പാദസ്പര്‍ശം ക്ഷമസ്വ:
A Journey From Mirage To Oasis Girija NavaneethaKrishnan
ന്നു കാണാന്‍ കൊതിച്ചു ഞാ-
വാനത്തിന്‍ തുണ്ടൊന്നു കാണാന്‍ കൊതിച്ചു ഞാ-
നെന്‍ മട്ടുപ്പാവിലണയേ
അതിരറ്റ കാഴ്ചകളൊട്ടു നിറം കെട്ട
തകരത്തകിടാല്‍ മറയെ
ഒരുനാളിലാകാശമൂര്‍ന്നു കിടന്നൊരെ-
ന്നാലയ മേലാപ്പെവിടെ ?
വീടായ വീടുകളെല്ലാം തകിടിന്റെ
കൂരയ്ക്കു കീഴേയൊളിച്ചോ?
നാടും നഗരവുമാകെ തകരത്തിന്‍
ചേലെഴാ മേല്ക്കൂര പൊങ്ങെ
വാനത്തിന്‍ ചീന്തൊന്നു കാണുവാനുള്ളൊരു
മോഹം മടക്കി ഞാന്‍ നില്‍പൂ .
വീടിന്റെ മുറ്റത്തൊരു കൊച്ചു മണ്‍കൂന
കൊണ്ടു കളിവീട് കെട്ടാന്‍
ഓടിയണഞ്ഞ ഞാനൊരു ചെറു മണ്‍തരി
കാണാതെ തേടി നടപ്പൂ...
ഭൂമിതന്‍ വായ് മൂടിക്കെട്ടിയടച്ച പോ-
ലോടുകള്‍ പാകിയ മുറ്റം
ഭൂമിയ്ക്കുദക ക്രിയയ്ക്കെങ്കിലു ം തുള്ളി
നീരോടിടാത്ത പാഴ് മുറ്റം.
മണ്ണില്‍ പതിഞ്ഞ കാല്‍ പാടുകള്‍ കണ്ടു
വളര്‍ന്നേ വിനയമുറയ്ക്കൂ,
പാദങ്ങളൂന്നാനിടം തന്ന ഭൂമിയെ
കുമ്പിടുന്നോനേ വിളങ്ങൂ.
മണ്ണില്‍ ചവിട്ടി നടക്കുവാനാകാത്ത
ബാല്യങ്ങളെന്തറിഞ്ഞീടാന്‍
അമ്മതന്‍ നെഞ്ചില്‍ തുടിപ്പും
പിടയുമാ നാവു വരളുന്ന വേവും!
ആരെ ഭയപ്പെട്ടു തങ്ങളില്‍ തന്നെ
യൊളിച്ചു പാര്‍ത്തീടുന്നു മര്‍ത്ത്യര്‍?
തന്നിഷ്ടമാകുന്ന മാളങ്ങളില്‍ത്തന്റെ
പട്ടട തീര്‍ക്കും മനുഷ്യന്‍!
മര്‍ത്യനായ് വന്നു ജനിച്ചിതു ഞാനുമെന്‍
സ്വാര്‍ത്ഥത തിങ്ങുമീ പൊത്തില്‍,
പ്രകൃതിയെ തോല്‍പ്പിച്ചു ജീവിച്ചിടാനുള്ള
ത്വര മൂത്തു ഞാന്‍ നവ മര്‍ത്യന്‍.
No comments:
Post a Comment