ഓശാന മാസിക
ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍,
Mob: 9446140026
കോട്ടയം പാലായ്ക്ക് സമീപം ഭരണങ്ങാനത്ത് ഓശാന മൗണ്ടില്‍ നിന്നും കഴിഞ്ഞ മുപ്പത്തെട്ടര വര്‍ഷം തുടച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഒരു മാസികയായിരുന്നു ഓശാന. ജോസഫ് പുലിക്കുന്നേല്‍ എന്ന കോളേജ് അദ്ധ്യപകനായിരുന്നു ഓശാനയുടെ എല്ലാമെല്ലാം. കത്തേലിക്കാസഭയിലെ നേതാക്കളെ മുഖ്യമായും വിമര്‍ശിക്കുകയും അതുവഴി അവരെ തിരുത്തുകയും ചെയ്യുക എന്ന ദൗത്യം സ്വയം ഏറ്റെടുത്ത ഓശാനമാസികയും ഓശാന ജോസഫും ഏറെ വിമര്‍ശനങ്ങള്‍ തിരിച്ചും നേരിടേണ്ടി വന്നിട്ടുണ്ട്. സഭാനേതാക്കളുടെ ചെയ്തികളില്‍ ഏറെ മാറ്റങ്ങള്‍ വരുത്തുവാനും പല ദുര്‍ നടപടികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാനുമുള്ള സാഹചര്യം ഓശാനയുടെ പ്രവര്‍ത്തനം മൂലം വൈദികര്‍ക്കും മറ്റും കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യവുമാണ്.
കോഴിക്കോട് ദേവഗിരികോളേജിലെ അദ്ധ്യാപക വൃത്തിയില്‍ നിന്നും തന്റെ ചില നിലപാടുമൂലം അധികാരികളുടെ അപ്രീതിക്കു പാത്രമായി പുറത്താക്കപ്പെട്ട പാലാക്കാരന്‍ ജോസഫ് പുലിക്കുന്നേല്‍ എന്ന വ്യക്തി 1975 ഒക്‌ടോബറില്‍ തുടങ്ങിയ ഓശാന മാസിക അദ്ദേഹത്തിന്റെ 82-ാം വയസില്‍ 2014 മാര്‍ച്ച് ലക്കത്തോടെ നിര്‍ത്തുകയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. മാസിക നിന്നുപോകുകയല്ല നിര്‍ത്തുകാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. പിന്‍ഗാമികള്‍ക്കുവേണ്ടി അദ്ദേഹം മാറിക്കൊടുത്തിരിക്കുന്നു. ഓശാന മാസിക കേരളസഭയില്‍, പ്രത്യേകിച്ച് സീറോമലബാര്‍ സഭയില്‍ ചെലുത്തിയ സ്വാധീനം വര്‍ണ്ണനാതീതമാണ്. മാസികയുടെ ആദ്യകാലത്ത് മെത്രാന്മാരില്‍ നിന്നും രഹസ്യമായ എതിര്‍പ്പുകള്‍ ശക്തമായിട്ടുണ്ടായിരുന്നു. മെത്രാനച്ചന്റെ സാന്നിധ്യത്തില്‍ ഓശാനമാസികയെ എതിര്‍ക്കുന്ന വൈദികരും മാസികയുടെ രഹസ്യവായനക്കാരായിരുന്നു. ഓശാന മാസികയേയും ഓശാന ജോസഫിനെയും എതിര്‍ക്കണമെങ്കില്‍ മെത്രാന്മാരും അതു വായിച്ചിരുന്നു എന്നത് അനുമാനിക്കാവുന്നതാണ്. എത്രമാത്രം എതിര്‍പ്പുണ്ടാകുന്നുവോ അത്രയും പ്രചരണം ഉണ്ടാകുന്നു എന്ന സ്വാഭാവികമായ പ്രക്രിയ ഓശാനയുടെ പ്രചരണത്തിനും സഹായകമായി.
ജറുസലേം ദേവാലയത്തില്‍ പ്രവേശിച്ച ഈശോ കണ്ടത് അവിടെ നിറയെ കച്ചവടക്കാരെയാണ്. ദൈവത്തിനു സമര്‍പ്പിക്കാനുള്ള വിശുദ്ധവസ്തുക്കള്‍ കച്ചവടം ചെയ്യുന്നവരായിരുന്നു അവര്‍. യേശു ഒരു ചമ്മട്ടിയെടുത്ത് കച്ചവടക്കാരെ എല്ലാവരെയും പുറത്താക്കിയെന്ന് സുവിശേഷത്തില്‍ നമ്മള്‍ വായിക്കുന്നു. ഈശോ പള്ളിലെ ആരും അല്ലായികുന്നു. അവിടെ ഒരു സാധാരണക്കാരന്‍ മാത്രമായിരുന്നു. ഈശോ എന്തിന് ഈ അവിവേകം കാണിച്ചു?! ചമ്മട്ടിയെടുത്ത ഉടന്‍ കച്ചവടക്കാര്‍ എന്തിന് ഓടിപോയി? നമ്മള്‍ ധ്യാനിക്കേണ്ട വിഷയമാണിത്. ഈ ഭാഗത്ത് സുവിശേഷകന്‍ എഴുതിയിരിക്കുന്ന ഒരു കാര്യം കൂടിയുണ്ട്. ഇതുകണ്ടുനിന്ന യേശുവിന്റെ ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞു. അവന്റെ പിതാവിന്റെ ഭവനത്തെക്കുറിച്ചുള്ള തീഷ്ണത അവനെ വിഴുങ്ങിക്കളഞ്ഞു എന്ന്.
ദൈവത്തിന്റെ സഭയോടു സ്‌നേഹമുള്ളവര്‍ക്ക്, സഭാകാര്യങ്ങളില്‍ ശ്രദ്ധിക്കുകയും പഠിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട ഒരു വികാരമാണ് യേശുവില്‍ നമ്മള്‍ കണ്ടത്. യേശുവിന്റെ ഈ മനോഭാവം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നുപുലിക്കുന്നേല്‍ സര്‍. കേരളത്തിലെ സഭയില്‍ വലിയ നന്മ വരുത്തുവാന്‍, സൂഷ്മമായി അന്വേഷിച്ചാല്‍, വളരെ ഏറെ തിന്മകള്‍ ഉണ്ടാകാതെ തടയുവാന്‍ ഓശാനമാസിക കാരണമായിട്ടുണ്ട്. ഓശാനക്കാരന്‍ അറിഞ്ഞാല്‍ കുഴപ്പമാണെന്ന് സ്വയം പറഞ്ഞ് പല അനീതികളില്‍ നിന്നും വൈദികരും മെത്രാന്മാരും പിന്മാറുകയും നീതി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഓശാനമാസിക സ്വപ്നത്തില്‍ വന്ന് പലരേയും നിരന്തരം ശല്യപ്പെടുത്തിയിട്ടുണ്ട്. ഇത് ചെറിയൊരു നന്മയല്ല സഭയില്‍ ഉളവാക്കിയത്.
സഭയിലെ ദൈവശാസ്ത്രശ്രജ്ഞന്മാരുടെ പല നടപടികളേയും, ദൈവജനത്തെ മുഖവിലയ്‌ക്കെടുക്കാതുള്ള പെരുമാറ്റങ്ങളേയും ഓശാന നിരന്തരമായി എതിര്‍ത്തിരുന്നു. ഈശോ ഒരു ദൈവശാത്രജ്ഞനല്ലായിരുന്നെന്നും സാധാരണക്കാര്‍ക്കും നിരക്ഷര്‍ക്കും മനസിലാകുന്ന ശൈലിയില്‍ കഥകളിലൂടെയും മറ്റുമാണ് വലിയ കാര്യങ്ങള്‍ സംസാരിച്ചിരുന്നതെന്നും, ദൈവശാസ്ത്രജ്ഞന്മാര്‍ ദൈവശാസ്ത്രം പറഞ്ഞ് വിശ്വാസികളെ പേടിപ്പിക്കുകയാണെന്നും ഓശാന നിരന്തരം ആരേപിച്ചിരുന്നു. ദൈവശാസ്ത്രജ്ഞന്മാര്‍ കൂടിയിരുന്ന് പരസ്പരം ദൈവശാസ്ത്രം പറയട്ടെ എന്നായിരുന്നു ഓശാനയുടെ പക്ഷം. പുതുതായി വന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവശാസ്ത്രമൊന്നും പറയാതെതന്നെ അഴിമതിക്കാരായ പല നേതാക്കളേയും സഭയുടെ തലപ്പത്തുനിന്നും ഒന്നൊന്നായി പുറത്താക്കിക്കൊണ്ടിരിക്കുന്നത് നമ്മള്‍ കാണുന്നു. മലയാളത്തിലെ ഓശാനപോലെ ഓരോ രാജ്യങ്ങളിലും സഭാ വിമര്‍ശന പ്രസിദ്ധീകരണങ്ങളും വ്യക്തികളും ധാരാളമായുണ്ട്. ദൈവം എല്ലാം അറിയുന്നു എന്നതാണ് നമ്മള്‍ മനസിലാക്കേണ്ടത്. വിശ്വാസികളുടെ എല്ലാ ആശങ്കകളെയും ഏകോപിപ്പിച്ച് പരിഹാരത്തിനായി ശ്രമിക്കുന്ന ഒരു പാപ്പ തലപ്പത്ത് വന്നിരിക്കുന്നു എന്നത് വളരെ ആശ്വാസമാണ്.
സഭാ വിമര്‍ശകരുടെ നിലപാടുകളൊക്കെ അംഗീകരിച്ചുകൊണ്ടുള്ള നടപടികളാണ് പാപ്പ സ്വീകരിച്ചിരിക്കുന്നത്. സഭയോടൊത്തു ചിന്തിക്കുക എന്നു പറഞ്ഞാല്‍ സഭയുടെ ഹയരാര്‍ക്കിയൊടൊത്ത് ചിന്തിക്കുകയാണെന്ന് നാം കരുതരുതെന്നും, ദൈവത്തിനാവശ്യം സര്‍ക്കാരുദ്യോഗസ്ഥരെപോലെ പെരുമാറു ന്ന വൈദികരെ അല്ലന്നും, വൈദികരുടെ മേധാവിത്വം അല്മായരുടെ വളര്‍ച്ചയെ മുരടിപ്പിക്കുമെന്നും വളരെ കുറച്ച് തെരഞ്ഞെടുക്കപ്പെട്ടവരെമാത്രം ഉള്‍ക്കൊള്ളുന്ന ചെറിയൊരു കപ്പേളയല്ല സഭയെന്നും, ശുശ്രൂഷകരിലും അഭിഷിക്തരിലും നിഷ്ധാന്മക സ്വഭാവരീതികാണുമ്പോള്‍ ആദ്യം എന്റെ മനസിലേക്കു കടന്നുവരുന്നകാര്യം ഇതാ ഫലം തരാത്ത ഒരു ഷണ്ഡന്‍ എന്നാണെന്നും ഒക്കെ വളരെയേറെ വിമര്‍ശനങ്ങള്‍ മാര്‍പാപ്പ നടത്തിയിരിക്കുന്നു. സഭയെ സ്‌നേഹിക്കുന്ന, അതുകൊണ്ടുതന്നെ സഭാ നേതാക്കളെ വിമര്‍ശിക്കുന്നവരുടെ മനോഗതി മനസിലാക്കിക്കൊണ്ടു തന്നെയാണ് പാപ്പ ഇതൊക്കെ പറഞ്ഞിരിക്കുന്നത്. കര്‍ത്താവിന്റെ സഭയെക്കുറിച്ചുള്ള തീഷ്ണത വിഴുങ്ങിയ ഓശാന ജോസഫ് പതിറ്റാണ്ടുകളായി പറഞ്ഞിരുന്നതും ഇതൊക്കെ തന്നെയാണ്.
ആരാധനാ ക്രമവിഷയത്തില്‍ മെത്രാന്മാര്‍ പരസ്യമായി കൊമ്പുകോര്‍ത്തപ്പോള്‍ ഓശാന മാസിക ശക്തമായി പ്രതികരിക്കുകയും വിഷയം വഷളാകുമെന്നുകണ്ട് മെത്രാന്മാര്‍ പ്രശ്‌നം ഉള്ളില്‍ ഒതുക്കുകയും ചെയ്തത് വിശ്വാസി സമൂഹം കണ്ടറിഞ്ഞകാര്യമാണ്. കേരള സഭയില്‍ കൂടുതല്‍ അനര്‍ത്ഥങ്ങള്‍
ഉണ്ടാകാതിരിക്കാന്‍ ഓശാനമാസികയുടെ സാന്നിദ്ധ്യം ഉപകരിച്ചിരുന്നു.
കേരളത്തിലെ ക്രൈസ്തവരെ ഒന്നാകെ മോശപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകളിലെ കക്ഷിവഴക്ക്. ഓശാനപോലുള്ള ഒരു പ്രസിദ്ധീകരണം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ കക്ഷിവഴക്ക് പണ്ടേ അവസാനിക്കുമായിരുന്നു എന്ന് അവിടുത്തെ ചില സുഹൃത്തുക്കള്‍ പറഞ്ഞതുകേട്ടപ്പോള്‍ ഓശാനമാസികയുടെ മഹത്വം ഉയരുകയായിരുന്നു.
1982 ല്‍ മലയാളത്തില്‍ ആദ്യമായി കത്തോലിക്കാ സബൂര്‍ണ്ണ ബൈബിള്‍ P.O.C പുറത്തിറക്കി. അതിന്റെ അണിയറ പ്രവര്‍ത്തകര്‍ പണം സ്വരൂപിക്കുന്നതിനായി അന്നത്തെ 21 രൂപതകളിലേക്ക് ഒരു ലക്ഷംരൂപ വീതം വായ്പ തരണമെന്നുകാട്ടി കത്തെഴുതി. ബിഷപ്പുമാരാരും ഒരു രൂപാപോലും കൊടുത്തില്ല. പരിഭാഷക സംഘത്തിലെ ഒരു വൈദികന്‍ പറഞ്ഞതാണിത്. അക്കാലത്തുതന്നെ ജോസഫ് പുലിക്കുന്നേല്‍ന്റെ ഓശാന പ്രസിദ്ധീകരണമായി സംമ്പൂര്‍ണ്ണ ബൈബിള്‍ പരിഭാഷപ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു. അതിനുള്ള ഫണ്ടിംഗ് ഏജന്‍സിയേയും അദ്ദേഹം കണ്ടെത്തിയിരുന്നു. സഭാ വിഭാഗം നോക്കാതെ ബൈബിള്‍
പരിഭാഷപ്പെടുത്തുന്നതിന് പണം കൊടുക്കുന്ന വിദേശ ഏജന്‍സിയില്‍ നിന്നും പണം സ്വീകരിച്ചായിരുന്നു ഓശാന ബൈബിളിന്റെ അച്ചടി.
ശ്രീ പുലിക്കുന്നേല്‍ ഓശാനയിലൂടെ മെത്രാന്മാര്‍ക്കെതിരെ നടത്തിയ വിമര്‍ശനങ്ങളെക്കാള്‍ മൂര്‍ച്ചയേറിയതായിരുന്നു ഓശാന ബൈബിളിന്റെ പ്രസിദ്ധീകരണം. കത്തോലിക്കാ ബൈബിളിന്റെ മൂന്നിലൊന്നു വിലയ്ക്കാണ് അദ്ദേഹം അത് വിറ്റിരുന്നത്. ഇതിലൂടെ അദ്ദേഹത്തിന്റെ നിലപാടിന്റെ ആത്മാര്‍ത്ഥത വ്യക്തമാകുകയും ചെയ്തു. പരിഭാഷയോട് ബന്ധപ്പെട്ട് ലോകത്തില്‍ പലപേരില്‍ ബൈബിള്‍ അറിയപ്പെടുന്നുണ്ട്. ആ ഗണത്തിലേക്ക് ഒരു കത്തോലിക്കാ അല്മായന്റെ ഓശാന ബൈബിളും സ്ഥാനം പിടിച്ചു എന്നത് വലിയ സംഭവം തന്നെയാണ്. ഓശാന ബൈബിള്‍ അച്ചടിക്കുന്നതിനായി വിദേശ ഫണ്ടിംഗ് ഏജന്‍സി പതിനെട്ടോളം തവണ പണം അനുവദിച്ചിരുന്നു. അതേ ഏജന്‍സിയില്‍ നിന്നും പണം കൈപറ്റി വടവാതൂരുനിന്നും ബൈബിളിന്റെ സുറിയാനിയില്‍ നിന്നുള്ള മലയാളം പരിഭാഷ പുറത്തിറക്കിയിരുന്നു. ആദ്യ ഗഡുവിന്റെ കണക്ക് സമര്‍പ്പിക്കാതിരുന്നതിനാല്‍ പിന്നീട് അവര്‍ക്ക് പണം ലഭിച്ചില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത് അതിനാല്‍ അതിന്റെ അച്ചടിയും നിന്നു.
കത്തോലിക്കാ സഭാ വിമര്‍ശനം എങ്ങനെ ആയിരിക്കണമെന്നതിനു മാതൃകയായിരുന്നു ഓശാന മാസികയും ജോസഫ് പുലിക്കുന്നേലും. സഭാ വിമര്‍ശനം വ്യക്തികളുടെ സ്വകാര്യ ജീവിതം അനാവരണം ചെയ്യുന്നതല്ലന്നും സഭാ ഗാത്രത്തിന്റെ താക്കോല്‍ സ്ഥാനത്തിരുന്നുകൊണ്ട് ദൈവത്തിന്റെ പേരില്‍ ദൈവശാസ്ത്രം പറഞ്ഞുകൊണ്ട് വിശ്വാസികളെ അന്ധാളിപ്പിക്കുന്ന വരുടെ ചെയ്തികളെയും അതിനു ബലം നല്‍കുന്ന സഭാസംവിധാനങ്ങളേയും തിരുത്തുവാന്‍ നിര്‍ബന്ധിക്കുന്ന പ്രക്രിയയാണ് സഭാവിമര്‍ശനം എന്ന് ഓശാന ജോസഫ് കാട്ടിത്തരുകയായിരുന്നു.
ഓശാനയുടെ ശബ്ദം നിലയ്ക്കുമ്പോള്‍ അതേ ദൗത്യം ഏറ്റെടുത്തുകൊണ്ട് മറ്റൊരാള്‍ മുന്നോട്ട് വരികതന്നെ ചെയ്യും. ഇത് ദൈവത്തിന്റെ പദ്ധതിയാണ്. സഭാ നവീകരണം ഏറ്റെടുത്തിരിക്കുന്ന ഫ്രാന്‍സീസ് പാപ്പായും ദൈവത്താന്‍ നിയോഗിക്കപ്പെട്ടവനാണ്. സഭാ വിമര്‍ശകര്‍ക്ക് വെള്ളവും വെളിച്ചവും തരുന്നത് ദൈവം തന്നെയാണ് അതില്ലാതെ നിലനില്‍ക്കാനാകില്ല. പുതിയ മാര്‍പാപ്പയുടെ വരവോടെ സഭാവിമര്‍ശകരുടെ ജോലി വളരെയധികം കുറഞ്ഞിട്ടുണ്ടെന്നതും കണ്‍മുന്നില്‍ കാണുന്ന സത്യമായിവരുന്നു.