്കുന്നുണ്ട്.
പക്ഷെ ഒന്ന് നാം ഓര്‍ക്കണം സാമ്പത്തികവും സാംസ്‌കാരികവും ആയ പുരോഗതി ചുമ്മാതെ സ്വാഭാവികമായി ഉണ്ടാകുന്നതല്ല. ശാസ്ത്രമോ സംസ്‌കാരമോ നമ്മുടെ ചുറ്റും ഉള്ള രാജ്യങ്ങളോ പുരോഗമിച്ചു എന്നത് കൊണ്ട് മാത്രം നാം മുന്നോട് പോവില്ല. നമ്മളെക്കാളും സാമ്പത്തികവും സാംസ്‌കാരികവും ആയി മുന്നില് നിന്ന അനവധി രാജ്യങ്ങള്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പൊട്ടക്കുളത്തിലേക്ക് തിരിച്ചു ചാടിയിട്ടുണ്ട്. നമ്മുടെ പുറകില്‍ നിന്നവര്‍ മുന്നില് കേറിയിട്ടും ഉണ്ട്. നമ്മുടെ ഭാവി നാം നടത്തുന്ന തിരഞ്ഞെടുപ്പുകളുടെ പരിണിത ഫലം ആണ്. ഭാഗ്യത്തിന് നമ്മുടെ ഭാവി, വ്യക്തിപരം ആയും സമൂഹമായും തിരഞ്ഞെടുക്കാനുള്ള ഏറെ സ്വാതന്ത്ര്യം ഇപ്പോള്‍ നമുക്കുണ്ട്. അത് വേണ്ട പോലെ ഉപയോഗിച്ചാല്‍ മാത്രമേ നാം മുന്നോട്ടോ പോകൂ. 'ഗത കാല സൌഭാഗങ്ങളുടെ' പ്രയോക്താക്കളുടെയും സത്വ വാദികളായ നേതാക്കളുടെയും വാക്ക് കേട്ട് നമ്മുടെ കാരണവര്‍മാര്‍ പൊട്ടിച്ചെറിഞ്ഞ ചങ്ങലകള്‍ നാം തിരിച്ചു എടുത്തു അണിയാതിരുന്നാല്‍ മാത്രമേ നൂറു വര്ഷം കഴിയുമ്പോള്‍ നമ്മുടെ പിന്‍ തലമുറയ്ക്ക് എന്നെ പോലെ സന്തോഷത്തോടെ 'നൂറു വര്ഷം കഴിഞ്ഞെത്തിയത്തിന്റെ' ഭാഗ്യത്തെ പറ്റി ഓര്‍ക്കാന്‍ പറ്റൂ.
വാല്‍കഷണം: നൂറു കൊല്ലം മുന്പത്തെ ഭാവനയില്‍ ഞാന്‍ ആരായിരുന്നാലും സത്യത്തില്‍ ഞാന്‍ മുരളി തുമ്മാരുകുടി എന്ന സുരക്ഷാ വിദഗ്ദ്ധന്‍ ആണല്ലോ. അപ്പോള്‍ അല്പം സുരക്ഷ പറയാതെ എങ്ങനെ ലേഖനം അവസാനിപ്പിക്കും? നൂറു കൊല്ലം മുന്‍പ് ഒരു ദൂര യാത്ര പോകുന്ന സമയത്ത് നല്ല സമയം നോക്കി വേണ്ടപ്പെട്ടവരെ ഒക്കെ കണ്ടു യാത്ര പറഞ്ഞിട്ടാണ് പോകാറ്. വഴിയുടെ ദുര്‍ഘടം, ആരോഗ്യ സൌകര്യങ്ങളുടെ അഭാവം, വഴി നീളെ കൊള്ളക്കാര്‍, പോരാത്തതിന് പനയുടെ കീഴിലെല്ലാം യക്ഷികളും, ഇതെല്ലാം കാരണം യാത്ര പോയാല്‍ തിരിച്ച് എത്താതെ ഇരിക്കാനും സാധ്യത ഉണ്ട്. ഇന്നിപ്പോള്‍ ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. എന്നാലും, കേരളത്തില്‍ ദൂര യാത്ര അല്ല ചെറിയ യാത്ര ആണെങ്കിലും നല്ല സമയം നോക്കി, ഇനി തിരിച്ചു വരാന്‍ വല്യ സാധ്യത ഇല്ല എന്ന് വിചാരിച്ചു വില്‍പത്രവും എഴുതി പോകുന്നതാണ് നല്ലത്. പണ്ട് യക്ഷികള്‍ ഉണ്ടായിരുന്ന വഴികളില്‍ എല്ലാം ഇപ്പോള്‍ ശകടാസുരന്മാര്‍ പായുകയാണ്. യക്ഷിയുടെ മുന്നില്‍ പെട്ടാല്‍ എല്ലും മുടിയും എങ്കിലും ബാക്കി കിട്ടുമായിരുന്നു, ടിപ്പറിന്റെ അടിയില്‍ പെട്ടാല്‍, ഠിം ! .

The more we change, the more we remain the same എന്നോ മറ്റോ ഒരു ഫ്രഞ്ചു കാരന്‍ സായിപ്പ് നൂറു വര്ഷം മുന്‍പേ പറഞ്ഞു വച്ചിട്ടുണ്ട്

1 comment:

  1. മുരളി തുമ്മാരുകുടി
    കാന്‍പൂര്‍ ഐ.ഐ.ടിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ മുരളി തുമ്മാരുകുടി ഇപ്പോള്‍ യു.എന്‍.ഇ.പിയുടെ ദുരന്തനിവാരണ വിഭാഗത്തിന്റെ തലവനാണ്. പതിനഞ്ചുവര്‍ഷമായി ലോകത്തെങ്ങും പ്രകൃതി-വ്യവസായ ദുരന്തരംഗങ്ങളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. നാല്പതിലേറെ രാജ്യങ്ങളില്‍ ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നിരവധി യൂണിവേഴ്‌സിറ്റികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. പതിവായി ദുരന്തനിവാരണ പ്രശ്‌നങ്ങളെക്കുറിച്ചെഴുതുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ താമസം. ഭാര്യ: അമ്പിളി മേനോന്‍. വിലാസം: ഢ/223 അ, പെരുമ്പാവൂര്‍, എറണാകുളം. ഇ മെയില്‍: thummarukudy@gmail.com. സൈറ്റ്: www.muraleethummarukudy.com.
    ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ചില നാട്ടുകാര്യങ്ങള്‍ കാഴ്ചപ്പാടുകള്‍ തുമ്മാരുകുടികഥകള്‍ സുരക്ഷയുടെ പാഠങ്ങള്‍

    ReplyDelete