ബിഷപ്പ് എന്താണ് ചെയ്യുന്നത് |
ചുംബനനാടകം Zach Nedunkanal
znperingulam@gmail.com
ഇന്ന് ലോകത്തിൽ പലയിടത്തും മെത്രാന്മാരും അച്ചന്മാരും, യേശുവിനെ അനുകരിക്കുന്നവർ എന്ന് കാണിക്കാൻവേണ്ടി, പന്ത്രണ്ടു വ്യക്തികളുടെ പാദങ്ങൾ കഴുകി, തുടച്ച്, മുത്തുന്ന ദിവസമാണ്. ഇതൊരു വാർഷിക നാടകമാണ്. കാരണം, യേശു അത് ചെയ്തെങ്കിൽ അത് സ്നേഹത്തിന്റെയും എളിമയുടെയും സമഭാവനയുടെയും പ്രതീകമായി ചെയ്തതാണ്. ഇവരാകട്ടെ, ഈ നാടകം കഴിഞ്ഞ് സാധാരണ മനുഷ്യരുമായി ഒരു ബന്ധവും ഇല്ലാത്തവരെപ്പോലെ ഒഴിഞ്ഞു മാറിയും ആഡംഭരത്തിലും നടക്കും. അതുമാത്രമല്ല, സാധിക്കുന്നിടത്തൊക്കെ അനീതി കാട്ടി ജനത്തെ ഉപദ്രവിച്ചുകൊണ്ടുമിരിക്കും.
പിന്നെയൊരു സംശയം: നാല് സുവിശേഷകർത്താക്കളിൽ യേശു ശിഷ്യരുടെ കാലുകഴുകുന്ന കഥ എഴുതിയത് യോഹന്നാൻ മാത്രമാണ്. അവിടെ, കാലുകഴുകി തുടച്ചു എന്നേ കാണുന്നുള്ളൂ. ഇവരെന്തിനാണ് പാദത്തിൽ ചുംബിക്കുന്നത് എന്നത് മനസ്സിലാകുന്നില്ല. ഏതായാലും നാടകമല്ലേ, എന്നാലല്പം ആർദ്രമാകട്ടെ സംഗതി എന്നായിരിക്കാം! എല്ലാവർഷവും നാണമില്ലാതെ ഇങ്ങനെ ഓരോ പടം ദീപിക പ്രസിദ്ധീകരിക്കും. ശങ്കരന്മാർ പിന്നെയും ബെൻസിലും ഓഡിയിലും!
വേദപുസ്തകത്തിലെ ഓരോ വാക്കും വാച്യാർത്ഥത്തിലെടുക്കുന്ന തഴക്കമാണ് സഭയിൽ പൊതുവേയുള്ളത്. സുവിശേഷങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചും, ഓരോ പുസ്തകവും എന്നെഴുതപ്പെട്ടു, ആരെഴുതി, എന്തുകൊണ്ടെഴുതി, ഏതു ഭാഷയിലെഴുതി എന്നൊക്കെയുള്ള വിഷയങ്ങളിലേയ്ക്ക് ആഴമായി പോയി പഠിച്ചിട്ടുള്ളവർ വാച്യാർത്ഥങ്ങൾക്കല്ല വില കല്പിക്കുന്നത്. ഗ്രന്ഥകർത്താക്കളുടെപേര് പോലും വെറും തൂലികാനാമങ്ങളാണ് എന്നത് എത്രപേർക്കറിയാം? യോഹന്നാൻ എന്ന് പറഞ്ഞാൽ അത് യേശുവിന്റെ ഇഷ്ടശിഷ്യനായിരുന്ന ചെറുപ്പക്കാരൻ എന്ന് ധരിച്ചുപോയാൽ തെറ്റി. യവന സംകാരത്തിൽനിന്നു വന്ന ഒരു തീവ്രവിശ്വാസിയായിരുന്നിരിക്കണം അദ്ദേഹം. ആദ്യ വാക്യത്തിലെ 'വചനം' (Logos) എന്നാ പ്രയോഗംതന്നെ അതിനുള്ള തെളിവാണ്. തന്നെയല്ല, മനുഷ്യപുത്രനായി സ്വയം കരുതുകയും അങ്ങനെത്തന്നെ മരിക്കുകയും ചെയ്ത യേശുവിനെ ക്രിസ്തുവായും ദൈവസുതനായും വിശ്വസിക്കാൻ തുടങ്ങിയ ഒരു സമൂഹത്തിനുവേണ്ടി ഭാവനയിൽ നിന്ന് അതിനുചേരുന്ന കഥകൾ മെനഞ്ഞുണ്ടാക്കിയാണ് ഈ 'യോഹന്നാൻ' തന്റെ സുവിശേഷം എഴുതിയത്. അതുകൊണ്ടാണ് മറ്റാരും കുറിക്കാത്ത സംഭവങ്ങളും വാക്യങ്ങളും അദ്ദേഹത്തിൻറെ സുവിശേഷത്തിൽ കാണുന്നത്. 'ഞാൻ വഴിയും സത്യവും ജീവനുമാണ്' എന്ന വാക്യം അതിലൊന്നാണ്. ഈ പറയുന്ന കാലുകഴുകൽ പോലും ഒരു സംഭവകഥയായിരിക്കണമെന്നില്ല. എന്നാൽ അതിലൂടെ യോഹന്നാൻ അർത്ഥമാക്കുന്ന ആശയം യേശുവിനെ സംബന്ധിച്ച് വളരെ സത്യവുമാണ്. അതാണ് നാം മനസ്സിലേയ്ക്കെടുക്കേണ്ടതും, നമ്മുടെ ദിവ്യന്മാർ സൌകര്യപൂർവം വിട്ടുകളയുന്നതും.
എന്താണ് ഈ അര്ത്ഥം? "ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്റെകൂടെ പങ്കില്ല" എന്ന് തന്റെ കാൽ പിൻവലിച്ച പത്രോസിനോട് യേശു പറയുന്നുണ്ട്. ശിഷ്യന്മാർ ഗുരുവിന്റെ പാദങ്ങൾ കഴുകുക, ആതിഥേയൻ അതിഥിയുടെ കാൽ കഴുകി സ്വീകരിക്കുക എന്നതൊക്കെ ഭാരത, യഹൂദ സംസ്കാരങ്ങളിൽ പതിവായിരുന്നു. എന്നാൽ ഗുരു ശിഷ്യന്റെ പാദങ്ങൾ കഴുകുമ്പോൾ അതിലെ അർത്ഥധ്വനി വേറൊന്നാണ്. ഗുരുവും ശിഷ്യനും എന്ന ഭേദംതന്നെ തിരുത്തിക്കുറിച്ച്, എല്ലാക്കാര്യത്തിലും തന്നോടൊപ്പം കരുതപ്പെടുന്നവർ എന്ന നൂതനാർത്ഥമാണ് ഇതിലൂടെ യേശു ഉണ്ടാക്കുന്നത്. ഗുരു തന്റെ സത്തയിൽ സ്വാംശീകരിച്ചിരിക്കുന്ന അറിവിന്റെ സംശുദ്ധ ഭാവം തന്റെ ശിഷ്യർ പരമ്പരയാ തുടരണം എന്നും മനസ്സിലാക്കി ക്കൊടുക്കുകയായിരുന്നു അവിടുന്ന്. അല്ലാതെ കാൽ കഴുകലും കഴിഞ്ഞ് മെത്രാനും പുരോഹിതനും അവരവരുടെ വഴിക്കും കഴുകപ്പെട്ടവർ വെറും സാധാരണക്കാരനും പാമരനുമായി (simple and ordinary) പിന്തള്ളപ്പെടുന്ന സ്ഥിതിവേശേഷമാണ് തുടരുന്നതെങ്കിൽ കാൽകഴുകൽ ഒരു വെറുനാടകം മാത്രമാണ്. "ഒരു പുതിയ കല്പന ഞാൻ നിങ്ങള്ക്ക് തരുന്നു, ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ (സമഭാവനയോടെയുംബഹുമാനത്തോടെയും കാണുന്നതുപോലെ) നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ" എന്ന പാഠം നമ്മുടെ ദിവ്യന്മാർ സൗകര്യപൂർവം മറന്നുകളയുന്നു. ഉയർച്ച-താഴ്ച്ചകളെയും സ്ഥാനമാനങ്ങളെയും റവഡോ-ഡിഗ്രികളുടെ പാണ്ഡിത്യവ്യത്യാസങ്ങളെയും അഭിഷേകങ്ങളെയും മറികടന്നുള്ള നിരുപാധികസാഹോദര്യമാണ് ഇവിടെ വിഷയം. അർത്ഥശങ്കക്ക് ഒരിടവും അവിടെയില്ല.
യേശുവിന്റെ കാലത്ത് അപ്പോസ്തോലർക്ക് വചനം പ്രസംഗിക്കാൻ കാൽനടയായി ബഹുദൂരം യാത്ര ചെയ്യണമായിരുന്നു. പലപ്പോഴും നീണ്ട മണിക്കൂറുകൾ അനേകമനേക സ്ഥലങ്ങളിൽ യാത്രചെയ്ത് അവർ വേദം പ്രസംഗിച്ചിരുന്നു. ഇന്നത്തെപ്പോലെ യാത്രാ സൌകര്യങ്ങളോ വണ്ടികളോ കാലിൽ ചെരുപ്പുപോലുമോ ഉണ്ടായിരുന്നില്ല. കാലുകളിൽ ദുർഗന്ധം വമിക്കുന്ന വ്രണവുമുണ്ടായിരിക്കാം. എങ്കിലും, ആത്മാവും മനസും ഒന്നുപോലെ എന്നുമവരിൽ ശുദ്ധമായിരുന്നു. പാദങ്ങളൊഴിച്ച് മറ്റുള്ള ദേഹാവയങ്ങൾ പരിശുദ്ധമായിരുന്നു. ശാന്തിയും അവരെ പിന്തുടർന്നിരുന്നു.
ഇന്ന് കാലം മാറി. അഭിഷിക്തരും പുരോഹിതരിൽ ഭൂരിഭാഗവും സഞ്ചരിക്കുന്നത് വില കൂടിയ കാറുകളിലാണ്. അവരുടെ കാല്പാദം വൃദ്ധിയായിരിക്കും. അശുദ്ധമായതിനെ ശുദ്ധമായി കാണാനാണ് തിരുവചനം ഉദ്ദേശിക്കുന്നത്. ബാല പീഡകരും അധാർമ്മികളും ലൈംഗിക വേട്ടക്കാരുമായ പുരോഹിതരാണ് ഇന്നത്തെ സഭയിൽ നിറഞ്ഞിരിക്കുന്നത്. ഇറ്റലിയിൽ മലയാളി പുരോഹിതർ വേശ്യാലയവും നടത്തുന്നതായി വായിച്ചു. അവരുടെ ഹൃദയവും ശുദ്ധമല്ല. പകരുന്ന രോഗമുള്ള ലൈംഗികാവയവങ്ങളും കേടുപിടിച്ചതായിരിക്കും. അവിടമാണ് ശുദ്ധിയാക്കേണ്ടത്. മനസ് അശുദ്ധമെങ്കിൽ ആന്തരിക ധ്യാനം കൊണ്ട് മനസിന്റെ സമനില നേരെയാക്കാം. പക്ഷെ അവരുടെ വ്രണംപിടിച്ച അസ്ഥാനത്തുള്ള അവയവങ്ങൾ മറ്റുള്ളവർ കഴുകിയാൽ ശരിയാവില്ല. വൈദ്യശാസ്ത്രത്തിനേ അത്തരം ദുർഗന്ധം മാറ്റാൻ സാധിക്കുള്ളൂ.
കർദ്ദിനാൾ ഇവിടെയൊരാളിന്റെ പാദം മുത്തുന്ന പടം കാണുന്നു. സാധാരണ ഒരു കുടുംബത്തിൽ ജനിച്ച നമ്മുടെ കർദ്ദിനാൾ പണക്കാരനൊരാൾ സദ്യയുണ്ണാൻ വിളിച്ചാൽ ഓടിയവിടെയെത്തിക്കൊള്ളും. പാവങ്ങളുടെ പിതാവെന്ന പേര് ലഭിക്കാൻ ഒരിയ്ക്കൽ ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുന്ന അദ്ദേഹത്തിൻറെ ഫോട്ടോ ദീപികയിൽ വന്നിട്ടും ഫ്രാൻസീസ് മാർപാപ്പയായില്ല. ഈ ശുദ്ധമാന മേനിയുടെ മനസ് സദാ അമേരിക്കയിലും ആസ്ട്രേലിയായിലും ലിമോസിനിൽ സഞ്ചരിക്കണമെന്നുമാണ്.
യേശു കാണിച്ചപോലെയെന്നു പറഞ്ഞ് കാലുകഴുകലും മുത്തുംവഴി ഒരു തരം നാടകം കളിച്ച് ഗുരുവിനെ പരിഹസിക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കൈ വിരലുകൾ മൂക്കിലിട്ട് പഠിപ്പിക്കുന്ന ഒരദ്ധ്യാപകനെയോർക്കുന്നു. വാസ്തവത്തിൽ അദ്ദേഹം സ്വയം മൂക്ക് വൃദ്ധിയാക്കുകയായിരുന്നു. ശിക്ഷ്യന്മാരുടെ മൂക്കുകൾ വൃത്തിയാക്കാനൊന്നും അദ്ദേഹം വന്നിട്ടില്ല.ഒരിക്കൽ, സ്കൂളിലെയൊരു കലോത്സവത്തിൽ ഗുരുവിനെയനുകരിച്ച് കൈവിരലുകൾ മൂക്കിലിട്ട് ഞാനൊരു മോണോ ആക്റ്റ് നടത്തി. ആണ്ടവസാനംവരെ ഗുരുവിനെ പരിഹസിച്ചെന്ന് പറഞ്ഞ് അദ്ദേഹത്തിൽനിന്നും എനിയ്ക്ക് പീഡനം സഹിക്കേണ്ടിവന്നു. പുരോഹിതർ കാൽകഴുകൽവഴി നാടകം കളിച്ച് യേശുവിനെ കളിയാക്കുകയാണ്. ഇത് ദൈവനിന്ദ തന്നെ.
വലിയാഴ്ച പ്രമാണിച്ച് വീടുകൾ സന്ദർശിക്കാൻ ഞങ്ങളുടെയടുത്തുള്ള സീറോ മലബാർ പള്ളിയുടെ പുരോഹിതൻ പരിവാരസഹിതം സിനിമാ താരങ്ങളുടെ സെക്സി പടങ്ങളുള്ള നോട്ടീസുകളുമായി കുടുംബങ്ങളെ പിഴിയാൻ ഇറങ്ങിയിട്ടുണ്ട്. ഒരു കുടുംബത്തിൽനിന്ന് 100 ഡോളർ വീതമാണ് പിരിവ്. അച്ചൻ വരുമ്പോൾ എങ്ങനെ കൊടുക്കാതെയിരിക്കുമെന്നാണ് ചില സ്ത്രീകളുടെ ഭർത്താക്കൻമാരോടുള്ള കിന്നാരം പറച്ചിലും. ഇങ്ങനെ മനസ്ഥിതിയുമായി മുമ്പോട്ടുപോകുന്ന ജനതയിൽ പരിവർത്തനമെങ്ങനെയുണ്ടാകും?
ചുറ്റുപാടുമുള്ള എതു തൊഴിലെടുത്താലും മനുഷ്യർക്കാവശ്യമുള്ളതായി കാണാം. ഡോക്ടറും എൻജിനീയറും വക്കീലും തൊഴിലാളിയും മുതലാളിയും സമൂഹത്തിന്റെ നിലനില്പ്പിനാവശ്യമാണ്. എന്നാൽ പുരോഹിതരില്ലെങ്കിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പൊതുവേ കുരുട്ടുബുദ്ധികളായ ഇവരെയും സമൂഹത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കും. കഴിയുന്നതും പിള്ളേരുടെ ഭാവി കളയുന്ന ഇവരെ കോളേജ് അദ്ധ്യാപക ജോലി എല്പ്പിക്കരുത്. പുരോഹിതരുടെ ക്ലാസുകളിൽ പഠിച്ചവർ ബൌദ്ധിക തലങ്ങളിൽ കുട്ടികളെ അവർ ടോർച്ചർ ചെയ്ത കഥകൾ പറയും. മനുഷ്യനുപയൊഗമില്ലാത്ത സുറിയാനി പഠിപ്പിക്കാൻ കത്തോലിക്കാ കോളേജുകളിൽ ഇവർക്കുവേണ്ടി പോസ്റ്റുണ്ടാക്കിയിട്ടുണ്ട്. കേരളത്തിൽ ലക്ഷക്കണക്കിന് പുരോഹിതർ തൊഴിലില്ലാതെ കോവേന്തകളിലും ഇടവകകളും നേർച്ചക്കാരുടെ പണം കൊണ്ട് ശാപ്പാടുകഴിച്ച് തെക്കോട്ടും വടക്കോട്ടും നടക്കുന്നതു കാണാം. ചിലരുടെ കയ്യിൽ തുറന്ന പുസ്തകവുമുണ്ട്. ഭ്രാന്താശുപത്രിയുടെ വരാന്തയില്ക്കൂടി മാത്രമേ ഇത്തരം സമയം കൊല്ലാനുള്ള നടപ്പുകാരെ കാണാൻ സാധിക്കുള്ളൂ. കേരളത്തിലെ ചപ്പു ചവറുകൾ നിറഞ്ഞ റോഡുകളും മീനച്ചിലാറിലെ പ്ലാസ്റ്റിക്ക് വസ്തുക്കളും വൃത്തിയാക്കാൻ പുരോഹിതർ തയ്യാറായാൽ മറ്റുള്ളവരുടെ കാലുകൾ കഴുകുന്നതിലും പ്രയോജനമായിരിക്കും. അങ്ങനെ ഇവരെയും സമൂഹത്തിന് ഗുണപ്രദമാക്കാം. ഈ പാദം മുത്തൽ പ്രകൃതിയോടാകട്ടെ. ദീപികയിൽ ഒരു ഫോട്ടോയ്ക്കു വേണ്ടി പാദം മുത്തി കാണിച്ചാൽ സമൂഹത്തിനു യാതൊരു പ്രയോജനം ലഭിക്കില്ല.
Matthew 7: 1
ReplyDeleteLuke 6: 37