Sunday, July 27, 2014

സഭയിലെ അന്തശ്ചിദ്രം പുറത്തുവരുന്നു?
'കര്‍ത്താവിന്‍റെ യഥാര്‍ത്ഥ ദാസ'നെ
ആക്ഷേപിക്കണമോ?

സണ്‍ഡെ ശാലോമിന് മറുപടിയുമായി 
'സത്യദീപം' വെബ് ഡെസ്‌ക്‌
Published: July 27, 2014

"കര്‍ത്താവിന്‍റെ ദാസനായ നരേന്ദ്രമോദി' എന്ന ലേഖനം കേരളത്തിലെ വാര്‍ത്താച്ചാനലുകളില്‍ ഏറെ ചര്‍ച്ചാവിഷയമായി. ഈ ലേഖനം വായിച്ചവരില്‍ പലരും മൂക്കത്തു കൈവച്ചു, മറ്റു ചിലര്‍ തലയില്‍ കൈവച്ചു, ചിലര്‍ ഞെട്ടി. സ്വന്തം കാര്യം കാണാന്‍ സ്ഥാനത്തുള്ളവരെയും അസ്ഥാനത്തുള്ളവരെയും പ്രീതിപ്പെടുത്തുന്ന പത്രപ്രവര്‍ത്തനശൈലികള്‍ സഭയ്ക്കുള്ളിലും സഭയ്ക്കു പുറത്തും ധാരാളം കണ്ടിട്ടുള്ളതിനാല്‍ ഇത്തരം ലേഖനങ്ങളില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നതാണ് ഏറ്റവും ഉചിതമായ അഭിപ്രായം. എങ്കിലും മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ച കറ പ്രധാനമന്ത്രി കസേരയില്‍ ഇരുന്നതോടെ ഇല്ലാതാകുമോ എന്നു ചിന്തിക്കുന്നതു യുക്തിസഹമാണ്. ഗുജറാത്തിലെ ഗോദ്രയും ബി.ജെ.പി ഭരിക്കുന്നിടത്തൊക്കെ ക്രൈസ്തവ മിഷനറിമാര്‍ പീഡിപ്പിക്കപ്പെട്ടതും ഇപ്പോള്‍ പലയിടത്തും പല രൂപത്തിലും ഭാവത്തിലും ന്യൂനപക്ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ പീഡനങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും മോദിയെ മാറ്റി നിര്‍ത്തി അദ്ദേഹത്തിന് രൂപക്കൂട് പണിയുവാന്‍ കത്തോലിക്കാ സഭയ്ക്കു സാധിക്കുമോ എന്ന ചോദ്യത്തിന് ചിലരെങ്കിലും ഉത്തരം നല്കേണ്ടതല്ലേ?

പ്രാര്‍ത്ഥന ദൈവത്തിന്‍റെ ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ വിശ്വാസിയെ ഏറെ സഹായിക്കുന്നു. ദൈവ വചന വായനയാകട്ടെ താന്‍ ജീവിക്കുന്ന കാലഘട്ടത്തെയും തങ്ങളുടെ ജീവിത പരിസരങ്ങളെയും ദൈവികമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പക്ഷേ, പ്രാര്‍ത്ഥനയും വചനവായനയും ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ സാധിച്ചുകിട്ടാനുള്ള ഉപകരണങ്ങളാക്കി തരം താഴ്ത്തുന്നത് അനുപേക്ഷണീയമല്ല. കത്തോലിക്കാസഭയുടെ ഉള്ളില്‍ നിന്നും അകന്നു പോയ പല നവ സെക്ടുകളും ഇന്ന് വചനം വ്യാഖ്യാനിക്കുന്നത് അവര്‍ക്കിഷ്ടപ്പെട്ട രീതിയിലാണ്. ദൈവവചനത്തെ തങ്ങളുടെ കാര്യസാദ്ധ്യത്തിനായി വ്യാഖ്യാനിക്കുന്നതു സഭാപരമല്ല. നരേന്ദ്ര മോദിയെ ഏശയ്യ പ്രവാചകന്‍ സൂചിപ്പിച്ചിരിക്കുന്ന ദൈവത്തിന്‍റെ ദാസനായ പേര്‍ഷ്യന്‍ രാജാവ് സൈറസിനോട്, ഉപമിച്ചത് ബുദ്ധിശൂന്യതയോ പ്രായോഗികചിന്തയോ ആണെന്നതില്‍ തര്‍ക്കമില്ല. ഏശയ്യ പ്രവാചകന്‍റെ പുസ്തകത്തിന്‍റെ ചരിത്ര പശ്ചാത്തലം കേരള മെത്രാന്‍ സമിതി ഇറക്കിയിരിക്കുന്ന മലയാള ബൈബിളിന്‍റെ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തിന് ആകെ 66 അദ്ധ്യായങ്ങളാണുള്ളത്. ഇതില്‍ ആദ്യ ഭാഗം 139 വരെ ബി.സി എട്ടാം നൂറ്റാണ്ടില്‍ യൂദയായില്‍ ഭരണം നടത്തിയ ഇസ്രായേല്‍ രാജക്കാന്മാരുടെ കാലഘട്ടമാണ്. എന്നാല്‍ 40-55 വരെയുള്ള അ ദ്ധ്യായത്തില്‍ രണ്ടാം ഏശയ്യാ, ബാബിലോണില്‍ പ്രവാസികളായി കഴിയുന്ന ഇസ്രായേല്‍ക്കാരോടാണ് സംസാരിക്കുന്നത്. 56-66 വരെ മൂന്നാം ഏശയ്യയുടെ പുസ്തകത്തില്‍ ബാബിലോണ്‍ പ്രവാസം കഴിഞ്ഞ് ഇസ്രായേലില്‍ തിരിച്ചെത്തിയവര്‍ക്ക് പ്രത്യാശയും ആവേശവും പകരുന്ന പ്രവാചകന്‍റെ വാക്കുകളാണുള്ളത്.

രണ്ടാം ഏശയ്യ പറയുന്ന സൈറസ് രാജാവ് ജന്മനാ, വളരെ കുലീനതയുള്ള വ്യക്തിത്വത്തിനുടമയാണ്. മാത്രമല്ല അദ്ദേഹം ദൈവഭയമുള്ള വ്യക്തി കൂടിയായിരുന്നു. ശക്തനും ധീരനുമായ രാജാക്കന്മാര്‍ അന്ന് തങ്ങളുടെ സാമ്രാജ്യം വിസ്തൃതമാക്കാന്‍ സൈന്യബലത്താല്‍ മറ്റു രാജ്യങ്ങളെ വെട്ടിപിടിച്ചിരുന്നു. പക്ഷേ, തങ്ങള്‍ കീഴടക്കിയ രാജ്യത്തെ രാജാവിനോടും ജനങ്ങളോടും ആദരവോടെ പ്രവര്‍ത്തിക്കുന്ന രാജാക്കന്മാരാണ് ദൈവത്തിന്‍റെ ദാസന്മാരെന്നു വിളിക്കപ്പെടാവുന്നവര്‍. അത്തരത്തില്‍ ദൈവം കണ്ടെത്തിയ ആളായിരുന്നു സൈറസ്. അദ്ദേഹം ബാബിലോണ്‍ കീഴടക്കിയപ്പോള്‍ ബാബിലോണിലെ അവസാനത്തെ രാജാവായ നബോണിദസിനോട് ആദരപൂര്‍വം പെരുമാറി. അദ്ദേഹത്തിന്‍റെ ഭാര്യ മരിച്ചപ്പോള്‍ സംസ്കാരത്തിന് നേതൃത്വം വഹിച്ചത് സൈറസിന്‍റെ മകനാണ്. ബാബിലോണിലെ ദേവാലയങ്ങളിലേയ്ക്ക് സൈറസ് ധാരാളം സംഭാവനകള്‍ കൊടുക്കുകയും അവിടെയുണ്ടായിരുന്ന പ്രവാസികള്‍ക്ക് അവരുടെ ദൈവത്തിന്‍റെ ചിത്രങ്ങളും വിശുദ്ധ വസ്തുക്കളുമായി സ്വന്തം നാട്ടിലേയ്ക്കു പോകാനുള്ള അവസരം ഒരുക്കികൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ബാബിലോണ്‍ പ്രവാസത്തിലിരുന്ന ഇസ്രായേല്‍ക്കാര്‍ സ്വന്തം നാട്ടിലേയ്ക്കു തിരിച്ചുപോയത്. തിരിച്ചു ചെന്നവര്‍ ജെറുസേലം ദൈവാലയം പുതുക്കിപണിയാന്‍ ആരംഭിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ദേശവാസികളുടെ കൈകടത്തല്‍ ഒഴിവാക്കിയത് സൈറസ് രാജാവിന്‍റെ കല്പന കാണിച്ചാണ് (എസ്രാ. 5, 12-17).


No comments:

Post a Comment